തര്‍ജ്ജനി

മനോജ്‌ കാട്ടാമ്പള്ളി

സൌരവം
കാട്ടാമ്പള്ളി പി ഒ

ഫോണ്‍: 9388423670

വെബ്ബ്: പായല്‍
ഇ-മെയില്‍: mannu9388@gmail.com

Visit Home Page ...

കഥ

തകര്‍ന്ന നിരത്തുകളിലൂടെ ഒരു സഞ്ചാരം

റോഡുകള്‍ ആത്മാഹുതി ചെയ്യുന്നവന്റെ മുന്നിലെ ജീവിതം പേലെ കറുത്ത ഒരനന്തതയാണ്‌. മുഹമ്മദിനു മുമ്പില്‍ അമ്മ മരിച്ചുപ്പോയ കുഞ്ഞിന്റെ നിര്‍വ്വികാരതയോടെയാണ്‌ താറുകളടര്‍ന്നുപോയ, കുണ്ടും കുഴിയും നിറഞ്ഞ്‌ ഗതാഗതം ദുഷ്ക്കരമായ പുതുക്കിപ്പണിയേണ്ട റോഡുകള്‍ നിവര്‍ന്നു കിടക്കുന്നത്‌. വെയില്‍ ഒലിച്ചിറങ്ങിയ ശരീരത്തിന്റെ നീറ്റല്‍ അസഹ്യമായപ്പോള്‍ റോഡുപണിക്കാര്‍ അല്‍പമാത്രമായ വിശ്രമത്തിനുവേണ്ടി തങ്ങളുടെ ചെറിയ ഇടങ്ങള്‍ അന്വേഷിക്കുന്ന തിരക്കിലായിരുന്നു.

തിളച്ചുമറിയുന്ന താറിന്റെ ബാരലിലേക്കു നോക്കിയപ്പോള്‍ മുഹമ്മദിനു ഭയം തോന്നി. പൊള്ളുന്ന, അഗ്നിയുടെ താപം കഠിനമായ എല്ലാറ്റിനെയും, മുഹമ്മദ്‌ ഒരു ഇഴജന്തുവിനെപ്പോലെ ഭയപ്പെടുന്നു. വെയിലില്‍ തീനാളങ്ങളുടെ ആസക്തമായ നാവുകണ്ട്‌ ചിലപ്പോഴൊക്കെ ജോലിക്കിടയില്‍ അവന്‍ തളര്‍ന്നു വീഴാറുണ്ട്‌.

അസാധ്യമായ സ്വപ്നങ്ങള്‍ അഗ്നിയോട്‌ പൊരുതുന്ന വിധം

ഇക്ബാല്‍ മുഹമ്മദ്‌ എന്ന മുഹമ്മദിനെ റോഡരികിലിരുന്ന്‌ കരയുന്ന ഒരു പതിനഞ്ചുകാരന്റെ രൂപത്തില്‍ കാണുന്നത്‌ ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. ഒരു വേനല്‍ക്കാലത്ത്‌, മുഹമ്മദിന്റെ അച്ഛന്‍, പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന കാലത്ത്‌ സ്ക്കൂള്‍ വിട്ടുവന്ന മുഹമ്മദ്‌, ശരീരത്തിന്റെ ഓരോ ഭാഗവും അഗ്നികൊണ്ടുള്ള പൂപ്പല്‍ പിടിച്ച്‌ വീട്ടിലേക്കു കൊണ്ടുവന്ന ഉപ്പയുടെ നിര്‍ജ്ജീവമായ ശരീരത്തിലേക്കു തുറിച്ചുനോക്കിയതും പിന്നീട്‌ മഴപോലെ കരഞ്ഞതും റോഡരുകില്‍ വെച്ചായിരുന്നു.

റോഡുകള്‍ എല്ലാ ദുരന്തങ്ങള്‍ക്കും
മൂകസാക്ഷിയായ നീലിമയില്ലാത്ത ആകാശമാണ്‌.

