തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

നാലുകെട്ട്


മുത്താച്ചി ഇടയ്ക്കിയ്ക്ക് പറയാറുണ്ട്:
"വല്യോരു തറവാട്ടില്‍പ്പെട്ട കുട്ട്യാ നിയ്യ് "
മനസ്സില്‍ പലവട്ടം അവന്‍ അത് ഏറ്റു പറഞ്ഞിട്ടുണ്ട്. ആ തറവാടിന് പണ്ട് പടിയ്ക്കല്‍ പതിനായിരം വിളഞ്ഞിരുന്നുവത്രെ. അതെല്ലാം വളരെ മുമ്പാണ്. മുത്താച്ചിക്ക് രണ്ടാമത്തെ ഭര്‍ത്താവ് വന്ന കാലത്ത് തറവാട് ഭാഗിച്ചു. ഭാഗിക്കുമ്പോള്‍ അറുപത്തിനാലാളുകളുണ്ടായിരുന്നുവത്രെ.
അറുപത്തിനാലാളുകളുള്ള വീട് !
അന്ന് രണ്ട് നാലുകെട്ടുകള്‍ ചേര്‍ന്നതായിരുന്നുവത്രെ വീട്. പകുതിയിലധികവും പൊളിച്ചു കളഞ്ഞു. ഇപ്പോഴും ഭഗവതി ഇരിക്കുന്ന നാലു കെട്ടുണ്ട്. പത്തായപ്പുരയുണ്ട്. കൈയാലയുണ്ട്. മുത്താച്ചി ഒന്നു രണ്ടു മാസം കൂടുമ്പോള്‍ അവിടെ പോകാറുണ്ട്.
"കത്തി നിന്നിരുന്ന തറവാടാണോയ്! ഇപ്പളും ആ മിറ്റത്തെത്ത്യാ വെറക്കും".

നാലുകെട്ട്, അദ്ധ്യായം ഒന്ന്.പടിപ്പുര കടന്നല്ല വന്നത്. കുന്നിറങ്ങി മേലെ ഇടവഴിയിലെത്തിയപ്പോള്‍ അവന്‍ നിന്നു. മുത്താച്ചി പിറകിലായിരുന്നു. അതാ കാണുന്നു തറവാട് !
നാലുകെട്ട് വലിയതു തന്നെ ! മനസ്സില്‍ കണ്ടപോലെ വൈക്കോല്‍ മേഞ്ഞതാണ്. കുമ്മായം പൊട്ടിയടര്‍ന്ന ഭിത്തികള്‍. തടിച്ച അഴികളുള്ള ചാരനിറമുള്ള പഴയ ജനാലപ്പഴുതുകള്‍. പത്തായപ്പുര തൊട്ടടുത്തു തന്നെ. അത് ഓടുമേഞ്ഞതാണ്. കൈയാലയും മതില്‍ക്കെട്ടിന്റെ പൊളിഞ്ഞ ഒരു ഭാഗവും കാണാം.
ആ നാലുകെട്ടിലാണ് അമ്മയുണ്ടായിരുന്നത്. അതിലാണ് ഭഗവതിയുള്ളത്. അതുകൊണ്ടണത്രെ ഓടുമേയാന്‍ കഴിയാതെ പോയത്. വളരെ മുമ്പാണ് നാലുകെട്ടുണ്ടാക്കിയത്. അമ്മയുടെ മുത്തശ്ശിക്ക് ഓര്‍മ്മയില്ലത്രേ ഉണ്ടാക്കിയ കാലം. പിന്നെയാണ് ഓടുമേയാന്‍ ഏതോ ആരണവര്‍ നിശ്ചയിച്ചത്. ഓടുകള്‍ താങ്ങാനുള്ള ബലം ചുമരുകള്‍ക്കില്ല. വേണമെങ്കില്‍ ചുമരുകള്‍ തട്ടി പുതിയ ചുമരുകള്‍ വെയ്ക്കണം. അത് ഭഗവതിക്ക് ഇഷ്ടമാവില്ല. മച്ചും ഭിത്തിയും അനക്കാന്‍ പാടില്ലെന്നായിരുന്നുവത്രെ പ്രശ്നം വെച്ചവര്‍ പറഞ്ഞത് ........

