തര്‍ജ്ജനി

കഥ

മൊബെയില്‍ വേള്‍ഡ്‌

തളം കെട്ടി നില്‍ക്കുന്ന മൂകതയിലേക്കലോസരമായെത്തുന്ന പിറുപിറുക്കലുകള്‍.

എപ്ലാ മരിച്ചത്‌.

അഞ്ചു മണിക്കാ. . . .

ആങ്ങള പോയേപ്പിന്നെ ബുദ്ധി മറഞ്ഞതാ. ഒരൊല്ലം മുറിക്കൂട്യേപ്പത്തിനും ഓക്കും പോകാനായി.

കുശുകുശുക്കലുകള്‍ക്കകമ്പടിയായെത്തുന്ന നെടുവീര്‍പ്പുകള്‍. മക്കളില്ലാത്തതോണ്ടാവാം അടക്കിയ തേങ്ങലുകളോ നിലവിളികളോ കേള്‍ക്കാനില്ല.

വെളള വസ്ത്രത്തിനുള്ളില്‍ ഒരു മാലാഖ പോലെ അമ്മായി നീണ്ടുനിവര്‍ന്നു കിടക്കുന്നു. വെപ്പു പല്ലുകള്‍ എടുത്തതോണ്ടാവാം കവിളുകള്‍ പേറ്റ്‌ ഒട്ടിയിട്ടുണ്ട്‌. നീണ്ട താടിക്ക്‌ ഒന്നുകൂടി നീളം വെച്ചപ്പോലെ. മുഖത്താ പഴയ പുഞ്ചിരിയിപ്പോഴും ഒളിഞ്ഞിരിക്കുന്നുണ്ടോ?

തൊടിയുടെ അങ്ങേ മൂലയിലാരോ മൊബെയിലില്‍ മരണമറിയിക്കുന്ന കസര്‍ത്ത്‌. റേഞ്ച്‌ കുറവായതോണ്ടാവാം ഇടയ്ക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നും ഇടയ്ക്ക്‌ ചാഞ്ഞ മരക്കൊമ്പില്‍ കേറി നോക്കിയും പരമാവധി ശ്രമിക്കുന്നു.

മുറ്റത്ത്‌ പന്തലിടുന്നതിന്റേയും സ്റ്റൂളുകള്‍ നിരത്തുന്നതിന്റേയും തിരക്ക്‌. ഓരോരുത്തരുടെ പോക്കറ്റിനും മൊബെയിലിന്റെ കനം.

ഉപ്പയുടെ പഴയൊരു കണ്ണടയും മൂക്കത്തു വെച്ച്‌ പഴഞ്ചനൊരു ഡയറിയിലെഴുതിയെടുത്ത നമ്പറും തപ്പിതിരഞ്ഞ്‌ റിസീവര്‍ കാതോട്‌ ചേര്‍ത്തുമ്മ ഞെക്കി തുടങ്ങി.

ആര്‍ക്കാമ്മാ വിള്‍ച്ച്ണ്‍ത്‌..

റഫീക്കാ. . . . . . . അമ്മായി മരിച്ചതറിഞ്ഞപ്പം തൊടങ്ങ്യേത. അയ്ന്റുള്ള്ന്ന്‌ ഇംഗ്ലീഷിങ്ങനെ പൊട്ടിച്ചല്ലാതെ ഓനെ കിട്ടണ്ടെ.

ഓന്‍ വന്നിട്ട്‌ പര്‍ഞ്ഞാ പോരേ.

പത്തണിയാവൂലെ ഓന്‍ വരാന്‍.

നസിക്ക്‌ വിള്‍ച്ച്‌ പര്‍ഞ്ഞീലെ.

ഓള്‍ക്കും വിള്‍ച്ച്ട്ട്‌ കിട്ട്ണ്‍ല്ല. റഫിന്റെ പഴ്യേ മൊബെയിലുണ്ടോളട്ത്ത്‌. പര്‍ഞ്ഞ്ട്ടെന്താ അവശ്യാവുമ്പം ഒന്നും ഉപകര്‍ച്ചൂല.

ഓന്റെ ശമ്പളം കൂട്ട്യോ. . . .
അതന്തേജങ്ങനെ ചോയ്ച്ചത്‌. . . .

