തര്‍ജ്ജനി

ഡോ.ടി.പി.നാസര്‍

സമവേശ്‌മ, 23&599, കണ്ണഞ്ചേരി, പി.ഒ. കല്ലായി കോഴിക്കോട്‌ - 3

Visit Home Page ...

കഥ

ആത്മകഥ പോലെ എന്തോ ഒന്ന്‌

കാര്യങ്ങളിങ്ങനെ പോയാല്‍ എന്റെ കഞ്ഞികുടി മുട്ടിയതുതന്നെ.എനിയ്ക്കു പേടിയാവുന്നു. ഇവര്‍ക്കൊക്കെ എന്തിന്റെ സൂക്കേടാ.അല്ലാണ്ടു തന്നെ ഒരു വിധം ഒക്കെ ഒപ്പിച്ചു പോവ്വാ.അതിന്റെടേലാ ഇവറ്റങ്ങളെയൊരു..
ഓ ,മറന്നു പോയി.ഞാനെന്നെ പരിചയപ്പെടുത്തിയില്ലല്ലൊ.ഗോപാലകൃഷ്ണന്‍.കൃഷ്ണന്‍ മാഷെന്നും വിളിക്കും.പിമ്പ്‌.അതായത്‌ കൂട്ടിക്കൊടുപ്പുകാരന്‍.
ക്ഷമിക്കണം.പറയുന്നതു കൊണ്ടൊന്നും തോന്നരുത്‌.ഒരു പേര്‌ പറഞ്ഞുവെന്നേയുള്ളു.കാലവും
സ്ഥലവും സന്ദര്‍ഭവുമനുസരിച്ച്‌ എന്റെ പേരും മാറിക്കൊണ്ടിരിക്കും .അതു നിര്‍ബ്ബന്ധമാ.ഇല്ലെങ്കില്‍ നിലനില്‍ക്കാനാവില്ല.അതാ ഈ തൊഴിലിന്റെ കുഴപ്പം.
എന്താ ഞെട്ടിപ്പോയോ?
പത്തിരുപത്തഞ്ച്‌ കൊല്ലങ്ങളായി ഈ തൊഴിലിലായിട്ട്‌.വരുമാനോം മോശല്യ. കമ്മീഷനായിട്ടാ. കുറച്ചു മിച്ചം പിടിയ്ക്കാന്‍ പറ്റും.കുടുംബം പോറ്റാന്‍ അതുമതി.വീടെടുത്തതിന്റെ ലോണടച്ചു കൊണ്ടരിക്ക്യാ.ഇനിയും കുറച്ചടവ്‌ ബാക്കീണ്ട്‌.അതിന്റെടേലാ..
ബേങ്ക്‌ ലോണിന്റെ കാര്യം പറഞ്ഞപ്പൊഴാ ഓര്‍മ്മ വന്നത്‌.അതൊരു രസംള്ള കഥാ.ലോണെന്നു കേട്ട പാടെ ബാങ്കു മാനേജറ്‌ എന്നെയങ്ങു കേറിപ്പിടിച്ചു. പിന്നെ ചോദ്യങ്ങളായി. ഫോം ഫില്ലപ്പായി.ജോബ്‌ എന്ന കോളത്തിലേക്ക്‌ ജോലി ചോദിച്ചപ്പോള്‍ മാനേജറൊന്നു വിരണ്ടു. പിമ്പോ ?
ഉം
ഞാന്‍ മലയാളത്തിലങ്ങു കാച്ചി. അതേയ്‌,കൂട്ടിക്കൊടുപ്പു തന്നെ. പിമ്പ്‌.പിമ്പ്‌.
ലോണ്‌ പാസ്സാക്കാന്‍ ആദ്യമൊന്ന്‌ അമാന്തിച്ചെങ്കിലും ജാമ്യക്കാരെ കണ്ടപ്പോള്‍ മൂപ്പരാളാകെ മാറി.ഓര്‌ ചില്ലറക്കാരല്ല.എന്റെ കക്ഷികളാ.പിന്നെ ഇത്ര കൃത്യായിട്ട്‌ ലോണടക്ക്ണോരായിട്ട്‌ ആരാ ഉള്ളത്‌. അതും ഒരു യോഗം.
ഒരിക്കല്‍ മൂപ്പരേം ഞാനൊന്ന്‌ മുട്ടി നോക്ക്യതാ .ഭാര്യയും കുട്ടികളുംകുറച്ചു ദൂരത്താത്രെ. ഇപ്പോ എല്ലാവര്‍ക്കും കൊച്ചു കിടാങ്ങളെയല്ലെ നോട്ടം.കിളി പോലത്തെയൊന്ന്‌ കയ്യില്‍ തടഞ്ഞപ്പം-അതും പതിനെട്ട്‌. ഒന്നു കാച്ചി.
'വേണ്ട കൃഷ്ണാ.’ മാ‍നേജറു പറഞ്ഞു. എനിയ്ക്കും രണ്ടു പെണ്‍മക്കളാ. ..അതൊന്നും നമുക്കു ശര്യാവൂല്ല..എനി‍യ്ക്കു ചിരി പൊട്ടി.പിന്നെ ണ്ട പെണ്‍മക്കളില്ലാത്തോരല്ലെ ഇപ്പണിക്ക്‌ പോണ്‌ ?
‘വേണ്ടെങ്കില്‍ വേണ്ട.‘

