തര്‍ജ്ജനി

ശിവകുമാര്‍ ആര്‍. പി.

ഫോണ്‍: 9447761425

ഇ-മെയില്‍: sivanrp@rediffmail.com

Visit Home Page ...

മുഖമൊഴി

കേരളം എങ്ങനെ ജീവിക്കുന്നു, (രോഗങ്ങളുമായി)?

പുതിയ ലോകത്തിന്റെ ആധികളെ ഴാക് ദെറീദ പത്തു പരികല്പനകള്‍ കൊണ്ടാണ് ചുരുക്കിയെടുത്തത്. (Specters of Marx :The State of the Debt, the Work of Mourning and the New International) ഇവയെ ചെറിയ വ്യത്യാസങ്ങളോടെ പരിഷ്കരിച്ച് സമകാല കേരളത്തിന്റെ വ്യാധികളെ പട്ടികപ്പെടുത്താനുള്ള ഉപാധിയുമാക്കാമെന്നു കാണുക. യുക്തി ലളിതമാണ്. ഗ്രഹണ സമയത്ത് സൂര്യനില്‍ വീഴുന്ന നിഴല്‍ അതിന്റെ ഏതുപ്രതിബിംബത്തിലും കാണും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആഗോളീകരണകാലത്ത് ലോകം സാമാന്യമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഏറിയും കുറഞ്ഞും പ്രദേശങ്ങള്‍ പ്രത്യേകമായി അനുഭവിക്കുന്നത്. ആഗോളവത്കരണത്തിനും പ്രാദേശികവത്കരണത്തിനുമിടയിലുള്ള പാലങ്ങളെപ്പറ്റി പുതിയ ചിന്തകള്‍ ഉറക്കെയാവുന്നത് ഇതുകൊണ്ടും കൂടിയല്ലേ?

തൊഴിലില്ലായ്മയും ജനാധിപത്യ പ്രക്രിയയില്‍ നിന്നു നിഷ്കാസിതരാവുന്ന അഭയാര്‍ത്ഥികളും‍, സാമ്പത്തിക സംഘര്‍ഷങ്ങളും സ്വതന്ത്രവിപണിയുടെ വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവില്ലാതെ വരുന്നതും, വര്‍ദ്ധിച്ചുവരുന്ന വിദേശകടങ്ങളുമൊക്കെയാണ് ദെറിദ പേരിട്ടു വിളിച്ച രോഗങ്ങള്‍. ഭരണകൂടത്തിന്റെ ഇടപെടലോ സാമ്പത്തികമായ മുന്നേറ്റമോ കൂടാതെ വികസിത രാജ്യങ്ങള്‍ക്കൊപ്പം നിന്ന സംസ്ഥാനം എന്ന ഖ്യാതി കേരളം കണക്കുകളുദ്ധരിച്ച് നേടിയെടുത്തിട്ടുണ്ട്. ആളോഹരിവരുമാനം ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമ്പോഴും സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, ശിശുമരണനിരക്ക്, ജനനനിരക്ക് എന്നീ മേഖലകളില്‍ കേരളം കൈവരിച്ചിരിക്കുന്ന അദ്ഭുതാവഹമായ നേട്ടമാണ് ഒരു മാതൃകയാക്കി അതിനെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുന്നതെന്ന് റിച്ചാര്‍ഡ് ഫ്രാങ്കിയും ബാര്‍ബറ ഷാസിനും ചേര്‍ന്നെഴുതിയത്. എന്നാല്‍ വിദ്യാഭ്യാസം, കൃഷി, ദേഹാധ്വാനം, ജലവിഭവമാനേജുമെന്റ്, ആരോഗ്യരംഗം, അമിതമായ രാഷ്ട്രീയവത്കരണം, ഉദ്യോഗസ്ഥഅഴിമതി, ജുഡീഷ്യറിയുമായുള്ള ശീതസമരം, പാര്‍ശ്വവത്കൃതജനതയുടെ ജീവിതം തുടങ്ങിയ നിരവധി മേഖലകളില്‍ കേരളത്തിന്റെ അവസ്ഥ ആശങ്കാജനകമാണ്. തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവരുന്ന കടബാദ്ധ്യതയും ഒപ്പം പ്രധാനപ്പെട്ടതാണ്. തൊഴിലില്ലാത്ത വിദ്യാസമ്പന്നര്‍ ഏറ്റവും കൂടിയ ഇന്ത്യന്‍ സംസ്ഥാനവും ഇന്ത്യയിലെ തൊഴില്‍ രഹിതരില്‍ 16% തിങ്ങിപ്പാര്‍ക്കുന്ന ഇടവുമാണ് കേരളം. തൊഴിലെടുക്കാന്‍ കഴിവുള്ള അഞ്ചിലൊരാള്‍ക്കു തൊഴിലില്ല എന്നാണ് കണക്ക്. അതേ സമയം തൊഴിലാളി ക്ഷാമം രൂക്ഷമായ സംസ്ഥാനവും കേരളം തന്നെ. നിത്യാഹാരമായ അരിയ്ക്കും ഉപദംശങ്ങളായ പച്ചക്കറിയ്ക്കും മാട്ടിറച്ചിയ്ക്കുമൊപ്പം കുറഞ്ഞ കൂലിയ്ക്ക് മനുഷ്യാധ്വാനത്തെയും അയല്‍ സംസ്ഥാനങ്ങള്‍ നല്‍കിയാലേ നിലനില്‍പ്പുള്ളൂ എന്ന ഗതികേടിലാണു കേരളം.

