തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

ലേഖനം

ബൃഹദാഖ്യാനത്തെ മൂര്‍ത്തമാക്കുക.

ഉത്തരാധുനിക അവസ്ഥയ്ക്ക്‌ ഒരു വിരുദ്ധദ്വന്ദം എന്ന നിലയ്ക്കാണ്‌ ഫ്രഞ്ച്‌ ചിന്തകനായ ല്യോതര്‍ (Jean Francois Lyotard) ബൃഹദാഖ്യാനത്തെ അവതരിപ്പിക്കുന്നത്‌. ഉത്തരാധുനികതയുടെ അവസ്ഥാന്തരങ്ങള്‍ വിശകലനം ചെയ്യാന്‍ ല്യോതര്‍ ഉപയോഗിച്ച ഒരു പൂര്‍വ്വ സാമൂഹികാവസ്ഥയാണ്‌ ബൃഹദാഖ്യാനം. ചിന്തയില്‍ കുപ്രസിദ്ധമാംവിധം സങ്കീര്‍ണ്ണതയുണ്ടായിരുന്ന ല്യോതറിന്റെ ബൃഹദാഖ്യാനപരികല്‍പ്പനയും അതിസങ്കീര്‍ണ്ണവും അമൂര്‍ത്തവും ആണ്‌. മറ്റു പല സംവാദങ്ങളിലും അത്‌ ഉപയോഗിക്കുന്നത്‌ പലപ്പോഴും അതിന്റെ അടിസ്ഥാന അര്‍ത്ഥത്തിലല്ല എന്ന വാദത്തെ അപ്രസക്തമാക്കും വിധം പരന്നതാണ്‌ അതിന്റെ രൂപഘടന. കമ്മ്യൂണിസവും തിയോക്രസിയും ശാസ്ത്രതീര്‍പ്പുകളും ബൃഹദാഖ്യാനത്തിന്റെ ഉദാഹരണങ്ങളായി പൊതുവെ വ്യവഹരിച്ചു വരുന്നുണ്ട്‌. ഒരു വലിയ സമൂഹത്തെ ഏറെകൂറെ ഒരുപോലെ സ്വാധീനിക്കാനും അബോധമായ തലത്തില്‍ തന്നെ ഒന്നിച്ചു നിര്‍ത്താനും ശേഷിയുള്ള ഒരു ആശയത്തിന്റെ പ്രയോഗമാണു ബൃഹദാഖ്യാനം എന്ന്‌, ഈ ഉദാഹരണങ്ങളെ മുന്‍നിര്‍ത്തി, പരുക്കനായി വ്യാഖ്യാനിക്കാം. ഈ പരികല്‍പ്പനയില്‍ സിദ്ധാന്തങ്ങള്‍ ബൃഹദാഖ്യാനങ്ങള്‍ ആകാതിരിക്കുന്നില്ല - എല്ലാ സിദ്ധാന്തങ്ങളും അങ്ങിനെ ആകണമെന്നില്ല എന്ന ഇടം നിലനില്‍ക്കെ തന്നെ. "വലിയ മാനങ്ങളുള്ള ആശയങ്ങളോ സിദ്ധാന്തങ്ങളോ (large scale theories or philosophies)" എന്ന്‌ വ്യക്തമായി തന്നെയാണ്‌ ചിലയിടങ്ങളിലെങ്കിലും ബൃഹദാഖ്യാനത്തിന്റെ നിര്‍വ്വചനമായി വായിക്കാനാവുക. "സത്യത്തെ (truth) വ്യവസ്ഥാപിതമായി നിജപ്പെടുത്തുന്ന സമ്പൂര്‍ണ സിദ്ധാന്തങ്ങളാണ്‌" ബൃഹദാഖ്യാനങ്ങള്‍ എന്നും.

