തര്‍ജ്ജനി

കഥ

എന്തിന്?!

അന്നൊരു ചൊവ്വാഴ്ചയായിരുന്നു; എട്ടുമണിയായിക്കാണും ട്രെയിന്‍ ത്രിശൂര്‍ സ്റ്റേഷനില്‍‌ എത്തിയപ്പോള്‍‌. ബി ഫോര്‍ കോച്ചില്‍ നിന്ന് നാലഞ്ചുപേര്‍‌ ഇറങ്ങുന്നതു കണ്ടിട്ടാണ്‌ നിഖിലും അതില്‍‌ ഓടിക്കയറിയത് ! മുപ്പത്തൊന്‍പതിലെയും നാല്‍പ്പതിലെയും സൈഡ് സീറ്റുകള്‍‌ ചേര്‍‌ത്തിട്ട് രണ്ടുപേര്‍ മുഖത്തോടുമുഖമിരുന്ന് ഏതോ പത്രം വായിക്കയായിരുന്നു; അവരെ കണ്ടാല്‍ തന്നെ അറിയാം ഏതോ മോഹങ്ങളും സ്വപ്നങ്ങളും നെഞ്ചിലേറ്റി അതിലധികം ഭാണ്ടക്കെട്ടുകളുമായി നാട്ടിലേക്കും വീട്ടിലേക്കും അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന പട്ടാളക്കാര്‍‌! അതിലൊരാളാണ്‌ അകത്തെ ഒഴിവുള്ള സീറ്റുകള്‍ അയാള്‍ക്ക് കാണിച്ചുകൊടുത്തത് - അയാള്‍‌ മുപ്പത്തിമൂന്നാം നമ്പര്‍‌ സീറ്റിലിരുന്നു, പുറകെവന്ന രണ്ടുപേരും മുപ്പത്തി എട്ടിലും മുപ്പത്തിഅഞ്ചിലും; ട്രെയിന്‍ നിരങ്ങി നീങ്ങി;

മുപ്പത്തി ആറാം സീറ്റില്‍‌ ഒരു ബാഗാണ്‌ ആദ്യം വന്നു വീണത്‌‌, പിറകേ അവളും ! അവെളെന്നു പറഞ്ഞാല്‍‌ മാനിറം‌, ഒരു 160 സെന്റീമീറ്റര്‍‌ പൊക്കം, ഒത്ത ശരീരം, വിലക്കൂടിയ ഒതുക്കമുള്ള നല്ല വേഷം‌, വലതുകൈയ്യില്‍ മൂന്ന് ചെറിയ വളകള്‍‌, ഇടതുകൈയ്യില്‍ കറുത്ത സ്ട്രാപ്പുള്ള സ്വര്‍ണ്ണ നിറമുള്ള വാച്ച്, രണ്ടു വിരലുകളില്‍‌ മോതിരം, പ്രകാശമുള്ള കണ്ണുകള്‍, ശരീരത്തേക്കാള്‍ നിറമുള്ള ചുണ്ടുകള്‍‌, കഴുത്തില്‍ അഞ്ചുപവനോളം വരുന്ന തിളക്കമുള്ള മാല - വയസ്സാണെങ്കില്‍‌ 19 കൂടിയാല്‍‌ 21!! ബാഗ് സൈഡില്‍‌ ചേര്‍‌ത്തുവച്ച് മുട്ടുകള്‍‌മടക്കി ചുരുണ്ടു കിടന്നതും മൊബൈല്‍‌ നീട്ടിവിളിക്കാനും തുടങ്ങി- അവള്‍‌ വലിയ ബാഗ് തുറന്ന് അതിനുള്ളില്‍ നിന്ന് ഒരു ചെറിയ ബാഗെടുത്ത് അതിനുള്ളില്‍‌നിന്ന് മൊബൈലെടുത്ത് നീരസത്തോടെ പറഞ്ഞു” സീറ്റുകിട്ടി”. മൊബൈല്‍‌ ചെറിയ ബാഗില്‍തന്നെ വച്ച് അത് നെഞ്ചോട് ചേര്‍ത്തുപിടിച്ച് വീണ്ടും ചുരുണ്ട് തന്നെ കിടന്നു! ട്രെയിന്‍ കൂകിവിളിച്ച് കുതിച്ചു പാഞ്ഞു. അവളുടെ കണ്ണുകള്‍‌ ട്രെയിനിന്റെ വേഗതക്കൊത്ത് അടയുന്നതും തുറക്കുന്നതും ശരീരം ചാഞ്ചാടുന്നതും നിഖില്‍‌ ശദ്ധിച്ചതേയില്ല, അയാള്‍ പുറത്തെടുത്തുവച്ച നാലുവീക്കിലികളിലൊന്നില്‍‌ മുങ്ങിത്താഴുകയായിരുന്നു!