അല്ലാ. . . .നാലായിരുറുപ്യ വെച്ചോണ്ട്‌ ദിവസങ്ങളോളം പത്തിരുപത്‌ കിലോമീറ്റര്‍ പോയി വരവും വീട്ട്‌ ചെലവും പിന്നീ രണ്ട്‌ മൊബെയില്‍ന്‍ള്ളെ തീറ്റീം ഒക്കെ പ്പാടെ നടക്കണ്ടെ. . . .

പെരിത്തെ ചെലവൊക്കപോ, ഇപ്പന്നെ നടത്തല്‌. . . . .

ഓന്‌ കിട്ടണോണ്ടോലെ പത്രസിനെന്നെ തെകീല. . . .

ഓള്‌ രണ്ടീസത്തിന്‌ പാര്‍ക്കാന്‍ പോവുമ്പന്തിനാമ്മാ ഒരു മൊബെയിലൊക്കെ. . . എന്തേം അര്‍ജന്റുണ്ടെങ്കി ലാന്റ്‌ ഫോണില്ലേ. . . .

റൊമാന്റിക്‌ കാലോം കയ്ഞ്ഞീ. ഓന്റെ വര്‍മാനോം നോക്കണ്ടെ. രണ്ട്‌ മക്കള്‌ വളര്‍ന്ന്‌ വരണ്‌.

ഓളേട്ത്തീന്റടുത്തൂണ്ട്‌ മൊബെയില്‌. അപ്പോ ഓക്കൊരു പൂതി. നാവി വന്നതപ്പടി വിഴുങ്ങി നില്‍ക്കാനേ അവള്‍ക്കായുള്ളു. മൊബെയില്‍ കമ്പനികളെ നിങ്ങളുടെ നല്ല കാലം അതിന്റെ സകലശ്വൈര്യങ്ങളോടെ ഇതാ തിളങ്ങി നില്‍ക്കുന്നു. മത്സരിക്കവീന്‍. . . . പണം കൊയ്തെടുക്കുവീന്‍ . . .

മണിമാളികകളുടെ ഉയര്‍ന്ന ശീതികരിച്ച റൂമിലിരുന്ന്‌ താഴെയുള്ള വിഡ്ഢികൂട്ടത്തെ നോക്കിയവര്‍ പൊട്ടിച്ചിരിക്കുന്നുണ്ടാവാം.

അഞ്ചെട്ടുകൊല്ലം മുമ്പ്‌ ഒരു ലാന്റ്‌ ഫോണ്‍ പോലുമില്ലാത്തയീ വീട്ടിലിപ്പോ നാലു പേരില്‍ മൂന്നാള്‍ക്കും സെല്‍ഫോണ്‍ പോരാത്തതിന്‌ ലാന്റ്ഫോണും.

പൂമുഖത്തൊരു പൊട്ടിത്തെറി കേട്ടാണ്‌വള്‍ എത്തിനോക്കിയത്‌. ന്റെ നമ്പര്‍ങ്ങളട്ത്തില്ലൈനോ. ങ്ങക്ക്ന്നൊന്ന്‌ വിള്‍ച്ച്‌ പറഞ്ഞൂടൈനോ? മദ്ര്സന്ന്നാ ആ പേര്‌ പറഞ്ഞെങ്കിലൊന്ന്‌ ഓഫീസ്ന്ന്‌ നേര്‍ത്തെ എറങ്ങൈനു. ഞ്ഞിപ്പീ പാതിരാക്ക്‌ തപ്പിപ്ട്ച്ച്‌ ഞാനങ്ങോട്ട്‌ പോണ്ടെ.

അത്നമ്മായീന്റെ പെരീക്ക്‌ പോകാനെ കാറൊന്നും പുട്ച്ചണ്ടല്ലോ. . . മൂന്നാല്‌ പെര അപ്പര്‍ത്തന്നലെ.. പിന്നെ നസിക്കൊന്നു വിള്‍ച്ച്‌ പറഞ്ഞാളാ ഓള്‍ക്കും കീട്ടീല്ല.

മയ്യത്തേതാലും രാവിലെ ഒമ്പണിക്കേട്ക്കൊള്ളൂ. നേരത്തെന്നെ പോരാന്‍ പറി.
ഇ. . . ഓള്‍ക്കും വിളിച്ചിട്ടിലെ. . . .

അയഞ്ജീ. . . പോരിശ പറഞ്ഞോണ്ടടക്ക്ണെ കുന്തോണ്ടത്ത്ക്ക്‌ വിള്‍ച്ച്‌ കിട്ട്യേ ചരിത്രം ന്റടുത്ത്ല്ലാ. . . അങ്ക്കാകട്ടെ അന്റെ ബാപ്പാക്കാകട്ടെ. . . അന്റെ കെട്ട്യോക്കാകട്ടെ.. .