"സത്യത്തെ വ്യവസ്ഥാപിതമായി നിജപ്പെടുത്തുക", "സമ്പൂര്‍ണ സിദ്ധാന്തം" എന്നീ നിര്‍വ്വചനങ്ങളാവും മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളെ ബൃഹദാഖ്യാനത്തോട്‌ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തുക. ജനാധിപത്യത്തെ ഉള്‍ക്കൊള്ളാനാവാത്തതും ഇതേ കാരണം കൊണ്ടാവും. ഇത്‌ സംശയാസ്പദവും കുറച്ചുകൂടി വിശകലനങ്ങള്‍ ആവശ്യപ്പെടുന്നതും ആണ്‌.

കമ്മ്യൂണിസത്തിന്‌ 'മൂലധനമോ', 'മാനിഫെസ്റ്റോ'യോ ആശയപരമായ അടിത്തറ നല്‍കിയിട്ടുണ്ടാവാം. എന്നാല്‍ എത്രയോ അനേകം ഭാഷ്യങ്ങള്‍, പ്രാദേശികമായ പ്രയോഗങ്ങള്‍ക്ക്‌ സാധുത നല്‍കും വിധം, അതിനു ശേഷം കമമ്യൂണിസത്തിന്‌ ഉണ്ടായിട്ടുണ്ട്‌. പാര്‍ലിമെന്ററി ജനാധിപത്യത്തോട്‌ സമപ്പെട്ട്‌ പത്തറുപത്‌ വര്‍ഷം അതൊരു അടവുനയമായി കൊണ്ടുനടക്കാന്‍ ചിലയിടങ്ങളിലെങ്കിലും സാധിക്കുന്നുണ്ട്‌. അതേസമയം തന്നെ തികച്ചും റ്റോട്ടാലിറ്റേറിയനായ സര്‍ക്കാരുകളെ, ഉത്തര കൊറിയയിലേയും ക്യൂബയിലേയും പോലെ, അതിരുകള്‍ക്കുള്ളില്‍ പരിപോഷിപ്പിക്കാനും അതിന്‌ സാധിക്കുന്നുണ്ട്‌. മുതലാളിത്തത്തെ നഗരങ്ങളില്‍ ഗംഭീരമായി ആഘോഷിക്കുകയും ഗ്രാമങ്ങളെ കമ്മ്യൂണുകളായി മറക്കാന്‍ വിടുകയും ചെയ്യുന്ന അതിസങ്കീര്‍ണ്ണമായ ഒരു കമ്മ്യൂണിസ്റ്റ്‌ പ്രയോഗം ഇപ്പോള്‍ ചൈനയില്‍ നിലവിലുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ പ്രയോഗങ്ങള്‍ ഒരുപാടിടങ്ങളില്‍ തകര്‍ന്നു പോയിരിക്കാം, നിലവിലുള്ള രീതിയില്‍ അതിന്റെ വാസനകള്‍ പ്രതിലോമമായി അനുഭവപ്പെടുന്നുണ്ടാവാം. എങ്കിലും അതൊരു യാത്ഥാര്‍ഥ്യമായി ഇന്നും നിലനില്‍ക്കുന്നു എന്നത്‌ മറക്കാന്‍ വയ്യ. അതിനെ സാധ്യമാക്കുന്നത്‌, ആന്തരീക തീര്‍പ്പുകളുടെ അത്യാചരണങ്ങളിലൂടെ അതു സ്വയം ഒടുങ്ങാന്‍ കൂട്ടാക്കുന്നില്ല എന്നതു തന്നെയാവും. ഉള്ളതെല്ലാം ഉറപ്പായിപോയ സത്യങ്ങള്‍ അല്ല എന്നുമാവും. എ.കെ.ഗോപാലന്റെ കമ്മ്യൂണിസമല്ല പിണറായി വിജയന്റെ കമ്മ്യൂണിസം എന്നതുണ്ട്‌. കമ്മ്യൂണിസ്റ്റുകള്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എന്നു സ്വയം കളംമാറുന്നതും, ബുഷ്‌കോട്ടിട്ട്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ മീറ്റുകളില്‍ അത്യധികം ഉത്സാഹത്തോടെ പങ്കെടുക്കുന്നതും കാണാന്‍ പറ്റുന്നുണ്ട്‌. ഇത്രയും വലിയ വൈവിധ്യങ്ങള്‍ക്ക്‌ വിധേയമായ ഒരു സിദ്ധാന്തമോ സിദ്ധാന്തപ്രയോഗമോ കണ്ടെത്താന്‍ പ്രയാസം. ഇതിനപവാദം ഒരുപക്ഷേ മറ്റൊരു ബൃഹദാഖ്യാനമായി വ്യാഖ്യാനിക്കപ്പെടുന്ന തിയോക്രാറ്റിക്‌ സമൂഹങ്ങളാണ്‌.

