തര്‍ജ്ജനി

പി. എന്‍. ഗോപീകൃഷ്ണന്‍

പി. എന്‍ ഗോപീകൃഷ്ണന്‍,
കെ. എസ്. എഫ്. ഇ. ശക്തന്‍ തമ്പുരാന്‍ നഗര്‍,
തൃശൂര്‍ - 21
ഫോണ്‍: 9447375573

email : gopikrishnan.pn@gmail.com
ബ്ലോഗ് : http://kavithakodi.blogspot.com

Visit Home Page ...

കവിത

പേനുകള്‍

ആണുങ്ങളും പെണ്ണുങ്ങളും
ഒരേ പോലെ പങ്കുവച്ചെടുത്ത
ജീവന്റെ ആ തുണ്ടുകള്‍,
മണ്ണിനെക്കുറിച്ച് ആകുലപ്പെടാത്ത ആവാസികള്‍,
കാമുകനും കാമുകിയ്ക്കുമിടയ്ക്കുള്ള
പ്രേമവായ്പിന്റെ ഹൈവേയിലൂടെ
തലയില്‍ നിന്ന് തലയിലേയ്ക്ക്
വംശം പകര്‍ന്നവര്‍,
കോപവും താപവും നര്‍മ്മവും
യുദ്ധവും ആര്‍ത്തിയും
പലവിധത്തിലാക്കിയ ഒരു
മുഖത്തിന്റെ മേലറ്റത്ത്
നിര്‍മ്മമതയോടെ സൂചിയിറക്കുന്നവര്‍,
നഖത്തിലമര്‍ന്ന്,
‘ശൂ’ എന്ന് ചുണ്ടുകളെക്കൊണ്ട് പറയിച്ച്,
ഏറ്റവും പ്രാകൃതമായ മരണത്തെ തെരെഞ്ഞെടുത്തവര്‍.

ഹോ,
എഴുത്തുകാരനാകാന്‍ നിശ്ചയിച്ച
ആദ്യത്തെ ദിവസം
എഴുതേണ്ടതായിരുന്നു, ഈ പേനുകളെ.

ഇപ്പോള്‍
വളരെ വൈകി
എഴുതാന്‍ തുടങ്ങുമ്പോള്‍
ആരോ തലമാന്തുന്നു.
എഴുതാനിരിക്കുന്ന
നമ്മെ തിരഞ്ഞുപിടിച്ച്
മാര്‍ബിള്‍ പോലെ പരന്ന
ഒരു നഖത്തില്‍ എടുത്തുവയ്ക്കുന്നു.
കല്ലറയുടെ മേല്‍മൂടിപോലെ
മറ്റൊരു മാര്‍ബിള്‍
മുകളില്‍ വയ്ക്കുന്നു.

അടയാന്‍ പോകുന്ന കണ്ണില്‍ ലോകം
ഓഹരിവിപണിയെപ്പോലെ ‘ശൂ’
എന്നൊരൊച്ചയുണ്ടാക്കി
ഉയരുകയോ
താഴുകയോ ചെയ്യുന്നു.

Subscribe Tharjani |