തര്‍ജ്ജനി

കഥ

ഒരു കഠാരയുടെ മരണം

സക്കറിയാ താമര്‍

സിറിയന്‍ കഥ

(1929 ല്‍ ദമാസ്കസ്സില്‍ പിറന്ന സക്കറിയാ താമറിന്‌ ഔപചാരിക വിദ്യാഭ്യാസം കാര്യമായി ലഭിച്ചിട്ടില്ല. പക്ഷേ അറബി ചെറുകഥയില്‍ വേറിട്ടൊരു സ്വരമായി അദ്ദേഹം പേരെടുത്തു.'ദ നെയിംഗ്‌ ഓഫ്‌ ദ വൈറ്റ്‌ സ്റ്റീഡ്‌'(വെള്ളക്കുതിരയുടെ വിലാപം) ആയിരുന്നു ആദ്യ സമാഹാരം.ഒപ്പം ബാലസാഹിത്യ രചനയിലും അദ്ദേഹം ശ്രദ്ധേയനായി.ദമാസ്കസ്സില്‍ ഒട്ടേറെ സര്‍ക്കാര്‍ പദവികള്‍ വഹിച്ച ശേഷം ലണ്ടനില്‍ നിന്നു പുറത്തിറങ്ങുന്ന ഒരു അറബി പത്രത്തില്‍ ജോലി ലഭിച്ചതോടെ ഇംഗ്ലണ്ടിലെ ഓക്സ്ഫോഡില്‍ സ്ഥിരതാമസമാക്കി. തിരഞ്ഞെടുത്ത കഥകളുടെ ആദ്യ ഇംഗ്ലീഷ്‌ വിവര്‍ത്തനം 'ടൈഗേഴ്സ്‌ ഓഫ് ദ ടെന്‍ന്ത്‌ ഡേ' (പത്താം നാളിലെ കടുവകള്‍ എന്ന പേരില്‍ 1985 പുറത്തുവന്നു.'ഒരു കഠാരയുടെ മരണം' ഒരു മനോലോക കഥയാണ്‌ പദാര്‍ത്ഥലോകത്തിന്റെ ദുരിതങ്ങളെ സ്വയം തീര്‍ത്ത സമാന്തര ലോകം കൊണ്ട്‌ പ്രതിരോധിക്കുന്ന ഒരു അപൂര്‍വ്വ മനസ്സിന്റെ കഥ.)

ഖുദ്‌ര്‍ അല്‍വാന്‍ അമ്മയെക്കൊണ്ട്‌ പൊറുതിമുട്ടി.സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളെക്കുറിച്ചുള്ള അത്ഭുത കഥകള്‍ പറയാനേ അവര്‍ക്ക്‌ നേരമുള്ളു.കഥ കേട്ട്‌ സഹികെട്ട അവന്‍ ഒരിക്കല്‍ കളിയാക്കി ചോദിച്ചു."ഒരു ഇരുപതുകാരി പെണ്‍കുട്ടിയിലേക്ക്‌ അമ്മക്ക്‌ തിരിച്ചുപോകണം അല്ലേ?"
അമ്മ ചൊടിച്ചു: "ഓ എനിക്കൊന്നും ഇനി ഒരു ഓപ്പറേഷനും വേണ്ട പണ്ടു ഭ്രാന്തുവന്നപ്പോള്‍ നീ മുറിച്ചുകളഞ്ഞില്ലേ ഒരു ചെവി? അതിനു പകരം പുതിയ ഒരെണ്ണം കിട്ടുമോന്ന് നോക്ക്‌"
ഖുദ്‌ര്‍ അമ്മയെ തറപ്പിച്ചൊന്നു നോക്കി.അടക്കിപ്പിടിച്ചതു മുഴുവനും അമ്മയില്‍ നിന്നും പുറത്തുചാടി: "നിനക്ക്‌ നാല്‍പ്പതു കഴിഞ്ഞുവെന്ന് വല്ല വിചാരവുമുണ്ടോ?ജീവിതകാലം മുഴുവന്‍ ഒറ്റത്തടിയാനായി കഴിയാനാണോ ഭാവം?ഒറ്റച്ചെവിയനായ നിന്നെ ആരു വിവാഹം ചെയ്യും?നിനക്കല്ലാതെ ഈ നാട്ടില്‍ എല്ലാവര്‍ക്കും രണ്ടുചെവി തികച്ചുമുണ്ട്‌..."
