തര്‍ജ്ജനി

സജിത രാജന്‍

ഇ-മെയില്‍ sajithamr@gmail.com

Visit Home Page ...

വര്‍ത്തമാനം

വരകളുടെയും വര്‍ണ്ണങ്ങളുടെയും താളലയങ്ങള്‍

എഴുതിയ വാക്കും വരച്ച ചിത്രവും ഉടമസ്ഥരുടേതല്ലാതായി മാറുന്ന കാഴ്ച കൌതുകകരമാണ്. വായനയുടെ നിരവധി സാധ്യതകളാണ് ഓരോ കലാരചനയും മുന്നോട്ട് വയ്ക്കുന്നത്. വരകളുടേയും വര്‍ണ്ണങ്ങളുടേയും അനന്ത സാധ്യതകളെക്കുറിച്ച് നല്ല നിശ്ചയമുള്ള ചിത്രകാരിയാണ് ലേഖ നാരായണന്‍. ആസ്വാദകരുമായി തന്റെ ചിത്രങ്ങള്‍ സംവദിക്കണമെന്ന് ആഗ്രഹിക്കുന്ന ലേഖ, ആസ്വാദകരുമായുള്ള ആശയസംവാദങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.

തീക്ഷ്ണമായ രേഖകളും മൂര്‍ച്ചയേറിയ അരികുകളും ലേഖയുടെ പല ചിത്രങ്ങളുടേയും പ്രത്യേകതയാണ്. ആള്‍ക്കൂട്ടത്തിലും വ്യക്തികള്‍ വേറിട്ടു നില്‍ക്കുന്ന അവസ്ഥ. ഈ വ്യക്തി രൂപങ്ങള്‍ക്കെല്ലാം തനതു വ്യക്തിത്വവും ‘മുഖങ്ങളും’ ഉണ്ട്. ഇടക്കാല ചിത്രങ്ങളിലേക്കു വരുമ്പോള്‍ പുതിയ ആശയങ്ങളിലേക്കും നിറവിന്യാസങ്ങളിലേക്കും ചിത്രകാരിയുടെ ശ്രദ്ധ തിരിയുന്നതും പ്രകടമാണ്. ഇക്കാലത്തെ പല രചനകളും സ്ത്രീജീവിതങ്ങളുടെ വിവിധ ഭാവങ്ങളും വര്‍ണ്ണങ്ങളും ഒപ്പിയെടുക്കുന്നതായി കാണാം. 'serving tea' എന്ന ചിത്രം ഉദാഹരണമായെടുത്താല്‍, സ്ത്രീയുടെ അനന്തവും അദൃശ്യവുമായ ദാസ്യപ്പണി സൂചിപ്പിക്കുന്ന വളരെ ശക്തമായ ഒരു ബിംബകല്പനയാണ് ആസ്വാദകര്‍ക്ക് ലഭിക്കുന്നത്. സ്ത്രീ ജീവിതങ്ങളുടെ നൈരന്തര്യവും വ്യത്യസ്ഥതയും കാന്‍‌വാസിലേക്കു പകര്‍ത്തുന്നതില്‍ ഒരു പരിധി വരെയെങ്കിലും വിജയിച്ചിട്ടുണ്ട് ലേഖ, എന്നു പറയാതെ വയ്യ.

ആശയങ്ങളെ ഹാസ്യാത്മകമായി സമീപിക്കുന്ന രീതി ചില ചിത്രങ്ങളില്‍ ദൃശ്യമാണ്. ലേഖയുടെ പല ചിത്രങ്ങളുടേയും പ്രധാന സവിശേഷതയായി എടുത്തു പറയാവുന്നത് വാസ്തുകലയുമായുള്ള അടുപ്പമാണ്. ചില ചിത്രങ്ങളില്‍ വാസ്തുവിദ്യ തന്നെ പ്രകൃതിയും പരിസരവുമെല്ലാമായി മാറുന്നു. ഋജുരേഖകളുടേയും വക്രരേഖകളുടേയും മനോഹരമായ ഒരു ലയവിന്യാസം ഈ ചിത്രങ്ങളില്‍ ദര്‍ശിക്കാനാവും. വാസ്തുവിദ്യയോടുള്ള തന്റെ ആകര്‍ഷനം ലേഖ തന്നെ സമ്മതിക്കുന്നുണ്ട്. വിവിധ വാസ്തുവിദ്യാരൂപങ്ങളും മനുഷ്യരൂപങ്ങളും ഇഴ ചേര്‍ത്തു വയ്ക്കാനുള്ള ശ്രമങ്ങളാണ് ലേഖയുടെ ഇപ്പോഴത്തെ ചിത്രങ്ങളില്‍ കാണുന്നത്. ചിത്രകാരിയുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ചോദ്യം: ഒരു പതിവു ചോദ്യത്തില്‍ നിന്നും നമുക്കാരംഭിക്കാം. എന്തുകൊണ്ടാണ് താങ്കള്‍ വരയ്ക്കുന്നത്? അഥവാ, ചിത്രരചനയ്ക്ക് പ്രേരകമാകുന്നതെന്താണ്?