വത്തിക്കാന്‍ പോലുള്ള ശുദ്ധ തിയോക്രാറ്റിക്‌ രാഷ്ട്രങ്ങള്‍ ഇന്ന്‌ അധികം ഇല്ല. ആംഗ്ലിക്കന്‍ സഭയുടെ പരമാധികാരം ബ്രിട്ടിഷ്‌ രാജാവിന്‌/രാജ്ഞിക്കാണ്‌. സാങ്കേതികമായി രാഷ്ട്രത്തിന്റെ തലവനും രാജാവുതന്നെ. അത്തരത്തില്‍ നോക്കിയാല്‍ ബ്രിട്ടണ്‍ ഒരു തിയോക്രാറ്റിക്‌ സമൂഹമാണെന്നു വാദിക്കാം. എന്നാല്‍ അതിനു സാങ്കേതികമായ തലമേയുള്ളു. അധികം കോലാഹലങ്ങള്‍ ഇല്ലാതെ ഡിമോക്രസി ആചരിക്കപ്പെടുന്ന ഒരു ദേശമാണ്‌ ബ്രിട്ടണ്‍. പല രാഷ്ട്രങ്ങളിലും ഔദ്യോഗികമായ മതങ്ങള്‍ നിലവിലുണ്ട്‌. പക്ഷെ അതുകൊണ്ട്‌ അവയൊക്കെ തിയോക്രസികള്‍ എന്നു പറയാനാവില്ല. ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ മാത്രമായി ഒരു മതവും ഇല്ലതാനും. അപ്പോള്‍ ബൃഹദാഖ്യാന പരികല്‍പ്പനയുടെ പരിധിയില്‍ വരുന്ന തിയോക്രാറ്റിക്‌ സമൂഹങ്ങള്‍ എന്ത്‌/ഏത്‌ എന്നത്‌ വളരെ മങ്ങിയും പരന്നും കാണപ്പെടും. ഒരു പ്രത്യേക മതം മുന്നോട്ടു വയ്ക്കുന്ന ആശയസംഹിതയുടെ പ്രതിസ്ഫുരണം ഏറ്റെടുക്കുന്ന, പൊതുവായി ചില വിശ്വാസങ്ങള്‍ പങ്കിടുന്ന, ലോകം മുഴുവന്‍ പരന്നു കിടക്കുന്ന ഒരു സമൂഹം ആവും അത്‌. അങ്ങിനെ വരുമ്പോള്‍ ഏതു മതവും, പ്രത്യേകിച്ച്‌ രാഷ്ട്രീയമായ വ്യവസ്ഥിതികളുടെ പിന്താങ്ങല്‍ ഇല്ലാതെ തന്നെ ബൃഹദാഖ്യാനത്തില്‍ പെടും. സ്വയംകൃത സത്യങ്ങള്‍ ആചരിച്ച്‌ ഒടുങ്ങുന്നു എന്ന്‌ പറയപ്പെടുന്ന സമിറ്റിക്‌ മതങ്ങള്‍ മാത്രമല്ല, ഒരോ വ്യക്തിക്കും ഓരോ ദൈവത്തെ സ്വന്തമാക്കാന്‍ സാധിക്കുന്ന ഹിന്ദൂയിസം പോലുള്ള നോണ്‍-സമിറ്റിക്‌ മതങ്ങളും അതില്‍ പെടുന്നു.