സോഷ്യല്‍ എഞ്ചിനിയറിംഗിന്റെ കനത്ത പാളിച്ച ഒരര്‍ത്ഥത്തില്‍ സാമ്പത്തികമായ കെട്ടുപാടുകളിലേയ്ക്കും സംസ്ഥാനത്തെ കൂപ്പുകുത്തിക്കുന്നത്. കേരളത്തിലെ എറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാരാണ്. അതുകൊണ്ട് സാമ്പത്തികമായ ഒരു ബാദ്ധ്യതയും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത, തീരെ ഉത്പാദനക്ഷമമല്ലാത്ത ഉദ്യോഗസ്ഥയന്ത്രത്തെ സുഗമമായി പ്രവര്‍ത്തിപ്പിച്ചു നിര്‍ത്തുകയെന്നത് സര്‍ക്കാരിന്റെ എറ്റവും വലിയ ബാദ്ധ്യതയാവുന്നു. നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിന്റെ പേരിലാണ് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ആന്റണി സര്‍ക്കാരിന്റെ കാലത്ത് തെരുവിലിറങ്ങിയത്. കാലാകാലം ചുമതലയേല്‍ക്കുന്ന ഭരണകൂടങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി എ വര്‍ദ്ധനയാണ്. അതെ സമയം ബി പി എല്‍ കാരുടെ വര്‍ദ്ധനവ് കാര്യമായി കുറയ്ക്കാനുള്ള നടപടികള്‍, നിര്‍വചനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളല്ലാതെ മറ്റൊരിടത്തുമെത്തുന്നുമില്ല. കേരളത്തില്‍ നാലിലൊരു കുടുംബം അറ്റദാരിദ്ര്യത്തിലാണ് എന്നാണ് 94-95-ലെ കണക്ക്. അയല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ശമ്പള വര്‍ദ്ധനയുടെ തോതളക്കുമ്പോള്‍ സംഘര്‍ഷം വരും വര്‍ഷങ്ങളിലും ഏറാനാണ് സാദ്ധ്യത. ഈ മാര്‍ച്ചില്‍ പുറത്തു വന്ന കണക്കനുസരിച്ച് 4189.1 രൂപയാണ് കേരളത്തിന്റെ പലിശച്ചെലവ്. പ്രതിശീര്‍ഷ കടം ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്. കടമെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനവും പെന്‍ഷനും (ആകെ വരുമാനത്തിന്റെ 68%) നല്‍കുന്ന സംസ്ഥാനമായതുകൊണ്ടാണ് എഡിബിയെപ്പോലുള്ള സംഘങ്ങള്‍ കേരളത്തെ വളക്കൂറുള്ള മണ്ണായി കണ്ടത്. (അല്ലാതെ ക്ഷണിച്ചുകൊണ്ടു വന്നതല്ല) ഫണ്ടിംഗ് ഏജന്‍സി എതായാലും കടമെടുത്ത പണം കൊണ്ട് പുതിയ ഉത്പാദനമാര്‍ഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നുണ്ടോ? ഭരണനവീകരണത്തിനും വിമര്‍ശനങ്ങള്‍ക്കുമറുപടി പറയാനും ഭീമമായ അളവില്‍ ചെലവഴിക്കപ്പെടുന്നതും കടമെടുത്ത തുക തന്നെ ! കടം വരുമാനത്തിന്റെ മൂന്നിരട്ടി, സംഘര്‍ഷം ഇല്ലാതെ വരുന്നതെങ്ങനെ !

