തര്‍ജ്ജനി

പി. ജെ. ജെ. ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കഥ

സകലവ്യഞ്ജനക്കടയില്‍ രണ്ട്‌ വിധവകള്‍

ഗ്രോസറിമാര്‍ട്ട്‌ ഇന്‍കോര്‍പ്പറേറ്റഡിന്റെ നൂറ്റിപ്പതിനേഴാമത്തെ ശാഖയില്‍ ജോലി ചെയ്യുന്നവര്‍ ആയിരുന്നു അവര്‍, രണ്ട്‌ വിധവകള്‍. റഹാനത്തും ഷെര്‍ലിയും. രണ്ടുപേരും ഐന്‍സ്റ്റൈന്‍ ആന്‍ഡ്‌ ന്യുട്ടണ്‍ സെന്‍ട്രല്‍ സ്കൂളില്‍ ഒരേക്ലാസില്‍ ശരീരങ്ങള്‍ ചേര്‍ത്തിരുന്ന്‌ പഠിച്ചവര്‍. ട്വല്‍ത്തില്‍ തോറ്റ്‌ കല്യാണക്കമ്പോളത്തില്‍ അധികം വൈകാതെ വിജയികളായവര്‍. രണ്ടു തവണ ഒരേ ആശുപത്രിയില്‍ പ്രസവിച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വ്യത്യസ്ത സാഹചര്യങ്ങളില്‍ വലിയ ഇടവേളകളില്ലാതെ വിധവകള്‍ ആയവരും. അധികം വൈകാതെ ഗ്രോസറിമാര്‍ട്ടില്‍ ഒരുപോലെ ജോലിക്ക്‌ കയറുകയും ചെയ്തു.

അറിയാവുന്നവരെല്ലാം വല്ലാത്ത പൊരുത്തമെന്ന്‌ പറഞ്ഞ്‌ മുഴുത്ത അസൂയയോടെ അവരെ നോക്കിയിരുന്നു. ഗ്രോസറിമാര്‍ട്ട്‌ എന്ന അമേരിക്കന്‍ റീട്ടെയ്‌ല്‌ ചെയ്ന്‍ തൊഴിലാളികളെ നിയമിക്കുമ്പോള്‍ വിധവകള്‍ക്ക്‌ മുന്‍ഗണന നല്‍കിയിരുന്നതിനാലാണ്‌ ഒരുമിച്ച്‌ ജോലി ചെയ്യാന്‍ ഇരുവര്‍ക്കും അവസരം ഒത്തുവന്നത്‌. കമ്പനിയെ ഇന്ത്യന്‍ സാമൂഹിക ജീവിതവുമായി സമരസപ്പെടുത്താനുള്ള തന്ത്രമെന്ന നിലയിലാണ്‌ ഇങ്ങിനെയൊരു മുന്‍ഗണന കമ്പനി സ്വീകരിച്ചത്‌. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെ ഉദ്ദേശിച്ചാണ്‌ തുടങ്ങിയതെങ്കിലും രാഷ്ട്രീയ പകപോക്കല്‍, ഗള്‍ഫില്‍ വച്ചുള്ള തിരോധാനം, മദ്യപാനം, സവിശേഷ അവയവങ്ങളുടെ ബ്രേക്ക്‌ ഡൗണ്‍ തുടങ്ങിയ പതിവ്‌ പുരുഷമരണങ്ങളുടെ ഇരകള്‍ക്കും അത്‌ പ്രയോജനകരമായി. റഹാനത്തിനും ഷെര്‍ളിക്കും തൊഴില്‍ കിട്ടിയത്‌ അങ്ങിനെയാണ്‌. ഗ്രോസറി മാര്‍ട്ട്‌ പോലുള്ള സകലവ്യജ്ഞനപ്പിടികകളുടെ വരവ്‌ മൂലം പലചരക്ക്‌ കടകള്‍ പൊളിഞ്ഞ്‌ ആത്മഹത്യ ചെയ്തവരുടെ വിധവകള്‍ക്ക്‌ ഇപ്പോള്‍ ഉദ്യോഗനിയമനത്തില്‍ മുന്തിയ പരിഗണന നല്‍കുന്നത്‌ പുതിയ കാലത്തിന്റെ മാനുഷിക മുഖമായി സാംസ്കാരികനായകരും കക്ഷിനേതാക്കളും ഘോഷിച്ചു.

