തര്‍ജ്ജനി

ഒ.കെ. സുദേഷ്‌

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

നിരീക്ഷണം

അണ്ണാറക്കണ്ണന്റെ ആ തന്നാലായതെങ്കിലും...

നോക്കൂ, ഒരണ്ണാറക്കണ്ണനുണ്ടായിരുന്നു....

എന്തൊരു തുടക്കമല്ലേ! സത്യമായും നിങ്ങളെ ഞെട്ടിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചല്ല ഇങ്ങിനെ തുടങ്ങേണ്ടി വരിക; രസത്തോടെ വായിച്ചു തുടങ്ങിക്കോട്ടെ എന്ന ദയക്കഞ്ഞി വീഴ്ത്തുമല്ല. എന്തായാലും ഇതിന്റെയെല്ലാം ഗുട്ടന്‍സ്‌ തിരിച്ചറിയാന്‍ നിങ്ങള്‍ക്കിട വരട്ടെ എന്ന്‌ പ്രാര്‍ത്ഥിയ്ക്കുവാന്‍ മാത്രമേ ഇത്തരുണത്തില്‍ ആവതുമുള്ളു.

ആകയാല്‍, ഒന്നുകൂടി തുടങ്ങട്ടെ; നോക്കൂ, എനിക്കൊരു ഒരണ്ണാറക്കണ്ണന്‍ ചെക്കന്‍ പോറ്റുമകനായുണ്ടായിരുന്നു....

അതായത്‌, പണ്ടൊരിക്കല്‍ എനിക്കൊരു അണ്ണാറക്കണ്ണനെ പോറ്റേണ്ടിവന്നു. മൃഗജാതികളെ ഓമനിയ്ക്കുക എന്നൊരു ഏനക്കേട്‌ എനിയ്ക്കുണ്ടായിരുന്നു. അവയെ നിരീക്ഷിച്ചു കൊണ്ട്‌ എത്ര സമയം വേണമെങ്കിലും 'ഖജനാവില്‍' നിന്ന്‌ ചിലവഴിയ്ക്കുവാന്‍ എനിയ്ക്ക്‌ കഴിയുമായിരുന്നു. അവറ്റയെ പോലെത്തന്നെ എന്നേയും സൃഷ്ടിച്ച ദൈവത്തിന്റെ നിരീക്ഷണ-പരീക്ഷണവലയത്തിനകത്താണ്‌ ഞാനും എന്റെ സബ്‌-നിരീക്ഷണവും എന്നതെല്ലാം ഓര്‍ത്ത്‌ ശ്വാസംമുട്ടിയിരുന്നതായി ഞാന്‍ ഓര്‍ക്കുന്നുമില്ല. ഹെന്തൊരു മറവി! പകരം, പ്രധാനവിഷയങ്ങളില്‍ നിന്നെല്ലാം ദൈവത്തെ മാറ്റിപാര്‍പ്പിച്ചിരുന്നതായി, പഴയതെല്ലാം ചികയുമ്പോള്‍, ഞാനിപ്പോള്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ തന്നെ ദൈവത്തിന്റെ റോളിലേയ്ക്ക്‌ ചേക്കയേറി എന്നും പരാതിപ്പെടാവുന്നതാണ്‌. വോട്ട്‌ എ catch-22 സിറ്റ്ചുവേഷന്‍!

എന്തായാലും, പ്രായശ്ചിത്തമില്ലാത്ത പാപങ്ങള്‍ ചെയ്യുവാന്‍ ആ 'അബോധാവസ്ഥ' എനിയ്ക്കു കരുത്തേകി. ദൈവത്തിന്റെ കാര്യമാണെങ്കില്‍, അത്‌ മനുഷ്യന്‍ സൃഷ്ടിച്ചതാണെന്നൊരു പക്ഷമുണ്ടല്ലോ. രണ്ടായിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പെ സെനൊഫെനീസ്‌ (Xenophanes) എന്ന ഏഷ്യാമൈനര്‍ വാസിയായിരുന്ന ഒരു ഗ്രീക്ക്‌ തത്ത്വജ്ഞാനി പറഞ്ഞുവെച്ച കിടിലന്‍ സാധനമിതാണ്‌:

"എത്യോപ്പുകള്‍ക്ക്‌ അവരുടെ ദൈവങ്ങള്‍ കറുമ്പരും മൂക്ക്ചമ്മിയവരുമാണെങ്കില്‍ ത്രേസ്യര്‍ പറയുക അവരുടേതിന്‌ നീലകണ്ണുകളും ചെമ്മുടിയുമുണ്ടെന്നാണ്‌. കന്നുകാലികള്‍ക്കും കുതിരകള്‍ക്കും സിംഹങ്ങള്‍ക്കും കൈകളുണ്ടായിരുന്നെങ്കില്‍, ചിത്രം വരയ്ക്കുവാനും ശില്‍പ്പം തീര്‍ക്കുവാനും കഴിഞ്ഞിരുന്നുവെങ്കില്‍, കുതിരകള്‍ അവറ്റയുടെ ദൈവത്തെ കുതിരയായും കന്നുകാലികള്‍ കന്നുകാലിയായും സിംഹങ്ങള്‍ സിംഹമായും വരച്ചേനേ. താന്താങ്ങളുടെ മാതൃകയില്‍ ദൈവങ്ങളെയും അവറ്റ രൂപപ്പെടുത്തിയേനേ."

