തര്‍ജ്ജനി

ലേഖനം

ഉരുകുന്ന പൂമരം

ഹതാശമായ കാലങ്ങള്‍ക്ക് പ്രണയം ചുരത്തിത്തന്ന കാവ്യമാണ് ‘വീണപൂവ്’. എന്നാല്‍ വാക്കുകളുടെ മറുപുറത്ത് അനുരാഗത്തിന്റെ അവ്യാഖ്യേയമായ ദുരന്തവിധിയും കുറിച്ചുവച്ചിരുന്നു. മനുഷ്യജീവിതത്തിലെ ഏറ്റവും ദുരന്താത്മകമായ കാര്യം പ്രണയമാണെന്നുള്ള ദര്‍ശനത്തെ ഇവിടെ ഉറപ്പിക്കുകയാണ് കവി. ‘ശ്രീ’യെന്ന വാക്കിന് പ്രനയമെന്ന അര്‍ത്ഥമില്ലെങ്കിലും അതിന്റെ സത്തയുണ്ട്. നന്മയും സൌന്ദര്യവും നിറഞ്ഞ ഐശ്വരാംശമായ ഹൃദയവികാരമാണത്. ശ്രീത്വമുള്ള വികാരമായതുകൊണ്ടാണ് പ്രണയം ഭൂമിയില്‍ അസ്ഥിരമാണെന്ന് സന്ദേഹമില്ലാതെ കുമാരനാശാന്‍ ദൃഢീകരിച്ചത്. പ്രണയത്തിന്റെ അനശ്വരത ഒരു പൂവിന്റെ വിടര്‍ച്ചമാത്രമാണ്. ഏതോ നിഗൂഢനിയമത്താല്‍ ക്ഷണം തന്നെ അതു കൊഴിഞ്ഞുവീഴുകയും ചെയ്യുന്നു.

ഏതു ഗന്ധര്‍വലോകങ്ങളിലാണ് പ്രണയം പൂര്‍ണ്ണതയെ പ്രാപിക്കുന്നതെന്ന രഹസ്യം കവി വെളിപ്പെടുത്തുന്നില്ല. ഏതോ അപരലോകത്ത് അതിന് സ്ഥാനമുണ്ടെന്ന ധ്വനി വാക്കുകള്‍ ശരിയായി പ്രകടമാക്കുന്നുണ്ട്. അപരലോകങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ അവ്യക്തത പ്രണയത്തിനുമുണ്ടെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ജന്മാന്തരവാസനയാല്‍ കാമുകനായ വണ്ട് പറന്നുപോകുന്നതും പ്രണയം അനശ്വരമായ ലോകത്തിലേയ്ക്കാണല്ലൊ! സമ്മോഹനമായ പ്രണയത്തിന്റെ പൂര്‍ണ്ണത ഈ ലോകത്തിലല്ല എന്ന ദര്‍ശനത്തെയാണ് പ്രത്യക്ഷാര്‍ത്ഥത്തില്‍ ‘വീണപൂവ്’ പ്രസരിപ്പിക്കുന്നത്.

‘വീണപൂവ്’ ഒരു കഥാകാവ്യമല്ല എന്ന് മുണ്ടശ്ശേരി മാഷ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പൂവിന്റെ ജൈവിക വളര്‍ച്ചയുടെ താരുണ്യത്തിലാണ് പ്രണയഭരിതമായ ജീവിതത്തെ കവി ആലേഖനം ചെയ്തത്. വണ്ടുമായുള്ള പരിണയത്തിന്റെയും ഭഗ്നപ്രണയത്തിന്റെയും കഥ നാടകീയമായി അവതരിപ്പിച്ചതുകൊണ്ടാണ് ‘വീണപൂവ്’ ഒരു സൌന്ദര്യാനുഭവമായി തീര്‍ന്നത്. ക്ഷോഭം നിറഞ്ഞ അനുരാഗകഥയാണ് കാവ്യവളര്‍ച്ചയുടെ ഗാഢമായ അറിവ്. കഥാകാവ്യത്തിന്റെ സ്വഭാവമാണ് വീണപൂവ് പ്രകടിപ്പിക്കുന്നത്. ജീവന്റെ തുടിപ്പു മുതല്‍ ഇന്ദ്രിയങ്ങളുടെ ഉണര്‍ച്ചകളെ കവി ശ്രദ്ധയോടെയാണ് അടുക്കിവച്ചത്. സൌന്ദര്യം നിറഞ്ഞുപെയ്ത ശരീരമായിരുന്നു പൂവിന്റേത്. താരുണ്യത്തിന്റെ സമ്മോഹനമായ കാന്തികളെ അടയാളപ്പെടുത്താന്‍ കവി ഒരുപാട് വാക്കുകള്‍ ചെലവാക്കിയിരിക്കുന്നു.