ഷെര്‍ളിയുടെ ഭര്‍ത്താവ്‌ ബെഞ്ചമിന്റെ തല ഒരു കോടതിവിധി മൂലം അറുത്ത്‌ മാറ്റപ്പെടുകയായിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച്‌ മറ്റാര്‍ക്കോ നല്‍കാനായി മുഖപരിചയം തോന്നിയ ഒരാള്‍ നല്‍കിയ തീരെ ചെറിയ ഒരു പൊതിയാണ്‌ ബഞ്ചമിന്റെ തല തെറിപ്പിച്ചത്‌. പൊതിക്കുള്ളില്‍ അമൂല്യമായ ഒരു ലഹരി വസ്തു ആയിരുന്നു. ഗള്‍ഫ്‌ രാജ്യത്തെ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ ഒരു വിജയിയുടെ ഭാവത്തോടെ ബ്രീഫ്‌ കേസില്‍ നിന്നും ആ ചെറിയ പൊതി താത്പ്പര്യത്തോടെ പുറത്തെടുത്തപ്പോള്‍ ഒരു പക്ഷേ അയാള്‍ക്കുള്ളതാകാം അതെന്നുമാത്രമേ ബഞ്ചമിന്‍ കരുതിയുള്ളൂ. അറബി ആരാച്ചാര്‍ ഒരൊറ്റ വെട്ടിന്‌ തല തെറിപ്പിക്കും വരെ ആ കണ്‍ഫ്യുഷന്‍ ബഞ്ചമിനെ വിട്ടുപോയിരുന്നില്ല. ഉള്ളിലെ പണ്ടങ്ങളെല്ലാം നീക്കി വെടുപ്പാക്കിയതെങ്കിലും നിറം മങ്ങി ചുളിഞ്ഞ തൊലിയുള്ള ഒരു ശരീരമാണ്‌ ഒരുമാസം കഴിഞ്ഞ്‌ ഷെര്‍ളിക്ക്‌ ഒരു അലൂമിനിയം പെട്ടിയില്‍ കിട്ടിയത്‌. അത്‌ തുറന്നപ്പോള്‍ മൂടല്‍മഞ്ഞുപോലെ എന്തോ അതില്‍ നിന്നും പൊങ്ങിവന്നു. അതിന്റെ മങ്ങലിലാണ്‌ പിന്നീട്‌ അന്ന്‌ സംഭവിച്ചതെല്ലാം ഷെര്‍ളി അനുഭവിച്ചത്‌.

ആ മരവിപ്പ്‌ അധിക ദിവസങ്ങള്‍ നീണ്ട്‌ നിന്നില്ല. വിശപ്പും ദാഹവും ഭാവിയെച്ചൊല്ലിയുള്ള പകപ്പുമെല്ലാം സുനാമിജലം പോലെ വന്ന്‌ അവളെ വിഴുങ്ങി. കുട്ടികള്‍ രണ്ടുപേരും - ഒരാണും ഒരു പെണ്ണും - സദാ അവളെ ചുറ്റിപ്പറ്റി നിന്നു. അവരുടെ കൈകളും മുഖങ്ങളും എപ്പോഴും അവളെ മുട്ടിയുരുമിക്കൊണ്ടിരുന്നതിനാല്‍ അതുങ്ങളെ തീറ്റുകയും ഉടുപ്പിക്കുകയും ഉറക്കുകയും ചെയ്യുക എന്നതൊഴികെ മറ്റൊന്നിനെക്കുറിച്ചും ആധികയറാന്‍ അവള്‍ക്കായില്ല. അങ്ങിനെയാണ്‌ അവള്‍ ഗ്രോസറിമാര്‍ട്ടിന്റെ കൊച്ചി ഓഫീസില്‍ ഇന്റര്‍വ്യുവിന്‌ പോയത്‌.

മോശമല്ലാത്ത ശരീരവും ചന്തമുള്ള മുഖവും ആണ്‌ നിങ്ങളുടെ പ്രധാന യോഗ്യതയെന്ന്‌ അവളെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരന്‍ പറഞ്ഞപ്പോള്‍ അതിലെ ദുരര്‍ത്ഥങ്ങള്‍ക്കായി ഷേര്‍ളി അവന്റെ മുഖത്ത്‌ നോക്കി. അത്‌ ഒരു കമ്പ്യുട്ടര്‍ സ്ക്രീന്‍ പോലെ തെളിഞ്ഞതും അമാനവികരിക്കപ്പെട്ടതും ആയിരുന്നു. രണ്ടും വൃത്തിയായും ഭംഗിയായും കൊണ്ടുനടന്നാല്‍ നിങ്ങള്‍ക്ക്‌ വളരെക്കാലം ഗ്രോസറിമാര്‍ട്ടില്‍ ജോലിചെയ്യാം എന്ന്‌ അവന്‍ ഒന്നുകൂടി ഉറപ്പിച്ച്‌ പറഞ്ഞപ്പോള്‍ ആന്തരാവയവങ്ങള്‍ നീക്കിയ ബഞ്ചമിന്റെ ദേഹമാണ്‌ പെട്ടെന്ന്‌ ഷെര്‍ളിക്ക്‌ ഓര്‍മ്മയില്‍ വന്നത്‌. ഒട്ടുമുക്കാലും ഇന്ത്യന്‍ വിധവകള്‍ ശരീരത്തെ വേണ്ടരീതിയില്‍ പരിചരിക്കാത്തവരാണെന്ന്‌ പഠനങ്ങള്‍ തെളിക്കുന്നുണ്ടെന്നുകൂടി അവന്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ എത്ര നിയന്ത്രിച്ചിട്ടും ഷെര്‍ലി അലോസരപ്പെട്ടു.

