തര്‍ജ്ജനി

വര്‍ത്തമാനം

സമരങ്ങളുടെ കാലം കഴിഞ്ഞുപോയിട്ടില്ല

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിഷേധിക്കാനാവാത്ത അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ശ്രീമതി. കെ. അജിത തന്റെ അമ്പത്തിയെട്ടാം വയസ്സിലും കേരളത്തിന്റെ പൊതുരംഗത്ത്‌ സജീവമായി നിലകൊള്ളുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കേരളത്തിന്റെ പൊതുമണ്ഡലത്തെക്കുറിച്ചും കാലികപ്രശ്നങ്ങളെക്കുറിച്ചും അവര്‍ തര്‍ജ്ജനി ടീമിനോടു സംസാരിക്കുന്നു.

ചോദ്യം: ഉയര്‍ന്ന രാഷ്ട്രീയസാംസ്കാരികബോധവും ശക്തമായ പ്രതികരണശേഷിയും ഉണ്ടെന്നവകാശപ്പെടുമ്പോഴും കേരളത്തിലെ പുതുതലമുറയില്‍ അപകടകരമായൊരു നിസ്സംഗതയും താല്പര്യമില്ലായ്മയും കാണാം. ഇപ്പോഴും അല്പമെങ്കിലും ശക്തമായും സത്യസന്ധമായും ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കുന്നത്‌ എഴുപതുകളിലെ ക്ഷുഭിതയൌവനങ്ങളും സാംസ്ക്കാരികപ്രവര്‍ത്തകരും മാത്രമാണ്‌. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

അജിത: ജീവിതത്തിന്റെ സമസ്തമേഖലയി‍ലും ഉണ്ടാകുന്ന ആഗോളവല്‍ക്കരണത്തിന്റെ കടന്നുകയറ്റത്തില്‍ ഏതിനെ ആദ്യം പ്രതിരോധിക്കണം, എങ്ങനെ പ്രതിരോധിക്കണം എന്നുള്ള പകപ്പിലാണ്‌ പുതുതലമുറ. അതിനോടൊപ്പം സി.പി.എം അടക്കമുള്ള ഇടതുപക്ഷകക്ഷികള്‍ക്ക്‌ വന്നിട്ടുള്ള ആശയപരവും ആദര്‍ശപരവുമായ വ്യതിയാനം യുവജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയും
ദിശാബോധവും നഷ്ടപ്പെടുത്തിയിട്ടുണ്ട്‌. അടിസ്ഥാനപരമായ നിലപാടുകളില്‍ ഇടതുപക്ഷത്തില്‍ ‍, പ്രധാനമായും സി.പി.എമ്മില്‍ കടന്നുകൂടിയിട്ടുള്ള വ്യക്തതയില്ലായ്മ, ഭരണത്തിനുവേണ്ടി നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ ‍, ഇവയൊക്കെയും ബാധിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ ഇടതുഭരണത്തിനു കീഴില്‍ ഒരുദ്യോഗസ്ഥന്‍ ഭൂപരിഷ്ക്കണനിയമം കാലഹരണപ്പെട്ടുപോയി , റദ്ദുചെയ്യപ്പെടേണ്ടതാണ്‌ എന്നു പ്രസ്താവിക്കാനുള്ള തന്റേടം കാണിക്കില്ല. ഭൂപരിഷ്ക്കരണനിയമം കാലാനുസൃതമായി കൂടുതല്‍ വിശാലമായി നടപ്പിലാക്കേണ്ടതാണെന്ന്‌ ആദ്യം മുതല്‍ തന്നെ ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ അര്‍ത്ഥത്തിലല്ല ഇപ്പോഴത്തെ പ്രസ്താവനകള്‍ ‍. ഭൂരഹിതര്‍ എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോള്‍ തന്നെ ഭരണത്തില്‍ പങ്കാളികളാവുന്ന ഇടതുകക്ഷികള്‍ ഇവിടെ വ്യവസായവും ആഗോളനിക്ഷേപവും വരാന്‍ ഇത്തരം നിയമങ്ങള്‍ തടസ്സം നില്ക്കുന്നു എന്ന തരത്തിലാണ്‌ ചര്‍ച്ചകള്‍ നടത്തുന്നത്‌. കേരളത്തില്‍ ഇനിയും ഒരു സമഗ്രഭൂപരിഷ്ക്കരണം ഉണ്ടാവേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ഇത്‌ അടിത്തട്ടില്‍ നിന്നു തന്നെ രൂപപ്പെട്ടുവരികയും വേണം.

