തര്‍ജ്ജനി

എം.കെ ഹരികുമാര്‍

അക്ഷരം
മിഷന്‍ സ്കൂളിനു സമീപം
തൃപ്പൂണിത്തുറ
കൊച്ചി - 682301

ഫോണ്‍: 98950 77667
ഇമെയില്‍: harikumar.bluemango@gmail.com
വെബ്ബ്: എം. കെ. ഹരികുമാര്‍

Visit Home Page ...

ലേഖനം

പൂവുകള്‍ എവിടേക്ക്‌ പോകുന്നു?

ഒരു പുഷ്‌പത്തിന്റെ ജീവിതത്തെക്കാള്‍ വിലപ്പെട്ടതല്ല മനുഷ്യ ജീവിതം എന്ന് പറഞ്ഞത്‌ പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രമുഖ നാടകകൃത്തായിരുന്ന ഓസ്‌കാര്‍ വൈല്‍ഡാണ്‌. പൂവിന്റെ വിശുദ്ധിയും ഭാവനാത്മകതയുമാണ്‌ അതിന്റെ ശ്രേഷ്ഠത. പൂവ്‌ അല്‍പ നേരത്തെ ജീവിതത്തിലൂടെ തന്റെ ബഹുസ്വരങ്ങളെയും ബഹുസംസ്‌കരങ്ങളെയുമെല്ലാം അതിലംഘിക്കുന്നു. പൂവ്‌ ചരിത്രമാകുകയാണ്‌. 'വീണപൂവില്‍ അതിന്റെ പ്രസന്നതയും കാലികതയും വിടവാങ്ങലും മര്‍ത്ത്യ ചരിത്രത്തിന്‌ ബദലായിട്ടുള്ള ഒന്നാ‍ണ്‌.എന്നാല്‍ അതിനെ മനുഷ്യനുമായി അഭേദ്യമായി ബന്ധിപ്പിക്കാനാണ്‌ കവിയുടെ ശ്രമം. ഓരോ പൂവിന്റെയും ചരിത്രം ലോകചരിത്രമാകുന്നത്‌ നാം കാണുന്നു. അതേസമയം പൂവിന്റെ അന്തര്‍ഗ്ഗതത്തെപ്പറ്റി കവി നല്‍കുന്ന സൂചനകളാണ്‌ നമുക്കുള്ളത്‌. പൂവ്‌ സംസാരിക്കുന്നതായി എഴുതുന്നില്ല. ഇത്‌ ബോധപൂര്‍വം ഒഴിവാക്കിയതാണ്‌.പൂവിനെ നാം അനുഭവിക്കുകയാണ്‌. അതിലുടെ അത്‌ ജീവിതമാണെന്ന് തിരിച്ചറിയുന്നു. അതിന്റെ ചരിത്രത്തിലൂടെ ലോകഗതിയും മനസ്സിലാക്കുന്നു. ഏതു പൂവിനും ചരിത്രമുണ്ട്‌. അവയെല്ലാം സമാനമാണ്‌. പൂവ്‌ നിമിഷമാണ്‌. പൂവിന്റെ നൈമിഷികാവലോകനം ലോകചരിത്രത്തില്‍ നിന്ന് ഭിന്നമല്ലാത്ത ചരിത്രം തന്നെയാണ്‌. പൂവ്‌ ഉത്പാദിപ്പിക്കുന്ന സൗന്ദര്യം മനുഷ്യന്‌ പ്രലോഭനമാകേണ്ടതാണ്‌. ആശയങ്ങള്‍ക്കും തത്വങ്ങള്‍ക്കും അപ്പുറമുള്ള പ്രാഥമികവും മൗലികവുമായ സൗന്ദര്യമാണിത്‌. ഇത്‌ കൃത്രിമമല്ല; അതേസമയം ഇതില്‍ കാല്‍പനിക യോഗാത്‌മക ഭാവവുമുണ്ട്‌. എന്നിട്ടും പൂവിന്‌ അങ്ങിനെയുള്ള ബോധ്യം വേണമെന്നില്ല. കുഴഞ്ഞു മറിഞ്ഞ ലോകത്ത്‌ ' പൂക്കളെപ്പോലെ ജീവിക്കുക' എന്ന് ആഹ്വാനം ചെയ്ത ക്രിസ്തുവിനെ കാല്‍പനികതയുടെ ഉദ്ഘാടകനായി ഓസ്‌കാര്‍ വൈല്‍ഡ്‌ അഭിദര്‍ശിക്കുന്നുണ്ട്‌. പൂക്കളെപ്പോലെ ജീവിക്കുക എന്ന സന്ദേശമല്ലേ 'വീണപൂവ്‌' നല്‍കുന്നത്‌?

മറ്റൊരാള്‍ക്ക്‌ ദോഷമൊന്നുമുണ്ടാക്കതെ ,എന്നാല്‍ ആവോളം സൗന്ദര്യം നല്‍കി, നിഷ്‌കാമത്തോടെ പിന്‍വാങ്ങുന്ന പൂവിന്റെ മാര്‍ഗം മനുഷ്യര്‍ക്കും ബാധകമാണ്‌. പൂക്കളുടെ ജീവിതം മഹത്തരമാണെന്നും അവയെപ്പോലെ ജീവിച്ചാല്‍ മതിയെന്നും പറയുന്നതിലൂടെ കവി പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട അപാരമായ സൗന്ദര്യ നിര്‍മ്മാണത്തിലാണ്‌ ഏര്‍പ്പെട്ടതെന്ന് കാണാം.