മുപ്പത്തി അഞ്ചിലും മുപ്പത്തി എട്ടിലും ഇരുന്ന രണ്ട് യാത്രക്കാരും വേഗത്തില്‍‌ ഇറങ്ങുന്നതുകണ്ടാണ് നിഖില്‍ വീക്കിലിയില്‍ നിന്ന്‌ പുറത്തെക്ക്‌ നോക്കിയത്‌ -ട്രെയിന്‍ ആലുവയിലെത്തിക്കഴിഞ്ഞിരുന്നു! അകത്ത് കറുത്തുതടിച്ച കാക്കകണ്ണുള്ള നാലഞ്ച് പട്ടാളക്കാര്‍ മുപ്പത്തൊന്‍പതിലെയും നാല്‍പ്പതിലെയും പത്രം വായനയില്‍ പങ്കുചേര്‍ന്ന കാര്യം അയാളറിഞ്ഞിരുന്നില്ല.അവള്‍ ഒന്നും കാണാതിരിക്കാനാവും‌ മുഖത്ത് വെള്ള പൂക്കളുള്ള റോസ് നിറത്തിലുള്ള ടൌവല്‍ മൂടിയിരുന്നു; അതും അയാള്‍ അറിഞ്ഞതേയില്ല !! കാക്കകണ്ണുകള്‍ക്കുള്ളിലെ കഴുകന്‍ കണ്ണുകള്‍ നിഖിലിനെ അസ്വസ്ഥനാക്കി, ഒരാഴ്ച മുന്‍പ് വായിച്ച പത്രവാര്‍ത്ത അയാളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു -
“കാശ്മീരില്‍ പത്തൊന്‍പതുകാരിയെ കാരിയെ ബലാല്‍‌ക്കാരം ചെയ്തതിന് 12 പട്ടാളക്കാരെ ജയിലിലടച്ചു”.

കൂടാതെ ലങ്കയില്‍ പീസ് കീപ്പിങ്ങിനിടയില്‍ നമ്മുടെ പട്ടാളക്കാര്‍... അതുപോലെ ഇറാക്കില്‍ അമേരിക്കന്‍ പട്ടാളക്കാര്‍...

അങ്ങനെയുള്ള പല പട്ടാളകഥകളും അയാളുടെ ഭയം വര്‍‌ദ്ധിപ്പിച്ചു ! അയാള്‍ അവളെ ഒന്നു നോക്കി പുഞ്ചിരിക്കുന്നതായി അഭിനയിച്ച് മീരാജാസ്മിന്റെ മുഖചിത്രമുള്ള ജീവരാഗം മാസിക കയ്യിലെടുത്ത് അതില്‍ നോക്കിയിരുന്നു ! പട്ടാളക്കാരുടെ എണ്ണം എപ്പോഴോ കൂടുകയും കുറയുകയും ചെയ്തു. അവള്‍ പുഞ്ചിരിയുമായാണ് എണീറ്റത്. ചുറ്റും നോക്കി പുറത്തേക്കു പോയി മുഖം തുടച്ചുകൊണ്ട് മടങ്ങി വന്നു. ചെറിയ ബാഗ് അപ്പോഴും നെഞ്ചോട് ചേര്‍ത്തു തന്നെ പിടിച്ചിട്ടുണ്ടായിരുന്നു. വലിയ ബാഗില്‍ നിന്ന് ഏതോ ഇം‌ഗ്ലീഷ് മാഗസിന്‍ വലിച്ചെടുത്ത് അവള്‍ കാലുകള്‍ ബര്‍ത്തില്‍ നീട്ടിവച്ച് ബാഗില്‍തന്നെ ചാരിയിരുന്ന് പേജുകള്‍‌ വെറുതേ മറിച്ചുകൊണ്ടിരുന്നു .

മുപ്പത്തി ഒന്‍പതും നാല്‍പ്പതും സീറ്റുകളില്‍ കറുത്തുതടിച്ച കുറേ പട്ടാളക്കാര്‍ ഇടക്കിടെ വന്ന് യാത്ര പറഞ്ഞ് പൊയ്ക്കൊണ്ടിരുന്നു; വന്നുപോയവരെല്ലാം അവളെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു. അവളാണങ്കില്‍ കാണാത്ത ഭാവം നടിച്ച് മാഗസിന്‍ വായിക്കുന്നതുപോലെ മിഴികളനക്കി.

