തര്‍ജ്ജനി

എം. പി. രാധാകൃഷ്ണന്‍

മഹാത്മാ കോളേജ്, തലശ്ശേരി

ഇ-മെയില്‍:radhanmp@yahoo.com

Visit Home Page ...

ലേഖനം

ലൈംഗികതയുടെ ചന്തവല്ക്കരണവും പടിഞ്ഞാറന്‍ ലോകവും

ലോകത്തെ ചന്തവല്ക്കരിക്കുക എന്ന ദൌത്യമാണ് മുതലാളിത്തലോകത്തിന്റേത്. എല്ലാ തുറകളിലും മുതലാളിത്തം ഇന്ന് മുന്നേറുന്നതും ഈ ദൌത്യവുമായാണ്. ഭോഗത്തിന്റെ സൌന്ദര്യശാസ്ത്രവും സാമ്പത്തികവിജ്ഞായീയവുമാണ് അതിനെ നിലനിറുത്തുന്നത്. മുതലാളിത്ത ഭോഗപരതയുടെ സമകാലീനപതിപ്പ് നിശ്ചയമായും മനുഷ്യനെ ഷണ്ഡത്വത്തിലെത്തിക്കുന്നു.

മുതലാളിത്തലോകത്തെ സംബന്ധിച്ചിടത്തോളം `പൌരുഷം` എന്നത് ആഗോളചന്തയിലെ ഒരു ചരക്ക് മാത്രമാണ്. അമേരിക്കയില്‍ പുരുഷന്മാരില്‍ പകുതി ശതമാനം പേര്‍ ഷണ്ഡന്മാരാണ് എന്ന് അവിടുത്തെ ഔഷധക്കമ്പനികള്‍ പറയുന്നു. പൗരുഷത്തിന്റെ സര്‍ഗ്ഗതലം സാക്ഷാത്കരിച്ചെടുക്കാന്‍ പറ്റാത്ത ഒരു പൌരസമൂഹത്തിന്റെ മുന്നില്‍ ഒരു വഴിയേ ഉള്ളൂ: അവബോധത്തിന്റെ മടക്കയാത്രയാണത്. പിന്നാലെ മറ്റു പലതും നടക്കുന്നു. ലൈംഗികതയും അമേരിക്കന്‍ നാഗരികതയുടെ ഭീകരതകളാല്‍ അതിന്റെ മടക്കയാത്ര തുടങ്ങിയിരിക്കുന്നു. ഹിംസാത്മകമായ ജീവിതശൈലിയുടെയും മാരകമായ ഭോഗപരതയുടെയും പ്രത്യാഘാതമെന്ന നിലയ്ക്കാണ് കിടപ്പറയിലെ പരാജയവും പരാജയഭീതിയുമെല്ലാം പടിഞ്ഞാറന്‍ മനുഷ്യനെ വിഴുങ്ങിയിരിക്കുന്നത്. സ്ത്രീയുമായി സര്‍ഗ്ഗസൗഹൃദം സ്ഥാപിച്ചെക്കുന്ന പുരുഷന് ഷണ്ഡത്വം പേറേണ്ടിവരുന്നില്ല. സര്‍ഗ്ഗതലത്തില്‍ പുരുഷനുമായി രമ്യതയില്‍ കഴിയുന്ന സ്ത്രീക്കും ആനന്ദാനുഭവം ഒരു പ്രശ്‌നമാകുന്നില്ല.

ആഗോളവിപണിയുടെ സൌകര്യാര്‍ത്ഥം മുതലാളിത്തം കിടപ്പറയെയും പ്രശ്‌നവല്ക്കരിച്ചിരിക്കുന്നു. യുദ്ധമുഖത്ത് എന്നതു പോലെ കിടപ്പറയിലും ഇന്ന് സാങ്കേതികവിദ്യയുടെ കടന്നാക്രമണം കാണാം. ഡിജിറ്റല്‍വല്ക്കരിക്കപ്പെട്ട യുദ്ധം അതിന്റെ ആസൂത്രകരേയും അവരുടെ അണികളെയും രതിമൂര്‍ച്ഛയ്ക്ക് സമാനമായ ഒരവസ്ഥയില്‍ എത്തിക്കുന്നു.(ഗള്‍ഫ് യുദ്ധം ഒരു ഉദാഹരണമാണ്). ഡിജിറ്റല്‍വല്ക്കരിക്കപ്പെട്ട സെക്സ് കിടപ്പറയെ ഒരു യുദ്ധക്കളമാക്കി മാറ്റുകയാണ്. ഇണകള്‍ തമ്മിലുള്ള കിടപ്പറയിലെ `യുദ്ധങ്ങള്‍ ലൈംഗികവിപണിക്ക് മുതല്‍ക്കൂട്ടാവുന്നു.

