തര്‍ജ്ജനി

വി. മുസഫര്‍ അഹമ്മദ്‌

സബ് എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ.

ഫോണ്‍:

ഇ-മെയില്‍:

വെബ്:

Visit Home Page ...

മംഗളാംശംസകളോടെ നിങ്ങളുടെ ജയില്‍പ്പുള്ളി

സഹോദരീ, നിങ്ങളെന്നെ മറന്നുകളയുക. വല്ലപ്പോഴും നിങ്ങള്‍ എന്റെ വീട്ടില്‍ പോവുകയാണെങ്കില്‍ എന്റെ അമ്മച്ചിയോടും അപ്പച്ഛനോടും പറയണം, അവിടെ ഇരിക്കുന്ന എന്റെ ചിത്രം നശിപ്പിച്ചുകളയുവാന്‍. നിങ്ങള്‍ എനിക്കുവേണ്ടി എന്തെങ്കിലും ഒരു- എന്തെങ്കിലും പറയുക. ഈ സത്യം അറിയിക്കരുത്‌. എന്റെ തലമുടി അധികവും കൊഴിഞ്ഞുപോയിരിക്കുന്നു. ബാക്കിയുള്ളത്‌ നരച്ചും. എനിക്ക്‌ രണ്ട്‌ കണ്ണുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വലത്തേതുമാത്രമേയുള്ളൂ. ചുവന്ന്‌ തുറിച്ച്‌ രക്തനക്ഷത്രം പോലെ.

മംഗളാംശംസകളോടെ

നിങ്ങളുടെ ജയില്‍പ്പുള്ളി, നമ്പര്‍ 1051.

( ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം-വൈക്കം മുഹമ്മദ്‌ ബഷീര്‍)

വൈക്കം മുഹമ്മദ്‌ ബഷീര്‍ തടവറ എന്ന രൂപകം ആവര്‍ത്തിച്ച്‌ ഉപയോഗിച്ച മലയാളി എഴുത്തുകാരനാണ്‌. ബഷീറിന്റെ മുഖ്യപ്രമേയം തടവറയും മനുഷ്യസ്വാതന്ത്ര്യവുമായിരുന്നുവെന്ന്‌ കരുതാവുന്ന നിലയിലാണ്‌ അദ്ദേഹത്തിന്റെ പല രചനകളുടേയും ഘടന. തടവറയെ ലോകമായിത്തന്നെ പരിവര്‍ത്തിപ്പിക്കുന്ന രചനാതന്ത്രമാണ്‌ അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്‌. മരങ്ങള്‍ വെച്ചുപിടിപ്പിക്കാവുന്ന പ്രകൃതിയായി, റോസാപ്പൂവുകള്‍ വിരിയുന്ന മുറ്റമായി, അകന്നു പോകുന്ന പ്രണയത്തിന്റെ മതിലുകളായി, തൂക്കിലേറ്റപ്പെടുന്നവന്‌ അവസാനത്തെ ചായയുണ്ടാക്കിക്കൊടുക്കുന്ന മനുഷ്യജന്‍മമായി, മര്‍ദനത്തില്‍ കൊഴിഞ്ഞുപോയ പല്ലുകളും പൊട്ടിയടഞ്ഞ കണ്ണുകളുമായി,

അരിച്ചിറങ്ങുന്ന പ്രഭാതകിരണങ്ങള്‍ നോക്കി സലാം പ്രഭാതമേ എന്ന്‌ പറഞ്ഞ്‌ പ്രകൃതിയിലേക്ക്‌ ഉണരുന്ന മനുഷ്യനായി-

ഇങ്ങിനെ ബഷീര്‍ സാഹിത്യത്തില്‍ മനുഷ്യ വാഴ്‌വിന്റെ നന്‍മ തിന്‍മകളുടെ, ലോകം തന്നെയായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്‌ തടവറ. അത്‌ കൊണ്ടാണ്‌ മേല്‍ ഉദ്ധരിച്ച ബഷീര്‍ കഥാപാത്രത്തിന്‌ ജയിലില്‍ നിന്ന്‌ മംഗളാംശംസകളോടെ നിങ്ങളുടെ ജയില്‍പ്പുള്ളി എന്ന്‌ അവസാനിപ്പിക്കുന്ന കത്ത്‌ എഴുതാന്‍ കഴിയുന്നത്‌.

