തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

നിരൂപണം

വൈറ്റ്‌ ടൈഗര്‍: അരവിന്ദ്‌ അഡിഗയുടെ ഈമെയ്‌ല്‍ പര്‍വ്വം

സമകാലത്തിന്റെ സാഹിത്യരൂപമെന്നു് നോവല്‍ കൊണ്ടാടപ്പെടാന്‍ തുടങ്ങിയിട്ടു് നൂറ്റാണ്ടുകളായി. ഇന്നും അതിനു് മാറ്റമുണ്ടായിട്ടില്ല. ആഖ്യാനത്തില്‍ നവീനത പരീക്ഷിച്ചുകൊണ്ടു് ഓരോതലമുറയും നോവലിന്റെ കലയെ ലോകമെമ്പാടും സദാ പുതുക്കിക്കൊണ്ടിരിക്കുന്നതിനാലാണു് ഇതു് തുടര്‍ന്നുപോകുന്നതു്‌. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഫ്രഞ്ചുഭാഷയിലാണു് ലക്ഷണമൊത്ത ആദ്യനോവല്‍ പ്രത്യക്ഷപ്പെട്ടതു്‌. കെട്ടുകഥയുടെ രൂപഭാവങ്ങള്‍ ഒട്ടൊക്കെ പിന്തുടര്‍ന്നിരുന്നെങ്കിലും വ്യക്തമായ ഒരു സാമൂഹികവീക്ഷണം ആഖ്യാനത്തില്‍ പ്രകടമായിരുന്നെന്നതാണു് മദാം ലാ ഫെയാറ്റേ എഴുതിയ ക്ലീവ്സിലെ രാജകുമാരന്‍ എന്ന രചനയെ നോവലിന്റെ പ്രൊട്ടോടൈപ്പ്‌ ആയി പരിഗണിക്കാന്‍ നോവല്‍ കലയുടെ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചതു്‌.

ആഖ്യാനതന്ത്രത്തെ നവീകരിക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യരൂപത്തെ ചെടിപ്പില്‍ നിന്നും ഏകതാനതയില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍ എഴുത്തുകാരുടെ തലമുറകള്‍ക്കു് കഴിഞ്ഞിട്ടുണ്ടു്‌. ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്ന ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോവിനു് ബിസിനസ്സുകാരനായ ബല്‍റാം ഹല്‍വായ്‌ ഏഴുരാത്രികള്‍കൊണ്ടു് എഴുതുന്ന ഏഴു് ഈമെയ്‌ലുകള്‍ ചേരുമ്പോള്‍ ഒരു നോവല്‍ രൂപപ്പെടുന്നു. നോവല്‍ ശില്പത്തിന്റെ ഈ നവീനത ശ്രദ്ധേയമാകുന്നു. ആധുനികോത്തര നോവത്സ്വരൂപങ്ങളുമായി ചേര്‍ന്നുനില്ക്കാനും സ്വന്തം മാദ്ധ്യമത്തെ കാലികമായി നവീകരിക്കാനുമുള്ള അരവിന്ദ്‌ അഡിഗയുടെ ഉദ്യമം ശ്ലാഘനീയം തന്നെ.

പാരായണത്തെ ലളിതമാക്കിയിട്ടുണ്ടു് ഉത്തമപുരുഷനിലുള്ള ആഖ്യാനം. കമ്പ്യുട്ടറും ഇന്റര്‍നെറ്റും ഈമെയ്‌ലും ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു തലമുറയിലെ വായനക്കാരനെ തന്റെ കൃതിയോടു് അടുപ്പിക്കാനും ഇതുവഴി എഴുത്തുകാരനു് കഴിയുന്നു. സമകാല ഇന്തോ ആഗ്ലിക്കന്‍ നോവലിന്റെ മുഖ്യവായനക്കാര്‍ ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗമാണെന്ന തിരിച്ചറിവും ഇങ്ങിനെയൊരു പരീക്ഷണത്തിനു് അരവിന്ദ്‌ അഡിഗയിലെ എഴുത്തുകാരനു് പ്രേരണയായിട്ടുണ്ടാവണം. ചെന്നൈയില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും പിന്നീട്‌ ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമായി അതു് പൂര്‍ത്തിയാക്കുകയും പലയിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞു് ഒടുവില്‍ മൂംബായില്‍ താമസം ഉറപ്പിക്കുകയും ചെയ്ത അരവിന്ദ്‌ അഡിഗ നഗരകേന്ദ്രീകൃതമായ ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗയുവതയുടെ പ്രതിനിധാനം തന്നെയാണെന്നതും ഇവിടെ സംഗതമാണു്‌.