മരവിച്ച മാവിന്‍ ചില്ലകള്‍ക്കു താഴെ, ഉപ്പയുടെ നഷ്ടം തന്നിലേല്‍പ്പിച്ച വേദനയൊടുങ്ങും മുമ്പേ, തനിക്കു ചുറ്റും വലയം ചെയ്തിരിക്കുന്ന പെട്രോള്‍ പമ്പില്‍ ജോലി ചെയ്യാനുള്ള പ്രായം ആയിട്ടില്ലാത്തതിനാല്‍ ഒരു പക്ഷെ, കാഴ്ചയില്‍ തീരെ ആരോഗ്യവാനല്ലാത്ത മുഹമ്മദിനെ പെട്രോള്‍ പമ്പുടമ ജെലിയെടുക്കാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ ജീവിതം വലിയൊരു റോഡുപോലെ അവനു മുമ്പില്‍ നീണ്ടുകിടന്നു. ഇത്‌ പഴയ ഉപമയാണെന്ന്‌ മുഹമ്മദിനു തന്നെ നന്നായിട്ടറിയാവുന്നതാണ്‌.

പത്താം ക്ലാസ്സിനുശേഷം പഠിക്കേണ്ട സിലബസ്സുകള്‍, കോഴ്സുകള്‍ എന്നിവ കൃത്യമായി മനസ്സില്‍ സൂക്ഷിച്ചു വെച്ചിരുന്നതിനാല്‍ ചെറിയൊരു നിരാശാബോധത്തോടെയാണ്‌ മുഹമ്മദ്‌ തന്റെ പഠനം ഉപേക്ഷിച്ചത്‌.

അല്ലെങ്കിലും ഉപ്പയെന്തിനാണ്‌ ഒരു ഭീരുവിനെപ്പോലെ സ്വയം തീപ്പിടിച്ചു മരിച്ചത്‌.
ഉത്തരമില്ലാത്ത ചോദ്യം ഒരു ഹെയര്‍പിന്‍ വാലുപോലെ മുഹമ്മദിന്റെ മനസ്സില്‍ കിടന്നു പുളഞ്ഞു.
കോണ്‍ട്രാക്ടറുടെ മുമ്പില്‍, തൊഴിലാളികളുടെ ചിന്തകള്‍ക്ക്‌ പരിമിതമായ ഒരതിര്‍ത്തിവരമ്പുണ്ടായിരുന്നതിനാല്‍ മുഹമ്മദിന്റെ മുറിവുകള്‍ ഉരുകിയ താറിനോടൊപ്പം റോഡിലേക്കു വീണു.

അഭയാര്‍ത്ഥികളുടെ ആകാശം
വെയിലുകൊണ്ട്‌ വരയ്ക്കുമ്പോള്‍

സല്‍മയുടെ ജീവിതവും റോഡില്‍ നിന്നു തന്നെ തുടങ്ങിയതിനാലും, കഴുകന്‍ കണ്ണുള്ള കോണ്‍ട്രാക്ടറുടെ കീഴില്‍ കരിങ്കല്‍ ചീളുകളോടും ഉരുകിയ താറിനോടും കീഴ്പ്പെട്ട്‌ അവള്‍ തീരെ മെലിഞ്ഞുപോയതിനാലും, അവളെ കഥയില്‍ നിന്നൊഴിവാക്കാന്‍ കഴിയില്ല. ഇക്ബാല്‍ മുഹമ്മദ്‌ എന്ന റോഡുപണിക്കാരനെക്കുറിച്ചു പറയുമ്പോള്‍ സല്‍മ എന്ന അവന്റെ ഭാര്യയായിത്തീര്‍ന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. മുഹമ്മദിന്റെ ബുദ്ധിപൂര്‍വ്വമായ ഇടപെടലുകളാണ്‌ സല്‍മയെ കോണ്‍ട്രാക്ടറുടെ അവിശുദ്ധമായ കൈകളില്‍ നിന്നും രക്ഷിച്ചെടുത്തത്‌. റോഡുകള്‍ പില്‍ക്കാലത്ത്‌ മുഹമ്മദ്‌ വിശ്വസിച്ചിരുന്നതുപോലെ പരാജയത്തിന്റെ സ്മാരകശിലകള്‍ നിറഞ്ഞ ഒരു ശ്മശാനമാണ്‌. സല്‍മയെ മുഹമ്മദ്‌ വിവാഹം കഴിച്ച സമയത്ത്‌ വെയില്‍ മടങ്ങിവരികയും മഴക്കാലം നീണ്ട കാലയളവിലേക്ക്‌ ഭൂമിയെ വിട്ടുപ്പോവുകയും ചെയ്തു. ജീവിതത്തിന്റെ റോഡുകളില്‍ അഭയാര്‍ത്ഥികളാകുന്ന എത്രയെത്ര വാഹനങ്ങളാണ്‌ വെയിലത്ത്‌ നിറം മങ്ങിപ്പോകുന്നത്‌.

