തര്‍ജ്ജനി

ഷംസുദീന്‍, മസ്കറ്റ്

Indian school Al Ghubra,
PB No 1887, P C 111,
C P O Seeb,
Sultanate of Oman.
E mail: thanalgvr@yahoo.com

Visit Home Page ...

ലേഖനം

കളിനിയമങ്ങള്‍ ജീവിതം പകര്‍ത്തുമ്പോള്‍

ഒരു മുഖക്കുറിപ്പിന്റെ അകമ്പടിയില്ലാതെ തന്നെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സിലേക്ക്‌ കടന്നുവരുന്ന പേരാണ്‌ ഉസ്മാന്‍ കോയയുടേത്‌. ഉസ്മാന്‍ കോയയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ പന്തുകള്‍ ചലിപ്പിച്ച പ്രതിഭകളായിരുന്നു, കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി, നമ്മുടെ കളിക്കളങ്ങളെ സജീവമാക്കിയിരുന്നത്‌. ഇന്ത്യന്‍ സ്കൂള്‍ ഗൂബ്ര മാനേജ്മെന്റിനെ ക്ഷണപ്രകാരം ഒരു ഹ്രസ്വകാല പരിശീലന ക്യാമ്പിന്‌ നേതൃത്വം നല്‍കാന്‍ അദ്ദേഹം മസ്കറ്റില്‍ വരികയുണ്ടായി. വിക്ടര്‍ മഞ്ഞിലയേയും, ദേവാനന്ദിനേയും പോലെയുള്ള ഇതിഹാസങ്ങളെ ഇന്ത്യന്‍ ഫുട്ബോളിന്‌ സമ്മാനിച്ച ഉസ്മാന്‍ കോയ ഒരു സൗഹൃദ സംഭാഷണത്തില്‍ മനസ്സ്‌ തുറക്കുന്നു.

ഉമ്മറപ്പടിയിലെ കഴുക്കോലില്‍പിടിച്ച്‌ ഊഞ്ഞാലാടാന്‍ ശ്രമിക്കുമ്പോള്‍ 7 വയസ്സുകാരന്‍ ഒരിക്കലും കരുതിയിരുന്നില്ല, ഈ ഊഞ്ഞാലാട്ടം തനിക്ക്‌ കരുതിവെക്കാന്‍ പോകുന്നത്‌ ആയുഷ്ക്കാലം മുഴുവന്‍ നിലനില്‍ക്കുന്ന ചില ഓര്‍മ്മപ്പെടുത്തലുകളായിരിക്കുമെന്ന്. കഴുക്കോലിലെ പിടി അഴഞ്ഞുള്ള വീഴ്ചയില്‍ പറ്റിയ പരുക്കും ആശുപത്രിയിലെ അശ്രദ്ധയും ചേര്‍ന്നപ്പോള്‍ ഇടതുകൈപ്പത്തിയുടെ സ്വാധീനം ഏറെക്കുറെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട്‌ നാട്ടിലും സ്കൂളിലും എല്ലാവരുടേയും സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ തന്നെ വല്ലാതെ അസ്വസ്തനാക്കിയിരുന്നുവെന്ന് ഉസ്മാന്‍ കോയ ഇപ്പോഴും പരിഭവിക്കുന്നു.

കോഴിക്കോട്ടെ അന്നത്തെ പ്രശസ്ത വിദ്യാലയമായ സെന്റ്ജോസഫിലായിരുന്നു ഉസ്മാന്റെ പഠനം. അപകടത്തിനുശേഷം സ്കുളിലേക്ക്‌ പുറപ്പെടും മുന്‍പ്‌ എന്നും രാവിലെ ഉമ്മ പറയും 'മോനെ, ഇയ്യ്‌ സൊഖല്ലാത്ത കുട്ട്യാണ്‌, മറ്റ്ള്ള കുട്ട്യേളായിട്ട്‌ കളിക്കാനൊന്നും പോവരുത്ട്ടോ"...... ഉമ്മയുടെ ശാസന മകന്‍ തള്ളിക്കളയുമെന്നറിയാവുന്നതിനാല്‍, വീടിനുമുന്നില്‍ സ്കൂളിലെ ഡ്രില്‍മാഷ്‌ ആന്റണിയെ കാത്ത്‌ ഉമ്മ നില്‍ക്കും, എന്നിട്ട്‌ ഒരു ചടങ്ങ്‌ പോലെ എന്നും പറയും "വയ്യാത്ത കുട്ട്യാണ്‌ ഓന്‍, സ്കൂളില്‌ കളിക്കുമ്പൊ മാഷ്‌ ശാസിക്കണം".