ഖുദ്‌ര്‍ പക്ഷേ തണുത്തു.തെല്ലൊരു അഭിമാനം കലര്‍ന്ന ആത്മവിശ്വാസത്തോടെ അവന്‍ പറഞ്ഞു :"ഒരു ചെവിയില്ലാത്തതില്‍ എനിക്ക്‌ കുറച്ചിലുണ്ടെന്ന് അമ്മയോടാരെങ്കിലും പറഞ്ഞോ?എനിക്ക്‌ അതൊരു അന്തസാണെങ്കിലോ?"
"ഹൊ അന്തസ്സ്‌ ! നിനക്കറിയാമോ ? ഈ പ്രദേശത്തെ പെണ്ണുങ്ങളൊക്കെ നിന്റെ പേര്‌ മറന്നുപോയിരിക്കുന്നു.എല്ലാവര്‍ക്കും നീയിപ്പോള്‍ ഒറ്റച്ചെവിയന്‍ ആണ്‌"
ഖുദ്‌റിനു കലികയറി "അമ്മേ ഞാനൊര്‌ ആണാണ്‌.കണ്ട മന്ദബുദ്ധിപ്പെണ്ണുങ്ങള്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല"
അത്‌ സത്യമായിരുന്നു.ആരെയും ശ്രദ്ധിക്കാന്‍ അവന്‌ നേരമുണ്ടായിരുന്നില്ല.അറബ്‌ നാടിന്റെ ഇതിഹാസനായകനായിരുന്ന അന്താറാ ബിന്‍ ഷദ്ദാദ്‌ മാത്രമായിരുന്നു അവന്റെ മനസ്സില്‍.രാവും പകലും ആ വീരപുരുഷന്‍ ഖുദ്‌റിനെ പിന്തുടര്‍ന്നു.അന്താറ അവനോട്‌ മന്ത്രിച്ചു: "ദുര്‍ബ്ബല ചിത്തയായ നിന്റെ അമ്മയുടെ വാക്കുകള്‍ക്ക്‌ ഒരിക്കലും കാതുകൊടുക്കരുത്‌.എന്റെ ശത്രുക്കള്‍ 'കറുത്തവന്‍ എന്നു വിളിച്ചാണ്‌ എന്നെ ആക്ഷേപിച്ചിരുന്നത്‌.പക്ഷേ അപ്പോഴും ആബിലയുടെ പ്രണയത്തിന്‌ ഞാന്‍ പാത്രമായി.അതുകൊണ്ട്‌ തന്നെ മറ്റുള്ളവര്‍ക്കെന്നൊട്‌ ആരാധനയുമായി.."