ഫലസ്തീനി കവയത്രി സല്‍മ ഖദ്ര ജയ്യൂസി അവരുടെ ഒരു കവിതയില്‍ ഇങ്ങിനെ എഴുതി:

മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്‌

എണീറ്റു കാഴ്ചകള്‍

കാണാന്‍ വന്നവനോട്‌

പൊറുക്കുക

അയാള്‍ കാലത്തില്‍

നിന്ന്‌ സ്വയം

രക്ഷപ്പെട്ടവനാണ്‌.

ബഷീറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യത്തെക്കുറിച്ചുമോര്‍ക്കുമ്പോള്‍ ഈ വരികളാണ്‌ പലപ്പോഴും മനസ്സില്‍ വരിക. കാലത്തില്‍ നിന്ന്‌ സ്വയം രക്ഷപ്പെട്ടവന്‍. ഒരു പക്ഷെ പലതും പറയാനായി കാലത്തില്‍ നിന്ന്‌ അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്ന്‌ തന്നെ വേണം അനുമാനിക്കാന്‍. കാലത്തിന്റെ രാഗ-ദ്വേഷങ്ങളെ മെരുക്കി, കാലത്തില്‍ ലയിക്കാതെ, എന്നും വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്ന അവിശ്വസനീയമായ പ്രക്രിയയാണ്‌ ബഷീര്‍ സാഹിത്യം നിര്‍വഹിച്ച്‌ പോരുന്ന്‌. ബഷീര്‍ ഒരു നൂറ്റാണ്ട്‌ പിന്നിടുന്ന വേളയിലും അതിന്‌ മാറ്റമുണ്ടായിട്ടില്ല.

ജോസഫ്‌ എന്ന രാഷ്ട്രീയ തടവുകാരന്‍ മറിയാമ്മ എന്ന യുവതിക്കെഴുതിയ കത്തിലെ വരികളാണ്‌ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്‌. ജോസഫിന്റെ അമ്മ താമസിക്കുന്ന വീടിനടുത്ത്‌ കഴിയുന്ന മറിയാമ്മ അവിടെവെച്ച്‌ ചുമരില്‍ തറച്ച ജോസഫിന്റെ ചിത്രം കാണുകയാണ്‌. അതിസുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ചിത്രമായിരുന്നു അത്‌. യൗവനം സുരഭിലവും പ്രേമതീക്ഷ്ണവുമായ കാലത്ത്‌ ഒരു യുവതിക്ക്‌ ആ ചിത്രത്തില്‍ കണ്ട യുവാവിനെ ഇഷ്ടപ്പെടാന്‍ മാത്രമേ കഴിയൂ. ജയിലിലേക്ക്‌ മറിയാമ്മ കത്തെഴുതാന്‍ തുടങ്ങുന്നതും അങ്ങിനെയാണ്‌. ജയിലില്‍ നിന്ന്‌ വരുന്ന മറുപടി കത്തുകള്‍ മറിയാമ്മ മറ്റു പല ബഷീര്‍ രചനകളിലും കാണുന്ന പോലെ ഇടക്കിടെ സൂക്ഷിക്കുന്നത്‌ ബോഡീസിനകത്താണ്‌. ബഷീറിന്റെ പെണ്‍കഥാപാത്രങ്ങളില്‍ പലരും ഹൃദയ രഹസ്യം സൂക്ഷിക്കുന്നത്‌ ബോഡീസിനകത്താണല്ലോ.

നിരന്തരമായി എഴുതപ്പെടുന്ന കത്തുകള്‍ക്കും മറുപടികള്‍ക്കുമൊടുവില്‍ മറിയാമ്മക്ക്‌ ലഭിക്കുന്ന കത്തിലെ വരികളാണ്‌ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്‌.

കഷണ്ടിയായ, നരച്ചുപോയ, കൊടിയ മര്‍ദനങ്ങള്‍ക്കിടെ കണ്ണ്‌ നഷ്ടമായ ഒരു തടവുകാരന്റെ ചിത്രത്തോടെയാണ്‌ ബഷീര്‍ കഥ അവസാനിപ്പിക്കുന്നത്‌.