ഇപ്പോഴായിട്ട്‌ എല്ലാം കുറച്ച്‌ മോശാ.ഇടപാടുകാരു തന്നെ നേരിട്ടങ്ങ്‌ കച്ചവടം ഉറപ്പിക്കും.പിന്നെ കമ്മീഷനൊഴിവാക്കാമല്ലൊ.രണ്ടു കൂട്ടര്‍ക്കും ലാഭം.
കഴിഞ്ഞാഴ്ച ചെറിയൊരു കശപിശയുണ്ടായി.ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ ഒരുത്തിയെ വേണം. നായരാണ്‌. സ്റ്റേറ്റ്‌ വിട്ട്‌ പുറത്തെങ്ങോട്ടൊ ട്രെയിനിംഗിനു പോകാനാ.വയസ്സ്‌ ഇരുപത്തഞ്ചിനും മുപ്പതിനും ഇടയ്ക്ക്‌. നല്ല വെടിപ്പും മൊഞ്ചും വേണം. ഭാര്യയെപ്പോലെ തോന്നിക്കണം. ആര്‍ക്കും സംശയത്തിനിട വരുത്തരുത്‌. ഹെഡ്‌ കോണ്‍സ്റ്റബിള്‍ ഹസ്സന്‍ കുട്ടിയാണ്‌ പറഞ്ഞത്‌. സ്റ്റേഷനതിര്‍ത്തിയ്ക്കു പുറത്തുള്ളവളായിരിക്കണം. കേട്ടയുടനെ എന്റെ മനസ്സിലോടിയെത്തിയത്‌ ഹരിപ്പാട്ടെ സൗദാമിനിയാണ്‌. സ്റ്റേഷനതിര്‍ത്തി
മാത്രമല്ല ജില്ലയ്ക്കു തന്നെ പുറത്ത്‌. പോരാത്തതിന്‌ കുറച്ചൊരു എടുപ്പും ഉണ്ട്‌. ആര്‍ക്കും സംശയം തോന്നില്ല. മൊബെയിലില്‍ വിളിച്ചപ്പോള്‍ അവളങ്ങു തലസ്ഥാനത്തായിരുന്നു.ഏതോ പാര്‍ട്ടി നേതാവിന്റെ കൂടെ. പിന്നെ തിരിച്ചു വിളിച്ചു.
'-വേണ്ട കൃഷ്ണേട്ടാ ഈ പോലീസുകാര്‌ ഒരു വക കാടന്മാരാ.വല്ലാണ്ടു നോവിക്കും. പിന്നെ പറഞ്ഞ കാശും തരില്ല.പേടിപ്പിച്ചു വിടും.രാഷട്രീയക്കാരാ ഭേദം.അവറ്റങ്ങയ്ക്കു സ്നേഹംണ്ട്‌.കൈ നിറയെ കിട്ടും.അന്തസ്സായി പെരുമാറും. ഞാനില്ല. ചേട്ടന്‍ വേറെയാരെയെങ്കിലും നോക്ക്‌..പി‍ന്നെ ഓര്‍മ്മ വന്നത്‌ ജസീക്കയെയാണ്‌. അച്ചായത്തി. ചെങ്ങന്നൂര്‍ക്കാരി. ചാര്‍ജല്‍പം കൂടുതലാണ്‌.അവളും പോലീസുകാരാണെന്നു പറഞ്ഞ പാടെ ഫോണ്‍ വെച്ചു.
'-എനിയ്ക്കു കുറച്ചു കാലം കൂടി ജീവിക്കണമെന്നുണ്ട്, കൃഷ്ണേട്ടാ.അവന്മാര്‌ കൊന്നു കുഴിച്ചിട്ടാല്‍ പോലും ആരുമറിയില്ല..കാര്യം തുറന്നു പറഞ്ഞപ്പോള്‍ യജമാനന്മാരെന്നെ വിരട്ടി,
‘ഞങ്ങളോടു കളിച്ചിട്ട്‌ ഏതവളാടാ വിലസാന്‍ പോണ്‌. അതൊന്നു കാണട്ടെ. നിനക്കും വെച്ചിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ അവരെന്റെ കുന്നിയ്ക്കു പിടിച്ചു. അതിന്‌ എന്നോടു കെറുവിച്ചിട്ടെന്താ കാര്യം ?അതു നിങ്ങടെ വര്‍ഗ്ഗത്തിന്റെ കുഴ
പ്പമല്ലെ എന്നായി ഞാന്‍. ഏതായാലും പിടി വിടുവിച്ച്‌ പതുക്കെ അവിടെ നിന്നും തലയൂരി.സാറന്മാര്‌ വേറെയാരെങ്കിലും നോക്ക്‌...
വക്കീലന്മാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ഈ ഏമാന്‍മാരെപ്പോലെ അത്ര കുഴപ്പക്കാരല്ല.പറഞ്ഞതില്‍ കൂടുതല്‍ തരും.കാര്യം അന്തസ്സായി നടക്കും. ആരുമറിയില്ല.പ്രശ്നങ്ങളും കുറവ്‌. വക്കീലന്മാരെന്നു കേട്ടാല്‍ ഇവറ്റകള്‍ക്കു്‌ ഉത്സാഹാ..എന്തൊരു തിടുക്കാ.കേസും മറ്റും വന്നാല്‍ അസ്സലായിട്ട്‌ തലയൂരാലോ.പിന്നെ ഭാവീല്‌ ഒരു സഹായോം.നിയമറീണോരല്ലെ.എവിടെ പിടി ക്കണമെന്ന് ശരിക്കറിയാം. സൂത്രത്തില്‌ അവര്‍ അവരുടെ നമ്പരും കൈക്കലാക്കും. കോഴിക്കോട്ടെ സുഹറ റെയ്ഡില്‌ കുടുങ്ങിയപ്പോള്‍ രക്ഷിച്ചത്‌ ഒരു വക്കീലാ.അഞ്ചാറ്‌ പയ്യന്‍സുമായി കേരളത്തിലങ്ങോളമിങ്ങോളം കറങ്ങി നടന്ന് ‌അവസാനം ബേക്കല്‍ കോട്ടയ്ക്കടുത്ത്‌ ഒരു റിസോര്‍ട്ടില്‍ വെച്ചാ പോലീസിന്റെ പിടിയിലായത്‌.
ഫോണു വന്നപ്പം ഞാനുമൊന്നു പേടിച്ചു. ഉടനെ കറക്കി. അഡ്വ.ബാലചന്ദ്രന്‌. മൂപ്പര്‍ക്ക്‌ അവളെ പണ്ടു ക്ഷ പിടിച്ചതാണ്‌.കാര്യമൊക്കെ ശരി തന്നെ--വക്കീലു പറഞ്ഞു.വക്കീല്‍ ഫീസും മറ്റുമായി അവളുടെയടുത്തു നിന്നും ഒരു തുക വേണം. എങ്കില്‍ ശ്രമിക്കാം. കേട്ട പാടെ സുഹറ പറഞ്ഞു.എന്തായാലും വേണ്ടീല്ല.ഒന്നു തലയൂരിത്തന്നാല്‍ മതി. കൃഷ്ണേട്ടന്‍ കൊടുത്തോ.ഞാന്‍ പുറത്തു വന്നിട്ടു തരാം. പണം റൊക്കം കൊടുത്തപ്പോള്‍ വക്കീല്‍സാറത്‌ പീഢന
ക്കേസ്സാക്കി മാറ്റി.നാലു ദിവസങ്ങള്‍ക്കു ശേഷം സുഹറ പുറത്ത്‌.പയ്യന്‍മാര്‍ ജയിലിലുമായി.