എത്യോപ്പുകള്‍ എന്നുവെച്ചാല്‍ ഇന്നത്തെ എത്യോപ്യക്കാര്‍; ത്രേസ്യര്‍, ബള്‍ഗേറിയക്കാരും.

എന്തായാലും മനുഷ്യന്‌ ദൈവത്തിന്റെ തനിരൂപമാണെന്ന്‌ പറയുന്നിടത്തും ദൈവത്തിന്‌ രൂപമേയില്ല എന്നു പറയുന്നിടത്തും മനുഷ്യേച്ഛ കടന്നുവരുന്നുണ്ട്‌. അരൂപിയാണെന്ന്‌ പറയുന്നിടത്ത്‌ വല്ലമട്ടിലും കണ്ടെന്നാകില്‍ പോലും മനുഷ്യന്‌ മനസ്സിലാവാന്‍ വഴിയില്ല എന്നൊരു അപകടമുണ്ട്‌. മിക്ക നിരീശ്വരധാരണകളും ഇതില്‍നിന്നാണെന്നും കാണണം. പക്ഷേ, കാണാന്‍ കിട്ടുന്നവനല്ലെങ്കിലും, സ്പര്‍ശിച്ചറിയാന്‍ കാമ്പില്‍ കടഞ്ഞവനല്ലെങ്കിലും, പറയാന്‍ കഴിയുന്നവനാണല്ലോ കക്ഷി. കക്ഷി ശബ്ദശക്തി കയ്യൊഴിയാത്തവനല്ലോ. ആകയാല്‍, ഇതില്‍നിന്ന്‌ ഊറ്റിയെടുക്കാനാവുന്ന ഒരു സിമ്പ്ലന്‍ രൂപം ഇത്രയേ ഉണ്ടാവൂ: നാവ്‌, ചെവി ഇവയ്ക്കിടയിലൊരു കേബ്‌ളും. ഈ അനുമാനസിദ്ധമായ ഹേതുധാരണകള്‍ക്കിടയിലെവിടേയോ ആണ്‌ സെനോഫെനീസിന്റെ കന്നുകാലികളും മറ്റും അവറ്റയുടെ രൂപം ദൈവത്തില്‍ ആരോപിയ്ക്കുന്നത്‌. കാരണം, അവറ്റയ്ക്കും അബോധാത്മകമായി ചിത്രം വരയെ കുറിച്ച്‌ ചില വെളിപാടുകളെല്ലാം ഉണ്ട്‌; ശില്‍പ്പകലയില്‍, ആവര്‍ത്തനവിരസമെങ്കിലും, വംശപ്പെരുമയുണ്ട്‌. പക്ഷിമൃഗാദികള്‍ കാഷ്ഠിയ്ക്കുന്നതിലെ വൈവിദ്ധ്യം വീക്ഷിച്ചാല്‍ തന്നെ അക്കാര്യം നമുക്ക്‌ സ്വത്വഭീഷണാത്മകമായി നമ്മെ ചൂഴും. ആട്ടെ, അതുമാത്രമാവില്ല ഇവിടെ വിഷയം. ദൈവത്തിന്റെ രൂപാരൂപ തര്‍ക്കവാദങ്ങളിലെ നമ്മുടെ സൈദ്ധാന്തികപ്പഴുത്‌ അവര്‍ കണ്ടുപിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു! അങ്ങിനെ ആകപ്പാടെ പ്രശ്നം --അതിനിടയില്‍ ഈ ജന്തുഭീകരരുടെ സ്വയംസമ്പൂര്‍ണ്ണ ആത്മീയലോകങ്ങളും!