തടവിലെ, അല്ലെങ്കില്‍ മനുഷ്യ ജീവിതത്തില്‍ തന്നെ ഒരാള്‍ക്ക്‌ ഏറ്റുവാങ്ങേണ്ടി വരുന്ന പീഡനങ്ങള്‍ ഇക്കഥയില്‍ പറയുന്നതല്ലാതെ മേറ്റ്ന്താണ്‌. ജോസഫ്‌ അത്തരമൊരു പീഡനം ജയില്‍ മുറിയില്‍ വെച്ച്‌ സ്വീകരിക്കുന്നു. ജോസഫ്‌ എന്ന അതിസുന്ദരനായ യുവാവിനെ സ്നേഹിച്ച മറിയാമ്മക്ക്‌ അയാള്‍ ഒറ്റക്കണ്ണനാണെന്ന സന്ദേശം ലഭിക്കുന്നു. തടവില്‍ ജോസഫ്‌ അനുഭവിക്കുന്നതും പുറം ലോകത്ത്‌ മറിയാമ്മ അനുഭവിക്കുന്നതും ഒരേ തകര്‍ച്ചയാണ്‌. മനുഷ്യന്‍ എന്ന ചേതനയുടെ തന്നെ അന്ത്യമാണത്‌. മരണം എന്നുതന്നെ വിളിക്കേണ്ട അവസ്ഥ.

ഒരു ജയില്‍പ്പുള്ളിയെ കാത്ത്‌ നാം സ്വതന്ത്രമെന്ന്‌ വിളിക്കുന്ന ലോകത്ത്‌ മറ്റൊരാള്‍ കാത്തിരിക്കുന്നു. പുറം ലോകത്ത്‌ നിരവധി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ജയിലിനകത്ത്‌ സംഭവിക്കുന്നത്‌ ജയില്‍പുള്ളിയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളാണ്‌. ബഷീര്‍ പറയുന്നത്‌ ആവര്‍ത്തിച്ചാല്‍ മുടി കൊഴിയുന്നു, കണ്ണ്‌ പൊട്ടുന്നു. ജയില്‍പുള്ളി ആ അര്‍ഥത്തില്‍ ശരീരമാണ്‌.

പുറത്ത്‌ അയാളെ കാത്തിരിക്കുന്നത്‌ ഒരു മനസ്സാണ്‌. അല്ലെങ്കില്‍ ബഷീറിന്റെ മിക്ക രചനയിലുമെന്ന പോലെ മനസ്സിന്റെ ശരീരഭാഷയാണ്‌ ഈ രചനയും തേടുന്നത്‌. തടവും സ്വാതന്ത്ര്യവും മനുഷ്യ ജീവിതത്തിന്റെ പരിവര്‍ത്തിത മുഖങ്ങളായി ബഷീര്‍ കാണുകയാണ്‌. ബഷീറിന്റെ വിഖ്യാതമായ മതിലുകളില്‍ എന്ന പോലെ ഈ കഥയിലെ കഥാപാത്രങ്ങളും നേരില്‍ കാണുന്നില്ല. നേരില്‍ കാണാനാകാത്തത്‌, അഥവാ ജയില്‍ മനസ്സ്‌ എന്ന വികാരം തന്നെയാണ്‌ ഇവിടേയും നമുക്ക്‌ കാണാനാവുക.

മതിലുകളില്‍ കാണുന്നത്‌ ജയിലിനകത്ത്‌ തന്നെ കഴിയാന്‍ ആഗ്രഹിക്കുന്ന നായകനെയാണ്‌. നാരായണിയെ കാണാന്‍ കഴിയാതെ ജയിലില്‍ നിന്ന്‌ മോചിതനാകുന്ന നായകന്റേത്‌ മലയാളി വായനക്കാര്‍ക്കിടയില്‍ അത്യധികം പ്രശസ്തി നേടിക്കഴിഞ്ഞ ഇംഗ്ലീഷ്‌ ചോദ്യമാണ്‌, ഹൂവാണ്ടാസ്‌ ഫ്രീഡം?. ഇവിടെ നാരായണി ജയിലിനകത്തും നായകന്‍ മോചനം ലഭിച്ച്‌ പുറത്തേക്കുള്ള വഴിയിലുമാണ്‌. ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം എന്ന കഥയിലെ റിവേഴ്സാണ്‌ മതിലുകള്‍. ആദ്യം പറഞ്ഞ കഥ സ്ത്രീ കഥാപാത്രത്തിന്റെ കണ്ണിലൂടെയാണ്‌. മതിലുകളാകട്ടെ പുരുഷ കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയാണ്‌. ഒരു പക്ഷെ, ബഷീര്‍ തടവ്‌, മോചനം, സ്വാതന്ത്ര്യം എന്നീ സങ്കല്‍പങ്ങള്‍ ഏറ്റവും തീക്ഷ്ണമായി ഉപയോഗിച്ചത്‌ മതിലുകളായിരിക്കും.