വംശീയ സംഘര്‍ഷങ്ങളുടെ ഛായയുണ്ട്, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും. അതൊരു കടത്തിപ്പറയലാണെങ്കില്‍ കൂടി ജനാധിപത്യപ്രക്രിയയില്‍ അനിവാര്യമായ സഹകരണമല്ല, സംഘര്‍ഷമാണ് മൂര്‍ച്ഛിക്കുന്നത്, അതും ഉന്മൂലനത്തിന്റെ തലത്തിലേയ്ക്ക്. അഴുക്കുവെള്ളം മുഴുവന്‍ നദികളിലേയ്ക്കു ഒഴുക്കിവിട്ടുകൊണ്ടാണ് നാം ശുചിത്വം പരിപാലിക്കുന്നത്. അതിവേഗം ജലദൌര്‍ലഭ്യമേഖലയാവാന്‍ കുതിച്ചുകൊണ്ടിരിക്കുമ്പോഴും ശുദ്ധജലം ഒരു വ്യവസ്ഥയുമില്ലാതെ പാഴാക്കാനും മടിയില്ല. വാള്‍മാര്‍ട്ട് മാതൃകയിലുള്ള ഷോപ്പിംങ്മാളുകള്‍ ഇന്നിപ്പോള്‍ യാഥാര്‍ത്ഥ്യമാണ്. സ്വര്‍ണ്ണവിപണികള്‍ വളരെ സജീവം. ചരക്കുകളുടെ സംഭരണത്തിലും വിതരണത്തിലും കൃത്യമായ ആസൂത്രണങ്ങളോടെ ചുവടുറപ്പിക്കുന്ന വന്‍‌വാണിജ്യസ്ഥാപനങ്ങള്‍ നട്ടൊല്ലൊടിച്ചു വിടുന്നത് പരമ്പരാഗത, ചെറുകിട കച്ചവടക്കാരെയാണ്. വന്‍‌കിടകച്ചവടക്കാരുടെ സൌജന്യങ്ങള്‍ പറ്റിക്കൊണ്ട് അവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്ത ഭരണപക്ഷ കക്ഷികള്‍ തന്നെ, ചെറുകിടക്കാര്‍ക്കു വേണ്ടി സമരം ചെയ്ത് അക്രമാസക്തരായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത് സ്വതന്ത്ര വിപണിയുടെ സംഘര്‍ഷങ്ങളെ രാഷ്ട്രീയമായി വ്യക്തമാക്കി. ആദിവാസികളും മത്സ്യതൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടുന്ന പാര്‍ശ്വവത്കൃത ജനതയോടുള്ള സമീപനത്തില്‍ ആശാസ്യമായ എന്തെങ്കിലും പുരോഗതിയുണ്ടായോയെന്നു സംശയമാണ്. വളച്ചൊടിച്ച വികസന സങ്കല്പങ്ങള്‍ക്ക് പലപ്പോഴും ഇരയാവേണ്ടി വരുന്നത് പിന്നാമ്പുറജീവിതങ്ങളാണ്. മദ്ധ്യവര്‍ഗ-ഉപരിവര്‍ഗ താത്പര്യങ്ങള്‍ക്കും സ്വാസ്ഥ്യത്തിനുമായി ഒഴിവാക്കപ്പെടേണ്ട വിഭാഗം എന്ന മട്ടില്‍ തന്നെയാണ് അടിത്തട്ടുകാരെ ഭരണകൂടം ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. മുത്തങ്ങസംഭവത്തോടെ ശ്രദ്ധേയമായ ‘കുടിയിറക്ക്‘ എന്ന വിപത്ത് ആഘോഷപൂര്‍വം ആവര്‍ത്തിക്കുന്ന കാഴ്ചകളാണ് പിന്നീട് കേരളം കണ്ടത്. നൈനാംകോണം, മൂലമ്പിള്ളി, വല്ലാര്‍പ്പാടം, മൂരിയാട്, എരയാംകുടി, ചെങ്ങറ തുടങ്ങി കുടിയിറക്കുകളുമായി ബന്ധപ്പെട്ട് മുന്‍പില്ലാത്ത വിധം സ്ഥലനാമങ്ങള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അതോടൊപ്പം മൂന്നാര്‍, എച്ച് എം ടി, പൊന്മുടി ഭൂമിയിടപാടുകളും സ്ഥലം, വികസനം എന്നീ സങ്കല്പങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് മുന്നിലുണ്ട്. അഭൂതപൂര്‍വമായ വളര്‍ച്ചയും സ്വാധീനവുമാണ് കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഭൂമാഫിയ നേടിയെടുത്തിട്ടുള്ളത് എന്ന കാര്യം കൂടി ഇതോട് ചേര്‍ത്തു വയ്ക്കണം.