അമ്മ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു:"ഖുദ്‌ര്‍,ദൈവം നിന്നോട്‌ കരുണ കാണിക്കട്ടെ!ഒരമ്മയുടെ ഹൃദയം നീ മനസ്സിലാക്കുന്നില്ല.സ്വന്തം മകന്‍ ഒരു കുരങ്ങനാണെങ്കില്‍ പോലും അമ്മക്ക്‌ അവന്‍ പുള്ളിമാനാണ്‌ .നിനക്ക്‌ നല്ലതുവരണമെന്നേ എനിക്കുള്ളു.ഈ ലോകത്തിലെ ഏറ്റവും സുന്ദരനായിട്ടാണ്‌ ഞാന്‍ നിന്നെ കാണുന്നത്‌.പക്ഷേ ഒരു നിമിഷം കണ്ണാടിയില്‍ ഒന്നു നോക്കൂ.ഞാന്‍ ഉപദേശിക്കുന്നത്‌ തെറ്റല്ലെന്ന് നിനക്കുതന്നെ കാണാമല്ലോ...ഭീകരമാണ്‌ നിന്റെ രൂപം!ഒരു അനാഥനെപ്പോലെ നീ സ്വയം അവഗണിക്കുകയാണ്‌ തലമുഴുവന്‍ മൊട്ടയടിച്ച്‌ കഷണ്ടിയാക്കിത്തീര്‍ത്തു ,താടിരോമങ്ങള്‍ നീട്ടിവളര്‍ത്തിയിരിക്കുന്നു,വസ്ത്രധാരണത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല..പോരാത്തതിന്‌ ഒരു ചെവിയും നഷ്ടപ്പെട്ടിരിക്കുന്നു.."അമ്മ വിങ്ങിപ്പൊട്ടി കരയുമെന്ന് ഖുദ്‌റിനു തോന്നി.ഉടനെ വന്നു അന്താറാ ബിന്‍ ഷാദ്ദാദിന്റെ താക്കീത്‌ :"ഖുദ്‌ര്‍ അമ്മയെ നീ സംസാരിക്കാന്‍ അനുവദിച്ചാല്‍ വല്ല മുടിക്കടയിലും പോയി ഇപ്പോള്‍ത്തന്നെ മുടിവയ്പ്പിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചെന്നുവരും."
ഖുദ്‌ര്‍ അമ്മയെ നോക്കി.അപ്പോള്‍ അവന്‌ സങ്കടമാണ്‌ തോന്നിയത്‌ സത്യത്തില്‍ അവര്‍ക്ക്‌ അറുപത്‌ കഴിഞ്ഞതേയുള്ളു.പക്ഷേ ആ മുഖത്തെ ചുളിവുകള്‍ ഒരു തൊണ്ണൂറുകാരിയെ ഓര്‍മ്മിപ്പിക്കും.അമ്മ ചിരിക്കുന്നത്‌ അപൂര്‍വ്വമായി മാത്രമേ അവന്‍ കണ്ടിട്ടുള്ളു.ഒരു ദീര്‍ഘനിശ്വാസത്തോടെ അമ്മ പിന്നെയും പറഞ്ഞുതുടങ്ങി: "മോനേ മരിക്കുന്നതിനുമുന്‍പ്‌ എനിക്ക്‌ ഇത്തിരിയെങ്കിലും സന്തോഷം തന്നുകൂടേ? എനിക്ക്‌ വയസ്സായി.ഖബറിലേക്ക്‌ കാലും നീട്ടിയിരിക്കുന്നു.ഞാന്‍ എന്നാണ്‌ ഒരു മുത്തശ്ശിയായി നിന്റെ മക്കളേ കാണുക?"
"ആഹാ! ഇതു കൊള്ളാമല്ലോ.പേരക്കുട്ടികളുടെ ഒരു പടതന്നെയില്ലേ അമ്മക്ക്‌?കല്യാണം കഴിഞ്ഞ എന്റെ പെങ്ങള്‍ അഞ്ചുചെകുത്താന്മാരെയല്ലേ പെറ്റിരിക്കുന്നത്‌?"
"പക്ഷേ" അമ്മ ഇടപെട്ടു "അവരൊക്കെ ഒരു അന്യന്റെ മക്കളാണ്‌. ഒന്നും നിന്റെ കുട്ടിയാവില്ല"
ഖുദ്‌റിന്‌ ഉത്തരം മുട്ടി.അപ്പോഴും അന്താറാ ബിന്‍ ഷദ്ദാദ്‌ തുണ്ണക്കെത്തി: "അനുകരണമാണ്‌ ഇന്നത്തെ കല.ആണുങ്ങള്‍ പെണ്ണുങ്ങളേയും പെണ്ണുങ്ങള്‍ ആണുങ്ങളേയും അനുകരിക്കുന്നു.ആണുങ്ങള്‍ ഭീരുക്കളായിരിക്കുന്നു.അവരുടെ പെരുമാറ്റം മുഴുവന്‍ തെറ്റിദ്ധരിക്കപ്പെടുന്നു..."