എന്നാല്‍ ബഷീറിന്റെ രചനാലോകത്ത്‌ തടവിനെ, പോലീസ്‌ ലോക്കപ്പിനെ മൃഗീയമായ പീഡനലോകമായി ചിത്രീകരിച്ചിട്ടുള്ളത്‌ ടൈഗര്‍ എന്ന കഥയിലാണ്‌. ടൈഗറില്‍ തടവു മുറിയെ, ലോക്കപ്പിനെ മറ്റൊന്നായും ബഷീര്‍ പരിവര്‍ത്തിപ്പിക്കുന്നില്ല. അത്‌ തടവുമുറി മാത്രമായി ചിത്രീകരിക്കപ്പെടുന്നു.

ടൈഗര്‍ ഭാഗ്യവാനായ ഒരു നായയാണ്‌ എന്ന പ്രസ്താവനയോടെയാണ്‌ ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. ബഷീര്‍ കഥകളില്‍ അത്ര സാധാരണമല്ലാത്ത ഒന്നാണ്‌ ഒരേ പ്രസ്താവനയോടെ ആരംഭിക്കുകയും അന്ത്യത്തില്‍ അതേ പ്രസ്താവന തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്ന രീതി. ബഷീര്‍ സാഹിത്യത്തില്‍ അങ്ങോളമിങ്ങോളം മനുഷ്യരല്ലാത്ത ജന്തുക്കളെ ഓമനത്തത്തോടും കൗതുകത്തോടും അടുപ്പം നിറഞ്ഞ തമാശയോടെയുമാണ്‌ സാധാരണ നിലയില്‍ അവതരിപ്പിക്കാറ്‌. സഖാവ്‌ മൂര്‍ഖന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഓര്‍ക്കുക. എന്നാല്‍ ടൈഗറില്‍ ഈ പ്രതിഭാസം കീഴ്മേല്‍ മറിയുന്നതായി കാണാം.

