തര്‍ജ്ജനി

രാജീവ് ചേലാട്ട്

Dubai, UAE

ഇമെയില്‍: rajeeveche@yahoo.com
ബ്ലോഗ്: രാജീവ് ചേലനാട്ട്

Visit Home Page ...

ലേഖനം

ഗുജറാത്തിലെ മുസ്ലിമുകള്‍: മുന്നിലുള്ള മാര്‍ഗ്ഗം

2002-ല്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ മറക്കണമെന്നും അവക്കൊക്കെ ഏകപക്ഷീയമായി ഇന്ത്യന്‍ മുസ്ലീമുകള്‍ മാപ്പു കൊടുക്കണമെന്നും ആവശ്യപ്പെടുന്ന രീതിയിലുള്ള ശബ്ദങ്ങള്‍ മുസ്ലിം സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തുനിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്‌. രാമന്റെ പേരില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക്‌ ഇതുവരെ മാപ്പു പറയാന്‍ തയ്യാറാകാതിരുന്ന മത-സാമുദായിക നേതാക്കളില്‍നിന്ന് ഗുജറാത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വര്‍ഗ്ഗീയവത്‌ക്കരിക്കപ്പെട്ടുവെന്നും, നീതി ലഭിക്കാനുള്ള അവസരം ദുര്‍ബ്ബലമാണെന്നും, ഏറെനാളൊന്നും ഈ തരത്തില്‍ ഇരകളെപ്പോലെ ഭയന്നും സഹാനുഭൂതി സ്വീകരിച്ചും കഴിയുന്നതില്‍ അര്‍ത്ഥമില്ലെന്നും, അത്‌ തങ്ങളുടെ ആത്മാഭിമാനത്തിനും പദവിക്കും യോജിച്ചതല്ലെന്നുമൊക്കെയാണ്‌ അവര്‍ വാദിക്കുന്നത്‌. രാജ്യത്തിനകത്തെ ധാരാളം പൗരാവകാശ സംഘടനകള്‍, എതിര്‍പ്പുകളെയും, മതങ്ങളുടെ വിഭാഗീയതകളെയും മറികടന്ന് രാജ്യത്തെ മുസ്ലിമുകള്‍ക്കുവേണ്ടി പോരാടുന്നുണ്ട്‌ എന്ന കാര്യം അവര്‍ മറന്നുപോയപോലെ തോന്നുന്നു.

വ്യക്തിപരമായി സംഭവിച്ച ദുരിതങ്ങള്‍ക്ക്‌ മാപ്പു കൊടുക്കുന്നവരുടെ-ഉദാഹരണത്തിന്‌, തന്റെ പിഞ്ചുകുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും കാറിലിട്ട്‌ ചുട്ടുകരിച്ചവര്‍ക്ക്‌ നിരുപാധികം മാപ്പു കൊടുത്ത ഗ്ലാഡിസ്‌ സ്റ്റെയിന്‍സിനെപ്പോലെയുള്ളവരുടെ-മഹാമനസ്കതയെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. തന്റെ കരണത്തടിക്കുന്നവര്‍ക്ക്‌ മറുകരണം കൂടി കാണിച്ചുകൊടുക്കാന്‍ ഉദ്‌ബോധിപ്പിച്ച യേശുവിനെയും ഗാന്ധിയെയുമൊക്കെ നമുക്ക്‌ പരിചയവുമുണ്ട്‌. വ്യക്തിപരമായ മഹാമനസ്കതയെയും, ഒരു സമൂഹത്തിനെ ഒന്നാകെ ദുര്‍ബ്ബലമാക്കാന്‍ നടത്തുന്ന രാഷ്ട്രീയമായ ആക്രമണങ്ങളെയും പക്ഷേ വേര്‍തിരിച്ചുതന്നെ കാണേണ്ടതുണ്ട്‌. വര്‍ഗ്ഗീയ കലാപം എന്നത്‌, കേവലം ഒരു വ്യക്തിക്കു നേരെയുള്ള ആക്രമണമല്ല, ഒരു പ്രത്യേക സമൂഹത്തിനു നേരെയുള്ള രാഷ്ട്രീയ അജണ്ടയാണ്‌. ഒരു വ്യക്തിക്കുനേരെയുള്ള ആക്രമണംപോലും, നിയമപരമായി സാധുതയുള്ള ഒന്നല്ല. കാരണം ഒരു സമൂഹത്തിന്റെ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നത്‌ നീതിവ്യവസ്ഥയിന്‍മേലാണ്‌., ചോദ്യം ഇതാണ്‌. തന്റെ നേരെയുള്ള ഒരു ആക്രമണത്തിന്‌ ഒരു വ്യക്തി മാപ്പു കൊടുക്കുന്നതുപോലെ, തങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തിന്‌ ഗുജറാത്തിലെ മുസ്ലിം സമൂഹം മാപ്പു കൊടുക്കുന്നത്‌ ശരിയാണോ അല്ലേ? മിക്കവാറും എല്ലാ മതങ്ങളും ക്ഷമ എന്ന ഗുണത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. ഗുജറാത്തില്‍ അത്‌ ബാധകമാണോ?