എന്നാല്‍പ്പോലും നിരീശ്വരവാദികള്‍ സെനൊഫെനീസിനെ ആഘോഷിയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ട്‌? തമാശിക്കല്ല്‌. കാരണം, കക്ഷി ഇതെല്ലാം പറഞ്ഞത്‌ ദൈവത്തിനു വേണ്ടി ഒത്തൊരുമിക്കേണ്ട ഒരു യൂണിഫൈഡ്‌ കോഡിനു വേണ്ടിയായിരുന്നു. ഒരു അരൂപ-രൂപ ഗുണകോഷ്ഠന്‍ രൂപം. യൂണിഫിക്കേഷന്‍ സംഭവിയ്ക്കുക സാമാന്യവല്‍ക്കരണങ്ങളില്‍ നിന്ന്‌. അതായത്‌ പട്ടിദൈവങ്ങളുടേയും പൂച്ചദൈവങ്ങളുടേയും ശിവകാശി ദൈവതങ്ങളുടേയും സെമിറ്റികമായ ഗുണ്ടുമണ്ഡൂക പുരികവളപ്പന്‍ ദൈവാഖ്യാനങ്ങളുടേയും മൊത്തം ബൃഹദാഖ്യാന പടുതികളുടെയത്രയും അതീവ മേല്‍ത്തല ശരാശരിത്തം. ശരാശരിയില്‍ ലോക്കല്‍ കള്‍ച്ചറല്‍ ഗ്യാപ്പുകള്‍ തുന്നിക്കൂടുന്നു. സൊ, നൗ, യു മെ സെലിബ്രെയ്റ്റ്‌ എ ഗോഡ്‌, യുവര്‍ ഗോഡ്‌, യെറ്റ്‌ ഏന്‍ അണ്ടര്‍സ്റ്റാന്‍ഡബ്ലി ആക്സെപ്റ്റബ്‌ള്‍, സ്റ്റില്‍ എ ജെനറലൈസ്‌ഡ്‌ ഗോഡ്‌. വിത്തൗട്ട്‌ ദാറ്റ്‌, യൂ വില്‍ ഗെറ്റ്‌ കോണ്‍സ്റ്റന്റലി ഫ്രൗണ്‍ഡ്‌ അപ്പോണ്‍.

ഞാന്‍ വളര്‍ത്തിയ പച്ചക്കിളിയ്ക്ക്‌ -- അതായത്‌ എന്റെ ലുട്ടാപ്പി അണ്ണാറക്കണ്ണന്‌ -- അങ്ങിനെയൊരു കൂട്ട്‌ ദൈവമുണ്ടായിരുന്നുവോ എന്നതളക്കാന്‍ എനിയ്ക്കാവുമായിരുന്നില്ല. കേവലം പത്ത്‌ വയസ്സായിരുന്ന എനിയ്ക്ക്‌ അവന്‍ ആദ്യജാതനായ പുത്രനായിരുന്നു. എനിയ്ക്കവനെ കിട്ടുക ഒരു പ്ലാച്ചോട്ടില്‍ അനാഥനായാണ്‌. അണ്ണാന്‍ ലക്ഷണങ്ങള്‍ മുളച്ചിട്ടേയുണ്ടായിരുന്നുള്ളു. 'റ' പോലെ കിടന്നു എന്നും 'ഖ' പോലെ ചുരുണ്ടുവെന്നും അപ്പോഴൊക്കെയും മിടിച്ചുകൊണ്ടേയിരുന്നു എന്നും പറഞ്ഞാല്‍ വിശ്വസിയ്ക്കൂ, പ്ലീസ്‌. എന്നതില്‍ നിന്നാവുമല്ലോ എന്റെ മുഗ്ദഹൃദന്തതാളത്തെ അത്‌ അലങ്കോലപ്പെടുത്തിയിരിയ്ക്കുക. മൂന്നുവരകള്‍ തെളിയാതെ കിടന്നതില്‍ നിന്ന്‌ മാത്രമാവും ഞാനവനെ ഒരു അണ്ണാറക്കണ്ണനാവാന്‍ സാദ്ധ്യതയുള്ള ലുട്ടാപ്പിയാക്കുക തന്നെ. ഹി വോസ്‌ സച്ചേ ക്യൂട്ട്‌ ഗൈ. ഓടിളക്കി വൃത്തിയാക്കുന്നതിനിടയില്‍ സുനാമിത്തിരയില്‍ പെട്ടവനാവണം ആ ക്ടാവ്‌. അച്ഛന്റെ ദുഷ്‌ചെയ്തികളില്‍ വിരോധിയായി അമ്മ ഇട്ടെറിഞ്ഞ്‌ പോയവനാവണം. നന്നേ ചെറുപ്പത്തില്‍ പ്രസവിക്കേണ്ടിവന്ന ഒരു ടീനേജര്‍ മാമ കെയര്‍ലെസ്സായി മറന്നുപോയതാവണം. കൈകാലുകള്‍ ഇളക്കി അലമുറയിടുന്നതിനിടെ അമ്മ 'ഖ'-നില്‍പ്പില്‍ വടിയായി പോയതുമാവാം; ചെക്കന്റെ കൃമിരൂപം കണ്ട്‌ ഭയചകിതയായി ഓടിപ്പോയതുമായിക്കൂടേ? അമ്മ 'ഖ'-വടിവില്‍ നിര്യാണപ്പെട്ടതില്‍ കാശി തന്നെ ശരണം എന്ന്‌ ധരിച്ചുവശായ അച്ഛനാല്‍ പരിത്യക്തനായതുമായിക്കൂടേ? അമ്പമ്പോ എന്തൊക്കെ സാദ്ധ്യതാ-മള്‍ട്ടിപ്പുകള്‍!

