തര്‍ജ്ജനി

മനോജ് കുറൂര്‍

Visit Home Page ...

ലേഖനം

കാടിനുത്സവം ഉടലിനുത്സവം

ഒന്ന്
സ്ത്രീപഠനങ്ങളുടെ സമീപകാല ധാരാളിത്തം അവയുടെ വ്യവഹാരമണ്ഡലത്തെ പൊതുവെ സങ്കീര്‍ണ്ണമാക്കുന്നു. സ്ത്രീയുടെയും പ്രകൃതിയുടെയും ദളിതന്റെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പാരിസ്ഥിതിക-സ്ത്രീവാദം പോലുള്ള വിഷയക്കലര്‍പ്പുകള്‍ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പൊതുവായ അധികാരഘടന പുരുഷകേന്ദ്രിതമാണെന്ന അറിവില്‍ നിന്നുണ്ടാകുന്നതാണ്. സ്ത്രീവിവേചനം ജീവശാസ്ത്രപരമല്ല, സാമൂഹികമാണെന്ന തിരിച്ചറിവില്‍ സ്ത്രീകള്‍ അധികാരത്തിന്റെ മറ്റിരകളെ കൂടി ഉള്‍ക്കൊള്ളുന്ന വിശാലമായ മുന്നണിയില്‍ ഉള്‍പ്പെടുന്നതിനാല്‍ വിഷയത്തിന്റെ വ്യാപ്തിയും വര്‍ദ്ധിക്കുന്നുണ്ട്. എങ്കിലും ഏതു സ്ത്രീ വ്യവഹാരത്തെയും നിര്‍വചനീയമാക്കുന്ന യാന്ത്രികമായ ഒരു തരം സാമാന്യവത്കരണം സിദ്ധാന്തങ്ങളുടെ പ്രയോഗപരിസരത്തെ അടക്കിഭരിക്കുന്നുവെന്നു തോന്നുന്നു. പ്രശ്നങ്ങളുടെതീവ്രതയില്‍ നിന്ന് ഒളിച്ചുപോകാതെ തന്നെ സിദ്ധാന്തപഠനങ്ങളുടെ മുന്‍‌വിധികളെ മറികടക്കുകയെന്നത് സ്ത്രീപക്ഷവ്യവഹാരങ്ങളെ സംബന്ധിച്ച വെല്ലുവിളിയാകുന്നു.

സ്ത്രീവാദത്തിന്റെ സിദ്ധാന്തപക്ഷത്താണ് വി. എം. ഗിരിജയുടെ കവിതകളുടെയും നില. ഉടല്‍മൊഴികളുടെ സമൃദ്ധി, സ്ത്രീലിംഗവാചിയായ ആഖ്യാതാവ്, നിരന്തരം സംബോധന ചെയ്യപ്പെടുന്ന അധികാരരൂപമായ പുരുഷത്വം, പുരാണകഥകളുടെ ഉദ്ദേശ്യാധിഷ്ഠിതമായ പുനര്‍നിര്‍മ്മിതി എന്നിങ്ങനെ ഫെമിനിസത്തിന്റെ വ്യവഹാരസവിശേഷതകള്‍ മിക്കതും ഗിരിജയുടെ കവിതകള്‍ക്കുണ്ട്. അറിവിന്റെയും അനുഭവത്തിന്റെയും തലത്തില്‍ ഏകസ്വരകേന്ദ്രിതമായ പുരുഷത്വത്തിനെതിരെ ബഹുസ്വരമായ സ്ത്രീത്വം കൊണ്ടുള്ള പ്രതിരോധമാണ് അവയുടെ രാഷ്ട്രീയം. സൂചിക്കണ്ണിലേയ്ക്ക് നീളുന്ന പുരുഷകേന്ദ്രിതമായ ഏകാഗ്രതയെ രൂപപരവും പ്രമേയപരവുമായി ചിതറി വീഴുന്ന ബഹുത്വം കൊണ്ട് അവ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. എതിര്‍ക്കപ്പെടേണ്ട ഒരു അധികാരരൂപത്തെയും കാംക്ഷിക്കപ്പെടേണ്ട ഒരു ആദര്‍ശവത്കൃതരൂപത്തെയും ഒരേ സമയം പ്രതിനിധീകരിക്കുന്നതാണ് ഈ കവിതകളിലൂടെ സംബോധന ചെയ്യപ്പെടുന്ന പുരുഷത്വം. പ്രണയം ഒരാല്‍ബം, ജീവജലം എന്നീ സമാഹാരങ്ങളിലെ കവിതകളില്‍ ഈ അവസ്ഥയുടെ ദളവൈവിദ്ധ്യം കാണാം. അനുഭവങ്ങള്‍ക്കു നല്‍കുന്ന സവിശേഷമായ ഇന്ദ്രിയത്വം സ്ത്രീയുടെതു മാത്രമായ ചില ലോകങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുത്തിയെന്നും വരാം. അങ്ങനെ കാഴ്ചയുടെയും കേള്‍വിയുടെയുന്‍ സ്പര്‍ശഗന്ധരുചികളുടെയും ഈ കവിതകള്‍ ഉടലിന്റെ ഉത്സവങ്ങളാകുന്നു.
‘പറയുവാനെന്തിടയില്‍
ഈയുടല്‍‌വടിവുകളല്ലാതെ’ (പെണ്ണും വനഋഷ്ഭവും)