ലേഖ: എന്റെ ഉള്ളിലൂറിക്കൂടുന്ന നിരവധി ചിന്തകളും വികാരങ്ങളും ഫലപ്രദമായി പകര്‍ത്താന്‍ എന്നെ സഹായിക്കുന്ന മാധ്യമം ചിത്രകലയാണ്. വാക്കുകളില്‍ അവ ഒതുങ്ങിപ്പോകുകയോ, സംവേദനക്ഷമത നഷ്ടമാകുകയോ ചെയ്യുമ്പോള്‍ ചിത്രരചന കുറേക്കൂടി സങ്കീര്‍ണ്ണമായ ആശയങ്ങളും ബിംബങ്ങളും പകര്‍ത്താന്‍ എന്നെ സഹായിക്കുന്നു. ഇവിടെ എനിക്കു പ്രധാനമായത്, ‘വരയ്ക്കുക’ എന്നതു തന്നെയാണ്. ചിത്രരചനയ്ക്കിടയില്‍ രണ്ട് ഇടവേളകള്‍ ഉണ്ടായപ്പോഴും, തിരിച്ചു വരാനുള്ള, വീണ്ടും വരയ്ക്കാനുള്ള ശക്തമായ ഉള്‍പ്രേരണ എനിക്കുണ്ടായി. എന്റെ പ്രിയപ്പെട്ട മാധ്യമം ചിത്രരചനയാണ്.

ചോദ്യം: ആസ്വാദകന്റെ പ്രാധാന്യത്തെ എങ്ങിനെ കാണുന്നു?

ലേഖ: ആസ്വാദകരുമായുള്ള ആശയസംവാദം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണു ഞാന്‍. എന്റെ ചിത്രങ്ങള്‍ ആസ്വാദകരെ കാണിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും എനിക്കിഷ്ടമാണ്?

ചോദ്യം: ലേഖയുടെ ആദ്യകാല പോര്‍ട്രെയ്റ്റുകളിലും ലിത്തോഗ്രാഫ്സിലും രേഖകള്‍ ഏറെ തീക്ഷ്ണമാണ്. ഓരോ മനുഷ്യനെയും വ്യതിരിക്തമാക്കി നിര്‍ത്തുന്നതു പോലെ തോന്നും ചിത്രങ്ങളില്‍. ഇടക്കാല രചനകളില്‍ ഈ തീക്ഷ്ണത കുറയുന്നതായനുഭവപ്പെടുന്നു. എന്നാല്‍ പില്‍ക്കാല ചിത്രങ്ങളില്‍ ആ തീവ്രത വീണ്ടും തിരിച്ചു വരുന്നതായും കാണുന്നുണ്ട്.

ലേഖ: പോര്‍ട്രെയ്റ്റുകളും ലിത്തോഗ്രാഫുകളും 1992-1994-ലെ ബറോഡാ വിദ്യാഭ്യാസകാലത്തെ രചനകളാണ്. അന്നത്തെ പരീക്ഷണ കൌതുകം അവയില്‍ ദര്‍ശിക്കാനാകും. പിന്നീട്, കൊച്ചിയിലുണ്ടായിരുന്ന കാലത്ത് ഒരു ചിത്രം പുതിയ രീതിയില്‍ അവതരിപ്പിക്കാനും, പുതിയ നിറക്കൂട്ടുകള്‍ കണ്ടെത്താനുമുള്ള പതിയെയുള്ള ശ്രമങ്ങളായിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം സാധ്യതകള്‍ കൂടുതല്‍ സൂക്ഷ്മമായി ആരായാനും കണ്ടെത്താനും ഞാന്‍ ശ്രമിക്കുന്നുണ്ട്. അത്, വരകളിലും രേഖകളിലും പ്രതിഫലിക്കുന്നുണ്ടാകണം.

ചോദ്യം: ലേഖ എങ്ങിനെയാണ് വ്യക്തികളെ കാണുന്നത്? താങ്കളിലെ ചിത്രകാരിയെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതെന്താണ്?