അതില്‍ തെളിഞ്ഞുവരുന്നത് പെണ്ണുടലാണ്. അംഗങ്ങളാവിഷ്കരിച്ചിരിക്കുന്ന ഭംഗികള്‍ മോഹനങ്ങള്‍, ഭാവം പകര്‍ന്ന വദനം, കാന്തിയാര്‍ന്ന കവിള്‍, പവിഴാ‍ധരങ്ങളില്‍ സഞ്ചരിക്കുന്ന പുതിയ പുഞ്ചിരി, പെണ്ണുടലിന്റെ അന്‍പും ആനന്ദവും ഉപമിക്കാനാവാതെ ഒടുവില്‍ ആശ്ചര്യം കൂറുന്ന കവി. ശരീരത്തിന്റെ വളര്‍ച്ചയും ഉണര്‍ച്ചയും ഗാഢമായി നാമറിയുന്നു. അപ്പോഴൊക്കെ ഉടലിന്റെ സൌന്ദര്യം ക്ഷണികമാണെന്ന ബോധത്തെ ആദ്യന്തം നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രണയാനുഭവങ്ങളെയും ഗ്രസിച്ചിരിക്കുന്നത് പൂവിന്റെ പിന്മടക്കം പോലെ ക്ഷണിക വിനാശമാണെന്ന് കാവ്യത്തില്‍ വിളക്കിച്ചേര്‍ത്ത കഥ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

വീണപൂവിലെ പ്രണയത്തിന് ചായം കൊടുത്തത് കറുപ്പുകൊണ്ടാണ്. കറുപ്പ് തീക്ഷ്ണതയുടെ വര്‍ണ്ണമാണ്. പൂവിന്റെ അനുരാഗം സ്വന്തമാക്കിയത് നാനാനിറങ്ങളണിഞ്ഞ ചിത്രശലഭങ്ങളല്ല. അപരിചിതനായ ഭൃംഗരാജനാണ്. കറുമ്പന്റെ ഉള്ളില്‍ അനുരാഗത്തിന്റെ പാട്ടുമുണ്ടായിരുന്നു. അതിനും തീക്ഷ്ണരാഗമാണ്. അവരുടെ പ്രണയത്തിന്റെ വിസ്മൃതിയില്‍ സ്നേഹഭരമായ രതിയുടെ ഉണര്‍ച്ചകളെ കവി അടയാളപ്പെടുത്തുന്നു. പൂവിന്റെ നിറഞ്ഞ ശരീരത്തെ അനുഭവിച്ചത് വണ്ട് ഓര്‍മ്മിക്കുന്നുണ്ട്. ‘എന്നംഗമേകനിഹ തീറു കൊടുത്തുപോയ്..’ തുടങ്ങിയ പ്രയോഗങ്ങളിലും രതിയുടെ സമ്മോഹനങ്ങള്‍ പൂവിടുന്നതു കാണാം. ഉടലിന്റെ നിറവിലും സൌന്ദര്യത്തിലും അനുരാഗം പതിയെ നൃത്താലസ്യത്തില്‍ നിഗൂഢമായി മുറുകുന്നത് നമുക്ക് മനസ്സിലാക്കാനാകും.