രണ്ട്

പ്രണയം ഒരാല്‍ബത്തിലെ പല കവിതകള്‍ക്കും പുതുകവിതയില്‍ പൊതുവെ കാണാത്ത ദൈര്‍ഘ്യവും ആഖ്യാനസ്വഭാവവുമുണ്ട്. ഇതില്‍ പുരുഷാധിപത്യപരമായ വിശ്വാസമിഥ്യകളെ പൊളിച്ചെഴുതുന്നതിന് ഫെമിനിസ്റ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കാറുള്ള പുരാവൃത്തങ്ങളുടെ പുനരാഖ്യാനം (revisionist myth making) എന്ന സങ്കേതം പുതുകവിതയില്‍ അന്യം നിന്നുപോയ വഴക്കങ്ങളിലൊന്നാണ്. ലോപാമുദ്രയും ശൂര്‍പ്പണഖയും കുന്തിയും കുബ്ജയും വെറും പുനരാഖ്യാനങ്ങളല്ല. സ്ത്രീത്വത്തിന്റെ സാമാന്യതയില്‍ നിന്ന് അടര്‍ത്തിയെടുത്തു നിര്‍മ്മിച്ചതെങ്കിലും വ്യക്ത്യനുഭവത്തിന്റെ വിശേഷതയും അവയ്ക്കുണ്ട്.

ലോപാമുദ്ര നാട്ടില്‍ വളര്‍ന്നവളും കാടിനെ വരിച്ചവളുമാണ്. പുറമേനിന്നു കാട് അവളിലേയ്ക്കു പ്രവേശിക്കുന്നു.

‘തൂമഞ്ഞില്‍ നനഞ്ഞവനം
ചൂഴ്ന്നു ചൂഴ്ന്നെന്നെ പൊതിയുന്നു’
അവളുടെ അകവും കാടു തന്നെ.
‘നീലഞരമ്പുകളില്‍ കുതിച്ചോടുന്നു
കാടിന്‍ ഹരിതം വിലാസം‘
അവളുടെ കാമനകളും കാട്.
‘ശരീരത്തില്‍ ഏകാന്തരാത്രിയില്‍-
പ്പൂവിടും കാട്ടശോകങ്ങള്‍ തന്‍
ഗന്ധമുണരുന്നു’

