തര്‍ജ്ജനി

പി. മോഹന്‍

Visit Home Page ...

കാഴ്ച

ഫ്രഞ്ച് കസിന്‍സ്

നോവലിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകനും കാരിക്കേച്ചറിസ്റ്റുമായ പി.മോഹനന്റെ ഫ്രഞ്ച് കസിന്‍സ് എന്നു പേരിട്ട കാരിക്കേച്ചര്‍ പ്രദര്‍ശനം മയ്യഴിയിലും തിരുവന്തപുരത്തുമുള്ള അലിയാന്‍സ് ഫ്രാന്‍സേസില്‍ നടന്നു. കേരളീയരുടെ ചിന്താലോകത്തെയും അനുഭവമണ്ഡലത്തെയും ആഴത്തില്‍ സ്വാധീനിച്ച ഫ്രഞ്ച് ധൈഷണികലോകത്തെ മഹാരഥന്മാരോടുള്ളസ്നേഹാദരങ്ങള്‍ പ്രടമാക്കുന്ന ഈ പ്രദര്‍ശനത്തിന് ആമുഖമായി പി.മോഹനന്‍ നടത്തിയ ലഘുപ്രസംഗം തെരഞ്ഞടുത്ത ചിത്രങ്ങള്‍ സഹിതം ഞങ്ങള്‍ അവതരിപ്പിക്കുന്നു.

മറീ ആംറി ബെയ്‌ല്‍ (23 ജനവരി 1783 23 - മാര്‍ച്ച് 1842)


സ്റ്റെന്താള്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടു. റിയലിസത്തിന്റെ ആദ്യപ്രയോക്താക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് നോവലിസ്റ്റ്. കഥാപാത്രങ്ങളുടെ മാനസികലോകത്തിന്റെ സൂക്ഷ്മവും നിശിതവുമായ അപഗ്രഥനം ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി.

പ്രണയത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ മൌലികദര്‍ശനം 1822ല്‍ രചിച്ച ഒരു നോവലില്‍ അദ്ദേഹം വിവരിക്കുന്നു. പ്രണയം രൂപപ്പെടല്‍ റോമിലേക്കുള്ള തീര്‍ത്ഥാടനം പോലെയാണ് എന്ന് ഇദ്ദേഹം ഒരു സദൃശകല്പന അവതരിപ്പിക്കുന്നു. ഇതില്‍ ബൊലോനാ നഗരം താല്പര്യരാഹിത്യത്തിന്റേയും റോമാനഗരം സമ്പൂര്‍ണ്ണപ്രണയത്തെയും പ്രതിനിധാനം ചെയ്യുന്നു.

ഴാങ് പോല്‍ ഷാര്‍ല് അയ്‌മാര്‍ സാര്‍ത്ര് ( 21 ജൂണ്‍ 1905 - 15 ഏപ്രില്‍ 1980).


ഇരുപതാം ശതകത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരന്‍ സാര്‍ത്രാണ്. ഫ്രഞ്ച് അസ്തിത്വവാദദാര്‍ശനികനും നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഇദ്ദേഹം. പൊതുജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യത്യസ്തവും കര്‍ക്കശവുമായ നിലപാടുകള്‍ പുലര്‍ത്തിയ ബുദ്ധിജീവി.

പൊതുമണ്ഡലത്തിലെ ബുദ്ധിജീവി ആപല്ക്കരമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. തര്‍ക്കവിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ എതിര്‍പക്ഷത്തിന്റെ കടുത്ത ശത്രുതയ്ക്ക് കാരണമായിത്തീരുന്നു. 1961ജൂണില്‍ സാര്‍ത്രിന്റെ പാര്‍പ്പിടത്തിന്റെ മുമ്പില്‍ പ്ലാസ്റ്റിക്‍ബോംബ് പൊട്ടിയത് ഇതിന് ഉദാഹരണമാണ്. അള്‍ജീരിയന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് സാര്‍ത്ര് നല്കിയ പിന്തുണ വലതുപക്ഷതീവ്രവാദികളുടെ കടുത്ത ശത്രുതയ്ക്ക് കാരണമായി. കൊളോണിയല്‍ നിലപാടുകള്‍ക്ക് പിന്തുണ ദുര്‍ബ്ബലമായതോടെ സാര്‍ത്ര് ഇവരുടെ ആക്രമണലക്ഷ്യമായി.

