തര്‍ജ്ജനി

കെ.അര്‍.ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

Visit Home Page ...

കഥ

സൈബര്‍ചരിതം അവസാനദിവസം

മരങ്ങള്‍ക്കിടയിലൂടെ നനുത്ത മഞ്ഞിന്‍ കണങ്ങള്‍ പാറി വീണുകൊണ്ടിരുന്നു. തടിച്ച പുസ്തകങ്ങളുടെ മേല്‍ തല ചായ്ച്‌ ഉറങ്ങിക്കൊണ്ടിരുന്ന കരണ്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതുവരെ ആ നിശബ്ദ ദൃശ്യം അനസ്യൂതം തുടര്‍ന്നു. മോണിട്ടര്‍ വികിരണങ്ങള്‍ അടച്ചിട്ട മുറിയുടെ സന്ധികളില്‍ ഒരു തീക്ഷ്ണ സാന്നിദ്ധ്യമായി പടര്‍ന്നുകിടന്നു. നിശ്ചല ജലത്തിലേക്ക്‌ ഒരു മഴത്തുള്ളി വീണുപടരുന്നതുപോല അലകളിളകുന്ന മധുര ശബ്ദത്തില്‍ കംപ്യൂട്ടറില്‍ നാഴിക മുറിഞ്ഞുകൊണ്ടിരുന്നു. ചാറ്റുമുറികളില്‍ പലരും സജീവമായിരുന്നു. ഡേവീസ്‌ ഓണ്‍ലൈനിലുണ്ട്‌. അവന്റെ ജീവിതം നീണ്ടയാത്രകളിലാണ്‌. ഒരു പോസിറ്റീവ്‌ സ്പീക്കറായി ലോകം ചുറ്റാനാണ്‌ അവന്‍ ആഗ്രഹിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ മിക്കവാറും അവന്‍ പര്യടനങ്ങള്‍ നടത്തിയിരിക്കുന്നു. പലരേയും ജീവിതത്തിന്റെ പ്രാകാശമാനമായ ഇടങ്ങളിലേക്ക്‌ തിരികെ കൊണ്ടുവന്നു എന്നാണ്‌ അവന്‍ അവകാശപ്പെടുന്നത.്‌ ഇന്ത്യയിലേക്ക്‌ വരാനും അവന്‍ പദ്ധതി ഇടുന്നുണ്ട്‌. ഒരു ആഗോള സംഘടനയുടെ സഹായവും അവന്‌ ആവശ്യമുണ്ട്‌. പക്ഷേ യാത്രകകള്‍ക്കിടയ്ക്ക്‌ എപ്പോഴോ ആരോഗ്യസ്ഥിതി മോശമാകുമ്പോള്‍ അവന്‍വീണ്ടും കിടക്കിയിലേക്ക്‌ മടങ്ങുന്നു. കിടക്കിയാലായിരിക്കുമ്പോഴാണ്‌ ഡേവീസ്‌ ജീവിതത്തെക്കുറിച്ച്‌ വല്ലാതെ വാചാലനാകുന്നത്‌ എന്ന്‌ തോന്നാറുണ്ട്‌.

മിഷിഗണ്‍ ഗേള്‍ ആകെ സന്തോഷത്തിലാണ്‌. ഓര്‍ക്കുട്ടിലെ തിരച്ചിലുകള്‍ക്കൊടുവില്‍ അവളുടെ ഒരു പഴയ കളിക്കൂട്ടുകാരനെ അവള്‍ കണ്ടെത്തിയിരിക്കുന്നു. കണ്ടിന്യൂസ്‌ കംപ്യൂട്ടിംഗിലാണ്‌ മിഷിഗണ്‍ഗേള്‍ ജോലി ചെയ്യുന്നത്‌. തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലാണ്‌ അവള്‍ ചാറ്റുമുറികളിലെത്തുക പുതിയ കൂട്ടുകാരനെ കിട്ടിയ ശേഷം അവള്‍ കൂടൂതല്‍ സമയം ഓണ്‍ലൈനിലുണ്ട്‌. രണ്ടുപേരും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക്‌ ഉടനെ വിനോദയാത്രതിരിക്കുന്നുണ്ട്‌. അതിന്റെ ത്രില്ലിലാണവള്‍.

"കരന്‍ നിന്റെ മ്യൂസിയം സൂക്ഷിപ്പുകാരിയെവിടെ? ഇന്നലെയും അവളെ കണ്ടില്ലല്ലോ?".

"ഞാനും പ്രതീക്ഷിച്ചിരിക്കുകയാണ്‌- ഇന്നവള്‍ തീര്‍ച്ചയായും വരും".