അവള്‍ നാഗരികമായ ആഭരണങ്ങള്‍ അണിയുന്നതുപോലും കാടിനാല്‍ അഴിക്കപ്പെടാനാണ്. പക്ഷേ വനവാസിയെങ്കിലും നഗരത്തിന്റെ ഇഷ്ടക്കാരനാണ് അഗസ്ത്യന്‍. നഗരവിപിനങ്ങളുടെ മൂല്യങ്ങള്‍ പരസ്പരം കൈമാറിയെടുത്ത ഇരുവരുടെയും ഇഷ്ടങ്ങളുടെ പൊരുത്തക്കേടില്‍ നിന്ന് ലോപാമുദ്രയുടെ അര്‍ദ്ധനാരീശ്വരമായ പ്രകൃതിനടനകാംക്ഷയിലാണ് കവിത അവസാനിക്കുന്നത്. ലോപാമുദ്രയുടെ ഉള്ളിലെ വന്യതയും അഗസ്ത്യന്റെ ശരീരവന്യതയും ചേര്‍ന്നതാണ് ഈ അര്‍ദ്ധനാരീശ്വരസങ്കല്പം. കാടും നാടും തമ്മിലുള്ള ദൂരത്തിന്റെ അളവുകള്‍ തുടക്കത്തിലുള്ളതിലും പെരുകുന്ന മറ്റു കവിതകളില്‍ നിന്നു ലോപാമുദ്ര മാറി നില്‍ക്കുന്നു.

കാടിനെ വരിച്ച ലോപാമുദ്രയില്‍ നിന്നു വ്യത്യസ്തയാണ് നഗരത്തിന്റെ പ്രാണനായ രാമനെ കാംക്ഷിക്കുന്ന ശൂര്‍പ്പണഖ. കാടിന് കാമവും പ്രണയവും ഒന്നാണെങ്കിലും ഇവയെ രണ്ടായി കാണുന്നതാണ് നഗരത്തിന്റെ വൈകാരിക ശീലം. കറുമ്പിയും കാടത്തിയുമായ ശൂര്‍പ്പണഖയില്‍ താനേ മുളയ്ക്കുന്ന കാട്ടുച്ചെടിയാണ് പ്രണയം. ശൈലീവത്കരിക്കപ്പെട്ട നഗരജീവിതത്തിന് ഗുരുസൂക്തികളില്‍ നിന്നു പഠിച്ചെടുക്കേണ്ട രതിവിജ്ഞാനത്തിലാണ് കമ്പം. ചുംബനങ്ങളില്‍ പോലും മുദ്രാവടിവു പുലര്‍ത്തേണ്ടുന്ന പ്രണയത്തിന് ശൂര്‍പ്പണഖ അന്യയാണ്. അതിന്റെ ഇര സീതയാണല്ലോ. തിരിച്ചറിയപ്പെടാത്ത ശൂര്‍പ്പണഖയുടെ- കാടിന്റെ- അംഗങ്ങള്‍ വികൃതമാക്കപ്പെടുന്നു. അര്‍ജ്ജുനനും ചിത്രയും ഇത്തരത്തില്‍ തന്നെ ആവര്‍ത്തിക്കപ്പെടുന്ന നഗരകാനനപ്രതീകങ്ങളാവുന്നു. കുന്തി നഗരത്തില്‍ പിറന്നവളും പ്രകൃതിദേവതകളെ വരിച്ചവളുമാണ്. നാടും കാടും അവയെ പ്രതിനിധീകരിക്കുന്ന സ്ത്രീപുരുഷപാത്രങ്ങളും പരസ്പരം മാറുമ്പോഴും, ഒരിക്കലും തിരിച്ചറിയാനാവാതെ പോകുമ്പോഴും, അന്യോന്യം കാംക്ഷിക്കാതിരിക്കാന്‍ ഈ സ്ഥലരാശികള്‍ക്കു കഴിയുന്നില്ല. ഈ കവിതകളില്‍ ഒരിക്കലും സഫലീകരിക്കപ്പെടാത്ത പരസ്പരാകാംക്ഷയായി നഗരകാനനങ്ങള്‍ പൊരുത്തക്കേടിന്റെ ഇതിഹാസബിംബങ്ങളാകുന്നു.