ബുദ്ധിജീവികള്‍ തങ്ങളുടെ കാലത്തിന്റെ ധാര്‍മ്മികമന:സാക്ഷിയായിരിക്കണമെന്നു സാര്‍ത്ര് വിശ്വസിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ ചലനങ്ങള്‍ നിരീക്ഷിക്കുകയും സ്വന്തം മന:സാക്ഷിക്കനുസൃതമായി സ്വതന്ത്രമായി തുറന്നു സംസാരിക്കണമെന്നും അദ്ദേഹം കരുതി.

ഫ്രാന്‍സ്വാ അഗസ്ത് റെനേ റൊദേന്‍ (12 നവംബര്‍ 1840 - 17 നവംബര്‍ 1917).


ദൃശ്യകലാലോകത്തിനും പുറത്തും സ്വീകാര്യതയും പ്രശസ്തിയും നേടിയ ഫ്രഞ്ച് ചിത്രകാരനും ശില്പിയുമായിരുന്നു റൊദേന്‍ . തന്റെ കാലത്തെ ഏറ്റവും പ്രാമാണികനായ കലാകാരനായി ഇദ്ദേഹം വാഴ്ത്തപ്പെട്ടു.

മൈക്കല്‍ ആഞ്ജലോവിന് സമശീര്‍ഷനായ കലാകാരായാണ് തന്റെ കാലത്ത് റൊദേന്‍ കണക്കാക്കപ്പെട്ടത്. എന്നാല്‍ മരണാനന്തരം മൂന്നു പതിറ്റാണ്ടിനകം സംഭവിച്ച കലാപരമായ പരിണാമങ്ങള്‍ കാരണം അദ്ദേഹത്തിന്റെ പ്രശസ്തിക്കും അംഗീകാരത്തിനും ഇടിച്ചലുണ്ടായി. 1950കളോടെ അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ മഹത്വം പുനരാലോചനകള്‍ക്ക് വിധേയമാവുകയും സര്‍വ്വപ്രതാപത്തോടെ തിരിച്ചു വരികയും ചെയ്തു. ആധുനികകാലത്തെ മഹാനായ ശില്പിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.

വിഷയം എന്ന നിലയില്‍ മനുഷ്യന്റെ ധൈഷണികവും കായികവുമായ കരുത്ത് കണ്ടെത്തി പുന:സൃഷ്ടിക്കുക എന്ന ശില്പകലയുടെ പ്രാക്തനധര്‍മ്മം റൊദേന്‍ കലയില്‍ പുന;സ്ഥാപിച്ചു. പരമ്പരാഗതരീതിയുടെ ആവര്‍ത്തനം അവസാനിപ്പിക്കുകയും ശക്തമായ പരീക്ഷണങ്ങള്‍ക്ക് ഇടം നല്കുകയും ചെയ്ത കലാജീവിതമായിരുന്നു റൊദേന്റേത്.

അഗസ്ത് റെന്വാര്‍

വലന്തേന്‍ ലൂയീ ഴോര്‍ഴ് യുഴേന്‍ മാര്‍സല്‍ പ്രൂസ്ത് (10 ജൂലായ് 1871- 18 നവംബര്‍ 1922)

ഫ്രഞ്ച് നോവലിസ്റ്റും വിമര്‍ശകനും. 1913 മുതല്‍ 1927 വരെയുള്ള കാലഘട്ടത്തില്‍ ഏഴ് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ബൃഹത്തായ അ ലാ റെഷേര്‍ഷ് ദു തേംപ് പെര്‍ദൂ എന്ന കൃതിയിലൂടെ ശാശ്വതയശസ്സു നേടി.