ചോദ്യം: പുതിയ ലോകസാഹചര്യത്തില്‍ ഒറ്റപ്പെട്ടതെങ്കിലും കേരളത്തില്‍ അങ്ങിങ്ങ് ഉയര്‍ന്നുവരുന്ന ദളിത്‌-ആദിവാസി-ഭൂരഹിതകര്‍ഷകരുടെ ചെറുത്തുനില്പുകളെയും ഭൂമിക്കുവേണ്ടിയുള്ള അവകാശസമരങ്ങളേയും എങ്ങനെ നോക്കികാണുന്നു.

അജിത: വളരെ അധികം ദുഷിച്ചുപ്പോയൊരു നീതിന്യായവ്യവസ്ഥയും കെട്ടുപോയൊരു ഭരണനേതൃത്വവും അതിന്റെ സര്‍വ്വകൊള്ളരുതായ്മകളും കാട്ടി നില്ക്കുമ്പോള്‍ ഇത്തരം ചെറുത്തുനില്പുകളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കയുണ്ടെങ്കിലും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ അവകാശസമരങ്ങള്‍ ഉയര്‍ന്നുവരാതെ നിവൃത്തിയില്ല. സാമ്രാജ്യത്വവും കമ്പോളവും ജീവിതത്തിന്റെ സമസ്തമേഖലയിലും കടന്നുകയറുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന്റെ പകപ്പിലാണ്‌ ജനങ്ങള്‍ ‍. ഇത്തരത്തില്‍ ഉയര്‍ന്നു വരുന്ന സമരങ്ങള്‍ രാജ്യദ്രോഹവും തീവ്രവാദവും ആരോപിച്ച്‌ അടിച്ചമര്‍ത്തുന്ന പ്രവണതയാണ്‌ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്‌. ജനങ്ങള്‍ക്ക്‌ ഭരണകൂടത്തില്‍ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ട്‌ മറ്റൊരു നിര്‍വ്വാഹവും ഇല്ലാതെ വരുമ്പോഴാണ്‌ സമരത്തിലേക്ക് ഇറങ്ങേണ്ടി വരുന്നത്‌. അക്രമത്തിന്റെ മാര്‍ഗ്ഗം മാത്രമാണ്‌ ശരിയെന്ന്‌ അഭിപ്രായമില്ലെങ്കിലും അത്തരം സമരമാര്‍ഗ്ഗങ്ങളിലേക്ക്‌ ജനങ്ങളെ തള്ളിവിടുന്നത്‌ ഭരണകൂടത്തിന്റെ ചെയ്തികള്‍ തന്നെയാണ്‌. അതിനെ യുക്തിസഹവും ന്യായവുമായി പരിഹരിക്കുന്നതിനു പകരം തീവ്രവാദമെന്ന്‌ പറഞ്ഞ്‌ അടിച്ചമര്‍ത്തുന്നത്‌ അസംതൃപ്തിക്കും കൂടുതല്‍ അക്രമങ്ങള്‍ക്കും വഴി വെക്കുകയേയുള്ളു. കേരളത്തില്‍ അടുത്ത കാലത്ത്‌ മുഖ്യധാരാരാഷ്ട്രീയകക്ഷികളുടെ മുന്‍കൈയ്യിലല്ലാതെ ഉയര്‍ന്നു വന്നിട്ടുള്ള സമരങ്ങള്‍ ഏതിനെ എടുത്തു പരിശോധിച്ചാലും ഇതു വ്യക്തമാവും. പൂക്കോട്‌ വെറ്റിനറി കോളേജിലെ ആദിവാസി പുനരധിവാസതൊഴില്‍സമരത്തില്‍ തീവ്രവാദികളില്ലായെന്ന്‌ തറപ്പിച്ചു പറയാം. അവിടെയുള്ള തീവ്രവാദികള്‍ ഞങ്ങളാണ്‌. കേരളത്തെപ്പോലൊരു സങ്കീര്‍ണ്ണഘടനയുള്ള സമൂഹത്തില്‍ ആന്ധ്രയിലേയും ബീഹാറിലേയും ജാര്‍ഖണ്ടിലേയും പോലൊരു മാവോയിസ്റ്റ്‌ സമരങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. മാത്രമല്ല ഇവിടെ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ദീര്‍ഘവീക്ഷണത്തോടും വിശാലമായ അര്‍ത്ഥത്തിലും ഉള്ള നേതൃത്വങ്ങളുടേ അഭാവം വളരെ പ്രധാനമാണ്‌. ആരെയാണ്‌ നമ്മള്‍ അങ്ങനെ പ്രതീക്ഷിക്കേണ്ടത്‌. റെഡ്ഫ്ലാഗ്‌ ഏകദേശം സി.പി.എമ്മിന്റെ ലായത്തില്‍ എത്തിക്കഴിഞ്ഞു. സി.പി.എമ്മില്‍ ലയിക്കാന്‍ ഇനി അധിക താമസമില്ല. അല്പമെങ്കിലും ശക്തമായ നിലപാടുകള്‍ എടുത്തിരുന്നത്‌ കെ. എന്‍ ‍.രാമചന്ദ്രന്‍ ഗ്രൂപ്പായിരുന്നു. അവരും അടുത്ത കാലത്തായി ഏകോപനത്തോടും ദീര്‍ഘവീക്ഷണത്തോടും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നില്ല. കെ.വേണുവൊക്കെ വളരെ നേരത്തെ തന്നെ ആഗോളവല്‍ക്കരണത്തിന്റെ സ്തുതിപാഠകരായി കഴിഞ്ഞു.