ക്രിസ്തുമതത്തിന്റെ വിവിധ വകഭേദങ്ങള്‍ ഔദ്യോഗിക മതങ്ങളാകുന്ന യൂറോപ്പിന്റെ ചില ഭാഗങ്ങളും ലത്തീനമേരിക്കയുടെ ഭൂരിഭാഗവും, ഇസ്ലാം ഔദ്യോഗിക മതമാകുന്ന മധ്യപൂര്‍വദേശങ്ങളും വേണമെങ്കില്‍ ലിബറല്‍ തിയോക്രസിയുടെ വലയത്തില്‍ കൊണ്ടുവരാവുന്നതാണ്‌. ഇടക്കാലത്ത്‌ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഏകപക്ഷീയമായ മതശുദ്ധീകരണ രാഷ്ട്രീയത്തിന്റെ ഒറ്റപ്പെട്ട സംഭവം ഒഴിച്ചാല്‍, ഈ രാഷ്ട്രങ്ങളെല്ലാം തന്നെ, ലോകത്തിന്റെ പൊതുവായ പുരോഗതിയുടെ ഭാഗങ്ങളായി രാഷ്ട്രീയത്തെ ക്രമപ്പെടുത്തുന്നതു കാണാം. മതാചരണം ഒരു വ്യവസ്ഥ എന്ന നിലയില്‍ രാഷ്ട്രീയത്തെ ആസകലം ബാധിക്കും വിധം ആത്യന്തികമായ തീര്‍പ്പുകളോ ശാസനങ്ങളോ ആകുന്നില്ല. സുന്നി ഇസ്ലാമിസം മതപരമായി ആചരിക്കുന്ന സൗദിഅറേബ്യ, അമേരിക്ക-ഇറാഖ്‌ യുദ്‌ധകാലത്ത്‌ അമേരിക്കയോടൊപ്പം നിന്നത്‌ രാഷ്ട്രീയമായ സഹവര്‍ത്തിത്വത്തിന്റെ തലത്തിലാണ്‌. മതപരമായി അതിനു സാധൂകരണം ഇല്ല. ഗുജറാത്തിലും പുറത്തും മോദി സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന ശക്തമായ ജനവികാരവും ഇതേ നിലയില്‍ കാണാവുന്നതാണ്‌. മോദിയോ മോദിയുടെ മതരാഷ്ട്രീയമോ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ എല്ലാ ഹിന്ദുക്കളും അംഗീകരിക്കുന്നില്ല എന്നാവുമല്ലോ അത്‌. അതു ഡിമോക്രസിയുടെ ഗുണം എന്നതുപോലെ തന്നെ ഏതൊരു മതസമൂഹത്തിന്റെയും സ്വതന്ത്രവാഞ്ച കൂടിയാണ്‌. ഇവ വെളിവാക്കുന്നത്‌, തിയോക്രാറ്റിക്‌ സ്വഭാവം ഉള്ള വ്യവസ്ഥിതികളില്‍ പോലും, മതപരമായ ശരികളെ കാലാകാലങ്ങളില്‍ സമൂഹപുരോഗതിയുടെ ഭാഗമായി പുനര്‍നിര്‍വചിക്കാന്‍ സാധിക്കുന്നുണ്ട്‌ എന്നു തന്നെയാവും.