കുറ്റവാളികള്‍ക്ക്‌ മാപ്പു കൊടുത്ത നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ഉണ്ട്‌. ദക്ഷിണാഫ്രിക്കയിലാണ്‌ ഇത്തരത്തിലുള്ള ഒരു വലിയ പരീക്ഷണം നടന്നത്‌. ബുറുന്‍ഡിയിലെ വംശഹത്യയെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭ നടത്തിയ ട്രൂത്ത്‌ ആന്‍ഡ്‌ റീകണ്‍സിലിയേഷന്‍ കമ്മീഷന്‍ (നിജസ്ഥിതിയന്വേഷണ-അനുരഞ്ജന കമ്മീഷന്‍) വലിയൊരു യജ്ഞമാണ്‌ ഏറ്റെടുത്തത്‌. പക്ഷേ, അവിടെ, ഒരു വലിയ വ്യത്യാസം ഉണ്ടായിരുന്നത്‌, കുറ്റവാളികള്‍ കുറ്റം ആദ്യമേതന്നെ സമ്മതിച്ചിരുന്നു എന്നതാണ്‌. അനുരജ്ഞന ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഒരു കരണത്ത്‌ അടിക്കുന്നവന്‌ മറുകരണം കാണിച്ചുകൊടുക്കുന്നത്‌, മര്‍ദ്ദകനെ വല്ല വിധേനയും ഒരു മനംമാറ്റത്തിനോ, പശ്ചാത്താപത്തിനോ, അതുവഴി മാനസികസംസ്ക്കരണത്തിനോ പ്രേരിപ്പിക്കാനാവുമോ എന്ന അന്വേഷണത്തിന്റെ ഭാഗം എന്ന നിലയ്ക്കാണ്‌.