ടൗണില്‍ നിന്നും അധികം അകലെയല്ലായിരുന്നു ഗ്രോസറിമാര്‍ട്ട്‌ ഇന്‍ കോര്‍പ്പറേറ്റഡിന്റെ സകലവ്യഞ്ജനക്കട. അതിനുമുന്നില്‍ പലനിറങ്ങളിലുള്ള കോണ്‍ക്രീറ്റ്‌ ഇഷ്ടികകള്‍ പാകി ഭംഗിപ്പെടുത്തിയ വിശാലമായ പാര്‍ക്കിംഗ്‌ ഇടം എപ്പോഴും വാഹനങ്ങളാല്‍ നിറഞ്ഞു. രണ്ടുമണി മുതല്‍ നാലുമണി വരെയാണ്‌ ലഞ്ച്‌ ബ്രേക്ക്‌. വീട്ടില്‍ പോയിവരാം അല്ലെങ്കില്‍ റെസ്റ്റ്‌ ആന്‍ഡ്‌ റിക്രിയേഷന്‍ മുറിയില്‍ വിശ്രമിക്കാം. ഡൈനിംഗ്‌ ടേബിളും കാരംസ്‌ ബോര്‍ഡും പഴയൊരു പൂള്‍ ടേബിളും അവിടെ ഉണ്ടായിരുന്നു. ഡബിള്‍ കോട്ടിനെക്കാളും വലിപ്പമുള്ള പൂള്‍ ടേബിളിന്റെ പ്രതലത്തില്‍ കിടന്ന്‌ വര്‍ത്തമാനം പറഞ്ഞുകൊണ്ട്‌ വിശ്രമിക്കുകയായിരുന്നു ഷെര്‍ളിയും റഹാനത്തും. പ്രകാശമാനമായ നീലനിറമുള്ള കമ്പിളി പ്രതലത്തില്‍ ഇളം നിറങ്ങളിലുള്ള സാല്‍വാര്‍ കമ്മീസുകളില്‍ ആ രണ്ട്‌ വിധവകള്‍ ഒരു എം.എഫ്‌. ഹുസൈന്‍ ചിത്രം പോലെ കാണപ്പെട്ടു. റഹാനത്ത്‌ തുന്നിയവ ആയിരുന്നു ആ സാല്‍വാര്‍ കമ്മീസുകള്‍. അബ്ദുള്‍ വസീം കിഡ്നികള്‍ തകരാറിലായി മരിക്കും മുന്‍പേ റഹാനത്ത്‌ വീട്ടില്‍ തയ്യല്‍ മെഷീന്‍ വാങ്ങിയിരുന്നു. റെഡിമെയ്ഡ്‌ വസ്ര്തങ്ങളില്‍ ഉടല്‍പ്പരുവത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തുന്നതില്‍ അവള്‍ ക്രമേണ അത്ഭുതകരമായ സാമര്‍ത്ഥ്യം കാണിച്ചുതുടങ്ങിയതിനാല്‍ അത്‌ ഒരു വരുമാനമാര്‍ഗ്ഗമായി. തുന്നല്‍ക്കടകള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരുന്നിട്ടും റഹാനത്തിന്‌ അത്‌ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അബ്ദുല്‍ വസീമിനും സന്തുഷ്ടി ഉണ്ടായിരുന്നു. പക്ഷേ അബ്ദുല്‍ വസിമിന്റെ മരണത്തോടെ റഹാനത്ത്‌ സാമ്പത്തിക ക്ലേശങ്ങളിലേക്ക്‌ മൂക്കുകുത്തി വീണു. വസീമിന്റെ സ്റ്റേഷനറിപ്പീടിക തുടര്‍ന്ന്‌ നടത്താന്‍ അവള്‍ക്കായില്ല. ഒരു വിധവ അതും റഹാനത്തിനെപ്പോലെ യുവതിയും സുന്ദരിയുമായ ഒരുത്തി ഒരു പീടിക ഒറ്റയ്ക്ക്‌ നടത്തുന്നത്‌ യാഥാസ്ഥിതികരായ ബന്ധുക്കള്‍ക്ക്‌ സമ്മതമായിരുന്നില്ല. ബന്ധത്തില്‍ തന്നെയുള്ള ഒരാള്‍ക്ക്‌ മൂന്നുലക്ഷം രൂപയ്ക്ക്‌ സകല അവകാശങ്ങളോടെ വിട്ടുകൊടുക്കുവാനാണ്‌ ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചത്‌. ബാങ്ക്‌ പലിശ കൊണ്ട്‌ നിനക്കും ആങ്കുട്ട്യോള്‍ക്കും സുഖമായി ജീവിക്കാനാവുമെന്ന്‌ അവര്‍ പറഞ്ഞത്‌ റഹാനത്തിന്‌ അത്ര വിശ്വാസമായില്ലെങ്കിലും വേറെ വഴിയില്ലായിരുന്നു. പലിശ നാള്‍ക്കുനാള്‍ കുറഞ്ഞുവന്ന്‌ അത്‌ ഒന്നിനും തികയാതെയായി. റെഡിമെയ്ഡ്‌ കമ്പനികള്‍ കൊടികെട്ടിയ പരസ്യങ്ങളോടെ കമ്പോളത്തില്‍ എത്തിച്ച അലങ്കോലമായ വസ്ര്തങ്ങള്‍ പുതുഫാഷനായി സ്വീകരിക്കപെട്ടതോടെ ആ വഴിക്കും അവളുടെ വരുമാനം ഇടിഞ്ഞു. അങ്ങിനെയാണ്‌ റഹാനത്തും ഷേര്‍ളിയോട്‌ ചേര്‍ന്നത്‌.