പിറ്റേ ദിവസം തന്നെ സുഹറ പണം കൊണ്ടുത്തന്നു.പാവം തോന്നി.
'-ഇതൊക്കെ ഈ തൊഴിലില്‌ പതിവല്ലെ കൃഷ്ണേട്ടാ.സഹിക്കാണ്ട്‌ പറ്റ്വോ ? പി‍ന്നെ ഒരു ദിവസം വക്കീലിന്റെ കൂടെ മൂന്നാറില്‍.
ഇടയ്ക്കു വക്കീലിനെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു- അതൊരു വല്ലാത്ത സാധനം തന്നാണേയ്‌.എന്നാലും കൃഷ്ണാ പൈസ കൊടുത്തിട്ടുള്ള ഏര്‍പ്പാടു തന്നാ നല്ലത്‌. അതിനൊരു രസംണ്ട്‌. ഫ്രീയെന്നും ഫ്രീ തന്നെ..

രണ്ടാഴ്ച കഴിഞ്ഞപ്പോഴാണറിഞ്ഞത്‌.സുഹറ അന്ന്‌ അയാളോട്‌ കണക്കു പറഞ്ഞ്‌ പണം വാങ്ങീത്രേ.പീഢനക്കേസ്‌ നിലവിലിരിക്കണ സമയമാണ്‌, കൂടെക്കഴിഞ്ഞ രേഖകളൊക്കെ വെച്ച്‌ തന്നേം കുടു
ക്കുമെന്നു പറഞ്ഞ്‌ വിരട്ടിയത്രെ.സൗദാമിനിയാണ്‌ പറഞ്ഞത്‌.
എന്നാലും അവളു്‌ നന്ദിയുള്ളവളാ. ഇടയ്ക്കു വന്നു കാണും.എന്തെങ്കിലുമൊക്കെ തരും.കൈയിലിരിക്കുന്ന ഈ വാച്ച്‌ അവളു തന്നതാ. ഏതോ ഗള്‍ഫുകാരന്‍ കൊടുത്തത്‌. അച്ചായത്തികളങ്ങിനെയല്ല. ഒരു നന്ദിയില്ലാത്ത വര്‍ഗ്ഗമാ അത്‌.അവരുടെ കാര്യം കഴിഞ്ഞാല്‍ പിന്നെ മൂടൂം തട്ടി പോകും.പിന്നെ തിരിഞ്ഞു നോക്കത്തില്ല. ഗള്‍ഫില്‍ നിന്നും വരുന്ന കോയമാര്‍ക്കൊക്കെ ഇപ്പോഴും നോട്ടം അച്ചായത്തിമാരേയാ. അതെന്താണെന്നറിയില്ല.
ഈ തൊഴിലിന്റെ ഒരു ഗുണം അതാ. മതേതരത്വം.മതമേയാലും കാര്യം നടന്നാല്‍ മതി.നായരായാലും മാപ്പിളമാരായാലും അച്ചായന്മാരായാലും ഈഴവനായാലും അധ:കൃതനായാലും അവനവന്റെ മതത്തിലുള്ളവരെ അത്ര താല്‍പര്യമില്ല. അവര്‍ക്കെപ്പോഴും മറ്റു മതത്തിലുള്ളവരെ വേണം. അതെ
ന്താണാവോ?ങ് ഹാ..നമുക്കിതൊക്കെ അറിഞ്ഞിട്ടെന്തു കാര്യം. കമ്മീഷന്‍ കിട്ടിയാല്‍ പോരേ.. ഗള്‍ഫുകാരെന്നു കേട്ടാല്‍ ഇവറ്റയ്ക്കൊക്കെ ഭയങ്കര ഇന്ററസ്റ്റാ. കൈ നിറയെ സമ്മാനോം. പിന്നെ പണോം.എല്ലാം കൂടെ നല്ല കുശാലാ. ചോദിക്കുന്നതില്‍ കൂടുതല്‍ കിട്ടും. മൂന്നാലു്‌ ദിവസത്തേ
ക്കെങ്കിലും വേണം.വലിയ തലവേദനയില്ല. ഇടയ്ക്കിടെ വിളിയില്ല. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞേ പിന്നെ കാണത്തുള്ളു. കമ്മീഷനും മോശല്യ. ഗള്‍ഫുകാരിലും ചില അരക്കന്മാരുണ്ട്‌. കുറച്ച്‌ സാഹിത്യ
വും വിടുവായും പറഞ്ഞു കൊണ്ടിരിക്ക്ണ വക. പണം ചെലവാക്കാനും വയ്യ. കക്ഷത്തിലിരിക്ക്ണത്‌ പോവുകയും ചെയ്യരുത്‌. പിന്നെയൊരു ഗുണം. അതങ്ങിനെ ചെയിനായി തുടര്‍ന്നോളും. ഫോണ്‍ നമ്പര്‍
കൈമാറി കൈമാറി വരുന്ന ഓരോരുത്തരായി വിളിച്ചു തുടങ്ങും. അത്‌ ഈ ബിസിനസ്സിനു നല്ലതാ.