ചോദ്യം: അജിതയടക്കമുള്ള സാമൂഹി‍കപ്രവര്‍ത്തകരും ഇടതുചിന്തകരും വളരെ പ്രതീക്ഷയോടുകൂടിയാണ്‌ അച്യുതാനന്ദന്‍ ഗവണ്‍മെന്റിനെ കണ്ടിരുന്നത്‌. എന്നാല്‍ സമീപകാലത്തെ തീരുമാനങ്ങള്‍ പലതും നിരാശപ്പെടുത്തുന്നില്ലേ?

അജിത: സി.പി.എമ്മിനകത്തുള്ള രണ്ടുതരം കാഴ്ചപ്പാടുകളുടെ ഭാഗമായി ഇത്രയും അധികാരങ്ങള്‍ ഇല്ലാതെ ഭരിക്കേണ്ടിവന്നൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും അദ്ദേഹം പൊരുതി നില്ക്കാന്‍ ശ്രമിക്കുന്നു എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. ആഭ്യന്തരമടക്കമുള്ള പ്രധാനവകുപ്പുകള്‍ നിഷേധിച്ച്‌ ആദ്യം തന്നെ അദ്ദേഹത്തെ മൂലയ്ക്കിരുത്താന്‍ ശ്രമിച്ചു. മൂന്നാര്‍ അടക്കമുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവണ്ണം സി.പി.ഐ. അടക്കമുള്ള ഘടകകക്ഷികളും സി.പി.എമ്മിലെ തന്നെ ഔദ്യോഗികവിഭാഗവും സജീവമായി രംഗത്തു വന്നു. മൂന്നാറിലെ സി.പി.ഐ. പാര്‍ട്ടി ഓഫീസ്‌ പൊളിച്ചതോ ധന്യശ്രീ റിസോര്‍ട്ട്‌ പ്രശ്നത്തിലെ കോടതിയലക്ഷ്യമോ ഒന്നുമല്ല പ്രശ്നമായത്‌. ടാറ്റായെന്ന കുത്തകയെ തൊട്ടപ്പോഴാണ്‌ ചിത്രം മാറിയത്‌.

ചോദ്യം: കുഞ്ഞാലിക്കുട്ടി കേസില്‍ ഇനി?

അജിത: കോടതികൂടി കൈയ്യൊഴിയുന്നതോടുകൂടി പണത്തിന്റേയും അധികാരത്തിന്റേയും ആദര്‍ശങ്ങള്‍ക്കപ്പുറത്തേക്കു നീങ്ങുന്ന അവിശുദ്ധകൂട്ടായ്മയുടെ വിജയം ഉറപ്പാകുന്നു. കോടതിക്കുപ്പോലും പ്രലോഭനങ്ങളും പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടത്‌ നമുക്കറിയാം. “ഇതൊക്കെ കെട്ടുകഥകള്‍ ‍- വിശ്വസിക്കാന്‍ കഴിയില്ല“ എന്നാണ്‌ കോടതി പറഞ്ഞത്‌. കുഞ്ഞാലിക്കുട്ടിയെപ്പോലൊരാള്‍ക്കു നേരെ ഇതുപോലൊരു കെട്ടുകഥ ചമയ്ക്കണമെങ്കില്‍ ഭ്രാന്തായിരിക്കേണ്ടേ എനിക്ക്‌. സമരത്തിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ കൂടി പോയി നോക്കാമെന്നു മാത്രം.