ഷെര്‍ളി പൂള്‍ ടേബിളില്‍ മലര്‍ന്നാണ്‌ കിടക്കുന്നത്‌. റഹാനത്ത്‌ ഒരു വശം ചരിഞ്ഞ്‌ ഷെര്‍ളിയോട്‌ ചേര്‍ന്ന്‌ കിടക്കുന്നു. വലത്‌ കൈ ഷെര്‍ളിയുടെ നെഞ്ചിന്‌ കുറുകെ വച്ച്‌ അവളുടെ ഇടതുകൈ മെല്ലെ തടവുന്നുമുണ്ട്‌. സെന്റ്‌ ജോസഫ്സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തൊട്ടിരുന്ന്‌ പഠിക്കുമ്പോഴും അറിയാതെ റഹാനത്ത്‌ അങ്ങിനെ ചെയ്തിരുന്നു. സ്നേഹത്തിന്റെ ഒരു കമ്പ്‌ അവര്‍ക്കിടയില്‍ അപ്പോള്‍ പൂക്കും.

"താമസിക്കുന്ന വീടും സ്ഥലവും ഒഴികെ ബാക്കിയെല്ലാം വിറ്റ്‌ വസീമിനെ രക്ഷിച്ചെടുക്കാന്‍ എന്നാലവത്‌ ചെയ്തു. അല്ലാഹ്‌ മറിച്ചാണ്‌ ഉരിയാടിയത്‌. വീടും കൂടി വില്‍ക്കാന്‍ ഞാന്‍ ഒരുങ്ങിയതാണ്‌. വസിം സമ്മതിച്ചില്ല. നിനക്കും കുഞ്ഞുങ്ങള്‍ക്കും ഒരു വീടെങ്കിലും ഉണ്ടല്ലോ എന്നാശ്വസിച്ച്‌ എനിക്ക്‌ മരിക്കാമല്ലോ എന്ന്‌ പറഞ്ഞു. അത്‌ കേട്ടിട്ട്‌ എനിക്ക്‌ സഹിച്ചില്ല. വസീമില്ലാതെ എനിക്ക്‌ വീടും വേണ്ട, മക്കളെയും വേണ്ട, ജീവിക്കുകയും വേണ്ട എന്ന്‌ ഞാന്‍ പറഞ്ഞു. രാപകല്‍ കരഞ്ഞു. ഡോക്ടര്‍മാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം അറിയാമായിരുന്നു വസീമിനെ ഞങ്ങള്‍ക്ക്‌ കിട്ടാന്‍ പോകുന്നില്ലെന്ന്‌. എനിക്ക്‌ അന്നത്‌ ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇത്രയും കാലങ്ങള്‍ കഴിഞ്ഞ്‌ ആലോചിക്കുമ്പോള്‍ തോന്നുന്നു വസിം ഞങ്ങള്‍ക്ക്‌ വേണ്ടി മരിക്കുകയായിരുന്നെന്ന്‌. ജീവന്‍ പിരിയുമ്പോള്‍ വസീമിന്റെ വലതുകൈ എന്റെ കൈക്കുള്ളിലായിരുന്നു. വിരലുകള്‍ക്കിടയിലൂടെ ഉയിര്‌ ഊര്‍ന്ന്‌ പോകുമ്പോലെ തോന്നി. ......"