ബഷീര്‍ സാഹിത്യത്തില്‍ ഒരു ജന്തുവിനെ മനുഷ്യക്രൂരതയുടെ ഉപകരണമാക്കി മാറ്റുന്ന കാഴ്ച ഈ കഥയിലായിരിക്കും ഏറ്റവും മൂര്‍ത്തമായി കാണാന്‍ കഴിയുക. കഥ ഇതാണ്‌- ഒരു പോലീസ്‌ ലോക്കപ്പില്‍ ഇന്‍സ്പെക്ടറും മറ്റു പോലീസുകാരും ചേര്‍ന്ന്‌ വളര്‍ത്തുന്ന നായയാണ്‌ ടൈഗര്‍. (നേരത്തെ ടൈഗര്‍ ഒരു തെരുവ്‌ പട്ടിയായിയിരുന്നു). ലോക്കപ്പില്‍ കഴിയുന്ന പുള്ളികളുടെ (ഇവരില്‍ ക്രിമിനലുകളും രാഷ്ട്രീയ തടവുകാരുമുണ്ട്‌) ഭക്ഷണത്തില്‍ നിന്നുള്ള അംശമാണ്‌ പോലീസുകാര്‍ ടൈഗറിന്‌ നല്‍കുന്നത്‌. ഇങ്ങിനെ അര്‍ഹതയില്ലാത്ത ഭക്ഷണം കഴിച്ച്‌ ടൈഗര്‍ കരിമ്പടക്കെട്ടിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ തടിച്ചു വീര്‍ത്തിരിക്കുന്നത്‌. പോലീസുകാര്‍ തടവുകാരുടെ ഭക്ഷണം എടുത്തുകൊടുക്കുന്നതിനാല്‍ പുള്ളികള്‍ നിസ്സഹായരാണ്‌. അവര്‍ക്ക്‌ സ്വാഭാവികമായും ടൈഗറിനോട്‌ അടങ്ങാത്ത പകയും കലിയുമുണ്ട്‌. ടൈഗറിനെ കൊല്ലുക എന്നത്‌ അവിടെക്കഴിയുന്ന ഓരോ പുള്ളിയുടേയും മനസ്സിലെ വികാരമാണ്‌. ലോക്കപ്പിന്‌ മുന്നിലൂടെ ടൈഗര്‍ ഒറ്റക്ക്‌ നടക്കുന്ന സമയത്ത്‌ തരം കിട്ടിയാല്‍ തടവുകാര്‍ അഴികള്‍ക്കിടയിലൂടെ കയ്യോ കാല്‌ ഇട്ട്‌ അതിന്റെ മോന്തക്ക്‌ വീക്കും. അതോടെ ടൈഗര്‍ മോങ്ങാന്‍ തുടങ്ങും. ടൈഗറിന്റെ മോങ്ങല്‍ കേട്ടാലുടന്‍ പോലീസുകാര്‍ 'മര്‍ദകന' അന്വേഷിച്ചു വരികയായി. പിന്നെ കയ്യില്‍ കിട്ടുന്നവര്‍ക്കെല്ലാം പൊതിരെത്തല്ലാണ്‌. ഈ സമയത്തെല്ലാം ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ്‌ ടൈഗറിന്റെ നില്‍പ്പ്‌. ടൈഗറിനെ വീക്കിയവനെ കിട്ടിയാല്‍ ഇന്‍സ്പെക്ടര്‍ അഴികള്‍ക്കിടയിലൂടെ കൈ പുറത്തേക്ക്‌ നീട്ടാന്‍ പറയും. പിന്നെ ചൂരല്‍ പ്രയോഗമാണ്‌. കൈ പൊട്ടി രക്തം ഇറ്റിവീഴുന്നതുവരെ ഈ പ്രയോഗം തുടരും. തറയില്‍ വീണ രക്തം ടൈഗര്‍ നക്കിത്തോര്‍ത്തും. കഥയില്‍ ബഷീറിന്റെ വാചകങ്ങള്‍ ഇങ്ങിനെ- കൈത്തണ്ട കനത്ത്‌ പൊട്ടും, ചോര ഇറ്റി വീഴും, ടൈഗര്‍ അത്‌ നക്കിത്തുടക്കും (കുപ്രസിദ്ധമായ ഇറാഖിലെ അബൂഗുറൈബ്‌ ജയിലില്‍ തടവുകാരെ പീഡിപ്പിക്കാന്‍ നായകളെ ഉപയോഗിച്ചിരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ പ്രശസ്ത ചിന്തക സൂസന്‍ സൊണ്ടാഗ്‌ എഴുതിയത്‌ പീഡനം മനുഷ്യന്‍ ഒപ്പം കൊണ്ടു നടക്കുന്ന വളര്‍ത്തുമൃഗമാണെന്നാണ്‌). തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ഭക്ഷണം തിന്നുന്ന ടൈഗറിനെ നോക്കി തടവുകാര്‍ നീ തിന്നുന്നത്‌ ഞങ്ങളുടെ ഭക്ഷണമാണ്‌ എന്ന്‌ പറയുമ്പോള്‍ നായ വാലാട്ടുമെന്ന്‌ ബഷീര്‍ രൂക്ഷ പരിഹാസത്തോടെ കഥയില്‍ പറയുന്നുണ്ട്‌.

ടൈഗറിനെക്കുറിച്ച്‌ തടവുകാര്‍ നടത്തുന്ന പ്രധാന പ്രസ്താവനകള്‍ താഴെ പറയുന്നവയാണ്‌.

ടൈഗറിന്‌ മനുഷ്യ വര്‍ഗത്തില്‍ രണ്ടു വിഭാഗങ്ങള്‍ മാത്രം-പോലീസുകാരും തടവുകാരും.

ആ ടൈഗര്‍ നായയോളം ഭാഗ്യം തടവുകാര്‍ക്കുണ്ടായിരുന്നെങ്കില്‍.

