തര്‍ജ്ജനി

ലേഖനം

ആശ്രമസത്യങ്ങള്‍

വിതുര ബാലികാപീഡന കേസ്സിന്റെ വിധി വന്ന ദിവസം (2007 മെയ്‌ 28) തൊട്ട്‌ ആശ്രമമൃഗമായ സുഗതകുമാരി പറയകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെ ശ്ലാഘിക്കാതെ വയ്യ.

വാര്‍ത്ത തേടി വരുന്നവരോടും, പ്രതികാര ബുദ്ധിയോടെ അവളെ നോക്കുന്നവരോടും, സെന്‍സേഷന്‍തേടി വരുന്നവരോടും (പ്രാസ, വൃത്ത ഭംഗി അത്രയൊന്നും കാണില്ല എങ്കിലും കുഴപ്പമില്ല) ഒന്നുമാത്രം-അവളെ ജീവിക്കാന്‍ അനുവദിക്കുക. ആ ഗതിയില്ലാത്ത പെണ്ണ്‌ കുറച്ചുകാലം കൂടി ജീവിച്ചിരിക്കണം. അവളെ കൊല്ലരുത്‌‘. എന്നിട്ടും ആളുകള്‍ വിടുന്നില്ല. ജൂണ്‍ മൂന്നിന്‌ കേരളകൗമുദി വഴി വീണ്ടും അപേക്ഷിച്ചു. “മാനസിക വിഭ്രാന്തിയില്‍ കഴിയുന്ന അവളെ അല്‍പകാലം കൂടി ജീവിക്കാന്‍ അനുവദിക്കൂ.“ മാനസിക വിഭ്രാന്തിയുള്ള സാക്ഷിയുടെ മൊഴികള്‍ ഒരു പക്ഷേ ലൗകിക ലോകത്തിന്റെയും കടലാസ്‌ നിയമങ്ങളുടെയും പ്രതിനിധികളായ കോടതികളും നിയമപാലകരും പ്രതികള്‍ക്ക്‌ രക്ഷപ്പെടാനുള്ള പഴുതായി കണ്ടേക്കാം. ആശ്രമ മൃഗമായ എനിക്കെന്തുഗതി, കേഴുകയല്ലാതെ

സത്യത്തില്‍ ആശ്രമത്തിലെ പുരുഷതാപസനായ ഡോ: കെ. വേലായുധന്‍ നായര്‍ പണ്ട്‌ മാതൃഭൂമി ആഴ്ച്ച പതിപ്പില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെപ്പറ്റി പറഞ്ഞതാണ്‌ ശരി, ‘പത്തന്‍പത്‌ പേരുടെ കൂടെ സുഖിച്ച്‌ നടന്നിട്ട്‌ അവസാനം പീഡനം പീഡനം എന്നു പറഞ്ഞ്‌ വരും‘.

അസൂയാലുക്കളുടെ എതിര്‍പ്പ്‌ മുന്‍പും ഉണ്ട്‌. നേരും നെറിയും ഉണ്ടായിരുന്ന അടിയന്തിരാവസ്ഥയില്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ സ്നേഹിച്ചതായിരുന്നു കുറ്റം (സ്നേഹിക്കുന്നത്‌ ഒരു കുറ്റമാണോ?) പിന്നീട്‌ ആര്‍.എസ്‌.എസ്‌. സാസ്കാരിക സംഘടനയാണെന്ന്‌ പറഞ്ഞതിനായി (നമ്മുടെ സംസ്കാരം കാത്തു സൂക്ഷിക്കുന്ന സംഘടന സാസ്കാരിക സംഘടനയല്ലേ?)

അഭയം ഇല്ലാത്തവര്‍ക്ക്‌ അഭയം നല്‍കുവാനായി 1985 ല്‍ അഭയ സ്ഥാപിച്ചപ്പോള്‍ പിന്നെ അതിന്റെ പേരിലായി. ആശാനെ ഉപയോഗിക്കുന്നു എന്നായിരുന്നു ആദ്യം. സ്ഥാപക പ്രസിഡന്റായ ആശാന്റെ വാക്കുകളെ വളച്ചൊടിച്ച്‌ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിച്ചുവത്രേ! കെ.വി. സുരേന്ദ്രനാഥ്‌ എന്തു കൊണ്ട്‌ രാജിവച്ചൊഴിഞ്ഞു. എന്നായി പിന്നെ. മനസ്സിന്റെ നൈര്‍മ്മല്യം കൊണ്ടും മഹാത്മാഗാന്ധിയുടെ ഹൈന്ദവത കൂട്ടിനുണ്ടായതുകൊണ്ടും കവിത്വം കൊണ്ടും ഒരു വിധം പിടിച്ചുനിന്നു.