അമേരിക്കന്‍ പടയാളികള്‍ക്ക് ഭരണകൂടം ലോകത്തെമ്പാടും പുതിയ യുദ്ധമുഖങ്ങള്‍ തുറന്നുകൊടുക്കുന്നുണ്ട്. അവരുടെ വീടുകളിലെ കിടപ്പുമുറിളില്‍ ചുണക്കുട്ടികള്‍ കണക്ക് വൈബ്രേറ്ററുകളും ഇരിപ്പുണ്ട്. സംഗതി എത്ര ലളിതം! വയാഗ്ര ആഹരിച്ച ഒരുവനേക്കാള്‍ ഭംഗിയായി കൃത്യം നിര്‍വ്വഹിക്കുന്ന സ്ത്രീയുടെ ലൈംഗികതൃഷ്ണയെ വൈബ്രേറ്റര്‍ പരിസമാപ്തിയിലെത്തിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും പിന്നാലെ ഷാങ്ങ്ഹായിലും ഹോങ്കോങ്ങിലുമെല്ലാം കാമസാങ്കേതികവിദ്യ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രഗത്ഭനായ ഒരു അമേരിക്കന്‍ സര്‍ജ്ജന്റെ പുതിയ കണ്ടെത്തല്‍ ഇങ്ങനെയാണ്: തൊലിക്കടിയില്‍ പെയ്‌സ് മേക്കര്‍ (Pace Maker) പോലൊന്ന് നിക്ഷേപിക്കപ്പെടുന്നു. അത് ഒന്ന് അമര്‍ത്തിയാല്‍ മതി, രതിമൂര്‍ച്ഛ ലഭിക്കുന്നു. ഈ ഉപകരണത്തിന് മേധാവികളുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. സ്ത്രീക്ക് എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും രതിമൂര്‍ച്ഛയാവാം എന്ന നില വരാന്‍ പോകുന്നു.

ആവശ്യാനുസരണം പ്രേമവും ഔഷധരൂപത്തില്‍ വിപണിയില്‍ ലഭ്യമാവാന്‍ പോകുന്നു. പ്രേമത്തെക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് മൂന്ന് രാസപദാര്‍ത്ഥങ്ങളാണ് പ്രേമഭാവനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. കാമവാഞ്ഛയ്ക്ക് പിന്നിലുള്ളത് ടെസ്റ്റോസ്റ്ററോണ്‍ (Testosterone) ആണ്. ആവേശത്തിനും ഉല്ലാസത്തിനും നിദാനം ആംഫിറ്റമിന്‍ പോലുള്ള ഒരുകൂട്ടം രാസപദാര്‍ത്ഥങ്ങളാണ്. ഡോപ്പാമിന്‍ , നൊറാഡ്രിനാലിന്‍ ‍, ഫിനൈല്‍ തിലാമിന്‍ ഇതെല്ലാം ഇവയില്‍ പെടുന്നു. ഈ രണ്ട് ഘട്ടങ്ങളും കഴിഞ്ഞ് പ്രേമജീവിതത്തില്‍ ഗാഢമായ അടുപ്പവും വിശ്വാസവും വന്നുകൂടുമ്പോള്‍ ഒരു പുത്തന്‍ ബയോ-കെമിക്കല്‍ പ്രതികരണം സംഭവിക്കുന്നു. ..... ഓക്സിടോസിന്‍‍ , വാസോപ്രസിന്‍ എന്‍ഡോര്‍ഫിനുകള്‍ .... ഇവയാണ് ഈ പ്രതികരണം സാദ്ധ്യമാക്കുന്നത്. അമേരിക്കന്‍ ഔഷധക്കമ്പനികള്‍ ഈ മൂന്നാംഘട്ടത്തെക്കുറിച്ചാണ് ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. സൂക്ഷ്മവികാരങ്ങളെ ഉദ്ദീപിപ്പിച്ച് ഗാഢമായ അടുപ്പത്തിലേക്കും സ്നേഹത്തിലേക്കും ഉപഭോക്താവിനെ എത്തിക്കുന്ന ഒരു `പ്രേമഗുളിക` ഏതാണ്ട് തയ്യാറായിക്കഴിഞ്ഞുവത്രെ!

തടസ്സങ്ങള്‍ ഏറെയാണ്. പരമ്പരാഗതമായുള്ള ലൈംഗിക വിലക്കുകള്‍ അവയില്‍ മുഖ്യമാണ് ലൈംഗീകാനുഭവത്തെ സംബന്ധിച്ച് വളര്‍ത്തിയെടുക്കപ്പെട്ട വിലങ്ങുതടികളും ഏറെയാണ്. എന്നാല്‍ പുത്തന്‍മുതലാളിത്തം എല്ലാ മാര്‍ഗ്ഗതടസ്സങ്ങളേയും ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്ത മട്ടുണ്ട്. ഏത് ലൈംഗികവൈകൃതവും സാധാരണമാണ് എന്നിടത്തോളം നിലവിലുള്ള മുതലാളിത്തക്രമം പുരോഗമിച്ചിരിക്കുന്നു.

