തര്‍ജ്ജനി

ഹക്കിം ചോലയില്‍

പി. ബി. നമ്പര്‍: 136873
ജിദ്ദ: 21313
സൗദി അറേബ്യ.

Visit Home Page ...

കഥ

രാത്രിസഞ്ചാരം

ഇരുട്ടിന്‌ തുള വീഴ്ത്തി വെള്ളി നാരുപോലെ മഴ പെയ്തുകൊണ്ടിരുന്നു. ഭീതിയുടെ ഇയ്യാംപാറ്റകള്‍ ഉര്‍സുലയുടെ മനസ്സിന്റെ ചതുപ്പുകളില്‍ ഉയിര്‍ത്തെഴുന്നേറ്റു. റോഡിന്റെ വിജനതയിലും ഇരുട്ടിലും ഉടക്കി അവള്‍ക്ക്‌ കണ്ണുകള്‍ വേദനിക്കുന്നുണ്ടായിരുന്നു.

എവിടെയോ ഒരു പട്ടി ദീനമായി ഓരിയിടുന്നു. ശരീരത്തിന്റെ ഓരോ രോമകൂപത്തിലും ഭയം കൂര്‍ത്ത നഖങ്ങളാഴ്ത്തി. ചുമലില്‍ നിന്നും ഊര്‍ന്നുപോയ സാരിക്കുള്ളില്‍ ശരീരത്തെ ഒളിപ്പിക്കാന്‍ അവള്‍ ശ്രമിച്ചു. എത്ര മറച്ചാലും പിന്നെയും വെളിവാകുന്ന നഗ്നത. ക്യാമറയ്ക്ക്‌ മുമ്പില്‍ നില്‍ക്കുന്ന പോലെ ആ കനത്ത ഇരുട്ടിലും അവള്‍ ചൂളി. ഒരായിരം കണ്ണുകള്‍ ഏതു നിമിഷവും ചാടി വീഴാന്‍ തക്കം പാര്‍ത്ത്‌ ചുറ്റും തുറിച്ചു നോക്കിയിരിപ്പാണ്‌.

അല്‍പം നിമിഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഒരു സ്ത്രീ ഉര്‍സുലയെ അപരിചിതമായ ആ വീട്ടിലേക്ക്‌ കൂട്ടികൊണ്ടു വന്നത്‌. അതിനു മുമ്പ്‌ നേരത്തെ പോയ അവസാനത്തെ ബസ്‌ തിരികെ വരുമെന്നും തന്നെ വീട്ടിലെത്തിക്കുമെന്നും വെറുതെ മോഹിച്ച്‌ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു, അവള്‍.

ഡോക്ടറെ കാണാന്‍ നഗരത്തില്‍ വന്നതായിരുന്നു ഉര്‍സുല. അവള്‍ക്ക്‌ നേരിയ ഒരു പനിയുണ്ടായിരുന്നു. വീടിനു തൊട്ടടുത്ത ചെറിയ ഡിസ്പെന്‍സറിയിലെ ഡോക്ടറെയാണ്‌ ആദ്യം കാണിച്ചത്‌. എന്നാല്‍ ഡോക്ടര്‍ നഗരത്തിലെ ആശുപത്രിയിലേക്ക്‌ ഒരു കുറിപ്പു നല്‍കി ഉടനെ പറഞ്ഞയച്ചു.

നഗരത്തില്‍ അവള്‍ അതിനുമുമ്പ്‌ ഒരിക്കല്‍ മാത്രമേ വന്നിരുന്നുള്ളു. രാമേട്ടന്റെ കൂടെ. എള്ളെണ്ണയുടെ മണമുള്ള അവളുടെ ഗ്രാമം പോലെയായിരുന്നില്ല, നഗരം. പെട്രോളിന്റെയും ഡീസലിന്റെയും ഗ്രീസിന്റെയും ഗന്ധം അന്നേ അവളില്‍ മനംപുരട്ടലുണ്ടാക്കിയിരുന്നു.

