തര്‍ജ്ജനി

ഒ.. കെ. സുദേഷ്

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

സിനിമ

സിനിമ കണ്ടെഴുതുമ്പോള്‍ - 3

ഈ സീരീസില്‍ മൂന്നാമത്തേത്‌ ഓങ്‌ഹി-ഷോര്‍ഷ്‌ ക്ലൂസോവിന്റെ Le Salaire de la peur (Wages of Fear) അഥവാ `ഭയത്തിന്റെ കൂലി` എന്ന ഫ്രഞ്ചു സിനിമയാണ്‌. ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിനെ പോലും സ്തബ്ദനാക്കിയിരിക്കണം എന്നു കരുതപ്പെടുന്ന, കറുപ്പിലും വെളുപ്പിലും തീര്‍ത്ത, അത്യപൂര്‍വ്വമായ ഒരു സംസ്ക്കരീകരണം ഇതിലനുഭവിയ്ക്കാം. ഹിച്ച്കോക്കിന്റെ ആരാധകനായിരുന്നു ക്ലൂസോ എന്നറിയുമ്പോള്‍ അതൊരു നേട്ടം തന്നെ. എഫ്‌. ഡബ്ല്യു. മ്യുര്‍ണോവിന്റെ `നൊസ്ഫെറാറ്റു` എന്ന ജര്‍മ്മന്‍ ഡ്രാക്യുള-ക്ലാസ്സിക്കിനെ ഓര്‍മ്മിപ്പിക്കുന്ന ഒരുപാട്‌ നിഴല്‍-വെളിച്ച-ക്കളി നാമിതില്‍ വീണ്ടുമനുഭവിക്കും --പച്ചയായ ഉത്ക്കണ്ഠകളുടെ മറ്റൊരു സരണിയില്‍.

ഭയത്തിന്റെ കൂലി (Le Salaire de la peur) --1953

സംവിധാനം: ഓങ്‌ഹി-ഷോര്‍ഷ്‌ ക്ലൂസോ
കഥ: ഷോര്‍ഷ്‌ അഹ്നോ
തിരക്കഥ: ക്ലൂസോ, ജെഹോം ഗെഹോനിമി
ഛായാഗ്രഹണം: അഹ്മോങ്‌ തിഹാഹ്‌
ചിത്രസന്നിവേശം: മദ്ലെന്‍ ഗുഗ്‌, എറ്റിയനെറ്റ്‌ മ്യൂസ്‌, ഓങ്‌ഹി ഹുസ്റ്റ്‌
സംഗീതം: ഷോര്‍ഷ്‌ ഓഹിക്‌
കലാസംവിധാനം: ഹെനെ ഹെനൂസ്‌
നിര്‍മ്മാണം: ക്ലൂസോ, ഹൈമോങ്‌ ബോദഹി

കഥാപാത്രം : അഭിനേതാവ്‌

മാരിയോ (കോര്‍സിക്കന്‍-ഫ്രഞ്ചുകാരനായ ട്രക്ക്‌ ഡ്രൈവര്‍): യീവ്‌ മൊണ്ടാങ്‌
ജോ (ഫ്രഞ്ചുകാരനായ ട്രക്ക്‌ ഡ്രൈവര്‍): ഷാള്‍ വേനല്‍
ല്യൂജി (ഇറ്റലിക്കാരനായ ട്രക്ക്‌ ഡ്രൈവര്‍): ഫോള്‍ക്കോ ലള്ളി
ബീംബാ (ജര്‍മ്മന്‍കാരനായ ട്രക്ക്‌ ഡ്രൈവര്‍): പീറ്റര്‍ വാന്‍ െ‍എക്‌
ലിന്‍ഡ (ടാവേണിലെ ജോലിക്കാരി): വേറ ക്ലൂസോ (ഓങ്‌ഹി-ഷോര്‍ഷ്‌ ക്ലൂസോ-യുടെ ഭാര്യ)
ബില്‍ ഒ`ബ്രയന്‍ (എണ്ണക്കമ്പനിയിലെ ഉദ്യോഗസ്ഥമേധാവി): വില്യം റ്റബ്സ്‌
ബെര്‍നാര്‍ദോ (ദുരന്തത്തിനിരയാവുന്ന ഇറ്റലിക്കാരനായ യുവാവ്‌): ലൂയി ദി ലീമാ
ഹെര്‍ണാണ്ടസ്‌ (ടാവേണ്‍ ഉടമ): ദാരിയോ മോറീനോ

പുരസ്ക്കാരങ്ങള്‍:

1953: ഗ്രാന്‍ഡ്‌ പ്രൈസ്‌ ഒവ്‌ ദ ഫെസ്റ്റിവല്‍ (കാന്‍ ഫില്‌ം ഫെസ്റ്റിവല്‍ - ഫ്രാന്‍സ്‌): മികച്ച ചിത്രം/സംവിധായകന്‍, ഷാള്‍ വേനലിന്‌ പ്രത്യേക പരാമര്‍ശം.
1953: ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ (ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫില്‌ം ഫെസ്റ്റിവല്‍ - ജര്‍മ്മനി): മികച്ച ചിത്രം/സംവിധായകന്‍.
1954: ക്രിട്ടിക്സ്‌ എവോര്‍ഡ്‌ (ഫ്രഞ്ച്‌ സിന്‍ഡിക്കേറ്റ്‌ ഒവ്‌ സിനിമാ ക്രിട്ടിക്സ്‌ - ഫ്രാന്‍സ്‌): മികച്ച ചിത്രം.
1955: ബ്ലു റിബണ്‍ (ബി.ആര്‍.എസ്‌. - ജാപ്പാന്‍): മികച്ച വിദേശഭാഷാചിത്രം.
1955: ബാഫ്റ്റ ഫില്‌ം എവോര്‍ഡ്‌ (ബാഫ്റ്റ - യു.കെ.): ഏറ്റവും മികച്ച ചിത്രം.

സംക്ഷിപ്ത കഥനം

നാലു കുറ്റവാളികള്‍ --ഒരു ഇറ്റാലിയന്‍, ഒരു ജര്‍മ്മന്‍, ഒരു കോര്‍സിക്കനും ഫ്രഞ്ചുകാരനും -- ഒരു വെസ്റ്റ്‌ യൂറോപ്യന്‍ പരിഛേദം -- ശിക്ഷ പേടിച്ചു തങ്ങളെത്തിച്ചേര്‍ന്ന നാശംപിടിച്ച ആ അഭയദേശത്തില്‍ നിന്നു തുടര്‍ന്നും രക്ഷപ്പെടുവാനായി അവസരം കാത്തുകിടക്കുന്നു. അതിലേയ്ക്കായി ആപല്‍ക്കരമായ ഒരു ചുമതല ഏറ്റെടുക്കുന്നു അവര്‍. മുന്നൂറു മൈലകലെ കത്തിയാളുന്ന ഒരു അമേരിക്കന്‍ കമ്പനിയുടെ എണ്ണക്കിണറിനെ ശമിപ്പിയ്ക്കുവാനായി സ്ഫോടകെമികം വഹിയ്ക്കുന്ന ട്രക്കുകള്‍ ഓടിയ്ക്കുക. നൈട്രോഗ്ലിസറിന്‍ കൊണ്ടുള്ള പ്രയോഗം --അത്യുഗ്രമായ സ്ഫോടനം കൊണ്ട്‌ തീയണക്കുന്ന ഒരു വിദ്യ. പക്ഷെ, ആ ദൗത്യം അഗ്നിശമനപരിഹാരത്തെപ്പോലും തണുത്ത വിയര്‍പ്പ്‌ പൊടിപ്പിച്ചുകൊണ്ട്‌ നിസ്സാരപ്പെടുത്തിയേക്കും. അണയ്ക്കുവാന്‍ ഉപയോഗിക്കുന്ന ആ സ്ഫോടദ്രവ്യത്തെ താപനിലയില്‍ വരുന്ന മാറ്റമോ മതിയായ ഒരു കുലുക്കം പോലുമോ പൊട്ടിത്തെറിയിലേക്ക്‌ ത്വരിപ്പിക്കും. എന്തായാലും അത്‌ വളരെയകലെ വനാന്തരത്തില്‍ തീയാളിക്കൊണ്ടു കിടന്നിരുന്ന എണ്ണഖനന സൈറ്റില്‍ എത്തിച്ചേ മതിയാവൂ.