നോവലിസ്റ്റ്‌ തെന്നിന്ത്യക്കാരനാണെങ്കിലും വൈറ്റ്‌ ടൈഗറിലെ നായകനു് ബീഹാറിയുടെ സ്വത്വമാണു് നല്കിയിരിക്കുന്നതു്‌. പാരമ്പര്യമായി മധുരപലഹാരങ്ങള്‍ ഉണ്ടാക്കിയിരുന്ന ഒരു ജാതിസമൂഹത്തിന്റെ ഇങ്ങേയറ്റത്തു് തൊഴിലുകള്‍ മാറി റിക്ഷാക്കാരനായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരുവന്റെ മകനാണു് നോവലിലെ നായകനായ ബല്‍റാം ഹല്‍വായ്‌. പൂര്‍വികര്‍ എന്നോ ഉണ്ടാക്കിയിരുന്ന ഹലുവയാണു് ഹല്‍വായ്‌ എന്ന കുടുംബനാമത്തിനുപിന്നില്‍. കൌശലക്കാരിയും ഒട്ടൊക്കെ സ്വാര്‍ത്ഥയുമായ ഒരു മുത്തശ്ശി നയിക്കുന്ന വലിയ കൂട്ടുകുടുംബം. ജാതിവ്യവസ്ഥയും ഭൂപ്രഭുത്വവും ഇന്നും വാഴുന്ന ഗ്രാമം. ജനാധിപത്യത്തിലും സാരഥികള്‍ ധനികരായ ജന്മികള്‍ തന്നെ. ഈ വ്യവസ്ഥയില്‍ അതിജീവനത്തിനായുള്ള പരക്കം പാച്ചിലാണു് കുടുംബനായികയായ മുത്തശ്ശിയെ കൌശലക്കാരിയും സ്വാര്‍ത്ഥയും ആക്കുന്നതെന്നതു് നോവലിസ്റ്റ്‌ വ്യംഗമായി എഴുതുന്നുണ്ടു്‌.

ബീഹാറിലെ ദരിദ്രരെക്കുറിച്ചുള്ള പൂര്‍വമാതൃകകള്‍ അരവിന്ദ്‌ അഡിഗ പൊളിച്ചുകളയുന്നു. അഡിഗയുടെ നായകന്‍ പതിവുപോലെ വിഡ്ഡിയും അജ്ഞനുമായ ഗ്രാമീണനല്ല. നാലാംക്ലാസിനപ്പുറം സ്കൂള്‍ വിദ്യാഭ്യാസം നേടാനായില്ലെങ്കിലും അതിനുമപ്പുറമുള്ള ഒരു ലോകബോധം ബല്‍റാം ആര്‍ജ്ജിച്ചിട്ടുണ്ടു്‌. ആ ലോകബോധമാണു് യജമാനവര്‍ഗ്ഗത്തിന്റെ കാപാട്യങ്ങളെയും കൌശലങ്ങളെയും തിരിച്ചറിയാന്‍ അയാളെ പ്രാപ്തനാക്കുന്നതു്‌.

