തര്‍ജ്ജനി

കഥ

ഒടുവിലത്തെ ബെഞ്ച്‌

സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതെ ജീവിച്ചവനായിരിന്നു ഞാന്‍. ലക്ഷ്യബോധമില്ലാതെ നടന്നു. എനിക്കൊന്നിനോടും കമ്പമില്ലായിരിന്നു. പ്രകൃതിയുടെ തലോടലില്‍ എഴുന്നേറ്റു, സൂര്യനോടൊപ്പം നടന്നു, രാത്രിയുടെ നിശബ്ദതയില്‍ ഉറങ്ങി. ഏകനായി നടന്നു. അതുകൊണ്ട്‌ തന്നെ എനിക്ക്‌ കൂട്ടുകാര്‍ ഇല്ലായിരിന്നു. ബന്ധങ്ങളുടെ അഴിയാകുടുക്കുകള്‍ എനിക്കന്യമായിരിന്നു. മൗനത്തിന്റെ തീചൂളയില്‍ മഞ്ഞപരവതാനി വിരിച്ച്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായിരിക്കുന്നു. അതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഊഷ്മാവ്‌ കുളിരുനല്‍കിയിരുന്നു. തുഷാരത്തില്‍ കൊഴിഞ്ഞുവീഴുന്ന ഇലകളെ പോലെ എനിക്ക്‌ മുന്‍പിലൂടെ ദിനരാത്രങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ഇന്നലകളോ ഇന്നോ നാളെയോ എന്നെ അലോസരപ്പെടുത്താന്‍ വിരുന്ന്‌ വന്നിരുന്നില്ല. മാറ്റത്തിന്റെ ഹാനങ്ങള്‍ ഒന്നും എന്നെ തേടിയെത്തിയില്ല. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ശൂന്യമായ ഒരിരുട്ടുമുറി മാത്രമായിരുന്നു ജീവിതം.

ജീവിതം വീടെന്നു പറയാവുന്ന ആ നാലു ചുമരുകളില്‍ ഒതുങ്ങികൂടുകയായിരിന്നു. പൂര്‍ണ്ണത നഷ്ട്ടപ്പെട്ട ഒരു പായ, മരിച്ചിട്ടും കുഴിച്ചുമൂടാത്ത ഒരു സ്റ്റൂളും അതിനുപുറത്ത്‌ നിശ്ശബ്ദമായി തപസ്സുചെയ്യുന്ന യോഗിയായ മണ്‍കൂജയും. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു ജോഡി മുണ്ടും ഷര്‍ട്ടും. ഇതായിരിന്നു ആകെയുണ്ടായിരിന്ന സമ്പാദ്യം. ആ മുറിയില്‍ എനിക്ക്‌ കൂട്ടായി ധാരാളം ചിലന്തികളുണ്ടായിരിന്നു. അവ പെറ്റ്‌ പെരുകി ഒരു ഉര്‍ണ്ണാഭസംസ്ക്കാരം തന്നെ ഉടലെടുത്തിരിന്നു. അവ സ്വതന്ത്രമായി വിഹരിക്കുന്നടത്ത്‌ ചൂലുമായി ചെന്ന്‌ നശിപ്പിക്കാന്‍ ശ്രമിച്ചിരിന്നില്ല.

വിശപ്പിന്‌ എന്റെ ശരീരത്തെ ആക്രമിക്കാന്‍ പോന്ന ശക്തിയുണ്ടായിരിന്നില്ല. താടിയും മുടിയും വളര്‍ന്ന്‌ ഒരു കൊടുംകാടായി രൂപാന്തരം സംഭവിച്ചിരിക്കുന്നു. പ്രതിബിംബം കണ്ടിട്ടുതന്നെ വര്‍ഷങ്ങളായിരിക്കുന്നു. മുന്‍പിലൂടെ വട്ടമിട്ടു പറക്കുന്ന സൂര്യന്‍ എനിക്ക്‌ മുഖം തന്നില്ല. ദേശാന്തരങ്ങള്‍ ഭേദിച്ച്‌ വരുന്ന പറവകളും മുഖം തന്നില്ല. മരണവാര്‍ത്തകളും വിവാഹാഘോഷങ്ങളും മുഖം തന്നില്ല. നഗരത്തിന്റെ കാറ്റില്‍ പാറിനടക്കുന്ന പുത്തന്‍ തലമുറകളും മുഖം തന്നില്ല.

കുട്ടികാലത്ത്‌ കളിക്കാന്‍ കളികളുണ്ടായിരിന്നില്ല. യൗവനത്താല്‍ വിനോദത്തിന്‌ ഉപാധികളുണ്ടായിരിന്നില്ല. ഏകാന്തത ഇഷ്ടപ്പെടാന്‍ കാരണവും അതു തന്നെയായിരിന്നു. ഞാന്‍ മനസ്സിനെ പീഡിപ്പിക്കുകയായിരിന്നു. ആദ്യമാദ്യം ആ പീഡനങ്ങള്‍ എനിക്ക്‌ വേദന നല്‍കിയിരുന്നു. പിന്നീട്‌ സുഖവും.

എന്റെതല്ലാത്ത കുറേയധികം പണം എന്റെ പേരില്‍ ബാങ്കില്‍ ഉണ്ട്‌. ആരോ തന്റെ തെറ്റിന്‌ പ്രായശ്ചിത്തം ചെയ്തത്‌. പതിനെട്ടുവയസ്സിനുശേഷം അവ യഥേഷ്ടം ഉപയോഗിക്കുവാന്‍ എനിക്ക്‌ അനുമതി ലഭിച്ചു. പക്ഷേ ഇന്നേവരെ അതുകൊണ്ട്‌ ഒരാവശ്യവും ഉണ്ടായിട്ടില്ല. ഞാനൊരിക്കലും എന്റെ മേല്‍വിലാസം തേടിപോയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയിട്ടില്ല. നിര്‍വികാരമായ ഒരു ചിരി മാത്രമാണ്‌ ബന്ധങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ നിന്നും പുറത്തു വരുന്നത്‌. ആ ചിരി പക്ഷേ ചുണ്ടുകളിലെത്തുന്നതായിരുന്നില്ല.

ഞാനിഷ്ടപ്പെടുന്ന ഒരു കൂട്ടുകാരിയുണ്ടെനിക്ക്‌. വീടിന്റെ കുറച്ച്‌ മാറി പെരിയാറിന്റെ തീരത്ത്‌ ഒരു ചെറിയ പാര്‍ക്കുണ്ട്‌, പാര്‍ക്കിലെ സന്ദര്‍ശകര്‍ക്കായി അവിടെ കുറേ ബെഞ്ചുകള്‍ നിരത്തിയിട്ടിട്ടുണ്ട്‌. കടല്‍കാണാനുള്ള വ്യഗ്രതയില്‍ പായുന്ന ജലകണങ്ങള്‍ക്ക്‌ അഭിമുഖമായി നിരത്തിയിട്ടിരിക്കുന്ന ആ ബെഞ്ചുകളില്‍ ഏറ്റവും ഒടുവിലത്തെ ബെഞ്ച്‌ അതായിരുന്നു എന്റെ പ്രിയ കൂട്ടുകാരി. അധികമാരും സന്ദര്‍ശകരായില്ലാത്ത ആ പാര്‍ക്കിലെ എന്റെ കൂട്ടുകാരിയെ ഞാന്‍ വല്ലാതെ സ്നേഹിച്ചിരുന്നു.

ആ ബെഞ്ചന്വേഷിച്ച്‌ ആരും എത്താറില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ അവയെ പ്രിയപ്പെട്ടതാക്കി മാറ്റിയത്‌. കൂട്ടുകാരിയുടെ മടിയില്‍ ഇരുന്നു മുന്നിലൂടെ പോകുന്ന നദിയെ നോക്കും. കളകളാരവം മുഴക്കി പായുന്ന പെരിയാറിന്റെ സന്താനങ്ങളും , മറുകരയില്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്ന മരങ്ങളും, നദീതീരത്ത്‌ പരവതാനി വിരിച്ച്‌ നില്‍ക്കുന്ന പച്ചപുല്ലുകളും അവ ഭക്ഷിക്കാന്‍ എത്തുന്ന പൈക്കിടാങ്ങളും, ദൂരെ നിന്നും പരദൂഷണം പറഞ്ഞ്‌ വരുന്ന കുഞ്ഞിക്കാറ്റിന്റെ തലോടലുകളും, ആരും കാണാതെ എനിക്കുമുന്‍പില്‍ തുറന്നു തന്ന പ്രകൃതിയുടെ സൗന്ദര്യവും എന്നെ സന്തോഷിപ്പിച്ചു.

പൈന്‍മരങ്ങളും ആകാശം മുട്ടാന്‍ മല്‍സരിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളും സ്റ്റാച്ച്യൂ ഓഫ്‌ ലിബര്‍ട്ടിയും വൈറ്റ്‌ഹൌസും ഒക്കെ കാണാന്‍ സൂര്യന്‍ അതിവേഗം മരങ്ങള്‍ക്കിടയിലൂടെ അപ്രത്യക്ഷമാകുമ്പോള്‍ പലദിക്കുകളില്‍ നിന്നും വരുന്ന പക്ഷികള്‍ തന്റെ വാസസ്ഥത്ത്‌ വന്നിരുന്ന്‌ ഉറങ്ങാനായി ബഹളമുണ്ടാക്കി സൂര്യനേ ഓടിക്കുമ്പോള്‍, പാര്‍ക്കിലെ വഴിവിളക്കുകളില്‍ ചിലതെങ്കിലും തെളിഞ്ഞുവരുമ്പോള്‍ സമയം അതിക്രമിച്ചു എന്നതിനുള്ള സൂചനകള്‍ കിട്ടിതുടങ്ങും.ആ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും വറ്റിതീര്‍ന്നിരിക്കുന്നു. പിന്നെ ഇരുളിന്റെ കരങ്ങളിലമര്‍ന്ന്‌ തിരികെ വീട്ടിലേക്ക്‌. ഒരു ക്ലോക്കിലെ സൂചികണക്കേ ഇത്‌ ദിനവും കറങ്ങിവന്നുകൊണ്ടിരിന്നു.

അന്ന്‌ എന്തുകൊണ്ടോ പാര്‍ക്ക്‌ വിട്ട്‌ പോകാന്‍ മനസ്സനുവദിക്കുന്നില്ല. ചിന്തകള്‍ മനസ്സില്‍ ഏതോ ദിക്കിലിരിന്ന്‌ വീര്‍പ്പ്‌ മുട്ടിക്കുന്നു. ചിന്തകള്‍ ചോദ്യം ചോദിക്കുന്നില്ല.. സങ്കടപ്പെടുത്തുന്നില്ല. എന്നിലെ വികാരങ്ങളെ ഒന്നും ഉണര്‍ത്തുന്നില്ല. എന്നിട്ടും എന്തിനോ ഉത്തരം തേടുന്നു. മരണത്തിനു മുന്‍പ്‌ വരുന്ന മനസ്സിന്റെ ഭയപ്പാടാണോ.. എന്നു ഞാന്‍ സംശയിച്ചു. ഞാന്‍ മരിക്കാറായിരിക്കുന്നുവോ..? അറിയില്ല. പക്ഷെ ചിന്തകള്‍ അതിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. അജ്ഞാതമായ ഭയത്തിന്റെ കാലൊച്ചകള്‍ കേള്‍ക്കുന്നുണ്ടോ..? ജീവിച്ചിരിന്നു എന്നതിന്റെ തെളിവ്‌ നശിപ്പിക്കാന്‍ മരണം പ്രകാശവേഗത്തില്‍ എന്നിലേക്കടുക്കുകയാണോ..? മരണം എന്റെ സ്വപ്നങ്ങളില്‍ പോലും വരാതിരുന്ന ഒരു കൊടുംകാറ്റായിരുന്നു. പക്ഷേ ഇപ്പോള്‍ അവ ജാഗ്രതാ നിര്‍ദേശം പോലും തരാതെയാണ്‌ വരുന്നത്‌.ഏത്‌ രൂപത്തിലാണ്‌ ഏത്‌ വേഷത്തിലാണ്‌ അവ വരുന്നത്‌..? അറിയില്ല..