കാറ്റ്‌ ചൂളംകുത്തി പാഞ്ഞുക്കളിയ്ക്കുന്ന വണ്ടിച്ചക്രച്ചാലുകളാണ്‌ ആ മലമ്പാതയിലെങ്ങും. ഈറ്റക്കാടുകള്‍, ചുണ്ണാമ്പുപാറകള്‍, പോരാത്തതിന്‌ മഴ, ചളി, വെള്ളക്കെട്ട്‌ --ഇതെല്ലാം മറികടന്നുവേണം സൈറ്റിലെത്താന്‍. ഓടിക്കേണ്ടതോ റീകണ്ടീഷന്‍ ചെയ്തതെങ്കിലും, ക്ഷീണിച്ചൊടിഞ്ഞ ആ പഴയ ട്രക്കുകളും; മൂക്കുന്തിയ, ബോണറ്റ്‌ തുള്ളിച്ചാടുന്ന ആ ഇനം. അങ്ങിനെയൊരു ദൗത്യമാണ്‌ അന്യോന്യം മല്‍സരിച്ച്‌ അവര്‍ ഏറ്റെടുക്കുക. എസ്‌.ഒ.സി. എന്ന ഒരു അമേരിക്കന്‍ മള്‍ട്ടി-നാഷണല്‍ എണ്ണക്കമ്പനി -- അങ്ങിനെ ആഗോളീയമായ എല്ലാ വെറുപ്പു-തീറ്റകളുടേയും പ്രാഗ്രൂപം -- അതിലെ ആപല്‍സാദ്ധ്യതകളത്രയും പരുഷയാഥാര്‍ത്ഥ്യങ്ങളോടെ തന്നെ അവര്‍ക്ക്‌ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്‌. ചില്ലറ പ്രതിഫലത്തിനല്ല; ആളൊന്നുക്ക്‌ രണ്ടായിരം ഡോളര്‍ --1940/50-കളിലെ ഡോളര്‍. അങ്ങിനെയാണ്‌ ആ നാലു യൂറോപ്യരും ആ നിയുക്തിയെ തലച്ചുമടാക്കുക. അതിനിടയില്‍, അവര്‍ നാലും, പ്വോര്‍ട്ടോ റിക്ക (Peurto Rico)-യിലെ തുലഞ്ഞു കൊണ്ടിരുന്നിരുന്ന ലാസ്‌ പൈദ്രാസ്‌ (Las Piedras) എന്ന ആ മുനിസിപ്പാലിറ്റിയില്‍, അതിന്റെ അഴുക്കിലും ദാരിദ്ര്യത്തിലും പ്രണയത്തിലും രോഗത്തിലും ശണ്ഠയിലും ആത്മഹത്യയിലും, അതേക്കാളേറെ, നീണ്ടുനീണ്ടു വളരുന്ന അവിടുത്തെ ഒന്നും-ചെയ്യാനില്ലായ്മകളിലും തങ്ങളുടെ നിയതികളെ ഉരച്ചു നോക്കുന്നു --അതിലൂടെ കാണികളും.

ഈയൊരു പ്ലോട്ടിനെ വികസിപ്പിച്ച്‌ 1950-ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്‌ നോവലായിരുന്നു 'Le salaire de la peur', അതായത്‌ `ഭയത്തിന്റെ കൂലി`. എഴുത്തുകാരന്‍: ഷോര്‍ഷ്‌ അഹ്നോ (Georges Arnaud 1917-1987).

മൂന്നാം കൊല്ലം അതിന്റെ ചലച്ചിത്രാവിഷ്ക്കാരവും പുറത്തിറങ്ങി. ജനപ്രിയത്വത്തിന്റെ മാപിനിയില്‍ ആ നോവല്‍ ഫ്രാന്‍സിലൊട്ടുക്കും ചീറിയിരുന്നു. അതിനെ ഉപജീവിച്ചുണ്ടാക്കിയ സിനിമയാകട്ടെ ഒരു മാസ്റ്റര്‍പീസ്‌ തന്നെയായി മാറി --ത്രില്ലര്‍ ഗണത്തിലെ അവാന്തരജാതികളില്‍ തന്നെ ഒരു മാസ്റ്റര്‍പീസ്‌. നോവലിന്റെ അതേ ശീര്‍ഷകത്തില്‍, ഓങ്‌ഹി-ഷോര്‍ഷ്‌ ക്ലൂസോ (Henri-Georges Clouzot 1907-1977) എന്ന, മാനസികരോഗിയെന്നു തിടുക്കമില്ലാതെ സംശയിക്കേണ്ട, ഒരു ഫ്രഞ്ചുകാരനായിരുന്നു അത്‌ ഒരുക്കിയത്‌.

ഓങ്‌ഹി-ഷോര്‍ഷ്‌ ക്ലൂസോ ഒരു അസാമാന്യ സിനിമാ പ്രതിഭയൊന്നുമായിരുന്നില്ല. നാറ്റ്സികളുടെ ഫ്രഞ്ച്‌ അധിനിവേശക്കാലത്ത്‌ (Vichy R駩me) അവരുമായി സഹകരിക്കേണ്ടി വന്ന ഫ്രഞ്ചു കലാകാരില്‍ ഒരാള്‍, പോര്‍ണോഗ്രഫിക്‌ പടങ്ങള്‍ എടുത്തയാള്‍, സാഡിസ്റ്റായ ഒരു ന്യൂറോട്ടിക്‌. രാഷ്ട്രീയചലനങ്ങളോട്‌ ജന്മികമായിത്തന്നെ ഒരുതരം വാസനയില്ലായ്മ കൊണ്ടുനടന്നയാള്‍. (നമ്മുടെ വാഗ്‌-പൊരുന്നയില്‍ സൂപ്പര്‍ ക്ലാസ്‌ `അരാഷ്ട്രീയന്‍`!) ഹാസ്യബോധം തീണ്ടാത്ത ഒരു മുരടന്‍.

ക്ലൂസോയുടെ ഭാര്യ, വേറ, ഒരഭിനേത്രിയുമായിരുന്നു --ക്ലൂസോയ്ക്കു വേണ്ടി ജീവത്യാഗത്തോളം അവതാരപ്പെട്ടു പോയ ഒരു കമ്മിറ്റഡ്‌ ജന്മം. ദുര്‍ബ്ബലമായ ഹൃദയഭിത്തികള്‍ വേറയെ നീലിപ്പിച്ചുകൊണ്ടിരുന്നു. അതൊന്നും കണക്കാക്കാതെ ക്ലൂസോ ക്ലേശപൂര്‍ണ്ണമായ ഷൂട്ടിങ്‌ ഷെഡ്യൂളുകളില്‍ അവരെ കുരുക്കിയിട്ടു. വേറ മരിച്ചിട്ടും (1960) ക്ലൂസോ തന്റെ മന:കാഠിന്യങ്ങളുടെ ചവര്‍പ്പുരുചിയെ തിരിയെചെന്ന്‌ തിരക്കിയില്ല. ഈയൊരറിവ്‌, പക്ഷെ `ഭയത്തിന്റെ കൂലി`-യെ അനാസ്വാദ്യകരമാക്കാതെ തന്നെ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിയ്ക്കും. പക്ഷെ, `ഭയത്തിന്റെ കൂലി` -യില്‍ കര്‍മ്മത്തിന്റെ ദുരന്ത-സ്വീകരണം കാണാം; അടിയില്‍ എവിടെയൊക്കെയോ നാം കണ്ടുപോവും. ആ ദുരന്തപൂര്‍ണ്ണമായ കര്‍മ്മാനുബദ്ധതയില്‍ വേറയുടെ വാസ്തവസഹനവും മരണവും ജീവിതമെന്ന കോമാളിക്കളിയില്‍ അമര്‍ന്നുതീരും.

ലിന്‍ഡയുടെ (വേറ) കഥാപാത്രം ഒരു കൊടിച്ചിപ്പട്ടിയുടേതായിരുന്നു. ലാസ്‌ പൈദ്രാസിലെ ഒരേയൊരു ടാവേണ്‍ നടത്തിയിരുന്ന ഹെര്‍ണാണ്ടസിന്റെ ജോലിക്കാരി; വെപ്പാട്ടിയും. നാല്‍വരില്‍ സുന്ദരനായ കോര്‍സിക്കന്‍-ഫ്രഞ്ചുകാരനായ മാരിയോവിനെ പ്രണയിയ്ക്കുന്നു ലിന്‍ഡ. ടാവേണിന്റെ നിലം മുട്ടുകാലിലിരുന്ന്‌ തുടച്ചുകൊണ്ടിരിയ്ക്കുന്ന അവള്‍ അനുഭവജ്ഞയായ ഒരു പട്ടിയെ പോലെ അവന്റെ തലോടലുകളെ പുണരാന്‍ വെമ്പും. മുട്ടുകളില്‍ ഇഴഞ്ഞുചെന്ന്‌ കഴുത്തും മുഖവും ഉഴിയുവാന്‍ കണ്ണുകളടച്ച്‌ നീട്ടിക്കൊടുക്കും. പകരം, മാരിയോ സിഗരറ്റും മറ്റും ടാവേണില്‍ നിന്ന്‌ മോഷ്ടിച്ചു കൊണ്ടുവരുവാന്‍ അവളെ പ്രേരിപ്പിയ്ക്കും. അത്‌ കണ്ടുപിടിയ്ക്കുന്ന ടാവേണ്‍ ഉടമ അവളെ പരസ്യമായി മുകളിലെ മുറിയിലേയ്ക്ക്‌ ലൈംഗികമായ ധ്വനികളോടെ ഓടിച്ചുകയറ്റും; ഒപ്പം മാരിയോവിനെ ടാവേണില്‍ നിന്ന്‌ വിജയോന്മാദത്തോടെ നോക്കി ശകാരിച്ചിറക്കുകയും.