നാലുകെട്ട് അദ്ധ്യായം രണ്ട്.ഉമ്മറത്തുനിന്ന് നാട്ടുകാര്യസ്ഥന്മാരുടെ സംഭാഷണം തുടങ്ങിയാല്‍ അമ്മമ്മ പറയും ' നിയ്ക്കീ തറവാട്ടില് കെടന്നു കണ്ണടയ്ക്കണംന്ന്ണ്ട് '.

അപ്പിണ്ണിയെന്ന ഒരംഗം നാലുകെട്ടിനകത്തു ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യം വലിയമ്മാമ താരെ മറന്ന പോലെയാണ് അവനെ നേരിട്ട് കാണാതിരിക്കാന്‍ വലിയമ്മാമ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവനും കാണാതെ കഴിക്കണമെന്നാണാഗ്രഹം.
വീട്ടിനകത്ത് ആളുണ്ടെങ്കിലും താനൊറ്റയ്ക്കു നില്ക്കുകയാണെന്ന ബോധം അവനെ എപ്പോഴും അലട്ടിയിരുന്നു. അവന്റെ പേര്‍ ആരും ഉച്ചത്തില്‍ വിളിക്കാറില്ല. രാവിലെ കഞ്ഞികുടിച്ചാല്‍ സ്കൂളില്‍ പോകുന്നു. വൈകുന്നേരം തിരിച്ച് വരുന്നു. തൊടിയിലെ കുളത്തില്‍ത്തന്നെ കുളിക്കും. തെക്കിനിയില്‍ നടുമുറ്റത്തിന്റെ വക്കില്‍ തൂക്കിയിട്ട ഭസ്മക്കൊട്ടയില്‍ നിന്ന് ഒരു നുള്ള് ഭസ്മം എടുത്തു കുറിയിട്ട് മച്ചിന്റെ മുമ്പില്‍ എന്നു തൊഴുത് നിലവിളക്കിന്റെ വെളിച്ചത്തില്‍ വായിക്കാനിരിക്കും. ആര്‍ക്കും അവനോട് ചോദിക്കാനില്ല, പറയാനില്ല.

വലിയമ്മയുടെ വിഷമം മുഴുവന്‍ അവനിനി വീട്ടിലേക്ക് തിരിച്ചു പോവുന്നില്ലെന്ന് മനസ്സിലായപ്പോഴാണ്. അവര്‍ തൊഓടു തന്നെ ഉറക്കെ പറയാറുണ്ട് : ' നശിക്കാനുള്ള സ്ഥലാ. അടിച്ചതും വാരീതും ഒക്കെ വന്നു കൂടട്ടെ '.

നാലുകെട്ട് അദ്ധ്യായം ആറ്.അടഞ്ഞു കിടക്കുന്ന പടിപ്പുരവാതില്‍ ദൂരത്തു നിന്നു കാണാമായിരുന്നു. നടത്തത്തിന് അല്പം വേഗം കൂട്ടി. പടിപ്പുരവാതില്‍ ഒച്ചയോടെ തള്ളിത്തുറന്ന് ഒതുക്കു കല്ലുകള്‍ യറി മുറ്റത്തെത്തിയപ്പോള്‍ ആരെയും പുറത്ത് കണ്ടില്ല. സംശയിച്ച് തെല്ലിട നിന്നു. വടക്കേ മുറ്റത്ത് ആരുമില്ല. കോലായിലേക്ക് കയറി ചോദിച്ചു
' ഇവിടെ ആരുമില്ലേ? '
ഉത്തരമില്ല. ഉമ്മറത്തേക്ക് കയറിയപ്പോഴാണ് കണ്ടത്, വാതില്‍ അടച്ചു പൂട്ടിയിരിക്കുന്നു.
വീണ്ടും മുറ്റത്തിറങ്ങി. അപ്പോഴാണ് കാണുന്നത്, പത്തായപ്പുരയ്ക്കും നാലുകെട്ടിനും ഇടയ്ക്കുള്ള മുറ്റത്തിന്റെ നടുവിലൂടെ ഒരു മുള്ളുവേലിയുണ്ട്.
കൂലിക്കാരന്‍ പെട്ടിയും ഹോള്‍ഡോളും ചുമന്ന് അക്ഷമ പ്രകടിപ്പിച്ചു നില്ക്കുകയാണ്.
അയാള്‍ പടിഞ്ഞാറേ മുറ്റത്തേക്കു നടന്നു. അപ്പോള്‍ രണ്ടാമത്തെ മുള്ളുവേലി കണ്ടു. പത്തായപ്പുരയ്ക്കും കൈയാലയ്ക്കുമിടയിലാണത്. കൈയാലയുടെ മുറ്റത്തിരുന്ന് ഒരു സ്ത്രീ ജോലി ചെയ്യുന്നു. എതിര്‍വശത്തേക്ക് തിരിഞ്ഞാണിരിക്കുന്നത്. വെള്ള റൌക്കയിട്ട് കറുത്തു ചടച്ച ഒരു സ്ത്രീ.

അപ്പുണ്ണി ചുമച്ചു. ആ സ്ത്രീ തിരിഞ്ഞു നോക്കി. മീനാക്ഷിയേടത്തി!
അവര്‍ മുറം താഴെയിട്ട് എഴുന്നേറ്റു. അമ്പരപ്പാണവരുടെ മുഖത്ത്. ആളെ തിരിച്ചറിയാന്‍ വിഷമിക്കയാണെന്നു തോന്നി.
"എന്നെ മനസ്സിലായില്ലേ ,മീനാക്ഷിയേടത്തീ?"
"അപ്പുണ്ണി"

നാലുകെട്ട് അദ്ധ്യായം ഒമ്പത്.


മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ നിന്നു. പിറകെ നടന്ന സ്ത്രീയോട് പറഞ്ഞു:
" അമ്മ കയറിക്കൊള്ളൂ"
അവര്‍ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാള്‍ പറഞ്ഞു: "ധൈര്യമായി കയറാം" .
തലയില്‍ നാലഞ്ച് വെള്ളിവരകള്‍ വീണ ആ മെലിഞ്ഞ സ്ത്രീ കോലായിലേക്ക് കയറി.
അപ്പോഴും പ്രായം ചെന്ന ആ മനുഷ്യന്‍ മുറ്റത്തു സംശയിച്ച് നില്ക്കുകയായിരുന്നു. ചെറുപ്പക്കാരന്‍ പറഞ്ഞു: "വരൂ".
അയാള്‍ അമ്മയുടെ പിറകെ പ്രവേശിക്കാനര്‍ഹതയില്ലാത്ത ഒരിടത്തേക്ക് കയറുന്ന വെഷമ്യത്തോടെ ഒതുക്കു കയറി.
അകത്തു കടന്നപ്പോള്‍ സ്ത്രീ പറഞ്ഞു
"എന്തൊരിരുട്ടാ ഇതിനകത്ത് ,അപ്പുണ്യേ"
"പകലും ഇതിനകത്ത് ഇരുട്ടാണ്. ഇവിടെ കാരണോമ്മാരുടെ പ്രേതങ്ങളുണ്ടാകും, പകലും".
അമ്മ സംഭ്രമത്തോടെ അയാളുടെ മുഖത്തു നോക്കി.
"അമ്മ പേടിക്കേണ്ട. ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടു മതി".
"പൊളിക്കേ? ഭഗോതിരിക്കണ സ്ഥലംല്ലേ?"
അയാള്‍ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ ശബ്ദം പൊട്ടിയ ഭിത്തികളില്‍ ,നുരുമ്പിച്ച തൂണുകളില്‍ ‍, ഇരുണ്ട മൂലകളില്‍ ‍ തട്ടി തിരിച്ചു വന്നു.
പ്രായം ചെന്ന ആ മനുഷ്യന്‍ അപ്പോഴും സംഭ്രമത്തോടെ മുഖം കുനിച്ച് നില്ക്കുകയായിരുന്നു.

നാലുകെട്ട് അദ്ധ്യായം പത്ത് .

Subscribe Tharjani |
Submitted by Rajesh (not verified) on Sat, 2008-01-05 16:45.

മനോഹരമായിരിക്കുന്നു ചിത്രങ്ങളെല്ലാം... നാലുകെട്ടിലെ വരികളോടൊത്തുള്ള അവതരണവും ഗംഭീരമായി...

Submitted by P.A.Sureshkumar (not verified) on Thu, 2008-01-24 08:37.

Manoharam,Chitrangalum,Vivaranangalum.
Suresh

Submitted by Anonymous (not verified) on Fri, 2008-02-22 22:22.

nice feature.. interested to know the locations of those buildings. some of them seems to be different from the traditional nalukettu.