തര്‍ജ്ജനി

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

എന്റെ ഖബറിടത്തില്‍

ഭൂമി ഗോളാകൃതിയില്‍ ഒരു കുരിശ്
യാഥാര്‍ത്ഥ്യത്തിന്റെ തുരുമ്പിച്ച ആണികളില്‍
ഞാന്‍ തറഞ്ഞു കിടക്കുന്നത്,
ഏറ്റവും വിലകൂടിയ വാക്കുകള്‍ മാത്രം
തിരഞ്ഞെടുക്കുന്ന നീയന്താണ് കാണാത്തത്.

എന്നെ ചുമക്കാന്‍ വന്ന പിഞ്ഞിപ്പൊളിഞ്ഞ മയ്യത്ത് കട്ടിലേ,
നീ ആ വാക്കുകളോട് സംസാരിക്കാമോ?

അവളുടെ വാക്കുകള്‍
ചെറു പക്ഷികളായെങ്കിലും
ഖബറിടത്തിലേയ്ക്കു വരുമോ?
കാറ്റേ,
ഞാന്‍ ജീവിച്ചു തീര്‍ത്ത പോലെ
നീയവിടെ നിശ്ചലമായിരിക്കരുതേ
തണല്‍മരങ്ങളേ,
എന്റെ മീസാന്‍ കല്ലിനെ ചേര്‍ത്തുപിടിക്കണേ
ഉറങ്ങുമ്പോള്‍ പോലും കൂടെക്കിടക്കുന്ന
നപുംസകരാശിയുള്ള
വാക്കുകളേ,
നിങ്ങളവിടെ ചരല്‍ക്കല്ലായിരിക്കുക.
എനിക്കു നിന്നെച്ചൊല്ലി
നുറുങ്ങിപ്പൊടിഞ്ഞ
നിശ്ചലനേരങ്ങളേ,
ചുവന്നപ്പൂക്കളായി തണലില്‍ തുന്നിച്ചേര്‍ക്കുക.

ഭൂമിയില്‍ മഴപെയ്തു കുതിര്‍ന്ന
ആ നാളുകളിലൊന്നില്‍
എല്ലാം ചീഞ്ഞളിഞ്ഞുപോയാലും
എന്റെ കണ്ണുകള്‍ ജീവനോടെ കിടക്കും,
നിന്നെ കണ്ടു മതിയാവാതെ.

Subscribe Tharjani |