സാമ്പത്തിക ക്രമക്കേടായിരുന്നു. പ്രധാന ആരോപണം കീഴ്ക്കോടതിയ്ക്ക്‌ നിരപരാധിത്വം ബോധ്യപ്പെട്ടില്ലെങ്കിലും ഹൈക്കോടതി കാത്തു. അഭയയുടെ രജിസ്ട്രേഡ്‌ ഓഫീസ്‌ വീട്ടില്‍ നിന്നും അഭയാഗ്രാമത്തിലേയ്ക്ക്‌ മാറ്റാത്തതെന്ത്‌ എന്നാണ്‌ ഒരു ചോദ്യം.

ആശ്രമമൃഗത്തിന്‌ വീടും ഗ്രാമവും തമ്മിലെന്തു വ്യത്യാസം? തന്നെ സഹായിക്കാന്‍ വന്ന ആശ്രമ കന്യകയായ മകളെ ചുറ്റിപ്പറ്റിയും വന്നു ക്രമക്കേടുകളുടെ ആരോപണം. എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ തസ്തികയില്‍ മകളെ അവരോധിച്ചു, യോഗ്യതയുള്ളവരെക്കാളും ശമ്പളം നിജപ്പെടുത്തി, അഭയയുടെ തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന ദോഷൈകദൃക്കുകളെയെല്ലാം ഒഴിവാക്കി അഭയയെ ഒരു ആശ്രമ (കുടുംബ) സ്വത്താക്കി മാറ്റി, ആശ്രമ താപസനായ ഡോ: കെ വേലായുധന്‍ നായര്‍ക്ക്‌ ചിലവിനായി നാലുകാശു നല്‍കി, അദ്ദേഹം തയ്യാറാക്കിയ ചെക്കുകളിലും സാക്ഷ്യപ്പെടുത്തിയ രേഖകളിലും കൃത്രിമം കാണിച്ചു, മകള്‍ ലീവെടുത്ത കാലത്തും ശമ്പളം നല്‍കി, മറ്റു ജോലിക്കാര്‍ക്കു നല്‍കിയില്ല, അങ്ങനെ പോകുന്നു ആരോപണങ്ങള്‍. മറ്റു ജീവനക്കാര്‍ക്കുള്ള നിബന്ധനകളൊന്നും മകള്‍ക്കു ബാധകമാക്കുന്നില്ലെന്നാണു കണ്ടുപിടുത്തം. അവള്‍ പാവം ആശ്രമകന്യക ലൗകിക ലോകത്തിന്റെ നിബന്ധനകളൊക്കെ അവള്‍ക്ക്‌ ബാധകമാക്കാമോ?