കുമാരനാശാന്‍ പ്രണയത്തെ അനുസ്യൂതം വിടരുന്ന പുഷ്പമായാണ് താരതമ്യം ചെയ്തത്. ഉദ്യാനപാലകനായ കവിയുടെ പൂന്തോട്ടത്തില്‍ വീണ വാടിയ പൂവ് പ്രണയത്തിന്റെ യാഥാര്‍ത്ഥ്യത്തെ ദീപ്തമാക്കുന്നു. സ്പര്‍ശത്തിന്റെ അന്‍പിലും ആനന്ദത്തിലും പൊടുന്നനെ അഴിഞ്ഞു പോകുന്ന പ്രണയം ഏതര്‍ത്ഥമാണ് വ്യഞ്ജിപ്പിക്കുന്നത്? നിയന്ത്രണവിധേയമായ വിശുദ്ധിയുടെ ആഴം ജാഗ്രതയോടെ ഉള്ളണമെന്ന് ദൃഢീകരിക്കുകയാണോ? ആധുനികമനുഷ്യന്റെ കലുഷമായ ലൈംഗികചോദനയില്‍ അനുരാഗത്തിന്റെ വിശുദ്ധി തട്ടി തകരുന്നുണ്ട്. വണ്ട് പാറിപ്പറന്നു നടക്കുന്ന മനുഷ്യകാമന തന്നെയാണ്. അനിയന്ത്രിതമായ കാമവാസനയാണ് പൂവിന്റെ പ്രണയനഷ്ടത്തിനു കാരണം. ആത്യന്തികമായി മനുഷ്യനെറ്റ് പ്രണയ നഷ്ടത്തിന് നിദാനം സംസ്കരിക്കാത്ത കാമനയാണെന്നു കാണാം. എന്നാല്‍ മറ്റൊരു ലോകത്തിലേയ്ക്കുള്ള പൂവിന്റെ പിന്മടക്കത്തില്‍ പ്രണയത്തിന്റെ പൂര്‍ണ്ണതയുണ്ട്. അതുപോലെ കരുതലുമുണ്ട്. നന്ദിച്ച മനസ്സ് നിന്ദ്യമാകരുതെന്ന മുന്നറിയിപ്പാണത്.

വിശ്വാസ്യതയുടെ പൂര്‍ണ്ണതയാണ് പ്രണയത്തിനു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. അതാണ് പ്രണയഭാജനങ്ങളുടെ പാരസ്പര്യത്തെ അസാധാരണമാക്കുന്നത്. വിശ്വാസ്യതയിലുള്ള സന്ദേഹം സ്നേഹത്തെ ഉടച്ചുകളയും. ‘വീണപൂവ്’ അതിന്റെ നിദര്‍ശനമാണല്ലോ. വണ്ടിന്റെയും പൂവിന്റെയും പ്രണയനിമിഷങ്ങളെ ആശിര്‍വദിക്കുന്ന കവി പൂവിന്റെ വീഴ്ചയില്‍ സന്ദേഹിക്കുന്നു. ‘എന്നെ ചതിച്ചു ശഠന്‍‘ എന്ന പൂവിന്റെ ആത്മഗതത്തില്‍ വരാനിരിക്കുന്ന കാലത്തിന്റെ കാലുഷ്യമാണ് തെളിയുന്നത്. ആപ്രയോഗം തന്നെ ആധുനികമനുഷ്യനു കരുതിവച്ച കവിയുടെ ആത്മരോഷം കലര്‍ന്ന പ്രശംസകൂടിയാണ്.