ധനികന്റെ പൊങ്ങച്ചലോകത്തെ നോക്കി ഗൂഢമായി ചിരിക്കാനും ബലറാമിനു് കഴിയുന്നുണ്ടു്‌. തന്റെ വര്‍ഗ്ഗം ഒരു ചൂഷിതവലയത്തിനുള്ളിലാണെന്നും അതിനു് കാരണം ജാതിവ്യവസ്ഥയും ദാരിദ്ര്യവും ആണെന്നും അയാള്‍ക്കറിയാം. ഈ കറുത്ത വലയത്തെ തകര്‍ക്കാതെ ജീവിതത്തില്‍ തനിക്കു് എന്തെങ്കിലും ആകാനാവില്ലെന്നും ഈ ബീഹാറിക്കു് തിരിച്ചറിവുണ്ടു്‌.

മുത്തശ്ശിയുടെ നിര്‍ബന്ധത്തിനു് വഴങ്ങി നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു് ബല്‍രാം ഗ്രാമത്തിലെ ചായപ്പീടികയില്‍ മേശ തുടയ്ക്കുകയും ചായകൂട്ടുകയും ചെയ്യുന്ന ജോലി സ്വീകരിക്കുന്നു. അവിടെ വച്ചു് അയാളുടെ സ്വപ്നങ്ങള്‍ക്കു് നിറം പിടിക്കുന്നു. എന്തെങ്കിലും ആയിത്തീരണമെന്നും അതിനായി ഗ്രാമത്തില്‍ നിന്നും പുറത്തു് ചാടണമെന്നും ബല്‍രാം തീരുമാനിക്കുന്നു. അങ്ങിനെയാണ്‌ അയാള്‍ ഡ്രൈവിംഗ്‌ പഠിക്കുന്നതു്‌. കല്‍ക്കരിഖനിയുടമയും കള്ളനും നീചനുമായ ഗ്രാമത്തിലെ ധനികന്റെ ഡ്രൈവറാകുന്നതോടെ ബല്‍രാമിനു് ധനികരുടെ ലോകത്തിലേക്കു് ഒരു കിളിവാതില്‍ തുറക്കുന്നുകിട്ടുന്നു. ആ ലോകത്തിന്റെ പൊള്ളത്തരങ്ങളും അന്തസാരശൂന്യതയും സാമൂഹ്യസേവനത്തിന്റെ പുറമ്പൂച്ചുമെല്ലാം ബല്‍രാം മനസ്സിലാക്കുന്നു. ആ സമയങ്ങളിലാണു് ധനികന്റെ മകന്‍ അശോക്‌ അമേരിക്കയില്‍ നിന്നും ഉപരിപഠനവും കഴിഞ്ഞു് ജാതിക്കു് പുറത്തുനിന്നും പ്രണയിച്ചു് വിവാഹം ചെയ്ത വധുവുമായി നാട്ടിലെത്തുന്നതു്‌. ബല്‍രാം അവരുടെ ഡ്രൈവറാകുന്നു. ധനികര്‍ക്കുമുന്നില്‍ യാതൊരു ഉളുപ്പും കൂടാതെ അവരെക്കാളും സൂത്രശാലിയായ ഈ ബീഹാറി യുവാവു് എളിമയും വിനയവും നടിക്കുന്നു. ദാരിദ്ര്യത്തിന്റെയും ദാസ്യത്തിന്റെയും ലോകത്തില്‍ നിന്നും പുറത്തുചാടി സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്തുന്നതിനെക്കുറിച്ചു് ബല്‍രാം എന്നും ബോധവാനായിരുന്നു.