ഇതിനു പുറമേ, ആശ്രമത്തിലെ ജീവനക്കാര്‍ക്ക്‌ ദിവസക്കൂലി തുച്ഛം, പ്രസവാനുകൂല്യം നല്‍കുന്നില്ല, ഇ.പി.എഫ്‌ ആനുകൂല്യം തടഞ്ഞു വച്ചു, മരുന്നു വാങ്ങുന്നതിന്‌ വിദഗ്ധ ഡോക്ടറുടെ സഹായം തേടിയില്ല, ഇന്റേണല്‍ ഓഡിറ്റിന്‌ പ്രതിബന്ധം സൃഷ്ടിച്ചു, കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കായ ‘കര്‍മ്മ‘ യിലെ ഡോക്ടര്‍മാരേയും മറ്റു ജോലിക്കാരെയും ‘മിത്ര‘യിലെ (അതു കാശുകൊടുത്ത്‌ ചികിത്സിക്കുന്ന ആശുപത്രി) ജോലികള്‍ ചെയ്യിക്കുന്നു. ശീതീകരിച്ച കാര്‍, നിരവധി ഫോണുകള്‍ എന്നിവയൊക്കെ താനും കുടുംബാംഗങ്ങളും അഭയയുടെ ചിലവില്‍ ഉയോഗിക്കുന്നു, മരുമകളെ കൊണ്ട്‌ അഭയയുടെ കാശുപയോഗിച്ച്‌ ഡോക്യുമെന്ററി എടുപ്പിക്കുന്നു, ഖജാന്‍ജി അറിയാതെ പണം ക്രയവിക്രയം നടത്തുന്നു, കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ പുനഃപ്രതിഷ്ഠിച്ച ‘മന‘ കാശു വാങ്ങി സിനിമാ ചിത്രീകരണത്തിന്‌ നല്‍കുന്നു, മഹാനായ ഗുരുജി-മനുഷ്യദൈവം ശ്രീ.ശ്രീ രവിശങ്കറിന്റെ സന്ദര്‍ശനവും വാഗ്ദാനവും സ്വീകരിച്ചു. കിഴക്കേകോട്ടയില്‍ മനുഷ്യദൈവത്തിന്റെ ആനന്ദോല്‍സവത്തിനിടയില്‍ വെള്ളിക്കുടങ്ങളില്‍ പിച്ചയെടുത്ത തുക അഭയാഗ്രാമത്തിലെത്തിച്ച്‌ ജോലിക്കാരെ കഷ്ടപ്പെടുത്താതെ വീട്ടില്‍ വെച്ചു തന്നെ ബുദ്ധിമുട്ടി എണ്ണി തിട്ടപ്പെടുത്തി, ഗുരുജിയുടെ ശിഷ്യന്‍മാരെക്കൊണ്ട്‌ അഭയയിലെ അന്തേവാസികളെ യോഗ പഠിപ്പിച്ചു, സംരക്ഷണം തേടിവന്ന പെണ്‍കുട്ടികളെ കൊണ്ട്‌ തന്റേയും ബന്ധുക്കളുടേയും വീട്ടുവേല ചെയ്യിക്കുന്നു, ശ്രീ. ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ ജോലി ലഭിച്ച പെണ്‍കുട്ടിയെപ്പോലും വീട്ടുജോലിയില്‍ നിന്നും വിടുതല്‍ ചെയ്തില്ല - അങ്ങനെ പോകുന്നു മറ്റാരോപണങ്ങള്‍. അച്ഛന്‍ കാമുകനെ കൊല ചെയ്തതിനാല്‍ അനാഥയായ തമിഴ്‌ ബാലിക അഭയയില്‍ സംരക്ഷണം തേടിവന്നപ്പോള്‍ വര്‍ഷങ്ങളോളം വീട്ടുവേലക്കു നിര്‍ത്തി, അവസാനം ജയില്‍ ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയ അച്ഛന്റെ കൂടെത്തന്നെ പെണ്‍കുട്ടി പോകാന്‍ തീരുമാനിച്ചതു്, വീട്ടു ജോലിക്കു നിര്‍ത്തിയ പെണ്‍കുട്ടികള്‍ വനിത കമ്മീഷനു മുമ്പാകെ അപമാനിക്കപ്പെട്ടു എന്ന്‌ പറഞ്ഞ്‌ പരാതി നല്‍കിയത്‌ - അങ്ങനെ കണ്ണില്‍ ചോരയില്ലാത്ത എത്രയെത്ര ആരോപണങ്ങള്‍.

ഇതിനൊക്കെയിടയിലാണ്‌ മുത്തങ്ങ സമരം നടക്കുന്നത്‌. ആദിവാസികളാണെന്നും പറഞ്ഞ്‌ ചിലര്‍ കയറി കാടും മരങ്ങളും വെട്ടി നശിപ്പിക്കുന്നത്‌ കണ്ടു നില്‍ക്കാനാവുമോ? അവരെ വെടിവച്ചിട്ടാണെങ്കിലും കുടിയിറക്കണം. അപ്പോഴാണ്‌ കെ.കെ സുരേന്ദ്രന്‍ എന്നൊരു കോമാളി മാധ്യമം ആഴ്ചപ്പതിപ്പില്‍ എന്തൊക്കെയോ എഴുതിപ്പറ്റിച്ചത്‌. കണ്ണൂരില്‍ നിന്നോ മറ്റോ അഭയയില്‍ സംരക്ഷണത്തിനായി കൊണ്ടു വന്നാക്കിയ പെണ്‍കുട്ടി പിന്നെ എന്റെ വീട്ടില്‍ പട്ടിയെ കുളിപ്പിക്കുന്നതായി കണ്ടു എന്നും മറ്റും. അതൊരു വനരോദനമായി കലാശിച്ചതു കൊണ്ടു രക്ഷപ്പെട്ടു.