എന്തായാലും പ്ലാച്ചോട്ടില്‍ നിന്നെടുത്ത പാടെ അവനിങ്ങോട്ടു ചുമ്മാ കൂടെപോന്നു. തിളപ്പിച്ച പശുമ്പാല്‍ ആറ്റി ചെറുവിരലിലൂടെ വായിലേയ്ക്ക്‌ കിനിച്ചു കൊടുത്തു ഞാന്‍. പലപ്പോഴും ചിടുങ്ങന്റെ ദേഹമാസകലം നനയുവാന്‍ അതിടയാക്കി. കുളിപ്പിക്കാതെ വയ്യെന്നായി. ലുക്‌വാം വെള്ളത്തില്‍ കുളിച്ചപ്പോള്‍ കുളിരടിച്ച്‌ കിടുങ്ങി. അപ്പോള്‍ ടവ്വലു പുതപ്പിച്ച്‌, കോട്ടണ്‍ കൊണ്ട്‌ ഒപ്പിയൊപ്പി, പിന്നെ ക്യുട്ടിക്കൂറ പൂശി... ഏയ്‌! നാപ്കിന്‍ കെട്ടിയില്ല എന്നുമാത്രം. എന്നിട്ടു നന്നായി വാസനിച്ചു; മുകര്‍ന്നു. അവന്‍, ആ ഭീകരമായ ക്ലോസപ്പിലത്രയും, കണ്ണിമയ്ക്കാതെ മനുഷ്യമുഖം എന്ന പരമമായ ആദിമ പ്രതി-ജന്തുസ്ഥായിയെ നോക്കിക്കൊണ്ടിരുന്നു. ഐ റിപ്പീറ്റ്‌, ഹി വോസ്‌ സച്ച്‌ എ ക്യൂട്ട്‌ തിങ്‌, യു നോ. ഉരുട്ടുകണ്ണ്‌; മീച്ച; കുച്ചിരി-കുച്ചിരി കൈകാലുകള്‍; നെഞ്ഞിലത്രയും വെണ്‍നിറ ആടൈ; ആ ഫ്ലഫ്‌ഫി വാലോ; ശ്ശോ എന്തൊരു ചുക്രിച്ചുക്രി ചെവി! ആ കാര്‍ട്ടൂണ്‍ കരിംപൊട്ട്‌ മൂക്ക്‌!

ഒരു ദിനം ഖരപദാര്‍ത്ഥം കഴിയ്ക്കാന്‍ അവന്‌ മോഹമുണ്ടാമെന്ന്‌ കണ്ടാറെ ഗ്ലൂക്കോസ്‌ ബിസ്ക്കറ്റായത്‌ പൂവണിഞ്ഞു. പാലില്‍ നനച്ചാണ്‌ അത്‌ കൊടുത്തത്‌ എന്ന വസ്തുത അവനെ ശുണ്ഠി പിടിപ്പിച്ചത്‌ വളരെ പിന്നീടാണ്‌ കൃതഘ്നതയാര്‍ന്ന്‌ എന്നെ കുത്തിമലര്‍ത്തുക. പുറമെ, ആഹാരം കയ്യില്‍ പിടിയ്ക്കാന്‍ അനുവദിച്ചില്ല എന്ന ദുഷ്ടകര്‍മ്മവും തുണയായിട്ടുണ്ടാവാം. വായിലെ പോക്കറ്റില്‍ പോക്കി വെയ്ക്കാനും അനുവദിച്ചില്ലല്ലോ. എന്നാലും അവന്റെ വയറും നെഞ്ഞും ഓര്‍ക്കുമ്പോഴൊക്കെ എന്നില്‍ estrogen hormone ക്രമാതീതമായി സ്രവിയ്ക്കുന്നു. എനിയ്ക്കവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ദേഹപ്രദേശ സാവന്നയായിരുന്നു അവിടം. ഓമനജന്തുക്കളുമായി ഗാഢബന്ധം പുലര്‍ത്തിയവര്‍ ഇപ്പറഞ്ഞത്‌ കൃത്യമായി മനസ്സിലാക്കും. എല്ലാ ടൈപ്പ്‌ അമ്മമാരും ഇതറിയാതെ പോവുകയില്ല.

ഭക്ഷണം കഴിഞ്ഞാല്‍ കളിയുണ്ട്‌. മേലാസകലം അവനരിയ്ക്കും. പോക്കറ്റില്‍ കയറി തല പുറത്തിട്ട്‌ സവാരിയ്ക്ക്‌ കാത്തുനില്‍ക്കും. സ്ക്കൂളിലേയ്ക്ക്‌ പോകുന്നേരം അവനെ പാര്‍പ്പുകാരിയെ ഏല്‍പ്പിയ്ക്കും; ഈര്‍ക്കിലികള്‍ കുത്തിനിറുത്തിയുണ്ടാക്കിയ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയിലാക്കി. ഒരു നാള്‍ സ്ക്കൂളിലും കൊണ്ടുപോയി; ഹോ! മീശ കുരുത്ത, മൂക്കിന്റെ ശിശ്നാന്തത്തില്‍ ബ്ലാക്‍ഹെഡ്ഡുകള്‍ നിരന്ന, സരസ്വതി ടീച്ചര്‍ വരെ വന്ന്‌ അവന്റെ തലയില്‍ തഴുകി. സേതുബന്ധന്‍ജീ...!

