തര്‍ജ്ജനി

കഥ

ചന്ദനത്തിരികള്‍

ഒരേയിരിപ്പില്‍ 41 നക്ഷത്രങ്ങളെ എണ്ണിയാല്‍ ഇഷ്ടമുള്ളവരെ സ്വപ്നം കാണുമെന്ന്‌ അമ്മുവാണെന്നോട്‌ കുട്ടിയായിരിക്കുമ്പോള്‍ പറഞ്ഞത്‌. നക്ഷത്രങ്ങള്‍ കുറവായിരുന്നിട്ടും എണ്ണിയെണ്ണി 41 ഞാന്‍ തികച്ചു. എണ്ണിയതു തന്നെ വീണ്ടും എണ്ണിയോ എന്തോ?, കത്തുന്ന കാടിനു നടുവിലൂടെ ഓടുന്ന നിന്നെ അന്നു രാത്രി ഞാന്‍ സ്വപ്നം കണ്ടു. പഴുത്ത ചെമ്പിന്റെ നിറമായ ആകാശത്തേക്കു നോക്കി ആരെയോ വിളിച്ച്‌ നീ ഉറക്കെ കരയുന്നുണ്ടായിരുന്നു.
നീ എവിടെയെങ്കിലും വിരുന്നുണ്ണാന്‍ പോയിരിക്കുമെന്നാണ്‌ ഞാനാദ്യം കരുതിയത്‌ വീടുമെടുത്താണോ നീ പോയതെന്ന്‌ ഞാന്‍ തമാശയായി വിചാരിച്ചു. ചതുരാകൃതിയില്‍ പണിത കോണ്‍ക്രീറ്റു തട്ടുകളില്‍ പൂച്ചെടികള്‍ നിറച്ച ഒരു വീട്‌ ഞാനാവഴിയിലെങ്ങും കണ്ടില്ല. പകുതിയോളം കറുത്തുപ്പോയ വീടുകളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ അവിടെയുണ്ടായിരുന്നത്‌. പൊട്ടിയ ഒരു ചെടിച്ചട്ടിപ്പോലും അവിടെ ശേഷിച്ചിരുന്നില്ല. തകര്‍ന്ന കല്‍കൂമ്പാരങ്ങള്‍ക്കിടയില്‍ ഒരു കഴുകന്‍ മാത്രമെന്തോ തിരഞ്ഞുകൊണ്ടിരുന്നു. അതൊരിക്കലും നിന്റെ വീടാവില്ലെന്ന്‌ ഞാന്‍ ഉറപ്പിച്ചു. നീ പറഞ്ഞ ഒരേയൊരടയാളം- പോസ്റ്റോഫീസ്‌ മാത്രമവിടെ ശേഷിച്ചിരുന്നു. നരച്ച നിറമുള്ള പൂക്കളുടെ വിതുമ്പലിനെക്കുറിച്ച്‌ നീയെഴുതിയ ഒരു കവിതയോര്‍ത്ത്‌ ഞാന്‍ തിരിച്ചു നടന്നു. നീ പഠിക്കാനിരിക്കുമ്പോള്‍ നിന്റെ പിന്നിലൂടെ വന്ന്‌ വിളക്കണച്ചിരുന്ന - നിന്റെ ഗ്രാമത്തില്‍ വൈദ്യുതിയെത്തും മുമ്പെ -നിന്റെ കുസൃതിക്കാരിയായ അനിയത്തിയെ ഞാന്‍ അവിടെയെല്ലാം തിരക്കി. അതിഥികള്‍ വന്നാലുടന്‍ മുറിയില്‍ കയറി ഒളിച്ചിരിക്കാറുള്ള നിന്റെ കുഞ്ഞനിയനേയും ദുപ്പട്ടകൊണ്ട്‌ വായ്‌ മറച്ച്‌ കണ്ണിലൊരു കടലൊളിപ്പിച്ചു ചിരിക്കുന്ന ശബ്ദമില്ലാത്ത നിന്റെ ഇത്തയെയും ഒന്നുമവിടെയെനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല.
ഒരിടവപ്പാതി മഴയില്‍ നഗരത്തിലെ കാനകളിലൂടെ നിറഞ്ഞൊഴുകിയ അഴുക്കുവെള്ളം കാലുകള്‍ക്ക്‌ മുകളിലൂടെ ഒഴുകുന്നതു തടയാന്‍ മടമ്പുയര്‍ത്തി ധൃതിയില്‍ നടന്ന എന്റെ കുടയിലേക്ക്‌ നീ ഓടിക്കയറി വന്നതെന്തിനായിരുന്നു. ? അതിനു മുമ്പു എവിടെ വെച്ചാണ്‌ നിന്നെ ഞാന്‍ ആദ്യം കണ്ടത്‌? നഗരത്തിന്റെ പാല്‍വെളിച്ചം ചുരത്തി നിന്നൊരു രാവില്‍ ഷോപ്പിംഗ്‌ കോംപ്ലക്സിനു പുറത്തെ കടുത്ത വെളിച്ചത്തില്‍ എന്റെ നേര്‍ക്കു നീണ്ടു വന്ന വെളുത്ത ചിരി ഞാന്‍ ഓര്‍ക്കുന്നു. വെളിച്ചത്തിനുമേല്‍ വന്ന വെളിച്ചത്തില്‍ അതാരുടെ ചിരിയെന്നു തിരിച്ചറിയാനാവാതെ എന്റെ കാഴ്ച കുഴങ്ങുമ്പോള്‍ അയഞ്ഞ ടീഷര്‍ട്ടും പരുക്കന്‍ ജീന്‍സുമിട്ട്‌ കടല കൊറിച്ച്‌ എന്റെയരികിലേക്ക്‌ നീ നടന്നുവന്നു. പിന്നിലെ കടലക്കച്ചവടക്കാരന്‍ തിരക്കിനിടയിലും എന്നെയൊന്ന്‌ ശ്രദ്ധിച്ച്‌ അയാളുടെ ജോലിയില്‍ വ്യാപൃതനാവുന്നത്‌ നിന്റെ ചുമലിന്‌ മുകളിലൂടെ ഞാന്‍ കണ്ടു. ക്യാംപസിലെപ്പോഴോ ഈ മുഖം കണ്ടിട്ടുണ്ടെന്ന്‌ ഞാനോര്‍ത്തു.