താതകണ്വനായ ബോധേശ്വരന്റെ പേരിലുള്ള നിരത്തില്‍ തനിക്കും സഹോദരിമാര്‍ക്കും കൂടിയുള്ള 30 സെന്റ്‌ സ്ഥലത്തെ മരങ്ങളെല്ലാം വനപ്രേമിയായ താന്‍ വെട്ടിമാറ്റുകയും സ്ഥലം പി. രത്നസ്വാമി എന്ന ഫ്ലാറ്റ്‌ കച്ചവടക്കാരന്‌ ഫ്ലാറ്റ്‌ പണിയാന്‍ കൊടുത്തു എന്നുമാണ്‌ ഇസ്ലാമിക മൗലികവാദികളുടെ ചിലവില്‍ കഴിഞ്ഞിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആരോപിച്ചത്‌.

സുമേധനെന്നൊരു ഗള്‍ഫ്‌ പണക്കാരന്‍, അങ്ങേരെന്തോ തുക അഭയയ്ക്ക്‌ പിച്ച തന്നെന്ന അധികാരത്തില്‍ അബുദാബി മലയാളി സമാജത്തിന്റെ അവാര്‍ഡ്‌ വാങ്ങിക്കാന്‍ പോയ സമയത്ത്‌ അവിടുത്തെ മനുഷ്യസ്നേഹികള്‍ സംഭാവന ചെയ്ത പണത്തിന്റെയെല്ലാം കണക്ക്‌ ചോദിക്കാന്‍ വന്നു. വക്കീല്‍ നോട്ടീസ്‌ അയച്ചു. ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരറിയാതെ ഊരി തന്ന സ്വര്‍ണ്ണ വളയും മറ്റുമാണ്‌. അത്‌ കണക്കില്‍പ്പെടുത്താന്‍ സാധിക്കുമോ? പിന്നെ യു.എ.ഇ.യിലേയ്ക്ക്‌ മലയാളി പെണ്‍കുട്ടികളെ കയറ്റി അയച്ച്‌ ബാര്‍ ഗേള്‍സ്‌ ആയി ജോലി ചെയ്യിക്കുന്നതില്‍ ഇടപെടണം എന്നൊരു ആവശ്യം. നാല്‍കാശിന്‌ വകയില്ലാത്ത പെണ്‍കുട്ടികളെക്കാളും നമുക്ക്‌ ഉപകാരപ്പെടുക ഈ ബാര്‍ മുതലാളികളാണെന്ന കാര്യം ഇങ്ങേര്‍ക്ക്‌ അറിയാമോ?

ഊരായ ഊരെല്ലാം തെണ്ടി നടന്ന്‌ പിച്ചയെടുത്തു കിട്ടുന്ന ചില്ലിക്കാശു കൊണ്ട്‌ അഭയ മുന്നോട്ട്‌ കൊണ്ടുപോകാന്‍ പെടുന്ന പാട്‌ ഈ പറയുന്ന ലൗകീകന്മാര്‍ക്ക്‌ മനസ്സിലാവുമോ? അതിനിടയിലാണ്‌ അക്കൗണ്ട്‌, കാര്‍, ഫോണ്‍, ഓഫീസ്‌!