അറുപത്‌ വര്‍ഷം നീണ്ടുനിന്ന തന്റെ കളിജീവിതത്തിന്റെ ആദ്യ കാലഘട്ടങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തരളമായൊരു ഗൃഹാതുരത്വം വാക്കുകളിലും മുഖത്തും വന്നു നിറഞ്ഞ്‌ ഒരു നിമിഷം അദ്ദേഹം മൗനിയായി.

"വേദനകളും, വൈകല്യവും എന്നെ ഒരിക്കലും അലോസരപ്പെടുത്തിയിട്ടില്ല. വിഷമം മുഴുവന്‍ കളിക്കളങ്ങളില്‍ നിന്നും ബഹിഷക്കരിക്കപ്പെടുന്നതിലായിരുന്നു ".ഓര്‍മ്മകളില്‍ നിന്ന് തിരിച്ചെത്തി അദ്ദേഹം പറഞ്ഞു. "ഒരളവില്‍ ഉമ്മയുടെ ആഗ്രഹം എല്ലാവരും ചേര്‍ന്ന് നടപ്പാക്കുകയായിരുന്നു ". കാത്തിരിപ്പിന്റെ മടുപ്പിക്കുന്ന ഒരിടവേളയില്‍, മറ്റു കുട്ടികളെ ഫുട്ബോള്‍ കളി പരിശീലിപ്പിച്ചിരുന്ന ആന്റണി മാഷോട്‌ രണ്ടും കല്‍പിച്ച്‌ ഒരിക്കല്‍ കയറി ചോദിച്ചു "മാഷേ ഞാനും ഈ കുട്ട്യോളോടൊപ്പം നിന്നോട്ടേ"?. കളിക്കാനൊന്നും പറ്റൂല്ല, വെറുതെ നിന്നാമാത്രം മതി, എന്നായിരുന്നു ആന്റണി മാഷിന്റെ മറുപടി. ആ നില്‍പ്‌ ഒരു വഴിത്തിരിവായി. പലര്‍ക്കും ചെയ്യാന്‍ കഴിയാതിരുന്ന 'ഹെഡ്‌' കൃത്യതയോടെ ഗോള്‍ വലയത്തിലെത്തിച്ച്‌ സഹപാഠികള്‍ക്കുമുന്നില്‍ ഉസ്മാന്‍ ആദ്യദിവസം തന്നെ ഹീറോ ആയി. കളിനിയമങ്ങളുടെ ആകസ്മികത പോലെ നിയതിയുടെ പെട്ടെന്നുള്ള ഗോള്‍ !

പിറ്റേദിവസം ആന്റണിമാഷ്‌ ഉമ്മയെത്തേടി വീട്ടില്‍ വന്നു, "ഓന്‍ ആള്‌ കേമനാ ഉമ്മാ, അവന്‍ നല്ലൊരു പന്ത്‌ കളിക്കാരനാവും" വാത്സല്യത്തോടെ മാഷ്‌ മൊഴിഞ്ഞ വാക്കുകള്‍ കളി ജീവിതത്തില്‍ ഉസ്മാന്‍ കോയയ്ക്ക്‌ കിട്ടിയ ആദ്യസര്‍ട്ടിഫിക്കേറ്റായിരുന്നു. കളിക്കാരനായും, പരിശീലകനായും കഴിഞ്ഞ ആറ്‌ പതീറ്റാണ്ടുകള്‍ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ പന്തുതട്ടിയ ഉസ്മാന്‍ കോയക്ക്‌ ആന്റണി മാഷെ വീഴ്ത്തിയ ഹെഡ്‌ പോലെ മറ്റൊന്ന് ചെയ്യാന്‍ പിന്നീടൊരിക്കലും സാധിച്ചിട്ടില്ലെന്ന് പറയാന്‍ ഇപ്പോഴും മടിയില്ല, താന്‍ പന്ത്‌ കളിക്കാരനായ കഥയുടെ ആമുഖം ഉസ്മാന്‍ കോയ പറഞ്ഞുനിര്‍ത്തി.