മഴ കഴിഞ്ഞപ്പോള്‍ വെയിലത്തു നീ എന്റെ കൂടെ വീണ്ടും നടന്നു. നിന്റെ മുഖത്തെ വിയര്‍പ്പൊപ്പാന്‍ എന്റെ ദുപ്പട്ട സ്വാതന്ത്രത്തോടെ ഉപയോഗപ്പെടുത്തി നീ നിന്റെ നാടിനെക്കുറിച്ച്‌ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. പരുത്തിപ്പാടങ്ങളെക്കുറിച്ചും അടിക്കടിയുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും നീ പറയുമ്പോള്‍ സാകൂതം കേട്ട്‌ ഞാന്‍ നിന്റെ കൂടെ നടന്നു. നിന്റെ അബ്ബ കൊണ്ടുവരാറുള്ള മധുര പലഹാരം നുണയുന്നതുപോലെയാണ്‌ നിന്നോടു സംസാരിക്കുന്നതെന്ന്‌ പറഞ്ഞ്‌ കുസൃതിയോടെ നീ ചിരിച്ചു. ഗവേഷണം മതിയാക്കി നീ മടങ്ങാനിരുന്ന നാളുകളിലാണ്‌ പത്രത്താളുകള്‍ ഗുജറാത്തു വാര്‍ത്തകള്‍ കൊണ്ട്‌ നിറഞ്ഞത്‌. കലാപത്തിന്റെ വിവരണങ്ങളില്‍ മനസ്സുവെന്ത്‌ പല തവണ നിയന്ത്രണം വിട്ട്‌ നീ കരഞ്ഞു. കടപ്പുറത്തെ ഉപ്പുകാറ്റിനു നിന്റെ തേങ്ങലുകളെ സാന്ത്വനിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നില്ല. എന്റെ തലോടലുകള്‍ നിന്റെ മുറിവില്‍ ഉപ്പായി നീറി. ഉമ്മിയെക്കുറിച്ചും അബ്ബയെക്കുറിച്ചും നീ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഫോണുകള്‍ മരിച്ച അവിടങ്ങളിലേക്ക്‌ വീണ്ടും വീണ്ടും നീ സന്ദേശങ്ങളയച്ചു മറുപടിക്ക്‌ കാതോര്‍ത്തു. ഒടുവില്‍ പിറന്ന മണ്ണു വിട്ട്‌ ജീവനുംകൊണ്ടോടുന്ന മനുഷ്യരുടെ ദീന വിലാപങ്ങള്‍കൊണ്ട്‌ മാധ്യമങ്ങള്‍ നിറഞ്ഞൊരു നാളില്‍ എന്റെ തടസ്സവാദങ്ങളെ മൂര്‍ച്ചയോടെ എതിരിട്ട്‌ നീ ഗുജറാത്തിലേക്ക്‌ ട്രെയിന്‍ കയറി. അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന്‌ വര്‍ഗ്ഗീയതയുടെ വിഷം ചുരന്നപ്പോള്‍ നിന്റെ കണ്ണിലെ അപകടകരമായ തിളക്കം എന്നെ ഭയപ്പെടുത്തി. പല തവണ നീ ആവര്‍ത്തിച്ച ഒരു പദം എനിക്കോര്‍മ്മ വരുന്നു.. ?നീ ഹിന്ദുവാണ്‌ . . . ഞാന്‍ മുസ്ലീമും ?. പിറ്റേന്നു കാലത്തു നിന്റെ ഹോസ്റ്റലിലേക്ക്‌ നിന്നെ അന്വേഷിച്ച്‌ ഞാനെത്തിയപ്പോഴേക്കും നീ നാട്ടിലേക്കു മടങ്ങിയിരുന്നു. പ്രണയമെന്നിലൊരു പനിയായ്‌ പടര്‍ന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഉരുകിയ ആ നാളുകളില്‍ ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കു വേണ്ടി ഞാന്‍ പത്രം കരണ്ടു കലാപ വാര്‍ത്തകള്‍ മറ്റു വാര്‍ത്തകള്‍ക്കു വഴിമാറി ഒരു വര്‍ഷം പിന്നിട്ടിട്ടും നിന്നെക്കുറിച്ച്‌ എനിക്ക്‌ യാതൊരറിവുമുണ്ടായിരുന്നില്ല. നീ എപ്പോഴോ തന്ന പോസ്റ്റ്‌ ബോക്സ്‌ നമ്പറിലേക്ക്‌ നിരവധി തവണ ഞാനെഴുത്തുകളയച്ചു.