പിറകില്‍ കുറ്റിക്കാടുകളില്‍ എന്തോ അനങ്ങുന്നു. ഞാന്‍ ഞെട്ടിതിരിഞ്ഞ്‌ നോക്കി. അതെ അവിടെ എന്തോ അനങ്ങുന്നുണ്ട്‌. ഭയം ഒരു കൊടുംകാറ്റു കണക്കേ എന്നില്‍ ആഞ്ഞടിക്കുന്നു. അതെ ഇത്‌ അവന്‍ തന്നെ. അവന്‍ എന്നെ കണ്ടുപിടിച്ചിരിക്കുന്നു. കറുത്ത പുതപ്പ്‌ പുതച്ച്‌ മരണം തന്റെ കണ്‍മുന്‍പില്‍. എന്റെ കണ്ണുകള്‍ ഭയത്താല്‍ വികസിച്ചു. വിയര്‍പ്പ്‌ എന്നെ കുളിപ്പിക്കുന്നു. ഹൃദയമിടിപ്പിന്‌ ട്രെയിനിനേക്കാള്‍ വേഗതയായി. മരണം പൂച്ചക്കണ്ണുകള്‍കൊണ്ട്‌ ഇരുളില്‍ അന്ധനായ എന്നെ നോക്കുന്നു. ബെഞ്ചില്‍നിന്നും എഴുന്നേറ്റു, മരണത്തിന്‌ പിടിക്കാനാവാത്ത വേഗതയില്‍ ഓടണമെന്നുണ്ട്‌ പക്ഷെ കാലുകള്‍ അനങ്ങുന്നില്ല. അവനെ പേടിപ്പിക്കുന്ന രീതിയില്‍ ഒച്ചവെക്കണമെന്നുണ്ട്‌ പക്ഷേ നാവിനെ ആരോ ചിത്രതാഴിട്ട്‌ പൂട്ടിയിരിക്കുന്നു. മരണത്തെ എന്റെ കൈകരുത്തു കൊണ്ട്‌ നേരിടണമെന്നുണ്ട്‌, പക്ഷേ കൈകള്‍ക്ക്‌ ചുറ്റുമുള്ള വായുവിനെപോലും നേരിടാന്‍ ഇപ്പോള്‍ ശക്തിയില്ല. ശക്തമായ കാറ്റില്‍പ്പെട്ട്‌ ഉഴയുന്ന ഒരു മുല്ലപ്പൂകണക്കേ ശരീരം വിറക്കുന്നു. അരണ്ടവെളിച്ചത്തില്‍ കുറ്റിക്കാട്‌ വീണ്ടും ഇളകുന്നതായി കണ്ടു. അതിന്റെ ശബ്ദം കാതുകളില്‍ ഭയത്തിന്റെ തെയ്യം കളിപ്പിക്കുന്നു. എന്താചെയ്യേണ്ടതെന്ന്‌ ബുദ്ധിപറഞ്ഞുതരുന്നില്ല. മനസ്സിന്റെ ഭയം മാറ്റാനാവാതെ ശരീരത്തിന്റെ ഭയം എങ്ങിനെ മാറ്റും? ഭയത്തിന്റെ രുചി ഇതുവരെ അറിഞ്ഞിട്ടുണ്ടായിരിന്നില്ല, അറിഞ്ഞപ്പോള്‍ അത്‌ വലിയ ചെമ്പ്‌ നിറയെ മുന്‍പില്‍ വിളമ്പിവെച്ചിരിക്കുന്നു. എത്രതിന്നാലും തീരാത്തത്ര.

തല കറങ്ങുന്നു. മരണം എന്നെ പിടിച്ചുകഴിഞ്ഞിരിക്കുന്നു. ഇരുട്ട്‌ ചുറ്റും കൂരാകൂരിരുട്ട്‌, മരണം രാത്രിയും ജീവിതം പകലുമാണ്‌. ജീവിതത്തിലെ വസന്തദൃശ്യങ്ങള്‍ കാണാന്‍ ഇനി കണ്ണുകള്‍ക്ക്‌ അനുമതിയില്ലല്ലോ..?

ഇനി പരിഭ്രമിച്ചിട്ടോ ഭയപ്പെട്ടിട്ടോ കാര്യമില്ല. സ്വീകരിക്കുക തന്നെ. ജീവിതത്തിന്റെ എതിര്‍ദിശയിലേക്കാണ്‌ ഭയന്നോടുന്നവന്‍ പോകുന്നത്‌. അവന്‍ ജീവിതത്തില്‍ നിന്നും അകന്നുകൊണ്ടേയിരിക്കും. അവന്‍ വരട്ടേ എന്റെയടുത്തേക്ക്‌ വരട്ടേ.. അവന്റെ തഴമ്പിച്ച കൈകൊണ്ട്‌ എന്നെ വലിഞ്ഞുമുറുക്കട്ടേ.. അത്മാവിനെ എന്നില്‍ നിന്നും പിഴിഞ്ഞിടുക്കുന്ന വരെ വരിഞ്ഞു മുറുക്കട്ടേ.. മൂക്കിന്റെ അകത്തേക്കും പുറത്തേക്കും വായുവിന്റെ ഒഴുക്ക്‌ നില്‍ക്കുന്നത്‌ വരെ വരിഞ്ഞുമുറുക്കട്ടെ..കണ്ണുകള്‍ നിശ്ചലമാകുന്നത്‌ വരെ വരിഞ്ഞുമുറുക്കട്ടെ.. ഹൃദയം ജോലി നിര്‍ത്തുന്നത്‌ വരെ വരിഞ്ഞു മുറുക്കട്ടെ..

കണ്ണുകളടച്ച്‌ മരണത്തിനായി കാത്തിരിക്കുമ്പോളാണ്‌ കുറ്റികാടിനുള്ളിലെ അതിഥി മരണമല്ലന്ന്‌ ബോധ്യമായത്‌. കുളിപ്പിച്ചുകൊണ്ടിരിന്ന വിയര്‍പ്പ്‌ കണങ്ങള്‍ എങ്ങോ ആവിയായി പോയി. കണ്ണുകളില്‍ നിന്നും ഭയത്തിന്റെ പാലം തകര്‍ന്നുവീണു. കാറ്റില്‍നിന്നും മുക്തയായ മുല്ലപ്പൂവിനേപോലെ ശരീരത്തിന്റെ വിറയല്‍ മാറി അവ സുഗന്ധം പരത്താന്‍ തുടങ്ങി. പതുകെ ഞാനവിടെനിന്നും നടന്നകന്നു. അപ്പോഴും കുറ്റികാടിനുള്ളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ചിരി അലിഞ്ഞുതീര്‍ന്നിട്ടുണ്ടായിരിന്നില്ല. അവ എന്റെ കാതുകളെ പിന്‍തുടരുന്നുണ്ടായിരിന്നു. ഒരാണിന്റെയും പെണ്ണിന്റെയും..

ലോകത്തിന്റെ ഇരുണ്ട കാഴ്ചകളില്‍ നിന്നും ഞാനാ നാലു ചുവരുകള്‍ക്കുള്ളിലായി. വാതിലടച്ചപ്പോള്‍ അതിന്റെ കൊളുത്ത്‌ പഴുത്ത്‌ താഴെ വീണു. അത്‌ ഗൗനിക്കാതെ പായയില്‍ വന്നിരിന്നു. വാതിലിന്റെ കൊളുത്ത്‌ നഷ്ടപ്പെട്ടിരിക്കുന്നു.മെഴുക്തിരി കത്തിച്ചപ്പോള്‍ വിദൂരത്തിലുള്ള വൃത്താന്തങ്ങള്‍ ചൊല്ലിക്കൊണ്ട്‌ പ്രാണികള്‍ അതിനടുത്തേക്ക്‌ വന്നു. ധീരരായ പോരാളികളെ പോലെ അവ എനിക്ക്‌ വെളിച്ചം തന്നിരുന്ന ആ തീജ്വാലയോട്‌ പൊരുതി. പലരും മരണപ്പെട്ടു എങ്ങിലും മറ്റുള്ളവരുടെ പോരാട്ട വീര്യം കെടുത്താനാന്‍ അവ പ്രാപ്തമായിരിന്നില്ല.

മെഴുക്‌ തിരി തന്റെ വാര്‍ദ്ധക്യം കടന്നു കഴിഞ്ഞിരിക്കുന്നു. കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ അത്‌ മരണപ്പെടും. അതിന്റെ ആത്മാവ്‌ തീജ്വാലകള്‍ അണയുന്നതോടെ മായും പിന്നീട്‌ വായുവില്‍ ലയിച്ച മെഴുകിന്റെ അംശങ്ങള്‍ തേടി ആത്മാവ്‌ പായും.

ഞാന്‍എഴുന്നേറ്റ്‌ വാതില്‍പടിയുടെ മുകളില്‍ തപ്പി. കുറച്ച്‌ നാണയതുട്ടുകള്‍ മുകളില്‍ പൊടിപിടിച്ചിരിക്കുന്നുണ്ടായിരിന്നു. അവ പോക്കറ്റിലിട്ട്‌ നടന്നു. ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയ കുട്ടികള്‍ കരയുന്നത്‌ പോലെ അവ എന്റെ പോക്കറ്റില്‍ കിടന്നു കരഞ്ഞു ബഹളമുണ്ടാക്കി. അടുത്ത കടയില്‍ കയറി. പകല്‍ മുഴുവനും ജോലി ചെയ്ത്‌ കിട്ടുന്ന ശമ്പളത്തില്‍നിന്നും വയര്‍നിറക്കാന്‍ വേണ്ടിയുള്ളവസ്തുക്കള്‍ വാങ്ങാന്‍ നില്‍ക്കുന്നവരുടെ നീണ്ടനിര കടയിലുണ്ടായിരിന്നു. മുന്‍വശത്തേ ബെഞ്ചില്‍ രണ്ട്‌ മൂന്ന്‌ പേര്‍ ഇരിക്കുന്നുണ്ടായിരിന്നു. സമയംകൊല്ലികളുടെ പ്രധാന താവളമാണ്‌ ആ ബെഞ്ച്‌. അവര്‍ ലോകത്തിന്റെ സ്ത്ഥിഗതികളെക്കുറിച്ച്‌ അവരുടെ മനസ്സില്‍ രൂപാന്തരം പ്രാപിക്കുന്ന വഴിക്ക്‌ ആശയങ്ങള്‍ തൊടുത്ത്‌ വിടുകയാണ്‌. ഇറാഖ്‌, ബുഷ്‌, കോഫിഅന്നന്‍, താലിബാന്‍ എല്ലാം ഉയര്‍ന്നു കേള്‍ക്കുന്നു. എല്ലാവരും വാര്‍ദ്ധക്ക്യത്തിന്റെ പടിവാതില്‍ കടന്നുപോയവര്‍. ശ്രോതാക്കളായി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും ഉണ്ട്‌. സമയം കടന്നുപോയിട്ടും കടയിലെ തിരക്ക്‌ കുറയുന്നില്ല. കടക്കാരന്‍ എന്നെ ശ്രദ്ധിക്കുന്നും ഇല്ല. ബുഷും ഇറാഖും എന്നെ അലോസരപ്പെടുത്തി. ഞാനവിടെ നിന്നും പിന്‍വാങ്ങി. മുറിയില്‍ കയറി മെഴുക്തിരി കിടത്തി രാത്രി അത്യാവിശത്തിന്‌ വെളിച്ചം വേണമല്ലോ..? മുറിയില്‍ കയറികൂടാന്‍ തിക്കിതിരക്കിനിന്ന ഇരുട്ട്‌ മെഴുക്തിരികെടുത്തയതോടെ അതിവേഗത്തില്‍ ഉള്ളില്‍ പ്രവേശിച്ചു. അന്ധകാരത്തിന്റെ തലോടലില്‍ ആണന്ന്‌ തോന്നുന്നു വേഗം ഉറങ്ങിപോയി. അങ്ങിനെ മറ്റോരു ദിവസത്തിനേയും ഞാന്‍ കാരണം ഒന്നും കൂടാതെ കശാപ്പ്‌ ചെയ്തു.