ഒരിക്കലൊരു ഗള്‍ഫുകാരനോടു പറഞ്ഞതാ-എങ്ങിനെയെങ്കിലും ഒരു വിസ ശര്യാക്കിത്തരാന്‍. എന്നാല്‍ ഈ തൊഴിലു നിര്‍ത്തി മാന്യമായി ജീവിക്കാമായിരുന്നു. അപ്പോള്‍ അവന്‍ പറയുവാ-അവിടെ
യൊക്കെ ഇപ്പോള്‍ നല്ല ചിണു ചിണു റഷ്യക്കാരികളുണ്ടെന്ന്‌. അവര്‍ക്കൊന്നും പിമ്പിന്റെ ആവശ്യമില്ലെന്ന്‌.ഷോപ്പിംഗ്‌ കോംപ്ലക്സിലും ഹോട്ടലിലും നിരങ്ങി നടന്ന്‌ നേരിട്ടങ്ങ്‌ കച്ചവടം ഉറപ്പിയ്ക്കുകയാണെന്ന്‌. റേറ്റൊക്കെ ഒരേ മാതിരിയാണെന്ന്‌..
--ഈ തൊഴിലല്ല. മറ്റൊന്ന്‌..
കേട്ടപാതി അവനങ്ങ്‌ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.കൃഷ്ണേട്ടന്‍ ഈ വയസ്സു കാലത്ത്‌ മറ്റെന്തു തൊഴിലിനു പോകാനാ. എക്സ്പീരിയന്‍സ്‌ മുഴുവന്‍ ഇതിലല്ലെ. ഗള്‍ഫില്‌ ഡിഗ്രിക്കല്ല മുന്‍തൂക്കം.
എക്സ്പീരിയന്‍സിനാ..
ഞാനാകെ ചമ്മിപ്പോയി.
ഇപ്പോള്‍ പഴയ കാലമല്ല.കുറച്ച്‌ ഹൈട്ടെക്കാ.പലരും ഇന്റര്‍ നെറ്റിലൂടാ ഇപ്പോള്‍ കച്ചോടം. സ്വന്തമായി ഒരു വെബ്സൈറ്റൊക്കെയായിട്ട്‌.വിദേശത്തും വലിയ നഗരങ്ങളിലും ഇതൊരു പതിവാ. കാര്യം കുറച്ചു കൂടെ എളുപ്പമാണല്ലോ.കാശു റൊക്കമില്ലാത്തവന്‌ വിസാ കാര്‍ഡും മാസ്റ്റര്‍ കാര്‍ഡുമൊക്കെയായി കാര്യം നടത്താമല്ലൊ. മൂന്നു കൂട്ടര്‍ക്കും ഒരു പേടീം വേണ്ട.അവരവര്‍ക്കുള്ളത്‌ അല്ലലില്ലാതെ കിട്ടും. വില പേശലും ഇല്ല.പഴയ പോലെ ചായം തേച്ചും അവിടവിടെ കറങ്ങി നടന്നും ഇവറ്റകള്‍ക്ക്‌ കഷ്ടപ്പെടേണ്ടല്ലൊ. എന്നാലും നമ്മുടെ കേരളം തന്നാ പുരോഗമിക്കാത്തത്‌. പാത്തും പതുങ്ങിയും ഒളിസേവ തന്നാ ഇപ്പോഴും. കാലം മാറിയതൊന്നും അവരറിഞ്ഞിട്ടില്ല.

ഞാനീ തൊഴിലില്‌ കുറച്ച്‌ ഡീസന്റാ കേട്ടോ. വെറുതെ കേറി വരുന്ന ഏടാകൂടത്തിനെയൊന്നും കക്ഷി ചേര്‍ക്കത്തില്ല. മുടക്കുന്നതിന്റെ റേറ്റനുസരിച്ച്‌ നല്ല സാധനം തന്നെ കൊടുക്കും.അതുകൊണ്ടാ ഇത്രയും വര്‍ഷങ്ങളായിട്ട്‌ നിലനിന്നു പോരുന്നത്‌. മെയിന്‍ ഇടപാടുകാര്‌ രാഷ്ട്രീയക്കാരാ. അവരുടെ കാര്യങ്ങള്‌ ഒരു വക സ്വകാര്യമാണല്ലൊ. പറയുന്ന സ്ഥലത്തങ്ങ്‌ എത്തിച്ചു കൊടുക്കും. പിന്നെയൊന്നും അറിയേണ്ട. പലപ്പോഴും ഡ്രൈവര്‍മാര്‌ മുഖേനയാവും. അല്ലാത്തോര്‍ക്ക്‌ മണ്ഡലം സിക്രട്ടറിമാര്‍ മുഖേനയാവും. കാര്യം സാധിക്കാനേയ്‌. എല്ലാവരുമായും നല്ല ചങ്ങാത്തം വേണം. എങ്കിലേ ഇടപാട്‌ ഭംഗിയായി നടക്കൂ. കാശും ശരിക്കും കിട്ടൂ. അതില്‌ സഖാവെന്നോ കോണ്‍ഗ്രസ്സുകാരനെന്നോ ബിജെപിക്കാരനെന്നോ ഭേദമില്ല. മതത്തിന്റെ കാര്യം പറഞ്ഞമാതിരി. ഇപ്പോഴായിട്ട്‌ കുറച്ച്‌ പേട്യാ എല്ലാര്‍ക്കും. പത്രത്തിലും ടീവീലും മറ്റും ഓരോ നേതാക്കന്മാര് ആകപ്പാടെ കാര്യം നാറ്റിച്ചില്ലെ. അതില്‍പ്പിന്നെ..ബ്യൂട്ടി പാര്‍ലറുകാരും ഐസ്ക്രീം പാര്‍ലറുകാരും ഈ തൊഴിലിന്റെ മാന്യത കെടുത്തീലേ.അതുകൊണ്ടാരും ഇപ്പോ അങ്ങോട്ടു പോകത്തില്ല. എല്ലാറ്റിനും ഒരു മാന്യതയും മറയുമൊക്കെ വേണം.