ആധുനികോത്തര പരിസരത്തില്‍ അറിവിന്റെ സ്വാംശീകരണത്തെയും വിതരണത്തേയും കുറിച്ചാണു ല്യോതര്‍ തന്റെ പ്രബന്ധത്തില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്‌. എല്ലാതരം സാമൂഹികാവസ്ഥകളേയും ആഖ്യാനങ്ങളായി കാണുന്നു ഇതില്‍. അതിലും കടന്നു 'ഭാഷയുടെ കളി (language game)' എന്നൊരു പരികല്‍പ്പനയിലേക്കും കൊണ്ടുവരുന്നുണ്ട്‌ സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെ. ഒരുപാടു ചെറിയ ആഖ്യാനങ്ങളുടെ സങ്കലനമോ, മാതൃരൂപമോ ആയ ബൃഹദാഖ്യാനങ്ങളുടെ അസ്ത്വ‍ിത്വം ആധുനികോത്തര ലോകത്ത്‌ അപ്രസക്തമാകുന്നു എന്നാണ്‌ വാദം. ചെറിയ ആഖ്യാനങ്ങള്‍ക്കാണ്‌ (micro narrative) പ്രസക്തി. സമാനമായ ആഖ്യാനങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുന്നതിനും അപ്പുറത്തേക്ക്‌ അറിവിന്റെ വ്യാപനം സങ്കീര്‍ണമായി എന്നാണത്‌. സമൂഹ്യാവസ്ഥകളെ ആഖ്യാനങ്ങളായി കാണുമ്പോള്‍ അവയ്ക്കു വന്നുചേരുന്ന ആഖ്യായികാ ഭാവമായിരിക്കാം മുഖ്യമായും ജനാധിപത്യത്തെ ബൃഹദാഖ്യാനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ മടിയുണ്ടാക്കുക. പല ചെറു ആഖ്യാനങ്ങളുടെയും മാതൃരൂപം എന്ന നിലയ്ക്ക്‌ ജനാധിപത്യം ബൃഹദാഖ്യാന പരിധിയില്‍ പെടേണ്ടതാണ്‌. ശാസ്ത്രതീര്‍പ്പുകളുടെ അസ്ഥിരതപോലെ ഒന്നു തന്നെയേ ജനാധിപത്യത്തിന്റെ, തുറന്ന നിലപാടുകള്‍ക്കും ഉള്ളു. ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ അപ്പടി അംഗീകരിക്കാത്ത ശാസ്ത്രലോകത്തെ ശതമാന കണക്കെടുത്താല്‍, ഒരുപക്ഷെ ജനാധിപത്യരാഷ്ട്രങ്ങളിലെ ജനാധിപത്യ അവിശ്വാസികളുടെ ശതമാനത്തെക്കാള്‍ കൂടും.

ല്യോതര്‍ എന്ത്‌ ഉദ്ദേശിച്ചാലും അദ്ദേഹം തുറന്നു വിട്ട ഭൂതത്തെ - എല്ലാ സിദ്ധാന്തങ്ങളേയും സിദ്ധാന്തപ്രയോഗങ്ങളേയും മെറ്റാനറേറ്റിവിന്റേയോ മൈക്രോനറേറ്റിവിന്റേയോ കള്ളികളില്‍ വേര്‍തിരിച്ച്‌ അടുക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ആ നിലപാടുതറയില്‍ നിന്നു മാത്രമേ കുറച്ചുകൂടി മൂര്‍ത്തമായ ആശയസംവാദം ഈ വിഷയത്തില്‍ സാധ്യമാവുകയുള്ളു. സങ്കീര്‍ണമായ ആശയങ്ങളെ കൂടുതല്‍ കൂടുതല്‍ അമൂര്‍ത്തമാക്കുന്നത്‌ സമൂഹ്യമായി നന്മോന്മുഖമല്ല. അത്‌ മറ്റൊരു അര്‍ത്ഥത്തില്‍ വെറുമൊരു 'ലാംഗ്വേജ്‌ ഗെയിം' മാത്രമായി മാറും.

Subscribe Tharjani |