"ഞാനന്ന് അലിന്റ്‌ കുണ്ടറക്ക്‌ വേണ്ടി കളിക്കുകയായിരുന്നു". കളിക്കാരനില്‍നിന്നും പരിശീലകനിലേക്കൂള്ള വേഷപ്പകര്‍ച്ചയെക്കുറിച്ച്‌ ഉസ്മാന്‍ കോയ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഒരു പ്രാക്ടീസ്‌ വേളയില്‍ ഒളിമ്പ്യന്‍ കിട്ടു അവിചാരിതമായി അവിടെ വരാന്‍ ഇടയായി. അദ്ദേഹം ഉസ്മാനെക്കുറിച്ച്‌ മുന്‍പ്‌ കേട്ടിട്ടുണ്ട്‌. സൗഹൃദ സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. "മിസ്റ്റര്‍ കോയ, ഫുട്ബോള്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ ശരീരബലമുള്ള കരുത്തന്മാരുടെ കളിയായി മാറുകയാണ്‌ എവിടെയും, താങ്കളെപ്പോലെ ഒരാള്‍ക്ക്‌ അധികനാള്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്തുകൊണ്ട്‌ ഒരു ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലേക്ക്‌ മാറിക്കൂടാ? ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു. "താങ്കള്‍ പട്യാലയിലേക്ക്‌ വരിക, എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്തു തരാം. ഒളിമ്പ്യന്‍ കിട്ടു അന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്പോര്‍ട്സ്‌ പട്യാല( ) യുടെ ഡയറക്ടറാണ്‌.

സഹായത്തിന്‌ ഒളിമ്പ്യന്‍ കിട്ടു ഉണ്ടായിരുന്നിട്ടുകൂടി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്പോര്‍ട്സിലേയ്ക്കുള്ള പ്രവേശനം ഉദ്ദേശിച്ച അത്ര എളുപ്പമായിരുന്നില്ല. പ്രധാന തടസ്സമായി നിന്നതസ്വാധീനം കുറഞ്ഞ ഇടതുകൈ തന്നെ. ബ്രിഗേഡിയര്‍ ബല്ല എന്ന കടുവയുടെ കണ്ണുവെട്ടിച്ച്‌ മെഡിക്കല്‍ ടെസ്റ്റ്‌ പാസ്സായി അക്കാദമിയില്‍ ഇടം കണ്ടെത്തിയതിനു ശേഷമാണ്‌ ഒളിമ്പ്യന്‍ കിട്ടുവിനു പോലും തന്റെ കാര്യത്തില്‍ അല്‍പം സംശയിച്ചിരുന്നു എന്നു മനസ്സിലാക്കുന്നത്‌. കാരണം ബ്രിഗേഡിയര്‍ (ഡോക്ടര്‍) ബല്ല ഫിസിക്കല്‍ ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ അത്രമേല്‍ കാര്‍ക്കശ്യം വച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നു.