അശോകിനും ഭാര്യക്കുമൊപ്പം ബല്‍രാം ദല്‍ഹിയിലെത്തുന്നു. രാഷ്ട്രീയരംഗത്തെ ഉന്നതരെ കോടികള്‍ കൈക്കൂലിനല്കി സ്വാധീനിക്കാനും കൊള്ളലാഭത്തിനായി ഉപയോഗപ്പെടുത്താനുമാണു് അശോക്‌ ദല്‍ഹിയിലെത്തുന്നതു്‌. ഒരുനാള്‍ അശോകിനെ കൊന്നു് വന്‍തുകയുമായി ബല്‍രാം ബാംഗ്ലൂരിലേക്കു് സമര്‍ത്ഥമായി രക്ഷപ്പെടുന്നു. കോള്‍ സെന്ററുകള്‍ക്കു് കാറുകള്‍ വാടകയ്ക്ക്‌ നല്കി അയാള്‍ ക്രമേണ സമ്പന്നനാകുന്നു. ഒരിക്കല്‍പ്പോലും അശോകിനെ കൊന്നതിനെക്കുറിച്ചു് അയാള്‍ക്കു് കുറ്റബോധം തോന്നുന്നില്ല. അശോകും കൂടി ഉള്‍പ്പെട്ട ഒരു ദുഷിച്ച ഘടനയാണു് തന്നെപ്പോലുള്ളവരെ ദാരിദ്ര്യത്തിലും ദാസ്യവൃത്തിയിലും തളച്ചിടുന്നതെന്നും അതിനാല്‍ ലഭ്യമായ ഒരു മോചനമാര്‍ഗ്ഗം ഉപയോഗപ്പെടുത്തിയതില്‍ തെറ്റില്ലെന്നുമാണു് ബലരാമിന്റെ നിലപാടു്‌.

ഇത്രയുമാണു് നോവലിന്റെ ഇതിവൃത്തം. തെളിഞ്ഞതും താരതമ്യേന ലളിതവുമായ ഇംഗ്ലീഷിലാണു് നോവല്‍ രചിക്കപ്പെട്ടിട്ടുള്ളതു്‌. ചൈനീസ്‌ പ്രധാനമന്ത്രിയോടു് ഈ മെയ്‌ലുകളിലൂടെ നേരിട്ടു് കഥപറയുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഭാഷയ്ക്ക്‌ ഒരു സ്വകാര്യം ഭാവം വന്നിട്ടുണ്ടു്‌. ബല്‍രാമിന്റേതായ ഒരു സ്വകാര്യഭാഷ ആഖ്യാനത്തില്‍ കലര്‍ന്നിരിക്കുന്നു. ഇന്തോ ആംഗ്ലിയന്‍ നോവലുകളില്‍ പലതിലും കാണപ്പെടുന്ന ഇന്ത്യന്‍ ഭാഷാപദങ്ങളും പ്രയോഗങ്ങളും ഈ നോവലിലും കാണാം. മതവും കക്ഷിരാഷ്ട്രീയവും എപ്രകാരമാണു് വ്യവസ്ഥിതിയെ പിന്തുണയ്ക്കാനും നിലനിര്‍ത്തുവാനും പുനരുല്പാദിപ്പിക്കാനുമായി ഇന്ത്യയില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചു് നോവലില്‍ ധാരാളം പരാമര്‍ശനങ്ങളുണ്ടു്‌. ഹനുമാനെപ്പോലുള്ള ദൈവരൂപങ്ങളെ പ്രചരിപ്പിക്കുന്നതു് ദാസ്യമനോഭാവം ഗൂഢമായി നിലനിര്‍ത്താനാണെന്നു് ബല്‍റാം ചൈനീസ്‌ പ്രധാനമന്ത്രിയ്ക്കു് വ്യക്തമാക്കിക്കൊടുക്കുന്നതു് ഒരു ഉദാഹരണം. അത്തരം നിരവധി ആഖ്യാനസന്ദര്‍ഭങ്ങളിലൂടെ സമ്പ്രദായികമതത്തിന്റെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ജനവിരുദ്ധവശങ്ങളെ അരവിന്ദ്‌ അഡിഗ ഇരുണ്ടപരിഹാസത്തിന്‌ വിധേയമാക്കുന്നുണ്ടു്‌. സ്കൂള്‍ പരിശോധനയ്ക്കെത്തിയ സ്കൂള്‍ ഇന്‍സ്പെക്റ്റര്‍ ബല്‍രാമിനെ അഭിനന്ദിച്ചുകൊണ്ടു് നല്കുന്ന പേരാണു് വൈറ്റ്‌ ടൈഗര്‍. താന്‍ വ്യതിരിക്തനാണെന്ന ബോധം ബല്‍രാമില്‍ രൂപപ്പെടുന്നതിനു് ഇതും കാരണമാകുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നുമാണു് ചൈനീസ്‌ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ചും അതിന്റെ ഭാഗമായി ബാംഗ്ലുരിലേക്കു് വരുന്നതിനെക്കുറിച്ചും ബല്‍രാം ഹല്‍വായ്‌ അറിയുന്നതു്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിവുപോലെ നല്കുന്ന ഇന്ത്യയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കപടയാഥാര്‍ത്ഥ്യങ്ങള്‍ക്കു് പകരം താന്‍ ഇഷ്ടപ്പെടുന്ന ചൈനയുടെ പ്രധാനമന്ത്രിക്കു് സത്യം അറിയാനുള്ള മാര്‍ഗ്ഗം എന്ന നിലയിലാണു് ബല്‍രാം ഈമെയ്‌ലുകള്‍ എഴുതുന്നതു്‌. ഇന്ത്യയ്ക്കുള്ളില്‍ രണ്ടു് ഇന്ത്യയുണ്ടെന്നു് ബലരാം ചൂണ്ടിക്കാണിക്കുന്നു. വെളിച്ചത്തിന്റെ ഇന്ത്യയും ഇരുട്ടിന്റെ ഇന്ത്യയും. സമകാലത്തെ നഗരകേന്ദ്രീകൃത ഇന്ത്യയാണു് വെളിച്ചത്തിന്റെ ഇന്ത്യ. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കും അടിച്ചമര്‍ത്തലിനും കീഴ്പ്പെട്ട്‌ കഴിയുന്ന ഭൂരിപക്ഷത്തിന്റെ ഇന്ത്യയെ ബല്‍രാം വിശേഷിപ്പിക്കുന്നതു് ഇരുട്ടിന്റെ ഇന്ത്യയെന്നാണു്‌. ഈ ഇന്ത്യയെക്കുറിച്ചാണു് അരവിന്ദ്‌ അഡിഗയുടെ നോവലിലെ നായകന്‍ എഴുതുന്നതു്‌.