ചതി, ശഠന്‍ എന്നീ പ്രയോഗങ്ങള്‍ എക്കാലത്തെയും പ്രണയനഷ്ടങ്ങളുടെ നിസ്സീമമായ പൊരുളാണ്. പ്രണയങ്ങളെ സദാ ചൂഴ്ന്നുകൊണ്ടിരിക്കുന്ന നിത്യസത്യം. പ്രണയത്തിന്റെ ഊര്‍ജ്ജം ചോര്‍ന്നുപോയി. നൈരാശ്യം പ്രവഹിക്കുന്നതിന്റെ കാഴ്ച ദൃഢമായി ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം. ചിലപ്പോഴെങ്കിലും കവികള്‍ വാക്കുകള്‍ കാലം തെറ്റി എഴുതാറുണ്ട്. ‘വീണപൂവ്’ ഭാവികാലത്തിനെഴുതിയതാണ്. കാലത്തെക്കുറിച്ചുള്ള കവിയുടെ ജാഗ്രതയാണത്. യഥാര്‍ത്ഥപ്രണയം മനസ്സിന്റെ പൂവിടലാണെന്നും ഏതൊരു പൂവിന്റെ വീഴ്ചയും സ്നേഹരാഹിത്യത്തിന്റെ സൂചകമാണെന്നും ഈ കവിത സാവധാനം പറഞ്ഞു തരുന്നു.

സ്ത്രീയും പുരുഷനും കലരേണ്ടത് പ്രണയഭരമായ പാരസ്പര്യത്തിലൂടെയാണ്. ഒരു ശരീരത്തെ അഥവാ മനസ്സിനെ മത്രം സ്വീകരിക്കുവാന്‍ വിധിയുള്ളവളാണ് സ്ത്രീ. പ്രദാനം ചെയ്യുന്നവന്‍ പല ശരീരങ്ങള്‍ തേടുമ്പോള്‍ ഉടയുന്നത് സ്ത്രീയുടെ സ്നേഹഭരമായ മനസ്സുകൂടിയാണ്. ആ വീഴ്ച വീണപൂവിലുണ്ട്. വീണു പോകുന്നതൊന്നും മനുഷ്യന് വീണ്ടെടുക്കാനുമാകില്ലല്ലോ. അന്‍പും ആനന്ദവും നിറഞ്ഞ് പരസ്പരം സമര്‍പ്പിക്കുമ്പോഴാണ് പ്രണയം ചുരക്കുന്നത്. എന്നാല്‍ നന്ദിച്ച മനസ്സിനെ അറിയാതെ കുസുമാന്തര ലോലനാകുമ്പോള്‍ നഷ്ടപ്പെടുന്നത് സ്നേഹത്തിന്റെ ചൈതന്യമാണ്. ശ്രീത്വമുള്ള എല്ലാ വികാരങ്ങളെയും അത് വിസ്മൃതിയിലാക്കുന്നു.