ഇന്നിപ്പോള്‍ ലോകമെങ്ങും ഫുട്ബോള്‍ കൂടുതല്‍ കൂടുതല്‍ ജനകീയമാവുകയാണ്‌. എന്നിട്ടും ഇന്ത്യന്‍ മനസ്സുകളില്‍ ഈ കൂട്ടായ്മയുടെ കളി അത്ര ആഴത്തില്‍ ഏശിയിട്ടില്ല. ക്രിക്കറ്റിലുള്ള താത്പര്യം യുവതലമുറയ്ക്ക്‌ ഈ കളിയോടില്ല. മറുപടി ഉസ്മാന്‍ കോയ ഒരു മറുചോദ്യത്തിലൊതുക്കി."ചെറുപ്പത്തിലേ പിടികൂടുക എന്ന ആശയത്തിന്‌ ചുരുങ്ങിയത്‌ നാലുപതീറ്റാണ്ട്‌ പഴക്കമുണ്ട്‌, എവിടെയാണ്‌ നാം ഇത്രയും നാള്‍ പിടികൂടിയ ചുണക്കുട്ടികള്‍? ഇതിന്റെ ഉത്തരം നല്‍കേണ്ടവര്‍ ഫുട്ബോള്‍ അസോസിയേഷന്റെ തലപ്പത്ത്‌ കാലങ്ങളായി വാഴുന്നവരാണ്‌. ഇന്ന് മലബാറില്‍പോലും കളികാണാന്‍ ആളെക്കിട്ടുന്നില്ല. ടെലിവിഷനും, സ്പോര്‍ട്സ്‌ ചാനലുകളും സജീവമായതോടെ എന്താണ്‌ ഫുട്ബോള്‍ എന്ന്‌ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യവും കാണാതിരുന്നുകൂടാ. എല്ലാറ്റിനുമുപരി ക്രിക്കറ്റിന്റെ മാസ്മരിക പ്രഭാവത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയുമായിരിക്കുന്നു".
വിഷാദം നീലിച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.

കോഴിക്കോട്‌ സര്‍വ്വകലാശാലയുടെ ഫുട്ബോള്‍കോച്ച്‌ എന്ന നിലയില്‍ മുപ്പത്തിയഞ്ച്‌ വര്‍ഷമാണ്‌ ഉസ്മാന്‍ കോയ സേവനമനുഷ്ഠിച്ചത്‌. ഈ കാലയളവില്‍ കോഴിക്കോട്‌ സര്‍വ്വകലാശാല 18 തവണ ചാമ്പ്യന്‍ പട്ടം നേടുകയും, 7 തവണ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. ഇതിനിടയില്‍ ഒരു വര്‍ഷം (1981) സന്തോഷ്‌ ട്രോഫിക്കുവേണ്ടി കേരളാ ടീമിനേയും പരിശീലിപ്പിച്ചു. ദേശീയതലത്തിലുള്ള ഏതു ടീമിലും ഉസ്മാന്‍ കോയയുടെ ഒരു ശിഷ്യനെങ്കിലും കാണുമായിരുന്നു ആ കാലയളവുകളില്‍.

ഗ്രൗണ്ടില്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉസ്മാന്‍ കോയ നാളെ തിരിച്ചുപോകും. അര്‍ഹതപ്പെട്ട ഒരവസരത്തിനുവേണ്ടി അധികാരത്തിന്റെ ഇടനാഴികളില്‍ ഈ മനുഷ്യന്‍ ചെന്നു കാത്തുകെട്ടി കിടന്നിട്ടില്ല. അംഗീകാരങ്ങള്‍ക്കും, സ്ഥാനമാനങ്ങള്‍ക്കും പിറകെ അലഞ്ഞുതിരിഞ്ഞതുമില്ല. അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും ഫുട്ബോളായിരുന്നു. അറുപത്തിഴാമത്തെ വയസ്സിലും അദ്ദേഹം കര്‍മ്മനിരതനാണ്‌. ഓര്‍ക്കെസ്ട്രാ കണ്ടക്ടറെ പോലെ വായുവില്‍ കൈകള്‍ ചലിപ്പിച്ച്‌ ഗ്രൗണ്ടിന്റെ പലഭാഗത്ത്‌ ചിതറിയ കുട്ടികളെ അദ്ദേഹം ഒരുമിപ്പിച്ചു. പിന്നെ ചടുലഗതിയിലുള്ള നിര്‍ദ്ദേശങ്ങള്‍. ആകാശത്തിലേയ്ക്ക്‌ ഉയര്‍ന്നുപൊങ്ങി പെട്ടെന്ന് ഗതിമാറ്റം വന്ന് ശരവേഗത്തില്‍ പായുന്ന ഒരു പന്തുപോലെ കരുത്താര്‍ന്ന ഒരു വിസില്‍ വിളി.

ഒരു പക്ഷേ എല്ലാ കടുത്ത ശുഭാപ്തി വിശ്വാസികളെയും പോലെ അദ്ദേഹവും കരുതുന്നുണ്ടായിരിക്കണം ഇന്ത്യന്‍ ഫുട്ബോളില്‍ എന്നെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന്.....

Subscribe Tharjani |