പിന്നീട്‌, നൈട്രോഗ്ലിസറിന്‍ നിറച്ച ട്രക്കുകള്‍ ഓടിയ്ക്കാന്‍ നേരത്ത്‌, ലിന്‍ഡ അവനോട്‌ പോവരുതേ എന്ന്‌ കേഴുന്നതായി നാം കാണും --ട്രക്കിനൊപ്പം ഓടി വാതിലില്‍ പിടിച്ചുതൂങ്ങിയാടി ചളിയില്‍ വീഴുന്നതായും. എങ്കിലും അവനവളെ തീര്‍ത്തും അവഗണിയ്ക്കും.

നാല്‌ ഡ്രൈവര്‍മാരില്‍ ആദ്യം തിരഞ്ഞെടുക്കപ്പെടുന്ന കോര്‍സിക്കനായ മാരിയോ എന്തോ കുറ്റകൃത്യത്തിലകപ്പെട്ട്‌ ശിക്ഷ ഭയന്ന്‌ പാരീസ്‌ വിട്ടവനാണ്‌. ഓടിപ്പോക്കിനിടെ ഉപയോഗിച്ച ഒരു പഴയ ട്രെ‌യ്‌ന്‍ ടിക്കറ്റ്‌ അയാള്‍ സൂക്ഷിച്ചിരിയ്ക്കുന്നു. പാരീസില്‍ തിരിച്ചെത്താനുള്ള പ്രേരണയായി അതയാളെ ചുറ്റിപ്പറ്റിക്കൂടിയിരിയ്ക്കുന്നു.

മറ്റൊരുവന്‍ ഇറ്റലിക്കാരനായ ല്യൂജിയാണ്‌. അമേരിക്കന്‍ എണ്ണക്കമ്പനിയിലെ ഒരു കരാറുജോലിയാണെങ്കിലും അയാള്‍ക്കൊരു തൊഴിലുണ്ട്‌. ആസ്ഫൊള്‍ട്ടും സിമന്റുമായി മല്ലടിയ്ക്കുന്ന ആ തൊഴില്‍ കാരണം അയാളുടെ ശ്വാസകോശം അമ്പേ തകരാറിലാണെന്ന്‌ കമ്പനി ഡോക്ടര്‍ അറിയിച്ചിരിയ്ക്കുന്നു. ഇറ്റലിയിലേയ്ക്ക്‌ തിരികെ പോവുക എന്ന സ്വപ്നമാണ്‌ അയാളേയും നൈട്രോഗ്ലിസറിന്‍ നിറച്ച ട്രക്ക്‌ ഓടിയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കുക. ടാവേണിനെ മുഖരിതമാക്കുന്ന അയാളുടെ കൂലി-വാരാന്ത്യങ്ങള്‍, അയാളുടെ നിരാശാഭരിതരായ തൊഴിലില്ലാ-കൂട്ടുകാര്‍ നുള്ളിക്കാത്തിരിയ്ക്കുന്ന അലസദൈര്‍ഘ്യങ്ങള്‍.

ല്യൂജിയുടെ സഹ-ഡ്രൈവറായി തിരഞ്ഞെടുക്കപ്പെടുന്നത്‌ ബീംബാ എന്നുപേരുള്ള ഒരു ജര്‍മ്മനാണ്‌. ഒരു സംഭാഷണ ശകലത്തില്‍ സ്ത്രീവിരോധിയാണെന്ന്‌ കരുതാവുന്നവനായി തീരുന്നുണ്ട്‌ അയാള്‍. ട്രക്കോടിക്കുന്ന വേളയില്‍, ല്യൂജിയോടുള്ള ചില അടുപ്പങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗിയായും അയാളെ ചില നിരൂപകര്‍ കണ്ടിട്ടുണ്ട്‌. പക്ഷെ തോന്നുക, റെജിമെന്റലൈസേഷന്‍ കാരണം രൂപപ്പെടുന്ന കേയ്ഡര്‍ കടപ്പാടായാവും.

ജോ എന്ന മദ്ധ്യവയസ്ക്കനായ മറ്റൊരു ഫ്രഞ്ചുകാരനാണ്‌ മാരിയോവിന്റെ പാര്‍ട്ട്ണര്‍. ഇതിലേറ്റവും ശ്രദ്ധിക്കേണ്ടുന്ന പ്രതിനിധീകരണവും ഈ കഥാപാത്രം തന്നെയാവണം. അയാളുടെ ഭൂതകാലം അധോലോകജീവിതത്താല്‍ നിര്‍ഭരമാണ്‌. ഈ നിയോഗത്തിലേയ്ക്കുള്ള ഡ്രൈവര്‍ പരീക്ഷയില്‍ പരാജയപ്പെട്ടവനായിരുന്നു, വാസ്തവത്തില്‍, അയാള്‍; അഞ്ചാമനായി അവശേഷിപ്പിക്കപ്പെട്ടയാള്‍. ശരിയ്ക്കും നാലാമനായി വന്നയാളെ, എന്നാല്‍, പെട്ടെന്ന്‌ കാണാതാവുന്നു. ജോ അയാളെ കൊന്നതാണെന്ന്‌ സ്ഥൂലമായ വിധത്തില്‍ ആരോപിയ്ക്കപ്പെടുന്നുവെങ്കിലും സിനിമയുടെ അന്ത്യത്തിലെ ഒരു ഫ്രെയ്ം ചീളില്‍ അയാള്‍ ലാസ്‌ പൈദ്രാസില്‍ ജീവിയ്ക്കുന്നതായി നാം കണ്ടേയ്ക്കും. എങ്കിലും, ഒരു കണക്കിന്‌, ജോ കൊല്ലുവാന്‍ മടിയ്ക്കാത്തവനുമാണ്‌.

ജോവിന്‌ ഒരു ഭൂതമുണ്ട്‌. അയാളുടെ കള്ളക്കടത്തു ജീവ-വൃത്തിക്കാലത്ത്‌, എസ്‌.ഒ.സി. എന്ന അമേരിക്കന്‍ എണ്ണക്കമ്പനിയുടെ ഇപ്പോഴത്തെ കങ്കാണി-മേധാവിയായ മി. ബില്‍ ഒ`ബ്രയന്‍ സഹവര്‍ത്തിയായിരുന്നു. എന്നാല്‍ ആ പരിചയത്തെ ആധുനിക മാനേജ്മെന്റ്‌ തത്ത്വപ്രകാരം ഹൃദയകാഠിന്യത്തോടെ ഒ`ബ്രയന്‍ മുറിച്ചൊതുക്കുന്നു. അത്‌ `വേ`, ഇത്‌ `റെ` എന്ന്‌ യുക്തിഭംഗമില്ലാതെയും മുന്നുപാധി കൊടുക്കാതെയും അയാള്‍ തന്റെ ഇപ്പോഴത്തെ പ്രസക്തിയെ പ്രകടമാക്കുന്നു. അമേരിക്കരേയും ആധുനികമായ മാനേജ്മെന്റ്‌ വിദ്യയേയും വെറുക്കാന്‍ ഈയൊരു കഠിന-പച്ചയാര്‍ന്ന (നമ്മുടെ നാടന്‍) യുക്തി കുറച്ചൊന്നുമല്ല ഇപ്പോഴും സഹായിയ്ക്കുക. പഴയ `വിളച്ചില്‍` ഇറക്കിയാല്‍ ബുള്ളറ്റു കൊണ്ട്‌ ജോവിന്റെ ശരീരം തന്നെ തുന്നിച്ചേര്‍ത്തു നിറുത്തേണ്ടി വരും എന്നയാള്‍ നിര്‍വികാരമായി ഉരിയാടും --ഒപ്പം, ജനലിലൂടെ തോക്കേന്തിയ സെക്യൂരിറ്റി പടയെ കാണിച്ചു കൊടുക്കുകയും. അതിനാല്‍ ജോ, അതിജീവനത്തിലേയ്ക്കുള്ള ആ ഒരേയൊരു ഉപാധിയിലേയ്ക്ക്‌ -- ട്രക്ക്‌ ഓടിയ്ക്കുക എന്ന അന്തിമവും അതിസാഹസികവുമായ തീരുമാനത്തിലേയ്ക്ക്‌ -- എത്തും; എത്തിക്കപ്പെടും.