റോഡിനേ തണല്‍കൊണ്ട്‌ സംരക്ഷിക്കുന്ന മരങ്ങള്‍ക്കരികിലൂടെ ഞാന്‍ നടന്നു. പാര്‍ക്കാണ്‌ ലക്ഷ്യം.ദേഹം മുഴുവന്‍ ചൊറിയുന്നു, കുളിച്ചിട്ട്‌ ദിവസങ്ങളായിരിക്കുന്നു. വൈകിട്ട്‌ പാര്‍ക്കില്‍ നിന്നും നേരത്തേ ഇറങ്ങി കുളികടവില്‍ പോയി ഒന്നു കുളിക്കണം, വസ്ത്രവും ഒന്നു കഴുകണം അവ വെള്ളം കണ്ടിട്ട്‌ മാസങ്ങള്‍ പിന്നിടുന്നു.തൊടുത്തു വിട്ട അസ്ത്രങ്ങള്‍ പോലെ റോഡിലൂടെ വാഹങ്ങള്‍ ലക്ഷ്യസ്ഥാനം തേടി പായുന്നു. പെട്ടെന്ന്‌ റോഡില്‍ നിന്നും ഒരു ശബ്ദം കേട്ടു.തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കാര്‍ വഴിയിലൂടെ സഞ്ചരിച്ചിരിന്ന ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു. അയാള്‍ ദൂരെ കിടന്നു പിടയുന്നു. അവിടെയുണ്ടായിരിന്നവര്‍ അയാളുടെ ചുറ്റും കൂടി എന്റെ കാഴ്ചമറച്ചു. ആരൊക്കെയോ കാര്‍ യാത്രികനെ അടിക്കാന്‍ പിടിക്കുന്നു. ശരീരത്തില്‍ നിന്നും എന്തൊക്കെയോ ചോര്‍ന്ന്‌ പോകുന്നത്‌ പോലെ അനുഭവപ്പെടുന്നു. ഞാന്‍ അവിടെ നിന്നും നടന്നകന്നു. ആരായിരിക്കും ആ സൈക്കിള്‍ യാത്രികന്‍? ആരുടേയോ ഭര്‍ത്താവ്‌, അച്ഛന്‍, മകന്‍. അയാളുടെ ലക്ഷ്യം എന്തായിരിക്കും? അയാളുടെ വീട്ടില്‍ അയാളുടെ ബന്ധുക്കള്‍ അറിയുന്നുണ്ടോ അയാള്‍ ഇപ്പോള്‍ റോഡില്‍ മരണത്തോട്‌ മല്ലടിച്ചുകൊണ്ടിരിക്കുകയാണന്ന്‌? ഒരു പക്ഷെ ഇതയാളുടെ അന്ത്യയാത്രയായിരിക്കാം. അല്ലങ്കില്‍ വേദനയുടെ കുറച്ചധികം നാള്‍ സമ്മാനിക്കുന്ന ഒരപകടം. ഈ വിധി ഒരിക്കല്‍ എന്നേയും പിടികൂടില്ലാന്ന്‌ എന്താണുറപ്പ്‌? അങ്ങിനെ സംഭവിച്ചാല്‍ ആരാണ്‌ എന്നെ സഹായിക്കാനുണ്ടാകുക? ഞാനിന്നനുഭവിക്കുന്ന ഏകാന്തതയുടെ സുഖം അന്ന്‌ എനിക്കൊരു ശാപമായി മാറിയാല്‍..? ആരും ഇല്ലാത്തവന്‌ ദൈവമുണ്ടാകും എന്നാല്‍ ദൈവത്തിന്റെ കണ്ണ്‌ ഒരു നിമിഷമൊന്ന്‌ തെറ്റിയാല്‍..?

പാര്‍ക്കില്‍ എന്റെ പ്രിയപ്പെട്ട ബെഞ്ചില്‍ ഇരിന്നിട്ടും എന്റെ ചിന്തകള്‍ നാളെയെ പറ്റി വ്യാകുലപ്പെടുത്തികൊണ്ടിരിന്നു. മുന്‍പിലെ ആ പുഴയ്ക്കും മരങ്ങള്‍ക്കും ആയില്ല എന്റെ ആശങ്കകള്‍ അകറ്റാന്‍, ജീവിതത്തില്‍ ഇതുവരെയുണ്ടാകാതിരുന്ന ഒരു വിഷയത്താല്‍ ഭയം മനസ്സിനെ കീറി മുറിക്കുന്നു. നാളെ എഴുന്നേറ്റ്‌ നടക്കാന്‍ വയ്യാത്ത സ്ഥിതി വന്നാല്‍ എന്ത്‌ ചെയ്യും. ആ വീട്ടില്‍ എന്നെ കാണാതായാല്‍ ആരും വന്നന്വേഷിക്കില്ല. പട്ടിണി കിടന്ന്‌ നരകിച്ച്‌ ചാകും. എവിടെയെങ്കിലും അഴുകി ദ്രവിച്ച്‌ ഒരു തെരുവ്‌ നായയുടെ അന്ത്യം ആയിരിക്കും എനിക്ക്‌. ഇപ്പോള്‍ യുവത്യത്തിന്റെ പടവുകള്‍ കയറുകയാണങ്കിലും ഒരിക്കല്‍ നുരയുടേയും മൗനത്തിന്റേയും ഗര്‍ത്തത്തിലേക്ക്‌ വീഴില്ലേ..?

എന്റെ മനസ്സിലും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചിരിക്കുകയാണ്‌ ആ അപകടം. അന്ന്‌ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ചിന്തകള്‍ മലയാറ്റൂര്‍ കുന്ന്‌ കയറുകയാണ്‌. കിഴക്ക്‌ സൂര്യനുദിക്കുന്നത്‌ ചിതലരിച്ച ജനാലയുടെ വിടവിലൂടെ കണ്ടു. ഉറക്കമില്ലാത്ത രാത്രി ജീവിതത്തില്‍ കടന്നു കൂടിയിരിക്കുന്നു.

പ്രഭാതവും എനിക്കസ്വസ്ത്ഥയാണ്‌ തന്നത്‌. എഴുന്നേല്‍ക്കാനാവാതെ ഒരിറ്റു ജലത്തിനു വേണ്ടി യാചിക്കുന്ന കാഴ്ചയാണ്‌ മുന്നില്‍. അതിന്റെ ഭീകരത എന്നെ വല്ലാതെ പേടിപ്പിക്കുന്നു. വിശപ്പ്‌ ക്രമാതീതമായി വളരുന്നു. എല്ലാം താളം തെറ്റുകയായിരിന്നെന്ന്‌ എനിക്ക്‌ മനസ്സിലായി.

പാര്‍ക്കിലെ ഗേറ്റ്‌ കടന്ന്‌ അകത്തേക്ക്‌ കയറി. പതിവിലും തിരക്ക്‌ കുറവാണ്‌. എന്റെ പ്രിയ കൂട്ടുകാരിയുടെ അടുത്തേക്ക്‌ നടന്നടുക്കുമ്പോളാണ്‌ ഞാനാ കാഴ്ച്ച കാണുന്നത്‌. എന്റെ ബെഞ്ച്‌ ആരോ സ്വന്തമാക്കിയിരിക്കുന്നു. എന്റെ കണ്ണുകള്‍ വികസ്സിച്ചു. ദൂരെ നിന്നും മനസ്സിലായി അതൊരു സ്ത്രീയാണന്ന്‌. എന്റെ മനസ്സ്‌ പുതിയൊരസ്വസ്ഥയിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു. അവളേട്‌ ആരു പറഞ്ഞു എന്റെ ബഞ്ചില്‍ കയറി ഇരിക്കാന്‍. അവള്‍ക്കിതിന്‌ ആര്‌ അനുവാദം കൊടുത്തു. ഇത്രയും ബെഞ്ച്‌ ഇവിടെ ഒഴിഞ്ഞ്‌ കിടക്കുമ്പോള്‍ അവളെന്തിന്‌ അതില്‍ തന്നെ വന്നിരിക്കുന്നു. ചിന്തകള്‍ ഉള്ളിലെ ദേഷ്യത്തേ വിളിച്ചുണര്‍ത്താന്‍ പോന്നവയായിരിന്നു. ഇതിനകം ഞാനവളുടെ അടുത്തെത്തികഴിഞ്ഞിരിന്നു. അവള്‍ ശാന്തമായി ഒഴുകുന്ന പുഴയിലേക്കും നോക്കി ഇരിക്കുന്നു. അവളുടെ പാലായനത്തിനു വേണ്ടി ഞാനവിടെ കാത്തുനിന്നു. പക്ഷെ അവള്‍ പോയില്ല. അരികില്‍ വന്ന്‌ നില്‍ക്കുന്ന അപരിചിതനെ അവള്‍ ഒരുവട്ടം നോക്കി യാതൊരു ഭാവവ്യത്യാസമില്ലാതെ അവള്‍ അവിടിരിന്നു. തേനീച്ചകൂടിന്‌ ചുറ്റും തേനീച്ചകള്‍ പാറിനടക്കുന്നത്‌ പോലെ എനിക്ക്‌ ചുറ്റും ദേഷ്യം വട്ടമിട്ട്‌ പറക്കുന്നു. അവിടെ നിന്നും ഞാന്‍ തിരികെ നടന്നു. എന്റെ ഒരു സായാഹ്നം നഷ്ടപ്പെടുത്തിയ അവളോട്‌ എനിക്ക്‌ വല്ലാത്ത അമര്‍ഷം ഉണ്ടായിരിന്നു.

വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച്‌ അകത്ത്‌ കയറി. സാധാരണ ഈ സമയം ഞാന്‍ പാര്‍ക്കിലാണ്‌ ഉണ്ടായിരിക്കേണ്ടത്‌. പക്ഷെ ഇന്ന്‌ അവള്‍ ആ പിശാച്‌ എന്റെ സ്ഥലം കൈയേറിയിരിക്കുന്നു. ഞാനവിടെ ഇരുന്ന്‌ എന്തെല്ലാമോ പിറുപിറുത്തു. ദേഹം ചൊറിഞ്ഞുതുടങ്ങിയപ്പോളാണ്‌ ഇന്ന്‌ കുളിക്കണമല്ലോ എന്നോര്‍ത്തത്‌. പക്ഷെ പതിവുപോലെ മടി പിടിച്ചിരുത്തി. എന്താണന്നറിയില്ല വെള്ളവും ഞാനും ആജന്മ ശത്രുക്കളാണ്‌.

