തര്‍ജ്ജനി

എം. രാഘവന്‍

മണിയമ്പത്ത്, മാഹി 673310.
വെബ്ബ്: എം. രാഘവന്‍
ഫോണ്‍: 0490-2333029

Visit Home Page ...

കഥ

കടലാസു കരിയുന്ന മണം

ഇതാണോ പുതിയ പണിസ്ഥലം. ആദ്യമായി കാല് കുത്തുകയാണിവിടെ. ചര്‍ച്ച് ഗെയ്റ്റിലെ ഒരു ആകാശചുംബി. എങ്കിലും കൂടിക്കാഴ്ചയ്ക്ക് വിളിച്ചത് അധികം അകലെയല്ലാത്ത ഹോട്ടലിലായിരുന്നുവല്ലോ. അതെന്താണിങ്ങനെ. മനസ്സിലാകുന്നില്ല.

വിദേശീയരുടെ കമ്പനിയായതിനാല്‍ ജോലിക്ക് വേണ്ട പ്രധാനയോഗ്യതയായി കാണിച്ചത് അവരുടെ ഭാഷയിലുള്ള പരിജ്ഞാനമായിരുന്നു. അതു കൊണ്ടാകാം സന്നിഹിതരായത് ആകെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ മാത്രം. വാസ്തവത്തില്‍ മറ്റു രണ്ടു പേരും ആശയപ്രകാശത്തില്‍ എന്നെക്കാളും ഒട്ടും പിന്നിലായിരുന്നില്ല. എന്നിട്ടും വെറുമൊരു ഇരുപത്തിനാലുകാരനെ തെരഞ്ഞെടുത്തതിന്റെ കാരണം പിടികിട്ടിയില്ല. സവിശേഷമായ എന്തു ഗുണമാണോവോ സായ്പിന്റെ ശ്രദ്ധയില്‍ പെട്ടത്. നിയമനക്കടലാസ്സ് ചടങ്ങുളില്ലാതെ ഇങ്ങോട്ട് തന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോഴിതാ എത്തിയിരിക്കുന്നു, പറഞ്ഞ സമയത്തിനു മുമ്പേ, പറഞ്ഞ വിലാസത്തില്‍ ‍. ``പരിഭാഷകന്റെ പണിക്ക് വന്ന ആളല്ലേ, മി.വാസുദേവന്‍‍ ?''. സ്വീകരണമുറിയിലെ പെണ്ണിന്റെ ചോദ്യം. `` അതാ, അവിടെ. ങ്ഹാ. പൊയേ്ക്കാളൂ. മി. റെയ്മോം നിങ്ങളെ കാത്തിരിപ്പുണ്ട് ''.

വാതിലില്‍ മെല്ലെ കൊട്ടി. ``കടന്നു വരാം.'' തന്നെ കണ്ടതു പോലെ അകത്തു നിന്നും ആള്‍ വിളിക്കുന്നു. സ്വന്തം ഭാഷയില്‍‍ .

ഓ. ഇത് ഹോട്ടലില്‍ കണ്ട ആള്‍ തന്നെ. റെയ്മോം എന്നാണ് പേരെന്ന് ഇപ്പോള്‍ മാത്രം അറിഞ്ഞു. അങ്ങോട്ടു ചെന്നതും മേധാവി ഒന്നു നോക്കുകയും ഒരു ബോം ഴൂര്‍ പറയുകയും ചെയ്തു.
`` അതാ'', ആള്‍ തിരക്കിട്ട് ചുണ്ടുകള്‍ ഇളക്കുന്നു. ``അപ്പുറത്താണ് നിങ്ങളുടെ മുറി. മേശപ്പുറത്ത് ഒരു ഫയല്‍ കാണും. അതില്‍ ഒരു രേഖയുണ്ട്. അതിന്റെ വിവര്‍ത്തനം. ...... ങ്ഹാ, തുടങ്ങിക്കോ''.