ഒരു പാവം പാവം ഇറ്റാലിയനുമുണ്ട്‌ ഇതിനിടയ്ക്ക്‌ --ബെര്‍നാര്‍ദോ. മെലിഞ്ഞു കിളരന്‍. ഒരു കാഫ്ക്കെയന്‍ സ്ഫടികമൂര്‍ത്തി. അമേരിക്കയിലേയ്ക്ക്‌ കടക്കാന്‍ ഒരു വീസ കയ്യിലുണ്ട്‌; ഡോളറില്ല --ഒരു വക കാശുമില്ല. അമേരിക്കയിലേയ്ക്ക്‌ എങ്ങിനെയെങ്കിലും ഒന്നു കടത്തിതരാമോ എന്ന്‌ തെരുവു വാണിഭക്കാരനോടു പോലും അര്‍ത്ഥിയ്ക്കുന്ന ഒരു കവിഹൃദയവാണി. ഒരു സന്ദര്‍ഭത്തില്‍ ബീംബാ അവനോട്‌ പറയായ്കയല്ല: `ഇതൊക്കെ പറയുന്നതു കൊണ്ട്‌ നീ സ്വയം അപകടം ക്ഷണിയ്ക്കും; ആളുകള്‍ പലതും പ്ലാന്‍ ചെയ്തേയ്ക്കും.` കക്ഷിയും ഡ്രൈവിങ്‌ പരീക്ഷയില്‍ പങ്കെടുത്തിരുന്നു. പക്ഷെ, അതേ ട്രക്കില്‍ തന്നെ ഇരുന്നിരുന്ന പരീക്ഷാര്‍ത്ഥികളില്‍ ഒരുവന്‍ തന്റെ പുറങ്കുപ്പായം ഊരി ബോണറ്റിന്‌ മുകളില്‍ ചുരുട്ടിയെറിയുന്നു. ഹൃദയലോലന്‍ സഡന്‍ ബ്രെയ്ക്കിടുന്നു. നൈട്രോഗ്ലിസറിന്‍ നിറച്ച കന്നാസുകളാണ്‌ വണ്ടിയിലെ ലോഡ്‌ എന്നായിരുന്നു ടെസ്റ്റിലെ ഭാവന. മേല്‍നോട്ടവുമായി കൂടെയിരുന്നിരുന്ന മിസ്റ്റര്‍ ബില്‍ ഒ'ബ്രയന്‍ അവന്റെ തല തിന്നില്ല എന്നേയുള്ളു. ചെറുക്കന്‍ ഇന്റര്‍വ്യൂവില്‍ പൊളിഞ്ഞു; തൂക്കി വെളിയിലെറിയപ്പെട്ടു.

അന്നു രാത്രി 'എല്‍ കോര്‍സാറിയോ നെഗ്ര' (കറുത്ത കടല്‍കൊള്ളക്കാരന്‍) എന്ന ഹെര്‍ണാണ്ടസിന്റെ ടാവേണില്‍ തന്നെയിരുന്ന്‌ അവനൊരു കത്തെഴുതുന്നുണ്ട്‌:

പ്രിയ മാമാ,
`...എനിക്കൊരു ജോലി ശരിയായി. അടുത്തൊന്നും എഴുതാന്‍ കഴിഞ്ഞില്ലെന്നു വരും; കാര്യമാക്കരുത്‌....`

അത്‌ കവറിലാക്കി നക്കിയൊട്ടിച്ച്‌, തന്റെ രമണന്‍-തലമുടി വെട്ടിത്തുള്ളിച്ച്‌, അവന്‍ ലിന്‍ഡയോട്‌ `വളരെ പ്രധാനപ്പെട്ട കത്താണ്‌; രാവിലെ തന്നെ പോസ്റ്റ്‌ ചെയ്യണേ` എന്ന്‌ അഭ്യര്‍ത്ഥിയ്ക്കുന്നുണ്ട്‌. ല്യൂജി അവനെ സമാധാനിപ്പിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നു. `ഒരാണിനെ പോലെ പെരുമാറ്‌` എന്നയാള്‍ ചെറുക്കനോട്‌ പറയും. അവനാകട്ടെ, `ആണുങ്ങള്‍ നിങ്ങളാണ്‌; ഞാനല്ല` എന്ന്‌ തലതാഴ്ത്തി പിറുപിറുത്ത്‌ ടാവേണ്‍ വിടും. പരീക്ഷയില്‍ ജയിച്ചവര്‍ ആഘോഷിയ്ക്കുവാനുള്ള ഒരുക്കത്തിലാണ്‌. ഹെര്‍ണാണ്ടസ്‌ സൗലഭ്യത്തോടേ 'ഓണ്‍ ദ ഹൗസ്‌' മദ്യമൊഴുക്കുന്നു. പക്ഷെ, ലിന്‍ഡയ്ക്ക്‌ ഒരു സുഖമില്ലായ്മ; മാരിയോവിനെ ഓര്‍ത്താവണം. അവള്‍, ടാവേണിന്‌ പുറത്ത്‌ മഡോണയുടെ രൂപത്തിനു കീഴെ മുട്ടു മടക്കുന്നു; പ്രാര്‍ത്ഥനയഴിയ്ക്കുന്നു;

`...അനുഗൃഹീതഗര്‍ഭം ചുമന്നവളെ,
സ്ത്രീകളില്‍ വെച്ചേറ്റവും അനുഗൃഹീതയായവളെ,
പുണ്യവതിയായ മാതാവേ, നിനക്ക്‌ സ്തുതി...`

മഡോണയുടെ പിന്നില്‍, അതിനെ നിഴലിലാഴ്ത്തി നിന്ന ആ മരത്തിനും പിന്നില്‍, ചെറുക്കന്‍ തൂങ്ങിയാടി നിന്നു തുടങ്ങിയിട്ട്‌ കുറച്ചേയായുള്ളു എന്നുണ്ട്‌. അപ്പോഴും ആ അമേരിക്കന്‍ വീസ അവന്റെ കീശയിലുണ്ടായിരുന്നിരിക്കണം. ചുരുങ്ങിയ ഒരു മദ്യവിരുന്നിനോടൊപ്പം ഉയരേണ്ടിയിരുന്ന സംഗീതവും നൃത്തവും കലര്‍ന്ന തിമര്‍പ്പിനിടെ ഒരാള്‍, അതും ഒരു ചെറുപ്പക്കാരന്‍, തൂങ്ങിമരിയ്ക്കാന്‍ നിശ്ചയിക്കുന്നത്‌, തായമ്പക പൊടുന്നനെ ഒടുങ്ങുന്നതു പോലൊന്നിലേയ്ക്ക്‌ നമ്മേയും നടത്തും. കാര്യകാരണത്തിന്റെ ലോകപരതയിലേയ്ക്ക്‌ പെട്ടെന്നൊരു വിരസപ്പെടല്‍.

അസാദ്ധ്യമായും സങ്കല്‍പ്പിക്കാനാവാത്ത ഷോട്ടിലൂടെ, ലിന്‍ഡയുടെ വിറയാര്‍ന്ന പ്രാര്‍ത്ഥനാ-സ്ഖലിതങ്ങളിലൂടെ, ഭയം തിന്ന, ഭയത്തിന്റെ നാണക്കേട്‌ മാത്രം തിന്നേണ്ടിവന്ന, ഒരു യുവാവിന്റെ ശവ-ശാന്തത നമ്മെ ഇരമ്പിക്കടന്നുപോവും.

ബീംബാ കമന്റടിയ്ക്കും: "ഒ'ബ്രയന്റെ ആദ്യത്തെ ഇര."