റോഡുകള്‍ മുറിച്ചു കടക്കുമ്പോള്‍ സൂക്ഷിക്കണം

നിരാശ ഭ്രാന്തന്‍ നായക്കളെപ്പോലെയാണ്‌ മനസ്സിലേക്ക്‌ ആര്‍ത്തുവരുന്നത്‌. സല്‍മ ആശുപത്രി വരാന്തയില്‍ പെറ്റുകിടക്കുമ്പോഴുണ്ടായ മഴ, മുഹമ്മദിന്റെ കണ്ണിലേക്ക്‌ ഭയത്തിന്റെ കറുത്ത റോഡുകള്‍ നിര്‍മ്മിച്ചുകൊണ്ടേയിരുന്നു. മഴയിലേക്ക്‌ കണ്ണുംനട്ട്‌, ഭൂമിയെ നനുത്ത പുതപ്പണിയിക്കുന്ന തുള്ളികളുടെ കനപ്പില്‍ ജീവിതത്തെ കാണാന്‍ ശ്രമിക്കവെ, അത്‌ പരന്ന്‌ ഭൂമിയിലെ മലിനജലത്തോടപ്പം കുത്തിയൊഴുകുന്നത്‌ ഏതോ, ഇരുണ്ട കടലിലെ തിരയിളക്കം പോലെ മുഹമ്മദിനു മുന്നിലൂടെ അതിദ്രുതം ചലനാത്മകമായി. പ്രസവത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ്‌ സല്‍മയും കുഞ്ഞും ആശുപത്രയില്‍ വെച്ചു തന്നെ മരിച്ചത്‌. ദുസ്വപ്നത്തിന്റെ റോഡരുകുകളില്‍ മുഹമ്മദ്‌ തീര്‍ത്തും ഒറ്റപ്പെട്ടുതുടങ്ങിയതങ്ങനെയാണ്‌.
എല്ലാ റോഡുകളും മുറിച്ചുകടക്കാനാവില്ല. വിധി നിശ്ചയത്തിന്റെ കറുത്ത റോഡുകള്‍ക്കെപ്പോഴും മുറിച്ചുകടക്കാനാവാത്ത ദൂരമാണ്‌.

വഴിതെറ്റി വരുന്ന മഴകള്‍

റോഡുപണി തീര്‍ന്നതിന്റെ അവശിഷ്ടമായി ഉപയോഗിച്ച്‌ ബാക്കിയായ കരിങ്കല്‍ച്ചീളുകളും, താറു കത്തിക്കാനുപയോഗിച്ച വിറകിന്റെ സ്ഥൂലമായ കഷ്ണങ്ങളും മാത്രമേ റോഡില്‍ ഉണ്ടായിരുന്നുള്ളു. മഴ പെയ്തൊഴിയാതെ ഭൂമിയെ നനച്ചുകൊണ്ടിരുന്നു. റോഡിലൂടെ ഒലിച്ചുപ്പോകുന്ന മലിന ജലത്തലേക്കു നോക്കി മുഹമ്മദ്‌ തീവ്രദു:ഖത്തോടെ നിന്നു. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ?എമര്‍ജന്‍സി എക്സിറ്റ്‌? എന്ന്‌ ചെമന്ന അക്ഷരത്തിലെഴുതിയ ഒരു മിനി ബസ്‌ മുഹമ്മദിനു മുമ്പില്‍ ബ്രേക്കിട്ടു. ഒരുപാട്‌ ഓര്‍മ്മകള്‍ തുഴഞ്ഞ്‌, മഴ നനഞ്ഞ്‌ ഒറ്റയ്ക്കു നടക്കാന്‍ വല്ലാത്ത ആശ്വാസം തോന്നുന്നുണ്ട്‌. പാവകുഞ്ഞുങ്ങളെ ഉടുപ്പിട്ടുവെച്ചിരിക്കുന്ന നഗരത്തിലെ റെഡിമെയ്ഡ്‌ ഷോപ്പുകള്‍ മുഹമ്മദ്‌ കണ്ടു. കഞ്ഞുങ്ങളെല്ലാം ജീവന്‍ വെച്ച്‌ തന്റെയരികിലേക്കു വരുന്നതായി അയാള്‍ അദ്ഭുതപ്പെട്ടു. ഏറെ ദൂരം പിന്നിട്ടപ്പോള്‍ വെയില്‍ വന്നുതുടങ്ങിയിരുന്നു.