ഇതെന്തൊരു മനുഷ്യന്‍ ‍. പുതുതായി പണിക്ക് വന്ന ഒരാളോട് ഇങ്ങനെയാണോ വേണ്ടത്. ഒരു പരിചയപ്പെടുത്തലും മറ്റും ഉണ്ടാകുമൊയിരുന്നു കരുതിയത് ഓ, ഇവരൊക്കെ വലിയ ആളുകളല്ലെ അടങ്ങിയൊതുങ്ങി, എല്ലാവരെയും തൃപ്തിപ്പെടുത്തുക. മനസ്സില്‍ പറഞ്ഞു.

ദിവസം മിന്നല്‍ വേഗത്തിലാണു പോയത്. വൈകീട്ട് അഞ്ചിന്ന് പ്രവര്‍ത്തകരെല്ലാം സ്ഥലം വിട്ടു തുടങ്ങുന്നു. ഉച്ചയ്ക്ക് ഭക്ഷണസമയം മാത്രം കൂട്ടുകാരുമായി ലോഗ്യം പറഞ്ഞു അതൊഴിച്ചാല്‍ കടലാസ്സില്‍ നിന്നു മുഖം മാറ്റിയില്ല. പണി ഇന്നു തന്നെ തീര്‍ക്കണമെന്നല്ലേ നിര്‍ദ്ദേശം. നാളെ കാലത്ത് മീറ്റിംഗുണ്ടത്രെ അവിടെ അവതരിപ്പിക്കാനുള്ളതാണ്. ഒരിക്കല്‍ റെയ്മോം സായ്പ്, അതായത് കമ്പനിയിലെ രണ്ടാമന്‍ കടന്നു വന്നു ചെറിയൊരു അന്വേഷണം എന്തൊരു പരുക്കന്‍ എന്നാലും, പെട്ടെന്ന് അയാളോടെന്തോ ഒരടുപ്പം തോന്നിയോ എന്നു സംശയം ഏതായാലും അസ്സല്‍ ചെറുപ്പക്കാരന്‍ ‍. വിവാഹിതനാണോ, ആവോ. ആവണം വിരലിലൊരു നേരിയ പൊന്‍മോതിരം.
ആറ് മണി കഴിയുന്നു. പെട്ടെന്നു, വാതില്‍ക്കല്‍ റെയ്മോം സായ്പ്.

``വാസുദേവന്‍ ‍,ഞാന്‍ പോകുന്നു. വീട്ടില്‍ മദ്‌ലേന്‍ കാത്തിരിക്ക്യാ. ചെറിയൊരു പരിപാടിയുണ്ട്. പിന്നെ എഴുതിക്കഴിഞ്ഞാല്‍ കടലാസ്സുകള്‍ മേശവലിപ്പില്‍ വെച്ച് പൂട്ടണം താക്കോല്‍ കൈയില്‍ വെയ്ക്കുക. പിന്നെ...... താമസമൊക്കെ ശരിപ്പെടുത്തിയോ ഒരു കാര്യം ചെയ്യ്. എട്ടു മണിയ്ക്ക്, അതേ, രാത്രി. വീട്ടില്‍ വരിക. അല്പം സംസാരിക്കാം, സൌകര്യമായി. ഭക്ഷണവും അവിടന്നു, കുടുംബത്തിന്റെ കൂടെ. ഇതാ ........

ആ കാര്‍ഡ് വാങ്ങി നോക്കി. എട്ടാം നമ്പര്‍ ‍, നെപ്പിയന്‍സി റോഡ്. വാസ്തവത്തില്‍ തന്റെ മറുപടിയ്ക്ക് അയാള്‍ കാത്തില്ല. കൃത്യം എട്ടു മണിയ്ക്ക് മലബാര്‍ ഹില്ലിലെ ബങ്കളാവ്. ഈ രമ്യഹര്‍മ്മ്യത്തിന് ഒരു നിധി തന്നെ കൊടുക്കേണ്ടി വരുമല്ലോ, വാടകയായി. ഗെയ്റ്റു കടക്കുമ്പോള്‍ കാലുകള്‍ വിറച്ചു. എന്തൊക്കെയോ കുഴപ്പം വരാനിരിക്കുമ്പോലെ. ഒരു ഭയം. ..... വെറുതേ.