കഥയുടെ അവസാന ഭാഗം ഇങ്ങിനെ-

പോലീസ്‌ ലോക്കപ്പില്‍ കഴിയുന്ന ഒരാളെക്കാണാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വരുന്നു. അവര്‍പലവിധ പലഹാരങ്ങളുമായാണ്‌ വന്നിരിക്കുന്നത്‌. തടവുകാരനോട്‌ കുശലാന്വേഷണം നടത്തി പലഹാരം നല്‍കി അവര്‍ തിരിച്ചു പോകുന്നു. സ്റ്റേഷനിലെ ഒരു സെല്ലിലാണ്‌ ഈ രാഷ്ട്രീയത്തടവുകാരന്‍ കഴിയുന്നത്‌. പലഹാരങ്ങള്‍ പോലീസുകാര്‍ക്കും സഹ തടവുകാര്‍ക്കും ഇയാള്‍ കൊടുക്കുന്നു. ലോക്കപ്പില്‍ തനിക്ക്‌ കിട്ടുന്ന ഭക്ഷണം വയറു നിറഞ്ഞതിനാല്‍ ഇയാള്‍ മറ്റു തടവുകാര്‍ക്കും നല്‍കുന്നു. എന്നാല്‍ ഈ ഭക്ഷണത്തിന്റെ നേരവകാശി ടൈഗറാണെന്ന്‌ പറഞ്ഞ്‌ പോലീസുകാര്‍ രംഗത്ത്‌ വരുന്നു. സ്വാഭാവികമായും ഭക്ഷണം തടവുകാര്‍ക്ക്‌ നഷ്ടപ്പെടുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരമുള്ള ഭക്ഷണം ഒരിക്കലും ലോക്കപ്പിലെ തടവുകാര്‍ക്ക്‌ ലഭിക്കാറില്ല. അതിനാല്‍ തടവുകാര്‍ക്ക്‌ വിശപ്പ്‌ തീര്‍ന്ന സമയമുണ്ടാകാറില്ല. അതിനിടയിലാണ്‌ ഒരു തടവുകാരന്റെ കനിവില്‍ അധികമായി കിട്ടിയ ഭക്ഷണം ടൈഗറിനുവേണ്ടി തട്ടിയെടുക്കപ്പെടുന്നത്‌. സ്വാഭാവികമായും തടവുകാരുടെ കലി അതിന്റെ പാരമ്യത്തിലെത്തുന്നു. രണ്ടു തടവുകാര്‍ സെല്ലിനു മുന്നിലൂടെ നടന്നു പോകുന്ന ടൈഗറിനെ പിടികൂടി അഴികള്‍ക്കിടയിലൂടെ മുഖം വലിച്ച്‌ അതിനെ ശ്വാസം മുട്ടിച്ച്‌ കൊല്ലാമോ എന്ന്‌ പരീക്ഷിക്കുന്നു. ഇതിനിടയില്‍ ടൈഗര്‍ പതിവു പോലെ അതിദയനീയമായി മോങ്ങുന്നു. മോങ്ങല്‍ കേട്ട്‌ പോലീസുകാര്‍ ഓടിയെത്തുന്നു. കൃത്യം നിര്‍വഹിച്ചവരില്‍ ഒരാളെ പോലീസുകാര്‍ തിരിച്ചറിയുന്നു.

അയാളെ പോലീസുകാര്‍ മാരകമായി മര്‍ദിക്കുന്നു. മര്‍ദനം കഴിഞ്ഞതിനു ശേഷമുള്ള രംഗം ബഷീര്‍ ചിത്രീകരിക്കുന്നത്‌ ഇങ്ങിനെയാണ്‌- വായില്‍ നിന്ന്‌ ചോര, നിലത്ത്‌ ഒരു പല്ല്‌, പപ്പട വട്ടപ്പാട്‌ ചോരയും-കഥാന്ത്യത്തില്‍ അഴികള്‍ക്കിടയിലൂടെ തടവുപുള്ളിയുടെ കാല്‍ പുറത്തേക്കിട്ട്‌ ചൂരല്‍ കൊണ്ട്‌ പോലീസുകാര്‍ മര്‍ദിക്കുകയാണ്‌. കാല്‍വെള്ളപൊട്ടി ചോര ഒലിക്കുമ്പോള്‍ മര്‍ദനത്തിനിരയായ തടവുപുള്ളി ബോധരഹിതനാകുന്നു. ഈ സമയത്ത്‌ അയാളുടെ കാല്‍വെള്ളയില്‍ നിന്ന്‌ ഒലിക്കുന്ന ചോര ടൈഗര്‍ തന്റെ പരുപരുത്ത നാവ്കൊണ്ട്‌ നക്കിത്തുടക്കുന്നു. ടൈഗര്‍ ഭാഗ്യവാനായ നായയാണ്‌ എന്ന ആവര്‍ത്തിത പ്രസ്താവനയില്‍ കഥ അവസാനിക്കുന്നു.