മഴ പെയ്താല്‍ പുഴുക്കള്‍ മുളക്കുന്ന ഈ അഴുക്കു കൂനയാണ്‌ നിന്റെ പുതിയ ഇടത്താവളമെന്ന്‌ ഞാനറിഞ്ഞിരുന്നില്ല. കരിഞ്ഞടര്‍ന്നുപ്പോയ വീടിനുള്ളില്‍ നിന്റെ അബ്ബയുടേയും കൂടപ്പിറപ്പുകളുടേയും നിലവിളികള്‍ കൂടി ഒടുങ്ങിപ്പോയെന്ന്‌ വൈകിയാണ്‌ ഞാന്‍ അറിഞ്ഞത്‌. ശബ്ദമില്ലാത്ത നിന്റെ ഇത്തയെ അബ്ബക്കു മുന്നിലിട്ട്‌ പിച്ചിക്കീറിയപ്പോള്‍ കണ്ണിലൂടെ രക്തമൊഴുകി ഹൃദയം തകര്‍ന്ന ഒരാളെക്കുറിച്ചു ഞാന്‍ ചിന്തിച്ചതേയില്ല. നിന്റെ അനിയത്തിയേയും നാണക്കാരനായ നിന്റെ കുഞ്ഞനിയനേയും അഗ്നിയെടുത്തതറിഞ്ഞ്‌ ഭ്രാന്തമായ അവസ്ഥയില്‍ ജീവിക്കുന്ന നീയെങ്ങിനെയാണ്‌ നിന്റെ തപാല്‍പ്പെട്ടിയിലേക്കു വന്ന എന്റെ പ്രണയക്കുറിപ്പുകള്‍ വായിക്കുക.? തിരിച്ചുവരാനാവാത്ത വിധം നിന്റെ മണ്ണില്‍ നിന്ന്‌ നിനക്ക്‌ പ്രിയപ്പെട്ട പലതും പിഴുതുമാറ്റപ്പെട്ടപ്പോള്‍ നീയെന്നെ ഓര്‍ക്കുന്നതെങ്ങനെ? നിനക്ക്‌ രസക്കൂട്ടുകളുടെ കലവറയില്‍നിന്ന്‌ കഥകള്‍ പറഞ്ഞു തന്നിരുന്ന നിന്റെ ഉമ്മി നിന്റെ വീടിരിക്കുന്നിടത്തിനുമനേക നാഴിക അകലെയൊരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഈച്ചയാര്‍ക്കുന്ന മാലിന്യ കൂനകളില്‍ നിന്ന്‌ വമിക്കുന്ന ദുര്‍ഗന്ധം ശ്വസിക്കുമ്പോള്‍ നീ എപ്പോഴെങ്കിലും പ്രതികാരത്തിനുവേണ്ടി കൊതിച്ചിട്ടുണ്ടോ? കൂടപ്പിറപ്പുകളുടെ പുക പിടിച്ച കറുത്ത ചിത്രങ്ങള്‍ക്കുമേല്‍ ഒരു ചന്ദനത്തിരിയെങ്കിലും കത്തിച്ചുവെക്കാന്‍ ഇനി നിനക്കാവുമോ.? നിന്റെ സ്വപ്നങ്ങളെരിഞ്ഞുപ്പോയ നിനക്കൊരിക്കലും തിരിച്ചുവരാനാവാത്ത ഈ മണ്ണിനെ നീയിന്നും സ്നേഹിക്കുന്നുവെന്ന്‌ എനിക്കറിയാം. ?