മദ്‌ലേന്‍ എന്നത് സായ്പിന്റെ ഭാര്യ തന്നെ. പിന്നെ. അത്ഭുതം, രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. പനിനീര്‍പൂക്കവിളുകളുള്ള ആണും പെണ്ണും. അവരുടെ അമ്മയാകട്ടെ, വെറുമൊരു താളു പോലെ. അവര്‍ക്ക് മുഖം മാത്രമേയുള്ളൂ എന്നു തോന്നിപ്പോകും കേവലമൊരു കീഴ്ജീവനക്കാരനായ തന്നോട് ഇവരെന്തിനി അടുപ്പം കാണിക്കുന്നു. കത്തിയും മുള്ളും ഉപയോഗിക്കാന്‍ നേരത്തെ അല്പസ്വല്പം പരിചയം നേടിയിരുന്നു. അതുകൊണ്ട് രക്ഷപ്പെട്ടു. സംസാരം മുഴുവന്‍ അവരുടെ ഭാഷയില്‍ ‍. പ്രത്യേകപരിഗണനകള്‍ ഉദ്യോഗസ്ഥസംഘത്തിലെ ഈ പുതിയ അംഗത്തിന്നു കിട്ടുമെന്നു മറ്റുള്ളവര്‍ അസൂയപ്പെടാതിരിക്കില്ല.

പിറ്റേ ദിവസം കാലത്ത് ആപ്പീസില്‍ വെച്ച് കണ്ടപ്പോള്‍ ...... റെയ്മോം സായ്പ് വീണ്ടുമൊരു മുരടന്‍ ‍! ഇവിടെ ഇനിയുമെന്തൊക്കെ കാണാനും ശീലിക്കാനുമിരിക്കുന്നു. പണിയിലും പലതും പഠിക്കാനുണ്ട് നന്നായി ശ്രമിച്ചു. തിരക്കുള്ളപ്പോള്‍ രാത്രി വൈകും വരെ ആപ്പീസില്‍ തങ്ങി. ഞായറാഴ്ചകളില്‍ പോലും. ഒരിയ്ക്കല്‍ ...... ഒരവധി നാള്‍ ‍. ഒറ്റയ്ക്കിരുന്ന് രണ്ട് ഭാഷകളുടെ ചുരുളുകളഴിച്ചുകൊണ്ടിരിക്കേ.......... പെട്ടെന്നു വാതില്‍ക്കല്‍ റെയ്മോം സായ്പ്. കൂടെ ......... ഹെയ്, ഇതൊരു. കാണാന്‍ കൊള്ളാമല്ലോ മദാമ്മ തന്നെ. പക്ഷെ മദ്‌ലേനല്ല.

`` ഇത് ഴ്യുലിയേത്ത് എന്റെ ചങ്ങാതി ഷാംബോനെ അറിയില്ലേ. പുള്ളിക്കാരന്റെ ..... ങ്ഹാം''.