ഈ പുരാവൃത്തങ്ങളൊന്നും , അവ പൊളിച്ചു പണിതവയായതുകൊണ്ടു തന്നെ സമകാലികജീവിതത്തിന് അന്യമാകുന്നില്ല. പഴയകഥയിലെ കുബ്ജ പുതിയ കാലത്തിനെറ്റ് ആഖ്യാതാവാണ്. കാരണം പഴയ കുബ്ജ സ്വയം സമര്‍പ്പണത്തിലൂടെ കുളിരായി, ഹരിതമായി, തിളങ്ങുന്ന മുഖമായി മാ‍റുന്നുവെങ്കില്‍ പുതിയകുബ്ജ നാടകീയമായ പരിണാമഗുപ്തികളില്ലാതെ നോക്കുകുത്തിയുടെ നിശ്ചലതയിലേയ്ക്കൊടുങ്ങുന്നു. അന്ധനായ ധൃതരാഷ്ട്രരും അന്ധതയെ വരിച്ച ഗാന്ധാരിയും ആഖ്യാതാക്കളാകുന്ന ‘അന്ധര്‍ പരസ്പരം’ എന്ന കവിതയില്‍ അവര്‍ വ്യത്യസ്തരാകുന്നത് അനുഭവങ്ങളോടുള്ള സമീപനത്തിലാണ്. അടുപ്പവും അകലവും ഒരേ സമയം അറിയുന്നവരാണവര്‍. പൊരുത്തം കൊതിച്ചെങ്കിലും പൊരുത്തക്കേടിന്റെ ആധിക്യത്തില്‍ ഗാന്ധാരി തിരിച്ചറിയുന്നു:
‘അന്ധമിഴികളില്‍ തപ്പി
അകന്നുപോകാനേ കഴിയുന്നുള്ളു നാം
നിത്യനരകത്തില്‍ മൃത്യു വരേയ്ക്കും ബന്ധിതര്‍”
‘ഏറെത്തിരക്കുള്ളൊരാള്‍’ എന്ന കവിതയില്‍ സവിശേഷമായ ഭാഷയാണ് പുരാവൃത്ത സൂചനയാകുന്നത്.
‘ഇന്നെന്റെ കാലടി കഴുകിയെന്‍
മുടിയാല്‍ തോര്‍ത്തിക്കും
സുഗന്ധം ചൂടിക്കും’
ശൂര്‍പ്പണഖ, ലോപാമുദ്ര,ശാപം, ശൂന്യത, കാമം, കലിനിലം എന്നീ കവിതകളില്‍ പുരാവൃത്തപരാമര്‍ശം നേരിട്ടു നിര്‍വഹിക്കപ്പെടുമ്പോള്‍ ഈ വരികളില്‍ അത് ക്രിയകളിലൂടെ മഗ്ദലനയെ ഓര്‍മ്മിപ്പിക്കുന്ന ഉദാത്തമാകുന്നു. കൂടാതെ കടല്‍ കടക്കുമ്പോള്‍, കടലില്‍ ജ്ഞാന സ്നാനം എന്നിവയില്‍ ആദര്‍ശവതകരിക്കപ്പെട്ട പുരുഷ്ത്വം അലൌകികമായ ക്രിസ്തുരൂപമാകുന്നതും കാണാം.
‘നിന്റെ കാല്‍ക്കീഴിലീയബ്ധി
കണ്ണാടിപ്പാതയായിടും’ (ജീവജലം)