"നിന്റെ കാത്തിരിപ്പുകള്‍ക്ക്‌ ഞാന്‍ സ്തുതി പറയുന്നു. ആട്ടെ, നീ എന്നാണ്‌ ആ രാജകുമാരിയെ നിന്റെ മായാരഥത്തില്‍ച്ചെന്ന്‌ കൂട്ടിക്കൊണ്ടുവരിക".

"ഞങ്ങള്‍ ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. എങ്കിലും അധികം താമസമുണ്ടാകില്ല".

" നീ എത്ര നാളായി ഇതാവര്‍ത്തിക്കുന്നു. ഇപ്പോഴും നീ ഒരു സ്വപ്നാടകനാണ്‌. മുഴുവന്‍ സമയ സ്വപ്നാടകന്‍. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒത്തിരി ഒത്തിരി അകലെ നടക്കുന്ന ഒരു മണ്ടച്ചാര്‌. പ്രണയത്തിന്‌ ഇനി നീ കൊടുക്കാത്ത വര്‍ണ്ണനകള്‍ ഒന്നുമില്ലല്ലോ".

പൂച്ചക്കണ്ണീ, നിനക്കറിയില്ല ഞങ്ങളുടെ പ്രണയത്തിന്റെ ആഴങ്ങളെ, അതിനെ നിനക്ക്‌ ഒന്നിനോടും ഉപമിക്കാന്‍ കഴിയില്ല നിര്‍വചിക്കാനും. ശാരദാകാശങ്ങളുടെ വിരിപ്പില്‍ കളിച്ചുനടക്കാന്‍ മോഹിക്കുന്ന രണ്ട്‌ ഉല്ലാസപറവകളാണ്‌ ഞങ്ങള്‍. രാപകലുകളില്ലാതെ. നീലക്കല്ലുകള്‍ ഒളിവെട്ടുന്ന മോഹന നയനങ്ങളാണ്‌ സയരാന്റിംഗിന്റേത്‌. അല്ലാതെ നിന്റെ മാതിരി ശുഷ്ക്കമായ പൂച്ചക്കണ്ണുകളല്ല. അവയിലെ പ്രണയത്തിന്റെ വിങ്ങലുകളെ ഞാനല്ലാതെ മറ്റാരാണ്‌ അറിയുക. എന്റെ പ്രണയിനി ഒരു അന്തഃപുര സുന്ദരിയാണ്‌. സിംഹാസനങ്ങളും, സപ്രമഞ്ചകട്ടിലുകളും ഒരുക്കിയിട്ടിരിക്കുന്ന അലങ്കരിച്ച കണ്ണാടി മുറിയിലാണ്‌ അവള്‍ നില്‍ക്കുക. അവള്‍ക്കിഷ്ടപ്പെട്ട സാല്‍മോണ്‍ പിങ്ക്‌ നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി, സന്ദര്‍ശകരെ പുഞ്ചരിയോടെ സ്വീകരിച്ചുകൊണ്ട്‌. രാജവംശങ്ങളുടേയും, പ്രഭുകുടുംബങ്ങളുടേയും, മഹായുദ്ധങ്ങളുടേയും ഉദ്വേഗം നിറഞ്ഞ കഥകള്‍ അവള്‍ അവരോട്‌ പറഞ്ഞുകൊണ്ടേഇരിക്കുന്നുണ്ടാകും. അക്കാര്യത്തില്‍ അവള്‍ ഒരുവായാടിയാണ്‌. അവള്‍ പറഞ്ഞിട്ടുള്ള കഥകളെ അവനോര്‍ത്തു. പൗരാണികതയുടെ കുന്തിരിക്കമണമുള്ളവ. തടവറകളും, നിലവിളികളുറഞ്ഞ കൊലമുറികളും, ആയുധപ്പുരകളുമായി മാറിയ കൊട്ടാരങ്ങളുടെ കഥകള്‍. പിരമിഡുകളുടേയും, മമ്മ ി‍കളുടേയും മരണാനന്തര ജീവിതത്തിനായി അവയ്ക്കൊപ്പം ജീവനോടെ അടക്കം ചെയ്ത അടിമകളുടേയും, കുതിരകളുടേയും,വെപ്പാട്ടികളുടേയും!.

