തര്‍ജ്ജനി

ഡോക്ടറുടെ മരുന്നു് കുറിപ്പടി

ഡെയ്സി അല്‍ അമീര്‍ ചെറുകഥാ ലോകത്ത്‌ ഏറെ ശ്രദ്ധിക്കപ്പെട്ട ഇറാഖി എഴുത്തുകാരിയാണ്‌. 1935ല്‍ ഇറാഖില്‍ ജനിച്ച അവര്‍ ഏറെക്കാലമായി രാജ്യത്തിന്‌ പുറത്താണ്‌ ജീവിക്കുത്‌. ഇറാഖ്‌ ഡിപ്ലോമാറ്റിക്ക്‌ മിഷനില്‍ അംഗമായ ഡെയ്സി ബെയ്‌റൂത്തിലും അമേരിക്കയിലുമായിരുന്നു‍. ഇപ്പോള്‍ ബെയ്‌റൂത്തില്‍ തന്നെ കഴിയുന്നു. വളരെച്ചെറിയ കഥകളാണ്‌ എഴുതാറ്‌. ഇവിടെ ചേര്‍ക്കുന്ന കഥ അവരുടെ വെയിറ്റിംഗ്‌ ലിസ്റ്റ്‌ എന്ന സമാഹാരത്തില്‍ നിന്നെടുത്തതാണ്‌.

വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്‌

അവള്‍ ഫാര്‍മസിയില്‍ കയറി ഫാര്‍മസിസ്റ്റിനോട്‌ കുറച്ചു മയക്കുഗുളികകള്‍ ആവശ്യപ്പെട്ടു. അതിന്‌ ഡോക്ടറുടെ മരുന്ന് കുറിപ്പടിയുണ്ടോയെന്ന്‌ ഫാര്‍മസിസ്റ്റ്‌ തിരിച്ചും ചോദിച്ചു. നേരിയ തോതില്‍ മയക്കം സമ്മാനിക്കുന്ന ഗുളികകളാണ്‌ താന്‍ ചോദിച്ചതെന്നും ഉറക്ക ഗുളികകളല്ല ആവശ്യപ്പെട്ടതെന്നും അവള്‍ ഫാര്‍മസിസ്റ്റിനോട്‌ തര്‍ക്കിച്ചു. നിങ്ങള്‍ പറയുന്നത്‌ എനിക്ക്‌ മനസ്സിലായി, പക്ഷെ മയക്കുഗുളികകള്‍ക്കും കുറിപ്പടി വേണമെന്ന് വര്‍ധിത വീര്യത്തോടെ ഫാര്‍മസിസ്റ്റ്‌ തിരിച്ചടിച്ചു.

അതോടെ അവള്‍ ഭാവം മാറ്റി. യാചിക്കുന്ന മട്ടിലായി- എന്നിട്ട്‌ പറഞ്ഞു- നേരിയ മയക്കം തരുന്ന ഗുളികകള്‍ക്ക്‌ ഒരാപത്തും വരുത്താന്‍ കഴിയില്ലല്ലോ. എന്നുമാത്രമല്ല, ഞാന്‍ ഇടക്ക്‌ ഇത്‌ അത്യാവശ്യത്തിന്‌, വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കാറുമുണ്ട്‌-

അപകടം വരില്ലെന്നതോ, നിങ്ങള്‍ ഇടക്കിടെ ഇത്‌ ഉപയോഗിക്കാറുണ്ടെന്നതോ മരുന്ന് കുറിപ്പടിക്ക്‌ പകരമാവില്ല- ഫാര്‍മസിസ്റ്റ്‌ അയയാന്‍ ഭാവമില്ല.

ആത്മഹത്യ ചെയ്യാന്‍ ഈ ഗുളികകള്‍ ഞാന്‍ ഉപയോഗിക്കുമൊന്നാണോ നിങ്ങള്‍ ഭയപ്പെടുത്‌- അവള്‍ ചോദിച്ചു.

അങ്ങിനെയൊന്നൂം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അപകടത്തിനുള്ള സാധ്യതയുണ്ടെന്ന്‌ മാത്രമാണ്‌ പറഞ്ഞത്‌- ഫാര്‍മസിസ്റ്റ്‌.

എന്തൊക്കെ തരത്തിലുള്ള മയക്കുഗുളികകളാണ്‌ നിങ്ങളുടെ കൈവശമുള്ളതെന്നായി അവളുടെ പുതിയ ചോദ്യം. തന്റെ കയ്യില്‍ ഈ വിഭാഗത്തില്‍ പെട്ട ഒരിനം ഗുളികമാത്രമേയുള്ളൂവെന്ന് അതിന്റെ പേരുകൂടി വെളിപ്പെടുത്തി ഫാര്‍മസിസ്റ്റ്‌ പറഞ്ഞു.

അത്‌ വളരെ താഴ്‌ന്ന തോതില്‍ മാത്രം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കു ഗുളികയായിരുന്നു. തന്റെ രക്ത സമ്മര്‍ദം നിയന്ത്രിക്കാന്‍ പോലും ഈ ഗുളികക്കാവില്ലെന്ന്‌ അവളോര്‍ത്തു. പക്ഷെ ഫാര്‍മസിസ്റ്റ്‌ ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ ഈ ഗുളികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിശ്വസിച്ചു.

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ ഗുളിക ഉപയോഗിച്ച്‌ ഒരാള്‍ക്ക്‌ ജീവനൊടുക്കണമെങ്കില്‍ ചുരുങ്ങിയത്‌ നൂറെണ്ണമെങ്കിലും വിഴുങ്ങേണ്ടി വരും. അതായത്‌ ഡസന്‍ കണക്കിന്‌ കുപ്പി ഗുളികകള്‍. അത്രയും ഗുളികകള്‍ വിഴുങ്ങണമെങ്കില്‍ മണിക്കൂറുകള്‍ തന്നെ വേണ്ടി വരും. അതിനും പുറമെ ഗുളിക വിഴുങ്ങാന്‍ എത്ര ലിറ്റര്‍ വെള്ളം കുടിക്കേണ്ടി വരും. ഇത്രയും വെള്ളം കുടിക്കുന്നത്‌ വയറ്റില്‍ സ്തംഭനമുണ്ടാക്കും. എന്നു‍മാത്രമല്ല, ഈ കഷ്ടപ്പാടെല്ലാമാകുമ്പോള്‍ ആരും മരിക്കേണ്ടെന്നേ വെക്കൂ.

എന്നുമാത്രമല്ല, കുറച്ചു ഗുളികകള്‍ വിഴുങ്ങുമ്പോഴുണ്ടാകുന്ന വിമ്മിട്ടങ്ങള്‍ കാരണം ഒരാള്‍ ബഹളമുണ്ടാക്കും, ആരെങ്കിലും അയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്യും. മാത്രവുമല്ല, ജീവന്‍ വിട്ടു പോകുമെന്ന്‌ തോന്നുമ്പോള്‍ ആര്‍ക്കായാലും ജീവന്റെ വില മനസ്സിലാകും. ജീവനൊടുക്കാന്‍ തീരുമാനമെടുപ്പിച്ച പ്രശ്നം എങ്ങിനേയും നേരിടാം, അതിജീവിക്കാം എന്നുമാകും. ഞാന്‍ പറഞ്ഞു വരുത്‌ ഈ ഗുളികകള്‍ കഴിച്ച്‌ ജീവനൊടുക്കാനാവില്ല എന്ന്‌ തയൊണ്‌- അവള്‍ ഫാര്‍മസിസ്റ്റിന്‌ മുന്നില്‍ തന്റെ വാദമുഖങ്ങള്‍ നിരത്തി.

ഗുളികകള്‍ കഴിച്ചാല്‍ മയക്കം വരും. ഈ മയക്കമാണോ മരണമെന്ന്‌ തോന്നും. ഞാനാണെങ്കില്‍ തീര്‍ച്ചയായും വീടിന്റെ ജനലിനരികില്‍ വന്ന്‌ സഹായത്തിന്‌ കരഞ്ഞുവിളിക്കും. തീര്‍ച്ചയാണ്‌ ആരെങ്കിലും എന്നെ ആശുപത്രിയിലെത്തിക്കും. ആശുപത്രിയില്‍ വെച്ച്‌ വയറു കഴുകും. കൈവഴി ഡ്രിപ്പ്‌ നല്‍കും. കിടക്കുന്ന കിടക്കക്ക്‌ ചുറ്റും ഉറ്റവരും സുഹൃത്തുക്കളും വട്ടമിട്ട്‌ നില്‍ക്കുന്നുണ്ടാകും. ഇതൊക്കെയായാല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ആരും പശ്ചാത്തപിക്കും. മാത്രവുമല്ല, ജീവിതം എത്ര മധുര തരം, അര്‍ഥപൂര്‍ണം എന്ന്‌ ശരിക്കും തോന്നുകയും ചെയ്യും- അവള്‍ പറഞ്ഞു.

അതായത്‌, ഞാന്‍ പറഞ്ഞു വന്നത്‌, ഇത്തരത്തില്‍ വീര്യം കുറഞ്ഞ മയക്കുഗുളികകള്‍ കഴിച്ച്‌ ആരും ആത്മഹത്യ ചെയ്യില്ല എന്നാണ്‌.

ശരിയാണ്‌, തീര്‍ച്ചയായും നിങ്ങളെപ്പോലെ ബുദ്ധിയുള്ള ഒരു സ്ത്രീ ഒരിക്കലും... നിങ്ങള്‍ക്ക്‌ ജീവനൊടുക്കുന്നതിന്റെ വിഷമതകള്‍ അറിയാം. ജീവിക്കുതിന്റെ പ്രാധാന്യവും. നിങ്ങളെപ്പോലെയൊരാള്‍. ഇല്ല... ഒരിക്കലുമില്ല- ഇങ്ങിനെ പറഞ്ഞു കൊണ്ട്‌ ഫാര്‍മസിസ്റ്റ്‌ ഒരു കുപ്പി മയക്ക്‌ ഗുളിക അവള്‍ക്ക്‌ കൊടുത്തു.

നിങ്ങള്‍ വിചാരിച്ച അപകടങ്ങളൊന്നുമുണ്ടാകില്ലെന്ന്‌ ആശ്വസിപ്പിച്ച്‌, ഫാര്‍മസിസ്റ്റിന്‌ നന്ദി പറഞ്ഞ്‌ ഗുളികകളുമായി അവള്‍ സ്ഥലം വിട്ടു.

രണ്ടാമത്തെ ഫാര്‍മസിയിലും അവള്‍ ആദ്യത്തെ ഫാര്‍മസിസ്റ്റിനോട്‌ പറഞ്ഞതെല്ലാം ആവര്‍ത്തിച്ചു. മൂന്നാമത്തെ ഫാര്‍മസിയില്‍ വാദഗതികള്‍ പൂര്‍ത്തിയാക്കും മുമ്പ്‌ തന്നെ അവള്‍ക്ക്‌ ഒരു കുപ്പി ഗുളിക കിട്ടി.

നാല്‌, അഞ്ച്‌, ആറ്‌ ഫാര്‍മസികളില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ അവള്‍ക്ക്‌ ഗുളികകള്‍ കിട്ടി.

ഒരു സ്ത്രീ സ്വന്തം കിടക്കയില്‍ മരിച്ചു കിടന്നുവെന്ന വാര്‍ത്ത ദിനപത്രങ്ങളിലുണ്ടായിരുന്നു. അവളുടെ കിടക്കക്കരികില്‍ നിരവധി കാലിയായ ഉറക്കഗുളികാ കുപ്പികളും ഒരു കുറിപ്പും അവശേഷിച്ചു.

"എന്നോട്‌ അഭിപ്രായം ചോദിക്കാതെയാണ്‌ എന്റെ പിറവിയുണ്ടായത്‌-കുറിപ്പില്‍ അവള്‍ എഴുതിയിരുന്നു- ജീവിതം ഒരിക്കലും എന്നെ മനസ്സിലാക്കിയില്ല. ഇക്കാര്യം പല കുറി ഞാന്‍ സ്വയം ചര്‍ച്ച ചെയ്ത്‌ നോക്കി, എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ജീവിതവും ഞാനും തമ്മില്‍ ഒരിക്കലും വേണ്ട വിധം മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ അതിന്‌ സാധിച്ചില്ല. അതിനാല്‍ ഞാന്‍ തെ‍ എന്റെ ജീവിതം സ്വയം അവസാനിപ്പിക്കുന്നു. ഈ തീരുമാനം എന്റേത്‌ മാത്രമാണ്‌- കുറിപ്പ്‌ അവസാനിക്കുന്നത്‌ ഈ വാചകങ്ങളോടെയാണ്‌.

അവള്‍ മനോഹരമായി ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ്‌ മരണ വാര്‍ത്ത പത്രങ്ങള്‍ കൊടുത്തിരുന്നത്‌.

ഒരു നിമിഷത്തെ ദുഃഖത്തില്‍ അവള്‍ ജീവിതം തല്ലിക്കെടുത്തിയല്ലോ- ചിലര്‍ പറഞ്ഞു. സ്നേഹിച്ചിരുന്നയാള്‍ അവളോട്‌ വിശ്വാസം കാണിച്ചിട്ടുണ്ടാകില്ലെന്ന് ചിലര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അവള്‍ മാനസികമായി പൂര്‍ണ ആരോഗ്യത്തിലായിരുന്നുവെന്ന്‌ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ ഐക്യകണ്ഠേന പറഞ്ഞു. പത്രത്തിലെ പടത്തില്‍ നിന്ന്‌ ആളെ തിരിച്ചറിഞ്ഞ ഫാര്‍മസിസ്റ്റുകള്‍ അവളുമായുണ്ടായ സംഭാഷണം ആരുമായും പങ്കുവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഞങ്ങളെല്ലാവരും അവളെ സഹായിക്കാന്‍, പിന്തുണക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു- കണ്ണീരടക്കാന്‍ കഴിയാതെ അവളുടെ അമ്മ പറഞ്ഞു.

തന്റെ രഹസ്യം അവള്‍ അവള്‍ക്കൊപ്പം എടുത്തിരുന്നില്ല, എന്നിട്ടും ആരും, അവിടെ കൂടി നിന്നവരില്‍ ആരും, അവള്‍ സ്വന്തം ജീവിതത്തെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന്‌ പറയുകയോ ആലോചിക്കുക പോലുമോ ചെയ്തില്ല.

വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്‌
Subscribe Tharjani |