ലാസ്‌ പൈദ്രാസിലേയ്ക്ക്‌ ട്രക്കില്‍ ശവക്കൂമ്പാരം വരുന്നു. എസ്‌.ഒ.സി.യുടെ എണ്ണഖനന സൈറ്റില്‍ പടര്‍ന്ന അഗ്നിയില്‍ വെന്ത ആണ്‍ശവങ്ങളെ, പാതി ശവങ്ങളെ, അവരുടെ പെണ്ണുങ്ങളും കുട്ടികളും അയല്‍ക്കാരും കൂടി പ്രതിഷേധങ്ങളോടെ സ്വീകരിയ്ക്കുകയാണ്‌. ഒരു തീച്ചൂള ബ്രാന്‍ഡ്‌ യുവതി ശവശകടത്തിന്റെ ബോണറ്റില്‍ ചാടിക്കയറി, നമുക്കെല്ലാം എക്കാലവും പരിചിതമായ ആന്റി-അമേരിക്കന്‍ മുദ്രാവാക്യങ്ങള്‍ ഈ 1953 കാലത്തെ സിനിമയിലും അവതാരപ്പെടുത്തുന്നു. ഇപ്പോഴേയ്ക്കും നമ്മെ -- മലയാളികളെ -- മഹത്തായി ബോറടിപ്പിയ്ക്കുന്ന ശബ്ദവ്യാക്ഷേപകം അതില്‍ ചേര്‍ന്ന്‌ സിംഫണി തീര്‍ക്കുന്നുമുണ്ട്‌. അകമ്പടിയോടെ വന്ന സെക്യൂരിറ്റി സംഘവുമായി അവര്‍ മല്ലിടുന്നു. പെട്ടെന്ന്‌, അതിനൊപ്പം കമ്പനിയുടെ `ട്രക്ക്‌ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്‌` എന്ന പരസ്യം ഉച്ചഭാഷിണിയില്‍ പ്രഖ്യാപിതമാവുന്നു. പ്രതിഷേധമടയ്ക്കി, ഒരു വേള പകുതി-ശവങ്ങളെ പോലും വിട്ട്‌, ജനം ചെവികളെ സൂക്ഷ്മമാക്കുന്നു; വാല്‍ മടക്കുന്നു --നാല്‍വര്‍ സംഘമാവട്ടെ ഉത്തേജിതരാവുകയും.

`ഭയത്തിന്റെ കൂലി` സിനിമായാകുന്നതിനെ ഏറ്റവും നേരിടുവിക്കുന്ന ഭാഗം, ആ നാലു സാഹസികളും ട്രക്കുകളോടിയ്ക്കുവാന്‍ തുടങ്ങുന്നതു തൊട്ടാവും.

എങ്കിലും, പടം തുടങ്ങുന്നിടം, ചേരിവാസിയായ ഒരു കറുത്ത കുട്ടി കാണിച്ച തോന്ന്യാസം, പ്രേക്ഷകര്‍ വളരെപ്പിന്നെ ട്രക്കുകളുടെ ദൗത്യത്തുടക്കവുമായി ബന്ധിപ്പിയ്ക്കും. കുറേ കൂറകളെ ഒരു നാരില്‍ കുടുക്കി, ചക്രച്ചാലുകളും ചളിയും പുതഞ്ഞ ഒരു തെരുവില്‍ കുട്ടി `കളിയ്ച്ചു` കൊണ്ടിരിയ്ക്കുന്നിടത്തു നിന്നാണ്‌ `ഭയത്തിന്റെ കൂലി` തുടങ്ങുക. ഒപ്പം, ഒരു െ‍എസ്‌ ക്രീം വണ്ടി, പിന്നിലൊരു നായയെ കെട്ടിവലിച്ച്‌, ടാവേണിന്നടുത്ത്‌ സ്റ്റാന്റിടുന്നതും വില്‍പ്പനക്കാരന്‍ ടാവേണിലേയ്ക്ക്‌ കയറിപ്പോകുന്നതും നാം കാണും. ചെറുക്കന്‍ കൂറകളെ വിട്ട്‌ െ‍എസ്‌ ക്രീം കൊതിയിലേയ്ക്ക്‌ എഴുന്നേല്‍ക്കും, അപ്പോള്‍. ടാവേണിന്റെ പടിക്കെട്ടിലിരുന്ന, തന്റെ നാശം പിടിച്ച നേരമ്പോക്കില്ലായ്മയെ തിന്നുതീര്‍ത്തുകൊണ്ടിരുന്ന ഒരുവന്‍ തുരുതുരെ നായയെ കല്ലെറിയും; അത്‌ `പൈ പൈ` എന്നു പ്രതിഷേധിയ്ക്കുകയും.

"തുലഞ്ഞ ഷോക്‌ അബ്സോര്‍ബറുകളുള്ള പഴകിയ രണ്ടു ട്രക്കുകള്‍. നിങ്ങളുടെ കയ്യും കാലും ഉപയോഗിച്ച്‌, കുലുക്കം നന്നേ നിയന്ത്രിച്ച്‌, ഈ നൈട്രോഗ്ലിസറിന്‍ കന്നാസുകള്‍ സൈറ്റില്‍ എത്തിയ്ക്കുക. കുലുക്കം താപനിലയെ കൂട്ടും; കൂടുതല്‍ പറയേണ്ടല്ലോ. അടിച്ചുവാരിയെടുക്കാന്‍ പോലും ഒന്നും ബാക്കി കാണുകയില്ല. വണ്ടികളോടിയ്ക്കുന്നത്‌ നിങ്ങള്‍; കാശ്‌ കിട്ടുന്നതും നിങ്ങള്‍ക്ക്‌; ചാവാനും നിങ്ങള്‍ക്കാണ്‌ യോഗം. ഞാനും കമ്പനിയും ഇവിടെത്തന്നെ കാണും. ഓര്‍മ്മയിരിക്കട്ടെ...." സ്ഫോടദ്രവത്തിന്റെ ഒരു തുള്ളി നിലത്തൊറ്റിച്ച്‌ സാമ്പിള്‍ വെടി ഉദാഹരണസഹിതം പൊട്ടിച്ചാണ്‌ ഒ`ബ്രയന്‍ നാല്‍വരേയും ഇങ്ങിനെ ആശിര്‍വദിയ്ക്കുക. സ്ഫോടനത്തിന്റെ ആഘാതത്തില്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരുവന്‍ അപ്പോഴേ എഴുന്നേറ്റു പോകും. നൈട്രോഗ്ലിസറിന്‍ കൈകാര്യം ചെയ്ത അയാളുടെ ഒരു ബന്ധുവിന്‌ എന്തു സംഭവിച്ചുവെന്നത്‌ ചെറുതായൊന്നു വിവരിയ്ക്കുന്നുണ്ട്‌ അയാള്‍, പിരിയുന്നതിന്‌ മുമ്പേ. അതില്‍ വിരണ്ട പലരും കൂടെ എഴുന്നേറ്റുപോകുന്നു. നാല്‍വരും, തിരഞ്ഞെടുക്കപ്പെടാതെ പോയ ജോവും, പിന്നെ ഒ'ബ്രയനും ബാക്കിയാവുന്നു.

നാല്‍വരെ പിരിച്ചയച്ച ശേഷം, ഒ`ബ്രയന്‍, പിന്നേയും തങ്ങിനില്‍ക്കുന്ന ജോവിനെ ഉപദേശിയ്ക്കുന്നുണ്ട്‌, "നോക്ക്‌, ജോ, രണ്ടായിരം ഡോളര്‍ ഈ എനിയ്ക്കും വലിയൊരു തുക തന്നെ. പക്ഷെ, നമ്മുടെ വയസ്സിന്‌ ഈ ജോലി താങ്ങുകയില്ല." എങ്കിലും, തിരഞ്ഞെടുത്ത നാലിലൊരാള്‍ മുടങ്ങിയാല്‍ തന്നെ പരിഗണിക്കണമെന്ന ഉറപ്പു വാങ്ങിച്ചേ ജോ അവിടെ നിന്ന്‌ പിരിയുന്നുള്ളു. ജോവിന്റെ ഇച്ഛ നടക്കുന്നതായോ, ആ ഇച്ഛയെ ഫലവത്താക്കുന്ന വിധം അയാള്‍ സന്ദര്‍ഭത്തെ `കൈകാര്യം` ചെയ്യുന്നതായോ, നാം പിന്നീട്‌ അറിയുന്നു.