മകന്‍ ചിരിക്കുന്നത്‌ കണ്ട്‌ അമ്മക്ക്‌ അതിശയം തോന്നി.അല്‍പ്പം മുന്‍പുവരെ അവന്റെ മുഖം കോപം കൊണ്ട്‌ പൊട്ടിത്തെറിക്കുമെന്ന മട്ടായിരുന്നു.എങ്കിലും ഒരു പ്രതീക്ഷയുമില്ലാത്ത സ്വരത്തില്‍ അമ്മ ആ രംഗം അവസാനിപ്പിച്ചു:"ഇനി നിന്റെ മനസ്സുമാറ്റാന്‍ ദൈവം തന്നെ വരട്ടെ!"
അമ്മയുടെ കരങ്ങള്‍ ചുംബിച്ച്‌ ഖുദ്‌ര്‍ അല്‍വാന്‍ വീട്ടില്‍നിന്നിറങ്ങി.പതുക്കെ കുവീക്ക്‌ ലെയിനിലെ ചായക്കടയിലേക്ക്‌ നടന്നു.മന്ദഹാസത്തോടെ കടയില്‍ കയറിയിരുന്ന് ഒരു സിഗരറ്റ്‌ കത്തിച്ചു.അന്താറാ ബിന്‍ ഷദ്ദാദ്‌ ഉടനേ താക്കീതുമായെത്തി:"ചിരിക്കരുത്‌.ആണുങ്ങള്‍ അധികം ചിരിച്ചാല്‍ ചപലകളായ പെണ്ണുങ്ങളെ പോലെ ആയിത്തീരും"
അതോടെ ഖുദ്‌രിന്റെ മുഖം വീണ്ടും ഇരുണ്ടു.കോപവും ഗൗരവവും നിറഞ്ഞ ആ മുഖം കണ്ട്‌ തൊട്ടടുത്ത ഇരിപ്പിടങ്ങളിലുണ്ടായിരുന്നവര്‍ക്ക്‌ ഭയമായി എന്തോ കടുത്ത കലഹം തുടങ്ങാന്‍ പോകുന്നുവെന്ന് അവര്‍ക്ക്‌ തോന്നി.അവര്‍ അകലെയുള്ള മേശകളിലേക്ക്‌ മാറി.
പെട്ടെന്നാണ്‌ രണ്ടുപോലീസുകാര്‍ കടയിലെത്തിയത്‌.എല്ലാവരോടും എഴുന്നേറ്റുനില്‍ക്കാനും കൈകള്‍ ഉയര്‍ത്താനും ഒരു പോലീസുകാരന്‍ കനത്ത സ്വരത്തില്‍ ആജ്ഞാപിച്ചു.ഓരോരുത്തരെയായി പോലീസുകാരന്‍ പരിശോധിക്കാന്‍ തുടങ്ങി.വളഞ്ഞ മുനയുള്ള ഒരു കഠാര ഖുദ്‌ര്‍ അല്‍‌വാനില്‍ നിന്നും അവര്‍ കണ്ടെടുത്തു.കഠാര ഊരിയെടുത്ത്‌ പോലീസുകാരന്‍ ചോദിച്ചു:"ആയുധം കൊണ്ടുനടക്കുന്നത്‌ നിയമ വിരുദ്ധമാണെന്ന് നിനക്കറിഞ്ഞുകൂടേ?" ഖുദ്‌ര്‍ അല്‍വാന്‍ എന്തോ പിറുപിറുത്തു.വാക്കുകള്‍ ഒന്നും വ്യക്തമായില്ല.പെട്ടെന്നാണ്‌ മറ്റേ പോലീസുകാരന്റെ ഇടി അവന്റെ പള്ളയില്‍ ആഞ്ഞുപതിച്ചത്‌ "ഡാ മൂക്കു കൊണ്ടല്ല സംസാരിക്കേണ്ടത്‌..."അയാള്‍ അലറി.സാറ്‌ ചോദിച്ചതു കേട്ടില്ലേ?അതിനുത്തരം പറയെടാ..നീ കഠാര കൊണ്ടുനടക്കുന്നതെന്തിന്‌?"