നോവലിനെതിരായി ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം അരവിന്ദ്‌ അഡിഗ നമ്മുടെ ദാരിദ്ര്യത്തെയും ഉച്ചനീചത്വങ്ങളെയും വിറ്റു് കാശാക്കുകയാണെന്നാണു്‌. അതിമഹത്തായ പൈതൃകമുള്ള ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്നും നമ്മള്‍ പുരോഗതിയിലേക്കു് കുതിക്കുകയണെന്നും മേനിനടിക്കാന്‍ ഇഷ്ടപ്പെടുന്ന സങ്കുചിതദേശാഭിമാനികളാണു് ഈ വിമര്‍ശനങ്ങള്‍ക്കു് പിന്നില്‍. വര്‍ണ്ണവിവേചനവുമായി തുലനം ചെയ്താല്‍പ്പോലും കൂടുതല്‍ നികൃഷ്ടവും മനുഷ്യവിരുദ്ധവുമായ ജാതിവ്യവസ്ഥയെ സഹസ്രാബ്ദങ്ങളായി നിലനിര്‍ത്തുകയും പോറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തിന്റെ അമാന്യത ഇവര്‍ കാണാതെ പോകുന്നു അഥവാ കണ്ടിട്ടും അതിന്റെ നൃശംസതയെ നെറികെട്ടരീതിയില്‍ കുറച്ചുകാണിച്ചുകൊണ്ടു് മാനുഷികമൂല്യങ്ങള്‍ക്കുമപ്പുറം സാങ്കല്പികരാജ്യാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ തിടുക്കപ്പെടുന്നു. മുല്‍ക്കരാജ്‌ ആനന്ദിന്റെ രണ്ടിലയും ഒരു മൊട്ടും, കൂലി തുടങ്ങിയ പ്രസിദ്ധ നോവലുകള്‍ ഉള്‍പ്പെടെ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിലെ പ്രമുഖരുടേതുള്‍പ്പെടെയുള്ള രചനകള്‍ എല്ലാം തന്നെ ഇന്ത്യയിലെ കീഴാളജീവിതത്തെയും ദാരിദ്ര്യത്തെയുമാണു് വിഷയമായി സ്വീകരിച്ചതു്‌. ഇന്ത്യന്‍ ഭാഷകളിലെ നവോത്ഥാനകാലരചനകള്‍ എല്ലാം തന്നെ എഴുത്തിനു് ഉപയുക്തമാക്കിയതും മറ്റൊന്നായിരുന്നില്ല. ഒരു കാലത്തു് തകഴിക്കും പൊറ്റക്കാടിനും പോഞ്ഞിക്കര റാഫിക്കുമെതിരായി ഉറഞ്ഞുതുള്ളിയവരുടെ പിന്മുറക്കാര്‍ ഇനിയും അടങ്ങിയിട്ടില്ല. ശരണ്‍കുമാര്‍ ലിംബാലെ മറാട്ടിയിലും പാമ തമിഴിലും ആവിഷ്ക്കരിച്ച സമകാല എഴുത്തിന്റെ തീഷ്ണതകളെയും ഇവര്‍ എതിര്‍പ്പിനു് പാത്രമാക്കിയിട്ടുണ്ടു്‌. ദേശീയതയും മതവും ഭാഷയും നിറവുമെല്ലാം കല്പിക്കുന്ന അതിര്‍വരമ്പുകള്‍ക്കുപരി മാനവികതയെ പ്രതിഷ്ഠിക്കുന്ന എഴുത്തുകാരനു് ഇവയൊന്നും വിലക്കുകളല്ല. ഈ ദിശയിലുള്ള വിമര്‍ശനങ്ങളെ തീര്‍ത്തും സാഹിത്യബാഹ്യങ്ങളായി മാത്രമേ അയാള്‍ക്ക്‌ പരിഗണിക്കാനാവൂ.

സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള മറ്റൊരുകൂട്ടരുടെ വിമര്‍ശനം ഒറ്റനോട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി തോന്നാം. കീഴാളജനതയുടെ മോചനത്തിനായി അക്രമവും കൌശലവുമല്ലാതെ മറ്റൊന്നും ചൂണ്ടിക്കാണിക്കുന്നില്ലെന്നും സംഘടിതരാഷ്ട്രീയപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള സാമൂഹികവിമോചനപ്രക്രിയയെ പരാമര്‍ശിക്കാതെ ഉപരിപ്ലവമായ അപഗ്രഥനവും വ്യക്തിവാദവുമാണു് അരവിന്ദ്‌ അഡിഗയുടെ നോവല്‍ കീഴാള മോചനത്തിനായി അടയാളപ്പെടുത്തുന്നതെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'വൈറ്റ്‌ ടൈഗര്‍' നെ നിരൂപണം ചെയ്തുകൊണ്ടു് അടുത്തിടെ സച്ചിദാനന്ദന്‍ എഴുതിയിരുന്നു. സച്ചിദാനന്ദനെപ്പൊലെ ആധുനികോത്തരതയെ മനസ്സിലാക്കാനും സ്വീകരിക്കാനും ഒട്ടൊക്കെ സ്വയം തയ്യാറായ ഒരാള്‍ ഈ വിധമൊരു വിമര്‍ശനം ഉയര്‍ത്തുന്നതു് കൌതുകകരമാണു്‌. പഴയ മാര്‍ക്സിസ്റ്റ്‌ യാഥാസ്ഥിതികതയും അഖി‍ലലോകതൊഴിലാളി സര്‍വാധിപത്യ ചിന്തകളുമൊന്നും കുടഞ്ഞുകളയാന്‍ ഇനിയും സച്ചിദാനന്ദനായിട്ടില്ല എന്നാണു് ഇതു് ചൂണ്ടിക്കാണിക്കുന്നതു്‌. മുതലാളിയുടേതുള്‍പ്പെടെ ആരുടെയും സര്‍വാധിപത്യം അംഗീകരിക്കാത്ത ഒരു ലോകം നിലവില്‍ വന്നുകഴിഞ്ഞു. ആ ലോകത്തിന്റെ എഴുത്തിനെയാണു് അരവിന്ദ്‌ അഡിഗ പ്രതിനിധാനം ചെയ്യുന്നത്‌. ഏതെങ്കിലും വിധത്തില്‍ ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്തെക്കാളുപരി പല രീതിയില്‍ ചിന്നിയ ഒരു ലോകത്തെയാണു് സമകാലസാഹിത്യം ആവിഷ്കരിക്കുന്നതു്‌. സകലര്‍ക്കും സകലതിനും പരിഹാരം നിര്‍ദ്ദേശിക്കുന്ന ബൃഹദാഖ്യാനങ്ങള്‍ റദ്ദായിക്കഴിഞ്ഞ ഒരു ലോകമാണ്‌ അഡിഗയുടേതു്‌. വൈവിദ്ധ്യത്തിന്റെയും പ്രാദേശികതകളുടെയും ബഹുസ്വരതയുടേതുമായ ഒരു ലോകം. അതിലെ ബലരാമന്മാര്‍ക്കു് സൈദ്ധാന്തികമായ ക്രിയാകാലം നിര്‍ദ്ദേശിക്കുന്നതു് വകതിരിവില്ലായ്മയാകും. നോവലിലെ ബല്‍രാമിന്‌ വ്യത്യസ്തമായി പ്രതികരിക്കാമായിരുന്നില്ലേ എന്ന ചോദ്യം എഴുത്തുകാരനും അഭിമുഖീ‍കരിച്ചിട്ടുണ്ടാവണം. അരവിന്ദ്‌ അഡിഗയുടെ ഉത്തരവും അതിനുള്ള ന്യായപ്പെടുത്തലുമാണു് നോവല്‍.