രാത്രി. പുറപ്പാടാണ്‌. ലാസ്‌ പൈദ്രാസിനെ ട്രക്കുകളുടെ സൈറണ്‍ മുഖരിതമാക്കുന്നു; ടൗണ്‍ നിവാസികള്‍ ഉത്ക്കണ്ഠാകുലര്‍. നാല്‍വരും ദൗത്യം തുടങ്ങിക്കഴിഞ്ഞു. 'മിസ്റ്റര്‍' ബില്‍ ഒ`ബ്രയന്‍ യാത്രാ മംഗളം നേരുന്നു. വളയം പിടിച്ചിരുന്ന ജോ പ്രതികരിയ്ക്കുന്നു: `ഗുഡ്‌ ലക്‌` -തുടര്‍ച്ചയെന്നോണം, ഒ`ബ്രയന്‌ കേള്‍ക്കാനാകാത്ത വിധം ആ പ്രതിവചനത്തോട്‌ `കൊക്കകോളാ` എന്നും കറുത്ത ഹാസ്യത്തോടെ ചേര്‍ക്കുന്നു. (നമ്മുടെ അതേ 'പ്ലാച്ചിമട' കമ്പ്ലെക്സ്‌ തന്നെ!) ട്രക്കുകള്‍ ഒച്ചുവേഗത്തില്‍ തുടക്കമിടുകയാണ്‌. ഒരിക്കല്‍ ചക്രച്ചാലുകള്‍ പുതഞ്ഞ വഴിത്താര പിന്നിട്ടാല്‍ പതുക്കെ വേഗത കൂട്ടാം; പക്ഷെ മുറിയ്ക്കാതെ ഓടിയ്ക്കണം. നിറുത്തണമെങ്കില്‍ വളരെ മുമ്പെ ഒരുങ്ങിത്തുടങ്ങണം. നിരപ്പുള്ള റോഡ്‌ (`വാഷ്ബോര്‍ഡ്‌` എന്നൊരു കവിത്വം നിറഞ്ഞ ടെക്നിക്കല്‍ വാക്കാണ്‌ സബ്ടൈറ്റ്ലിങ്ങില്‍ ഉപയോഗപ്പെടുത്തുക) കുറച്ചേയുള്ളു; പിന്നെയാവും ശരിയ്ക്കുമുള്ള ചാലഞ്ച്‌.

ജോ എന്ന അധോലോക വീരന്റെ മന:കാഠിന്യം അളക്കുന്ന വേള. ജോവിന്റെ പതറിച്ച മാരിയോവിനെ ചൂടാക്കിത്തുടങ്ങിയിരുന്നു. ഡ്രൈവറുടെ സീറ്റില്‍ ആദ്യമെ വലിഞ്ഞു കയറിയ അയാളെ, ഒരു പ്രതിസന്ധിഘട്ടത്തിനു ശേഷം, മാരിയോ മാറ്റിയിരുത്തുന്നു.

ല്യൂജിയും ബീംബായുമായേയ്ക്കും ഈ ദൗത്യത്തിലെ അവിശ്വസനീയമായ ടീം. അവര്‍ അതിനിടെ, നയിക്കാന്‍ ചുമതലയുണ്ടായിരുന്ന മാരിയോവിനേയും ജോവിനേയും മറികടക്കുന്നു. പണിമുഴുമിപ്പിക്കാത്ത ഒരു ഹെയര്‍പിന്‍ വളവിനെ `കൂള്‍` ആയി താണ്ടുന്നു. ബീംബായുടെ പാത്രസ്വഭാവം ആണ്‍മയുടെ സാന്ദ്രമായ വിമലീകരണത്തില്‍ ഒരുക്കൂട്ടിയതാണ്‌. അയാള്‍ ല്യൂജിയുടെ ഒരു ആരായലിനോട്‌ സ്ത്രീകളോടുള്ള താല്‍പ്പര്യമില്ലായ്മ പ്രകടിപ്പിയ്ക്കുന്നുണ്ട്‌. എന്നാല്‍ ല്യൂജി തന്റെ ഇറ്റാലിയന്‍ ശരാശരിയോട്‌ അനുയോജ്യമായി വിധത്തില്‍ തികഞ്ഞ റൊമാന്റിക്കാണ്‌. അതിനോട്‌ ബീംബാ നിശ്ശബ്ദമായി പുഞ്ചിരിച്ചു കൊണ്ടിരിയ്ക്കും. അയാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന്‌ സൂചിപ്പിക്കുന്ന ഒരുപാട്‌ നിരൂപക ശബ്ദങ്ങള്‍ അക്കാലത്തുയര്‍ന്നിരുന്നു. എന്നാല്‍ ഒരമ്പതു വര്‍ഷത്തിനു ശേഷം ആ പാത്രീകരണം, നിശ്ശബ്ദമായി, ക്ലൂസോയുടെ ആത്മയൊലിയുമായി സാധര്‍മ്മ്യപ്പെടുന്നത്‌ നാം കാണും. ആവിഷ്ക്കാരകന്‍ അത്രയും `ടഫ്‌` ആയിരുന്നാല്‍ മാത്രമെ ഇങ്ങിനെയൊരു ചലച്ചിത്രം പടയ്ക്കാനാവൂ എന്നും നാം അറിയും. ബീംബാ ആത്മബലിയോളമെത്തുന്ന male-bonding കൂട്ടുകാരനോട്‌ കാണിയ്ക്കുന്നു; നമ്മെയും അനുഭവിപ്പിയ്ക്കുന്നു. അതുപോലും, താന്‍ നാറ്റ്സികളില്‍ നിന്നനുഭവിച്ച കൊടും-തടവനുഭവങ്ങളെ ഒരൊറ്റ വാചകത്തില്‍ ചുരുക്കി അവതരിപ്പിച്ച്‌ നിസ്സാരപ്പെടുത്തുന്നുണ്ട്‌ അയാള്‍. ല്യൂജി നന്നേ തരളിതനാവുമതില്‍. അയാളും കൂട്ടുകാരനേക്കാള്‍ മുമ്പെ ആപത്തിലേയ്ക്ക്‌ കുതിയ്ക്കാന്‍ വെറുതെ വെറുതെ വെമ്പും.

ല്യൂജിയും ബീംബായും കടന്നുപോന്ന അതേ ഹെയര്‍പിന്‍ വളവില്‍ പക്ഷെ മാരിയോവും ജോവും കെണിയും. റോഡുപണിയ്ക്കായി മലഞ്ചെരുവിലേയ്ക്ക്‌ നീട്ടിയ പ്ലാറ്റ്ഫോമിന്റെ മരപ്പലകകള്‍ ഈര്‍പ്പം കുടിച്ച്‌ എന്നേ ദുര്‍ബ്ബലം. മാരിയോ ഓടിയ്ക്കുന്ന ട്രക്കാവട്ടെ നീളം കൂടിയതും. അത്‌ പ്ലാറ്റ്ഫോമിലേയ്ക്ക്‌ പിന്നോട്ടടിച്ചു വേണം വളഞ്ഞു കയറുന്ന ഹെയര്‍-പിന്‍ പാതയിലേയ്ക്ക്‌ തിരിച്ചെടുക്കാന്‍. ജോ ട്രക്കിനു പിന്നില്‍ നിന്ന്‌ സിഗ്നല്‍ കൊടുക്കുന്നു. മാരിയോ, ജോവിന്‌ നില്‍ക്കാന്‍ പോലുമുള്ള ഇടം കൊടുക്കാതെ പ്ലാറ്റ്ഫോമിന്റെ അറ്റം വരെ റിവേഴ്സടിയ്ക്കുന്നു. ജോ താലനാരിഴയ്ക്ക്‌ കൊല്ലിയിലേയ്ക്ക്‌ വീഴാതെ ഓടി രക്ഷപ്പെടുകയാണ്‌. അധോലോക വീരന്റെ ചുണയെന്താണെന്ന്‌ പരീക്ഷിയ്ക്കാന്‍ ഒരുമ്പെട്ടപോലെ തോന്നും മാരിയോവിന്റെ അശ്രദ്ധതയുടെ നാട്യം.

ല്യൂജിയും ബീംബായും, മാര്‍ഗ്ഗതടസ്സമായി നിന്ന ഒരു വലിയ പാറയടരിനെ നേരിടുന്ന സന്ദര്‍ഭമുണ്ട്‌ --കുന്നിന്‍ ചെരിവിലൂടെ നിരങ്ങിയിറങ്ങി വന്ന ഒരു ഭീമന്‍ കല്ല്‌. ജെറി കാനില്‍ നിന്ന സൈഫണ്‍ ചെയ്തെടുത്ത നൈട്രോഗ്ലിസറിന്‍ ബീംബാ അത്‌ തരിപ്പണമാക്കും. അപ്പോഴേയ്ക്കും മാരിയോവിന്റെ ടീമും അവരോടും ചേര്‍ന്നിരിയ്ക്കും. സ്ഫോടനവും മാര്‍ഗ്ഗതടസ്സം നീക്കലും കഴിഞ്ഞ്‌ ബീംബാ ല്യൂജിയുടെ ചുമലില്‍ തട്ടി പറയും: `വീര്യമുള്ള പാവങ്ങള്‍ എപ്പോഴും അനുഗൃഹീതര്‍!` മാരിയോവും ല്യൂജിയും ബീംബായും ഒന്നിച്ച്‌ ആര്‍ത്തുവിളിയ്ക്കും. ഒന്നിച്ച്‌ മൂത്രമൊഴിയ്ക്കാന്‍ നിരക്കും. ജോ, അതിലേയ്ക്ക്‌ തന്നെ ക്ഷണിക്കാത്തതിന്‌ ഖിന്നനാവുകയും.