ഷെര്‍ളി ഒന്നും സംസാരിച്ചില്ല. റഹാനത്തില്‍ നിന്നും ഇത്‌ എത്രയോ തവണ കേട്ടിരിക്കുന്നു. ഇപ്പോള്‍ അവളുടെ കണ്ണില്‍ നനവ്‌ പടരുന്നുണ്ടാവും. സങ്കടത്തിന്റെ പെണ്‍വേലിയേറ്റം. ആണുങ്ങള്‍ക്കും ഇതൊക്കെ ഇങ്ങിനെതന്നെ ആയിരിക്കുമോ?

"അവര്‍്‌ കൊല്ലും മുന്‍പ്‌ ബെഞ്ചമിന്‍ നിനക്ക്‌ ഫോണ്‍ ചെയ്തപ്പോള്‍ എന്താണ്‌ പറഞ്ഞതെന്ന്‌ ഓര്‍മ്മയുണ്ടോ?"

"എന്തിനാണ്‌ അതൊക്കെ നമ്മള്‍ ആവര്‍ത്തിക്കുന്നത്‌? ഒടുവില്‍ നീ കരയും. കരഞ്ഞുകലങ്ങിയ മുഖം കണ്ടാല്‍ മാനേജര്‍ നിന്നെ വെറുതേ കുറ്റം പറയും. ബെഞ്ചമിന്‍ ഒടുവില്‍ എന്താണ്‌ പറഞ്ഞതെന്ന്‌ ഞാന്‍ എത്രയോ തവണ നിന്നോട്‌ ആവര്‍ത്തിച്ചിരിക്കുന്നു. വസീമും ബെഞ്ചമിനും പോയി. അവരെന്നല്ല മരിച്ചവരാരും ഇനി തിരികെ വരില്ല."

റഹാനത്ത്‌ ഷെര്‍ളിയുടെ കൈത്തണ്ടില്‍ നുള്ളിക്കൊണ്ടേയിരുന്നു.

"മരിച്ചവര്‍ തിരികെ വരില്ലെന്ന്‌ എനിക്കറിയാം. എന്നാലും എല്ലാസാന്നിദ്ധ്യങ്ങളും എന്നേയ്ക്കുമായി ഇങ്ങിനെ മായ്ച്ചുകളയുന്നത്‌ ക്രൂരവും കഷ്ടവുമാണ്‌"

"പിന്നെന്താ, മരിച്ചുമണ്ണായവര്‍ ഇടയ്ക്ക്‌ ഫോണ്‍ ചെയ്യണമെന്നാണോ നീ മോഹിക്കുന്നത്‌?"

"സത്യമായും അതെത്ര നല്ലതായിരുന്നു. അല്ലാഹിന്‌ അങ്ങിനെയെന്തെങ്കിലും ചെയ്യാമായിരുന്നു. ആളെ വേരോടെ പിഴുത്‌ കൊണ്ടുപൊയ്ക്കോട്ടെ. നമ്മള്‍ മരിച്ച്‌ പരലോകത്തെത്തുവരെ വല്ലപ്പോഴും ഒരു ഫോണ്‍ വിളി സമ്മതിക്കാമായിരുന്നു."

ഷെര്‍ളി പൊട്ടിച്ചിരിച്ചു.

"നീ പണ്ടും ഒരു ബുദ്ദൂസ്‌ ആയിരുന്നു. ഭാര്യയും വീട്ടുകാരിയുമൊക്കെയായി നീയെങ്ങിനെ ജീവിക്കുമെന്നോര്‍ത്ത്‌ നമ്മുടെ ഷൈന്‍ ടീച്ചര്‍ ക്ലാസില്‍ ഉറക്കെ സങ്കടപ്പെടുന്നത്‌ നിനക്ക്‌ ഓര്‍മ്മയുണ്ടോ?"