അന്തേവാസിയായ ഒരു ദളിത്‌ സ്ത്രീയെ അഭയയിലെ കൗണ്‍സിലര്‍മാരും മാനേജറും ചേര്‍ന്നു ബലാല്‍സംഗം ചെയ്തു എന്നാണ്‌ പിന്നത്തെ കണ്ടുപിടുത്തം. ശാന്തം, പാപം! കുട്ടികള്‍ പട്ടിണികൊണ്ട്‌ സ്കൂളില്‍ ബോധം കെട്ടു വീണു എന്നും പറഞ്ഞ്‌ സ്കൂളിലെ അദ്ധ്യാപകര്‍ കുട്ടികളേയും കൂട്ടിവന്ന്‌ കരഞ്ഞതു കൊണ്ടാണ്‌ അവരെ കയറ്റി താമസിപ്പിച്ചത്‌. മകനെ തൃശ്ശൂരിലെ സായിബാബ മന്ദിരത്തിനു കീഴിലും, മകളെ അഭയബാലയിലും, 'പെണ്ണി' നെ അഭയ ഗ്രാമത്തിലും നിര്‍ത്തിയതാണ്‌. 'പെണ്ണിനു' ഭ്രാന്താണെന്ന്‌ ബലാത്സംഗ കഥ പുറത്തുവന്ന ഉടനെ കണ്ടുപിടിച്ചതുകൊണ്ട്‌ രാത്രി പോലീസ്‌ സ്റ്റേഷനിലുപേക്ഷിച്ചു. മനോനില തെറ്റിക്കഴിഞ്ഞാല്‍ പിന്നെന്തുള്ളു നിവൃത്തി. അവിടേയും ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായി. 'തനിനിറം' എന്നൊരു മഞ്ഞപ്പത്രവും, ഏഷ്യാനെറ്റിലെ ദീപയുമാണ്‌ പണി പറ്റിച്ചത്‌. അതും മനുഷ്യാവകാശ ദിനത്തില്‍. കീഴ്ക്കോടതി പ്രാന്തുണ്ടോയെന്ന്‌ പരിശോധിക്കാന്‍ പറഞ്ഞ്‌ "പെണ്ണിനെ" ഊളംപാറയ്ക്കയച്ചു. അവര്‍ ചതിച്ചു. മാനസികരോഗമില്ലെന്നും ബലാല്‍സംഗം നടന്നിട്ടുണ്ടോ എന്നറിയണമെന്നും പറഞ്ഞ്‌ തൈക്കാട്‌ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേയ്ക്കയച്ചു. മകളെ കോടതി ശ്രീചിത്രാ ഹോമിലേയ്ക്ക്‌ മാറ്റി. കേസ്സില്‍ കാര്യമായ തുടര്‍നടപടികള്‍ ഒന്നും ഇല്ലാത്തതും, "പെണ്ണിനെ" പിന്നെ കാണാതായതും കാരണം വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു.

അങ്ങിനെയിരിക്കുമ്പോഴാണ്‌ കൊട്ടിയം ബാലികാ പീഡന കേസ്സിലെ "പെണ്ണ്‌" കൊല്ലപ്പെടുന്നത്‌, തെറിച്ച പെണ്ണ്‌! ദിവസം മുഴുവനും അടുക്കളപ്പണിയും തുന്നലും ഒക്കെയായി ജോലി കൊടുത്താലും തരം കിട്ടിയാല്‍ മതിലില്‍ കയറും, ആണുങ്ങളെ വശീകരിക്കാന്‍. പിന്നെയെന്തു ചെയ്യും!

അടുത്ത കാലത്ത്‌ നടന്ന മലപ്പുറത്തെ സ്ത്രീപീഡന കേസ്സിലെ പെണ്‍കുട്ടിയെ താമസിപ്പിച്ച്‌ ചികിത്സിക്കണമെന്നും പറഞ്ഞ്‌ വന്നപ്പോള്‍ മത്സ്യതൊഴിലാളിയായ പിതാവിനോട്‌ കൃത്യം ചെലവ്‌ പറഞ്ഞു. അരക്കോടി രൂപയുടെ സ്ഥിരനിക്ഷേപവും സര്‍ക്കാരിന്റെ 25 ലക്ഷം രൂപ ദാനവും, ദേശീയ/അന്തര്‍ദേശീയ തലത്തിലുള്ള ധനസഹായങ്ങളും ഉണ്ടെന്നു പറഞ്ഞിട്ടെന്താ- ചിലവിന്‌ കാശ്‌ വേണ്ടേ?