വഴിമുടക്കിയ പാറക്കല്ല്‌ തകര്‍ത്ത്‌ ല്യൂജിയും ബീംബായുമാവും ആദ്യം യാത്ര തുടരുക. നൂറൂനൂറ്റമ്പതടി പിന്നിലായി മാരിയോവും ജോവും. ഇപ്പോള്‍, ബീംബാ മുഖക്ഷൗരത്തിലാണ്‌. അതിനെ ചെറുതായി കളിയാക്കുന്ന ല്യൂജിയോട്‌ അയാള്‍ പറയും. "ഇത്‌ കുടുബത്തിലുള്ളതാണ്‌. തൂക്കിക്കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ അച്ഛന്‍ നാറ്റ്സി ഓഫീസറോട്‌ ആവശ്യപ്പെട്ടത്‌ വിശദമായൊരു കുളി മാത്രമാണ്‌. മരിച്ചു കിടക്കുമ്പോഴും വൃത്തിയായി കിടക്കണം". ല്യൂജി മുഖം വടിച്ചുകൊണ്ടിരുന്ന കൂട്ടുകാരനെ ഒന്നു പാളി നോക്കും.

പക്ഷെ, വൃത്തി പോയിട്ട്‌ പൊടിപോലും ബാക്കിയാവാത്ത വിധി ബീംബായേയും ല്യൂജിയേയും തൊട്ടടുത്ത നിമിഷത്തില്‍ ഇടിമിന്നല്‍ പോലെ ഗ്രസിയ്ക്കും. തെറ്റ്‌; ബീംബായുടെ സിഗരറ്റ്‌ ഹോള്‍ഡര്‍ മാത്രം ഒരു പരുക്കുമില്ലാതെ കണ്ടെടുക്കപ്പെടും. ട്രക്ക്‌, അനുവദനീയമായതിലും കൂടുതല്‍ കുലുങ്ങിയതാവണം കാരണം; ഓടിച്ചിരുന്ന ല്യൂജിയുടെ ശ്രദ്ധ, സംഭാഷണത്തിനിടെ, പതറിയതാവണം....

ജോ ഭയവും വ്യസനവും കൊണ്ടാകെ തകരുന്നു. തന്റെ ആണത്വം പൊളിക്കപ്പെട്ടു കഴിഞ്ഞു --അതും സുന്ദരവിഡ്ഢിയായ ഈ മാരിയോ ചെറുക്കന്റെ മുമ്പില്‍. മാരിയോ ഇപ്പോള്‍ ഉപദേശം പോലും തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. ഒരിക്കല്‍ താന്‍ ടാവേണില്‍ ല്യൂജിയുടെ ശമ്പളദിനാഘോഷവേളയില്‍ അവനെ വിരട്ടിയൊതുക്കിയത്‌ മാരിയോ പുല്ലുകണക്ക്‌ മറന്നു കഴിഞ്ഞു. ല്യൂജി വലിയൊരു ക്രൗഡ്‌ പുള്ളര്‍ ആയിരുന്നു. അവനല്ലേ ജോലിയുണ്ടായിരുന്നുള്ളു. അതിന്റെ മദത്തില്‍ അവന്‍ എല്ലാവര്‍ക്കും മദ്യം ഫ്രീയായി ഓഫര്‍ ചെയ്യും. പാട്ടു വെയ്ക്കാന്‍ ആ ടാവേണ്‍ ഉടമയ്ക്ക്‌ ഓര്‍ഡര്‍ കൊടുക്കും....

പാട്ട്‌ പാടല്‍ -ഉറപ്പില്ലാത്ത ആണുങ്ങളുടെ നട്ടെല്ലുരുക്കം. കൗമാര ഗായകശബ്ദത്തിന്റെ ഉച്ചസ്ഥായിയിലേയ്ക്ക്‌ ആണ്‍കുട്ടികളെ `സൊപ്രേനോ` ആക്കുവാന്‍ വൃഷണഛേദം നടത്തിയിരുന്ന ഒരു യൂറോപ്യന്‍ കാലം കേട്ടിട്ടുണ്ടാവുമല്ലോ. അത്‌ ജോ വെറുത്തിരുന്നതായി തോന്നും. `ടഫ്‌ ഗൈ` ഇമേജിന്‌ കൊള്ളാത്തതാണ്‌ പാട്ടും ഡാന്‍സും. ആകയാല്‍ ജോ റേഡിയോ തകര്‍ത്തു കളയും. ല്യൂജി ഒരു ചൊടിപ്പന്‍ വായ്പ്പാട്ടിലൂടെ ആഘോഷത്തിന്‌ തുടര്‍ച്ച കൊടുക്കുകയും. ജോ കൈതോക്കെടുത്ത്‌ ല്യൂജിയെ വിരട്ടും. ല്യൂജി തോക്കില്ലാത്തവരുടെ മേല്‍ തോക്കുള്ളവന്റെ ആ ഒരേയൊരു ആണ്‍-തുറുപ്പുശീട്ടിനെ പരിഹസിയ്ക്കുകയും. ജോ ചെരിഞ്ഞൊന്നു ചിരിയ്ക്കും; ല്യൂജിയ്ക്ക്‌ കൈതോക്ക്‌ കൈമാറുകയും --പറ്റുമെങ്കില്‍ തന്നെ വെടിവെയ്ക്ക്‌ എന്ന്‌.

ല്യൂജി, അന്ന്‌, അവിടെ ഉരുകിത്തീരുകയായിരുന്നു. താനൊരു കൊലപാതകിയല്ലെന്ന്‌ സ്വയം പ്രതിരോധിയ്ക്കുകയായിരുന്നു; പ്‌രാകുക തന്നെയായിരുന്നു. ജോ അനാദിയായി പുഞ്ചിരിച്ചുകൊണ്ടിരിയ്ക്കുകയും. മാരിയോവിന്റെ ഊഴം, എഴുന്നേറ്റുനിന്ന്‌ ജോവിനെ സല്യൂട്ടടിയ്ക്കുക എന്നാവുമപ്പോള്‍.

ജോ ല്യൂജിയെ ഓര്‍ത്ത്‌ വിലപിച്ചു കൊണ്ടിരുന്നു; മാരിയോ ആവട്ടെ, സമയം നഷ്ടപ്പെടുന്നതിനെ കുറിച്ച്‌ ബേജാറായും. മാരിയോവിന്റെ പ്രായോഗികമതിത്വത്തില്‍ നൊന്ത്‌, ജോ ഇറങ്ങിയോടും അപ്പോള്‍. മാരിയോ പിന്നാലേയും. അപ്പോഴാവും മാരിയോ ജോവിനെ പൂശുക.

ജോ ആ ആണ്‍മണം അവശനായ ഒരു ചെന്നായയെ പോലെ മണത്തറിയും. ഒരു കാലത്ത്‌ ആ മണം അയാളും പുറപ്പെടുവിച്ചിട്ടുണ്ട്‌. ചെന്നായ്ക്കളുടെ 'pack' മൂല്യത്തിലധിഷ്ഠിതമാണത്‌. അയാള്‍ ലൈന്‍ ചേരും; തലതാഴ്ത്തി, കുമ്പിട്ട്‌....

ല്യൂജിയും ബീംബായും കഥാവശേഷരായ ഇടം ഒരു കുഴിയെടുത്തിരുന്നു. സമീപ വൃക്ഷങ്ങളത്രയും തല ഛിന്നി പോയിരുന്നു. ഉല്‍ക്കാഘാതം കണക്ക്‌ ഒരു സ്ഥലവിസ്മയം. സോറി; അതിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന ഒരു എണ്ണക്കുഴല്‍ തലയറ്റ സര്‍പ്പം കണക്ക്‌ ചീറിക്കൊണ്ടിരിയ്ക്കുന്നു. കുഴി നികത്തുവോളം അത്‌ ക്രൂഡെണ്ണ എക്കിട്ടു കൊണ്ടിരിയ്ക്കുന്നു.