ശരത്കാലത്തിന്റെ നിറം തവിട്ടാണ്‌ എല്ലാമരങ്ങളും, ചെടികളും തവിട്ടണിയും. അങ്ങനെയൊരു ശരത്കാലം വന്നണഞ്ഞന്നാണ്‌ അവള്‍ കഴിഞ്ഞപ്രാവശ്യം പറഞ്ഞത്‌. ആ തവിട്ടുനിറങ്ങളുടെ വിഹായസ്സില്‍ പിങ്കുനിറംകൊണ്ട്‌ വരഞ്ഞ ചിറകുകളുള്ള ഒരു പൂമ്പാറ്റയായി------------

വടക്കന്‍ അയര്‍ലന്‍ഡിലായിരുന്നു. സയരാ വളര്‍ന്നത്‌. അവളുടെ അച്ഛനും അമ്മയും അവിടങ്ങളിലെ വൈന്‍യാര്‍ഡിലായിരുന്നു പണിയെടുത്തിരുന്നത്‌. അവളുടെ ഒരു സഹോദരന്‍ ഇപ്പോഴും അവിടെ പണിയെടുക്കുന്നുണ്ടെന്നാണ്‌ അവള്‍ പറഞ്ഞത്‌. കുളിരുകോരുന്ന ഗ്രാമങ്ങളിലെ മുന്തിരിത്തോട്ടങ്ങളില്‍ ചെലവഴിച്ച കൗമാരങ്ങളെക്കുറിച്ച്‌ പറയാന്‍ അവള്‍ക്ക്‌ ആയിരം നാവാണ്‌. വാചകകസര്‍ത്തിനെ പരാമര്‍ശിക്കുമ്പോള്‍ അവള്‍ തന്നെ സമ്മതിക്കുന്ന ഒന്നുണ്ട്‌ -അവളുടെ നാവിനിത്തിരി നീളം കൂടുതലാണെന്ന്‌. ബ്ലാര്‍നിസ്റ്റോണില്‍ മുത്തമിട്ടതുകൊണ്ടാണങ്ങനെ. അയര്‍ലന്‍ഡിലെ ബ്ലാര്‍നികോട്ട സമുച്ചയങ്ങളുടെ താഴെ ബ്ലാര്‍നി സ്റ്റോണില്‍ മുത്തമിട്ടാല്‍ വാക്ക്‌ ചാതുര്യം വര്‍ദ്ധിക്കും എന്നാണവരുടെ വിശ്വാസം. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ അവിടെ കൊണ്ടുവന്ന്‌ പാറമേല്‍ ഉമ്മവയ്പ്പിക്കാറുണ്ട്‌. എന്തായാലും മ്യൂസിയം ഉദ്യോഗത്തിന്‌ അവള്‍ക്കത്‌ ഉപകരിക്കാറുണ്ട്‌. കഥകളുടെ കന്മദങ്ങളെ പകര്‍ന്ന്‌, ഊഷ്മള ഭാവങ്ങളോടെ അവള്‍ സദാ സന്ദര്‍ശകരെ സ്വീകരിക്കുകയാണല്ലോ.

ഡമ്മി ഡാന്‍സറുടെ മുപ്പത്തിനാലാ ബര്‍ത്ത്‌ ഡേയാണെന്ന്‌ കമ്പ്യൂട്ടര്‍ ഓര്‍മ്മിപ്പിച്ചു. അവള്‍ക്ക്‌ ആശംസ അയക്കണം. രണ്ടിതള്‍ പൂക്കളുടെ മനോഹരമായ ഇ- ഗ്രീറ്റിംഗ്‌ അവന്‍ തന്റെ ശേഖരത്തില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1 - ന്‌ ഡേവീസ്‌ എല്ലാവര്‍ക്കുമയച്ച സന്ദേശ കാര്‍ഡും അക്കൂട്ടത്തില്‍ കിടപ്പുണ്ട്‌. ചുവന്ന റിബണിന്റേത്‌. ഡമ്മി ഡാന്‍സറെ അടുത്തിടെ പരിചയപ്പെട്ടതാണ്‌. മുപ്പത്തിനാലാം വയസ്സിനുള്ളില്‍ അവള്‍ക്ക്‌ നടന്ന രണ്ട്‌ വിവാഹങ്ങളും അലസിപ്പോയിരിക്കുന്നു. തടിച്ചു തുടുത്ത അവളുടെ ഇടത്തേ കവിളിനും കണ്ണിനുമേറ്റ ക്ഷതം അവളുടെ ആദ്യ ഭര്‍ത്താവ്‌ സമ്മാനിച്ചതാണ്‌. ഏറെക്കുറെമാഞ്ഞെങ്കിലും ചിരിക്കുമ്പോഴെല്ലാം ചെറിയുടെ നിറത്തില്‍ ഒരു പുഴുക്കുത്തു പോലെ അത്‌ തെളിഞ്ഞു വന്നു. എപ്പോഴും അവള്‍ സന്തോഷവതിയായി ഇരിക്കാന്‍ ശ്രമിക്കുന്നു. വെബ്‌ ക്യാമറയില്‍ കാണുമ്പോഴെല്ലാം അവള്‍ എന്തെങ്കിലും കൊറിച്ചു കൊണ്ടേയിരിക്കും. അതു പോലെ അവളുടെ കുഞ്ഞന്‍ പൂടപ്പട്ടി മടിയിലും ഉണ്ടാകും. രണ്ടാം ഭര്‍ത്താവിനെ അവള്‍ക്കിഷ്ടമായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്കുള്ളില്‍ അയൊളൊരു നിയോ നാസിയാണെന്ന തിരിച്ചറിവ്‌ അവര്‍ തമ്മിലുള്ള അകല്‍ച്ച കൂട്ടി. പഴയ വാഫന്‍ എസ്‌.എസ്‌. സംഗീതങ്ങളുടെ ഭ്രാന്തനായ ആരാധകനെ അവള്‍ വെറുക്കാന്‍ തുടങ്ങി. അയാള്‍ അവളെ അവഗണിക്കാനും. സംസാരത്തിനിടെ അവള്‍ തമാശ രൂപേണ പറയും - "ഇനി ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ ഒരു പുരാവസ്തു ഗവേഷകനെയേ കഴിക്കൂ. ഒരു സ്ത്രീയ്ക്ക്‌ യോജിച്ച ഏറ്റവും നല്ല ഭര്‍ത്താവ്‌ പുരാവസ്തു ഗവേഷകന്‍ തന്നെയാണ്‌. അവള്‍ പഴകും തോറും അയാള്‍ക്ക്‌ അവളെ കൂടുതല്‍ ഇഷ്ടപ്പെടാനല്ലേ തരമുള്ളൂ? "