ലേഖ: ഓരോ വ്യക്തിയും എന്നില്‍ കൌതുകവും താല്പര്യവും ജനിപ്പിക്കുന്നുണ്ട്. അനുഭവങ്ങളും ചിന്തകളും പ്രശ്നങ്ങളും ആഹ്ലാദങ്ങളും എല്ലാം, മിക്കവാറും ഒരാളുടേത് മറ്റൊരാളില്‍ നിന്നും വിഭിന്നമായിരിക്കും. അതുകൊണ്ടു തന്നെ എന്റെ ചിത്രങ്ങളിലെ വ്യക്തികളും വ്യത്യസ്തരായി നിലകൊള്ളുന്നുണ്ട്.

ചോദ്യം: വേറെയൊരു ജോലിയും പരിമിതമായ ചിത്രരചനയുമായി ഒരു കാലമുണ്ടായിരുന്നല്ലോ. അക്കാലത്ത് വര്‍ണ്ണങ്ങളിലും ആശയങ്ങളിലും പരീക്ഷണം സാധ്യമായിരുന്നോ?

ലേഖ: വലിയ തോതിലുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളും ഒരു പക്ഷേ കുറവായിരുന്നിരിക്കാം. എന്നാല്‍ പരീക്ഷണാത്മകമല്ലായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. പുതിയ മാതൃകകള്‍ കണ്ടെത്താന്‍ അന്നും ശ്രമങ്ങളുണ്ടായിരുന്നു.

ചോദ്യം: ‘അഭിസാരിക’യിലും ‘untitled‘ലും ഋജുരേഖകളുടേയും വക്രരേഖകളുടേയും മനോഹരമായ ലയം ദൃശ്യമാണ്.

ലേഖ: ഈ രണ്ട് ചിത്രങ്ങളും അഭിസാരിക,untitled ബിംബങ്ങളായി എന്റെ മനസ്സിലേക്ക് കടന്നു വന്നവയാണ്. ഏറെക്കുറെ പൂര്‍ണ്ണമായ ബിംബങ്ങളെന്നു പറയാവുന്ന വിധത്തില്‍ തന്നെ. കാന്‍‌വാസിലേക്കു പകര്‍ത്തുമ്പോള്‍ അവയുടെ അര്‍ത്ഥാന്തരന്യാസങ്ങളെക്കുറിച്ചൊന്നും ഞാനോര്‍ത്തതേയില്ല. വാസ്തുരൂപങ്ങളെയും മനുഷ്യരെയും പരസ്പരം ചേര്‍ത്തു വയ്ക്കാനുള്ള ശ്രമങ്ങള്‍ അവയിലുണ്ട്.

ചോദ്യം: ‘'serving tea', 'kitchen work' തുടങ്ങിയ പെയിന്റിങ്ങുകളില്‍ സ്ത്രീ ജീവിതത്തിന്റെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ലേഖ: അവ വരയ്ക്കുന്ന കാലത്ത്, മധ്യവര്‍ഗ്ഗ സ്ത്രീകളുടെ ജീവിതത്തിന്റെ ഊടും പാവും ഇഴയടുപ്പങ്ങളും ഒപ്പിയെടുക്കണമെന്ന് കരുതിയിരുന്നു. ആശയം പകര്‍ത്താനായെങ്കിലും, ഞാനുദ്ദേശിച്ചതരത്തില്‍ നിറവ്യത്യാസങ്ങളും വരയുടെ താളവും ഈചിത്രങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കാന്‍ സാധിച്ചിട്ടില്ല അതുകൊണ്ടു തന്നെ, അവ വീണ്ടും വരയ്ക്കണമെന്ന് ആഗ്രഹമുണ്ട്.

ചോദ്യം: "Birth right " birthrightനെക്കുറിച്ച്? വേറിട്ടുനില്‍ക്കുന്ന, ശക്തമായ ഒരു പെയിന്റിങ്ങായാണ് അത് അനുഭവവേദ്യമാകുന്നത്‌.

ലേഖ: സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പതിവു രീതികളെ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആഴത്തിലുള്ള അവബോധത്തിന്റെ അഭാവം സ്ത്രീകളില്‍ പ്രകടമാണ്. ഇതിനു് അനുയോജ്യമായ വിധത്തിലാണ് ചായക്കൂട്ടുകള്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്‌. സ്വല്പമൊരു ഹാസ്യത്തോടെയാണ് ഞാനീ ചിത്രത്തെ സമീപിച്ചിട്ടുള്ളത്.

ചോദ്യം: ഒരിടവേളയ്ക്കു ശേഷം ചിത്രരചന പുനഃരാരംഭിച്ചപ്പോള്‍ പൂര്‍ത്തിയാക്കിയ ‘floweing'-ലെ ബിംബകല്പന നന്നായിട്ടുണ്ട്. എന്നാല്‍ അവിടെയും, സന്ദേഹങ്ങളും സംശയങ്ങളും ഇടകലരുന്നതുപോലെ...