ഴാങ് ഴെനെ ( 19 ഡിസംബര്‍ 1910 - 15 ഏപ്രില്‍ 1986)

വിവാദഫ്രഞ്ച് എഴുത്തുകാരനും പില്‍ക്കാല രാഷ്ട്രീയപ്രവര്‍ത്തകനും. തെണ്ടിയും ചെറുകിടകുറ്റവാളിയുമായിരുന്നു ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ . നോവലുകള്‍ , നാടകങ്ങള്‍ , കവിത, ലേഖനങ്ങള്‍ എന്നിവ എഴുതി.

68 മെയ് കലാപങ്ങളുടെ നായകനായ ദാനിയേല്‍ കോഹ്‍‌ന്‍ ബെന്‍ഡിക്ടിന് പിന്തുണ നല്കിക്കൊണ്ടാണ് ഴെനെ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ബ്ലാക്ക് പാന്തേഴ്‌സിന്റെ ക്ഷണം സ്വീരിച്ച് 1970ല്‍ അമേരിക്കയില്‍ പോയി പ്രഭാഷണങ്ങള്‍ നടത്തി. ഫൂക്കോവിനും സാര്‍ത്രിനുമൊപ്പം ഫ്രാന്‍സിലെ അള്‍ജീരിയന്‍ ജനത അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

പോല്‍ സെസാന്‍ (19 ജനവരി 1839 - 22 ഒക്ടോബര്‍ 1906)

പത്തൊമ്പതാം ശതകത്തിലെ ചിത്രകലയില്‍ നിന്ന് ആധുനിക ചിത്രകലയിലേക്കുള്ള പരിണാമത്തിന്റെ പാതയൊരുക്കിയ പോസ്റ്റ് ഇംപ്രഷണിസ്റ്റ് ചിത്രകാരന്‍ ‍.

സെസാന്റെ മരണശേഷം നടന്ന ചിത്രപ്രദര്‍ശനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞത്.

റൊളാങ് ബാര്‍ത്ത് (12 നവംബര്‍ 1915 - 25 മാര്‍ച്ച് 1980)

ഫ്രഞ്ച് ചിന്തകനും ചിഹ്നവിജ്ഞാനീയ സൈദ്ധാന്തികനും. ഘടനാവാദം, ചിഹ്നവിജ്ഞാനീയം, അസ്തിത്വദര്‍ശനം, മാര്‍ക്സിസം, ഘടനാവാദാനന്തരചിന്ത എന്നിവയെക്കുറിച്ചുള്ള സമകാലികവിചിന്തനങ്ങളില്‍ സ്വാധീനം ചെലുത്തിയ ദാര്‍ശനികനാണ് ബാര്‍ത്ത്.

ആന്ദ്രേ മല്‍റോ (3 നവംബര്‍ 1901 - 23 നവംബര്‍ 1976)

ഫ്രഞ്ച് ഗ്രന്ഥകാരനും ഭരണാധിപനും. തന്റെ കാലത്തെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തി.

യുദ്ധാനന്തരകാലത്ത് ജനറല്‍ ചാള്‍സ് ദിഗോള്‍ രൂപീകരിച്ച സര്‍ക്കാരില്‍ പ്രചരണവകുപ്പ് മന്ത്രിയായി. കലയുടെ മന:ശാസ്ത്രം എന്ന മൂന്നു ഭാഗങ്ങളായുള്ള പുസ്തകം ഇക്കാലത്താണ് പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിലെ ആദ്യത്തെ സാംസ്കാരികവകുപ്പ് മന്ത്രി ഇദ്ദേഹമാണ്.

Subscribe Tharjani |
Submitted by sreekumar kariyad (not verified) on Thu, 2008-01-17 01:04.

kandu . bodhichu .

sassneham sreekumar

Submitted by jayakumar lic (not verified) on Wed, 2008-03-05 22:03.

valare nannayitunte
jayakumar mahe