"ഹായ്‌ കരന്‍ ------"

"ഡാര്‍ലിംഗ്‌ നീ എവിടെയായിരുന്നു"

"ചില അത്യാവശ്യകാര്യങ്ങള്‍------"

"നിന്നെ എനിക്ക്‌ വല്ലാതെ മിസ്സ്‌ ചെയ്തു ക്യൂട്ടീ"

"എനിക്കറിയാം, നീ കാത്തിരുന്ന്‌ മുഷിഞ്ഞിട്ടുണ്ടാവുമെന്ന്‌ . എന്നോട്‌ ക്ഷമിക്കൂ".

"എന്തായിരുന്നു അത്യാവശ്യങ്ങള്‍"

"പ്രത്യേകിച്ചൊന്നുമില്ല"

"എങ്കിലും - എന്നോട്‌ പറയില്ലേ?"

ഇത്തിരി നേരം കൂടിയ മൗനം കീ ഒച്ചകളില്‍ വീണ്ടും പറന്നകന്നു

"പറയൂ എന്റെ സയരാ ---"

"കരന്‍, എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകമായ ദിവസങ്ങളാണ്‌ കടന്നു പോയത്‌"

"എന്താണ്‌ നിര്‍ണ്ണായകം"

"നീ അറിയാത്ത ചില കാര്യങ്ങളുണ്ട്‌ എന്റെ ജീവിതത്തില്‍. ഒരിക്കലും നീ അറിയരുതെന്ന്‌ ആഗ്രഹിച്ചിരുന്നവ. നിന്നെ വേദനിപ്പിക്കും, അതു കൊണ്ട്‌ . പക്ഷെ എനിക്ക്‌ തോന്നുന്നു നീ അതറിയാന്‍ സമയമായെന്ന്‌. ഇപ്പോള്‍ നീ അതറിയണമെന്ന്‌."

“നീ തെളിച്ചു പറയൂ“

“കരന്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തോളമായി ഞാന്‍ നിന്നോട്‌ ചാറ്റ്‌ ചെയ്യുന്നത്‌ ജയിലില്‍ അനുവദിച്ചു തന്നിച്ചുള്ള പരിമിതമായ സൗകര്യങ്ങളില്‍ നിന്നാണ്‌.“

“ജയില്‍--! !“

“അതെ , നിനക്ക്‌ വിശ്വസിക്കാന്‍ കഴിയില്ല. എനിക്കതറിയാം. ഒരു കുടുസ്സു ജയില്‍ മുറിയിലാണ്‌ എന്റെ വാസം. അതിന്റെ മുഷിപ്പന്‍ നിറങ്ങള്‍ തേച്ച ഇരുമ്പു വാതിലുകളുടെ തൊണ്ട കാറലുകള്‍ ഒഴിച്ചാല്‍ പിന്നെ അതിനുള്ളില്‍ നിശബ്ദതയാണ്‌. കനത്ത മഞ്ഞു വീഴ്ച പോലെ. അതില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ പ്രത്യേകം അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ ഞാന്‍ വലക്കണ്ണികളിലേക്ക്‌ ഇഴഞ്ഞു കയറുന്നത്‌. പിടിച്ചു നില്‍ക്കുകയായിരുന്നു കരന്‍, ഒറ്റയ്ക്ക്‌ , ഇടറി വീഴാതെ ഇത്രയും നാള്‍“.