ബുക്കര്‍ സമ്മാനിതമായ ഈ നോവല്‍ ഒരു ഉല്‍കൃഷ്ടരചനയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തീര്‍ച്ചയായും അല്ല എന്നുതന്നെയാണു്. കലാപരമായ ഉല്‍കൃഷ്ടതയിലേക്കു് കടന്നുകയറാന്‍ ഇന്തോ-ആംഗ്ലിയന്‍ എഴുത്തിനു് ഇനിയും ദൂരം ഏറെ താണ്ടാനുണ്ടു്. എങ്കിലും അതിന്റെ ഇന്നത്തെ നിലവാരവുമായി തുലനം ചെയ്യുമ്പോള്‍ അരവിന്ദ്‌ അഡിഗയുടെ നോവല്‍ ഭേദപ്പെട്ട രചനയാണു്‌. ശില്പപരമായ നവീനത, മികച്ച പാരായണക്ഷമത, ഇന്ത്യന്‍ കീഴാളജീവിതത്തോടു് ചേര്‍ന്നുനില്ക്കാനുള്ള എഴുത്തുകാരന്റെ തീഷ്ണത എന്നിവ വൈറ്റ്‌ ടൈഗറിനെ തീര്‍ച്ചയായും ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തെ സംബന്ധിച്ചിടത്തോളമെങ്കിലും ശ്രദ്ധേയമായ ഒരു രചനയാക്കുന്നു.

Subscribe Tharjani |
Submitted by O.K. Sudesh (not verified) on Tue, 2009-03-10 13:18.

To the best of my understanding, it's Indo-Anglian, not Indo-Anglican. 'Anglican' is something related to a religious denomination or order, I suppose.

Submitted by മഹേഷ് മംഗലാട്ട് (not verified) on Thu, 2009-03-12 18:32.

സുദേഷ്, നന്ദി. തിരുത്തിയിട്ടുണ്ടു്.

Submitted by salim (not verified) on Sun, 2009-03-15 22:04.

Though your criticism to the views of sachithanandan are significant, your reading of the novel is unfortunately embedded with old sociological analysis of literature.