"ഓ, പിന്നെ. ഞാനൊഴിച്ച്‌ ബാക്കിയെല്ലാര്‍ക്കും വലിയ ബുദ്ധിയാ! അതല്ലേ നീയും ഗീതയും മാധവിയും സരീനയുമെല്ലാം ട്വല്‍ത്തില്‍ എട്ടുനിലയില്‍ പൊട്ടിയത്‌. സൗന്ദര്യം കൂടുമ്പോള്‍ ബുദ്ധിയിത്തിരി കുറയുമെന്നും ഷൈന്‍ ടീച്ചര്‍ പറഞ്ഞിട്ടുണ്ട്‌. എനിക്കതില്‍ സങ്കടമേയില്ല. ഗ്രോസറിമാര്‍ട്ടില്‍ ജോലികിട്ടാനെങ്കിലും അത്‌ ഉപകാരപ്പെട്ടല്ലോ."

"ഞാനൊരു തമാശ പറഞ്ഞതല്ലേ, റഹാനത്ത്‌ മോളേ. മരിച്ചുപോയവര്‍ പോയി. എനിക്കും നിനക്കും പരലോകത്തെ ആത്മാക്കളെക്കൊണ്ട്‌ എന്ത്‌ പ്രയോജനം? ഇവിടെ തുടങ്ങി ഇവിടെ ഒടുങ്ങുന്നതാണ്‌ ജീവിതം."

"അങ്ങിനെയൊന്നും പറയാതെ, ഷെര്‍ളി. നമ്മള്‍ അറിയാതെ, കാണാതെ വസീമും ബഞ്ചമിനും ഈ പ്രപഞ്ചത്തില്‍ എവിടെയോ ഉണ്ട്‌. ചിലപ്പോഴവര്‍ നമ്മളെ കാണുന്നുണ്ടാകും. നമ്മളെ കാത്തിരിക്കുകയും ആവും. നീയാ പോളണ്ടുകാരന്റെ കഥ ഒന്നുകൂടി പറഞ്ഞേ. നമ്മള്‍ അത്‌ പറഞ്ഞിട്ട്‌ ഒരുപാട്‌ കാലമായി. നല്ല ആശ്വാസം തരുന്ന ഒരു കഥയാ അത്‌. നീ പറയ്‌."

"മാക്സിമിലന്‍ കോള്‍ബിന്റെ കഥയാണോ? സാഹിത്യത്തിലും സിനിമയിലൊക്കെ കാണുമ്പോലെ ഒരു സുന്ദര വിഢ്ഢിത്തം കോള്‍ബ്‌ ജീവിതത്തിലും ചെയ്ത്‌ നോക്കി. അത്രയേയുള്ളു."

റഹാനത്ത്‌ ഷെര്‍ളിയോട്‌ ഒന്നുകൂടി ചേര്‍ന്നുകിടന്നു. എന്നിട്ട്‌ മെല്ലെ അവളുടെ കൈത്തണ്ട്‌ പിന്നെയും തടവാന്‍ ആരംഭിച്ചു. അപ്പോള്‍ ഷെര്‍ളി പറഞ്ഞുതുടങ്ങി.

"അതൊരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായിരുന്നു. ഹിറ്റ്‌ലറുടെ ഒറ്റുകാരും പട്ടാളക്കാരും കൂടി ശേഖരിച്ച ലക്ഷക്കണക്കിന്‌ ജൂതരെയും ഇടതുപക്ഷക്കാരെയും സൂക്ഷിച്ചിരുന്ന പോളണ്ടിലെ അനേകം ക്യാമ്പുകളില്‍ ഒന്ന്‌. വാഴ്സായില്‍ നിന്നും ക്രാക്കോവിലേക്ക്‌ പോകുന്ന റെയില്‍പ്പാളത്തിന്റെ ഓരത്ത്‌ കനത്ത മുള്ളുവേലിക്കുള്ളില്‍ ഒരു ചെറിയ നരകം. ഭൂമിയില്‍ ദൈവം കളിക്കുന്നവര്‍ അവരുടെ സ്വര്‍ഗ്ഗം വേഗം വന്നെത്താന്‍ വേണ്ടി പണിയുന്ന നരകങ്ങളിലൊന്ന്‌. മനുഷ്യരെ അവരെന്നും ഞങ്ങളെന്നും വേര്‍തിരിക്കുന്നതില്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും അധികാരികള്‍ ഒരുപോലെ."

അത്രയും ആയപ്പോള്‍ റഹാനത്ത്‌ അക്ഷമയോടെ ഇടപെട്ടു. "നീ അതുമിതും പറയാതെ എന്താണ്‌ സംഭവിച്ചതെന്ന്‌ പറയ്‌."