അയ്ന്‌ നേരാം വണ്ണം നോക്കി വിള്‍ച്ച്ണം. . .

അവന്‍ ദേഷ്യത്തോടെ മൊബെയിലെടുത്ത്‌ കുത്താന്‍ തുടങ്ങി.. . . പിന്നെ ലാന്റ്‌ ഫോണെടുത്ത്‌ അവളുടെ വീട്ടിലേക്ക്‌ തന്നെ വിളിക്കേണ്ടി വന്നു.. . . .

ജ്ജീ ഫോണും പൂട്ട്യേച്ചാണ്ടെങ്ങടാ പോയിക്കിണെ. . .

അത്‌. . . മൊബെയിലിലെ കായ്‌വോക്കെ കൈഞ്ഞു.

മിഞ്ഞാന്നല്ലെ അയ്ക്ക്‌ നൂറുര്‍പ്യ. . .

അതെല്ലാര്‍ക്കും വിള്‍ച്ചാണ്ട്‌. . . . .

കുറച്ച്‌ നേരത്തെ കസര്‍ത്തിനു ശേഷം ഫോണ്‍ വെച്ചെഴുന്നേല്‍ക്കുമ്പോളവന്‍ കണ്ടു പെങ്ങളുടെ കൂര്‍ത്ത നോട്ടം. അവനൊന്ന്‌ പരുങ്ങി. പറഞ്ഞൊതൊക്കെ കേട്ടിരിക്കണം. തന്റെയേറ്റവും വല്യ വിമര്‍ശക. അതിലേറെ തന്നെയേറെ മനസ്സിലാക്കുന്നവള്‍. . . ഒരു വയസ്സിന്റെ ആധികാരികത എപ്പോഴും തന്നോട്‌ കാട്ടുന്നവള്‍. . . ഞ്ഞിപ്പെന്ത്‌ പര്‍ഞ്ഞാ ഒന്നു തടി തപ്പാ.. .

അത്പ്പോ ഞാന്‌ പുത്യൊരു സെറ്റ്‌ മാങ്ങി. പഴ്യേത പേറ്റ്‌ മോഡല്‌ പോയത്‌. അതാണെങ്കി വിറ്റാ നൂറുര്‍പ്യ പോലും കിട്ടൂല. വെറുതെ കെടക്കണ്ടാന്ന്‌ കര്‍തി ഓള്‌ പോയപ്പോ ഓളെകയ്ക്ക്‌ കൊടുത്തു. . . .ചിപ്ലാണെങ്കി ഇന്‍ങ്കമിംഗ്‌ ഒരു കൊല്ലത്ത്ക്കാ. . . .

ഇന്‍കമിംഗൊക്കെ ഞാനിവിടെ വന്നപ്പോ കണ്ടതാണ്‌ പറയാന്‍ നാവെടുത്തെങ്കിലും മിണ്ടീല.. . . . എന്തിനു വെറുതെ. . . ഇതൊക്കെ തന്നെയല്ലെ മൊബെയില്‍ കമ്പനിക്കാരുടെ വിജയ രഹസ്യവും.

മാറുന്ന മോഡലനുസരിച്ച്‌ മൊബെയില്‍ മാറുന്ന ഇക്കാലത്ത്‌ ഒന്നേ ചെയ്യാനുള്ളു. മൊബെയില്‍ വക്താക്കളുടെ കസേരയുടെ വീതി കൂട്ടുക. നിറയുന്ന കീശക്കനുസരിച്ച്‌ ആസനം ഞെരുങ്ങരുതല്ലോ. . . .

അറിയാതെ എവിടെയോ കേട്ടു മറന്നൊരു ഗാനം നാവിന്‍ തുമ്പിലെത്തി. . .

ഇഷ്ടമുള്ളവര്‍ വാങ്ങും സെല്‍ഫോണ്‍.

കഷ്ടമുള്ളോരും വാങ്ങും സെല്‍ഫോണ്‍..

കുഷ്ഠരോഗിക്കിഷ്ടവും സെല്‍ഫോണ്‌. . . .

സറഫുന്നിസ.കെ
തോരപ്പ ഹൌസ്,
വെള്ളുവമ്പ്രം പി. ഒ,
പിന്‍ - 673651
Subscribe Tharjani |