മാന്യതയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്‌. ഈ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അതിശ്ശിരിയുള്ളോരാ. കസ്റ്റമേര്‍സ്‌ ഏറ്റവും കുറവ്‌ അവരാ. എന്നാല്‍ കാട്ടു കള്ളന്മാരാണുതാനും. ഒരു നായാപൈസ കൂടുതല്‍ തരില്ല.കണക്കിനു്‌ മുതലാക്കീട്ടേ പോവൂള്ളു പത്തനാപുരത്തെ ഗ്ലാഡിസ്‌ പറയുവാ,ഒരിക്കലൊരു ഡോക്ടറുമായി അവള്‍ തേക്കടിയില്‍ കൂടിയത്രെ. ആ ലാറി ബേക്കര്‍ സ്റ്റെയിലിലുള്ള ഹോട്ടലില്‌. വന്നയുടനെ അയാള്‍ രോഗികളെ പരിശോധിക്ക്‌ണ മാതിരി പരിശോധന തുടങ്ങീത്രെ. എയിഡ്സ്‌ പേടിച്ചിട്ടാവും--ഞാന്‍ പറഞ്ഞു.
ആവോ,പകലു മുഴുവന്‍ തടാകത്തിലും കാട്ടിലും കറങ്ങി,രാത്രിയായാല്‍ സംഗീതവും വെച്ച്‌..ഒരു പ്രത്യേക രീതിയാ. ഇലട്രിക്‌ പോസ്റ്റ്‌ കേര്‍ണ ലൈന്‍മേനെ ഓര്‍മ്മ വരും എനിയ്ക്ക്‌.. എഞ്ചിനീയര്‍മാരെ പിന്നെ പേടിക്കേണ്ട. വളരെ സുരക്ഷിതമാ കാര്യങ്ങള്‍. ഗസ്റ്റ്‌ ഹൗസും മറ്റും ഉണ്ടല്ലൊ. അങ്ങോട്ടു പറഞ്ഞു വിട്ടാല്‍ മതി.എപ്പോഴും മേത്തരമേ വേണ്ടു. നല്ല കാശും കിട്ടും. കമ്മീഷനു മോശല്യ. കൈക്കൂലി വക കിട്ട്ണതാവും.അതാ ഒരു വിലയില്ലാത്തത്‌. ഇരിക്കൂര്‍ക്കാരി സുധയെ എല്ലാവരും എഞ്ചിനീയേര്‍സ്‌ സ്പെഷല്‍ എന്നാ വിളിക്കാറ്‌. എഞ്ചിനീയര്‍മാര്‍ക്ക്‌ അവളോട്‌ എന്തോ ഒരു ഇതാ. ആര്‍ത്തിപ്പണ്ടാരങ്ങള്‌ ഒരു വക വേറെയുമുണ്ട്‌- കുട്ടി ഡോക്ടര്‍മാരും കോളേജു പിള്ളേരും. പ്രായം അതല്ലെ. കാശു കിട്ടാനും പാട്‌. ഹൗസ്‌ സര്‍ജന്‍മാര്‍ക്ക്‌ അവരുടെ സൈ്റ്റപ്പെന്റു കൊണ്ട്‌ ഒപ്പിക്കണമല്ലൊ. എപ്പോഴും തര്‍ക്കമുണ്ടാവും. അവന്മാരെ സൂക്ഷിക്കണം. ഈ കോളേജു കുമാരന്മാര്‌ ഒരാളെ കൊണ്ടു പോയാല്‍ ചിലപ്പോള്‍ കൂട്ടമായിട്ടാവും..പറയാന്‍ പറ്റില്ലാ. ചത്തു പോയാലോ മറ്റോ. അതു കൊണ്ടെനിയ്ക്ക്‌ ഇച്ചിരി പേടീണ്ട്‌.

ഇനിയൊരു വക കൂടിയുണ്ട്‌. എഴുത്തും വരയുമൊക്കെയായി നടക്ക്ണോര്‌.താടീം മുടീം ഒക്കെ നീട്ടിയിട്ട്‌.കുളിക്ക്യേയുമില്ല. വല്ലാത്തൊരു നാറ്റം.സാംസ്ക്കാരിക പ്രവര്‍ത്തകരാത്രെ.ഇവന്മാരാ ഇവറ്റകളൊക്കെ ചീത്തയാക്കീത്‌. പേരൊക്കെ ലൈംഗികത്തൊഴിലാളിയാക്കി മാറ്റിയത്‌. എന്നാലും കുറഞ്ഞ ചെലവില്‌ സൂത്രത്തില്‍ കാര്യം ഒപ്പിച്ചെടുക്കും. ആദ്യം കുറേ ഉപദേശം തന്നു. ബോധവല്‍ക്കരണാത്രെ. പിന്നെ ചോദിച്ചു-എല്ലാരേം സംഘടിപ്പിച്ച്‌ ഒന്നു കൂടിക്കൂടേന്ന്‌. മീറ്റിംഗൊക്കെ അവരു്‌ ശര്യാക്കിക്കോളും. സ്പോണ്‍സര്‍മാരെ കിട്ടാന്‍ എളുപ്പമാ
ണെന്ന്‌. ഒന്നു സമ്മതം മൂളിയാല്‍ മതീന്ന്‌.നല്ല മീഡിയാ കവറേജും കിട്ടൂന്ന്‌.
--ഇപ്പോള്‍ എല്ലാവരും സംഘടിക്കുന്ന കാലമാ. എന്നാലേ നിലനില്‍പുള്ളു. കൃഷ്ണേട്ടനും വേണ്ടേ ഒരു ഭാവി. ?
--ഈശ്വരന്റെ കൃപേല്‌ കാര്യങ്ങളൊക്കെ ഒരു വിധം അല്ലലില്ലാതെ പോണ്‌ണ്ട് സാറെ. ഇനി
അതിന്റെടേല്‌ വെറുതെയോരോ ഏടാകൂടത്തില്‌ ചെന്നു ചാടണോ ? പിന്നെ ഉള്ളതും ഇല്ലാണ്ടാവും.
--കാലം മാറിയത്‌ കൃഷ്ണേട്ടന്‍ അറിയാഞ്ഞിട്ടാണ്‌. നിങ്ങള്‍ പിമ്പുകള്‍ മാത്രമേ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയോട്‌ മുഖം തിരിച്ചു നില്‍ക്കുന്നുള്ളു. വേശ്യകളും ഹിജഡകളും സ്വവര്‍ഗ്ഗാനുരാഗികളും..തുടങ്ങി പലരും സംഘടിച്ചു തുടങ്ങി.അവരുടെ അവകാശങ്ങള്‍..
ഞാനവനെയൊന്നു തറപ്പിച്ചു നോക്കി-ഇതൊക്കെയായിട്ട്‌ നടന്നാല്‍ എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ആര്‌ തിന്നാന്‍ കൊടുക്കും?തന്നെക്കൊണ്ടാവ്വോ?

