തര്‍ജ്ജനി

വി. സി. ശ്രീജന്‍

ചാലില്‍ വീട്‌ ചൊവ്വ കണ്ണൂര്‍-670006
വെബ്ബ്:വി.സി.ശ്രീജന്‍

Visit Home Page ...

ലേഖനം

സാഹിത്യവും വിദ്യാഭ്യാസവും

ഇന്നത്തെ ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും പശ്ചാത്തലത്തില്‍ മൂലധനത്തിന്റെ സമഗ്രാധിപത്യം സാംസ്കാരികാധിനിവേശം കൂടിയാണ്. ഭാഷയും സാഹിത്യവുമാണല്ലോ തദ്ദേശീയമായ സംസ്കാരങ്ങളുടെ പ്രധാനഭാഗങ്ങള്‍ ‍. തദ്ദേശീയമായ സാംസ്കാരികവ്യത്യാസങ്ങളെ കഴിയുന്നതും കുറച്ചുകൊണ്ടുവന്ന് ഏകരൂപമായ സാംസ്കാരികശീലങ്ങളുള്ള ഉപഭോക്താക്കളെയും തൊഴിലാളികളെയും ജീവനക്കാരെയും സൃഷ്ടിക്കുകയെന്നത് ആഗോളീകരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. സാധിക്കുമെങ്കില്‍ അന്താരാഷ്ട്രമതം കൊണ്ട് പ്രാദേശികമതങ്ങളെ ഇല്ലാതാക്കാനും അത് ശ്രമിക്കും. ദ്വിമുഖമായ ഇത്തരം സാംസ്കാരികാധിനിവേശത്തെ ചെറുക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കാന്‍ ഭാഷയ്ക്കും സാഹിത്യത്തിനും കഴിയും. ആരാധകരെയും സഹയാത്രികരെയും സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന അധീശസംസ്കാരത്തിന്റെ ജൈത്രയാത്രയ്ക്കിടയില്‍ ചെറുത്തുനില്പുകള്‍കൊണ്ട് കാര്യമൊന്നുമില്ല എന്നത് മറ്റൊരു കാര്യം.

ഭാഷ പഠിപ്പിക്കാനുള്ള അടിസ്ഥാനസാമഗ്രികളില്‍ ഒന്നായിട്ടാണ് കലാലയങ്ങളില്‍ സാഹിത്യത്തെ ഉപയോഗിക്കുന്നത്. എന്നാല്‍ സാഹിത്യം ഭാഷയുടെ കുറെക്കൂടി ഉയര്‍ന്നതും സങ്കീര്‍ണ്ണവുമായ ഉപയോഗമാകയാല്‍ കേള്‍വി, സംസാരം, വായന, എഴുത്ത് എന്നീ അടിസ്ഥാനവൈദഗ്ദ്ധ്യങ്ങളുടെ പരിശീലനത്തിന് സാഹിത്യം വലുതായൊന്നും ഉപകരിക്കുകയില്ല. കണ്ണശ്ശരാമായണമോ ഹാംലറ്റോ പഠിച്ച് വര്‍ത്തമാനസാഹചര്യങ്ങളിലെ ഭാഷാപ്രയോഗങ്ങളില്‍ വൈദഗ്ദ്ധ്യം നേടാനാവില്ല. കണ്ണശ്ശരാമായണവും ഹാംലറ്റും പഠിപ്പിച്ചു വരുന്നത് സാംസ്കാരികമായ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ ആ ലക്ഷ്യങ്ങള്‍ മനസ്സില്‍വെക്കാതെയാണ് പഠനമെങ്കില്‍ പ്രാചീനസാഹിത്യകൃതികളുടെ പഠനം കുട്ടികളില്‍ ആ കൃതികളോട് പരിഹാസം മാത്രമേ ജനിപ്പിക്കൂ. മാറിവരുന്ന സര്‍ക്കാറുകളുടെ പരമലക്ഷ്യം ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും വേഗം കൂട്ടുന്നതിനായി നാട്ടിലെ നിയമങ്ങള്‍ മാറ്റിയെഴുതുക എന്നതാണല്ലോ. തദ്ദേശീയതാത്പര്യങ്ങളെ സംരക്ഷിച്ചുപോന്ന നിയമങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റുന്ന സര്‍ക്കാരുകള്‍ക്ക് സാംസ്കാരികസ്വത്വത്തിന്റെ സംരക്ഷണത്തില്‍ താത്പര്യമൊന്നും കാണില്ല. അതിനാല്‍ പരിഷ്കരിച്ചുവരുന്ന സിലബസ്സുകളില്‍നിന്ന് ഏറ്റവുമാദ്യം ഭാഷയും സാഹിത്യവും അപ്രത്യക്ഷമാവുന്നു. കുട്ടികള്‍ക്കും ഭാഷാസാഹിത്യപഠനത്തില്‍ ഒട്ടും താത്പര്യമില്ല. വേറൊരു കോഴ്സിലും സീറ്റു കിട്ടാത്തവര്‍ ഭാഷയും സാഹിത്യവും ഐച്ഛികമായി എടുക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നേയുള്ളൂ. വായനയിലോപഠനത്തിലോ ഒട്ടും താത്പര്യമില്ലാത്ത വലിയ ഒരു സംഘം കുട്ടികള്‍ ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്ത് അദ്ധ്യാപകരാകുന്നതോടെ അടുത്ത തലമുറയുടെ ഭാഷാപഠനം കൂടുതല്‍ വഷളാവുന്നു.