സോ വോട്ട്‌?
ഒരു ദിവസം, ഭക്ഷണം കൊടുക്കുന്നതിനിടെ, അവന്‍ എന്നെ കടിച്ചു. ഉളിപ്പല്ലുകള്‍ ഒമഞ്ഞതാണ്‌. growing pangs എന്നു പറയും. വളര്‍ച്ചയുടെ, സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ആദ്യഘട്ടം. എന്റെ പെരുവിരലില്‍ ആഴ്‌ന്നിറങ്ങി അവന്റെ ഗംഭീരങ്ങളായ ഉളിപ്പല്ലുകള്‍. അവ ഇത്രയും വലുതായിയെന്ന്‌ ഞാന്‍ കരുതിയതേയുണ്ടായിരുന്നില്ല. അവന്‍ വിരലില്‍ അണ്ണാറകണ്ണ്വാത്മകമായി നോക്കിക്കൊണ്ടേ വിടാതെ പല്ലുകളാഴ്ത്തി. നരഭോജി! കൈ വീശിയാല്‍ ചെക്കന്‍ അസ്തുവാകുമല്ലോ എന്ന ബോധധാരയില്‍ പൊങ്ങിയൊഴുകി, പകരം, ഞാന്‍ കുടുകുടാ കണ്ണീരൊഴുക്കി. തല വിറച്ചു; ദേഹമാസകലം വെളിച്ചപ്പാടിനെ പോലെ വിറയെടുത്തു. അവനും ശക്തമായി തലവിറപ്പിച്ചുകൊണ്ട്‌ കടിവിടാ കടി തുടര്‍ന്നു. ദാറ്റ്‌ വോസ്‌ ഏന്‍ ഇന്‍സിഡന്റ്‌ അണ്‍ബിലീവബ്‌ള്‍. കൃതഘ്നത!

വിരലൊന്ന്‌ ഭേദമാവാനൊന്നും കാത്തില്ല. ഗെറ്റ്‌ ബാക്ക്‌ റ്റു യുവര്‍ ലോട്ട്‌, യു സ്കൗണ്‍ഡ്രല്‍! ഞാന്‍ ആക്രോശിച്ചു. നേരേ പ്ലാവിലേക്കവനെ ഘടിപ്പിച്ചു. ചെക്കന്‍ ഒന്നു മേലെ പോയി, തിരികെ അണഞ്ഞു. ഝില്‍! ഝില്‍? നോ! പോയേ പറ്റൂ. വിരല്‍ അണുവിസ്ഫോടിത ശേഷചര്യയിലാണ്‌. അവന്‍ കുഞ്ഞു കൈത്തലം കൊണ്ടൊരു ക്രോസ്‌ വരച്ചു; തുറുകണ്ണോടെ കയറിപ്പോയി. ഒരു മിനിയേച്ചര്‍ സ്വെറ്റര്‍ അണിയിച്ചിരുന്നു; ഡിസംബര്‍ മരംകോച്ചു കാലമായിരുന്നു. അവനത്‌ അഴിച്ച്‌ പിന്നിലേക്കിട്ടില്ല. തിരികെ വരില്ലെന്നും മറ്റും പറഞ്ഞില്ലല്ലോ; അച്ഛാ, വാതിലൊന്നു തുറക്കൂ എന്നൊന്നും 'ഝില്‍ ഝില്‍' അടിച്ചില്ലല്ലോ....

പിന്നെ വന്നേയില്ലല്ലോ.

അവന്‍ ചാവുമെന്നെനിയ്ക്ക്‌ ഉറപ്പാണ്‌. സകല മൂര്‍ഖരായ അണ്ണാന്മാരും വര്‍ഗ്ഗവഞ്ചകനായ, ക്യുട്ടിക്കൂറ മണക്കുന്ന അവനെ, പാലും ബിസ്ക്കറ്റും കൊണ്ട്‌ തീര്‍ത്ത ആ ബോഡിമാനെ ഓടിച്ചിട്ട്‌ ഇടിയ്ക്കും. പരുന്ത്‌ റാഞ്ചും. അവനെ ബോക്സിങ്‌ പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ലല്ലോ ഞാന്‍. 'ഒളിച്ചു--കണ്ടു' പഠിപ്പിച്ചിരുന്നുവോ? പും എന്ന നരകത്തില്‍ നിന്ന്‌ ത്രാണനം ചെയ്യിക്കുന്നവനല്ലേ പുത്രന്‍? എന്റെ ചിത പൂട്ടാന്‍ ഞാനവനെ അഭ്യസിപ്പിച്ചിരുന്നുവോ? പെണ്ണിനെ തെരഞ്ഞു പിടിയ്ക്കുവാനോ പുലര്‍ത്തുവനോ കുട്ടികളെ ജനിപ്പിച്ച്‌, ഓമനിച്ച്‌, അഭ്യസിപ്പിച്ച്‌, ഒരു അണ്ണാറക്കണ്ണന്‌ തന്നാലായ ലോകമെങ്കിലും മെനയാന്‍, ഞാന്‍, ഈ പെരുംപോത്തന്‍ ഞാന്‍, എന്റെ ഈ ട്യൂട്ടലിജ് കാരണമായോ?