പിന്നെ അവനെ എവിടെയും കണ്ടിട്ടില്ല.അവരിലൊരാളാ ഒരിക്കലെന്നെ ടിവി സ്റ്റുഡയോവില്‌
കൊണ്ടു പോയത്‌. അതും ഒരു കഥ. കടന്ന പാടെ മുറിയില്‍ വെളിച്ചം പരന്നു.കുടകളിലും അലൂമിനിയം ഷീറ്റിലും തട്ടി അതെന്റെ
മേല്‍ വീണു. കണ്ണഞ്ചിപ്പോയി. കേമറ പിടിച്ച ആള്‍ കുറച്ചു കൂടെ വലത്തോട്ടു തിരിയാന്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു ചെറിയ ടിവി നോക്കി അയാള്‍ക്കെന്തോ നിര്‍ദ്ദേശം നല്‍കി. അഭിമുഖക്കാരന്‍ എന്നോടു ചേര്‍ന്നിരുന്നു.അയാള്‍ ഇടക്കിടെ തൂവാല കൊണ്ട്‌ മുഖവും കഴുത്തും തുടയ്ക്കുന്നുണ്ടായിരുന്നു,കരുതലോടെ.

സ്റ്റാര്‍ട്ട്‌ . ഇന്‍ട്രൊഡക്ഷന്‍. തൊപ്പി വെച്ച ഒരാള്‍ അലറി. കേമറ പതുക്കെ അഭിമുഖക്കാരന്റെ
നേരെ തിരിഞ്ഞു. അയാള്‍ ചുണ്ടുകളനക്കി.
'ആഗോളവല്‍ക്കരണത്തിന്റെ സാംസ്ക്കാരിക പ്രതിഫലനങ്ങളിലൊന്ന്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെ
ട്ട ചില പ്രൊഫഷനലുകളെ നമ്മുടെ മുഖ്യധാരയില്‍ കൊണ്ടു വരാന്‍ കഴിഞ്ഞുവെന്നുള്ളതാണ്‌. സദാ ചാര നിയമങ്ങളുടെ പേരില്‍ സമുദായം ഭ്രഷ്ടു കല്‍പിച്ചും മാറ്റി നിര്‍ത്തിയതുമായ വേശ്യകള്‍,പിമ്പുകള്‍ ,ഹിജഡകള്‍,ഹോമോസെക്ഷ്വലുകള്‍ തുടങ്ങിയവര്‍ക്ക്‌ കൂട്ടം ചേരാനും സംഘടനകള്‍ രൂപീകരിക്കാനും,തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി സമരോത്സുകത വളര്‍ത്തിയെടുക്കാനും പറ്റിയ
ഒരു സാഹചര്യമാണ്‌ ഇന്നു നിലവിലുള്ളത്‌. നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ നമ്മുടെ ഉത്പാദനവ്യവസ്ഥയെയുംഅതു വഴി സാമൂഹിക ജീവിതത്തെയാകെയും തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന ഈ ചരിത്ര ഘട്ടത്തില്‍..വേശ്യാവൃത്തിയും കൂട്ടിക്കൊടുപ്പും പോക്കറ്റടിയും മയക്കു മരുന്നു വില്‌പനയും കൊലപാതകവും ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഗണ്യമായൊരു വിഭാഗം
ജനത ഇവിടെയുണ്ട്‌. ബദല്‍ സാമ്പത്തിക പരിപാടി കൂടിയാണ്‌ ഈ തൊഴില്‍ മേഖലകള്‍. പ്രത്യേകിച്ചും
സെക്സു വര്‍ക്കിനെയും കൂട്ടിക്കൊടുപ്പിനെയും അതിജീവനത്തിന്റെ സാമ്പത്തികാവസ്ഥയുടെ വെളിച്ചത്തില്‍ പഠിച്ചെടുക്കേണ്ടതുണ്ട്‌..'
കട്ട്‌ .വീണ്ടും തൊപ്പിക്കാരന്‍ അലറി.സംവിധായകനായിരിക്കണം.
--ഇന്‍ട്രെഡക്ഷന്‍ മതി. ഇനി അഭിമുഖത്തിലേക്കു കടക്കാം.
അയാള്‍ നിര്‍ദ്ദേശം നല്‍കി.
കേമറ എനിക്കു നേരെ തിരിഞ്ഞു.
--സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ അവിഭാജ്യ ഘടകമാണ്‌ സെക്സു്‌ ടൂറിസം ഇന്ന്‌.
അതില്‍ ഒട്ടും മോശമല്ലാത്ത പങ്കു വഹിക്കുന്നവരാണല്ലൊ നിങ്ങള്‍ പിമ്പുകള്‍ അഥവാ കൂട്ടിക്കൊടുപ്പുകാര്‍. ആ നിലയ്ക്ക്‌ സെക്സ്‌ ടൂറിസത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്താണ്‌?
--നല്ല അഭിപ്രായമാണ്‌.
--ചുരുക്കിപ്പറഞ്ഞാല്‍ മൂലധനത്തിന്റെ ലോകത്ത്‌ വെറുമൊരു ഉല്‍പന്നമാക്കി സെക്സിനെചവിട്ടിത്താഴ്ത്തുന്നത്‌ ശരിയാണോ ?
--മനസ്സിലായില്ല.
--ലൈംഗികതയെന്നത്‌ ആണിനും പെണ്ണിനും സ്വന്ത്വം സ്വത്വത്തിന്റെ തന്നെ അന്ത:സത്തയാണ്‌. അതു വാങ്ങുന്നതും വില്‍ക്കുന്നതും ശരിയല്ല.അതൊരു തരം ബലിയല്ലെ ?
--ആണോ. അറിയില്ല.