ആകയാല്‍, ട്രക്ക്‌ എണ്ണക്കുളത്തിലൂടെ പുരോഗമിക്കുന്നതിന്‌ സിഗ്നല്‍ കൊടുക്കുക ജോ ആവും --എപ്പോഴുമെന്ന പോലെ. ഇടയ്ക്ക്‌ നിറുത്താന്‍ പറ്റില്ല എന്നുണ്ട്‌. വഴുക്കിത്തുടങ്ങിയാല്‍ ട്രക്ക്‌ കുടുങ്ങും. പക്ഷെ, പകരം ജോ വഴുക്കിവീഴും; സ്ഫോടനത്തില്‍ പൊളിഞ്ഞുവീണ ഒരു വൃക്ഷശാഖയില്‍, ക്രൂഡിന്റെ കുളത്തില്‍ മറഞ്ഞു കിടന്ന അതിന്റെ തടസ്സത്തില്‍. അതൊന്നും കാര്യമാക്കാനുള്ള സമയമല്ല. മാരിയോ ഹൃദയകാഠിന്യത്തോടെ ജോവിന്റെ കാലിലൂടെ ട്രക്കിനെ കയറ്റി കൊണ്ടുപോകും. അയാള്‍ ആര്‍ത്തനാദം പുറവെടുപ്പിക്കുമ്പോള്‍ `മിണ്ടാതിരി` എന്നുപോലും ക്ഷമകെടും.

പാരീസില്‍ എവിടെയായിരുന്നു തന്റെ വാസം എന്ന്‌ ചോദിയ്ക്കുന്നുണ്ട്‌ മാരിയോ --അടക്കിയ കരച്ചിലോടെ. ലാസ്‌ പൈദ്രാസില്‍ വീസയില്ലാതെ വന്നിറങ്ങി, ഇമിഗ്രെയ്ഷന്‍ ഓഫീസര്‍ക്ക്‌ കൈക്കൂലി കൊടുത്ത്‌ പുറത്തിറങ്ങിയ ജോവിനൊട്‌ മാരിയോ അന്നു ചോദിച്ച അതേ ചോദ്യം. ജോവാകട്ടെ, ഇന്ന്‌, മൃതപ്രായന്‍. ഒരു കാല്‍ കോഞ്ഞാട്ട പോലെ ചതഞ്ഞു പിരിഞ്ഞിരിയ്ക്കുന്നു. അത്‌ മരക്കഷണവുമായി ചേര്‍ത്തുകെട്ടി ജനലിനു പുറത്തേയ്ക്ക്‌ നീട്ടിവെച്ചിരിയ്ക്കുകയാണ്‌. `എന്തെങ്കിലും ഒന്നു പറ ജോ` എന്ന്‌ മാരിയോ മുഖമാകെ കരിയെണ്ണ കലര്‍ന്ന്‌ കരയും. തളരുന്ന പ്രാണനെ ഒന്നുകൂടി എത്തിപ്പിടിച്ച്‌ ജോ ചെറുതായൊന്ന്‌ തിരിച്ചുവരും. "നാറുന്നു", തന്റെ കാലിലേയ്ക്ക്‌ കണ്ണുചൂണ്ടി അയാള്‍ പറയും, "ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ അഴുകുകയാണ്‌".

ജോവിന്റെ ശ്രദ്ധ മാറ്റുവാന്‍ മാരിയോ ആവര്‍ത്തിയ്ക്കും: "പാരീസില്‍ നീ എവിടെയായിരുന്നു?"
ജോ: "റൂ ഗലോങ്ങ്‌".
മാരിയോ: "ആ തെരുവ്‌ എനിയ്ക്കും അറിയാം".
ജോ: "അവിടെ ഒരു പുകയില ഷോപ്പുണ്ടായിരുന്നു. അതിപ്പോഴുമുണ്ടോ അവിടെ? ആ ഇരുമ്പുകടയുടെ തൊട്ടടുത്തായി".
മാരിയോ: "ഇപ്പോഴും അതവിടെത്തന്നെയുണ്ട്‌".
ജോ: "എന്റെ ചെറുപ്പത്തില്‍ ആ ഷോപ്പിനപ്പുറത്ത്‌ ഒരു വേലിയുണ്ടായിരുന്നു".
മാരിയോ: "ഞാന്‍ പാരീസ്‌ വിടുന്നവരേയും അങ്ങിനെത്തന്നെ".
ജോ: "ആ വേലിക്കപ്പുറത്ത്‌ എന്താണുണ്ടായിരുന്നത്‌ എന്ന്‌ എനിക്കിപ്പോഴും അറിയില്ല".
മാരിയോ: ഒന്നുമില്ല ജോ; വെറുമൊരു ഒഴിഞ്ഞ പറമ്പ്‌ മാത്രം".

വീണ്ടും രാത്രി. സൈറ്റിലെത്താറായി. ജോ അണയാന്‍ തുടങ്ങിക്കഴിഞ്ഞു; മാരിയോവും പരിക്ഷീണന്‍.

ജോ: "ആ വേലിയെ കുറിച്ച്‌...ഞാനോര്‍ക്കുകയായിരുന്നു... എന്തായിരുന്നു അതിനപ്പുറത്തെന്ന്‌...".
മാരിയോ: "ഒരു ചുക്കുമില്ല; ഞാന്‍ പറഞ്ഞതല്ലേ".
ജോ: "ഒന്നും?".
മാരിയോ: "ഒന്നും".

മഹത്തായ `സത്തയും ശൂന്യതയും`. നമുക്കത്‌ തൊഴിലില്ലായ്മയും ആശയ-വിഢംബനരതിയും കൂടിക്കലര്‍ന്ന്‌ എഴുപതുകളില്‍ ചരിത്രം തീര്‍ത്തതാണെങ്കിലും, അതു പോലൊരു `ഒഴിഞ്ഞ പറമ്പ്‌` നാം ദിനേനെ ആത്മതീരത്ത്‌ അനുഭവിക്കുന്നുണ്ട്‌. ഇക്കാലങ്ങളില്‍ ഒറ്റൊറ്റയ്ക്ക്‌; വാച്യഭംഗികളില്‍ അമ്പേ അനാസക്തമായും.

**** ***** ***** ***** ***** *****

മാരിയോ ദൗത്യം മുഴുമിപ്പിച്ച്‌ മടങ്ങുകയാണ്‌. നാലായിരം ഡോളറും അവര്‍ അയാള്‍ക്ക്‌ പാരിതോഷികമായി നല്‍കും --ജോവിന്റേതും കൂട്ടി. മഹാവീരന്‍ എന്ന്‌ ആര്‍പ്പ്‌ വിളിയ്ക്കും. അയാളിപ്പോള്‍ ഭയത്തെ കടന്നുകഴിഞ്ഞിരിയ്ക്കുന്നു എന്ന്‌ സ്വയം ആമോദിയ്ക്കുവാന്‍ തുടങ്ങും. ട്രക്കിനെ ആ മലമ്പാതയില്‍ വളച്ചുപുളച്ച്‌ ഓടിയ്ക്കും.

പക്ഷെ, മാരിയോവിന്റെ ഡ്രൈവിങ്ങിലെ മഹാവിടവില്‍ ഭയം, നിര്‍ഭയം കടന്നുകൂടും. അതയാളെ തുറുകണ്ണുകളോടെ, നാലായിരം ഡോളറുകളോടെ, തവിടുപൊടിയാക്കും. ഭയം, എപ്പോഴും (അപ്പോഴും) ഇരയുടെ ശവം തിന്നു കണ്ടിട്ടില്ല. അത്‌, ഇടിമിന്നല്‍ ഝടുതിയില്‍ തന്നെ പിന്‍വാങ്ങും. വിളയാടിയ ഇടത്തെ അത്‌ വ്യാഖ്യാനങ്ങളിലേയ്ക്കായി വിട്ടുവിടും. ആക്സിഡന്റുകള്‍ നടന്ന സ്ഥലത്തെ, ഭയത്തെ ഭയന്ന മണങ്ങളോടെ, നമ്മെ അലട്ടുവാനായി വിട്ടുവിടും.

അകന്നകന്നു പോയി കേള്‍വിയിലേയ്ക്ക്‌ തിരിച്ചണയുന്ന ഒരു ഓരിയുടെ മാറ്റൊലി നാമപ്പോള്‍ കൈതണ്ടയുടെ രോമങ്ങളിലൂടെ അറിഞ്ഞു തണുത്തുവിയര്‍ക്കാന്‍ തുടങ്ങും.

അവിടെ, ജീവിതത്തെ അശുഭകര്‍മ്മമായി കണ്ട, മനുഷ്യതയിലെ കറുപ്പിടങ്ങളെ സൂക്ഷ്മദര്‍ശിനിയില്‍ വെച്ച്‌ ആഘോഷിച്ച, ക്ലൂസോയുടെ സംവിധായക പ്രതിഭ, തിളങ്ങുന്ന ഒരു കലാകര്‍മ്മമായി തീരുന്നതു നാം കാണും.

Subscribe Tharjani |