പുള്ളികള്‍ നിരന്തരമായി പീഡനത്തിനിരയാകുന്ന പോലീസ്‌ ലോക്കപ്പ്‌ നരകവും തടവുകാരന്റെ സ്വര്‍ഗം ജയിലുമാണെന്ന്‌ ബഷീര്‍ ടൈഗറില്‍ പറയുന്നുണ്ട്‌. ഇരുളും വെളിച്ചവുമില്ലാത്ത അവസ്ഥയിലാണ്‌ തടവുകാരന്‍ ജീവിക്കുന്നതെന്നും ബഷീര്‍ പറയുന്നു. ബഷീര്‍ പരിചയിച്ച ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക്‌ തടവുമാത്രം അനുഭവിച്ചാല്‍ മതിയായിരുന്നു. പോലീസ്‌ ലോക്കപ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ എന്തും അനുഭവിക്കുകയും വേണ്ടിയിരുന്നു. ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളെയാണ്‌ ബഷീര്‍ മാരകമായ പീഡനത്തിന്റെ കേന്ദ്രമായിക്കണ്ടത്‌. ജയിലുകളില്‍ വിശാലമായ മറ്റൊരു ലോകം വളര്‍ന്നു വികസിക്കുന്നതായി ബഷീര്‍ പൊതുവില്‍ കരുതുന്നതിന്‌ അദ്ദേഹത്തിന്റെ സാഹിത്യ ലോകം സാക്ഷ്യം വഹിക്കുന്നു.

ബഷീര്‍ ഈ കഥയില്‍ ഒരു നായയെ കേന്ദ്രസ്ഥാനത്ത്‌ കൊണ്ടു വരുന്നത്‌ എന്തിനാണ്‌. നായ നല്ല മൃഗം എന്ന്‌ ചെറുതിലേ പഠിച്ചുവന്ന മലയാളിക്ക്‌ മുന്നില്‍ അതേ രൂപകം തന്നെ ഉപയോഗിച്ച്‌ മനുഷ്യന്‍ എങ്ങിനെ ഒരു നായയുടെ സഹായത്തോടെ വൃത്തികെട്ട ജന്തുവായി അധഃപതിക്കുന്നുവെന്ന കാര്യം ബഷീര്‍ ഇക്കഥയില്‍ സ്ഥാപിക്കുകയാണ്‌. തടവറകള്‍,

പീഡനയന്ത്രങ്ങള്‍, പോലീസ്‌, സൈന്യം, യുദ്ധം, അധിനിവേശം എന്നിവയെല്ലാം മനുഷ്യ സൃഷ്ടിയാണെന്നിരിക്കെ അഥവാ മനുഷ്യന്റെ പോറ്റു-ഓമന മൃഗങ്ങളാണെന്നിരിക്കെ, ഇക്കാര്യം ടൈഗറിലൂടെ സ്ഥാപിക്കുക തന്നെയാണ്‌ ബഷീര്‍. മനുഷ്യ നന്‍മകളെ എല്ലാ ആഹ്ലാത്തോടെയും കെട്ടിപ്പുണര്‍ന്ന ബഷീറിനെപ്പോലെയല്ലാതെ മറ്റാര്‍ക്കാണ്‌ മനുഷ്യതിന്‍മകളെ ഇത്രയും മാരകമായ രീതിയില്‍ വിമര്‍ശിക്കാന്‍ കഴിയുക.

ബഷീര്‍ സാഹിത്യം കാലത്തെ അതിജീവിക്കുന്നതിന്റെ കാരണം അതാണ്‌. അതില്‍ എക്കാലത്തേയും വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന ഒരു വിമതസ്വരമുണ്ട്‌. ആ എഴുത്ത്‌ രീതി തന്നെയാണ്‌ ബഷീറിനെ എക്കാലത്തും പ്രസക്തനാക്കുന്നത്‌.