--ലൈംഗികബന്ധം എന്നത്‌ ഒരു സ്വകാര്യ വിനിമയമാണ്‌. പണം കൊടുക്കുന്ന ആളും അതു സ്വീകരിക്കുന്ന ആളും തമ്മിലുള്ള വിനിമയ കരാര്‍ .ആ കൊടുക്കല്‍-വാങ്ങല്‍ ആ തൊഴിലിനനുവദിച്ച സമയത്തോടെ കഴിഞ്ഞു.ഇങ്ങിനെ താന്‍ പണം കൊടുത്ത്‌ വാങ്ങിച്ച സ്ത്രീ ശരീരത്തെ ഏതു
വിധത്തിലും ഉപയോഗിക്കാന്‍ പുരുഷന്‌ അധികാരമുണ്ടോ ?
--അതവരോടു പോയി ചോദിയ്ക്കു്‌..
മുറിയില്‍ ചിരി മുഴങ്ങി. സംവിധായകന്റെ കണ്ണു ചുവന്നു. മുഖം വിളറി.
കട്ട്‌ .അയാള്‍ വീണ്ടും അലറി. റീട്ടെയ്ക്ക്‌ . കേമറ മിന്നി. അഭിമുഖക്കാരന്‍ എന്നോടു്‌ കുറച്ചു കൂടെ ചേര്‍ന്നിരുന്നു.
--ലൈംഗികതയെക്കുറിച്ച്‌ ഇന്നു്‌ പൊതുവെ നമ്മുടെ നാട്ടില്‍ നിലവിലുള്ള പരമ്പരാഗതമായ, പുരുഷാധിപത്യ-യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ചെറുത്തു നില്‍ക്കാനും സ്ത്രീ-പുരുഷ തുല്യതയില്‍ അടിസ്ഥാനമാക്കിയതും സ്ത്രീ വിരുദ്ധമായ പഴഞ്ചന്‍ കപട സദാചാര മൂല്യങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതുമായ സമീപനങ്ങള്‍ നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌ എന്ന്‌ ഉത്തരവാദിത്വബോധമുള്ള ഒരു പിമ്പെന്ന നിലയ്ക്കു്‌ താങ്കള്‍ക്കു തോന്നുന്നുണ്ടോ ?
--ആവോ..
-- ഒരു നിമിഷം. പ്രശസ്ത ലൈംഗിക തൊഴിലാളിയായ സാവിത്രി ലൈല ഇപ്പോള്‍ ലൈനിലു
ണ്ട്‌. അവരുടെ അഭിപ്രായമറിയാന്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ക്കു ആകാംക്ഷയുണ്ടാകും.
അഭിമുഖക്കാരന്‍ ഫോണ്‍ കറക്കി.
--മേഡം കേള്‍ക്കാമോ ?
--കേള്‍ക്കാം.
--ലൈംഗികത്തൊഴിലാളികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശസമരങ്ങള്‍ക്കു നേരെ ഫെമിനിസ്റ്റുകള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയെ താങ്കളെങ്ങിനെ വിലയിരുത്തുന്നു ?
സാവിത്രി : ഇവിടത്തെ ഫെമിനിസ്റ്റുകള്‍ തുടര്‍ന്നു പോരുന്ന വിക്ടോറിയന്‍ സദാചാര നിയമങ്ങള്‍ നാം മാറ്റിയെടുക്കേണ്ടതുണ്ട്‌. ഞങ്ങളെ സംബന്ധിച്ചിടത്തോളം..
--ക്ഷമിക്കണം .ലൈന്‍ കട്ടായി. മിസ്റ്റര്‍ ഗോപാലകൃഷ്ണനിലേക്കു തിരിച്ചു വരാം
അഭിമുഖക്കാരന്‍ വീണ്ടും എന്റെ നേരെ തിരിഞ്ഞു, കേമറയും.നല്ലവണ്ണം വിയര്‍ക്കുന്നുണ്ട്‌. ഒരുത്തന്‍ വന്ന്‌ മുഖം പതുക്കെ ഒപ്പിയെടുത്തു.
സ്റ്റാര്‍ട്ട്‌ . തൊപ്പിക്കാരന്‍ വീണ്ടും.
--സാവിത്രി ലൈല പറഞ്ഞത്‌ താങ്കള്‍ കേട്ടു കാണുമല്ലൊ.അതേക്കുറിച്ച്‌ എന്തു പറയുന്നു?
--എന്തു പറയാന്‍ . ഓരോരുത്തരുടെ വയറ്റുപ്പിഴപ്പ്‌..
പറഞ്ഞു തുടങ്ങിയതു മുഴുവിക്കാനാവാതെ ഞാന്‍ പിടഞ്ഞു.ഒരു ഗ്ലാസ്‌ വെള്ളം ഞാനവരോടു ചോദിച്ചു.
കട്ട്‌ .തൊപ്പിക്കാരനതു പിടിച്ചില്ലെന്നു തോന്നുന്നു.
കേമറ വീണ്ടും അഭിമുഖക്കാരനിലേക്കു തിരിഞ്ഞു.
--പ്രശസ്ത എഴുത്തുകാരിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ അഡ്വ.ബിന്ദു പ്രസാദ്‌ ഇപ്പോള്‍ ഞങ്ങളുടെ കോഴിക്കോട്‌ സ്റ്റുഡിയോയിലുണ്ട്‌.
--അഡ്വ.ബിന്ദു. കേള്‍ക്കാമോ ?
--യെസ്‌.
--ലൈംഗികതയുടെ സാംസ്ക്കാരിക പരിപ്രേക്ഷ്യം എന്ന ചര്‍ച്ചയിലേക്കു സ്വാഗതം. ഇന്നത്തെ സാഹചര്യത്തില്‍ സെക്സു്‌ വര്‍ക്കു്‌ ആക്ടീവിസ്റ്റുകളുടെ പ്രസക്തിയെന്താണ്‌ ?
അഡ്വ.ബിന്ദു : തങ്ങള്‍ക്കു്‌ ഉള്‍ക്കൊള്ളാനാവാത്ത വിധം വിവിധ സാമൂഹിക വിഭാഗങ്ങള്‍ അവരുടെ സ്വത്വത്തെ പുന:നിര്‍ണ്ണയം ചെയ്യാനൊരുങ്ങുമ്പോള്‍ അത്‌ ആഗോള മൂലധനത്തിന്റെ ഗൂഢാലോചനയായി ചിലര്‍ കാണുന്നു. ഇത്തരമൊരു തെറ്റിദ്ധാരണയെ നാം മറി കടക്കേണ്ടതുണ്ട്‌. ഇന്നത്തെ സാഹചര്യത്തില്‍..