ഓ, ഷാംബോം എന്നു പേരുള്ള സായ്പിനെ അറിയാം ഒരു സഹോദരസ്ഥാപനത്തിലെ ഉയര്‍ന്ന അധികാരി. പൊക്കം കുറവ്. കരയുന്നതു പോലെയുള്ള കണ്ണുകള്‍ ‍. കികച്ചും നിസ്സഹായതാഭാവം അയാളുടെ പത്നിയോ ഈ സുന്ദരി.
പിന്നീട് ഷാംബോം സായ്പിനേയും മദാമ്മയേയും പലപ്പോഴും കണ്ടു. ആപ്പീസില്‍‍ . പാര്‍ട്ടികളില്‍‍ . ഒരു കുടുംബം മാതിരി കഴിയുന്ന രണ്ട് കുടുംബങ്ങള്‍ ‍. ചിലപ്പോള്‍ മദ്‌ലേന്‍ മദാമ്മയും രണ്ട് കുഞ്ഞുങ്ങളും അവധി ദിവസങ്ങളില്‍ ഷാംബോം സായ്പിന്റെ കൂടെ പിക്‍നിക്കിനു പോകുന്നു. മറ്റു ചിലപ്പോള്‍ മദ്‌ലേന്‍-ഴ്യുലിയേത്ത് മദാമ്മമാര്‍ ഒന്നിച്ച് സിനിമയ്ക്ക്. അതിനിടയില്‍ ഷാംബോം സായ്പിന്റെ കണ്ണുകള്‍ സദാ കരയാന്‍ തുടങ്ങുമ്പോലെ. കാരണം കണ്ടു പിടിക്കാന്‍ പ്രയാസമില്ല. കക്ഷിക്ക് കുട്ടികളില്ല. അയാളും ഈ പരിഭാഷകനോട് ഒറ്റയ്ക്ക് സംസാരിക്കാനിഷ്ടപ്പെടുന്നു. ``വാസൂ, ഞങ്ങള്‍ക്കേയ്, കുട്ടികളില്ല. അറിയാമല്ലൊ. ഉണ്ടാകാനുള്ള സാദ്ധ്യതയുമില്ല എന്തൊരു കഷ്ടം, അല്ലേ ?''

വര്‍ഷങ്ങള്‍ കടന്നു പോയി. ആപ്പീസില്‍ തന്റെ സ്ഥാനം ഉറച്ചു. പൊതുവേ സുഖം. മറ്റുള്ളവര്‍ക്കൊന്നുമില്ലാത്ത മേല്‍ക്കയ്യ് തനിയ്ക്കുണ്ടായിരുന്നു. പുരാണം, ചരിത്രം എന്നിവയില്‍ ചെറുപ്പത്തില്‍ തന്നെ നേടിയ അറിവ്. അത് ഇങ്ങനെയൊരു സഹായമാവും ജീവിതത്തില്‍ എന്നു കരുതിയതേയില്ല. വിദേശീയരില്‍ പലരും തന്നോടാണ് സംശയങ്ങള്‍ ചോദിക്കുന്നത്. ആരാണീ ഹനൂമാന്‍. രാമയാണമൊക്കെ ഏതു ഭാഷയിലാണ് എഴുതിയത്. തുടങ്ങിയവ.

``വാസൂ''. ഴ്യൂലിയേത്ത് മദാമ്മയുടെ വകയാണ് ഇത്. ``മ്യൂസീക്‍ കര്‍ണ്ണാത്തീക്ക്. കേട്ടിട്ടുണ്ട്. പക്ഷെ എന്താണീ മ്യൂസീക്‍ രബീന്ദ്രാ?'' പോരേ തമാശ ഏതായാലും ഇവരൊക്കെ ഇക്കാര്യങ്ങളില്‍ താല്പര്യം കാണിക്കുന്നുണ്ടല്ലോ. നല്ലത്.

വ്യക്തിപരമോ ഔദ്യോഗികമോ അല്ലാത്ത സുദീര്‍ഘമായ സംഭാഷണങ്ങള്‍‍ . അും വെള്ളക്കാരുടെ സ്വന്തം ഭാഷയില്‍‍ . ഇതിലുമധികം അവര്‍ക്കെന്തു വേണം. അവരില്‍ തന്റെ നേരെ ആത്മാര്‍ത്ഥമായ സൌഹൃദം വളര്‍ന്നു വന്നു. കമ്പനിക്ക് ഒരു സര്‍വ്വാധിപനുണ്ട്. അങ്ങനെ വേണമല്ലോ. കണ്ടാല്‍ പ്രഭുജാതന്‍ ‍. അദ്ദേഹത്തിന്റെ പേര് പോലും ആരും ഉച്ചരിക്കില്ല. ബഹുകോടീശ്വരന്‍ ‍. അദ്ദേഹം തന്റെ രാജകീയ കാര്യാലയത്തില്‍ അപൂര്‍വ്വമായെങ്കിലും പ്രവേശിപ്പിക്കുന്ന ഏകകീഴ്ജീവനക്കാരനായി ഈയ്യുള്ളവന്‍ ‍.