ഇറാഖിലെ അബൂഗുറൈബ്‌ സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന കാലത്താണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ ടൈഗര്‍ വായിക്കുന്നത്‌. അബൂഗുറൈബിലേയും ഗ്വാണ്ടിനാമോയിലേയും പീഡനത്തിന്റെ കരട്‌ രൂപമായിത്തോന്നി അന്നീക്കഥ. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ കേന്ദ്രീകരിച്ച്‌ വന്നിട്ടുള്ള ലോക രചനകള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാവുന്ന ഒരു കഥയായി ടൈഗര്‍ പരിണമിക്കുന്നത്‌ എന്തുകൊണ്ടാണ്‌. ഇന്ന്‌ നാം നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ അധിനിവേശത്തെ, ആഭ്യന്തര-വിദേശ അധിനിവേശത്തെ ബഷീറിനെപ്പോലെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ തിരിച്ചറിഞ്ഞ എഴുത്തുകാര്‍ നമുക്ക്‌ അധികമില്ലെന്നതാണ്‌ വസ്തുത. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക്‌ ശേഷവും ( ഇനി കവിതയില്ലെന്ന്‌ ലോകം പറഞ്ഞ കാലം) അധികാരവുമായി ബന്ധപ്പെട്ട മനുഷ്യനെ പീഡിപ്പിക്കുന്നത്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്‌ ഭഗല്‍പ്പൂരില്‍ തടവുകാരുടെ കണ്ണ്‌ കുത്തിപ്പൊട്ടിച്ചുകൊണ്ടാകാം, അല്ലെങ്കില്‍ അബൂഗുറൈബ്‌, ഗ്വാണ്ടിനാമോ എന്നീ പേരുകളിലാകാം, പീഡനം അധികാരത്തിന്റെ വളര്‍ത്തുമൃഗം തന്നെ എന്ന്‌ തിരിച്ചറിഞ്ഞിടത്താണ്‌ ബഷീര്‍ സാഹിത്യം അതിജീവിക്കുന്നത്‌. അല്ലെങ്കില്‍ മലയാളി നിരൂപകര്‍ അധികം പഠിക്കാതെ പൊളിറ്റിക്കല്‍ ബഷീര്‍ എഴുതിയ രചനകള്‍ നില നില്‍ക്കുന്നത്‌. അത്‌ കൊണ്ടാണ്‌ മംഗളാംശസകളോടെ നിങ്ങളുടെ ജയില്‍പ്പുള്ളി എന്നെഴുതാന്‍ കഴിയുന്നത്‌.

രോഗത്താല്‍ വലിയ തോതില്‍ പരവശനാകുന്നതിന്‌ തൊട്ടു മുമ്പുള്ള കാലത്താണ്‌ ബഷീറിനെ ആദ്യമായി കാണാന്‍ അവസരം കിട്ടിയത്‌. വിഖ്യാതമായ മാങ്കോസ്റ്റിനു കീഴെ ബീഡിപ്പുകയുടെ പ്രഭാവലയത്തില്‍ ടൈഗറിനെക്കുറിച്ച്‌ ചിലത്‌ ചോദിച്ചു. അതു സത്യമാണോ, മിഥ്യയാണോ, ഭാവനയാണോ എന്നതൊന്നുമല്ല പ്രശ്നം- അത്‌ മനുഷ്യന്‍ നിര്‍മിച്ച മനോനിലയാണ്‌ എന്നതാണ്‌ പ്രശ്നം, മനുഷ്യരാശിക്കൊപ്പം വളര്‍ന്ന അപകടകരമായ മനോനില- ബഷീര്‍ പറഞ്ഞു. മനുഷ്യന്റെ മനോനിലയുടെ ഭരണഘടന എഴുതാനും അത്‌ പൊളിച്ചെഴുതാനും ശ്രമിച്ച പൊളിറ്റിക്കല്‍ ബഷീറിനെക്കുറിച്ചാണ്‌ ഇനി പഠനങ്ങള്‍ കൂടുതലായി വരേണ്ടത്‌. ബഷീറിന്റെ അതിജീവനം എങ്ങിനെ സാധ്യമാകുന്നുവെന്നതിന്റെ താക്കോല്‍ ആ ലോകത്താണ്‌ ഒളിഞ്ഞു കിടക്കുന്നത്‌.

Subscribe Tharjani |