തര്‍ജ്ജനി

ലാസര്‍ ഡിസില്‍‌വ

Visit Home Page ...

കവിത

ചിലപ്പോള്‍ തുമ്പപൂക്കളായും...?

ഇലകളും പൂക്കളുമുള്ള തൊടിയില്‍

ഒരു കൊച്ചുകുട്ടി നിന്നു.

തണുത്ത വെളുപ്പാന്‍കാലത്തെ തുമ്പയെ പോലെ

സുതാര്യമായിരുന്നു കാഴ്ച്ച...,

ഇളംനിറം പൂശിയ വീട്‌.

അതിനുചുറ്റും നനച്ചുവളര്‍ത്തിയ ഒരുപാടു പച്ചകള്‍.

കാറ്റിലും മഞ്ഞിന്‍തുള്ളിയിലും

പരിചയമുള്ള മണങ്ങള്‍.

ഇരുട്ടുമാറും മുന്‍പ്‌

പടിഞ്ഞാറുനിന്നും വന്ന കാക്ക

പിറകിലെ വാതില്‍ തുറക്കുന്നതും കാത്ത്‌

ഓലതുമ്പത്തെന്തോ ഓര്‍ത്തിരിക്കുന്നു.

അടുത്തെവിടെയോ ഒരു പുഴയുണ്ടെന്നും

അതിനപ്പുറത്തെ ക്ഷേത്രത്തില്‍ നിന്നും

ഗായത്രീമന്ത്രത്തിന്റെ അലകളെത്തുമെന്നും

അവന്‍ വെറുതേ വിചാരിച്ചു.

എങ്കിലുമാ പറങ്കി..., ഈ പൂവരശ്‌...,

തായ്‌തണ്ടിലെ വിള്ളലുകളില്‍ നൊമ്പരം കിനിയുന്നതു പോലെ.

പുഴയെകുറിച്ചോര്‍ത്തപ്പോള്‍

കുളവാഴയുടെ വേരുകളൂം ജലസസ്യങ്ങളുടെ ഓളവും

കുറെ സിലേപ്പിയകളേയും അവന്‍ കണ്ടു...

കണ്ണില്‍ പൊടിഞ്ഞ തുള്ളി

പുഴയുടെ ജലജ്വാലയിലലിഞ്ഞു.

..

ചിങ്ങത്തിന്റെ പ്രഭാതത്തില്‍ അയാള്‍ തൊടിയിലേക്കിറങ്ങി...

പൂവരശിന്റെ തണലിലൊരു നാടോടിതുമ്പ പൂത്തുനില്‍ക്കുന്നു.

എന്താണെന്നറിയില്ല

അയാള്‍ക്കപ്പോള്‍

പണ്ട്‌, വളരെ പണ്ട്‌

ഒപ്പം കുളിക്കുമ്പോള്‍

പുഴയിലലിഞ്ഞുപോയ കൂട്ടുകാരനെ ഓര്‍മ്മ വന്നു.

നക്ഷത്രങ്ങളെ പോലെ

ചിലപ്പോള്‍ തുമ്പപൂക്കളായും...?

Subscribe Tharjani |