ഗുജറാത്തില്‍ സ്ഥിതി മറിച്ചാണ്‌. കഴിഞ്ഞ കുറെ ദശകങ്ങളായി സമൂഹത്തിന്റെ വര്‍ഗ്ഗീയവത്‌ക്കരണം നടന്നുകൊണ്ടേയിരിക്കുന്ന ഒരു സംസ്ഥാനമാണത്‌. മുസ്ലിം സമുദായത്തെ നികൃഷ്ടരായി കണക്കാക്കാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലങ്ങളായി. സമുദായങ്ങളെ ധ്രുവീകരിക്കാനുള്ള മാര്‍ഗ്ഗം എന്ന നിലയ്ക്ക്‌ ആക്രമണങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി. സമര്‍ത്ഥമായ സോഷ്യല്‍ എഞ്ചിനീറിംഗ്‌ വഴി, ഒടുവില്‍ ദളിതരെയും ആദിവാസികളെയുംവരെ, മുസ്ലിമുകള്‍ക്കെതിരെ തിരിച്ചുവിടാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിരിക്കുന്നു. തെഹല്‍ക്കയുടെ 2007 നവംബറിലെ വെളിപ്പെടുത്തല്‍ ഇത്‌ ശരിവെക്കുന്നുണ്ട്‌. വംശഹത്യക്കുള്ള മറയായി, മോഡി ഗോധ്രയെ ഉപയോഗിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ വര്‍ഗീയവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു പുനരധിവാസവുമില്ല. ഇരകള്‍ക്ക്‌ നീതിയുമില്ല. മുസ്ലിമുകളെ രണ്ടാംതരം പൗരന്‍മാരായി മാറ്റിനിര്‍ത്തുന്ന ഒരു കൃത്യമായ അജണ്ടയാണ്‌ നിലവില്‍ വന്നിരിക്കുന്നത്‌. ഇന്ന് ഗുജറാത്തില്‍ സമുദായങ്ങള്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, ഓരോ ദിവസം കഴിയുന്തോറും അത്‌ കൂടുതല്‍ക്കൂടുതല്‍ ആഴ്‌ന്നിറങ്ങിക്കൊണ്ടിരിക്കുന്നു. ആരും മാപ്പു ചോദിക്കുന്നതേയില്ല. മോഡി മുതല്‍ താഴേക്ക്‌ എല്ലാവരും കരുതുന്നത്‌, തങ്ങള്‍ ചെയ്തതെല്ലാം മതത്തിന്റെ പേരിലാണെന്നും, അതെല്ലാം ശരിയാണെന്നുമാണ്‌. മുസ്ലീമുകളെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവര്‍ തീര്‍ച്ചയാക്കിയിരിക്കുന്നു. എന്തുചെയ്താലും, തങ്ങളെ കാത്തുരക്ഷിക്കാന്‍ ഗുജറാത്തിലെ ഹിന്ദു രാഷ്ട്രത്തിന്റെ ബലമുള്ള കൈകള്‍ ഉണ്ടെന്ന ധൈര്യവും അവര്‍ക്ക്‌ കൂട്ടിനുണ്ട്‌. അപ്പോള്‍ ആര്‍ക്കാണ്‌ നിങ്ങള്‍ മാപ്പു കൊടുക്കാന്‍ പോകുന്നത്‌?

ജനാധിപത്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്‌ പ്രധാന പ്രശ്നം. ഗാന്ധിയുടെ ഗുജറാത്തിനെ ഗോഡ്‌സെയുടെയും മോഡിയുടെയും ഗുജറാത്താക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന്‌ തിരിച്ചറിയണം. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ക്ക്‌ മോഡി എന്ന കൂട്ടക്കൊലയാളി ഒരു ഹീറോ ആയിത്തീര്‍ന്നിരിക്കുന്നു. അയാള്‍ക്ക്‌ ദൈവികപരിവേഷം നല്‍കുന്നതില്‍ ഒരു വിഭാഗം മാധ്യമങ്ങളും സഹായത്തിനുണ്ട്‌. മറുഭാഗത്താകട്ടെ, കോണ്‍ഗ്രസ്സ്‌ വോട്ടുബാങ്കുകളുടെ കണക്കില്‍ കൂടുതല്‍ താത്‌പര്യം കാണിക്കുകയും, സംഘപരിവാര്‍ ടീമിന്റെ 'ബി'ഗ്രൂപ്പായി മാറുകയും ചെയ്തിരിക്കുന്നു. ജനാധിപത്യത്തിന്റെ പ്രതിരോധവും, മതനിരപേക്ഷമൂല്യവും മറ്റും അട്ടത്തു സൂക്ഷിച്ചിരിക്കുകയാണ്‌ ഗുജറാത്തില്‍.