അടുത്തദിവസം പാര്‍ക്കിലേക്കുള്ള വഴി അപകടം സംഭവിച്ച സ്ഥലത്തെത്തിയപ്പോള്‍ നിന്നു. അയാളുടെ സൈക്കിള്‍ റോഡിനു വശത്ത്‌ വെച്ചിട്ടുണ്ട്‌ അവ പൂര്‍ണ്ണമായും തകര്‍ന്നിരിന്നു. റോഡില്‍ പറ്റിപിടിച്ചിരുന്ന ചോര ആരോ മണല്‍ ഇട്ട്‌ മൂടിയിരിക്കുന്നു. പുതിയൊരാള്‍ക്ക്‌ ഇന്നലെ ഈ സമയം ഒരാള്‍ ഇവിടെ ടാറിന്റെ രുചി അറിഞ്ഞുവെന്ന്‌ മനസ്സിലാകില്ല. ഞാന്‍ അയാളെ കുറിച്ച്‌ ഓര്‍ത്തു, ഒന്നുകില്‍ അയാള്‍ ആശുപത്രിയില്‍ തന്റെ വേദന സഹിച്ച്‌ കിടക്കുന്നുണ്ടായിരിക്കും, അല്ലങ്കില്‍ ഭൂമിയുടെ സ്ഥിരം താമസക്കാരനായി മാറിയിട്ടുണ്ടാകും. വിട്ടകന്ന അസ്വസ്ത്ഥ വീണ്ടും പിടി മുറുക്കി. അധികം ആലോചിക്കാന്‍ നില്‍ക്കാതെ ഞാന്‍ അവിടെനിന്നും നടന്നകന്നു. മുജ്ജന്മപാപം പോലെ അവള്‍ അവിടെ ഇരിക്കുന്നു. അതേ ബഞ്ചില്‍. എന്റെ ദേഷ്യം മലകളിലും ഉയര്‍ന്നതായി താഴ്‌വരയിലും അഗാധമായി സൂര്യനിലും ചൂടേറിയതായി. ഒരു കൈതോക്ക്‌ കിട്ടിയിരിന്നങ്കില്‍ അതിന്റെ തിരകള്‍ തീരും വരെ വെടിയുതിര്‍ത്താമായിരിന്നു. കുറച്ച്‌ മണ്ണെണ്ണ കിട്ടിയിരിന്നങ്കില്‍ അവളെ ജീവനോടെ ചുട്ടെരിക്കാമായിരിന്നു. അവള്‍ എന്നെ നോക്കി, കാട്ടാളനെ പോലെ എന്നെ കണ്ടിട്ടും അവളില്‍ യാതൊരു ഭാവവ്യത്യാസമില്ലാതിരിന്നത്‌ എന്നെ കൂടുതല്‍ പ്രകോപിതനാക്കി.

എന്റെ നടത്തത്തിനു വളരെ വേഗതയുണ്ടായിരിന്നു. അവളോടുള്ള ദേഷ്യം വഴിയില്‍ കാണുന്ന ഓരോ ചെറിയ വസ്തുവിലും ഞാന്‍ തീര്‍ത്തു. തട്ടിയെറിയപ്പെട്ട അവര്‍ വേദനയോടെ ചോദിക്കുന്നുണ്ടായിരിന്നു. ഞങ്ങള്‍ എന്ത്‌ തെറ്റാണ്‌ ചെയ്യ്തത്‌ എല്ലാത്തിനും അവളല്ലേ കാരണം നിങ്ങള്‍ അവളെ വെറുതെ വിട്ടുകൊണ്ട്‌ ഞങ്ങളെ എന്തിനാണ്‌ ഉപദ്രവിക്കുന്നത്‌? അവരുടെ രോദനങ്ങള്‍ ഞാന്‍ കേട്ടില്ല, ആളുകള്‍ എന്നെ ഒരു ഭ്രാന്തനെ പോലെ നോക്കി. കുട്ടികളെ അവര്‍ ചേര്‍ത്തുപിടിച്ചു. വഴിയാത്രക്കാര്‍ മാറി പോയി. ഇതൊന്നും ഞാനറിയുണ്ടായിരിന്നില്ല. വാതില്‍ ശക്തിയായി അടച്ചു എന്റെ കൈകരുത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ അവന്‍ അടര്‍ന്നു താഴെ വീണു. അവയുടെ വിലാപവും ്യ‍ൂഞ്ഞാന്‍ കേട്ടില്ല.

പിറ്റേ ദിവസം ചിലത്‌ തീരുമാനിച്ചാണ്‌ ഞാന്‍ പാര്‍ക്കിലെത്തിയത്‌. ഇന്നവള്‍ ഉണ്ടെങ്കില്‍ മുന്നിലൂടെ ഒഴുകുന്ന പുഴയുടെ രുചി അവളറിയും. പിന്നെ ബഞ്ചിലല്ല പാര്‍ക്കില്‍ പോലും വരാന്‍ അവള്‍ പേടിക്കും.

ബെഞ്ച്‌ ശൂന്യം. അവള്‍ ഇല്ല. രാവിലെ മുതല്‍ അവള്‍ക്കായി മാറ്റി വെച്ച ദേഷ്യമെല്ലാം വെറുതെയായി. അവള്‍ ഇന്ന്‌ ഈ ബെഞ്ച്‌ തേടിയെത്തിയിട്ടില്ല. എന്റെ യുദ്ധപ്രഖാപനത്തില്‍ പേടിച്ച്‌ നാടുവിട്ട രാജാവായി മാറിയോ അവള്‍. എന്തായാലും നന്നായി. ഞാനാശ്വാസത്തോടെ എന്റെ ബെഞ്ചില്‍ ഇരിന്നു. രണ്ടു ദിവസമായി കാണാത്തതിലുള്ള പരിഭവം എന്റെ പ്രിയ കൂട്ടുകാരിക്കുണ്ടായിരിന്നു. മനസ്സ്‌ ശാന്തമായിട്ടില്ല. മുമ്പില്‍ നിലനിന്നിരുന്ന മരങ്ങളില്‍ ചിലത്‌ വെട്ടിമാറ്റപെട്ടിരിക്കുന്നു. അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌, ആരുടേയോ കച്ചവടക്കണ്ണുകള്‍ ആ വൃക്ഷത്തിലുടക്കിയിരിക്കുന്നു. പുഴയ്ക്ക്‌ മനോഹാരിത കൊടുത്തിരുന്ന ആ മരങ്ങള്‍ ഓരൊന്നായി വെട്ടിമാറ്റപെടുകയാണ്‌. രാത്രി ചേക്കേറാന്‍ വരുന്ന നമ്മുടെ പക്ഷികള്‍ക്ക്‌ അഭയസ്ഥാനം നഷ്ടമാക്കികൊണ്ട്‌ അവ പിഴുതെറിയപ്പെടുന്നു. രാജ്യത്തിന്റെ ജീര്‍ണ്ണാവസ്ഥയില്‍ വിലപിക്കുന്ന പ്രകൃതി സ്നേഹികള്‍ ആരും ഇത്‌ കണ്ടില്ലേ..? അല്ലങ്കില്‍ പരസ്യത്തിനു പറ്റിയയതല്ല എന്നു കരുതി മനപ്പൂര്‍വ്വം കണ്ണടയ്ക്കുന്നതാണോ..? വെട്ടിയിട്ട മരങ്ങളില്‍ പലതും പ്രകൃതിയേ നോക്കി കരയുന്നുണ്ടായിരിന്നു. അവരുടെ കണ്ണുന്നീര്‍ മഴുവായി നില്‍ക്കുന്നവന്റെ കല്‍ഹൃദയത്തില്‍ സ്പര്‍ശിക്കുന്നില്ലേ..?

ദൂരെ നിന്നും അവളിതാ വരുന്നു. അവള്‍ എന്നെ അലോസരപ്പെടുത്താന്‍ എന്റെ മനസ്സിലെ ദേഷ്യം എന്ന വികാരത്തെ തൊട്ടുണര്‍ത്താന്‍ ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ തീരത്ത്‌ എനിക്ക്‌ വേണ്ടാത്ത അതിഥിയായി അവള്‍ വരുന്നു. പക്ഷെ ഇന്നവള്‍ തോറ്റിരിക്കുകയാണ്‌. എന്റെ ബഞ്ചിന്റെ ഉടമസ്ഥാവകാശം ഞാവവളില്‍ നിന്നും തരികെ പിടിച്ചിരിക്കുകയാണ്‌. ഈ ബെഞ്ചിനെ ഞാനത്രയ്ക്കും സ്നേഹിക്കുന്നുണ്ടെന്ന്‌ അവള്‍ മനസ്സിലാക്കട്ടെ, അവളുടെ വിവേകം അവള്‍ക്കത്‌ പറഞ്ഞുകൊടുക്കട്ടെ, ഞങ്ങള്‍ തമ്മില്‍ ഡിസംബറും മഞ്ഞും പോലെയാണന്നവള്‍ മനസ്സിലാക്കട്ടെ, മരങ്ങളും പക്ഷികളും പോലെയാണന്നവള്‍ മനസ്സിലാക്കട്ടെ, കാറ്റും മേഘങ്ങളും പോലെയാണന്നവള്‍ മനസ്സിലാക്കട്ടെ.. എന്റെ പ്രിയപ്പെട്ട ബെഞ്ചിന്‌ പ്രിയപ്പെട്ടവളല്ലന്നവള്‍ മനസ്സിലാക്കട്ടെ..

അവള്‍ നടന്നടുക്കുന്നത്‌ എന്റെ നേര്‍ക്കാണ്‌. അവളുടെ നോട്ടം ഞാനിരിക്കുന്ന ബെഞ്ചിലേക്കാണ്‌. അവളെന്താണുദ്ദേശിക്കുന്നതെന്ന്‌ മനസ്സിലാക്കും മുന്‍പേ എന്റെ ബെഞ്ചില്‍ അവള്‍ വന്നിരിന്നു കഴിഞ്ഞിരിന്നു. ദേഷ്യത്തേക്കാള്‍ മുന്‍പ്‌ എന്നില്‍ മുളച്ച്‌ വലുതായി പൂവിട്ടത്‌ പരിഭ്രമമായിരിന്നു. എന്റെ വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തേ മറികടന്ന്‌ സൗരഭ്യം പരത്താന്‍ പാര്‍ക്കിലെ പൂക്കള്‍ക്കൊന്നും ആവില്ലന്ന നിലയ്ക്ക്‌. എന്റെ താടിയിലും മുടിയിലും ദേഹത്തും പറ്റിപിടിച്ചിരിക്കുന്ന അഴുക്ക്‌ മാറ്റാന്‍ പെരിയാറിലെ മുഴുവന്‍ ജലത്തിനും സാധിക്കില്ലന്നനിലയ്ക്ക്‌. എന്റെ വസ്ത്രം വെളുപ്പിക്കന്‍ ഒരു സോപ്പിനും കഴിയില്ലന്ന നിലയ്ക്ക്‌, സുന്ദരിയായ അവള്‍ എങ്ങിനെ എന്നെ സഹിച്ച്‌ ഇവിടിരിക്കുന്നു. അതിന്റെ കാരണം പ്രപഞ്ചത്തേക്കാള്‍ അക്ഞ്ഞാതമാണ്‌.

എന്റെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം അവള്‍ക്ക്‌ സുഗന്ധമായി തോന്നിടയൊ..? എന്റെ ദേഹത്തുള്ള അഴുക്ക്‌ മനസ്സിലേക്ക്‌ പടര്‍ന്നിട്ടില്ലന്നവള്‍ക്ക്‌ ബോധ്യം വന്നത്‌ കൊണ്ടൊ..? അലക്കിതേച്ച വസ്ത്രങ്ങള്‍ക്കുള്ളിലെ കറുപ്പ്‌ നിറം അവളെ വേദനിപ്പിച്ചത്‌ കൊണ്ടൊ..? അറിയില്ല.