മൂന്ന്
ഇതിഹാസങ്ങളോറ്റു മാത്രമല്ല സമീപകാലവ്യവഹാരങ്ങളോടും പാഠാന്തരബന്ധം പുലര്‍ത്തുന്ന ചില കവിതകളുണ്ട്. അവയിലെ നേര്‍ത്തതെങ്കിലുമുള്ള നര്‍മ്മവും മൂലകൃതിയുടെ രൂപപരമായ ചില സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഉള്ളടക്കം വ്യത്യസ്തമാക്കുന്ന തന്ത്രവും പാരഡിയുടെ ഇരട്ടസ്വരമെന്ന് മിഖായേല്‍ ബാഖ്തിന്‍ സൂചിപ്പിച്ച ധ്വനിസാദ്ധ്യതകളിലേയ്ക്കു കൊണ്ടു പോകുന്നുണ്ട്. ഒരേ സത്യം പലതായി ആഖ്യാനം ചെയ്യപ്പെടുന്ന കുറോസോവ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന തലക്കെട്ടില്‍ പലതായി മാറുന്ന മഴയെ സിനിമയാക്കുന്നതിനുള്ള ഒരു കിനാവു പകുക്കുകയാണ് റാഷൊമോണ്‍ എന്ന കവിത. ആവിഷ്കരിക്കപ്പെട്ട ഉള്ളിലെ കവിതയും ആവിഷ്കരിക്കാന്‍ കൊതിക്കുന്ന ഉപകരണത്തിലെ കവിതയും (ക്യാമറ കവിതയോ?) ഇവിടെ ഒന്നു തന്നെയാകുന്നു. അറിയാത്തൊരാളില്‍ അയ്യപ്പന്റെ കവിതയെ ഓര്‍മ്മിപ്പിക്കുന്ന വരികളിലൂടെ ആദര്‍ശാത്മകപ്രണയത്തിന്റെ സമീപകാലകാവ്യബിംബം കൂടിയായ വാന്‍‌ഗോഗിനെ സ്ത്രീലിംഗമാക്കുന്നു. (സ്നേഹിക്കാത്തവന് ചെവിമുറിച്ചുമ്മയോടൊപ്പം നല്‍കി) തച്ചന്‍ മകളോട്, തരുതലത്തില്‍, നല്ല ഹൈമവതഭൂവില്‍, മാംസനിബദ്ധമോ രാഗം, മീന്‍, മാനം, കാട്ടില്‍ തളിര്‍പോല്‍ എന്നിങ്ങനെ ഒട്ടേറെ കവിതകളില്‍ കൃതി, കര്‍ത്താവ്, കഥാപാത്രം എന്നീ നിലകളിലുള്ള പാഠാന്തരബന്ധങ്ങള്‍ ഒരേ സമയം സാംസ്കാരികചരിത്രത്തോടും സമകാലികജീവിതത്തോടുമുള്ള പ്രതികരണങ്ങള്‍ കൂടിയാവുന്നു.