കോട്ടയത്ത് അധികപേരുമിറങ്ങി ! ഒപ്പം നാല്‍പ്പതിലെ പട്ടാളക്കാരനും! അയാളിറങ്ങുമ്പോള്‍‌ നിഖിലിനെ രൂക്ഷമായി നോക്കി കുറച്ചുനേരം നിന്നു, പിന്നെ കണ്ണുകളിറുക്കി കാണിച്ചു. ചങ്ങനാശ്ശേരിയിലും ആറേഴുപേരിറങ്ങി. നിഖില്‍ ബാത്ത്‌റൂമില്‍ പോയിവരുമ്പോള്‍ ബോഗിയിലാകെ കണ്ണോടിച്ചു - ഇനി പത്തോളമേ ബാക്കിയുള്ളൂ. മുപ്പത്തിയൊന്‍പതിലെ പട്ടാളക്കാരന്‍ നല്ല മയക്കം. അവളും മയക്കത്തിലായിരുന്നു; ഇം‌ഗ്ലീഷ് മാഗസിന്‍ താഴയും.

ചെങ്ങന്നൂരില്‍ നിന്നു കയറിയ സായിപ്പിന്റെയും മദാമയുടെയും ട്രോളീബാഗിന്റെ ശബ്ദം കെട്ടാണ് രണ്ടാളും ഞെട്ടിയുണര്‍ന്നത്. അവള്‍ മഞ്ഞനിറത്തിലുള്ള ഒരു ജാറുമായി ഒരു ടൌവ്വല്‍ തോളിലിട്ട് ചെറിയബാഗ് നെഞ്ചോട് ചേര്‍ത്തുപിടിച്ച് പുറത്തേക്കുപോയി . ട്രയിന്‍ വേഗത കുറച്ചാണ് ഓടിക്കൊണ്ടിരുന്നത്. ഇതിനിടെ അങ്ങോട്ടുമിങ്ങോട്ടും പോയവര്‍‌ പലരും‌ നിഖിലിനെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. മുപ്പത്തി ഒന്‍പതിലെ പട്ടാളക്കാരന്‍ ഭാണ്ഡക്കെട്ടുകളൊക്കെ പുറത്തെടുത്ത് കുറേയൊക്കെ വാതിലിനടുത്തേക്ക് കൊണ്ടുവച്ച് ഇറങ്ങാന്‍ റെഡിയായി. പോയതുപോലെയല്ല അവള്‍ തിരിച്ചു വന്നത് - മുടിയൊക്കെ ചീകിമിനുക്കി ക്ലിപ്പിട്ട്, പൊട്ടിട്ട് കണ്ണെഴുതി, തിളങ്ങുന്ന ചായം ചുണ്ടില്‍ പൂശി ആകപ്പാടെ ഒരു ചാനല്‍ സുന്ദരിയായി മാറിയിരുന്നു. മുപ്പത്തി ഒന്‍പതിലെ പട്ടാളക്കാരന്‍ നഷ്ട ബോധത്തോടെയാണ് മവേലിക്കര ഇറങ്ങിയത്. അവള്‍ക്ക് ഇടക്കിടെ ഫോണ്‍ വരാന്‍ തുടങ്ങി, ഇടതു കൈ കൊണ്ട് ഫോണ്‍ ചെവിയില്‍‌ പിടിച്ച് വലതുകൈകൊണ്ട് വായ് പൊത്തിപ്പിടിച്ചാണ് അവള്‍ സംസാരിച്ചിരുന്നത്. വല്ലപ്പോഴും അവള്‍ നിഖിലിനെ ഒളിഞ്ഞു നോക്കുന്നുമുണ്ടായിരുന്നു.

അടുത്തബേയില്‍ നിന്ന് സായിപ്പിന്റെയും മദാമയുടെയും ഉച്ചത്തിലുള്ള ശബ്ദം അവളുടെ മനസ്സിലെ ഭീതി കുറയ്ക്കുന്നുണ്ടായിരുന്നു. നിഖിലിന്റെ കയ്യിലിരുന്നത് കലാകൌമുദി അയിരുന്നെങ്കിലും മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നത് മനോരമ വാരികയില്‍ അടുത്തിടെ വായിച്ച “കിനാവും കണ്ണീരും” എന്ന പെണ്ണുങ്ങളുടെ അനുഭവക്കുറിപ്പുകളാണ് - അവിവാഹിതകളായ ഇരുപത്തിരണ്ടുകാരിയെ സഹയാത്രികന്‍ ട്രയിനില്‍ പീഡിപ്പിച്ചതും മുഖം പൊത്തിക്കരഞ്ഞ അവളോട് നിന്റെ സൌന്ദര്യമാണ് ഇതിനൊക്കെ കാരണമെന്നുപറഞ്ഞ അയാള്‍ ബോഗിയിലേക്ക് പോയതും !