വേദന കൊണ്ട്‌ പുളയുമ്പോള്‍ ഖുദ്‌ര്‍ പറഞ്ഞു:"എനിക്ക്‌.......... പഴങ്ങള്‍ ഇഷ്ടമായതു കൊണ്ട്‌"

"നിയമലംഘനത്തെക്കാള്‍ ഹീനമായ ന്യായം!" പോലീസ്‌ കളിയാക്കി.
"ഡോക്ടര്‍ എന്നോടു കണിശമായി പറഞ്ഞിരിക്കുന്നു" ഖുദ്‌ര്‍ വിശദീകരിച്ചു "ഞാന്‍ പഴം മാത്രമേ കഴിക്കാവൂ.അതും തൊലികളഞ്ഞുമാത്രം."
പോലീസുകാര്‍ ഉച്ചത്തില്‍ ചിരിച്ചു.അവര്‍ ഖുദ്‌ര്‍ അല്‍വാനെ അറസ്റ്റു ചെയ്തില്ല.പകരം കഠാര പിടിച്ചെടുത്താല്‍ മതിയെന്നു വച്ചു.ഇനി മുതല്‍ പഴങ്ങള്‍ തൊലിയോടുകൂടി തിന്നാല്‍ മതിയെന്നും കുഴപ്പങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ അതാണ്‌ നല്ലതെന്നും ഖുദ്‌റിന്‌ ഉപദേശവും കിട്ടി.
ആകെ തകര്‍ന്ന മട്ടില്‍ ഖുദ്‌ര്‍ തന്റെ കസേരയില്‍ ഇരുന്നു.നാണക്കേടും ഭയപ്പാടും അയാളെ പൊതിഞ്ഞു.ആള്‍ക്കൂട്ടത്തില്‍ വച്ച്‌ ആരോ തുണിയുരിഞ്ഞപോലെ! വൈകാതെ വന്നു,അന്താറാ ബിന്‍ ഷദ്ദാദിന്റെ ശകാരം! "സ്വന്തം കഠാര കളഞ്ഞുകുളിച്ചവന്‍ ആണല്ല!അവന്‌ പെണ്ണുങ്ങളോടൊപ്പം ഇരിക്കാനേ യോഗ്യതയുള്ളു!"
"എന്റെ കഠാര പോലീസ്‌ പിടിച്ചെടുത്തതല്ലേ?" ഖുദ്‌ര്‍ തന്റെ വീരപുരുഷനോടു കയര്‍ത്തു.
"പോലീസുകാരും മനുഷ്യരാണെന്നു നീ മറന്നോ?നിന്നെപ്പോലെ,എന്നെപ്പോലെ അവരും മരിക്കില്ലേ?"
ഖുദ്‌ര്‍ ആകെ തളര്‍ന്നു " ഹോ! കഠാരയില്ലാത്ത ഞാന്‍ മുടന്തിയായ ഒരു വൃദ്ധയെക്കാള്‍ ദുര്‍ബലനാണ്‌ !"
"ആട്ടെ! നിനക്കിനി നിന്റെ കഠാരയെങ്ങനെ തിരിച്ചുകിട്ടും?" അന്താറ ചോദിച്ചു.
ഖുദ്‌ര്‍ നിരാശയോടെ ചിന്തയിലാണ്ടു.ഏതാനും നിമിഷങ്ങള്‍ പെട്ടെന്നാണ്‌ അയാള്‍ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ്‌ പുറത്തേക്കോടിയത്‌.നജീബ്‌ അല്‍ ബഖാറിന്റെ മാളികയില്ലണ്‌ ആ ഓട്ടം നിലച്ചത്‌.ആ നാട്ടിലേറ്റവും പണവും സ്വാധീനവുമുള്ള പ്രമാണിയാണ്‌ അല്‍ ബുഖാര്‍.ഇടറിയ സ്വരത്തില്‍ ഖുദ്‌ര്‍ തന്റെ സങ്കടത്തിന്റെ കെട്ടഴിച്ചു.