നാല്
പ്രണയത്തെയും കാമത്തെയും പെണ്‍‌കാഴ്ചയുടെതാദാത്മീകരണത്തിലൂടെയും ആണ്‍‌കാഴ്ചയുടെ അന്യവത്കരണത്തിലൂടെയും നിര്‍വചിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ ഗിരിജയുടെ കവിതകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ശൂര്‍പ്പണഖയില്‍ പ്രനയവും കാമവും ഒന്നാണ്. ലോപാമുദ്രയില്‍ പുത്രന്‍ പിറക്കാന്‍ മാത്രം രതിയിലേര്‍പ്പെടേണ്ടുന്ന കാമം പ്രണയസാക്ഷാത്കാരത്തിനുള്ള ത്യാഗമാണ്. ഒത്തുത്തീര്‍ക്കലിനും മെരുക്കിയെടുക്കലിനുമുള്ള നഗരവഴക്കങ്ങളെ ഭേദിക്കുന്ന വന്യമായ ആക്രമണശേഷിയാണ് ചിത്രയിലേത്. ചെറിയ കരിപുഅരണ്ട ലോകത്തിലെ സ്ത്രീയുടെ സ്വപ്നത്തില്‍ പാതിയുറങ്ങിയ കുഞ്ഞിനെ തള്ളിമാറ്റി അവകാശം സ്ഥാപിക്കാത്ത അവനെക്കുറിച്ചുള്ള സ്വപ്നം കാമത്തിന്റെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും മാത്രമല്ല, ഇതരഭൌതികാവശ്യങ്ങളുടെ കൂടി സഫലീകരണത്തെക്കുറിച്ചാണ്.
‘ഇലക്കുമ്പിളില്‍ വെയിലും
നിലാവും മഴപ്പളുങ്കും മോന്തി
വിടരുന്നൂ പ്രണയം’ (ഒറ്റ)
എന്ന സങ്കല്‍പ്പം കാല്പനികമായി മഹത്വവത്കരിക്കപ്പെട്ടതാണ്. എന്നാല്‍ പ്രണയത്തിന്റെ യാഥാര്‍ത്ഥ്യം ശകലീകരിക്കപ്പെട്ടതാണ്. നിറവും മണവും വെവ്വേറെയാക്കി പ്രണയത്തിന്റെ പകര്‍പ്പുകള്‍ പലതെന്നു വിശ്വാകരന്‍ - അയാള്‍ പുരുഷനാണ്- വിത്തിനോറ്റ് പറഞ്ഞുവോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു (പ്രണയപ്പകര്‍പ്പ്). ആദര്‍ശാത്മകമായ പ്രണയബോധത്തിലൂന്നിയ സ്ത്രീത്വം നിരന്തരം മുറിവേല്‍പ്പിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്യുന്നു (ദാമ്പത്യം, ശാപം, ശൂന്യത, കാമം). പ്രകാശരശ്മിയില്‍ കയറിപ്പോലും അവനില്‍ നിന്നകലാന്‍ കൊതിക്കുമ്പോഴും അതിനാവാതെ വരുന്നതാണ് ഇതിന്റെ ആത്യന്തികദുരന്തം. അകലെയിരുന്നതോരോന്നും അടുത്താവുമ്പോള്‍ അവനെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു. തുളക്കപ്പലില്‍ക്കയറി കടലുകടക്കാന്‍ പുറപ്പെട്ടവള്‍ക്ക് അവനിലേയ്ക്കു മടങ്ങുകയോ ജലത്തിലൊടുങ്ങുകയോ മാത്രമാണു വിധി (അദ്വൈതം). അങ്ങനെ പ്രണയം രക്ഷപ്പെടാനാവാത്ത ഒരു ദുരന്തമാകുന്നു. പക്ഷേ അവള്‍ കാംക്ഷിക്കുന്ന ‘അത്’ പ്രണയപ്രകടനത്തിന്റെ പതിവുശൈലികളില്‍ നിന്നുമാറി ബാല്യത്തിന്റെ അത്രമേല്‍ നിര്‍മ്മലമായ ഒരനുഭവത്തില്‍ നിന്നു ലഭിക്കേണ്ടതാണ്. അവല്‍ ചോദിക്കുന്നു :
‘കുട്ടിക്കാലവഴികളില്‍
ഒറ്റയ്ക്കൊരാളുമില്ലാതെ
നറ്റന്ന് വീട്ടിലേക്കൊഴുകുമ്പോള്‍
ഒരുമിച്ചെത്തുന്ന കുനുന്തുചന്ദ്രനായ്
എടുത്തു നീയതു തരുമോ?’ (അത്)
അതിന്റെ ഇടം ‘അവിട’മാണ്. അവിടെ നിശ്ശബ്ദതയുടെ നെടുവീര്‍പ്പില്‍ അവനോടൊത്തു കിടക്കുമെങ്കിലും അതു കാമപൂരണത്തിനല്ല. പക്ഷെ വിരല്‍ മാത്രം വിരലില്‍ കോര്‍ത്തു കിടക്കുന്നത് ശരീരത്തിനപ്പുറത്തെ മറ്റെന്തെങ്കിലുമല്ല, ശരീരസ്പര്‍ശത്തിന്റെ സൂക്ഷ്മതയില്‍ തന്നെയാണ് ഊന്നുന്നത്. അവിടെ ആത്മീയമായെന്തെങ്കിലുമുണ്ടെങ്കില്‍ അതു സ്വാതന്ത്ര്യമാണ്.
‘അവിടെ വരും ഞാന്‍,
മലയേറിയൊരാളില്ലാ-
ക്കോവിലിലെത്തി-
ത്തലചായ്ക്കുമ്പോലെ’ (അവിടെ വരട്ടെ?)