"എന്റെ നീണ്ടു നീണ്ട വര്‍ഷങ്ങളിലെ അതീവ ക്ലിഷ്ടവും ദുരിതമയവുമായ യത്നങ്ങളെ ഇങ്ങനെ നിന്ദയോടെ നിസ്സാരവത്കരിക്കുമ്പോള്‍ ഒന്നു മാത്രമറിയുക ജീവിതം കര്‍ക്കശനായ ഗുരുവാണ്‌". അതുകൊണ്ടു മാത്രമാണ്‌ ഞാന്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന അത്യന്തം കഷ്ടതകള്‍ നിറഞ്ഞ 'യോഗം' തലയിലേറ്റിയതും, തുടക്കത്തില്‍ പ്രതിഫലമൊന്നും വേണ്ടെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതും പിന്നീട്‌ രഹസ്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങിച്ചെടുത്തതും അന്നത്തെ വനിതാ കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‌ ആറിരട്ടി വാടക കൂട്ടി നല്‍കിയതും, ഉടമസ്ഥയെ അഭയയില്‍ എന്റെ പി.എ ആക്കിയതും സഞ്ചരിക്കുന്ന വാഹനത്തിനു മുകളിലെ കറങ്ങുന്ന ചുവന്ന വെട്ടത്തിനു വേണ്ടി ഫയല്‍ യുദ്ധം നടത്തിയതും, മരുമകള്‍ക്ക്‌, ദൂരദര്‍ശന്‌ വേണ്ടി ഡോക്യുമെന്ററി എടുക്കാന്‍ അനുവാദം നല്‍കിയതും, സംസ്ഥാന ദേശീയ തലങ്ങളിലുള്ള പലവിധ കമ്മിറ്റികളിലെ സ്ഥാനമാനങ്ങള്‍ നേടിയെടുത്തതും, ഇവയുമായി ബന്ധപ്പെട്ട്‌ ക്ലേശകരമായ ആകാശയാത്രകള്‍ നടത്തിയതും ശത്രുസംഹാരത്തിനായി ഇടതുപക്ഷ പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിയുടെയും ഇടതുപക്ഷ ചരിത്ര സൈദ്ധാന്തികന്റെയും മഹനീയ സാന്നിദ്ധ്യത്തില്‍ ശത്രുസംഹാരപൂജ നടത്തിയതും.

അവസാനം വിതുരയിലെ 'പെണ്ണ്‌'. 11 വര്‍ഷമായി ഒരു പോള കണ്ണടയ്ക്കാതെ കാത്തു സൂക്ഷിക്കയാണ്‌. പഠിപ്പിക്കാന്‍ ശ്രമിച്ചു. തൊഴില്‍ നല്‍കാന്‍ ശ്രമിച്ചു. ഒന്നും ശരിയായി വന്നില്ല. മാനസിക വിഭ്രാന്തിയായാല്‍ എന്തു ചെയ്യും. അതിനിടയിലാണ്‌ ഗീതയുടെ നസ്യം പറച്ചില്‍ - "കേസ്‌ നല്ല രീതിയിലാണ്‌ പോകുന്നതെന്നും പ്രോസിക്യൂട്ടറെ മാറ്റേണ്ട കാര്യമില്ലെന്നും പുനര്‍വിചാരണ വേണ്ടെന്നു"മാണ്‌ അജിതയെ ഞാന്‍ ധരിപ്പിച്ചതത്രേ. "കേസെടുത്തതും കേസു നടത്തിയതും സര്‍ക്കാരാണ്‌". ആശ്രമ മൃഗമായ എനിക്കതിലെന്തു കാര്യം.

കൃഷ്ണന്‍ അറിയാത്ത ഗോപികമാര്‍ക്ക്‌ വേണ്ടിപ്പോലും കണ്ണീരില്‍ കുതിര്‍ന്ന കവിത എഴുതിയ ആളാണ്‌ ഞാന്‍. അങ്ങിനെയുള്ള ഞാന്‍ എങ്ങിനെ 'പെണ്ണു'ങ്ങളെപ്പറ്റി ദൂഷ്യം പറയുകയോ അരുതാത്തത് ചെയ്യുകയോ ചെയ്യും............?

ഗീഥ
Subscribe Tharjani |
Submitted by Rajesh (not verified) on Sat, 2008-01-05 16:51.

ഇങ്ങനെ തന്നെ വേണം, മുഖം മൂടി വെച്ചുള്ള ജീവിതം! പ്രകൃതി സ്നേഹിയായ കവേ, എന്തിനിങ്ങനെ ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നു നിങ്ങള്‍?

Submitted by kumaran (not verified) on Sat, 2008-01-05 23:11.

ആയമ്മയുടെയും സ്വന്തക്കാരുടെയും വയറ്റുപ്പിഴപ്പ്. നാട്ടാര്ക്കും കൊണം. രാത്രിമഴ രാത്രിമഴ എന്നൊക്കെ പറഞ്ഞ് ഇടക്ക് നടക്കാം. പരിസ്ഥിതി പ്രവര്ത്തനങ്ങളില് ആയമ്മയുടെ കൂടെ നടക്കാം. പിന്നെ ഗീഥയ്ക്കെന്താ തരക്കേട്? അസൂയയോ?

Submitted by Anonymous (not verified) on Wed, 2010-07-07 10:03.

this is too much !!
typical of mallu 'paradushanam' !!