അവള്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. ഒരു തെണ്ടിചെറുക്കന്‍ പോലും എന്റെ അടുത്തിരിക്കാന്‍ അറക്കും നല്ല വേഷമണിഞ്ഞ്‌ കുലീനതതോന്നിക്കുന്ന ആ ചെറുപ്പക്കാരി എന്നെ അത്ഭുതപ്പടുതിയതില്‍ എന്താ തെറ്റുപറയുക? അവളുടെ ശുഭ്ര വസ്ത്രങ്ങള്‍ എന്നെ അന്ധനാക്കുന്നു. അവളുടെ ദേഹത്തുനിന്നും പൊഴിയുന്ന സുഗന്ധം എന്റെ നാസാഗ്രന്ധങ്ങള്‍ക്ക്‌ ശ്വാസം മുട്ടുണ്ടാക്കുന്നു. അവളുടെ വളകിലുക്കം എന്നെ ബധിരനാക്കുന്നു. അവയെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഞാന്‍ നടന്നകന്നു.

കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഗാനം ആവര്‍ത്തിച്ചുകേള്‍ക്കേണ്ടിവരുന്നത്‌ പോലെ അടുത്ത ദിവസവും ഇതേ കഥ ആവര്‍ത്തിക്കപ്പെട്ടു. അവള്‍ എനിക്കരികിലായി ഇരിന്നു. എഴുന്നേറ്റ്‌ പോകാന്‍ ആദ്യം തുനിഞ്ഞു, പക്ഷെ അവള്‍ ആഗ്രഹിക്കുന്നതും അത്‌ തന്നെയാണോ എന്നുള്ള സംശയം എന്നെ അവിടിരുത്താന്‍ പ്രേരിപ്പിച്ചു. ഞാന്‍ വളരെ പ്രയാസപ്പെട്ടാണ്‌ അവിടെ ഇരിക്കുന്നതെന്ന്‌ അവളെ ബോധ്യമാക്കാതിരിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരിന്നു. പക്ഷെ എന്റെ സാനിദ്ധ്യം അവളില്‍ ഒരു ശല്യമായിരിന്നുവെന്ന്‌ എനിക്ക്‌ തോന്നിയില്ല, ആ നിലയിലായിരിന്നു അവളുടെ പ്രവൃത്തികള്‍. ഞാനവളെ ഒളികണ്ണിട്ടുനോക്കി. ദൂരെ ഞാന്‍ കാണാറുള്ള കാഴ്ചകളില്‍ മതിമറന്ന്‌ എന്തോ ചിന്തിച്ചിരിക്കുകയായിരിന്നു അവള്‍. ഏറെ നേരം അവളെ നോക്കി ഞാന്‍ ഇരിന്നു. ക്ലാസ്സിക്ക്‌ സിനിമ കാണുന്ന സാധാരണക്കാരനേപോലെ.

ഇരുളില്‍ കണ്ണുതുറന്ന്‌ അന്ധകാരത്തിന്റെ കറുത്ത നിറം കാണുകയായിരിന്നു ഞാന്‍. കണ്ണുകളടച്ചാല്‍ ഉടനെ ഉറക്കത്തിലേക്ക്‌ വഴുതി വീഴുന്ന ഒരു പൂച്ചകുട്ടിയെ പോലെയായിരിന്നു ഇതുവരെ. പക്ഷെ സമയം വളരെ വൈകിയിരിക്കുന്നു. ഉറങ്ങാന്‍ സാധിക്കുന്നില്ല. മനസ്സില്‍ അവളായിരിന്നു. അവളുടെ എണ്ണഛായചിത്രം ചോദ്യചിന്‍ഹങ്ങള്‍ കൊണ്ട്‌ വരച്ചതായിരിന്നു. അവളുടെ കറുത്ത കണ്ണുകളില്‍ തെളിഞ്ഞുനില്‍ക്കുന്ന തീജ്വാലകളുടെ അര്‍ഥം ഏത്‌ നിഖണ്ണ്ടുവിലാണ്‌ പരതുക. ഉദയത്തിനു മുന്‍പേ തെളിഞ്ഞുവരുന്ന പ്രകാശകിരണങ്ങളുടെ പൊരുളറിയണമെങ്കില്‍ അവയെ പൂര്‍ണ്ണമായി കാണണം. അതെ അവളെ അടുത്തറിയണം.

കുളികടവ്‌ ശൂന്യമായിരിന്നു. ഷര്‍ട്ടും മുണ്ടും അഴിച്ചുവെച്ച്‌ വെള്ളത്തിലേക്കിറങ്ങി. എന്റെ താടിയും മുടിയും നദിയിലെ ഓളങ്ങള്‍ക്കിടയില്‍ നീന്തിതുടിക്കുന്നു. വഴിയില്‍ നിന്നും ശേഖരിച്ച വാഴയിലയ്ക്ക്‌ ജോലി ഒരുപാടുണ്ടായിരിന്നു, കുളിയും വസ്ത്രമലക്കും കഴിഞ്ഞ്‌ തിരികെ വീട്ലക്ഷ്യമാക്കിവെച്ച്‌ നീങ്ങുമ്പോള്‍ ജലം ശത്രുവല്ലന്നു തോന്നിതുടങ്ങിയിരിന്നു.

പാര്‍ക്കില്‍ അവള്‍ വന്നിരുപ്പുറച്ചിണ്ടായിരിന്നു. പഴയ പരിഭ്രമം എന്നില്‍ ഉണ്ടായിരിന്നില്ല. ഇന്നലെ വരെ അവള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും എന്നു കരുതിയിരിന്ന ദുര്‍ഗന്ധം ഇന്നില്ലല്ലോ..? പക്ഷെ ഇന്നലത്തേയും ഇന്നത്തേയും എന്നെ താരതമ്യം ചെയ്യാന്‍ നില്‍ക്കാതെ അതവളുടെ ജോലിയല്ലന്നറിക്കുമാറ്‌ പഴയപടി അവളിരിക്കുന്നു. മരങ്ങളില്‍ പകുതിയും വെട്ടിമാറ്റപ്പെട്ടു കഴിഞ്ഞിരിന്നു, അതില്‍ പരിതപിക്കാന്‍ മനസ്സ്‌ ഒരുക്കമല്ലായിരിന്നു. ശ്രദ്ധ അവളിലാണ്‌.

ദിവസങ്ങള്‍ വസന്തത്തിലെ മഞ്ഞഇലകള്‍ കണക്കേ കൊഴിഞ്ഞുകൊണ്ടിരിന്നു. അവളെന്നും പാര്‍ക്കില്‍ വരുമായിരിന്നു. ഒരേ ബെഞ്ചിനെ സ്നേഹിക്കുന്ന രണ്ടപരിചിതര്‍. ഞങ്ങള്‍ പരസ്പരം ഒരുപാടുനേരം സംസാരിക്കുമായിരിന്നു. പക്ഷെ അത്‌ കണ്ഠങ്ങളിലൂടെയായിരിന്നില്ല പുറത്തുവരുന്നത്‌. ഞങ്ങളുടെ ഭാഷ്യം നിശബ്ദതയായിരിന്നു. ആ നിശബ്ദതയില്‍ നിന്നുണ്ടാകുന്ന ശബ്ദം എന്നെ അവളിലേക്കടുപ്പിച്ചു.

അവളോടുള്ള ദേഷ്യം ഇതിനകം തന്നെ തുടച്ചു മാറ്റപ്പെട്ടുകഴിഞ്ഞിരിന്നു. ദിവസവും കുളിക്കുക എന്നുള്ളത്‌ എന്റെ ജിവിതചര്യയില്‍ സ്ഥാനം പിടിക്കപ്പെട്ടു. കണ്ടുമടുത്ത ഒരു ജോഡി മുണ്ടും ഷര്‍ട്ടുമായിരിന്നില്ല അവളുടെ വേഷം. കാലത്തിനനുസരിച്ച്‌ പ്രകൃതി നിറം മാറ്റുന്നത്‌ പോലെ ദിവസവും പുതിയ പുതിയ വസ്ത്രങ്ങള്‍, വസ്ത്രങ്ങള്‍ക്കനുസരിച്ച്‌ നിറം മാറുന്ന ആഭരണങ്ങള്‍. ഓരോ ദിവസവും ഓരോ സൗന്ദര്യമായിരിന്നു അവള്‍ക്ക്‌. ഒരുദിവസം നിഷ്കളങ്കയായ മുല്ലപ്പൂവിന്റെ സൗന്ദര്യമാണങ്കില്‍ സ്വര്‍ണ്ണനിറമുള്ള സൂര്യകാന്തിയുടെ സൗന്ദര്യമായിരിക്കും അടുത്ത ദിവസം.. ചിലപ്പോള്‍ വിഷാദയായ ലില്ലിയുടെ. സൊറപറഞ്ഞു വരുന്ന കുഞ്ഞികാറ്റോ, അവന്റെ വരവറിഞ്ഞ്‌ സന്തോഷിക്കുന്ന മരങ്ങളോ,അവളുടെ കയ്യിലെ കുപ്പിവളകളുടെ പുഞ്ചിരിയോ അവിടുത്തെ നിശബ്ദത ഭജ്ജിക്കുമ്പോള്‍ അറിയാതെ ഹൃദയത്തിന്റെ താളം തെറ്റുമായിരിന്നു. അവ എന്നെ ആനന്ദിപ്പിച്ചിരിന്നു. രാത്രിയിലെ ഉറക്കം അവളടെ ഓര്‍മ്മകളില്‍ വഴിമാറിതരുമായിരിന്നു. അവള്‍ക്ക്‌ വേണ്ടി ഞാന്‍ പാര്‍ക്കില്‍ എത്താന്‍ തുടങ്ങി. എന്റെ പ്രിയപ്പെട്ട ബെഞ്ചിനോടുള്ള സ്നേഹത്തിലുപരി അവളുടെ സാമിപ്യത്തിനു വേണ്ടി ഞാനവിടെ എത്താന്‍ തുടങ്ങി. അവള്‍ എന്നിലേക്ക്‌ അതിവേഗം അടുക്കുകയായിരിന്നു.

എന്റെ മനസ്സ്‌ പുതിയൊരു മാറ്റത്തിലേക്ക്‌ നീങ്ങികൊണ്ടിരിക്കുമ്പോളാണ്‌ അത്‌ സംഭവിക്കുന്നത്‌. ഒരു ദിവസം ഇതുവരെ മുടങ്ങാതിരുന്ന അവളുടെ വരവ്‌ നിന്നു. ബെഞ്ചില്‍ അവള്‍ക്കായി സ്ഥലം മാറ്റിയിട്ട്‌ ഞാന്‍ കാത്തിരുന്നു. അവള്‍ വന്നില്ല. പാര്‍ക്കിന്റെ നടപ്പാതയില്‍ അവളുടെ കാലുകള്‍ പതിയുന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ട്‌ ഞാനവിടെ ഇരിക്കുമായിരിന്നു. മനസ്സ്‌ കൊയ്ത്തുകഴിഞ്ഞ പാടം പോലെ അനാഥമായി. എന്റെ പ്രവൃത്തിയില്‍ നോട്ടത്തില്‍ എല്ലാം വേദനയുടെ ചുവപ്പ്‌ നിറം കലര്‍ന്നിരുന്നു. ദിവസത്തിലെ കുളി അസ്തമിച്ചു. വസ്ത്രങ്ങളില്‍ പതുക്കെ പതുക്കെ ചെളി സ്ഥാനം പിടിക്കാന്‍ തുടങ്ങി. കാത്തിരിപ്പായിരിന്നു അവള്‍ക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌.പാര്‍ക്കിലെ അവസാനത്തെ ബെഞ്ചില്‍ അനന്തമായ കാത്തിരിപ്പായിരിന്നു. ഇരുളില്‍ ചെറുപ്രകാശം തന്ന്‌ ആരോടും പറയാതെ ഒരിക്കല്‍ ആരും കാണാതെ അതു കെടുത്തികൊണ്ട്‌ അവള്‍ എങ്ങോ പോയിരിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യം തന്നുകൊണ്ട്‌ അവള്‍ എങ്ങോ മാഞ്ഞുപോയിരിക്കുന്നു.