പകര്‍ച്ച പനിയാണെന്നും പനി ബാധിച്ചവരുടെ കണക്കുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന്‌ ചില പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. രക്തവും കഫവും മൂത്രവും എടുത്തു. ലാബിനു മുന്നിലെ അസംഖ്യം രോഗികള്‍ക്കിടയില്‍ തന്റെ വിധിയും കാത്ത്‌ അവള്‍ ഇരുന്നു. അവസാനത്തെ ബസ്സിനു മുമ്പേ ആശുപത്രിയില്‍ നിന്നിറങ്ങാമെന്ന്‌ എന്നിട്ടും അവള്‍ കണക്കൂ കൂട്ടുകയായിരുന്നു. പക്ഷേ റിപ്പോര്‍ട്ടുകള്‍ തുന്നികെട്ടി സംശയാതീതമായ തെളിവുകളുടെ അനുകൂല്യത്തില്‍ നിരപരാധിത്വം വിധിക്കപ്പെട്ടപ്പോഴേക്കും സമയം പിടിതരാതെ വഴുതിപ്പോയിരുന്നു.

"പേടിക്കണ്ട. ജലദോശപ്പനിയാണ്"

റിപ്പോര്‍ട്ടുകള്‍ തിരിച്ചും മറിച്ചും നോക്കുകയായിരുന്ന ഉര്‍സുലയുടെ സംശയം തീരാത്ത കണ്ണുകളിലേക്ക്‌ നോക്കി ഡോക്ടര്‍ ചിരിച്ചു.

ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ മഴ പതുക്കെ ചാറാന്‍ തുടങ്ങിയിരുന്നു. അവസാനത്തെ ബസ്‌ പോയതറിയാതെ അവള്‍ ബസ്സ്റ്റോപ്പില്‍ കാത്തു നിന്നു. നാല്‌ ചെറുപ്പക്കാര്‍ അധികം താമസിയാതെ മഴയെ കബളിപ്പിച്ചുകൊണ്ട്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌ ഓടിക്കയറി.. ചെറുപ്പക്കാര്‍ അവള്‍ക്ക്‌ ചുറ്റും നിന്ന്‌ കൂര്‍ത്ത കണ്ണുകളാല്‍ അവളുടെ ഉടലിനെ ലംബമായും തിരശ്ചീനമായും അളക്കുവാന്‍ തുടങ്ങി. അശ്ലീല നോട്ടങ്ങളില്‍ വേദനിക്കുന്ന ശരീരം എവിടെ ഒതുക്കിവെയ്ക്കുമെന്നറിയാതെ അവള്‍ ചുറ്റും നോക്കി.

മഴ ശക്തിയാര്‍ജിച്ച്‌ വരികയായിരുന്നു. മഴയുടെ കനത്ത ഇരുട്ടില്‍ കുത്തേറ്റ തെരുവു തെണ്ടിയെ പോലെ വാഹനങ്ങള്‍ നിരത്തിലൂടെ വെളിവില്ലാതെ പാഞ്ഞു. അണപ്പല്ലുകള്‍ ഞെരിയുന്ന ശബ്ദത്തില്‍ രാപക്ഷികള്‍ ചിറകടിക്കുന്നു. ഉര്‍സുല കണ്ണുകളടച്ചു. മന്ത്രോച്ചാരണങ്ങള്‍ പോലും നാവിന്റെ വഴുവഴുപ്പിലൂടെ പിടിതരാതെ ഇടറി. പേടിയോടെ കണ്ണുകള്‍ തുറക്കുമ്പോള്‍ അവള്‍ ചെറുപ്പക്കാര്‍ തീര്‍ത്ത വൃത്തത്തിന്റെ കേന്ദ്രബിന്ദു മാത്രമായി.

എന്തു ചെയ്യണമെന്നറിയാതെ അവള്‍ പരിഭ്രമിച്ചു. ഇരുട്ടിലേക്കൊടിയൊളിച്ചാലോ?. ചെറുപ്പക്കാരുടെ നഗ്നതയില്‍ മുങ്ങിയ അശ്ലീലച്ചിരികള്‍ ശരീരാവയവങ്ങളിലൂടെ ഒരു കത്തിയെ പോലെ പോറലുകള്‍ വീഴ്ത്തിയാണ്‌ കടന്നുപോകുന്നത്‌. അന്നേരമാണ്‌ ആ സ്ത്രീ ഇരുട്ടിലൂടെ വന്നത്‌. വിമലയെന്ന്‌ അവര്‍ സ്വയം പരിചയപ്പെടുത്തി. അവരുടെ കൈയില്‍ കുടയും ചെറിയൊരു വാനിറ്റി ബാഗുമുണ്ടായിരുന്നു. ചുണ്ടില്‍ ലിപ്റ്റിക്കും മുഖത്ത്‌ റോസ്‌ പൗഡറും അവര്‍ പൂശിയിട്ടുണ്ടെന്ന്‌ വാഹനങ്ങളുടെ മങ്ങിയ ചോരവെളിച്ചത്തിലും അവള്‍ കണ്ടു. വിമല ബസ്‌ സ്റ്റോപ്പിലേക്ക്‌ കയറവെ ചെറുപ്പക്കാര്‍ വല്ലാതെ പരുങ്ങുന്നതും ചില ആശയകുഴപ്പങ്ങളില്‍ ചെന്നുപെട്ട്‌ ചിതറിയ ഉറുമ്പിന്‍ കൂട്ടം പോലെ പരിഭ്രമത്തോടെ എന്തോ അടക്കം പറയുന്നതും ഉര്‍സുല കേട്ടു.