പ്രണയത്തിന്റെ ആഴത്തെയും അതിന്റെ വിപരീതത്തെയും ‘വീണപൂവ്’ ഒരു പോലെ കാട്ടിത്തരുന്നു. വണ്ടിന്റെ പ്രണയം സമര്‍പ്പണമായിരുന്നു. എന്നാല്‍ എത്ര ശൂന്യമായാണ് അത് പര്യവസാനിക്കുന്നത്. അറിയാതെ തേങ്ങിപ്പോയ വണ്ട് ഉച്ചസ്ഥായിയില്‍ നിലവിളിക്കുന്നത് നാം കാണുന്നു. ബന്ധങ്ങള്‍ ഒരിക്കലും അടുക്കാനാവാത്തവിധം അഴിഞ്ഞുപോകുന്നത് എത്ര നിര്‍മ്മമനായാണ് കവി പറഞ്ഞുവയ്ക്കുന്നത്. പ്രണയത്തില്‍ പാലിക്കേണ്ടത് സംയമങ്ങളാണ്. ആ തിരിച്ചറിവില്‍ വണ്ട് ഉടലുമുയിരുമുപേക്ക്ഷിച്ച് പൂ പോയ വഴിയേ പറക്കുന്നത് അപൂര്‍വമായൊരു കാഴ്ചയാണ്. അനസക്തിയുടെ കാഴ്ചയുമാണത്. കാവ്യനായികമാര്‍ക്കു നേരെ പറന്നുപോയ കാമുകന്മാരെ കുമാരനാശാന്‍ അധികം സൃഷ്ടിച്ചിട്ടില്ല. പിന്നീടത് കാണുന്നത് ‘കരുണ’യിലാണ്. വാസവദത്തയുടെ കുങ്കുമശരീരത്തിലേയ്ക്ക് ഒടുവില്‍ വിരുന്നെത്തുന്ന ഉപഗുപ്തനും ഇതുപോലൊരു കാശ്ചയാണ്. ‘കരുണ’യും ‘വീണപൂവു’തന്നെയെങ്കിലും വണ്ടിന്റെ പ്രയാണത്തെകൂടി അത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സ്ത്രീ ഉപഭോഗവസ്തുവായി നിലനില്‍ക്കുന്ന സാംസ്കാരികാന്തരീക്ഷത്തില്‍ വീണപൂവ് പ്രസരിപ്പിക്കുന്ന അര്‍ത്ഥാന്തരങ്ങളെ ഗാഢമായി മനസ്സിലാക്കേണ്ടതുണ്ട്. ചതിയിലും ചൂഷണത്തിലും സ്വന്തം സത്ത കൈവിട്ട് വീണു പോകുന്ന ഓരോ പൂവും പിതൃരൂപമായ പൂമരത്തിനു നല്‍കുന്ന വ്യഥ കൂടി നാം അറിയേണ്ടതുണ്ട്. ഉരുകുന്ന പൂമരം വീണപൂവിന്റെ നിഗൂഢാര്‍ത്ഥമാണ്. ‘എന്നെ ചതിച്ചു ശഠന്‍ ‘ എന്ന ആത്മരോദനം ഭാവികാലങ്ങളിലേയ്ക്ക് നീളുന്ന പെണ്‍‌വിളിയാണെന്നും അതില്‍ കണ്ണീരൊഴുക്കാതെ തപിക്കുന്ന താതരൂപത്തെ കവിതയുടെ കാഴ്ചയ്ക്കുമപ്പുറം നീക്കിനിര്‍ത്തിയിരിക്കുകയാണെന്നും കാണേണ്ടതുണ്ട്.

വീണപൂവിലെ വിലാപങ്ങള്‍ക്കപ്പുറത്താണ് ഉരുകിയൊലിച്ചു കൊണ്ട് പൂമരം നില്‍ക്കുന്നത്. പൂവിന്റെ പിറവിയും അറിവും അഴകും വാക്കുകളില്‍ പകരുന്ന കവി നേരിട്ടു പറയാത്തത് പൂമരത്തെക്കുറിച്ചാണ്. പെറ്റമ്മയായ വള്ളി പടര്‍ന്നു കയറിയ പൂമരം. ‘അധികതുംഗപദം’ എന്ന സൂചനയില്‍ ശിരസ്സുയര്‍ത്തി നിവര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ കാവ്യാത്മകമായ അവതരണമാണുള്ളത്. അത് വീണപൂവിലെ തെളിയാത്ത പിതൃരൂപം കൂടിയാണ്. അതിനുമപ്പുറത്താണ് വള്ളിയുമായുള്ള മരത്തിന്റെ കാല്പനിക പ്രണയം കുടികൊള്ളുന്നത്.

പൂവിന്റെ വീട് വൃക്ഷമാണ്. ആ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ടാണ് നക്ഷത്രങ്ങളെ നോക്കി ജീവിതതത്ത്വം പഠിക്കുന്നത്. താതന്റെ നെഞ്ചില്‍ തൂങ്ങിയാണ് കലയും കളിയുമറിഞ്ഞ് കന്യകയാവുന്നത്. ആ തണലിലാണ് പ്രണയം തിരനോട്ടം നടത്തുന്നതും. സ്നേഹത്തിന്റെ ചൂരിലും ചൂടിലും പൂവ് തളരുന്നു. പൊടുന്നനെ എല്ലാം നഷ്ടപ്പെട്ട് ആടിയുലഞ്ഞ വീഴുന്നു. വീണുപോയത്, മരത്തിന്റെ വിസ്തൃതമായ ശരീരത്തില്‍ തളിര്‍ത്ത പൂവായിരുന്നു. നെഞ്ചില്‍ നിന്നടര്‍ന്നു വീണപ്പോള്‍ താതനനുഭവിച്ച ഉള്‍ച്ചൂട് ആരും കണ്ടിരിക്കില്ല. ഓരോ പൂവിനുവേണ്ടിയും ഉരുകുന്ന പൂമരത്തിന്റെ വേദന ആരുമറിയാതെ പോയി. വീണ്ടുമൊരു പുലര്‍കാലത്തില്‍ മഹാമേരുവിലെ കല്പകവൃക്ഷത്തിന്റെ കൊമ്പില്‍ ‘പൂവ്’ വിടരുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നുമുണ്ട്. എങ്കിലും പൂവിന്റെ അലംഘ്യമായ വിധിയില്‍ മരം ഒരുപാട് കണ്ണീര് തൂകിയിരിക്കണം.