ലേഖ: കുറച്ചുകാലം പെയിന്റിങ്ങ് ചെയ്യാതിരുന്നതില്‍ നിന്നുമുണ്ടായ കൈവഴക്കമില്ലായ്മയും അവ നല്‍കിയ സന്ദേഹങ്ങളും ഞാനാ പെയിന്റിങ്ങില്‍ കാണുന്നുണ്ട്.

ചോദ്യം: ഇതിനോടൊപ്പം തന്നെ വരച്ച 'morning froth' - ല്‍ സ്ത്രീയുടെ വ്യാകുലതകളും വ്യസനങ്ങളും പ്രതിഫലിക്കുന്നതായി തോന്നുന്നു.

ലേഖ: ആസ്വാദകനോ(യ്ക്കോ) അങ്ങിനെ വായിച്ചെടുക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, കുറേക്കാലം ഞാന്‍ വരച്ച സ്കെച്ചുകളില്‍ നിന്നും കാന്‍‌വാസിലേക്കു പകര്‍ത്താന്‍ സാധ്യമായ രണ്ട് ബിംബങ്ങള്‍ തെരഞ്ഞെടുത്തു എന്നേയുള്ളൂ. വീണ്ടും ഈ ചിത്രം കാണുമ്പോള്‍ അതിലെ ഹാസ്യം കണ്ടെടുക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

ചോദ്യം: ‘houses' സീരീസില്‍ ആര്‍ക്കിടെക്ചറിലേക്കുള്ള ചായ്‌വ് വ്യക്തമായി ദൃശ്യമാകുന്നുണ്ട്.

ലേഖ: തീര്‍ച്ചയായും. കമ്പിയഴികള്‍, ഇഷ്ടികകള്‍, ചുമരുകള്‍, ഡിസൈനുകള്‍ തുടങ്ങിയവയോടൊക്കെയുള്ള എന്റെ ഇഷ്ടങ്ങള്‍ ആരംഭിക്കുന്ന കാലമാണത്. ഇവ തമ്മിലുള്ള താളപ്പൊരുത്തവും എന്നെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായനുഭവപ്പെട്ടു.

ചോദ്യം: പഴയ ചില ചിത്രങ്ങളില്‍ ദൃശ്യമായതുപോലെ, ഋജുരേഖകളുടേയും വക്രരേഖകളുടെയും ലയം പില്‍ക്കാല പെയിന്റിങ്ങുകളില്‍ കടന്നു വരുന്നുണ്ട്. മുഖങ്ങളില്‍ നിന്നും ശരീരങ്ങളിലേക്കും ചലനങ്ങളിലേക്കും ഫോക്കസ് മാറുന്നതായനുഭവപ്പെടുന്നു.

ലേഖ: വരകള്‍, രൂപങ്ങള്‍, നിറച്ചാര്‍ത്തുകല്‍ തുടങ്ങിയവയുടെ വ്യഞ്ജകത്വവും അനുരണനവും സൂക്ഷ്മമായി ആരായുകയും മനുഷ്യരൂപങ്ങളുടെയോ കെട്ടിടങ്ങളുടെയോ സമാഹൃതിയിലേക്ക് ഇവയെ ‘ചേര്‍ത്തു വയ്ക്കാന്‍’ എനിക്കു കഴിയുമോ എന്നു ശ്രമിക്കുകയുമാണ് പ്രധാനമായും ഞാനിപ്പോള്‍ ചെയ്യുന്നത്. എനിക്കുള്ളിലേക്ക് കടന്നു വരുന്ന ചില ബിംബങ്ങളെ അവയുടെ ‘അര്‍ത്ഥങ്ങളി’ലേക്ക് മുഴുവനായും കടന്നു പോകാതെ തന്നെ വരച്ചെടുക്കാനും ഞാന്‍ ശ്രമിക്കുകയാണ്.

ചോദ്യം: ഇതിനിടയില്‍ ആകര്‍ഷിക്കുന്ന ബിംബകല്പനകളും മറ്റു രചനകളും?

ലേഖ: ഇന്നത്തെ വാസ്തുവിദ്യ എന്നെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. വീടുകള്‍, ഹാളുകള്‍, തീയ്യറ്ററുകള്‍, ഗ്ലാസ്, കമ്പിയഴികള്‍ തുടങ്ങിയവ. ഇന്ത്യന്‍ ടെക്സ്റ്റയിലും ഡിസൈനുകളും എന്നെ വിസ്മയിപ്പിക്കാറുണ്ട്. മുഗള്‍ ചിത്രകല, കേരള ചുമര്‍ ചിത്രകല തുടങ്ങിയവയും എനിക്കിഷ്ടമാണ്.

Subscribe Tharjani |