ഷാംബോം സായ്പ് ഇടയ്ക്ക് വരുന്നു. കാലം കഴിയുന്തോറും അയാളുടെ ണ്ണുകള്‍ കുടുതല്‍ നയുമ്പോലെയുണ്ട്. `` കേട്ടോ, വാസൂ''. ദു:ഖമായമായ ഒരന്തരീക്ഷത്തില്‍ ഒരു ദിവസം തന്നെ ഞെട്ടിപ്പിച്ചുകൊണ്ട് പറയുന്നു. ``കുഴപ്പം എന്റേതാണ്. ഴ്യുലിയുടേതല്ല. ഞാനാണ് ശപിക്കപ്പെട്ടവന്‍ ‍!''.
പാവം മനുഷ്യന്‍ ‍. ഇത്തവണ അയാളുടെ കണ്ണുകള്‍ ശരിക്കും നനഞ്ഞു. ഇവരൊക്കെ തങ്ങളുടെ ചെറുതും വലുതുമായ രഹസ്യങ്ങള്‍ എന്തിന് താനുമായി പങ്കുവെക്കുന്നു. ഇതവസാനം വലിയൊരു ഭാരമായിത്തീരില്ലേ.

ഉഷ്ണകാലത്ത് സ്കൂള്‍ പൂട്ടുമ്പോള്‍‍ , ഇക്കൂട്ടര്‍ ഒന്നടക്കം പടിഞ്ഞാറോട്ട് പറക്കുന്നു. എല്ലാ വര്‍ഷവും നടക്കുന്ന ചടങ്ങ്. താനാകട്ടെ, കഴിവതും വണ്ടി കയറുന്നു. തെക്കോട്ടേയ്ക്ക്. ഒരിക്കല്‍ ‍............. റെയ്മോം സായ്പ് ഭാര്യാമക്കള്‍സഹിതം പോയി. ദിവസങ്ങള്‍ക്കകം ഴുലിയേത്തും. ഒറ്റയ്ക്ക്. ഭര്‍ത്താവ് ഷാംബോം മാത്രം എങ്ങും പോയില്ല. പണിത്തിരക്കാണത്രെ. രണ്ട് മാസം കഴിയുമ്പോള്‍, റെയ്മോം കുടുംബം തിരിച്ചെന്നും കൂടെ ഴ്യുലിയേത്തും. എല്ലാവരേയും സ്വീകരിക്കാന്‍ പുലര്‍ച്ചയ്ക്ക് ഏയര്‍പോര്‍ട്ടിലെത്തി. ആരും ആവശ്യപ്പെട്ടിട്ടില്ല കാണാനാഗ്രഹം തോന്നി. അത്ര മാത്രം. അവര്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങുന്നു. കുട്ടിള്‍ രണ്ടും ഴ്യുലിയേത്തിന്റെ കൈകളില്‍ പിടിച്ചുകൊണ്ട്. പിന്നില്‍ മദ്‌ലേനും റെയ്മോം സായ്പും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം കൈകള്‍ ചേര്‍ത്തുകൊണ്ട് ഇതെന്തു സ്നേഹമാണീശ്വരാ. എന്നും ഇവര്‍ക്ക് ഇതു പോലെ ആഹ്ലാദം നല്കേണമേ.

അതിനിടയില്‍ ................ ചില ദിവസങ്ങളില്‍ റെയ്മോം സായ്പ് ആപ്പീസില്‍ നിന്ന് അല്പസമയത്തേക്ക് മുങ്ങുന്നു. വല്ലവരും ചോദിച്ചാല്‍ വ്യവസായമന്ത്രാലയത്തില്‍ ഔദ്യോഗികസന്ദര്‍ശനം എന്നാണ് പറയുക. ഇത് വാസ്തവമല്ലെന്ന് ഡ്രൈവര്‍ ലത്തീഫ് ഒരു ദിവസം ചെവിയില്‍ മന്ത്രിച്ചു. സായ്പ് അധികം അകലെയല്ലാത്ത പഞ്ചനക്ഷത്രഹോട്ടലിലെ കുളത്തിലാണ് അരമണിക്കൂര്‍ ചിലവഴിക്കുന്നത്. ഒപ്പം നീന്തുന്നത് ............. ലത്തീഫ് നെഞ്ചില്‍ കൈ തട്ടിച്ചുകൊണ്ട് അറിയിക്കുന്നു........ ഴ്യുലിയേത്ത് മദാമ്മ. കുദാക്കി കസം.