"നോക്കൂ,നജീബ്ക്കാ ,ഈ നാട്ടില്‍ എല്ലാവരും താങ്കളെ തേടി വരാറുണ്ട്‌.വലിയവരും ചെറിയവരും എല്ലാം ഇവിടെവന്ന് പലതും ആവശ്യപ്പെടാറുണ്ട്‌.ഇന്നുവരെ താങ്കളോട്‌ ഒന്നും ചോദിക്കാത്ത ഒരേയൊരാള്‍ ഞാന്‍ മാത്രമാണ്‌ "
"അതെ അതു ശരിയാണ്‌" നജീബ്‌ പറഞ്ഞു "അതുകൊണ്ടാണ്‌ ഞാന്‍ നിന്നെ കുറ്റപ്പെടുത്താറുള്ളത്‌.നിനക്ക്‌ എന്നെ ഇഷ്ടമില്ലെന്നാണ്‌ ഞാന്‍ കരുതിയത്‌"
"ഒടുവില്‍ ഇന്നു ഞാന്‍ വന്നിരിക്കുന്നു.താങ്കളോട്‌ ഒരു കാര്യം ആവശ്യപ്പെടാന്‍,എന്നെ നിരാശപ്പെടുത്തരുത്‌" ഖുദ്‌ര്‍ പറഞ്ഞു.
"ശരി എന്തു വേണമെന്നു പറയൂ.ദൈവം അനുവദിച്ചാല്‍ നിന്റെ ആവശ്യം ഉടന്‍ നിര്‍വേറ്റിത്തരാം" നജീബ്‌ സമ്മതിച്ചു.
ഒറ്റ ശ്വാസത്തില്‍ ഖുദ്‌ര്‍ നടന്നതെല്ലാം വിശദീകരിച്ചു.പോലീസുകാരില്‍ നിന്ന് തന്റെ കഠാര തിരിച്ചുവാങ്ങിത്തരണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.പോലീസ്‌ മേധാവി നജീബിന്റെ സുഹൃത്താകയാല്‍ കാര്യം എളുപ്പമാണല്ലോ എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
നജീബ്‌ ഒരു നിമിഷം മൗനം പൂണ്ടു.പിന്നെ ഖുദ്‌റിനോട്‌ ചോദിച്ചു.
"അല്ല നിനക്ക്‌ മറ്റൊരു കഠാര വാങ്ങിക്കൂടെ?മുന്തിയ ഒരു കഠാര ഞാന്‍ സമ്മാനമായി തരാം പാറപോലും മുറിക്കാവുന്ന ഒന്ന്!"
ഖുദ്‌ര്‍ വിട്ടുവീഴ്ച്ചക്കില്ല."താങ്കളുടെ സമ്മാനം സ്വീകരിക്കാന്‍ എനിക്കേറ്റവും സന്തോഷം തന്നെ.പക്ഷെ എന്റെ സ്വന്തം കഠാര കൊണ്ടുമാത്രമേ ഞാന്‍ സംതൃപ്തനാകൂ.കാരണം ഇക്കാലമത്രയും എന്നോടൊപ്പം അതുണ്ടായിരുന്നു.."
"ശരി എങ്കില്‍ അങ്ങനെ തന്നെ "
നജീബ്‌ സമ്മതിച്ചു."ഇന്ന് വൈകുന്നേരം തന്നെ ഞാന്‍ എസ്‌ പിയോട്‌ സംസാരിക്കാം നിന്റെ ഇഷ്ടപ്രകാരം തന്നെ എല്ലാം പരിഹരിക്കാം"
പിറ്റേന്ന് പുലരും മുന്‍പേ ഖുദ്‌ര്‍ അല്‍‌‌വാന്‍ നജീബിന്റെ വീട്ടില്‍ കുതിച്ചെത്തി.നജീബ്‌ കിടപ്പറയില്‍ നിന്ന് കോട്ടുവായിട്ട്‌,മൂരിവലിഞ്ഞ്‌ പുറത്തുവരുന്നതേയുള്ളു.