എന്തു തന്തയാണ്‌ ഞാന്‍? എന്തു തള്ള?

പറ?

***** ***** ***** ***** ***** ***** ***** ***** *****

നമ്മുടേതായി ഒന്നുമില്ലാതെ, `പോയി എങ്ങിനെയെങ്കിലും തുലഞ്ഞു ജീവിയ്ക്ക്‌` എന്നു നടതള്ളിയ കൂട്ടത്തിലാണ്‌, നാം മലയാളികള്‍ എന്നെനിയ്ക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. നമ്മുടേതെന്ന്‌ പലതരം പക്ഷങ്ങളിലായി നിറംപിടിപ്പിച്ചു വെച്ചിരിയ്ക്കുന്ന നമ്മുടെ നേതാക്കള്‍ -അതായത്‌ സാംസ്ക്കാരിക/ജ്ഞാനവിജ്ഞാന/രാഷ്ട്രീയപരങ്ങളായ സകലമേഖലകളിലേയും നേതാക്കള്‍ - വാസ്തവത്തില്‍ നമ്മുടെ ശരാശരികളുടെ അധികം മേലെയൊന്നുമല്ല. ഒരുപക്ഷേ തീരെ മേലേയല്ല എന്നുപോലും എഴുതിത്തള്ളാം. പുതിയ അറിവല്ല തന്നെയിത്‌. എങ്കിലും പല ദേശീയതകളും അഹങ്കരിയ്ക്കുന്നതിനെ അനുകരിച്ച്‌ നാം, ഇവരെ, നമ്മുടെ മേല്‍ സ്ഥാപിച്ച്‌ പുറംലോകത്തിന്‌ കാട്ടിക്കൊടുക്കുന്നുണ്ട്‌. വിലാസമുള്ള ജനത തന്നെ ഞങ്ങളും എന്ന്‌ അറിയിപ്പിയ്ക്കുന്നുണ്ട്‌. ഭാഗ്യവശാല്‍ ആ ശ്രമം ഉദ്ദേശിച്ച പോലെ നമ്മുടെ അതിര്‍ത്തി കടന്ന്‌ പോകുന്നില്ല എന്നത്‌ വേറെ കാര്യം. പലപ്പോഴും ഭഗീരഥപ്രയത്നം നടത്തി, അതിര്‍ത്തി കടത്തി പറപ്പിയ്ക്കുന്നത്‌ തന്നെ നമ്മുടെ മീഡിയയാണ്‌. അതൊരു പ്രതീതിയാഥാര്‍ത്ഥ്യ കലാവിദ്യയാണെന്ന്‌ ഭയക്കണം. അതായത്‌, അത്‌ യഥാര്‍ത്ഥത്തില്‍ എവിടേയും പോകുന്നൊന്നുമില്ല; നമുക്കിടയില്‍ ചുറ്റിത്തിരിയുക മാത്രമാണ്‌.

അങ്ങിനെ `പറത്തി വിടുന്ന` പ്രതീതീയാഥാര്‍ത്ഥ്യങ്ങളെ പോലെത്തന്നെയാണ്‌, നമ്മുടെ പല ആത്മവിശേഷണങ്ങളും. `ദൈവത്തിന്റെ നാട്‌`-ആയാലും യു.എന്‍.-ന്റെ പലതരം ശ്ലാഘനീയങ്ങളായ സെര്‍ട്ടിഫിക്കെറ്റുകളായാലും, നമ്മുടെ `രാഷ്ട്രീയസാക്ഷരതാ‘‍പരമായ, `ബുദ്ധിജീവി`-പരമായ, കലാശക്തിപരമായ, ഇപ്പോഴിപ്പോള്‍, സ്പോര്‍ട്സിലെ കായികക്ഷമതയുടെ പേരില്‍ പോലുമുള്ള ആത്മപ്രശംസകള്‍ ഇതേ പ്രതീതിയാഥാര്‍ത്ഥ്യങ്ങളെയാണ്‌ ആഘോഷിയ്ക്കുന്നത്‌. മലയാളികള്‍ വിദേശികളെ കല്യാണം കഴിയ്ക്കുന്നത്‌, അന്യദേശമരണങ്ങളിലെ മലയാളി എണ്ണങ്ങളുടെ കണക്കെടുക്കുന്നത്‌ തുടങ്ങി പല കാര്യങ്ങളും, നാമെന്തൊക്കെയോ ഒക്കെ ആണെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌. ഉള്ളില്‍ പൊള്ളകെട്ടിയ മനുഷ്യതയുടെ മെയ്യാഭരണത്തിളക്കമാണിത്‌, വാസ്തവത്തില്‍. കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത, സ്വയം ഭരിയ്ക്കാനറിയാത്ത, സ്വയം മാനേജ്‌ ചെയ്യാനറിയാത്ത ഒരു ജനക്കൂട്ടത്തിന്റെ അസ്പഷ്ട നിലവിളികളാണിതിന്‌ പിന്നിലത്രയും.

