തര്‍ജ്ജനി

വിവര്‍ത്തനം: ബാബുരാജ്. റ്റി.വി

House No: 1113,
Maruti Vihar,
Chakkarpur,
Gurgaon,
Haryana.

ഫോണ്‍: 09871014697
വെബ്ബ്: http://reiyo.wordpress.com/

Visit Home Page ...

കഥ

പരിണതഫലം

സാദിക്‍ ഹിദായത്തിന്റെ കഥ

മശ്ദി സുല്ഫക്കര്‍ എന്നു പേരായ ഒരു സാധാരണക്കാരന്റെ സാധാരണക്കാരിയായ ഭാര്യായിരുന്നു സിത്താരെ ഖാനും .

സുല്ഫക്കര്‍ ഒരിക്കല്‍ കുടുംബത്തില്‍ വന്നു കയറിയ ഉടനെ അവന്റെ ഉമ്മ ഗൌഹാര്‍ സുല്‍ത്താന അവന്റെ അരികിലേയ്ക്ക് ഓടിയെത്തി സിത്താരെ ഖാനെക്കുറിച്ചു് കുറ്റപ്പെടുത്തി പറയാന്‍ തുടങ്ങി.
“ഒരു ജാരസംസര്‍ഗ്ഗക്കാരീടെ കെട്ടിയോനാ നീ ! ന്റെ പെമ്പ്രന്നോരു് എന്നു പറയുന്നോളു് എല്ലാ ബെടക്കു് കോന്തന്മാരെയും തലയിലേറ്റിക്കൊണ്ടു നടക്കാണെന്നുള്ള കാര്യം ബല്ലതും നെനക്കറിയാമോ ? നക്ക് മാനം ഒണ്ടോടാ പഹയാ. ന്റെയൊക്കെ കാലത്തു് ഒരന്യന്‍ ബന്നു വാതിലിലു് മുട്ടിയാലു്, ബീട്ടിലെ ചെറുപ്പക്കാരിത്ത്യോള് ജിന്നു് പിടിച്ച പോലെ അബരെ പിരാകി പായിക്കും. ഇപ്പയത്തെ കാലത്തും പള്ളീന്നു് ഇതൊക്കെ പഠിപ്പിച്ചു ബിടണൊണ്ടാല്ലാ, പക്കെങ്കിലു് അതൊക്കെ ആരു് കേക്കാന്‍? ഇന്നു കാലത്തൊണ്ടായ ഒരി സംഭവം കേക്കണോ നിനക്കീ…, ഒരു കഷ്ണം ഐസും കട്ടക്കു ബേണ്ടീട്ട് .., ഒരു അടിക്കുപ്പായം മാത്രം ഇട്ടോണ്ടു് ഇബള്.., ഈ തെരുവിന്റെ പാതി ബരെ ഓടീന്നു്. ഇന്നു കാലത്തൊണ്ടായ ബേറൊരു സംഭവം കേക്കണാ മോനിക്കീ.., മോളീന്നു് അബളു് കെടക്കത്തുണി എടുക്കാനും പോയപ്പ.., തായെ നിക്കണ ഇയം പൂശലുകാരന്‍ അലിയായിട്ടു് കിന്നാരം പറഞ്ഞോണ്ടു് നിക്കണതു് മ്മള് കയ്യോടെ പിടിച്ചെന്നു്. കബറീന്നു് ബന്ന

മയ്യത്തു് പോലെ അവുക്കടെ ആ നിപ്പു്, ന്റെ പടച്ചോനെ! ഉസ്താദ് മാഷല്ലാടെ മോളെ അനക്കു് പിടി കിട്ടണില്ലാന്നു പറഞ്ഞാ, മ്മളു് നെഞ്ചത്തടിച്ചു് ചാവും. ഓരോ ബെരലിലും കാക്കത്തൊള്ളായിരം കയിവൊള്ള ഒരു പൂച്ചെണ്ടു് പോലെയാ അവുളു്! അന്റെ കെട്ടിയോളു് ഇങ്ങനെ ഞെളിഞ്ഞു നടക്കണതു് ഓക്കടെ ബീട്ടിന്നു് കൊണ്ടന്ന പൊന്നും പണോം കണ്ടിട്ടാണാ! പത്തിരി ഒണ്ടാക്കാന്‍ മാവു് കൊയക്കണെ എങ്ങനെന്നു ഈ ഉമ്മ അവുക്കു് ആവുന്ന ബിധത്തിലു് പറഞ്ഞു് കൊടുത്തിരിക്കണു്, ല്ലാന്ന് അനക്കു് തോന്നണുണ്ടാ? ആ ചാക്കിലിരിക്കണ മാവു് മുയോനും അവുളു് ബടക്കാക്കി, ഇനി അതു് കാട്ടിക്കളയാനെ കൊള്ളൂ. പിന്നേം മ്മളു് മാവ് കൊയച്ചു് പത്തിരി ഇണ്ടാക്കി. മ്മളു് എന്തൊക്കെ പറഞ്ഞാലും മ്മടെ അടുത്തു് അവുളു് തര്‍ക്കുത്തരം പറയാണന്നു്: "ന്നെ നിക്കാഹ് കയിച്ചു് കൊണ്ടന്നേക്കണതു് കീറത്തുണി തുന്നാനല്ല, ഇത്തിരി ബെടിപ്പായിട്ടു് ഇരിക്കാനാണു്!"