ഓര്‍മ്മകളില്‍ നിന്നും താറുരുകിയൊലിച്ച്‌ താന്‍ മൂടപ്പെട്ടുപ്പോകുമെന്ന്‌ മുഹമ്മദ്‌ ഭയപ്പെട്ടുതുടങ്ങി.

ഒന്നുമില്ലാത്തവന്റെ മുമ്പില്‍ ജീവിതം മുറിച്ചുകടക്കാന്‍ സീബ്രാവരകളൊന്നുമില്ലാത്ത റോഡുകളെപ്പോലെ ചുരുണ്ടുകിടക്കും. സല്‍മയുടെ ആവശ്യത്തിന്‌ തന്റെ കയ്യില്‍ രണ്ടുകുപ്പി ഒ പോസിറ്റീവ്‌ രക്തം മാത്രമാണുണ്ടായിരുന്നത്‌. ദൈവമേ, ഈ ലോകത്ത്‌ ഇല്ലാത്തവന്റെ മുമ്പില്‍ വല്ലായ്മയുടെ എത്ര റോഡുകളാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഓരോന്നും നിരാശയുടെ ശ്മശാനത്തിലേക്കുള്ള ഇടുങ്ങിയ വഴികളെ സൂക്ഷിക്കുന്നുണ്ട്‌.

കോണ്‍ട്രാക്ടറുടെ കണ്ണുകളില്‍ ഒരുതരം ശൂന്യതാ ഭാവമാണെന്ന്‌ മുഹമ്മദ്‌ പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. സഹജീവികളോടുള്ള കരുണ അതിന്റെ നീചമായ പല്ലുകളോടെ അയാളിലെപ്പോഴും മുഴച്ചുനിന്നു. മുഹമ്മദ്‌ അയാളുടെ അരികിലേക്കു പോകാന്‍ ഇപ്പോള്‍ ഉത്സാഹപ്പെടാത്തത്‌ - അയാളിനി ഇടയ്ക്കിടെ വെയിലത്ത്‌ ബോധരഹതനായി വീഴുന്ന തന്നെ ജോലിയ്ക്ക്‌ തിരിച്ചെടുക്കില്ല. എന്ന തിരിച്ചറിവുകൊണ്ടുതന്നെയാണ്‌.

ഒടുവിലത്തെ റോഡിന്റെ ശിലാഫലകങ്ങളില്‍ വായിച്ചുകഴിഞ്ഞത്‌

നഗരത്തില്‍ ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള ഒരു ബേക്കറിയുടെ മുമ്പില്‍ ക്രിസ്തുമസ്സിന്റെ തലേന്ന്‌ സാന്താക്ലോസിന്റെ വേഷം കെട്ടിയ ഇക്ബാല്‍ മുഹമ്മദിനെ ബേക്കറിയുടമയും തന്റെ പഴയ സഹപാഠിയുമായ ദാവൂദ്‌ ഒഴികെ മറ്റാരും തിരിച്ചറിഞ്ഞില്ല. ഒരു ദിവസത്തെ കൂലിക്കു മാത്രം വേഷം കെട്ടാന്‍ വന്ന മുഹമ്മദിനെപ്പറ്റി കൂടുതലായൊന്നും ഓര്‍മ്മകള്‍ സൂക്ഷിക്കുവാന്‍ ദാവൂദ്‌ എന്ന ബേക്കറിയുടമ ഒരുക്കമായിരുന്നില്ല.

ഇക്ബാല്‍ മുഹമ്മദിന്റെ സാന്താക്ലോസിന്റെ വേഷം കെട്ടിയ ശരീരത്തലേക്ക്‌ ഒരു പറ്റം ഉറുമ്പുകള്‍ പടര്‍ന്നു കയറിയത്‌ ക്രിസ്തുമസ്സിന്‌ പിറ്റേന്ന്‌, അതിരാവിലെയായിരുന്നു. ജീവിതത്തില്‍ താന്‍ നടന്നുതീര്‍ത്ത റോഡുകളുടെ അനന്തതയിലേക്കു ചെരിഞ്ഞ്‌ കിടന്ന്‌ മുഹമ്മദ്‌ ഉറുമ്പുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു.

-അതെ മുഹമ്മദിന്റെ മരണം റോഡപകടമായിരുന്നുവെന്ന്‌ ആരും സാക്ഷികളില്ലാത്തതിനാല്‍ സമ്മതിച്ചു തരിക വിഷമമാണ്‌.

Subscribe Tharjani |
Submitted by കോലോത്തച്ചന്‍ (not verified) on Tue, 2010-02-02 15:26.

നന്നായി വളരെ നന്നായി