അവള്‍ക്കെന്ത്‌ സംഭവിച്ചു? ഒരപരിചിതന്റെ കൂടെ ഇരിക്കുന്നത്‌ കണ്ടിട്ട്‌ അവളുടെ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുണ്ടാകുമോ..? അല്ലങ്കില്‍ പാര്‍ക്കില്‍ വരുന്ന വഴി ആ സൈക്കില്‍ യാത്രക്കാരന്റെ ഗതി അവളിലും പിടികൂടിയിട്ടുണ്ടാകുമോ..? അതും അല്ലങ്കില്‍ ഏതെങ്കിലും പെണ്‍വാണിഭ സംഘം തട്ടികൊണ്ട്‌ പോയിട്ടുണ്ടാകുമോ..? ഇനി വല്ല നക്സലേറ്റുകളുടെ കൂടെ കൂടി അവളോരു നക്സലേറ്റായി മാറിയിട്ടുണ്ടാകുമോ..? ദിവസങ്ങളുടെ പ്രയാണം ഞാന്‍ നോക്കി കാണുകയായിരിന്നു.

ആള്‍ക്കൂട്ടങ്ങളില്‍ ഞാനവളുടെ മുഖം പരതുമായിരിന്നു. വെറുതെ പ്രത്യാശിക്കുമായിരിന്നു ആ മുഖങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ എന്നോട്‌ വന്ന്‌ പറഞ്ഞെങ്കില്‍ " നീയെന്തിനാണ്‌ അവളെ അന്വേഷിക്കുന്നത്‌? അവള്‍ നിന്നില്‍ തന്നെയുള്ളപ്പോള്‍..! നിന്റെ കണ്ണുകളില്‍ അവളോടുള്ള സ്നേഹത്തിന്റെ തിളക്കം വജ്ജ്രത്തിന്റേത്‌ പോലെ കാണാന്‍ സാധിക്കുമ്പോള്‍. നിന്റെ വിശ്വാസത്തിന്‌ മലമുകളിലെ കുന്നുകളില്‍ ഭൂമിയെ വിഴങ്ങാന്‍ നില്‍ക്കുന്ന വലിയ പാറക്കെട്ടുകളേക്കാളും കാഠിന്യമുള്ളപ്പോള്‍. നിന്റെ അനുരാഗത്തിന്‌ ഗംഗയേക്കാള്‍ പവിത്രതയുള്ളപ്പോള്‍. അവള്‍ നിന്നോട്‌ കൂടെയുണ്ട്‌ നിന്റെയുള്ളിനുള്ളില്‍. അവയെ വെട്ടിമാറ്റാന്‍ ഒരാളും മഴുവായി വരില്ല. അവ കോരി വറ്റിക്കാന്‍ ആഗോളവല്‍ക്കരണത്തിന്റെ മറവില്‍ ഒരു കോളകമ്പനിക്കാരും വരില്ല. നീ കൈയേറിയിരിക്കുന്നത്‌ അവളുടെ ഹൃദയമാണ്‌. അത്‌ തിരിച്ചുപിടിക്കാന്‍ ഒരു സര്‍ക്കാര്‍ ജെ സി ബി യും വരില്ല. പിന്നെന്തിനാണ്‌ നീ പരിഭ്രമിക്കുന്നത്‌.

സ്വയം ആശ്വസിക്കാന്‍ വേണ്ടിയുള്ള ഒരുപാധിമാത്രമായിരിന്നു അത്‌.

അവളുടെ വരവറിയിച്ചുള്ള വളകിലുക്കം പ്രതീക്ഷിക്കാതെ എന്നെ തേടിയെത്തി. അതും മാസങ്ങള്‍ പിന്നിട്ട്‌. കരയുന്ന ഹൃദയത്തിന്റെ കണ്ണുനീര്‍ ചിരിയുടെ തൂവാല കൊണ്ട്‌ തുടച്ച്‌ കൊണ്ട്‌ അവള്‍ വരുന്നു. മാസങ്ങളായി എന്റെ കാത്തിരിപ്പറിയാവുന്ന പക്ഷികള്‍ സന്തോഷത്തോടെ പാട്ടുപാടി. തലക്കുമുകളില്‍ നീലാകാശത്തിന്റെ സാനിദ്ധ്യത്തിലും നക്ഷത്രങ്ങള്‍ തെളിഞ്ഞു. കടലിനെതേടിപായുന്ന നദിയിലെ ജലം ഒരുനിമിഷം നിന്നിട്ട്‌ ആ ധന്യ മുഹൂര്‍ത്തത്തിന്‌ സാക്ഷികളാവാന്‍ അവര്‍ നിശബ്ദരായി കാതോര്‍ത്തു നിന്നു. ഉറ്റവരുടെ മരണം കണ്‍മുന്‍പില്‍ കണ്ട്‌ മനംനോന്ത്‌ നില്‍ക്കുന്ന വൃക്ഷങ്ങളും എന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. അടുത്ത ഊഴം തങ്ങളുടേതാണന്നറിയാമായിരിന്നിട്ടും എന്നെ സന്തോഷിപ്പിക്കാന്‍ അവര്‍ പുഞ്ചിരിച്ചു.

എന്റെയടുത്തിരിക്കുന്ന അവളുടെ മുഖത്ത്‌ ഞാന്‍ കണ്ണെടുക്കാതെ നോക്കിനിന്നു. അവളുടെ സൗന്ദര്യത്തിനു മുന്‍പില്‍ എന്റെ മനസ്സ്‌ സാഷ്ട്ടാംഗം നമിച്ചു കിടക്കുന്നു. എന്നില്‍ മാഞ്ഞുതുടങ്ങിയ ഉന്‍മേഷമെല്ലാം ധൃതിപിടിച്ച്‌ ഓടി വന്നു. തീരെ അപ്രതീക്ഷിതമായിരിന്നു അവളുടെ ആഗമനം. അത്‌ എന്നെ സന്തോഷത്തിന്റെ പുതിയ തലത്തില്‍ കൊണ്ടുവന്നെത്തിച്ചു. ആര്‍ക്കും വേണ്ടാതെ തുരുമ്പിച്ച്‌ നശിച്ചുപോകുമായിരിന്ന എന്റെ ജീവിതം ഇപ്പോള്‍ അര്‍ഥവത്തായിരിക്കുന്നു.

എന്തിനവള്‍ ദിനവും ഇവിടെ വന്നിരിക്കുന്നത്‌..? അതിനുശേഷം നീണ്ടഇടവേളകൊടുത്തത്‌ എന്തിന്‌..? അവളുടെ ചുണ്ടുകള്‍ അനക്കമറ്റതാണങ്കിലും ചിന്തകള്‍ ഒരുപാട്‌ സംസാരിക്കുന്നതായി തോന്നി എനിക്ക്‌. നദിയും മരങ്ങളും ആകാശവും അതിന്റെ അപാരതയില്‍ തെന്നിനീങ്ങുന്ന വെളുത്ത മേഘങ്ങളും അവളുടെ കണ്ണുകളിലില്ലാ എന്നു ഞാന്‍ മനസ്സിലാക്കി. അവളുടെ വിളറിയ മുഖത്ത്‌ ദുഖത്തിന്റെയും വേദനയുടേയും അടയാളങ്ങള്‍ ഞാന്‍ കണ്ടു.

വീട്ടിലെ പ്രശ്നങ്ങളില്‍ പെട്ട്‌ ഉഴറി അല്‍പം സമാധാനത്തിനുവേണ്ടി വന്നിരിക്കുന്നതാണോ അവള്‍? ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ കാരണവന്മാര്‍ അറിയാതെ തന്നില്‍ അടിച്ചേല്‍പ്പിച്ച വിധിയെ പഴിച്ചിരിക്കുന്നതോ? അല്ല അവള്‍ വിവാഹിതയല്ല. വിവാഹിതയായ സ്ത്രീക്ക്‌ മാത്രം അവകാശപ്പെട്ട സിന്ദൂരകുറി അവളുടെ നെറ്റിയില്‍ പതിഞ്ഞിട്ടില്ല. ഇനി വല്ല സാഹിത്യകാരിയാണോ..? മനസ്സില്‍ വീര്‍പ്പ്മുട്ടിക്കുന്ന കഥയുടെ തുടക്കവും ഒടുക്കവും അടക്കിവെയ്ക്കുകയാണോ അവള്‍? എന്റെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ അവളെ അവളുടെ മൗനം അനുവദികുന്നില്ല.

ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്‌ അവള്‍ വിളിക്കുന്നതായി തോന്നുന്നു. അവള്‍ എന്നിലെ ആദ്യാനുരാഗത്തിന്റെ വാതില്‍ തുറന്നിരിക്കുന്നു. മൗനത്തിന്റെ വന്‍മതിലുകള്‍ക്കപ്പുറവും ഇപ്പുറവും നിന്ന്‌ ഞങ്ങള്‍ പ്രണയിക്കുന്നു. ജീവിതത്തിന്റെ ഒറ്റയടിപാതയിലൂടെ നടന്നുകൊണ്ടിരിന്ന ഞാനിപ്പോള്‍ പ്രണയത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത മായികലോകത്തേക്ക്‌ നടന്നടുക്കുന്നു. അവയുടെ മാസ്മരികത എന്നില്‍ നല്‍കിയ സന്തോഷത്തില്‍ തൂക്കുപാലത്തിന്റെ നടുവിലും ഭ്രാന്തമായ ആവേശത്തോടുകൂടി തുള്ളിചാടുന്നു. മൗനം തുടര്‍കഥയായ മനസ്സിപ്പോള്‍ വാചാലനായിരിക്കുന്നു. അവളുടെ അഭാവത്തില്‍ പൗര്‍ണ്ണമിയില്‍ നിന്നും അമാവാസിയായി മറഞ്ഞ ഹൃദയത്തില്‍ അവളുടെ തിരിച്ച്‌ വരവ്‌ വീണ്ടും പൂര്‍ണ്ണചന്ദ്രനാക്കിയിരിക്കുന്നു.

എനിക്കാവശ്യമില്ലാത്ത ബാങ്കിലെ പണം ഇപ്പോള്‍ എനിക്കാവശ്യമായി വന്നിരിക്കുന്നു. ആദ്യം പുച്ഛത്തോടെ അന്‍പത്പൈസ തന്ന ബാങ്ക്‌ ജീവനക്കാരന്‍ അത്ഭുതത്തോടെ നോട്ടുകെട്ടുകള്‍ എനിക്ക്‌ തന്നത്‌ നീണ്ട ചര്‍ച്ചകളുടേയും ഫോണ്‍വിളികള്‍ക്കും ശേഷമായിരിന്നു.വര്‍ഷങ്ങളായി സ്വരൂപിച്ച്‌ വച്ചിരുന്ന താടിയും മുടിയും ബാര്‍ബറിന്റെ കഠിനപ്രയത്നത്താല്‍ വെട്ടിമാറ്റപ്പെട്ടപ്പോള്‍ എനിക്കുതന്നെ അത്ഭുതം തോന്നി, അവസാനമിനുക്ക്പണികള്‍ക്ക്‌ ശേഷം ബാര്‍ബര്‍ എന്നോട്‌ പറഞ്ഞു

" നിങ്ങള്‍ ഇത്രയും സുന്ദരനായിട്ട്‌ എന്തുകൊണ്ട്‌ ഇത്രയും കാലം ഈസൗന്ദര്യം ഈ കാടുപിടിച്ച താടിരോമങ്ങളിലും നീണ്ട തലമുടിക്കുള്ളിലും ഒളിപ്പിച്ചുവെച്ചു....?"