ഏറ്റവും സങ്കടഭരിതമായ ഒരു നിഴല്‍ചിത്രമാണ് ‘വീണപൂവി’ലെ പൂമരം. പ്രണയാര്‍ദ്രതയില്‍ തകര്‍ന്നു താനേ അടര്‍ന്നുവീഴുന്ന പൂവിനെ പിന്തിരിപ്പിക്കാനാകാതെ താന്തനായി നില്‍ക്കുന്ന മരം ഒരു ഭാവിസൂചകം കൂടിയാണ്. ആധുനികകാലത്തെ നിസ്സഹായരായ പിതൃസ്വരൂപങ്ങളെ അതോര്‍മ്മിപ്പിക്കുന്നു. മകള്‍ക്ക് താങ്ങും തണലുമാകുകയും സ്വാതന്ത്ര്യത്തിന് തറ്റസ്സമാകാതെ എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കേണ്ടി വരികയും ചെയ്യുന്ന പിതാക്കന്മാര്‍. മകള്‍ നെഞ്ചില്‍ നിന്നടര്‍ന്നു പോകുമ്പോള്‍, മൂകമായി വിട പറയുമ്പോള്‍ ആടിയുലയുന്ന താതരൂപത്തെ നാമറിയാറില്ലെങ്കിലും ‘വീണപൂവ്’ അസ്പഷ്ടമായെങ്കിലും ഓര്‍മ്മിപ്പിക്കുന്നുവെന്ന് കരുതുന്നു. നിശ്ശബ്ദമായി ഉരുകിത്തീരുന്ന അത്തരം പിതൃരൂപങ്ങളെ ഈ സന്ദര്‍ഭം അടയാലപ്പെടുത്തുന്നു. വാക്കുകളുടെ ഭാവാന്തരങ്ങളില്‍ കവി ഒളിപ്പിച്ചുവച്ച , വാക്കുകള്‍ക്ക് രഹസ്യമായിക്കൊടുത്ത ഒരറിവായി അതിനെ നാം മനസ്സിലാക്കേണ്ടതുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളുടെയും കയ്യൂക്കിന്റെയും ഉത്തരവാദിത്വം ചിരകാലമായി പുരുഷനില്‍ തന്നെ വീണു കിടക്കുന്നതിനാല്‍ പിതൃരൂപമാണെങ്കിലും ഉരുകുന്ന പുരുഷനെക്കുറിച്ച് കവിയ്ക്ക് എഴുതേണ്ടതില്ല. എങ്കിലും തന്റെ കൈകളില്‍ നിന്നൂര്‍ന്നുപോകുന്ന പെണ്മക്കളെയോര്‍ത്ത് നിലവിളിക്കാതിരിക്കാന്‍ മാത്രം കഠിനഹൃദയനാകില്ല പുരുഷന്‍. സ്ത്രീയുടെ സഹനത്തിന്റെയും നിയീഗത്തിന്റെയും നിലവിളികള്‍ക്കുമപ്പുറം വിധിയുടെയും പശ്ചാത്താപത്തിന്റെയും ഉള്‍ത്താപത്താല്‍ നീറിയൊടുങ്ങുന്ന പുരുഷന്റെ സ്വത്വനിര്‍മ്മിതി വീണപൂവിന്റെ’ ആന്തരാര്‍ത്ഥമാണ്.

ഡോ. ബാനര്‍ജി
Subscribe Tharjani |