മലയാളസാഹിത്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ വായനക്കാര്‍ക്കും താത്പര്യം നശിച്ചത് അതിന് വശ്യതയും ആധികാരികതയും നഷ്ടമായതുകൊണ്ടാണ്. മലയാളസാഹിത്യത്തിന് വശ്യത നഷ്ടമാവാന്‍ കാരണം സിനിമാടെലിവിഷന്‍മാദ്ധ്യമങ്ങളുടെ സവിശേഷതകളായിരുന്നു. സിനിമാടെലിവിഷന്‍മാദ്ധ്യമങ്ങളുടെ വ്യാപനത്തിനു ശേഷം ദൃശ്യാത്മകമായ ഭാവനയുടെ സ്വകാര്യസഞ്ചാരങ്ങള്‍ സമകാലികസാഹിത്യത്തിനു നഷ്ടമായി. ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് പുനഃസൃഷ്ടിക്കാന്‍ താത്പര്യമില്ലാത്തതോ, ഉണ്ടെങ്കില്‍ തന്നെ വികലമായി മാത്രം പുനഃസൃഷ്ടിക്കാന്‍ കഴിയുന്നതോ ആയ പുരാണേതിഹാസങ്ങളിലും പ്രാചീനസാഹിത്യങ്ങളിലും ദൃശ്യാത്മകമായ ഭാവനയുടെ സ്വകാര്യസഞ്ചാരത്തിനു ആവശ്യമായ സാദ്ധ്യതകള്‍ നിലനില്ക്കുയും ചെയ്തു. എന്നാല്‍ നഷ്ടമായ ഭാവനാദൃശ്യങ്ങളുടെ വശ്യതക്ക് പകരം വെക്കാന്‍ തങ്ങള്‍ പുതുതായി എന്തെങ്കിലും കണ്ടുപിടിക്കണമെന്ന് സമകാലികരായ മലയാളിസാഹിത്യകാരന്മാര്‍ക്ക് തോന്നിയില്ല.

സമകാലികസാഹിത്യത്തിനു ആധികാരികത നഷ്ടമാവാന്‍ കാരണം ഈ എഴുത്തുകാരുടെ ആലസ്യവും അശ്രദ്ധയുമായിരുന്നു. അലസനേത്രങ്ങള്‍ കൊണ്ട് ചുറ്റുമൊന്നു നോക്കി ഒന്നുരണ്ട് കഥാപാത്രങ്ങളെ തപ്പിയെടുത്ത് അവര്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ ഭാവനയുടെ മാത്രം സഹായത്തോടെ വിസ്തരിക്കുന്ന രീതിയാണ് നടപ്പില്‍ ‍. ഇത്തരം അയഥാര്‍ത്ഥകഥകളെക്കാള്‍ അപ്രശസ്തരായ സാധാരണക്കാരുടെ വാസ്തവകഥകള്‍ വായനക്കാര്‍ ഇഷ്ടപ്പെടുന്നതായി കാണുന്നു. സാധാരണമായ ജീവിതത്തിന്റെ മറുപുറത്തിലേക്ക് ചെറുമിന്നല്‍വെളിച്ചമെങ്കിലും വീഴുന്നതു കാണാന്‍ ഇതിനെക്കാള്‍ നല്ല വഴി വേറെയില്ല. ആത്മകഥാരൂപത്തിലുള്ളതോ അല്ലാത്തതോ ആയ വ്യക്തിജീവിതചരിത്രങ്ങള്‍ക്ക് വായനക്കാര്‍ക്കിടയില്‍ ഈയിടെ കിട്ടിയ വമ്പിച്ച പ്രചാരത്തിനു കാരണം അവയുടെ ആധികാരികതയാണ്. ഉദാഹരണത്തിന്, സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് സത്യസന്ധവും യഥാതഥവുമായ വിവരങ്ങള്‍ വേണമെങ്കില്‍ വായിക്കേണ്ടത് മാധവിക്കുട്ടിയുടെ എന്റെ കഥയോ മുട്ടത്തുവര്‍ക്കിയുടെ കഥകളോ എം. ടി.യുടെ നോവലുകളോ അല്ല, നളിനി ജമീലയുടേതുപോലുള്ള ജീവിതകഥകളാണ്. വി. കെ. ശ്രീരാമന്റെ വേറിട്ട കാഴ്ചകളും.

കുട്ടികള്‍ക്കോ വായനക്കാര്‍ക്കോ വേണ്ടാത്ത മലയാളസാഹിത്യം വിദ്യാഭ്യാസപദ്ധതികളില്‍ അര്‍ഹമായ സ്ഥാനം കണ്ടെത്തി അതുവഴി കല്പാന്തം നിലനില്ക്കുമെന്നു പ്രതീക്ഷിക്കുക വയ്യ. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു വെളിയില്‍നിന്നുള്ള പരിശ്രമങ്ങളിലൂടെ മാത്രമേ ഭാഷയും സാഹിത്യവും ഭാവിയില്‍ നിലനില്ക്കാന്‍ പോകുന്നുള്ളൂ.

Subscribe Tharjani |