അഞ്ച്
പുരുഷന്‍ സംസ്കാരവുമായും സ്ത്രീ പ്രകൃതിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന ഇക്കോ-ഫെമിനിസ്റ്റ് വീക്ഷണം ബോധപരമോ അബോധപരമോ ആയി ഗിരിജയുടെ കവിതകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. പുരാവൃത്താഖ്യാനങ്ങളായ കവിതകളില്‍ മാത്രമല്ല ഈ കാഴ്ചപ്പാടുള്ളത്. ഒന്നു തിരിഞ്ഞു കിടന്നാല്‍ അരികത്തുള്ളവര്‍ ഉണരുന്ന ഫ്ലാറ്റില്‍, അരികിലുറങ്ങുന്നയാള്‍ പോലും തൊട്ടരികിലെയാളുടെ ഹൃദയം കണികാണാത്ത നഗരത്തിലെ മീനച്ചൂടില്‍ വാതില്‍ തുറന്ന് കുളിര്‍ വിരലുകള്‍ നീട്ടി വരുന്ന പ്രകൃതിയിലഭിരമിക്കാനുള്ള മോഹത്തിലതുണ്ട് (നഗരവിഷു). സ്ഥിരതയുടെയും തടവിന്റെയും പ്രതീകമായ മരമായിരുന്നുവെങ്കിലും സ്വാതന്ത്ര്യത്തെയും അനുഭവവൈവിധ്യത്തെയും കുറിച്ചുള്ള ബോധ്യത്തില്‍ പടര്‍ച്ചയിലൂടെ ആകാശത്തെയും അടിവേരിലൂടെ പുഴയെയും മിഴിയും ചെവിയും കൂര്‍പ്പിച്ച് ഉത്സവത്തെയും കാംക്ഷിച്ചുവെങ്കിലും താന്‍ തന്നെ ഭൂതകാലമാണെന്നും കൊച്ചിയില്‍ വൃക്ഷം തന്നെ കവിതയില്‍ മാത്രമേയുള്ളുവെന്നതാണ് വര്‍ത്തമാനമെന്നും തിരിച്ചറിയുന്നതിലും ഈ ബോധമുണ്ട് (മരമായിരുന്നു ഞാന്‍). ചിലരുടെ മാത്രം സ്വാതന്ത്ര്യമാകുന്നതിലൂടെ മറ്റു ചിലര്‍ക്ക് ഉത്സവം പോലും തടവാകുന്നുവെന്ന തിരിച്ചറിവില്‍ ഉത്സവം സാംസ്കാരികമായ അധികാരരൂപമാകുന്നു.
‘അവിടെയില്ലല്ലോ കറുത്തൊരുവനും
ദൈവം പോലും...
പശമണ്ണില്‍ കുഴച്ചവര്‍
പുകപിടിച്ചിരുണ്ടവര്‍
പരേതന്മാര്‍ അലയുന്നു
മതില്‍ക്കെട്ടിന്‍‌പുറങ്ങളില്‍ ‘ (ഉത്സവങ്ങള്‍)

ആറ്
ഈ കവിതകളിലേറെയും ആഖ്യാനം ചെയ്യപ്പെടുന്നത് സംബോധനാപരമായ മധ്യമപുരുഷനിലൂടെയാണ്. സംബോധനയിലൂടെ കേള്‍വിക്കാരനായ ഒരു അപരസ്വത്വം നിര്‍മ്മിക്കപ്പെടുന്നു. ഈ അപരസ്വത്വമായ അവന്‍ കൃത്യമായി നിര്‍വചിക്കപ്പെടാവുന്നവനാണ്.
‘അവനെന്നാല്‍ കയം, ചുഴി,
ഭൂമി വിഴുങ്ങും അന്തിമപ്രളയം’ (ചുഴലി)
പക്ഷേ അവളെ നിര്‍വചിക്കുക അത്ര എളുപ്പമല്ല.
‘അവല്‍ക്കുമുണ്ടാം കലര്‍പ്പുകള്‍
വിഷപ്പൊടിപ്പുകള്‍
ലാവാപ്രവാഹങ്ങള്‍..” (ചുഴലി)
അവനെക്കുറിച്ചുള്ള തീര്‍ച്ചയുടെയും അവളെ സംബന്ധിച്ച തീര്‍ച്ചയില്ലായ്മയുടെയും വ്യാകരണ വിശേഷങ്ങള്‍ ശ്രദ്ധിക്കുക.
കവിതയിലെ ആഖ്യാതാവ് ഈ അപരസ്വത്വത്തെ സംബൊധന ചെയ്യുകയും അതിനെ കാംക്ഷിക്കുകയും ചെയ്യുന്നുവെങ്കിലും അടുക്കുംതോറും അകലുകയും ഒന്നെന്നു കരുതിയിരുന്ന പൊതുഘടകങ്ങള്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാത്ത വിധം പിളര്‍ക്കപ്പെട്ടതാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു.
‘നിനക്കു വേണ്ടത്
ഒരു കിണ്ണം ചോറും
ഒരു പാത്രം വീഞ്ഞുമെന്ന്
ഞാനറിയുമ്പോഴേയ്ക്കും
നീ അ...ക....ലു...ന്നു...’ (സമാന്തരം)
അകലുന്നു എന്ന വാക്കിലെ അക്ഷരങ്ങളുടെ ഇടവിട്ടുള്ള വിന്യാസം വാക്കിനുള്ള അര്‍ത്ഥത്തെക്കാള്‍ അകലം സ്ഥലത്തിലൂടെ സൂചിപ്പിക്കുന്നു.