കൊക്കക്കോളയെ വരുത്തി നിലം പതിച്ചു കൊടുത്തതിനു ശേഷം, വെള്ളമൂറ്റുവാനും വിഷം വിതറുവാനും അനുവദിച്ചതിനു ശേഷം, `അതാ ശത്രു` എന്ന്‌ അതിനെ ചൂണ്ടിക്കാട്ടി, അതിനെതിരെ സമരം നടത്തുവാനും കേസിനു പോകുവാനും നാം നേതാക്കളെ ജനിപ്പിച്ചിരിയ്ക്കുന്നു; അതിനു വിധേയരാകുവാന്‍ നമ്മെയും പരിണമിപ്പിച്ചിരിയ്ക്കുന്നു. എന്നാല്‍ അതിനിട കൊടുത്തവരെ `എക്കൗണ്ടബ്‌ള്‍` ആക്കുവാന്‍ നാം അശക്തരാണ്‌. കാരണം, ആ `കാരണം-തപ്പല്‍` നമ്മെത്തന്നെ പ്രതിക്കൂട്ടിലെത്തിപ്പിയ്ക്കും. ഒരിടത്ത്‌ റിലയന്‍സ്‌ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക്‌ അനുമതി കൊടുത്ത്‌, മറ്റൊരിടത്ത്‌ വ്യാപാരി-വ്യവസായി ഗൂഢതാല്‍പ്പര്യ-സംഘീയതകളെ തഴുകുവാനും ട്രെയ്‌ഡ്‌ യൂണിയന്‍ മൂര്‍ഖതകള്‍ക്ക്‌ വേദിയൊരുക്കുവാനും അതേ മട്ടില്‍ നമുക്ക്‌ കഴിയുന്നു. ഒരിടത്ത്‌ പ്രാചീന മാര്‍ക്സിസം പറയുമ്പോള്‍ മറ്റൊരിടത്ത്‌ പാശ്ചാത്യ മുതലാളിത്തത്തേക്കാള്‍ എത്രയോ മടങ്ങ്‌ കാട്ടാളത്ത-വാസനകളുള്ള ചൈനീസ്‌ കാപ്പിറ്റലിസത്തെ നാം മാതൃകയാക്കുന്നു. നിയമസാധുത നോക്കാതെയും ധര്‍മ്മസമരമെന്ന മട്ടിലും മൂന്നാറിലെ കെട്ടിടങ്ങള്‍ പൊളിച്ചും 'സ്വകാര്യ' ഭൂവിടങ്ങള്‍ `തിരിച്ചുപിടിച്ചും`, ഇപ്പോഴേയ്ക്കും ഖജനാവ്‌ കാലിയാക്കുവോളം നിയമപ്രശ്നങ്ങളില്‍ ചെന്ന്‌ കുരുങ്ങിയിരിയ്ക്കുന്നു. മുണ്ടും ജൂബ്ബയും ധരിച്ച്‌ തലയും മുഖവും എണ്ണയില്‍ കുളിപ്പിച്ച്‌ ടെലവൈസ്‌ഡ്‌ പച്ചച്ചിരി ചിരിയ്ക്കുന്ന ഈ നേതാ-ഭീകരരെ നാം ദിനേനെ കൂടുതല്‍ കൂടുതല്‍ കുട്ടിക്കളികള്‍ക്കായി ഊട്ടിവളര്‍ത്തിയിരിയ്ക്കുന്നു. ദേശം പോയി, സ്വന്തം പഞ്ചായത്ത്‌ പോയി, സ്വന്തം വീടോ കിടപ്പുമുറിയൊ പോലും മാനേജ്‌ ചെയ്യാനറിയാത്ത ഈ മഹാദ്രോഹികളെക്കൊണ്ട്‌ നമ്മെ പൊതിയിയ്ക്കുകയും അതേ വൃത്തിഹീനരെ കൊണ്ട്‌ ആര്‍പ്പുവിളികളോടെയോ അടക്കിപ്പിടിച്ച പരിഹാസത്തോടെയൊ തുടര്‍ന്നുമതിന്‌ അനുവദിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു നാം. ഇതിനൊക്കെ പുറമെ, നാം അതിന്റെ വിഢംബന കാലക്ഷേപങ്ങള്‍, `മിമിക്രി` എന്ന പേരില്‍ പുനഃപ്രക്ഷേപണമായി സ്വീകരണമുറികളില്‍ നേരമ്പോക്കാക്കുകയും ചെയ്തിരിയ്ക്കുന്നു. ഹര്‍ത്താലുകള്‍ വിളിപ്പിയ്ക്കുകയും അതേ ദിനങ്ങളെ മദ്യസേവയാലും മുടിഞ്ഞ ഇറച്ചിവിരുന്നുകളാലും മുക്കിക്കൊല്ലുകയും ചെയ്യുന്നു. നീതിന്യായങ്ങള്‍ക്ക്‌ കോടതിയെ ഉപയോഗിയ്ക്കുകയും താമസംവിനാ വിധികളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