പൊതുസമൂഹത്തില്‍ പൌരരുടെ അര്‍ഹതകളും അവകാശങ്ങളും ഫലപ്രദമായി സംരക്ഷിക്കാന്‍ കെല്‍പ്പുറ്റ ഒരു സംവിധാനമില്ല എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തിന് സമഗ്രമായ ഒരു വികസനപരിപ്രേക്ഷ്യമില്ലെന്ന കാര്യം കെ പി കണ്ണനെയും കെ വേണുവിനെയും പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്കൊപ്പം പരിസ്ഥിതിപ്രശ്നങ്ങളെ ഗൌരവമായി കണക്കിലെടുക്കാത്തതും അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിനു പകരം അഴിമതിയെ സ്ഥാപനവത്കരിച്ചതും രാഷ്ട്രീയസമൂഹത്തെ അമിതമായി ലാളിച്ചുകൊണ്ട് പൊതുപൌരസമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചതും അവര്‍ എടുത്തു പറയുന്ന കോട്ടങ്ങളാണ്. ദൃശ്യമാദ്ധ്യമങ്ങളുടെ സ്വാധീനവും പരസ്പരമത്സരവും വര്‍ദ്ധിച്ചതോടെ കുറെയൊക്കെ സുതാര്യത പൊതുജനഇടപെടലുകളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. എങ്കിലും ചെങ്ങറസമരത്തെ താറടിക്കാന്‍ ഒരു ചാനല്‍ നടത്തിയ ഹീനമായ ശ്രമം വരും വര്‍ഷങ്ങളില്‍ ഈ മേഖലയ്ക്കു പോകാന്‍ കഴിയുന്ന, ആ വഴിയെയും വിശ്വാസയോഗ്യമല്ലാതാക്കി മാറ്റാന്‍ കഴിവുള്ള, കുത്സിതവഴികളിലേയ്ക്കുള്ള ചൂണ്ടുവഴിയായിത്തീര്‍ന്നിട്ടുണ്ട്. തത്കാലം അതാരും ഏറ്റുപിടിച്ചിട്ടില്ലെങ്കിലും.

ചുരുക്കത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കമുതലുണ്ടായ, നാം നവോത്ഥാനം എന്നു തെറ്റായി വിളിച്ചുവരുന്ന കോളനീകൃത ആധുനികീകരണം, ത്വരിതപ്പെടുത്തിയ സമൂഹിക വികസനപ്രക്രിയ, ബോധോദയം എന്ന നിലയ്ക്ക് ഒരു താത്കാലികപ്രതിഭാസം മാത്രമായി മാറിയതിന്റെ കാരണമാണ് അന്വേഷണവിധേയമാക്കേണ്ടത്. സാമ്പത്തിക വികസനത്തിന്റെ ഉള്ളടക്കങ്ങള്‍ അവ വഹിക്കാതിരുന്നതിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ അവിടെയുമിവിടെയുമായി ഉയര്‍ന്നിട്ടുണ്ട്. പാശ്ചാത്യമായ പരികല്പനകളിലേയ്ക്ക് ഇറക്കിവച്ച് സാമൂഹിക പാഠങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് നമ്മുടെ പതിവ്. വിദൂരത്തിലെവിടെയോ ചൂണ്ടി കൈകഴുകുന്നതിനു പകരം, രോഗങ്ങള്‍ ആഗോളീകരണത്തിന്റേതായിരിക്കുമ്പോഴും മരുന്നുകള്‍ പ്രാദേശികതയുടേതായാല്‍, ചികിസ്ത ഫലിക്കും എന്ന അറിവാണ് പ്രധാനം. സംസ്ഥാനത്തിന്റെ ഭൌതികവും വസ്തുനിഷ്ഠവുമായ സാഹചര്യങ്ങളിലേയ്ക്ക് കണ്ണയച്ചുകൊണ്ട് ശ്രമങ്ങള്‍ തുടങ്ങണമെന്ന്. അതിനു പ്രാപ്തിയുള്ള ‘ബോധോദയ’ത്തിലാണ് നമ്മുടെ അടുത്ത ‘ഉത്ഥാന’ത്തിന്റെ വിത്തുകള്‍ മുളപൊട്ടാന്‍ കാത്തു കിടക്കുന്നത്.

Subscribe Tharjani |