ഇവിടെ പൂവ്‌ എന്തിനാണ്‌പ്രതീകമാകുന്നത്‌? മറിച്ച്‌ അത്‌ തന്നെയാണ്‌ സത്യം. അത്‌ ഒന്നിന്റെയും പ്രതിബിംബമല്ല., പ്രതീകമല്ല; മറിച്ച്‌ പൂവ്‌ തന്നെയാണ്‌സത്യം. ഈ ആശയത്തിലാണ്‌ കവിതയുടെ ലോകമാനം വരുന്നത്‌. എഴുതപ്പെട്ട ചരിത്രത്തിന്റെയത്രയും ഗതി തിരിച്ചുവിടുകയാണ്‌ ഈ കവിത. ക്രോധവും അധികാരവുമാണ്‌ ചരിത്രമെന്ന പ്രാചീന സങ്കല്‍പ്പത്തെ തകര്‍ക്കുയാണ്‌ പൂവിന്റെ കാലത്തിലൂടെയും പതനത്തിലൂടെയും ആശാന്‍ ചെയ്യുന്നത്‌. ജീവിതത്തിന്റെ സജീവത നിലനിര്‍ത്താനുംസംവാദത്തിന്റെയും സ്‌നേഹത്തിന്റെയും ധാര കണ്ടെത്താനും 'വീണപൂവ്‌' ഔഷധമാണ്‌. സ്നേഹിക്കാനൊരു വഴി ഈ കവിത തരുന്നുണ്ട്‌. പൂവിനെപ്പോലെ മൃദുലവും സരളവുമായാല്‍ കാലുഷ്യത്തിന്റെ പ്രശ്നം ഉണ്ടാകുന്നില്ല. പൂവിലൂടെ സമസ്ത ജൈവ പ്രതിഭാസങ്ങളെയും കവി ദൃശ്യവല്‍ക്കരിക്കുകയാണ്‌. എന്നാല്‍ ബാഹ്യലോകത്തിന്‌പകരമായി, ബിംബമായി കവി പൂവിനെ കാണുന്നില്ല

പൂവിന്‌ മതമുണ്ട്‌. അത്‌ കവി പലവഴികളിലൂടെ തേടുന്നു.എന്നിട്ട്‌ ആ മതം മനുഷ്യര്‍ക്ക്‌ ചേരുന്നതാണോ എന്ന് തിരക്കുന്നു. ഇത്‌ ചരിത്രപരമായി നോക്കിയാല്‍ വിപ്ലവമാണ്‌. മനുഷ്യരുടെ ശക്തിയിലും അവരുടെ ദര്‍ശങ്ങളിലും വേരുകളാഴ്‌ത്തി നില്‍ക്കുന്ന നാഗരികതയില്‍ കവികളൊക്കെ പൂവിനെയും പൂമ്പാറ്റയെയും കണ്ട്‌ മോഹിക്കാറുണ്ട്‌. അതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല.യന്ത്രത്തിന്റെയും നിയമത്തിന്റെയും കാലുഷ്യത്തിന്റെയും ബദല്‍ ലോകം ആന്തരിക ജിജ്ഞാസയുള്ളവര്‍ തേടാതിരിക്കില്ല.അതവരുടെ ആത്മാവിന്റെ ശാന്തിയുടെ പ്രശ്നമാണ്‌. തങ്ങളുടെ സ്വകാര്യ ലോകം കവര്‍ന്നെടുക്കുന്ന നൂറുകണക്കിന്‌ സംവിധാനങ്ങളാണ്‌ ലോകം ഒരുക്കി വയ്‌ക്കുന്നതെന്ന് അവര്‍ക്ക്‌ അറിയാം. കവി തന്റെ സ്വകാര്യതയിലേക്ക്‌ പ്രേമത്തോടെയോ ദുഃഖത്തോടെയോ നോക്കുന്നത്‌ ബാഹ്യലോകം ഇഷ്ടപ്പെടുന്നില്ല. കാരണം ബാഹ്യലോകം ബഹുസ്വരങ്ങളുടേതാണ്‌. അവിടെ എല്ലാം കുഴഞ്ഞ്‌മറിയുകയാണ്‌. അവിടെയൊന്നും ശേഷിക്കുന്നില്ല .ഓരോന്നും വന്നും പോയുമിരിക്കുന്ന അവസ്ഥ. ഇതിനെതിരെയാണ്‌ കവി മറ്റൊരുലോകം അന്വേഷിക്കുന്നത്‌. അവിടെ അനേകം സ്വരങ്ങളുടെ അടയാളങ്ങള്‍ കൊണ്ടയാള്‍ ഏകം സൃഷ്‌ടിക്കുന്നു. അത്‌ അനന്തമായ ആന്തരിക സമസ്യകളെക്കുറിച്ചുള്ള ഏകാത്‌മകതയാണ്‌. താന്‍ കണ്ട ലോകത്തിന്റെ വിവിധ നിറങ്ങളും ഭാവങ്ങളും രൂപങ്ങളും കൂടിച്ചേര്‍ന്ന് ജീവിതാനുഭത്തെപ്പറ്റിയുള്ള ദര്‍ശനമായാണ്‌ കവിതയിലെ വാക്കുകള്‍ നിരക്കുന്നത്‌ . ഇത്‌ സങ്കീര്‍ണമായ ഭാഷയാണ്‌.

Subscribe Tharjani |
Submitted by Bindu krishnan (not verified) on Thu, 2008-01-10 13:52.

very striking obervations