"നാസി പട്ടാളക്കാരും അവരുടെ ഒറ്റുകാരും ഒഴികെ മറ്റാരും അവിടെ ഉറക്കെ സംസാരിച്ചിരുന്നില്ല. കുഞ്ഞുങ്ങള്‍ ചിരിക്കാനും കരയാനും പേടിച്ചു. തടവുകാരുടെ ശിരസ്സുകള്‍ ഒടിഞ്ഞതുപോലെ താഴേക്ക്‌ ഞാന്നുകിടന്നു. ഹൃദയം മിടിക്കുന്നത്‌ അരികിലുള്ളയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക്‌ പോലും വെടിവച്ചുകൊല്ലല്‍ സാധാരണം. രാപകലില്ലാതെ കഠിനജോലി. വിശപ്പും വെറുപ്പും മാത്രം തീ പോലെ ആളുന്ന ഒരിടം. ഒരു രാത്രി അവിടെയൊരു മോഷണം നടന്നു. ഇത്തിരി ഭക്ഷണം. അത്‌ കണ്ടുപിടിക്കപ്പെട്ടു. പുലര്‍ച്ചയില്‍ ക്യാമ്പ്‌ മേധാവി തടവുകാരെ തടുത്തുകൂട്ടി. കുറ്റം പ്രഖ്യാപിച്ചു. പതിവുപോലെ തടവുകാരില്‍ ആണുങ്ങളുടെ പേരുകള്‍ കുറിയിട്ടെടുത്ത്‌ പേരുകാരന്‌ വധശിക്ഷ വിധിച്ചു."

"ഷെര്‍ളി, നീയെന്താ ആരുടെയും പേര്‌ പറയാത്തത്‌?" റഹാനത്ത്‌ ഒച്ച താഴ്ത്തി ചോദിച്ചു.

"പേരില്‍ ഒരു കാര്യവുമില്ല. മാക്സിമിലന്‍ കോള്‍ബിന്റെ വിഢ്ഢിത്തം ഒഴികെ ബാക്കിയെല്ലാം എന്നും എവിടെയും സംഭവിക്കുന്നവ തന്നെ. പേരും ആണ്ടുമാസങ്ങളും ഇടവും മാറുമെന്നേയുള്ളു. ബഞ്ചമിന്റെ തലയെടുത്തപ്പോള്‍ സംഭവിച്ചതും അതുതന്നെ. എല്ലാം ആവര്‍ത്തനങ്ങള്‍."

"ഉം., പറയ്‌."

"വെടിവച്ച്‌ കൊല്ലപ്പെടേണ്ടവന്റെ പേര്‌ വായിച്ചപ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്ന്‌ നെടുവീര്‍പ്പും നിശ്വാസവും പൊങ്ങി. ഒപ്പം കൂട്ടക്കരച്ചിലും. ഒരമ്മയും ഒമ്പത്‌ മക്കളും അലമുറയിട്ടു. പേരുകാരന്‍ അവരെ വിടുവിച്ചുകൊണ്ട്‌ നാസിത്തലവന്റെയടുത്തേക്ക്‌ ചെന്ന്‌ തന്നെ ഒഴിവാക്കണമെന്നും തനിക്ക്‌ ഭാര്യയും ഒമ്പത്‌ മക്കളും ഉണ്ടെന്ന്‌ യാചിച്ചു. അപ്പോള്‍ ഭീകരമായൊരു ചിരിയോടെ അയാള്‍ തോക്ക്‌ പേരുകാരന്റെ നെഞ്ചിലേക്ക്‌ ചൂണ്ടി കാഞ്ചിയില്‍ വിരല്‍ അമര്‍ത്തി. തടവുകാര്‍ ഒന്നടങ്കം ഉറക്കെ കരഞ്ഞ്‌ കുറിവീണവന്റെ ജീവനായി യാചിച്ചു. തമാശ കലര്‍ന്ന ഗൗരവത്തോടെ നാസിത്തലവന്‍ തോക്ക്‌ താഴ്ത്തി ഇങ്ങിനെ പറഞ്ഞു. ഈ തെണ്ടിക്ക്‌ പകരമായി മറ്റൊരു തെണ്ടി ചാകാന്‍ സമ്മതിച്ചാല്‍ ഇവനെ വിടാം. ആരെങ്കിലും ഒരാള്‍ മരിക്കുകതന്നെ വേണം. പൊടുന്നനെ അവിടം നിസ്സഹായരുടെയും ഭീരുക്കളുടെയും വിളര്‍ത്ത നിശബ്ദത കൊണ്ട്‌ നിറഞ്ഞു. അലമ്പുപോലെ നാസികള്‍ മാത്രം ഒച്ചയിട്ടു. അപ്പോള്‍ മാക്സിമിലന്‍ കോള്‍ബ്‌ എഴുന്നേറ്റ്‌ അവര്‍ക്കിടയിലൂടെ നടന്ന്‌ കുറിവീണവന്‌ പകരമായി താന്‍ മരിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞു. വിഢ്ഢി, വിഢ്ഢി, വിഢ്ഢി എന്നിങ്ങിനെ ഉറക്കെ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ട്‌ മാക്സിമിലന്റെ നെഞ്ചിലേക്ക്‌ നാസിത്തലവന്‍ മൂന്നുതവണ വെടിവച്ചു. നെഞ്ചില്‍ നിന്നും ചീറ്റിയ ചൂട്‌ ചോരയില്‍ മാക്സിമിലനും അയാളും നനഞ്ഞു. കുറിവീണവന്‍ മാക്സിമിലന്റെ ജഢത്തെ താങ്ങി. അവനും ചോരയില്‍ ഈറനാകാന്‍ തുടങ്ങി........"