ജയ്‌ റാം. . . വിളികളും ആര്‍ത്തവ നാദങ്ങളും ഇടകലര്‍ന്ന ഈ ഗലികളെ നീ ഇപ്പോഴും സ്നേഹിക്കുന്നുണ്ടാവാം, ഇതു നിന്റെ മണ്ണാണല്ലോ, നിനക്കു കൂടി അവകാശപ്പെട്ടത്‌. നിന്റെ വേദനകളൊടുങ്ങിയ ഈ മണ്ണ്‌ വീട്ട്‌ ഞാന്‍ മടങ്ങുകയാണ്‌. ഈ യാത്രയില്‍ നിന്റെ ഉമ്മിയെ മാത്രമെ എനിക്ക്‌ കാണാന്‍ പറ്റിയുള്ളു. മനോനില തെറ്റിയ അവരാണ്‌ നീയും നിന്റെ പൂച്ചെടികള്‍ നിറഞ്ഞ വീടും ഈ മണ്ണിലൂണ്ടായിരുന്നുവെന്ന്‌ എന്നെ ബോധ്യപ്പെടുത്തുന്ന ഒരേയൊരു തെളിവ്‌. എന്റെ പ്രണയമീ വഴിയോരങ്ങളിലുപേക്ഷിച്ച്‌ ഞാന്‍ തിരിച്ചുപ്പോവുകയാണ്‌. നീയെന്നെ വെറുത്തിരുന്നുവോ? ഞാനുമൊരു ഹിന്ദുവാണല്ലോ, മടങ്ങുമ്പോള്‍ ഈ അഴുക്കുക്കൂനയ്ക്കരികില്‍ ഞാന്‍ വെറുതെ തിരയുകയാണ്‌. ഇവിടെയാണ്‌ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദി തന്‍വീര്‍ ഇസ്ലാമിന്റെ പാതി കത്തിയ ദേഹം ഈച്ചയാര്‍ത്തു കിടന്നിരുന്നത്‌ എന്നെനിക്കറിയാം. നീ പഠിപ്പിച്ചു തന്ന ഈ ഗസല്‍ ഞനൊന്നു കൂടി മൂളിക്കോട്ടെ,

"Ranjish hi sahee Dil hi dukhaane ke liye..."
ഇനിയൊരിക്കലും ഞാന്‍ നക്ഷത്രങ്ങളെണ്ണില്ല. നിന്റെ അസ്ഥിപൊടിയുന്ന വേദനകളാണ്‌ ഇനിയെന്റെ സ്വപ്നത്തില്‍ വരുന്നതെങ്കിലോ?

അബ്ദുള്‍വാഹിദ്. എം
MANKARATHODI HOUSE
28TH MILE, KIYAKKEYIL,
NARUKARA POST, 676122
MALAPPURAM
Subscribe Tharjani |
Submitted by Babu Ramachandran (not verified) on Tue, 2008-03-25 22:28.

Nalla katha..

But, entho.. ghazalinte lyrics aarengilum thettich evideyenkilum ezhuthiyaal enikku dEshyam verum.. Prathyekich ath Mehdi Hassante aavumbol..

It actually goes like this.. " Ranjish hi sahee Dil hi dukhaane ke liye aa... Aaa phirse mujhe chod ke jaane ke liye aa.."

Submitted by chinthaadmin on Wed, 2008-03-26 09:42.

Thanks Babu! I have corrected this mistake in the story. Thanks for visiting and pointing this out to us.