തര്‍ജ്ജനി

ജി. എസ്. ശുഭ

email: gs.subha@gmail.com

Visit Home Page ...

കഥ

കത്ത്

ചൂടധികമുള്ള ഒരുച്ചയ്ക്ക് കുഴിനഖം തോണ്ടി സമയം കൊല്ലുമ്പോഴാണ് ആദ്യത്തെ കത്തു വന്നത്. വൃത്തിയുള്ള കൈപ്പടയില്‍ ഒരു കൊച്ചു കുറിപ്പ്.

‘കറികളില്‍ എണ്ണ അമിതമായി ഉപയോഗിച്ചാല്‍ കൊളസ്ട്രോള്‍ കൂടും. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ചൂടുകുരു വരാതിരിക്കും. കക്കൂസ് കഴുകുന്നതിന് മെച്ചപ്പെട്ട ഒരു ലോഷന്‍ (സ്റ്റാര്‍) കടകളില്‍ എത്തിയിട്ടുണ്ട്.’

ആദ്യത്തെ അമ്പരപ്പ് മാറിയതോടെ പലവട്ടം വായിച്ചു. പൊട്ടിച്ചിരിച്ചുകൊണ്ട് പലരെയും കേള്‍പ്പിച്ചു. അന്നത്തെ ദിവസം തന്നെ അതിനെ ചുറ്റിപ്പറ്റിയായി.

പിറ്റേന്നു പക്ഷേ കടുക് പൊട്ടിക്കാനൊരുങ്ങിയതും കൊളസ്ട്രോള്‍ എന്നോര്‍ത്തു. ഒന്നു കരുതിയാണ് എണ്ണയൊഴിച്ചത്. ഇസ്തിരിപ്പെട്ടി ചുടാക്കാന്‍ വെച്ച് അലമാര തുറന്നതും ചൂടുകുരുവിനെക്കുറിച്ച് ബോധവതിയായി. പുറത്തു വന്നതെല്ലാം കോട്ടനുടുപ്പുകളായി. പിന്നെന്നോ പല ചരക്കുകളുടെയും പച്ചക്കറികളുടെയും പട്ടികയില്‍ സ്റ്റാറെന്നും ചുവട്ടില്‍ കക്കൂസ് കഴുകാനുള്ളതെന്നും എഴുതിച്ചേര്‍ത്തു.

കൌതുകമൊക്കെ തീര്‍ന്ന് നാളുകള്‍ക്കുശേഷമാണ് അടുത്ത കത്തെത്തിയത്. കത്തുകള്‍ വരാനില്ലാത്ത കാലമായതിനാല്‍ ഇത്തവണ ഊമക്കത്താകാനുള്ള സാധ്യത മുന്‍‌കൂട്ടി കണ്ടു.

ഇലക്കറികളുടെ പോഷകഗുണങ്ങളും പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാനുള്ള പൊടിക്കൈകളും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കുടവയര്‍ കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ചായിരുന്നു കൂടുതലും. തനിക്ക് വയറില്ലെന്ന ലാഘവത്തോടെ കത്തു മടക്കുമ്പോഴാണ് ഭര്‍ത്താവിന്റെ കുതിച്ചു വളരുന്ന വയറോര്‍ത്തത്. അതോടെ അസ്വസ്ഥതയായി.

ചുരുങ്ങിയ ദിവസങ്ങളിലെ പരിചയം പ്രണയമായി വീട്ടിലവതരിപ്പിച്ച് വിവാഹത്തില്‍ കലാശിച്ചതാണ്. പത്തു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒന്നും ഒളിച്ചു വയ്ക്കുന്നതായി തോന്നിയിട്ടില്ല. എന്നാലും ഭൂതകാലത്തെക്കുറിച്ച് അയാള്‍ പറഞ്ഞതിനപ്പുറം ഒന്നും തന്നെ അറിയില്ലായിരുന്നു.

ആധി അതിവേഗം പടര്‍ന്നു കയറി. അയാളടുത്തില്ലാത്ത നിമിഷങ്ങളെയെല്ലാം സംശയമായി. കത്തുകള്‍ എത്ര പരിശോധിച്ചിട്ടും മുദ്ര വ്യക്തമല്ലാത്തതിനാല്‍ സ്ഥലം മനസ്സിലായില്ല. അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് ഒരു തുമ്പും കിട്ടിയതുമില്ല.

പതുക്കെ പതുക്കെ വേവലാതി കുറഞ്ഞെങ്കിലും കത്തുകളിനി മറ്റുള്ളവരെ കാണിക്കേണ്ടെന്നു വെച്ചു. വായിച്ചു കഴിഞ്ഞാലുടന്‍ കത്തിച്ചു കളഞ്ഞു.

എന്നിട്ടും കത്തുകള്‍ തോന്നുമ്പോഴൊക്കെ വരാന്‍ തുടങ്ങി. അതോടൊപ്പം ചില മാറ്റങ്ങള്‍ ആ വീടിനുമുണ്ടായി. അടുക്കളയില്‍ പുതിയ മണങ്ങള്‍ നിറഞ്ഞു. തോട്ടത്തില്‍ അനവധി പൂച്ചെടികള്‍ ചിട്ടയോടെ വളര്‍ന്നു. മേശവിരികള്‍ ചിത്രപ്പണികളാലൊരുങ്ങി. പുസ്തകങ്ങള്‍ വിരുന്നു വന്നു. ഒഴിവു നേരങ്ങളില്‍ സംഗീതം തുളുമ്പി. വിരസമായിരുന്ന പകലുകള്‍ പ്രസരിപ്പും പ്രതീക്ഷയും സ്വന്തമാക്കി.

സംതൃപ്തിയോടെ ഉണര്‍ന്നെഴുന്നേറ്റ ഒരു സുപ്രഭാതത്തില്‍ പതിവു പോലെ ജോലിക്കിറങ്ങിയ അയാള്‍ക്ക് ചോറു പൊതിയുടെ കൂടെ ഒരു കടലാസു തുണ്ടവും ലഭിച്ചു. അതൊരു കവറിലിട്ട് അയച്ചേക്കണമെന്ന ആവശ്യവും.

നിവര്‍ത്തിയ കടലാസ്സില്‍ ഉരുണ്ട അക്ഷരങ്ങളില്‍ ഒരൊറ്റവരി മാത്രം.
‘ഏറെ നന്ദിയുണ്ട്’

Subscribe Tharjani |
Submitted by bindu krishnan (not verified) on Thu, 2008-01-10 13:58.

katha nannayirikkunnu

Submitted by T S Anu Thekkiniyedam (not verified) on Fri, 2008-01-18 08:42.

Nannayirunnu.

Submitted by ഗോപന്‍ (not verified) on Sat, 2008-01-19 17:33.

ശുഭ :

കഥ ഹൃദ്യമായി , വളരെ രസമായി എഴുതിയിരിക്കുന്നു..

അഭിനന്ദനങ്ങള്‍ !