റെയ്മോം സായ്പ് ആപ്പീസിലെത്താത്ത ഒരു ദിവസം കൂട്ടുകാരന്‍ ഷാംബോം വരുന്നു. ഉറ്റ സുഹൃത്ത് മന്ത്രാലയത്തിലേക്ക് പോയെന്ന് അറിയിക്കുമ്പോള്‍ ശരിക്കും ദയ തോന്നി. തന്റെ തലവന്റെ കുളിക്കളി വെളിച്ചത്താവുമോ. എന്നാല്‍ ഷാംബോം പതുങ്ങിച്ചിരിക്കുന്നതാണ് കണ്ടത്.

``വാസൂ'', അയാള്‍ മന്ത്രിക്കുന്നു ``മന്ത്രാലയം നീന്തല്‍കുളത്തിലാ. കൂടിക്കാഴ്ച ഴ്യുലിയേത്തുമായും''
തരിച്ചുപോയി. ഇതറിഞ്ഞിട്ടും ഈ മനുഷ്യന് ഒരു വിഷമവുമില്ലേ. തുടര്‍ന്നുള്ള നാളുകളില്‍ രണ്ട് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും ഒട്ടും കുറഞ്ഞതായിക്കണ്ടില്ല.

ഒരിക്കല്‍ റെയ്മോം സായ്പ് യാത്ര തിരിക്കുന്നു. ഒരാഴ്ച. ഉത്തര്‍പ്രദേശ്. കാഷ്മീര്‍ അങ്ങനെയാണ് പറഞ്ഞത്. വടക്കേയിന്ത്യയില്‍ ശാഖ തുടങ്ങാനുള്ള ആലോചനയാണത്രെ. മൂന്നാം ദിവസം ഷാംബോം സായ്പിന്റെ പതിവുള്ള വരവ്.

മദാം എങ്ങനെയുണ്ട്? വെറുതേ അന്വേഷിച്ചു .......
മദാമോ? ഓ,ഴ്യുലി കുറച്ചു ദിവസമായി ഇവിടെയില്ല. അവളുടെയൊരു കൂട്ടുകാരിയുണ്ട്. മഹാരാഷ്ട്രീയ. ലോനാവാലയില്‍ കുറ്ചു ദിവസം അവിടെ കഴിയാന്‍ പോയിരിക്ക്യാ. ഴ്യുലിയേത്ത് വലിയ മാനസികവിഷമത്തിലാ. ഒരു മാറ്റം ആവശ്യമാണവള്‍ക്ക്.

മൂന്ന് നാലു മാസങ്ങള്‍ക്കു ശേഷം ............ ഞായറാഴ്ച. മറൈന്‍ ഡ്രൈവിലൂടെ ഉലാത്തുന്നു ഷാംബോം സായ്പ് കൂടെ .......... ഓ, മദാം തന്നെ. ഴ്യുലിയേത്ത്. രണ്ടു പേരും ആഹ്ലാദഭരിതര്‍ ‍. അടുത്തെത്തിയപ്പോള്‍ സായ്പിന്റെ മുഖം തുളുമ്പുന്നതു കണ്ടു. വാസൂ,ഴ്യൂലി ....... അമ്മയാവാന്‍ പോകുന്നു.

ഓ,സന്തോഷം,വളരെ വളരെ........ അഭിനന്ദനങ്ങള്‍ ‍.
അധികം കഴിഞ്ഞില്ല,ഴ്യുലിയേത്ത് മദാമ്മ മടങ്ങുന്നു. പാരീസിലേയ്ക്ക്. പ്രസവം അവിടെയല്ലേ നല്ലത് ഏതാനും മാസങ്ങള്‍‍ ......... വരുന്നു വലിയ വാര്‍ത്ത. ഷാംബോം സായ്പിന്റെ പ്രേയസി ........ ഒരു പെണ്‍കുഞ്ഞിന്ന്.................