"എല്ലാം ശരിയായില്ലേ ഇക്ക ഞാന്‍ സമാധാനിച്ചോട്ടെ" ഖുദ്‌ര്‍ കിതച്ചുകൊണ്ട്‌ ചോദിച്ചു.
പക്ഷെ തെല്ലൊരു ഖേദത്തോടെയാണ്‌ നജീബ്‌ സംസാരിച്ചു തുടങ്ങിയത്‌.ഖുദ്‌റിന്റെ കഠാര സ്റ്റേഷനിലെത്തിയില്ല.ആ പോലീസുകാരന്‍ അത്‌ നാടുകാണാന്‍ വന്ന ഏതോ വിദേശവനിതക്ക്‌ വിറ്റു!അവളുടെ പേരോ വിലാസമോ അയാള്‍ക്കറിയുകയുമില്ല.പോലീസുകാരന്‌ കടുത്ത ശിക്ഷ കിട്ടാന്‍ പോകുന്നു.എന്തായാലും കഠാരയെ മറന്നു കളയാന്‍ നജീബ്‌ ഖുദ്‌റിനെ ഉപദേശിച്ചു.
"എങ്ങനെ മറക്കാന്‍?"ഖുദ്‌ര്‍ പൊട്ടിത്തെറിച്ചു."താങ്കള്‍ക്കറിയാമോ പത്തുവയസ്സുമുതല്‍ ഇന്നൊളം ഞാനെന്റെ കഠാരയില്‍ നിന്നും വേര്‍പെട്ടു ജീവിച്ചിട്ടില്ല.രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അതിനെ തലയണക്കടിയില്‍ വച്ചു.ജയിലില്‍ പോകേണ്ടിവന്നാല്‍ പോലും എന്നോടൊപ്പം എന്റെ കഠാരയില്ലല്ലോ എന്ന ചിന്ത മാത്രമാണ്‌ എന്നെ അലട്ടുന്നത്‌.മനസിലായോ?"
നജീബ്‌ അപ്പോഴും അവനെ ആശ്വസിപ്പിച്ചു:"നീ വലുതാക്കിയാല്‍ അതൊരു വലിയ കാര്യമാണ്‌, ചെറുതായിക്കണ്ടാല്‍ അതൊരു കൊച്ചു കാര്യവും. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പോലും മരിക്കാറില്ലേ? അങ്ങനെ ഒരു മരിച്ച കൂട്ടുകാരനായി നിന്റെ കഠാരയെ കണക്കാക്കിയാല്‍ മതി"
ഖുദ്‌റിന്റെ വാക്കുകള്‍ ക്രമേണ അധിക്ഷേപത്തെക്കാള്‍ രൂക്ഷമായി."മറ്റുള്ളവരെല്ലാം ഇങ്ങനെയൊക്കെ പറയുമെന്ന് ഞാന്‍ കരുതിയതാണ്‌.പക്ഷേ താങ്കളില്‍ നിന്ന് ഇത്‌ ഒട്ടും പ്രതീക്ഷിച്ചില്ല.കാരണം മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച്‌ അങ്ങേയറ്റം പഠിച്ച വിദഗ്ധനല്ലേ താങ്കള്‍?"
നജീബിന്റെ വസതിയില്‍ നിന്ന് പ്രതിഷേധിച്ചിറങ്ങിയ ഖുദ്‌ര്‍ കോപാന്ധനായി തെരുവിലൂടെ നടന്നു.തന്റെ കഠാര എങ്ങുനിന്നോ വിളിക്കുന്നതുപോലെ അയാള്‍ക്ക്‌ തോന്നി.അതിനോടൊത്തുകഴിഞ്ഞ ഓരോ നിമിഷവും അയാളോര്‍ത്തു.കഠാരയുടെ പിടി കയ്യിലെടുത്ത്‌ വായ്ത്തലയില്‍ മൃദുവായി തലോടുമ്പോള്‍ താന്‍ ആനന്ദ നിര്‍വൃതിയില്‍ വിറച്ചിരുന്നത്‌ അയാള്‍ വീണ്ടും അനുഭവിച്ചു.ആഴമേറിയ കിണറിന്റെ അടിത്തട്ടിലേക്ക്‌ ആരെങ്കിലും അതിനെ ചുഴറ്റിയെറിഞ്ഞാല്‍പോലും ഒറ്റച്ചാട്ടത്തിന്‌ പര്‍വ്വതത്തിന്റെ മുകള്‍ത്തട്ടുവരെയെത്താന്‍ തന്റെ കഠാരക്കു കഴിയുമെന്ന് ഖുദ്‌റിന്‌ ഉരപ്പായിരുന്നു.