കയംകുളത്ത് ട്രെയിന്‍ നിന്നു - അവള്‍ നിറമുള്ള ചുണ്ടുകള്‍ അമര്‍ത്തി ചിരിക്കുന്ന ഭാവത്തില്‍ വലിയബാഗ് തോളിലിട്ട് ചെറിയ ബാഗ് നെഞ്ചോട് ചേര്‍ത്തുപിടിച്ച് നടന്നു നീങ്ങി; പെട്ടെന്ന് എന്തോമറന്നുവച്ചതായി ഭാവിച്ച് ബാഗ് മുപ്പത്തൊന്‍പതാം ബര്‍ത്തില്‍ വച്ച് അതില്‍‌ ചാരിയിരുന്നു ! നിഖില്‍ കലകൌമുദി താഴെവച്ച് എം. എന്‍ വിജയന്‍ മാഷിന്റെ മുഖചിത്രമുള്ള ‘പടയാളി സമയം ‘ മാസിക കയ്യിലെടുത്ത് അദ്ദേഹത്തെ നോക്കിയിരുന്നു ! എന്തിനാണോ ഇരുപത് മിനിട്ടിലധികം ട്രെയിന്‍ പെരിനാട് പിടിച്ചിട്ടിരുന്നു. ഇതിനിടെ അവല്‍ക്ക് മൂന്നുനാലു ഫോണ്‍ വന്നു വലതുകൈകൊണ്ട് വായ് പൊത്തിപ്പിടിച്ചുതന്നെയാണ് അപ്പോഴും അവള്‍ സംസാരിച്ചത് , ‘പെരിനാട്’ എന്ന് പലപ്പൊഴും ഉത്തരം കൊടുക്കുമ്പോള്‍ അവള്‍ നിഖിലിനെ ഒളികണ്ണിട്ട് നോക്കുകയും‌ മിനുസമുള്ള അധരങ്ങള്‍ വിരലുകള്‍‌ കൊണ്ട് തലോടുന്നുമുണ്ടായിരുന്നു. ബോഗിയില്‍ മറ്റുശബ്ദങ്ങളൊന്നും കേള്‍‌ക്കാനില്ല സായിപ്പിന്റെ കൂര്‍ക്കംവലി ഒഴിച്ച്!

കൊല്ലമെത്തി- അവള്‍ ചാടി എണീറ്റു ; ഡ്രെസ്സൊക്കെ തട്ടി നേരേയാക്കി, ഫോണ്‍ ചെറിയ ബാഗില്‍‌ വച്ച്‌ ചെറിയബാഗ് വലിയ ബാഗില്‍ വച്ച്‌ തോളില്‍‌‌ തൂക്കി നടന്നു തുടങ്ങി. പെട്ടെന്നാണ്‌ നിഖിലിന്റെ കൈ അവള്‍ക്കു നേരെ നീണ്ടത്- കൈയ്യിലിരുന്ന ചെറിയകുറിപ്പ് വാങ്ങി അവള്‍‌ വായിച്ചുനോക്കി 98464220121. ഗൌരവത്തില്‍ അവള്‍ ചോദിച്ചത് -“ എന്തിന്?” അയാള്‍ സൌമ്യനായി പറഞ്ഞു - “വീട്ടില്‍ പോയി അച്ഛന്റെ കൈയ്യില്‍ കൊടുത്തിട്ട് എനിക്ക് നന്ദി പറയാന്‍ പറയണം.

“അച്ഛന്‍...” എന്ന് പതിയെ പറഞ്ഞ് കണ്ണുകള്‍‌ തുടച്ച് ‌ നടന്നു നീങ്ങി !! നിഖില്‍ വാതില്‍ വരെ അവളെ അനുഗമിച്ചു ; അങ്ങ് മുകളില്‍ വെള്ള കീറിയ ആകാശത്തിലെ നക്ഷത്രങ്ങള്‍‌ അയാളെ നോക്കി ചിരിച്ചു അയാള്‍‌ നക്ഷത്രങ്ങളെ നോക്കി ചോദിച്ചു:
“നിങ്ങളും ഉറക്കമിളച്ച് അവള്‍ക്ക് കാവലിരിക്കുകയായിരുന്നോ?”

കോട്ടുക്കല്‍‌ എം. എസ് ജയകുമാര്‍
ആശ്വതി
നമ്പര്‍ -1,
ഐശ്വര്യാ ഗാര്‍ഡന്‍
ബാലരാമപുരം പി.ഒ
പിന്‍ 695501
ഫോണ്‍: 9846422012
Subscribe Tharjani |