അതിനുത്തരം എനക്കുപോലും അറിയില്ലന്നിരിക്കേ അയാള്‍ക്കെങ്ങിനെ കൊടുക്കും. മറുപടി പുഞ്ചിരിയില്‍ ഒതുക്കി. എഴുന്നേറ്റ്‌ നടക്കാന്‍ പ്രായമായ എന്നിലെ ചിരി. ഇനി സൗന്ദര്യം മാത്രമല്ല എല്ലാം പുതുതായിരിക്കുന്നു. പുതിയ വസ്ത്രങ്ങള്‍ ചെരുപ്പ്‌ അങ്ങിനെ എല്ലാം. വീട്ടിനുള്ളില്‍ സ്വര്യമായി വിരഹിച്ചിരുന്ന ചിലന്തികളും മാറാലകളും ഉന്‍മൂലനം ചെയ്യപ്പെട്ടു. വെള്ള പൂശുവാനും വീടിനു പൂര്‍ണ്ണതകൈവരിക്കുവാനുമായി ആശേരിമാരും മെയ്സണ്‍മാരും നിയോഗിക്കപ്പെട്ടു കഴിഞ്ഞു. ഒന്നും ഇല്ലാത്ത ഒരു ഭ്രാന്തന്റെ ജീവിതത്തിലേക്കല്ല അവളെ ക്ഷണിക്കേണ്ടത്‌. ഷര്‍ട്ടും മുന്‍പ്‌ പരിചയമില്ലാത്ത പാന്റ്സും ധരിച്ച്‌ ഞാന്‍ പാര്‍ക്കിലേക്ക്‌ നടന്നു. മനസ്സില്‍ മുഴുവന്‍ അവളാണ്‌. പുതിയ മുഖത്തിലെ പഴയ എന്നെ തിരിച്ചറിയുമോ അവള്‍ എന്ന സംശയം ബാക്കിയുണ്ടായിരിന്നു. ബാര്‍ബര്‍ഷാപ്പില്‍ ജനിച്ച ചിരി അപ്പോഴും മരിച്ചിട്ടില്ല. അവ കൗമാരത്തിലാണ്‌. ആളുകള്‍ ആരും തന്നെ എന്നെയിപ്പോള്‍ ശ്രദ്ധിക്കുന്നില്ല. എന്നെ കാണുമ്പോള്‍ ആരും മാറിനടക്കുന്നില്ല. സന്തോഷം കടല്‍തിരമാല കണക്കേ ഇളകി മറിയുന്നു.

പാര്‍ക്കില്‍ അവള്‍ക്കായി ഞാന്‍ കാത്തിരുന്നു. സമയം അധികമായിട്ടില്ല. എങ്ങിലും അവള്‍ വൈകുന്നുവെന്ന തോന്നല്‍ മനസ്സിനെ അലട്ടുന്നു. പാര്‍ക്കിന്റെ ഗേറ്റില്‍ അവള്‍ക്കായി കണ്ണുകള്‍ കാത്തിരുന്നു. ചാറ്റല്‍ മഴപെയ്യുന്നുണ്ട്‌ ഡിസംബര്‍ മാസവും എന്നെ പോലെ മാറിയോ? മാറ്റങ്ങളൊന്നും എന്നെ തേടിവരില്ലന്നു കരുതിയത്‌ വെറുതെയായിരിക്കുന്നു. എന്റെ ജീവിതം പൂര്‍ണ്ണമായി മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ജ്വാല കെട്ടടുങ്ങുന്നത്‌ വരെ ഏകനായിരിക്കും എന്ന്‌ നീല ലിപികളില്‍ കൊത്തിവെച്ച വാക്കുകള്‍ ഇന്ന്‌ ഞാന്‍ തന്നെ മായ്ച്ച കളഞ്ഞിരിക്കുന്നു. അവയില്‍ ഞാന്‍ സ്നേഹിക്കുന്ന ബെഞ്ചിനെ സ്നേഹിക്കുന്ന അവളുടെ പൂര്‍ണ്ണചിത്രം സ്നേഹത്തിന്റെ തൂവെള്ളനിറത്താല്‍ വരച്ചു വെച്ചു.

അവളുടെ വരവ്‌ ചിന്തകളിലായിരുന്ന കണ്ണുകളറിഞ്ഞില്ല പക്ഷെ അവളുടെ സാനിദ്ധ്യം അവളോടുള്ള സ്നേഹത്താല്‍ ആവരണം ചെയ്തിരുന്ന മനസ്സറിഞ്ഞു. എന്റെ പുതിയ മുഖം അവളെ അത്ഭുതപ്പെടുത്തിയിരിക്കുന്നുവെന്ന്‌ വികസിച്ച അവളുടെ കണ്ണുളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ബെഞ്ചിലിരികുമ്പോഴും അവളുടെ കണ്ണുകള്‍ എന്റെ മുഖത്തേ മാറ്റങ്ങളില്‍ പരതുകയായിരുന്നു. അവള്‍ എന്നെ നോക്കിയപ്പോള്‍ ഞാനറിയാതെ തന്നെ പുഞ്ചിരിച്ചു. അവളും പുഞ്ചിരിയാല്‍ മറുപടി തന്നു. പരിചയപ്പെടലിന്റെ ആദ്യ അദ്ധ്യായമാണ്‌ പുഞ്ചിരി. അവളുടെ പുഞ്ചിരി എന്നില്‍ വളര്‍ത്തിയ സന്തോഷത്തിന്റെ തിരയിളക്കത്തിന്റെ വ്യാപ്തിയില്‍ മുഖം ഒരുനിമിഷം പതറിപോയി ആ വ്യത്യാസം അവള്‍ വായിച്ചെടുത്തിരിക്കണം. പാര്‍ക്കിലെ ഒടുവിലത്തെ ബെഞ്ച്‌ എനിക്കൊരു കാമുകിയെ തന്നിരിക്കുന്നു.

അവളുടെ നിശബ്ദതയേയും ഭാവവ്യത്യാസങ്ങളേയും ചലനങ്ങളേയും ഓര്‍ത്തുകൊണ്ട്‌ ഞാനവിടെ നിന്നും നടന്നകന്നു. വീടിന്റെ പുതുക്കിപണി നടന്നുകൊണ്ടിരിക്കുന്നു. ചിലര്‍ പുതിയ താമസ്സക്കാര്‍ വന്നെന്നു കരുതി. എന്നെ അറിയുന്ന ഞാനറിയാത്തവരുടെ മുഖത്ത്‌ അത്ഭുതത്തിന്റെ കോടമഞ്ഞാല്‍ വിളറുന്നു. ആ പഴയ കാട്ടാളന്റെ പുതിയ രൂപവും ഭാവവും അവരുടെ ഇടുങ്ങിയ മനസ്സിനു ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല. കടയുടെ മുന്‍പിലിരിക്കുന്ന സമയംകൊല്ലി കിളവന്മാരുടെ സംസാരം ഇറാഖില്‍ നിന്നും എന്റെ നേര്‍ക്കുള്ളതായി. ചിലര്‍ പരഞ്ഞു ലോട്ടറി അടിച്ചതാണന്ന്‌ , എവിടേയോനിന്നും മോഷ്ട്ടിച്ചതാണന്ന്‌ മറ്റുചിലര്‍, അതല്ല ചവറുപെറുക്കുന്നതിനിടയില്‍ ആരോ ഒളിപ്പിച്ചുവെച്ചത്‌ കിട്ടിയതാണന്ന്‌ മറ്റോരു കൂട്ടര്‍. ഊഹാപോഹങ്ങള്‍ക്കിടയിലും എന്റെ വീടിന്റെ പണി നടന്നു. അകത്ത്‌ വീട്ടുസാധനങ്ങള്‍ കൊണ്ട്‌ നിറഞ്ഞു. മരിച്ച സ്റ്റൂളിനു പകരം കസേര, ജീര്‍ണ്ണിച്ച പായക്ക്‌ പകരം തേക്കിന്റെ കട്ടില്‍ അവയ്ക്ക്‌ മീതെ വിലകൂടിയ പട്ടുമെത്ത. എന്റെ നിറവ്യത്യാസത്തിന്റെ പൊരുള്‍തേടിയലയുന്നവര്‍ക്ക്‌ ഒരിക്കലും മനസ്സിലാകില്ല ഇതെല്ലാം അവള്‍ക്ക്‌ വേണ്ടിയുള്ളതാണന്ന്‌. എന്നിലെ മനുഷ്യനെ പുറത്തെടുപ്പിച്ച അവള്‍ക്ക്‌ വേണ്ടി. അവളറിയാതെ എന്നെ മാറ്റിയ അവള്‍ക്ക്‌ വേണ്ടി.

ഇനി അവളെ അറിയിക്കണം ദിവസങ്ങളായി പുഞ്ചിരി മാത്രമുള്ള ഒന്നാം അദ്ധ്യായം മറിക്കണം. അവള്‍ക്കായി എന്റെ വീടും എന്റെ മനസ്സും ഒരുങ്ങി കഴിഞ്ഞുവെന്ന്‌ അവളെ അറിയിക്കണം. കണ്ട്‌ മടുത്ത ഏകാന്തതയില്‍ നിന്നും അവള്‍ കൂട്ടായി വേണമെന്ന്‌ അവളെ അറിയിക്കണം. ചിതല്‍പ്പുറ്റ്‌ തൂത്ത്‌ വൃത്തിയാക്കി എന്റെ ജീവിതത്തിലേക്ക്‌ കടന്നുവരണമെന്ന്‌ അവളോടപേക്ഷിക്കണം.

സംസാരിക്കാതെതന്നെ ഞങ്ങള്‍ പരസ്പ്പരം അടുത്തിരുന്നു. ബെഞ്ചിലിരിക്കുമ്പോള്‍ അവള്‍ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. ഞാനറിയാതെ അവളുടെ കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന്‌ ഞാനറിയുന്നുണ്ടായിരുന്നു. അവള്‍ എനിക്കുവേണ്ടിയാണ്‌ പാര്‍ക്കില്‍ വരാറുണ്ടായിരുന്നുവെന്ന്‌ ഞാനറിയുന്നുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ എന്നോട്‌ പറഞ്ഞിരുന്നു അവളെന്നെ പ്രണയിക്കുന്നുണ്ടെന്ന്‌. അവളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ശ്വാസോച്ഛാസം എനിക്കു പറഞ്ഞുതന്നു അവളുടെ മനസ്സിലെ ചിന്തകളില്‍ എന്റെ മുഖം തെളിഞ്ഞുകാണാറുണ്ടെന്ന്‌. ഞാന്‍ നടന്നകന്നുകഴിയുമ്പോള്‍ എന്നെപറ്റി അവള്‍ അന്വേഷിക്കാറുണ്ടെന്ന്‌ എന്റെ പ്രിയകൂട്ടുകാരി എന്നോട്‌ പറഞ്ഞുതന്നു.

ഇപ്പോള്‍ തന്നെ വളരെ വൈകിയിരിക്കുന്നു. അവളുടെ കൈപിടിച്ച്‌ വെളിച്ചം വിതറുന്ന ഈ വീടിന്റെ മുറ്റത്ത്‌ കൊണ്ട്‌ വരണം. അവളുടെ ജീവിതത്തിന്റെ ശിഷ്ടകാലം എന്റെ സ്നേഹത്തിന്റെ കുളിര്‍മയില്‍ എന്റെ മൃദുവായ തലോടലിന്റെ അനുഭൂതിയില്‍, എന്റെ നെഞ്ചിലെ ചൂടിന്റെ മുകളില്‍ എന്റെ ശ്വാസേച്ഛാസത്തിന്റെ തണലില്‍ ജീവിച്ചുതീര്‍ക്കാന്‍ ഒരുക്കമാണോ എന്നു ചോദിക്കണം. അവളുടെ അനുവാദം ഒരുമൂളലായി പുറത്തുവരുമ്പോള്‍ അവളെ വാരിപുണര്‍ന്ന്‌ വീടിന്റെയുള്ളില്‍ പ്രവേശിച്ച്‌ വാതിലടക്കണം.