"എന്താടാ സ്ത്രീകളെ ബസ്‌ കാത്തു നില്‍ക്കാനും നിങ്ങളൊന്നും സമ്മതിക്കൂകേലെ"

വിമല അവരോട്‌ പരുഷമായ സ്വരത്തില്‍ ചോദിച്ചു. ഒരു പ്രേതത്തെ കണ്ടു പേടിച്ചതുപോലുണ്ടായിരുന്നു അവരുടെ വിളറിയ മുഖങ്ങള്‍.

"വാടാ ഇത്‌ കേസ്കെട്ട്‌ വേറെയാ...."

കിളരം കൂടിയ ചെറുപ്പക്കാരന്‍ സുഹൃത്തിനെ പിടിച്ചു വലിച്ച്‌ മഴയിലേക്കിറങ്ങിയപ്പോള്‍ മറ്റുള്ളവരും അയാളെ അനുഗമിച്ചു. അപ്പോള്‍ മാത്രമാണ്‌ ഉര്‍സുലയ്ക്ക്‌ താനിപ്പോഴും ശ്വസിക്കുന്നുണ്ടെന്ന്‌ ബോധ്യമായത്‌.

"ഇവിടെ ഇങ്ങനെ നില്‍ക്കണ്ട. ഈ സ്ഥലം അത്ര നല്ലതല്ല. ഈ നഗരത്തെ കുറിച്ച്‌ നിങ്ങള്‍ നേരത്തെ കേട്ടിട്ടില്ലേ?"

ആ സ്ത്രീക്ക്‌ ഒരാജ്ഞാ ശക്തിയുണ്ടായിരുന്നു. ഉര്‍സുല അവരുടെ കൂടെ നടന്നു. അങ്ങനെയാണ്‌ അവള്‍ ആ വീട്ടില്‍ എത്തിയത്‌. വീടിന്റെ മുന്‍വശത്തെ കസേരയിലിരുത്തി അവര്‍ അകത്തേക്ക്‌ പോയിട്ട്‌ എത്രനേരമായെന്ന്‌ അവള്‍ക്കറിഞ്ഞു കൂടാ. ഇരുട്ടില്‍ പതുങ്ങി ആ വീട്ടിലേക്ക്‌ ഇനിയും ആരൊക്കെയോ കടന്നുവരുമെന്നും തന്നെ കീറിപ്പറിക്കുമെന്നും അവള്‍ ഭയന്നു.

പഴയ ഒരു വീടായിരുന്നു, അത്‌. സിമന്റടര്‍ന്ന ചുവരുകളും തുള വീണ ഓടിനു മീതെ ഓലകൊണ്ട്‌ മറച്ച മേല്‍ക്കുരയും. ഇടയ്ക്ക്‌, മഴ ശക്തിയാര്‍ജിക്കുമ്പോള്‍ വെള്ളം അകത്തേക്ക്‌ തെറിച്ചു വീഴുന്നു. ശ്രുതി തെറ്റാത്ത മഴയുടെ നീര്‍കമ്പികള്‍ക്കിടയിലും ഭീകരമായ ഒരു നിശ്ശബ്ദതയുണ്ടെന്ന്‌ ഉര്‍സുല തിരിച്ചറിഞ്ഞു.

മറ്റൊരു വീട്ടില്‍ ഇതുപോലെ രാമേട്ടന്‍ തന്നെ കാത്തിരിക്കുകയാവുമെന്ന്‌ ഓര്‍ത്തപ്പോള്‍ അവളുടെ ഭയം ഇരട്ടിച്ചു. രാവിലെ പണിക്കു പോയ രാമേട്ടനോട്‌ ആശുപത്രിയിലേക്ക്‌ പോകുമെന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. എവിടെയാണെന്നറിയാതെ രാമേട്ടന്‍ തന്നെ ഇപ്പോഴും അന്വേഷിക്കുന്നുണ്ടാവുമോ?