രണ്ട് സായ്പന്മാരും മദ്‌ലേന്‍ മദാമ്മയും മക്കളും വീട്ടില്‍ വലിയ ആഘോഷത്തില്‍ ‍. കുറേക്കൂടെ കഴിഞ്ഞപ്പോള്‍‍ , ഇവരെല്ലാവരും കൂടെ പടിഞ്ഞാറോട്ട്, ജന്മനാട്ടിലേക്ക്.
പോകും മുമ്പ് റെയ്മോം സായ്പ് ഈ വാസുവിനോട് യാത്ര പറയാനെത്തുന്നു. അപ്പോഴതാ ഒരു കവര്‍ നീട്ടുന്നു. സീല്‍ ചെയ്ത കവര്‍‍ .

ഇത്........ അയാള്‍ പറയുന്നു...........ഞാന്‍ തിരിച്ചെത്തുന്നതുവരെ ഇതു സൂക്ഷിക്കണം. അതിനിടയില്‍ എനിയ്ക്ക് .............ഇപ്പോഴത്തെ കാലമല്ലേ, ഒരു വിമാനാപകടം. അങ്ങനെ വല്ലതും........സംഭവിച്ചാല്‍ വാസു ഇത് കത്തിച്ചു കളയണം.

സായ്പിന്റെ മുഖത്തു കുസൃതി.

ദൈവമേ. എന്തായിരിക്കും ഈ കവറിനുള്ളില്‍ ‍. ഇതെന്തിന് തന്നെയേല്പിക്കുന്നു. ഇതൊരു പാവമാണേ. വല്ല വിധത്തിലും ഭേദപ്പെട്ട പണിയായി. അച്ഛനമ്മമാരെയും സഹോദരങ്ങളെയും പോറ്റുന്നു.......... അതിനിടയില്‍ ‍....... ഈ വലിയവരുടെ കളിയില്‍ തന്നെയെന്തിന് കരുവാക്കുന്നു. എന്നാലും ഇത്രയേറെ വിശ്വസമാണല്ലോ സായ്പിനു ഈ വാസുവില്‍‍ .
തല്ക്കാലം കവര്‍ സെയ്ഫിലിട്ടു പൂട്ടി.
ഒഴിവുകാലം പെട്ടെന്നു തീര്‍ന്നു. സായ്പ് തിരിച്ചെത്തി. തൊട്ടാല്‍ ചോര തെറിക്കുന്ന രൂപം. ഉടന്‍ സാധനം അയാളെ തിരിച്ചേല്പിച്ചു............

നീണ്ട കാലവര്‍ഷം. മഴയ്ക്ക് ശേഷം മഞ്ഞുകാലം. തുടര്‍ന്ന് ഒരിക്കല്‍ കൂടെ വിയര്‍പ്പില്‍ മുങ്ങുന്ന ഉഷ്ണമാസങ്ങള്‍ ‍.

അതിനിടയില്‍ ഴ്യുലിയേത്ത് കുഞ്ഞിനെയും കൊണ്ട് തിരിച്ചെത്തിയിരുന്നു. അതോടെ വീണ്ടും ഉത്സവം. ഷാംബോന്റെ കണ്ണുകളില്‍ ഇപ്പോള്‍ നനവില്ല. ഓരോ ദിവസവും കൊണ്ടാടപ്പെടുന്നു.

മഞ്ഞും മഴയും വിയര്‍പ്പും കഴിയുമ്പോഴേയ്ക്ക് ഒരു കാലചക്രം മുഴുമിക്കുന്നു. ഷാംബോം ദമ്പതികളുടെ പൊന്നുമോള്‍ക്ക് ഒരു വയസ്സ് ആഹ്ലാദത്തിനിടയില്‍ വാര്‍ഷികം. അതോടെ എല്ലാവരും കയറുന്നു വിമാനത്തില്‍‍ . എത്രാമത്തേതെന്നു കണക്കില്ലാതായിക്കഴിഞ്ഞ യാത്രകള്‍ ‍.