ഇതെല്ലാം തിരിച്ചറിയുന്ന ഒരു ചെറിയ വിഭാഗം മുസ്ലീമുകളുടെ വേദനയും നിസ്സഹായാവസ്ഥയും നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. തങ്ങളുടെ രണ്ടാംതരം പൗരത്വത്തെ നിവൃത്തിയില്ലാതെ അവര്‍ക്ക്‌ സ്വീകരിക്കേണ്ടിവരികയും, അഭാവം കൊണ്ട്‌ സാന്നിദ്ധ്യം അറിയിക്കുന്ന ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്ന ഹിന്ദു രാഷ്ട്രത്തില്‍ മുട്ടു മടക്കി ജീവിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. നീതിയില്ലാതെ എങ്ങിനെയാണ്‌ സമാധാനം പുനഃസ്ഥാപിക്കാനാവുക? സാമൂഹ്യ സംവിധാനങ്ങള്‍ക്കകത്ത്‌ അനീതി സ്ഥാനം പിടിക്കുകയും അതിനെ സ്ഥാപനവത്‌ക്കരിക്കുകയും ചെയ്യുമ്പോള്‍ എങ്ങിനെയാണ്‌ ഒരു സമൂഹത്തിന്‌ തങ്ങളുടെ ആത്മാഭിമാനവും അന്തസ്സും പരിരക്ഷിക്കാനാവുക?

കേവലം ഒരു ന്യൂനപക്ഷ സമുദായത്തിനുവേണ്ടിമാത്രമുള്ളതാണോ പൗരാവകാശ സംഘങ്ങള്‍? ഏതെങ്കിലും ഒരു മതസമുദായത്തിന്റെ അവകാശങ്ങള്‍ക്കും അധികാരത്തിനുംവേണ്ടി മാത്രല്ല, മറിച്ച്‌, പൊതുവായ ജനാധിപത്യ അവകാശങ്ങള്‍ക്കും, പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയാവണം എല്ലാ പൗരാവകാശ സംഘടനകളും പ്രവര്‍ത്തിക്കേണ്ടത്‌. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ മാത്രമല്ല അത്‌ സംരക്ഷിക്കേണ്ടത്‌, ഭരണഘടനയെത്തന്നെയാണ്‌. ഒരു വലിയ ജനവിഭാഗത്തിന്‌ രണ്ടാംതരം പൗരന്‍മാരായി കഴിയേണ്ടിവരുമ്പോള്‍, ആ സമൂഹത്തിനെ ജനാധിപത്യസമൂഹമെന്ന് എങ്ങിനെയാണ്‌ നമുക്ക്‌ ഓമനപ്പേരിട്ടുവിളിക്കാനാവുന്നത്‌? ഗുജറാത്തിലെ ഏതെങ്കിലും ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ കാണാം. 'ഗുജറാത്ത്‌ എന്ന ഹിന്ദുരാഷ്ട്രത്തിലെ (ഇന്ന)ഗ്രാമത്തിലേക്ക്‌ സ്വാഗതം' എന്ന ഭീമന്‍ പരസ്യപ്പലകകള്‍.