പിറകു വശത്തെ വാതില്‍ കിരുകിരുപ്പോടെ തുറക്കപ്പെട്ടപ്പോള്‍ ഉര്‍സുല ഞെട്ടിയെഴുന്നേറ്റു. പതിഞ്ഞ കാലടികളോടെ ആരോ വീടിനകത്തേക്ക്‌ പ്രവേശിക്കുന്നതും ഒരു ചിരി ഇരുട്ടില്‍ പതുക്കെ അമരുന്നതും ഉര്‍സുല അറിഞ്ഞു.. കറുത്തു കുറുകിയ ആ മനുഷ്യന്‍ ഒരു പോലീസുകാരനായിരുന്നു. അവളുടെ ഉള്ളൊന്ന്‌ പിടഞ്ഞു.

വിമലയുടെ ചുമലിലൂടെ കൈയിട്ട്‌ അയാള്‍ മറ്റൊരു മുറിയിലേക്ക്‌ പോകുന്നത്‌ കണ്ടപ്പോള്‍ ആ വീട്‌ രാത്രി സഞ്ചാരികള്‍ക്ക്‌ പിന്‍വാതില്‍ മാത്രം തുറക്കപ്പെടുന്ന ഒരഭയ കേന്ദ്രമാണെന്ന്‌ അവള്‍ക്ക്‌ ബോധ്യമായി. നഗരങ്ങളില്‍ ഇത്തരം ഇടങ്ങളുണ്ടാവുമെന്നും നഗരത്തില്‍ അലഞ്ഞു തിരിയുന്ന സ്ത്രീകളെ ഇത്തരം ഇടങ്ങളിലേക്കാണ്‌ ചിലര്‍ കൂട്ടികൊണ്ടുപോകുകയെന്നും ഓര്‍ത്തപ്പോള്‍ അവളുടെ നില ദയനീയമായി.

ലോറികളുടെ ടയറുരഞ്ഞ നിശ്ശബ്ദതകളില്‍ കിലുകിലാരവങ്ങളൊടെ ഉയരുന്ന പെണ്‍ചിരികള്‍. ഒരിക്കലും ദാഹം ശമിക്കാത്ത ശരീരം ആസ്ക്തികള്‍ക്ക്‌ മീതെ വിശുദ്ധമാവുന്ന രാത്രികള്‍ ? പണ്ടെങ്ങോ വായിച്ച ചില കഥയിലെ വാചകങ്ങള്‍ ഉര്‍സുല എന്തിനെന്നറിയാതെ അന്നേരം ഓര്‍മിച്ചു.

അമര്‍ഷം കൊണ്ട്‌ അവളുടെ ശരീരം ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. പോലീസുകാരന്‍ അടുത്ത മുറിയില്‍ നിന്ന്‌ ഓടി വന്ന്‌ തന്റെ മേല്‍ ചാടിവീണാല്‍ സഹായത്തിന്‌ ആരുമുണ്ടാവില്ല. ഏതെങ്കിലും മുറിയിലെ മാളത്തിലിരുന്ന്‌ ആ സ്ത്രീ ചിലപ്പോള്‍ ചിരിച്ചെന്നും വരാം.

അകത്തെ മുറിയില്‍ നിന്ന്‌ അടക്കിപ്പിടിച്ച സംസാരവും ചിരിയും കേട്ടപ്പോള്‍ ഉര്‍സുല പുച്ഛത്തത്തോടെ പുറത്തേക്ക്‌ മുഖം തിരിച്ചു. മനസ്സിലെ ചിത്രങ്ങള്‍ എത്രവേഗമാണ്‌ ഉടഞ്ഞുപോകുന്നത്‌? ഇത്തിരി മുമ്പ്‌ അവരോട്‌ തോന്നിയ ആരാധന എവിടെ?