“എന്റെ സയരാ, അതിനു നീ എന്തു കുറ്റമാണ്‌ ചെയ്തത്‌?“

"എനിക്കറിയില്ല,. ഭരണകൂടങ്ങള്‍ നിയമങ്ങളുണ്ടാക്കുന്നു. ആ നിയമങ്ങള്‍ കൂടുതല്‍ കൂടുതല്‍ കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ശരിയല്ലേ കരന്‍?. നീ പറയൂ ഞാന്‍ ശരിയല്ലേ? നിന്നില്‍ നിന്ന്‌ മാത്രം കേട്ടാല്‍ മതി. ---"

“എന്റെ സയരാ നീ എന്തൊക്കെയാണ്‌ പുലമ്പുന്നത്‌.? പ്ലീസ്‌ ---“

“അനിശ്ചിതത്വങ്ങള്‍ അവസാനിച്ചു കരന്‍, അന്തിമ വിധിക്കു വേണ്ടി വെറുതെ നാലഞ്ചു മാസങ്ങള്‍ അവര്‍ വീണ്ടും പാഴാക്കി. ക്രൂരമായ ഒരു തമാശ കണക്കെ. എന്നെ പ്രണനു തുല്യം നീ സ്നേഹിക്കുന്നുണ്ടെന്ന്‌ എനിക്കറിയാം. നീ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. നിനക്കിനി ചെയ്യാന്‍ കഴിയുന്നത്‌ അതാണ്‌. നീ പറയാറുള്ളതു പോലെ നമ്മള്‍ രണ്ടും ഒരാത്മാവാണ്‌. ഒരിക്കലും നമ്മള്‍ വേര്‍പിരിയില്ല. ഒരിക്കലും“

“സയാരാ നീ -----------“

“ഞാന്‍ പോയ്ക്കൊള്ളട്ടെ, നിന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം. എന്നും“

“സയരാ ------------“

“എന്റെ സമയം കഴിയുന്നു“

അവള്‍ മാഞ്ഞു പോയി.

കരണിന്റെ മുറിയില്‍ വെളിച്ചമില്ല. മോണിട്ടര്‍ നിറങ്ങളുടെ ഭിത്തികളില്‍ തട്ടിച്ചിതറിയ സങ്കലനങ്ങളല്ലാതെ. അവന്റെ കിടക്കയും വിരികളും താഴെ വലിച്ചെറിഞ്ഞിരിക്കുന്നു. പുസ്തകങ്ങളും. മേശപ്പുറത്തിരുന്ന ഘനസ്ഫടികത്തിന്റെ ചില്ലുകള്‍ മുറിയിലാകെ ചിതറി കിടപ്പുണ്ട്‌. ഡെസ്ക്‌ ടോപ്പില്‍ എപ്പോഴും വികൃതികള്‍ കാട്ടിക്കൊണ്ടിരിക്കുന്ന ക്യാത്സി എന്ന പൂച്ചക്കുട്ടി, വലിച്ചെറിഞ്ഞ മാതിരി മൗസിന്റെ അമ്പുമുനയില്‍ കോര്‍ത്തു കിടന്നു. തറയില്‍ വീണു കിടന്ന സര്‍ജിക്കല്‍ ബ്ലേഡിന്റെ ചുണ്ടിലെ ചായം പതുക്കെ പതുക്കെ നിറങ്ങളുടെ സമൃദ്ധിയില്‍ മൂടി. ചെയറില്‍ തളര്‍ന്നുകിടന്ന കരണിന്റെ കൈയ്യില്‍ നിന്നും പൂക്കള്‍ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. കടും ചുവപ്പിന്റെ ഇതളുകളുള്ള പൂക്കള്‍. കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ ഏതോ സെറ്റുകളിലേക്കുള്ള പ്രയാണങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്നു. സ്വയംഹത്യകളുടേതുള്‍പ്പെടെ.

*ക്യാത്സി - കമ്പ്യൂട്ടറിലെ ഒരു ഗ്രാഫിക്സ്‌ ഇനം

Subscribe Tharjani |