ആഖ്യാനം അത്രയും എത്തിയപ്പോള്‍ വിശ്രമസമയം ഒടുങ്ങുന്നത്‌ അടയാളം ചെയ്ത്‌ മണി മുഴങ്ങി. ഷെര്‍ളിയും റഹാനത്തും എഴുന്നേറ്റ്‌ വസ്ര്തങ്ങള്‍ നേരെയാക്കി കണ്ണാടിക്ക്‌ മുന്നില്‍ നിന്ന്‌ മുഖം മിനുസപ്പെടുത്തി റസ്റ്റ്‌ ആന്‍ഡ്‌ റിക്രിയേഷന്‍ റൂമില്‍നിന്നും പുറത്തേക്ക്‌ നടന്നു. ഗ്രോസറിമാര്‍ട്ട്‌ ഇന്‍ കോര്‍പ്പറേറ്റഡിന്റെ സകലവ്യജ്ഞനശാല ഉണരാന്‍ തുടങ്ങിയിരുന്നു. റഹാനത്തും ഷെര്‍ളിയും അപ്പോഴും അകാലത്തില്‍ ഒടുങ്ങിയ ആഖ്യാനത്തില്‍ നിന്നും പുറത്ത്‌ കടന്നിരുന്നില്ല. പറച്ചിലിനും കേള്‍വിക്കും ഇടയിലെ ഒരു നൂല്‍പ്പാലത്തില്‍ അവര്‍ അതിനെ പൂരിപ്പിച്ചുകൊണ്ടേയിരുന്നു.

"മാക്സിമിലന്‍ നല്ലവന്‍." ഷെര്‍ളി കേള്‍ക്കെ റഹാനത്ത്‌ ഉറപ്പിച്ച്‌ ഉച്ചരിച്ചു.

"മാക്സിമിലന്‍ വിഢ്ഢി." ഷെര്‍ളിയും വിട്ടുകൊടുത്തില്ല.

നല്ലവന്‍ , വിഢ്ഢി എന്നിങ്ങിനെ ആവര്‍ത്തിച്ച്‌ ഉച്ചരിച്ചുകൊണ്ട്‌ ആ രണ്ടുവിധവകളും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക്‌ നടന്നു. ഗ്രോസറിമാര്‍ട്ട്‌ ഇന്‍കോര്‍പ്പറേറ്റിന്റെ ആകര്‍ഷണീയമായ ഏപ്രണിനും സാല്‍വാര്‍ കമ്മിസിനുമടിയില്‍ അവരുടെ ഉടയാത്ത ഉടല്‍ ഇളകുന്നത്‌ മാനേജര്‍ തൃപ്തിയോടെ നോക്കി. ഇനിയും എത്ര വര്‍ഷങ്ങള്‍ കൂടി കസ്റ്റമറെ ആകര്‍ഷിക്കാന്‍ വിധവകള്‍ക്ക്‌ കഴിയുമെന്ന്‌ കണക്കുകൂട്ടിക്കൊണ്ടിരിക്കെ അവര്‍ അയാളെ കടന്നുപോയി. അപ്പോള്‍ ഉണരാന്‍ തുടങ്ങിയ ഉള്ളിലെ ഉടലാസക്തികളെ അടക്കി മാനേജര്‍ പ്രൊഫഷണലിസം വീണ്ടെടുത്തു.

Subscribe Tharjani |