മഴ ഇടയ്ക്കെപ്പോഴോ നിലച്ചിരുന്നു. തണുത്ത കാറ്റില്‍ ശരീരം കിടുകിടുത്തപ്പോള്‍ ഉര്‍സുല ഒന്നനങ്ങിയിരുന്നു. ജന്മസാഫല്യം ലഭിക്കാത്ത പുരുഷബീജങ്ങള്‍ വീണ്‌ വഴുവഴുത്ത തണുത്ത തറയോട്‌ അവളുടെ പൃഷ്ഠത്തെ മരവിപ്പിച്ചിരുന്നു. കൈയില്‍ നിന്നൂ വെള്ളത്തിലേക്ക്‌ ഊര്‍ന്ന മിഠായിയെ പോലെ ഇരുട്ട്‌ ഇപ്പോള്‍ അലിഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ഇരുട്ടിന്റെ ഉച്ചിഷ്ടം പറ്റിപ്പിടിച്ച രൂപങ്ങള്‍ പതുക്കെ തെളിഞ്ഞു വന്നു. പേടി സ്വപ്നങ്ങള്‍ക്ക്‌ ശേഷമുള്ള ശാന്തമായ ഉറക്കം പോലെ അകലെ ഒരു തീവണ്ടിയുടെ നേര്‍ത്ത ചൂളം വിളി കേട്ടു. ഈ സമയത്ത്‌ ബസ്‌ സ്റ്റോപ്പില്‍ ചെന്നു നിന്നാല്‍ രാത്രിസഞ്ചാരം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്ന ഒരുവളെന്നേ കാണുന്നവരാരും വിശ്വസിക്കൂ. സാരമില്ല. ഉര്‍സുല പതുക്കെ എഴുന്നേറ്റു.

വിമലയോട്‌ യാത്ര ചോദിക്കണോ? അകത്തെ മുറിയില്‍ നിന്നും അപ്പോഴും അടക്കിയ ചിരി കേള്‍ക്കാമായിരുന്നു.

വാതില്‍ തുറന്ന്‌ പോലിസുകാരന്‍ പെട്ടെന്ന്‌ പുറത്തിറങ്ങുന്നത്‌ അവള്‍ കണ്ടു. വിമലയുടെ മുലകള്‍ക്കിടയിലെവിടെയോ ആയിരുന്നു അയാളുടെ വൃത്തികെട്ട കൈകള്‍. അയാളുടെ കാക്കക്കണ്ണുകള്‍ ഉര്‍സുലയുടെ ശരീരവടിവുകളില്‍ കയറിയിറങ്ങിയപ്പോള്‍ അവളുടെ അകം പൊള്ളി

“ഏതാടീ ഞാനറിയാത്ത ഒരു ഉരുപ്പടി?“

പോലീസുകാരന്റെ ചോദ്യം അവള്‍ ശരിക്കും കേട്ടു.

“അതെന്റെ വകേലെ ഒരു ചേച്ചിയാ. പോയാട്ടെ സാറെ. അവളോന്നും നമ്മളെ പോലെ ചീത്തയല്ല.....“

വശ്യമായ ഒരു ചിരിയോടെ വിമല പറഞ്ഞു. അന്നരം അവരുടെ മിഴികള്‍ നനഞ്ഞതെന്ത്‌? പുറകിലെ വാതിലിലൂടെ ഇറങ്ങി ഏറേ ദൂരം നടന്നുപോയിട്ടും അയാള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

“തനിച്ചിരുന്ന്‌ ബോറടിച്ചോ? നേരം വെളുത്തല്ലോ. ഈ നഗരത്തില്‍ ഇവിടെയല്ലാതെ മേറ്റെവിടെയും ഇത്രയും സുരക്ഷ നിങ്ങള്‍ക്കുണ്ടാവില്ലെന്ന്‌ കരുതിയാണ്‌ ഞാനിങ്ങോട്ട്‌ കൂട്ടികൊണ്ടു വന്നത്‌. ഇവിടെ വരുന്നവര്‍ക്ക്‌ കടിച്ചുപറിക്കാന്‍ ഏതെങ്കിലുമൊന്ന്‌ കിട്ടിയാല്‍ മതി...“

വിമല അവളുടെ ചുമലില്‍ തൊട്ടു പറഞ്ഞു.

മഴയുടെയും ഇരുട്ടിന്റെയും കൂട്ടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ തന്റെ സ്ത്രീത്വത്തിന്‌ കാവല്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ അത്ഭുതത്തോടെയും ആദരവേടെയും അവള്‍ നോക്കി. വിമലയുടെ മുഖത്ത്‌ അന്നേരം തെളിഞ്ഞ ചിരി നിഷ്കളങ്കമായ തന്റെ കുട്ടിക്കാലവും കടന്ന്‌ വിദൂരതയിലേക്ക്‌ പ്രകാശം പരത്തി ഒഴുകുന്നത്‌ ഉര്‍സുല കണ്ടു.

Subscribe Tharjani |