തര്‍ജ്ജനി

പി . മോഹന്‍

Visit Home Page ...

സംസ്കാരം

മയ്യഴിക്ക്, സ്നേഹപൂര്‍വ്വം

മിച്ചിലോട്ട് മാധവേട്ടന് സമര്‍പ്പിച്ചുകൊണ്ട്.

നാമാരും ഇന്‍‌ഡ്യാക്കാരോ
കേരളീയരോ, മയ്യഴിക്കാരോ
ആകണമെന്ന് ആഗ്രഹിച്ച് ജനിച്ചവരല്ല.
മലയാളം മാതൃഭാഷയാകണമെന്നോ ,
ഹിന്ദി രാഷ്ട്ര ഭാഷയാകണമെന്നോ,
ഇംഗ്ലീഷോ, ഫ്രഞ്ചോ പഠിക്കണമെന്നോ
വിചാരിച്ച് വളര്‍ന്നവരുമല്ല.

നമുക്ക് ചരിത്രവും കാലവും ഒരുക്കിയ പിള്ളത്തൊട്ടില്‍ ഇവിടെയായിരുന്നു. ഇവിടെ ഭാഷകള്‍ നമ്മെ കാത്തിരുന്നു. നമ്മുടെ നാവുകളെ കയ്‌പ്പോടെയും വേദനയോടെയും തുള്ളിക്കളിപ്പിച്ചു. സ്നേഹവും വെറുപ്പും സ്വപ്നവും നിരാശയും നമുക്കു തന്നത് ഈ ഭാഷകളാണ്.

ലോകത്തിന്റെ വേറെ ഏതെങ്കിലും ഇടത്തിലാണങ്കില്‍ സ്പാനിഷ് , റഷ്യന്‍, ജര്‍മ്മന്‍, സ്വാഹിലി എന്നീ ഭാഷകളായിരിക്കും ഞാന്‍ പറയുക. ഇതു ഓര്‍ത്താല്‍ ലോകത്തെ കൂടുതല്‍ മാനിക്കാനും സംഘര്‍ഷങ്ങളെ കുറയ്ക്കാനും നമുക്കാവുമെന്നു ഞാന്‍ കരുതുന്നു.

സ്വയം മറക്കാന്‍ മുപ്പതുകൊല്ലം ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോള്‍ ബംഗ്ഗ്ലാവില്‍ നിന്നും പുറത്തിറങ്ങിയ ഗസ്തോന്‍ സായിവിന് പ്രകൃതിയുടെ ജ്ഞാനസ്നാനമുണ്ടായി. പാതാര്‍ ഒഴിഞ്ഞു കിടന്നിരുന്നു. നേരം പുലര്‍ന്നീട്ട് അധികനേരമായിട്ടില്ല. നിലാവെളിച്ചം പോലെ നേര്‍ത്ത വെയില്‍ കടലിലും പുഴയിലും നിറഞ്ഞുകിടക്കുന്നു”

ഒരു കാലത്ത് താന്‍ മാറോടു ചേര്‍ന്നു കിടന്ന് മുലകുടിച്ചിരുന്ന കുറമ്പിയമ്മയെ ഗസ്തോന്‍, സ്വന്തം അമ്മയെപ്പോലെ തിരിച്ചറിയുന്നു.

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെ ഞാനിവിടെ സ്മരിക്കുന്നത് കടപ്പാടുകൊണ്ടാണ്. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായ തൃശ്ശൂരില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഫ്രഞ്ചുകാരെ ബന്ധുക്കളായി ആദ്യം കാണാന്‍ കഴിഞ്ഞത് ഈ നോവലിലൂടെയാണ്. പിന്നെയാണ് മലയാളം മാതൃഭാഷയായ എനിക്ക് ഇംഗ്ലീഷ് എന്ന രണ്ടാം ഭാഷയിലൂടെ ഫ്രഞ്ചു കൃതികളുടെ വിവര്‍ത്തനങ്ങളുമായി ബന്ധപ്പെടാനാവുന്നത്. ഭരണഭാഷയായ ഇംഗ്ലീഷിലൂടെ നമ്മെ ഭിരിക്കാത്ത ഫ്രഞ്ചു ഭാഷയിലെ എഴുത്തുകാരെയും കലാകാരന്മാരെയും മനസ്സിലാക്കാനായി.

liberty, equality and fraternity എന്ന മാനുഷിക ജനിതകം ഫ്രഞ്ചിലാണുണ്ടായതെന്ന് തിരിച്ചറിവുണ്ടാകുന്നു. ഭരിക്കാത്തവര്‍ യഥാര്‍ത്ഥ ബന്ധുക്കളാവുക മാത്രമല്ല ഉണ്ടായത്‌. ദൈവം ബാബേല്‍ ഗോപുരം തകര്‍ത്തതുകൊണ്ട് കാര്യമുണ്ടായില്ല എന്നു തെളിയുകയും ചെയ്തു. അല്ലെങ്കിലും ദൈവത്തിന് നിരന്തരം തെറ്റു പറ്റുന്നു.

ഭാഷയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വിവര്‍ത്തനം ദൈവത്തെ നിര്‍വീര്യനാക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള ബന്ധുത, ഭാഷകള്‍ തമ്മിലുള്ള അടുപ്പം രക്തബന്ധത്തേക്കാള്‍, പാര്‍ലിമെന്റുകളേക്കാള്‍, ഐക്യരാഷ്ട്ര സഭയേക്കാള്‍ ശക്തിമത്താവുന്നു. എന്റെ പൊന്നുമോനേ എന്ന് ഗസ്തോനേ വിളിച്ച കുറമ്പിയമ്മയുടെ പഴയ കൊച്ചീ ശീമയിലെ ചെറുമകനാ‍യ എനിക്ക്, ഗസ്തോന്‍ ബന്ധുവായി. ഗസ്തോനുമായുള്ള ബന്ധുതയുടെ ബലത്തിലാണ് ഞാന്‍ പിന്നീട് ഗുസ്തേവ് ഫ്ലാബേറും ഗസ്തെവ് കുറ്ബേയുമായി പരിചയപ്പെടുന്നതും, ഇതിനു പുറകെ ബന്ധുക്കളുടെ ഒരു പരമ്പരതന്നെ പുറപ്പെട്ടു വരുന്നു. മോഹേ, സര്‍ത്ര്, റോബ്‌ഗ്രിയോ, പ്രൂസ്ത്, മാല്‍‌റോ, ഗോഹിന്‍, എന്നിങ്ങനെ വായിച്ചാസ്വദിച്ച എഴുത്തുകാരെയും കണ്ടു കണ്ടു ലയിച്ചിരിക്കുകയും ചെയ്ത ചിത്രകാരന്മാരെയും മാത്രമേ എന്റെ സാഹിതീയമായ രേഖകളില്‍ ബലിയിടലായി ഞാന്‍ അവതരിപ്പിച്ചിട്ടുള്ളൂ.

കൂടുതല്‍ ചിത്രങ്ങള്‍...

സൌന്ദര്യത്മകമായ നന്മയും നിരന്തര നവീകരണവും ബുദ്ധിപരമായ മാനുഷികതയും വിഷാദസ്വരമുള്ള ഫ്രഞ്ചു ഭാഷയിലെ ആല്‍ബേര്‍ കമ്യൂ എന്ന മഹാനായ എഴുത്തുകാരന്‍ പ്ലേഗ് എന്ന നോവലില്‍ ദുഃഖവേദാന്തത്തോടെ ഇങ്ങനെ മുന്നറിയിക്കുന്നു.“.. that the plague bascillus never dies or disappears for good and then at a certain time it roused up its rats again and sent them forth to die in happy city".

അതേ സമയം അള്‍ജിയേഴ്സുകാരനായ അല്‍ബേല്‍ കമ്യൂ വിന്റെയും മറ്റു ഫ്രഞ്ചു കാരുടെയും കാരണവന്മാരില്‍ ഒരാളായ ലെസ്ലീസായ്‌വ്, മയ്യഴിയില്‍ വച്ച്, എന്റെ മുത്തശ്ശിയോട് ഇങ്ങനെ ചോദിച്ചു :“ കൊറമ്പീ, കൊറമ്പീ, ഇച്ചിരി പൊടി തര്വോ?” ആശങ്കയും വിഷാദവും തുളുമ്പുന്ന സ്മരണകളില്‍ കഴിയുന്ന ഒരാളെന്ന നിലയില്‍ എന്റെ ചിത്രങ്ങള്‍ക്ക് French Cousines എന്നല്ലാതെ മറ്റെന്തു പേരാണ് ഞാനിടുക.

Subscribe Tharjani |
Submitted by ഒ.കെ. സുദേഷ് (not verified) on Tue, 2008-01-01 17:28.

എങ്ങിനെയൊക്കെയോ, ഈ സാര്‍ത്രെ, ശശി തരൂര്‍ ആയിത്തോന്നുന്നു, മോഹന്‍....