പോകുമ്മുമ്പ് റെയ്മോം സായ്പിന്റെ രംഗപ്രവേശം. കൈയില്‍ ........... എന്താണിത്........... പഴയ കവറോ. വാസൂ ഇതു സൂക്ഷിക്കണം ഓര്‍മ്മയില്ലേ, എനിക്കെന്തെങ്കിലും പറ്റിയെങ്കില്‍ ‍..............
മരവിച്ചു നിന്നു. ഇതെന്തൊരു പരീക്ഷണം. മെല്ലേ ആ കടലാസ് കൂട് സെയ്ഫിലിട്ട് പൂട്ടി. രണ്ട് മാസം വല്ല വിധത്തിലും നീങ്ങിക്കിട്ടിയാല്‍ മതിയായിരുന്നു. ഒന്നര മാസമാകുന്നു. ഫോണില്‍ മിന്നല്‍ വിളി.
റെയ്മോം സായ്പ് .................. വിമാനം .................... ആല്‍പ്‌സ് പര്‍വ്വതത്തില്‍ തട്ടി ............
നെഞ്ചില്‍ ഇടി തട്ടിയതു പോലെ.
ഇരുമ്പു പെട്ടിയിലൈ കവര്‍ ..............
തീയ്യിലിടും മുമ്പ് ഉറന്നു നോക്കണം. ഇത്ര വലിയൊരു രഹശേം ആരുമറിയാതെ പോവുകയോ.
സെയ്ഫിന്റെ താക്കോലിട്ടു തിരിച്ചു. കവര്‍ കയ്യിലെടുത്തു. എന്ത് വിചാരിച്ചാണാവോ ഇത് തന്നെയേല്പിച്ചത്. അപകടം സംഭവിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ടോ. അതോ, ഒരു കീഴ്ജീവനക്കാരനില്‍ കറ കളഞ്ഞ വിശ്വാസം കാരണമോ.
എന്തായിരിക്കും ഇതിനകത്ത്. ഊഹിക്കാന്‍ കഴിയുന്നില്ലല്ലോ. തുറന്നു നോക്കിയാലോ.

പിന്‍വശത്തെ മുറിയിലാണ് യന്ത്രം. കടലാസുകള്‍ കത്തിക്കുന്നത്. അതിന്റെ സ്വിച്ചിടണം. അപ്പോള്‍ വായ തുറക്കും. അതിലിട്ടു കൊടുക്കണം. അതോടെ സകല കഥകളുടേയും അന്ത്യമാകും.

സാവധാനം അങ്ങോട്ടേയ്ക്ക് കാലുകള്‍ വെച്ചു. ഇതിന്നായിരുന്നോ തൊലിവെളുത്തവന്‍ കൂടുതല്‍ കഴിവുള്ള രണ്ടു പേരെ മാറ്റി നിര്‍ത്തി ഈ പാവം വാസുവിനെ പെറുക്കിയെടുത്തത്. ആലോചിച്ചു പോയി.

മരണം സംഭവിച്ചതെങ്ങനെ. കുടുംബാംഗങ്ങള്‍ വേറെയാരും കൂടെയില്ലായിരുന്നു എന്നാണല്ലോ സൂചന.
പെട്ടെന്നു, നെഞ്ചിന്നകത്തു എന്തോ ഘനീഭവിക്കുമ്പോലെ. അത് സാവധാനം ഉരുകിയൊഴുകുന്നു. കണ്ണുകള്‍ നിറയുന്നു.
റെയ്മോം ,റെയ്മോം.
മെല്ലെ വിളിച്ചു.

അറിയാതെ കാലുകള്‍ മുന്നോട്ടു വെച്ചു മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു.
കവര്‍ അതിലിട്ടു.
എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു.

വളരെ നേരിയൊരു മണം കാറ്റില്‍ ചേരുന്നതറിയുന്നു. കരിയുന്ന കടലാസ്സിന്റെ മണം

Subscribe Tharjani |