ഈ മുസ്ലിം സമൂഹവുമായി ഐക്യദാര്‍ഢ്യം പങ്കിടുമ്പോള്‍തന്നെ, കൂടുതല്‍ വലിയ മറ്റു ജനാധിപത്യ സംവിധാനങ്ങളെയും സൂക്ഷ്മപരിശോധനയ്ക്കു വിലയിരുത്തേണ്ടത്‌? നമ്മുടെ ജനാധിപത്യത്തോട്‌ എന്താണ്‌ നമ്മള്‍ ചെയ്തിരിക്കുന്നത്‌? എങ്ങിനെയാണ്‌ ജനാധിപത്യത്തിന്റെ അളവുകോലിനെ വിധിനിര്‍ണ്ണയം ചെയ്യേണ്ടത്‌? ഒരു സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ എത്രമാത്രം സുരക്ഷിതരാണ്‌ എന്ന് പരിശോധിക്കുകയാണ്‌ ഒരു മാര്‍ഗ്ഗം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ന്യൂനപക്ഷമായി മുസ്ലിം സമൂഹത്തെ കാണുന്നതുതന്നെ ജനാധിപത്യത്തെ വര്‍ഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കലാണ്‌. ഗുജറാത്തിലാകട്ടെ, ആ ശക്തികള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയുമാണ്‌. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുക എന്നത്‌ കേവലം ഒരു ചെറിയ തുടക്കം മാത്രം. ജര്‍മ്മനിയില്‍ നമ്മള്‍ ദൃക്‌സാക്ഷ്യം വഹിച്ചതിന്റെ ഒരു 'സ്ലോമോഷന്‍' രംഗമാണ്‌ ഇവിടെ ആവര്‍ത്തിക്കുന്നത്‌. അവിടെ ആദ്യം ഇരയായത്‌ ജൂതന്‍മാരായിരുന്നു, പിന്നെ കമ്മ്യൂണിസ്റ്റുകള്‍, ട്രേഡ്‌ യൂണിയനുകള്‍, ഒടുവില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും. ഇവിടെ നമ്മുടെ ഇന്ത്യയില്‍, സംഘപരിവാര്‍ സംയുക്തസഖ്യത്തിന്റെ മുന്‍ഗണനാക്രമം മുസ്ലിമുകള്‍, ക്രിസ്ത്യാനികള്‍, മതേതരവാദികള്‍, മറ്റു ദുര്‍ബ്ബല വിഭാഗങ്ങള്‍, എന്നിങ്ങനെയാണെന്ന വ്യത്യാസം മാത്രമയുള്ളു.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഗുജറാത്ത്‌ തയ്യാറെടുക്കുകയും, ജ്യോതിഷികള്‍ മോഡിയുടെ തിരിച്ചുവരവിനെ പ്രവചിക്കുകയും ചെയ്യുന്ന ഈ മുഹൂര്‍ത്തത്തില്‍, ജനാധിപത്യത്തെ രക്ഷിക്കാനുള്ള എല്ലാ ഊര്‍ജ്ജവും, മാര്‍ഗ്ഗവും നമ്മള്‍ പ്രാവര്‍ത്തികമാക്കണം. അതിനു വൈകിക്കൂടാ. പരാജയപ്പെടുത്താനാകാത്തവണ്ണം സമര്‍ത്ഥനാണ്‌ മോഡി, സാമുദായിക ധ്രുവീകരണം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന മട്ടിലൊക്കെയുള്ള പ്രചരണങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌, ഗുജറാത്തിലെ വംശഹത്യ സംവിധാനം ചെയ്ത അതേ ശക്തികള്‍തന്നെയാണ്‌. ജനാധിപത്യത്തിനു പകരം നില്‍ക്കാന്‍ മറ്റൊന്നില്ല എന്നു നമ്മള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ദോഷങ്ങളെ ഇല്ലാതാക്കാന്‍, കൂടുതല്‍ കൂടുതല്‍ ജനാധിപത്യം എന്ന ഒരേയൊരു ഔഷധി മാത്രമേ നമ്മുടെ കയ്യില്‍ ഇന്നുള്ളു. ഒരു സമുദായത്തിനുനേരെയുള്ള അനീതി എല്ലാ സമുദായങ്ങള്‍ക്കുനേരെയുമുള്ള അനീതിയാണെന്ന തിരിച്ചറിവുണ്ടായെങ്കില്‍ മാത്രമേ ഒരു രാഷ്ട്രസമൂഹത്തില്‍ ദേശീയോദ്‌ഗ്രഥനം സാധ്യമാകൂ. ഒരു വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിക്കുകയെന്നാല്‍, നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങളുടെയും ഭരണഘടനാതത്ത്വങ്ങളുടെയും നിരാസമെന്നാണ്‌ അര്‍ത്ഥം. സംഘപരിവാര്‍ ഉള്‍പ്പെടുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികളാകട്ടെ, ഈ മൂല്യങ്ങളെയും തത്ത്വങ്ങളെയും എന്നും തള്ളിപ്പറയുന്നവരുമാണ്‌.