ഇനി ഒരു പക്ഷെ അവള്‍ക്ക്‌ സമ്മതമല്ലങ്കില്‍..? അവളുടെ മനസ്സ്‌ മറ്റാരുടേയെങ്കിലും കൈയ്യില്‍ പണയമായി ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍. പൂര്‍ണ്ണത നഷ്ടപ്പെട്ട സ്വപ്നത്തിന്റെ ദാരുണമായ അന്ത്യം അവിടെ സംഭവിച്ചാല്‍.? ഇല്ല ഒരിക്കലും അങ്ങിനെ സംഭവിക്കില്ല. കാരണം അവളുടെ കണ്ണുകളില്‍ എന്നോടുള്ള സ്നേഹത്തിന്റെ ചിറകൊടിശബ്ദം ഞാന്‍ കേള്‍ക്കാറുണ്ട്‌. അവള്‍ക്കെന്നോട്‌ എന്തോ പറയുവാനായിട്ടുണ്ട്‌. പലവട്ടം അവള്‍ അതിനു തുനിയുന്നതും പിന്നീട്‌ വേണ്ടന്നുവെയ്ക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. എന്റെ തുടക്കവും കാത്താണ്‌ മൗനത്തിന്റെ ചീട്ടുകൊട്ടാരം അവള്‍ തകര്‍കാത്തത്‌. അവ തകര്‍ക്കപ്പെടണം. നാളെ മൗനത്തിനു അന്ത്യകൂദാശ കൊടുക്കണം.

രാവിലേ മുതല്‍ ഒരുക്കങ്ങളായിരുന്നു. അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ചു കണ്ണാടിയില്‍ നോക്കി മുടി ചീകിയൊരുക്കി. അഞ്ചുമണിക്കുവേണ്ടിയുള്ള ഒരുക്കം രാവിലെ ഒന്‍പതിനു കഴിഞ്ഞു. വീടിനുള്ളില്‍ ഉലാത്തി സമയത്തെ കൊല്ലുകയായിരുന്നു ഞാന്‍. അവളോട്‌ പറയാനുള്ള കാര്യങ്ങള്‍ പലകുറി മനസ്സില്‍ പറഞ്ഞു നോക്കി. മൂന്നു മണിക്കുള്ളില്‍ ഏഴുതവണ കുളിച്ചു പല കുറി വസ്ത്രങ്ങള്‍ മാറ്റിയിട്ടു. ഒന്നിനും തൃപ്തി വരുന്നില്ല. എങ്ങിനേയോ നാലു മണിയാക്കി.

അവള്‍ക്കായി ഞാന്‍ പാര്‍ക്കിലേക്ക്‌ നടന്നു. മനസ്സില്‍ പരിഭ്രമം അടുത്തടുത്തു വരുന്നു. എതിരെ ഒരാള്‍ വരുന്നുണ്ടായിരുന്നു. പഴയ എന്നെ അയാളില്‍ ഞാന്‍ കണ്ടു. അയാള്‍ കടന്നുപോയപ്പോള്‍ അയാളെ അനുഗമിച്ചിരുന്ന ദുര്‍ഗന്ധം എന്നെ അലോസരപ്പെടുത്തി. എന്നെങ്കിലും ഒരിക്കല്‍ ഒരു പാര്‍ക്കിലോ അതോ ബെഞ്ചിലോ വെച്ച്‌ അയാളുടെ ജീവിതവും മാറും. എന്റെ കാമുകിയെപോലെ ഒരു പെണ്ണ്‌ അയാളുടെ ജീവിതത്തിലേക്കും കടന്നുവരും.

പാര്‍ക്കില്‍ അവള്‍ക്കായി കാത്തിരുന്നു. അവള്‍ വരേണ്ട സമയം ആയികൊണ്ടിരിക്കുന്നു. എന്റെ മുഖത്തിപ്പോള്‍ പുഞ്ചിരിയുടെ വെളുത്ത നിറം ഇല്ല. പരിഭ്രമം പടര്‍ന്നു പന്തലിക്കുന്നു. പതിവിലും വൈകിയാണ്‌ അവള്‍ പാര്‍ക്കിലെത്തിയത്‌. അവളെ കണ്ടപ്പോള്‍ മനസ്സിലെ പരിഭ്രമത്തിന്റെ അളവ്‌ ധൃതിയില്‍ വര്‍ദ്ധിക്കുന്നു. അവള്‍ എനിക്കരികിലായി ഇരുന്നു. എന്റെ തൊട്ടടുത്താണ്‌ അവളിരുന്നത്‌. ഇതുവരെ സ്വല്‍പ്പം അകലം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ഇന്ന്‌ എന്റെ മനസ്സറിയിക്കാന്‍ പോകുന്ന ദിവസം എന്റെ ചാരെ എന്റെ കാലുകളെ മുട്ടി അവള്‍ വന്നിരിക്കുന്നു. അതെ അവളും ഇന്നു വന്നിരിക്കുന്നത്‌ അവളുടെ പ്രേമം എന്നെ അറിയിക്കുവാന്‍ വേണ്ടിയാണ്‌. അവളുടെ മുഖത്ത്‌ പടര്‍ന്നു പന്തലിച്ച പുഞ്ചിരിയില്‍ കുറച്ച്‌ എനിക്കു സമ്മാനിച്ചു. പരിഭ്രമത്തിന്റെയും പേടിയുടേയും ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന എന്റെ പുഞ്ചിരിക്ക്‌ പക്ഷെ മാര്‍ദ്ദവം ഉണ്ടായിരുന്നില്ല. എന്റെ കര്‍ണ്ണം ഒരിറ്റു ജലത്തിനു വേണ്ടി പരതുന്നു. എത്രശ്രമിച്ചിട്ടും അവളോട്‌ സംസാരിക്കാന്‍ ധൈര്യം കിട്ടുന്നില്ല. എന്റെ ഹൃദയമിടിപ്പിന്റെദീന രോദനം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്കവയെ ആശ്വസിപ്പിക്കാനാകുന്നില്ല. പിന്നേയും ഒരുപാട്‌ സമയമെടുത്തു അവളോട്‌ സംസാരിക്കാന്‍. ഞാന്‍ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ അവള്‍ കൊതിയോടെ എന്നെ നോക്കി. അവളുടെ ദാഹിക്കുന്ന കണ്ണുകള്‍ എന്നെ വീണ്ടും ഭയപ്പെടുന്നവന്‍ ആക്കി മാറ്റി, അവളും എന്നോട്‌ എന്തോ പറയാന്‍ തുനിഞ്ഞു ഞാന്‍ കൊതിയോടെ അവളുടെ മുഖത്തേക്ക്‌ നോക്കി. പക്ഷെ എന്തുകൊണ്ടോ അവളും ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറി.

ഞാനെന്തിനു പേടിക്കണം..? എന്റെ പ്രണയാഭ്യര്‍ത്തനയ്ക്കായി അവള്‍ കാത്തിരിക്കുന്നു. ഞാന്‍ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ എന്തൊരാവേശത്തത്തോടു കൂടിയാണ്‌ അവള്‍ കാതുകൂര്‍പ്പിച്ചത്‌. ഇനി വയ്യ മനസ്സില്‍ കൊണ്ടുനടക്കുന്ന ഈ വിങ്ങല്‍ താങ്ങാന്‍ ഇനി വയ്യ. അവ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാന്‍ അവളെ നോക്കി ചോദിച്ചു.

" എ... എന്താ പേര്‌..?

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു

ശാരിക

ശാരിക പഞ്ചവര്‍ണ്ണകിളി. നല്ല പേര്‌.. വീണ്ടും എന്തോ പറയാന്‍ തുനിഞ്ഞു പക്ഷെ വാക്കുകള്‍ പുറത്തേക്ക്‌ വരാന്‍ വിസമ്മതിക്കുന്നു. പാര്‍ക്കിന്റെ എല്ലാവശത്തിലേക്കും ഞാന്‍ നോക്കി ആരെങ്കിലും ഞങ്ങളേ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍. ഇല്ല ആരും ശ്രദ്ധിക്കുന്നില്ല. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്‌ അവളുടെ വാക്കുകള്‍ എന്നെ തേടിയെത്തി.

ആദ്യമായിട്ടാണല്ലേ..?

അവള്‍ മനസ്സിലാക്കിയിരിക്കുന്നു. എന്റെ പ്രണയം അതും ആദ്യത്തേത്‌. അവള്‍ തുടര്‍ന്നു.

ഞാന്‍ ദിനവും ശ്രദ്ധിക്കാറുണ്ടായിരുന്നു. തനിക്ക്‌ എന്നോട്‌ എന്തോ പറയാനുണ്ടെന്ന്‌. എല്ലാ ദിവസവും ഇന്നു പറയും ഇന്നു പറയും എന്നു കരുതി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്നെങ്കിലും അതിനു തുനിഞ്ഞല്ലോ എനിക്കു സന്തോഷമായി.

അവളുടെ വാക്കുകള്‍ എന്റെ മനസ്സിനെ ആയിരം റോസാപ്പൂക്കളുടെ നടുവില്‍ നിര്‍ത്തിയിരിക്കുന്നു. അവയില്‍ നിന്നും പുറത്തു വരുന്ന സുഗന്ധത്തില്‍ എന്റെ പ്രണയത്തിന്റെ ഗന്ധമുണ്ടെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു. ഇനി മുഖവുരയുടെ ആവശ്യമില്ല. നിന്നെ എന്റെ ജീവിതത്തിലേക്ക്‌ ക്ഷണിക്കട്ടേയെന്ന്‌ ധൈര്യസമേതം ചോദിക്കാം. ഞാന്‍ പറയാന്‍ തുനിഞ്ഞതും അവള്‍ പറഞ്ഞു.

ഇപ്പോള്‍ മുന്നൂറ്‌ രൂപ തരണം ബാക്കി കഴിഞ്ഞിട്ട്‌. സ്ഥലം പറഞ്ഞാമതി ഞാനവിടെ വരാം. ഇനി സ്ഥലമില്ലങ്കിലും പ്രശ്നമില്ല. സ്വല്‍പ്പം രാത്രിയായാല്‍ ആ കാണുന്ന കുറ്റിക്കാട്ടിലേക്ക്‌ കയറാം. ആരും അറിയില്ല.

തകര്‍ന്ന ഹൃദയവുമായി ഞാന്‍ അവിടുന്ന്‌ തിരിഞ്ഞു നടന്നു. പാര്‍ക്കിന്റെ മുന്‍പില്‍ കൂട്ടമായി നിന്ന മരങ്ങളെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. വീടിന്റെ വാതിലടച്ചു കുറ്റിയിട്ടപ്പോള്‍ അകത്ത്‌ മുഴുവനും ഇരുട്ട്‌ നിറഞ്ഞു. പിന്നീടൊരിക്കലും ഞാനാ പാര്‍ക്കില്‍ പോയിട്ടല്ല. എന്റെ കൂട്ടുകാരി ഇന്ന്‌ എന്നെ ചതിച്ചിരിക്കുന്നു. ആ ഒടുവിലത്തെ ബെഞ്ചില്‍ ഇപ്പോഴും ആര്‍ക്കെങ്കിലും വേണ്ടി അവള്‍ കാത്തിരിക്കുന്നുണ്ടാകും. അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ ഒരു മഹാത്മാവൊന്നും ആയിരുന്നില്ല ഒരു മനുഷ്യന്‍ സാധാരണ മനുഷ്യന്‍.

സഹാല്‍‌ മജീദ്
Subscribe Tharjani |
Submitted by razeem (not verified) on Thu, 2008-02-14 12:56.

wow...great work man.. i read it in 10 mins..and i think its interesting..

Submitted by vinil pg (not verified) on Mon, 2008-02-18 12:24.

Hai i am vinil. i read the story oduvilathe bench and i surprised what a story. regards to sahal.