ഈ സന്ദര്‍ഭത്തില്‍ സുല്ഫക്കര്‍ കോപത്താല്‍ ജ്വലിച്ചു് മുറിയിലേയ്ക്ക് ഓടി കയറി ചുവരിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന ചാട്ടവാറെടുത്തു് സിത്താരയെ ശക്തമായി പ്രഹരിച്ചു. ചാട്ടവാറിന്റെ കറുത്ത തുകല്‍വള്ളി അവളുടെ ദേഹത്തു് പടര്‍ന്നു കയറി കയ്യില്‍ കറുത്ത തിണര്‍പ്പുകള്‍ തീര്‍ത്തു. സിത്താര അവളുടെ മൂടുപടത്തിനുള്ളില്‍ വിങ്ങിപ്പൊട്ടി കരഞ്ഞെങ്കിലും ആരും അവളുടെ രക്ഷക്കായി എത്തിയില്ല.

അര മണിക്കൂറിനു ശേഷം കടിച്ചു പിടിച്ച ചുണ്ടുകളില്‍ ഒരു കള്ളപ്പുഞ്ചിരിയുമായി ഗൌഹാര്‍ സുല്‍ത്താന വാതില്‍ തള്ളിത്തുറന്നു് മദ്ധ്യസ്ഥതക്കെത്തി. സുല്ഫക്കറിന്റെ കൈയ്ക്കു കടന്നുപിടിച്ചു കൊണ്ട് ഉമ്മ പറഞ്ഞു, "ന്‍റെ പടച്ചോനെ, നീ എന്താണ്ടാ ഈ കാണിക്കണേ ? നിന്നെ ബല്ല ശെയ്ത്താനും പിടികൂടിയാ! നീ എന്തിനാണു് ഇബളെ ഇങ്ങനെ തല്ലി ബേജാറാക്കണെ? ശിത്താരെ …മോളു് എയ്‌ന്നേക്കു്.., മ്മടെ പൊന്നല്ലേ … എയ്‌ന്നേക്കു്! ഉമ്മ ബല്ല്യ അടുപ്പു് കത്തിച്ചേക്കണു്. ഓളു് പോയി … മാവെടുത്തോണ്ടു് ബരീ.. ചെല്ല് ..മ്മക്കു് പത്തിരി ശുടാന്നു്..."

സിത്താരെ പോയി കുഴച്ച മാവു് പകര്‍ന്നെടുത്തു. അമ്മായിയമ്മ ചൂളക്കു് മുകളിലൂടെ കുനിഞ്ഞു നിന്നു് തീയൂതിപ്പിടിപ്പിക്കുന്നതു് കണ്ടുകൊണ്ടു് അവള്‍ വലിയ ചൂളക്കരികിലേയ്ക്കു് നടന്നടുത്തു. വിധിയുടെ വിളയാട്ടം പോലെ സിത്താരെ വെള്ളത്തൊട്ടിക്കരികില്‍ കാല്‍തെറ്റി വീണു; കുഴച്ചമാവിന്റെ പാത്രം തെറിച്ചുപോയി ഗൌഹാര്‍ സുല്‍ത്താനയുടെ മുതുകില്‍ പതിച്ചു. അമ്മായിയമ്മ ആഴമുള്ള ചൂളക്കുള്ളിലേയ്ക്കു് മറിഞ്ഞു വീണു. അരമണിക്കൂറിനു ശേഷം സിത്താരെ അവളുടെ വ്യാജമൂര്‍ച്ഛയില്‍ നിന്നുണര്ന്നപ്പോഴേയ്ക്കും ഗൌഹാര്‍ സുല്‍ത്താനയുടെ പാതി വെന്ത ശരീരം മൊരിഞ്ഞു കഴിഞ്ഞിരുന്നു.

സാരം: ഈ കഥ നമ്മളെ പഠിപ്പിക്കുന്നതു് ചൂളക്കരികില്‍ ഒരു ഭാര്യയേയും അവളുടെ അമ്മായിയമ്മയേയും ഒരിക്കലും തനിച്ചു വിടരുതു്.

ചിത്രീകരണം: സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |