തര്‍ജ്ജനി

മുഖമൊഴി

തുഗ്ലക്ക് രാജാവും കേരളത്തിലെ വിദ്യാലയഭരണവും

കേരളത്തില്‍ വീണ്ടും വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള ചൂടുപിടിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസരംഗത്ത് കോളേജുകള്‍ ക്ലസ്റ്ററുകളായി തിരിച്ച് ഭരിക്കുവാനുള്ള ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ തീരുമാനവുമാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പ്രൊഫഷനല്‍ കോളേജ് പ്രവേശനം വിദ്യാര്‍ത്ഥികളെ കണ്ണീരുകുടിപ്പിച്ചും അയല്‍സംസ്ഥാനത്തെ കോളേജുകള്‍ തന്നെ ശരണം എന്ന അവസ്ഥയിലെത്തിച്ചും കൈകാര്യം ചെയ്തതിനു തൊട്ടു പിന്നാലെ വന്ന ഈ പരിഷ്കരണനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുംമുമ്പ് തന്നെ പഴയ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ആത്മാവിനെ ഉപാസിക്കുന്നവര്‍ ഇതിനു പിറകിലുണ്ടെന്നു കരുതാവുന്ന വിധത്തില്‍ യുക്തിശൂന്യവും പരിഹാസ്യവുമാണ് കാര്യങ്ങളുടെ അവസ്ഥ എന്നു തോന്നും. വിശദാംശങ്ങളിലേക്ക് കടന്നാലോ വലിയ സിദ്ധാന്തവായാടിത്തവും പെരുത്ത പിടിപ്പുകേടും അതിലപ്പുറം കടുത്ത നിര്‍ല്ലജ്ജതയുമാണ് നമ്മുക്ക് കാണാനാവുക.

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ ഇസ്ലാമികപുരോഹിതന്മാരും ക്രൈസ്തവപുരോഹിതരും രംഗത്തു വന്നിട്ടുണ്ട്. മദ്രസാ പഠനത്തെ ബാധിക്കുമെന്നതാണ് മുസ്ലിം പുരോഹിതരുടെ എതിര്‍പ്പിനുള്ള പ്രധാനകാരണം. നിയമനാധികാരം കൈവിട്ടുപോകുമോ എന്ന ഭീതിയാണ് ക്രൈസ്തവപുരോഹിതരുടെ എതിര്‍പ്പിനു കാരണം. ഒരു പക്ഷെ ഒടുവില്‍ ഒത്തുതീര്‍പ്പിലെത്താനായി ഈ രണ്ട് കാര്യങ്ങളിലും പുരോഹിതവിഭാഗങ്ങളുടെ താല്പര്യം സംരക്ഷിച്ച് എതിര്‍പ്പുകള്‍ അവസാനിപ്പിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. അതിനപ്പുറത്തുള്ള ഒരു വിപ്ലവവും ഇവിടെ നടക്കുമെന്ന് ആരും ഭയപ്പെടുന്നുണ്ടാവില്ല. മുന്നാറിലെ ഐതിഹാസികമായ ചെറുത്തുനില്പിലൂടെ പ്രകടമാക്കിയ വര്‍ഗ്ഗസ്വഭാവം പല വിധത്തില്‍ നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുന്ന മലയാളികള്‍ ഇതൊക്കെ ലാഘവത്തില്‍ കാണാന്‍ ശീലിച്ചവരാണ്. അങ്ങനെ സ്വാശ്രയബില്ലിന്റെ അതേ വിധി പങ്കിടാനായി നടത്തുന്ന ഈ വ്യായാമം എന്തിനു വേണ്ടിയെന്ന് ആലോചിക്കേണ്ടതാണ്.

ഇക്കപടലോകത്തില്‍ ആത്മാര്‍ത്ഥമാം ഹൃദയമുണ്ടായതാണെന്‍ പരാജയം എന്നു പാടാനും ഇക്കപടലോകത്തില്‍ എന്‍ കാപട്യം ഏവരും കാണ്മതാണെന്‍ പരാജയം എന്ന വസ്തുത വിനീതരായ വിശ്വാസികള്‍ക്കു മുമ്പില്‍ നാളെ മറച്ചുപിടിച്ച് വ്യാഖ്യാനിക്കാനും ഈ നാടകം ആവശ്യമാണ്. എന്നാല്‍ അതിനപ്പുറത്താണ് ഇതിന്റെ യഥാര്‍ത്ഥതാല്പര്യങ്ങള്‍ കുടികൊള്ളുന്നത്. പ്രതിപക്ഷത്തായിരുന്ന കാലത്ത് അക്രമാസക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഒരു പ്രസ്ഥാനത്തിന് പ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പ്രശ്‌നപരിഹാരത്തിന് ശരിയായ വഴിയും നിശ്ചയമുണ്ടായിരക്കുമെന്നാണല്ലോ നാം കരുതേണ്ടത്. എന്നാല്‍ ഭരണാധികാരം കൈവന്നപ്പോള്‍ ചെയ്തതെല്ലം ഭീമാബദ്ധങ്ങള്‍ മാത്രം. കാണുന്നവര്‍ക്ക് പരിഹാസവും അനുഭവസ്ഥര്‍ക്ക് അളവില്ലാത്ത ക്ലേശങ്ങളും സമ്മാനിച്ച അസമര്‍ത്ഥരെന്ന് സ്വയം തെളിയിച്ചു കഴിഞ്ഞ ഭരണാധികാരികളില്‍ നിന്നെത്തുന്ന പരിഷ്കാരനിര്‍ദ്ദേശത്തെ സംശയത്തോടെയല്ലാതെ സമീപിക്കുന്നവര്‍ ലളിതമായ ഭാഷയില്‍ വിഡ്ഢികളാണ്.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നടത്തിയ പരിഷ്കാരത്തിലൂടെയാണ് വിദ്യാഭ്യാസം കച്ചവടമായി മാറിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കും. അവരെ നിയമിക്കുക സ്കൂളിന്റെ ഉടമായയിരിക്കുകയും ചെയ്യും. സ്ഥിരമായി മാന്യമായ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കാന്‍ കൈക്കൂലി വേണം എന്നു ഉടമകള്‍ ആവശ്യപ്പെടാനും ഉദ്യോഗാര്‍ത്ഥികള്‍ അത് നല്കുകയും ചെയ്ത് ഒരു പുത്തന്‍ വിദ്യാഭ്യാസനയം വിദ്യാഭ്യാസബില്ലിന്റെ അനുപൂരകമായി പ്രാവര്‍ത്തികമായി. കൈക്കൂലി വാങ്ങാത്ത സ്വകാര്യസ്കൂള്‍ - കോളേജ് ഉടമകളെ കണ്ടെത്താന്‍ മഷിയിട്ട് നോക്കണം. സ്ഥാപനവല്ക്കരിക്കപ്പെട്ട ഈ അഴിമതി ചെറുക്കാന്‍ ഈ നാട്ടില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും സാധിച്ചിട്ടില്ല. ഇങ്ങനെ കൈക്കൂലി നല്കി ജോലിനേടിയ അദ്ധ്യാപകരുടെ സംഘടനയെ സ്വകാര്യസ്കൂള്‍ - കോളേജ് അദ്ധ്യാപകസംഘടനയെന്ന പേരില്‍ നമ്മുടെ നാട്ടില്‍ പാര്‍ട്ടിക്കാര്‍ കൊണ്ടു നടക്കുകയും ചെയ്യുന്നുണ്ട്. മഹാവിപ്ലവും പ്രസംഗിക്കുന്ന സ്കൂള്‍ കോളേജ് അദ്ധ്യാപകരില്‍ എത്രപേരുണ്ട് കൈക്കൂലിയുടെ ഈ മഹാപ്രസ്ഥാനത്തിനു പുറത്തുള്ളവര്‍ എന്ന് അന്വേഷിക്കാവുന്നതാണ്. യോഗ്യതയുണ്ടായിട്ടും കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പുറത്തു നില്ക്കേണ്ടിവന്നവര്‍ എത്രയെന്ന് ഈ പരിഷ്കരണവാദികള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ?

പാര്‍ട്ടിവിധേയ സര്‍വ്വീസ്‌സംഘടനയിലും അതിന്റെ അനുബന്ധമായ സാംസ്കാരികസംഘടനയിലും സഹകരണസംഘത്തിലും അംഗമായി സുരക്ഷിതമായി ജീവിക്കുന്നവരാണ് നമ്മുടെ നാട്ടിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും. അങ്ങനെ തങ്ങള്‍ കൈക്കൂലി നല്കി ജോലിനേടിയവരാണ് എന്ന സത്യത്തെ മറച്ചു പിടിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. വിദ്യാഭ്യാസരംഗത്തെക്കുറിച്ചും അതിന്റെ നവീകരണത്തെക്കുറിച്ചും ആലോചിക്കുമ്പോള്‍ അടിസ്ഥാനപരമായ ഈ സവിശേഷത അല്ലെങ്കില്‍ വൈകല്യം പരിഗണനയിലുണ്ടായിരുക്കണം. ആദര്‍ശാത്മകമായ സാഹചര്യം വിഭാവനം ചെയ്ത് സ്വപ്നപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന നിഷ്കളങ്കരാണ് പരിഷ്കരണത്തിന്റെ സൂത്രധാരന്മാര്‍ എന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. എങ്കില്‍ കുറച്ചുകൂടി കൃത്യമായ പശ്ചാത്തലബോധത്തോടെ പ്രശ്നത്തെ സമീപിക്കാം.

മതപുരോഹിതന്മാരുടെ വിമര്‍ശനവും എതിര്‍പ്പും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടും. എന്നാല്‍ ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പരിഷ്കരണം നിലവില്‍ വന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസം പൂര്‍ണ്ണമായും അലങ്കോലപ്പെടും. ആസൂത്രണം ജനകീയമാക്കുക വഴി ഏത്ഉച്ചക്കിറുക്കും ആസൂത്രണമാക്കി മാറ്റിയ വന്‍വിപ്ലവത്തിന്റെ സമീപകാലാനുഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. ആസൂത്രണപ്രക്രിയയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ഒരു കാഴ്ചപ്പാടും പരിജ്ഞാനവുമില്ലാത്ത പ്രാദേശികരാഷ്ട്രീയപ്രവര്‍ത്തകരെ ആസൂത്രരായി വേഷംകെട്ടിച്ച് കൊണ്ടാടിയ ആ മഹാവിപ്ലവും അഴിമതി കീഴ്ത്തട്ടിലേക്ക് വ്യാപിപ്പിക്കുകയും കൊടുകാര്യസ്ഥതയ്ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഡി.പി.ഇ.പിയുടെ പേരില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ സി.ബി.എസ്.ഇ സിലബസിനോടും സ്വകാര്യ-അണ്‍ എയ്ഡഡ് സ്കൂളുകളോടും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആരാധന മലയാളിസമൂഹത്തിലുണ്ടാക്കിയത്. മത്സരപരീക്ഷയും അഭിമുഖവും യോഗ്യതയും അടിസ്ഥാനമാക്കി അദ്ധ്യാപകനിയമനം നടത്തുന്ന സര്‍ക്കാര്‍ സ്കൂളുകളേക്കാള്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരു മാനദണ്ഡവും നിര്‍ബ്ബന്ധമല്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് എന്നു കണക്കാക്കാന്‍ സാധാരണക്കാരന്‍ തയ്യാറാവണമെങ്കില്‍ പൊതുവിദ്യാഭ്യാസത്തെ അലങ്കോലമാക്കിയാലേ സാധിക്കൂ. വിദ്യാലയരാഷ്ട്രീയം, സമരാഘോഷങ്ങള്‍ എന്നിവയ്ക്കു പുറമെ പരിഷ്കരണങ്ങളും കൂടിയായപ്പോള്‍ കൂട്ടത്തോടെ കൂടൊഴിഞ്ഞ് കുട്ടികള്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പോയതിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് ഗൌരവമായ ഒരു ആലോചനയും നടന്നിട്ടില്ല.

സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം എന്നാണ് ഇതിന്റെ ബുദ്ധിജീവി നേതൃത്വം അവകാശപ്പെടുന്നത്. ഇതിനു പുറമെ വേറെ രണ്ട് സുവര്‍ണ്ണനിയമങ്ങളുമുണ്ട്. ഇത്രത്തോളം ഗംഭീരമല്ല അവ. എന്താണ് സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം എന്ന് ഈ സൈദ്ധാന്തികര്‍ വിശദീകരിക്കണം. സൊസൈറ്റി, കണ്‍സ്ട്രഷന്‍ എന്നിങ്ങനെ രണ്ട് കാര്യങ്ങളാണല്ലോ ഇതിലുള്ളത്. സൊസൈറ്റിയെക്കുറിച്ച് ആരുടെ ധാരണയും താല്പര്യവും മുന്‍നിറുത്തിയാണ് ഈ കണ്‍സ്ട്രഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നും ഉദ്ദിഷ്ടകണ്‍സ്ട്രക്ടിന്റെ സ്വഭാവമെന്തായിരിക്കുമെന്നും ഈ പുത്തന്‍ മെക്കോളെമാര്‍ പറയട്ടെ. കൊളോണിയല്‍ വിധേയതയ്ക്ക് പാകത്തില്‍ കണ്‍സ്ട്രക്ട് ചെയ്യുന്ന മെക്കോളെയുടെ പദ്ധതിക്ക് പകരം നമ്മുടെ ജീര്‍ണ്ണവും കുത്തഴിഞ്ഞതും പിടിപ്പുകെട്ടതുമായ രാഷ്ട്രീയനേതൃത്വത്തിന്റെ ചൊല്പടിക്ക് നില്ക്കാന്‍ പാകത്തിലുള്ള ഒരു തലമുറയെയാണോ പരിഷ്കരണം ലക്ഷ്യം വെക്കുന്നത്. പൌരാവകാശത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും അതിപ്രാകൃതധാരണകളുള്ള കക്ഷിവിധേയസമൂഹത്തിന്റെ അജ്ഞതയും അശക്തിയും മുതലാക്കി നടപ്പിലാക്കാന്‍ പോകുന്ന പരിഷ്കരണത്തിന്റെ ഫലങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ നാം കാണാനിരിക്കുകയാണ്. ഈ പരിഷ്കരണം പ്രൊഫഷനല്‍ വിദ്യാഭ്യാസം അലങ്കോലമാക്കി അന്യസംസ്ഥാനവിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് വിപണിയുണ്ടാക്കുന്ന വിദഗ്ദ്ധരില്‍ നിന്നാവുമ്പോള്‍ ഫലത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട.

മുഹമ്മദ് ബിന്‍ തുഗ്ലക്ക് കരുണാലുവായിരുന്ന ചക്രവര്‍ത്തിയായിരുന്നുവെന്നും തന്റെ പരിഷ്കരണങ്ങള്‍ ജനങ്ങള്‍ക്ക് ക്ലേശകരമായെന്ന് അറിഞ്ഞപ്പോള്‍ തെറ്റുതിരുത്താനായി എല്ലാം പഴയപടിയാക്കാന്‍ കല്പിച്ചുവെന്നുമൊക്കെയാണ് കേള്‍വി. അഭിനവതുഗ്ലക്കുമാര്‍ എല്ലാം പഴയപടിയാക്കാന്‍ കല്പിച്ചാലും എന്താണ് ബാക്കിയുണ്ടാവുക?

Subscribe Tharjani |