എം.ടി.വിയുടെ റിയാലിറ്റി ഷോയില്‍ സമൂഹസെക്സ് നിങ്ങള്‍ക്കും ആസ്വദിക്കാം. Dead Wood, Anatomy of Hell, 9 Songs തുടങ്ങിയ പുത്തന്‍പടങ്ങള്‍ കൈകാര്യം ചെയ്യാത്ത ലൈംഗികവൈകൃതങ്ങള്‍ ഒന്നും തന്നെയില്ല. എഡിന്‍ബറോ പോലുള്ള നഗരങ്ങളില്‍ തീര്‍ത്തും വ്യത്യസ്തങ്ങളായ പോര്‍ണോബാറുകള്‍ (Porno Bars) പ്രവര്‍ത്തിക്കുന്നുണ്ട്. പോര്‍ണോ ടെയ്പുകളുടെ അകമ്പടിയോടെ നിങ്ങള്‍ക്ക് എല്ലാ രതിവൈകൃതങ്ങളും അവയുടെ തനിമയില്‍ ഇവിടങ്ങളില്‍ പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

പോര്‍ണോഗ്രാഫി ഈ മട്ടില്‍ അതീവസാധാരണമായ നിലയ്ക്ക് ഇനി നാം എങ്ങോട്ട് പോകും? എന്ന് നിസ്സഹായനായ ഒരു ബ്രിട്ടഷ് കോളമിസ്റ്റ് ചോദിക്കുകയുണ്ടായി.

ഈ കോളമിസ്റ്റു തന്നെ ഉത്തരവും നല്കി:

`രണ്ടേ രണ്ട് വിലക്കുകളേ ഇനി ബാക്കിയുള്ളൂ.
ഒന്ന്: ശിശുക്കളുമായുള്ള ലൈംഗികവേഴ്ച.
രണ്ട്: അവിശുദ്ധ(മാതൃ)സംയോഗം.

ഈ കോളമിസ്റ്റ് തുടര്‍ന്നു: ``ഗ്ലാസ്‌ഗോ സര്‍വ്വകലാശാല 2004 ഡിസംബറില്‍ ഡോ്ടറേറ്റ് നല്കിയ ഒരു പ്രബന്ധത്തില്‍ പ്രായപൂര്‍ത്തിയെത്തിയവരും ശിശുക്കളും (മൈനര്‍മാരും) തമ്മിലുള്ള ലൈംഗികബന്ധം ആരോഗ്യാരമാണെന്നു സ്ഥാപിച്ചിരിക്കുന്നു. റിച്ചാര്‍ഡ് യുയില്‍ ആണ് ഈ ഗവേഷകന്‍ ശിശുക്കളോട് ലൈംഗികാതിക്രമം കാട്ടിയവരും അവരുടെ ഇരകളുമായുള്ള കൂടിക്കാഴ്ചകളുമാണ് ഗവേഷകനെ ഈ നിഗമനത്തിലെത്തിച്ചത്. ഇനിയങ്ങോട്ട് കേംബ്രിഡ്ജ് / ഓക്സ്‌ഫോര്‍ഡ് സര്‍വ്വകലാശാലകള്‍ തന്നെ മാതൃസംയോഗം ഉചിതവും ആരോഗ്യകരവുമാണെന്നു സ്ഥാപിച്ചെടുക്കുന്ന ഗവേഷകരെ അംഗീകരിക്കാനാണ് സാദ്ധ്യത. പിന്നാലെ ഗ്രാഫിക്‍ ആര്‍ട്ട് ഫിലിമുകളും ടെലിവിഷന്‍ ഡോക്യുമെന്ററികളും ഈ ഗവേഷകരെ പിന്തുണയ്ക്കും''.

ഈ കോളമിസ്റ്റ് എത്തുന്ന നിഗമനം ശ്രദ്ധേയമാണ്. `` യഥാര്‍ത്ഥ ലൈംഗികത നമ്മുടെ ഇടയില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്. ഗാഢമായ അനുരാഗത്തെ ഒരു ഗുളികയിലൂടെ ഉല്പാദിപ്പിച്ചെടുക്കുവാന്‍ പറ്റുമോ? യഥാര്‍ത്ഥവും നിരുപാധികവുമായ പ്രേമത്തെ കൃത്യമായി നിര്‍മ്മിച്ചെടുക്കാന്‍ പറ്റില്ല. ഒരു ഗാഢബന്ധം പൂത്തുവിരിയുമ്പോഴാണ് പ്രേമഭാവന സഫലമാകുന്നത്. ലൈംഗികത വെറും ലൈംഗികത മാത്രമവുമ്പോള്‍ ദുരന്തത്തിലേ കലാശിക്കൂ.''

ഈ കോളമിസ്റ്റിന്റെ ആശങ്കയെ ആഗോളവിപണി ഇന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.

Subscribe Tharjani |