എന്നിട്ടും, നമുക്കെന്തു പറ്റി എന്നല്ല നാം ആലോചിയ്ക്കുന്നത്‌. പകരം, നമ്മെ ആരൊക്കെയൊ അപകടപ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്നു എന്നാണ്‌ നാം ഇപ്പോഴും തര്‍ജ്ജുമ ചെയ്തുകൊണ്ടിരിയ്ക്കുന്നത്‌. കാര്യസ്ഥകര്‍മ്മങ്ങളിലെ നിരുത്തരവാദിത്തത്തെ ശിരസാവഹിയ്ക്കുകയും ചികില്‍സിച്ചു ഭേദപ്പെടുത്തുകയും ചെയ്യുന്നതിനു പകരം, നാം ബൃഹത്തായ ഒരു തെമ്മാടി വ്യവസ്ഥയിലേയ്ക്ക്‌ സാഹ്ലാദം ഇറങ്ങിച്ചെന്നിരിയ്ക്കുന്നു. ഈ തെമ്മാടിത്തത്തിന്‌ നാമൊരു കനത്ത വില കൊടുത്തേ പറ്റൂ എന്ന്‌ നിങ്ങളും സമ്മതിയ്ക്കും. ഏതെങ്കിലും പരുന്ത്‌ റാഞ്ചട്ടേയെന്നും, ഏതെങ്കിലും പേപ്പട്ടി കടിക്കട്ടേയെന്നും, അപ്പോള്‍തൊട്ട്‌, ആ നിമിഷം തൊട്ട്‌, നിങ്ങളും ശപിച്ചുതുടങ്ങും.

ആ വില എന്റെ ലുട്ടാപ്പി കൊടുത്തിട്ടുണ്ടാവുമായിരുന്നതിനേക്കാള്‍ കൂടുതലാവുമെന്നും ഞാന്‍ ദീനതയോടെ മനസ്സിലാക്കുകയാണ്‌. ഒന്നുമില്ലെങ്കിലും, എന്റെ ചെക്കന്‌ സംഭവിച്ചിരിക്കാവുന്ന ദുരന്തത്തിന്‌ ഞാനാണല്ലോ കാരണക്കാരന്‍ -സദുദ്ദേശ്യത്തോടെ നടത്തിയതായിരുന്നെങ്കില്‍ കൂടി. ഇവിടെ, നമുക്ക്‌ മൊത്തം സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്‌ കാരണം നാം ആരുടെ മേല്‍ വെച്ചുകെട്ടും? ഏത്‌ ഒരുമ്പെട്ട നയരേഖയ്ക്ക്‌ മേല്‍ വെച്ചുകെട്ടും? ഏത്‌ പ്രത്യയശാസ്ത്രപര നിലപാടിന്മേല്‍ വെച്ചുകെട്ടും? ഏതു രാഷ്ട്രീയാനുഭവ ഗൃഹാതുരതയുടെ യുട്ടോപിയന്‍ സ്വപ്നപ്രതീക്ഷയിലേയ്ക്ക്‌ സമാശ്വസിപ്പിയ്ക്കും? ഏത്‌ പൊതുമലയാളി സ്വഭാവസവിശേഷതയില്‍ ആരോപിയ്ക്കും? നമ്മുടെ ദേശ-ജനിതകത്തില്‍ എന്താണ്‌ കെട്ട്‌ ചീഞ്ഞുനാറുന്നത്‌?

എല്ലാം എനിയ്ക്കറിയാവുന്നതിനെ പോലെ നിങ്ങള്‍ക്കുമറിയാം എന്നത്‌ എനിയ്ക്കുമറിയാം. പക്ഷേ അതിനേയോ, അതെന്തെന്നോ, നാം സംബോധന ചെയ്യില്ല. അത്‌ നാം അന്യോന്യം പങ്കിടുന്ന ഗൂഢതാല്‍പ്പര്യമാണ്‌. പരസ്പര വഞ്ചിതമായ ജനിതക സവിശേഷത്തില്‍ സന്നിഹിതമാണത്‌. സ്വന്തം വീട്‌ കുളം തോണ്ടിയവരാരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി കണ്ടിട്ടില്ല. ആകയാല്‍ ഒരു അണ്ണാറക്കണ്ണന്‌ നേടാനാവാമായിരുന്നതു പോലും നമ്മെ താണ്ടിപ്പോവുകയാണ്‌; കടന്നുപോകുകയാണ്‌.

എങ്കിലും പുതുവല്‍സരാശംസകള്‍!
ഇരിയ്ക്കട്ടെ, അല്ലേ!
ഇതൊക്കെ ചേട്ടന്റെ ഒരു ഡാവ്‌, അല്ലേ!

Subscribe Tharjani |