വിവിധ മതസമുദായങ്ങള്‍ക്കിടയിലുള്ള സ്പര്‍ദ്ധയെ അകറ്റാന്‍ നമ്മുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ശരിയായ അവബോധത്തിനു സാധിക്കും. ആ അവബോധത്തെ വിശാലമാക്കുകയെന്നത്‌ അടിയന്തിരപ്രാധാന്യമുള്ള കാര്യമാണ്‌. നൂറ്റാണ്ടുകളായി ഒരേ മണ്ണില്‍ സഹവര്‍ത്തിച്ചിരുന്നവരാണ്‌ ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിമുകളും എന്ന് ജനങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കണം. മറിച്ചുള്ള പ്രചരണമാണ്‌ ഇപ്പോള്‍ ശക്തിയാര്‍ജ്ജിക്കുന്നത്‌. അത്‌ മാറണം. ജനങ്ങളെ ഉദ്‌ബോധിപ്പിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും എല്ലാ സമുദായങ്ങളും ഒരുപോലെ പങ്കാളികളായിരുന്നുവെന്നതാണ്‌. ഗാന്ധിയുടെ ഹിന്ദുത്വത്തിനും മൗലാനാ അബ്ദുള്‍ കലാമിന്റെ ഇസ്ലാം മതത്തിനും മാത്രമേ ഇന്ത്യയെ കൂട്ടിയിണക്കാനാവൂയെന്നും, ഗോഡ്‌സെ-മോഡി-ആര്‍.എസ്സ്‌.എസ്സ്‌ സഖ്യത്തിന്റെ ഹിന്ദുത്വത്തിനും, ജിന്ന-മുസ്ലിം ലീഗ്‌-താലിബാന്‍ സഖ്യത്തിന്റെ ഇസ്ലാമിനും ജനങ്ങളെ ഭിന്നിപ്പിക്കാനും മാത്രമേ കഴിയൂ എന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്‌.

വര്‍ഗ്ഗീയ ശക്തികള്‍ കുത്തിവെച്ച വിഷം നിര്‍മ്മാര്‍ജ്ജനം ചെയ്ത്‌, നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ ബഹുസ്വരതയുടെ ചരിത്രത്തിലെ മാനുഷികമൂല്യങ്ങള്‍ തിരികെപിടിക്കാനും, സഹിഷ്ണുതയും, സമന്വയവും, സാമൂഹ്യ നീതിയും പരിരക്ഷിച്ച്‌, മുസ്ലിം സമൂഹത്തിന്‌ രാജ്യത്തെവിടെയും ഒരേ അളവില്‍ സുരക്ഷിതത്ത്വബോധം നല്‍കാനുമുള്ള സമയം ഇപ്പോഴും വൈകിയിട്ടില്ല. ഏകപക്ഷീയമായി മാപ്പുകൊടുക്കുക മാത്രമേ രക്ഷാമാര്‍ഗ്ഗമായിട്ടുള്ളു എന്ന തോന്നല്‍ ഏതെങ്കിലും സമുദായത്തിന്‌ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം, നമ്മുടെ സംവിധാനങ്ങള്‍ അത്രമേല്‍ ദുഷിച്ചിരിക്കുന്നുവെന്നും, അതിനെ ശുദ്ധീകരിക്കാന്‍ വൈകിയിരിക്കുന്നുവെന്നുമാണ്‌. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പ്രബുദ്ധരും മനസ്സാക്ഷിയുള്ളവരുമായ എല്ല ജനവിഭാഗങ്ങളും ഒത്തൊരുമിക്കേണ്ട ഒരു ഇടമാണത്‌. എല്ലാവര്‍ക്കും നീതി ലഭിക്കാനും, നിസ്സഹായരായി, രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കേണ്ടിവരുന്നവരുടെ മുറിവുകളുണക്കാനും അത്‌ ആവശ്യവുമാണ്‌.

നവംബര്‍ 27ലെ കൗണ്ടര്‍കറന്റ്സില്‍ റാം പുനിയാനി എഴുതിയ ലേഖനം.

Subscribe Tharjani |