മൊബെയിലിലേക്കു നോക്കി. എട്ടു പത്ത്‌ മിസ്ഡ്‌ കോളുണ്ട്‌. ഇതിങ്ങനെ തുടര്‍ന്നു പോയാല്‍ ഇന്ന്‌ എന്റെ കുട്ടികള്‍ പട്ടിണിയിലാവും. ഞാന്‍ പതുക്കെ എഴുന്നേറ്റു.
അഭിമുഖക്കാരന്‍ എന്നെ പിടിച്ചിരുത്തി- പ്ലീസ്‌ ,വണ്‍ മിനിറ്റ്‌ .
കേമറ വീണ്ടും ഞങ്ങള്‍ക്കു നേരെ മ്ല
--അവസാനമായി ഒരു ചോദ്യം.മിസ്റ്റര്‍ ഗോപാലകൃഷ്ണന്‍.പുത്തന്‍ കൊളോണിയലിസം സമൂഹത്തെ മറ്റൊരു തരത്തില്‍ വേട്ടയാടുമ്പോള്‍ നിങ്ങള്‍ പിമ്പുകളുടെ-കൂട്ടിക്കൊടുപ്പുകാരുടെ-നിലനില്‍പിനെന്തു പ്രസക്തി ?
എനിക്കങ്ങു്‌ തരിച്ചു പൊങ്ങി.നിയന്ത്രിക്കാനായില്ല. കൈ വീശി ഞാനവന്റെ മുഖത്തൊന്നു
കൊടുത്തു. പിന്നെ നേരെ തെരുവിലേക്കിറങ്ങി.
സന്ധ്യ മയങ്ങിത്തുടങ്ങുന്നു. നല്ല കാറ്റുണ്ട്‌.
കൃഷ്ണേട്ടാ, ഒന്നു നിന്നേ-
പിന്‍വശത്തു നിന്നുള്ള വിളി കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍, ശിവരാജന്‍. മറ്റൊരു ബുദ്ധിജീവി.
--കൃഷ്ണേട്ടനെക്കൊണ്ടൊരു കാര്യണ്ട്‌.വാ, ആ പാര്‍ക്കില്‍ പോയിരിക്കാം.
പാര്‍ക്കില്‍ നല്ല തിരക്കുണ്ട്‌.ഒഴിഞ്ഞ ഒരു മൂലയിലിരുന്നു.
--കൃഷ്ണേട്ടാ നമുക്കൊരു പുസ്തകം ഇറക്കിയാലോ..ഒരാത്മകഥ. ഓര്‍മ്മക്കുറിപ്പുകളൊക്കെയായിട്ട്‌. കൃഷ്ണേട്ടന്‌ ഒരുപാട്‌ അനുഭവങ്ങളില്ലെ..
--മനസ്സിലായില്ല.
--ഇപ്പോള്‍ നമ്മടെ ഭാഷേല്‌ ഇതിനു നല്ല ഡിമേന്റാ. ആത്മകഥയ്ക്കൊക്കെ.. കണ്ടില്ലെ ലൈംഗിക തൊഴിലാളികളും ഹിജഡകളും സ്വവര്‍ഗ്ഗാനുരാഗികളും പോലീസുകാരും നക്സലൈറ്റുകളും ഐഎ എസ്സുകാരും ഒക്കെ ഇതൊരു തൊഴിലാക്കിയിരിക്ക്യാ. നല്ല സര്‍ക്കുലേഷനാ എല്ലാറ്റിനും..
--അതിന്‌ ?
--ഒരു കൈ നോക്ക്യാലോ കൃഷ്ണേട്ടാ.ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ആത്മകഥ ഇതുവരെ
ആരും ഇറക്കിയിട്ടില്ല.നമുക്കൊന്നു ശ്രമിച്ചാലോ.ആദ്യം ഏതെങ്കിലും ആഴ്ചപ്പതിപ്പിലോ സണ്‍ഡേ എഡിഷനിലോ വാര്‍ഷികപ്പതിപ്പിലോ .പിന്നെ പുസ്തകം.നല്ല റോയല്‍ട്ടിയും കിട്ടും..
--അതിന്‌ എനിയ്ക്ക്‌ സാഹിത്യമൊന്നും അറിയില്ലല്ലൊ ശിവരാജാ.
--കൃഷ്ണേട്ടന്‍ വിഷമിക്കേണ്ട.ഓര്‍മ്മയില്‍ വരുന്നതൊക്കെ ഇങ്ങു പറഞ്ഞു തന്നാല്‍ മതി.
ബാക്കിയൊക്കെ ഞാനായിക്കോളും.
--വേണോ ?
--വേണം.വരുമാനമൊക്കെ കുറഞ്ഞുകൊണ്ടിരിക്ക്ണ സമയമല്ലെ. ഇങ്ങിനത്തെ സാധനങ്ങള്‍ക്ക്‌ ഇപ്പോള്‍ നല്ല ഡിമാന്റാ. കൊല്ലത്തില്‍ത്തന്നെ അഞ്ചും ആറും പതിപ്പാ. നന്നായി പണം വാരാം..
--ഞാനൊന്ന്‌ ആലോചിക്കട്ടെ.
--ആലോചിക്കാനൊന്നുമില്ല. കൃഷ്ണേട്ടന്‍ ഈ ആയുസ്സു മുഴുവന്‍ പണിയെടുത്താലും ഇത്ര കിട്ടത്തില്ല. ഒന്നു സമ്മതം മൂളിയാല്‍ മതി.ബാക്കി ഞാനായിക്കോളും.
--ഞാന്‍ പറേണത്‌ നീ പകര്‍ത്തിയാല്‍ അതെങ്ങനാ ആത്മകഥയാവുന്നത്‌..?
--ഇപ്പോ ഇതൊരു ട്രെന്‍ഡാ.കേട്ടെഴുത്ത്‌. കൃഷ്ണേട്ടന്‍ പറഞ്ഞോളൂ.ഞാന്‍ പകര്‍ത്തിക്കോളാം . മ്...അതു ശരിയാവൂല്ല.
--അതിനൊരു പണിയുണ്ട്‌. പുസ്തകത്തിന്റെ പേരു തന്നെ അങ്ങിനെയാക്കിക്കളയാം..
--എന്തോന്ന്‌ ?
--ആത്മകഥ പോലെ എന്തോ ഒന്ന്‌.
അങ്ങിനെ,എഴുതപ്പെടാതെ പോയ എന്റെ ജീവിതം ഞാന്‍ ഓര്‍മ്മകളില്‍ ചികഞ്ഞെടുക്കാന്‍ തുടങ്ങി...

Subscribe Tharjani |