അന്താറാ ബിന്‍ ഷദ്ദാദ്‌ അപ്പോഴും അവനെ പിന്തുടരുകയായിരുന്നു."ആബില വേണമോ എന്റെ കഠാര വേണമോ എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ ഞാന്‍ പറയും എന്റെ കഠാര മതിയെന്ന്.ആയുധമില്ലാത്ത പുരുഷന്‍ ബലാല്‍സംഗത്തില്‍ നിന്നും രക്ഷപ്പെടാനാവാത്ത പെണ്ണിനെപ്പോലെയാണ്‌ ."
ഖുദ്‌ര്‍ അല്‍വാനും അത്‌ തോന്നിത്തുടങ്ങിയിരുന്നു.താന്‍ അരക്ഷിതനാകുന്നപോലെ...വേറിട്ടൊരു വായു ശ്വസിക്കാന്‍ അയാള്‍ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.നടന്നു നടന്ന് സ്വന്തം തെരുവ്‌ പിന്നിട്ടു.കൂടുതല്‍ വിശാലമായ മറ്റൊരു തെരുവിലൂടെ അലസമായി നീങ്ങി.ആ തെരുവിന്റെ ഇരു വശത്തും പച്ചമരങ്ങള്‍ നിരന്നു നില്‍ക്കുന്നുണ്ടായിരുന്നു.ഒപ്പം വെള്ളക്കല്ലില്‍ തീര്‍ത്ത പടുകൂറ്റന്‍ കെട്ടിടങ്ങളും.
പെട്ടെന്നാണ്‌ ചീറിപ്പാഞ്ഞുവന്ന ഒരു കാര്‍ ഖുദ്‌റിനെ തട്ടിത്തെറിപ്പിച്ചത്‌.ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് പുലര്‍ച്ചേ അയാള്‍ മരിച്ചു.
അവസാന ശ്വാസം വലിക്കുമ്പോഴും അന്താറാ ബിന്‍ ഷദ്ദാദ്‌ ഖുദ്‌റിന്റെ കാതില്‍ മന്ത്രിച്ചു."നിനക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.അതുകൊണ്ട്‌ സങ്കടം വേണ്ട.യാതൊരു ഉത്കണ്ഠയും കൂടാതെ മരിച്ചോളൂ."
കുവൈക്ക ദേശത്തെ ആണുങ്ങളത്രയും ഖുദ്‌ര്‍ അല്‍വാന്റെ മരണാനന്തര വിലാപയാത്രയില്‍ അണിനിരന്നു.എല്ലാവര്‍ക്കും മുമ്പില്‍ കുനിഞ്ഞ മുഖവുമായി അന്താറാ ബിന്‍ ഷദ്ദാദ്‌ നടന്നു നീങ്ങി!
ഖുദ്‌റിന്‌ അഭിമാനം തോന്നി.തന്റെ വിലാപയാത്രയില്‍ അന്താറ പങ്കുകൊണ്ടതില്‍!ഒപ്പം അവന്‌ സങ്കടവും തോന്നി.അന്താറ വന്നത്‌ ദേശക്കാരാരും അറിഞ്ഞില്ലല്ലോ!തന്റെ വാളു കൊണ്ട്‌ മണ്ണിളക്കി,കൂട്ടുകാരന്റെ ഖബറിനു മുകളില്‍ മണ്ണുവാരിയിട്ടത്‌ ആരുമാരും കണ്ടില്ലല്ലോ.....

മൊഴിമാറ്റം:എ.പി.അഹമ്മദ്‌.
Subscribe Tharjani |