തര്‍ജ്ജനി

കുഴൂര്‍ വിത്സണ്‍

ഇ-മെയില്‍: kuzhoor@gmail.com
വെബ്: വിശാഖം
www.kuzhur.com

Visit Home Page ...

കവിത

ഒരു ദിവസം (2007 നംവമ്പര്‍ 30)

ഒരുമിച്ച് നടന്നിരുന്ന വഴികളിലൂടെ
എന്തൊക്കെയോ വിചാരിച്ച്, പലപ്പോഴും
കുതിപ്പും കിതപ്പും കണ്ട
സിഗ്നലുകളോട്
ഇന്നെന്താ കണ്ണുരുട്ടാത്തേയെന്ന് ചോദിച്ച്
ഇന്നെന്താ ഒറ്റയ്ക്കാണല്ലോയെന്ന
അവരുടെ മറുചോദ്യവും കേട്ട്

ഞങ്ങള്‍ രണ്ട് പേരും
ഒറ്റയ്ക്കാണു ‍എന്ന് പിന്നെയും
അവര് ‍കേള്‍ക്കാതെ അടക്കം പറഞ്ഞ്

പലതും പറഞ്ഞ്
ഒടുവില് ‍കോര്‍ണേഷില്‍നിന്ന്
ഒരാള്‍ക്കായി പൂക്കള്‍
പറിയ്ക്കുമ്പോള്‍
മിസ് കാളുകള്‍ചോദിച്ചു

എവിടെയാണ്
എങ്ങനെയാണ്

ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ് പോര്‍ട്ട്
ന‍ഷ്ടപ്പെടരുതെന്നും
വീട്ടിലുള്ളയാള്‍ക്ക്
ശ്വാസം മുട്ടല്‍ ‍വരരുതെന്നും
കൂട്ടുകാരനു ‍ബോറടിക്കരുതെന്നും
നേരത്തെ പറഞ്ഞിരുന്നതാണല്ലോ

തീരെ, അടക്കമില്ലാത്ത മിസ്കാളുകള്‍

മറ്റൊരു ജന്മത്തില്‍നിന്ന്
ഏഴു കടലുകളും കടന്ന്
ഈ നഗരത്തിലെ ഈ വഴിയില്‍തന്നെ
ക്യത്യമായി വന്നിട്ട്
ഒരു ദിവസമെങ്കിലും

ഒരു തുള്ളി പോലും
പുറത്ത് പോകാതെ
തിമിര്‍ത്ത് പെയ്തില്ലെങ്കില്‍
അതാവും മുഴുവട്ടെന്ന്
ഞാനെന്നെ പറഞ്ഞ് മനസ്സിലാക്കി

ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
എന്നോട് ചോദിച്ച് മനസ്സിലാക്കണമെന്നും

ഭൂമിയില് ‍വിരിഞ്ഞ് നില്‍ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്

കൊഴിഞ്ഞുപോയവയും വിരിയാനിരിക്കുന്നവയും

ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണ് വീടുകളുടെയും പടമുള്ള പേപ്പര്
‍കുമ്പിള്‍കുത്തി
നിറയെ പിച്ചിപ്പൂക്കള്‍ നല്‍കുമ്പോള്‍
അവള്‍ചോദിച്ചാലോ

അപ്പോള് ‍പറിച്ചെടുത്ത
ഈ പൂക്കളോയെന്ന്

നിനക്ക് തരുന്ന
വേദനകള്‍പോലും
പൂക്കളായിരിക്കണം
എന്നൊരു s m s
പൂര്‍ത്തിയാക്കും മുന്‍പ്

ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു

Subscribe Tharjani |