ഗിരിജയുടെ കവിതകളെല്ലാം ഒരേതരം ആഖ്യാനം പിന്‍പറ്റുന്നവയല്ല. ആഖ്യാതാക്കളുടെ വ്യക്തിവൈവിധ്യത്തിലൂടെ സ്വരവൈവിധ്യം പ്രകടിപ്പിക്കുന്നതിനും ഉദാഹരനങ്ങളുണ്ട്. ഞാന്‍- നീ (ലോപാമുദ്ര, ശൂര്‍പ്പണഖ, ദാമ്പത്യം, ഒഅറ്റ, വെയില്‍ നിലാവ്, ശേഷം മത്സ്യകന്യക, ദാഹജലം തിരയുന്ന പുഴ, നാഗമണി, കയം) അവള്‍‍-അവന്‍ (ചിത്ര, ചെറിയകരി പുരണ്ട ലോകത്തെ സ്ത്രീയുടെ സ്വപ്നം, കുബ്ജ, അറിയാത്തൊരാള്‍, വന്ദേമാതരം) അവന്‍-അവള്‍ (തച്ചന്‍ മകളോട്) നീ-അവന്‍ (ജനല്‍) അവന്‍(ര്‍) - ഞാന്‍ (കുന്തി, ഏറെത്തിരക്കുള്ളൊരാള്‍, മിഥ്യ, മാര്‍ക്കണ്ഡേയന്‍, മടക്കം) ഞാന്‍ (ലോകം പോലെ, മഴ) എന്നിവ ഈ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു.

സ്ത്രീയുടെയും പ്രകൃതിയുടെയും കൈമാറ്റം ചെയ്യപ്പെട്ട ഉടലുകളുടെ ഹരിത സുഗന്ധസമൃദ്ധി ഈ കവിതകളുടെ പൊതുവായ ഇന്ദ്രിയത്വത്തെ നിര്‍ണ്ണയിക്കുന്നു. ഹരിതവൃക്ഷങ്ങള്‍, സുഗന്ധപുഷ്പങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന ചരാചരവന്യത പെണ്ണുടലിന്റെ വന്യതയോടു ചേര്‍ന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട നഗരികതയുടെ ആടയാഭരണങ്ങളില്‍ നിന്നു വിടുതിനേടുവാന്‍ ശ്രമിക്കുന്നു. പക്ഷേ കരിപുരണ്ട വീട്ടുപരിസരത്തുനിന്നും, ഒന്നു നിവര്‍ന്നു കിടന്നാല്‍ ചുമരുകള്‍ കൈയില്‍ തടയുന്ന ഫ്ലാറ്റില്‍ നിന്നും അടുക്കാന്‍ ശ്രമിക്കുമ്പോള്‍ അകലുകയും അകലുമ്പോള്‍ അധികാരരൂപമായി അടുത്തെത്തുകയും ചെയ്യുന്ന അവനില്‍ നിന്നും -ഒന്നും മോചനം സാദ്ധ്യമാകുന്നില്ല. ഈ അതൃപ്തിയെ സ്ത്രീത്വത്തിന്റെ ആദര്‍ശവത്കരണമെന്നല്ല, പ്രകൃതിയുമായിച്ചേര്‍ന്നുകൊണ്ട് നിര്‍വഹിക്കുന്ന ശാരീരികവും സാമൂഹികവും ഭാവനാപരവുമായ സ്വത്വപ്രഖ്യാപനമെന്നാണു വായിക്കേണ്ടത്.

Subscribe Tharjani |