ചോദ്യം: ഫെമിനിസ്റ്റ്‌പ്രസ്ഥാനങ്ങളിലേക്ക്‌ എണ്‍പതുകളിലെപ്പോലൊരു മുന്നേറ്റം ഉണ്ടാകുന്നില്ല. ഇത്‌ ഫെമിനിസ്റ്റ്‌പ്രസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന ചില നിലപാടുകളുടെ (ലൈംഗിക തൊഴിലാളികള്‍ ‍, സ്വവര്‍ഗ്ഗരതിക്കാര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ‍) പരമ്പരാഗതസ്വഭാവത്തിന്റെ ഭാഗമല്ലെ.?

അജിത: ഫെമിനിസ്റ്റ്‌പ്രസ്ഥാനങ്ങളില്‍ മാത്രമല്ല മുഖ്യധാരാകക്ഷിരാഷ്ട്രീയത്തിനു പുറത്തു നില്ക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്‌. ദളിത്‌സംഘടനകള്‍ ‍, ആദിവാസിസംഘടനകള്‍ ‍, പരിസ്ഥിതി സംഘടനകള്‍ ‍, ആരോഗ്യരംഗത്തെ ബദലന്വേഷകര്‍ അങ്ങനെ എല്ലാ മേഖലയിലും. ഫെമിനിസത്തിന്റെ മേഖലയില്‍ ഹിഡന്‍ അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന വിദേശഫണ്ടഡ്‌ സംഘടനകള്‍ പ്രത്യക്ഷത്തില്‍ യുവ തലമുറയ്ക്ക്‌ ആകര്‍ഷകമായി തോന്നുന്ന പ്രതിലോമകരമായ നിലപാടുകള്‍ മുന്നോട്ടു വെയ്ക്കുന്നു. സ്ത്രീ സ്വാതന്ത്യവുമായി ബന്ധപ്പെട്ട്‌ സ്വതന്ത്രലൈംഗികത ചര്‍ച്ച കേരളത്തില്‍ പണ്ടും സജീവമായിരുന്നു. പക്ഷെ ഇന്ന്‌ അത്‌ ആ തലത്തില്‍ നിന്നൊക്കെ മാറി ശരീരത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്ന തലത്തിലേക്ക്‌ എത്തിയിരിക്കുന്നു. ഇതില്‍ എവിടെയാണ്‌ സ്ത്രീയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത്‌. സ്ത്രീയെന്ന നിലയില്‍ സമൂഹം നേരിടുന്ന പ്രധാനപ്രശ്നം ഇതൊക്കയാണോ? ഇവിടെ സംരക്ഷിക്കപ്പെടുന്നത്‌ കമ്പോളത്തിന്റേയും പുരുഷന്റേയും താല്പര്യങ്ങള്‍ തന്നെയല്ലെ. സാധാരണസ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ക്ക്‌ താല്പര്യമില്ല അതുകൊണ്ടു തന്നെ സാധാരണസ്ത്രീകള്‍ ഇത്തരം സംഘടനകളിലേക്കു വരാന്‍ മടിക്കുന്നു. ഫണ്ടുകള്‍ മാത്രം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സ്ത്രീ സാമൂഹികപ്രവര്‍ത്തകരെ വഴിതെറ്റിക്കുകയും നിരാശരാക്കുകയും ചെയ്യുന്നു.

ചോദ്യം: ഇത്‌ ആചാരം പോലെ ചെയ്തുതീര്‍ക്കുന്ന സമരരൂപങ്ങളുടെ (ധര്‍ണ്ണ, ഉപവാസം, പ്രകടനം, കേസു കൊടുക്കല്‍ ‍) പ്രശ്നം കൂടിയല്ലേ?

അജിത: ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ സാധാരണസ്ത്രീകളുടേയും ദളിത്‌-ആദിവാസിസ്ത്രീകളുടെ ഇടയിലാണ്‌. സ്വാഭാവികമായും ഭരണകൂട ഉപകരണങ്ങളായ പോലീസ്‌, കോടതി, ആശുപത്രി, ഓഫീസ്‌ തുടങ്ങിയവയുമായി നിരന്തരം ബന്ധപ്പെട്ടു നീങ്ങേണ്ടിവരും. അതുകൊണ്ടുതന്നെ സമരങ്ങള്‍ക്ക്‌ അഗ്രസ്സീവായൊരു രൂപം നല്കാന്‍ കഴിയാതെ വരാറുണ്ട്‌. സ്ത്രീപ്രശ്നമായാലും, ദളിത്‌-ആദിവാസിപ്രശ്നമായാലും ഭൂമി, പരിസ്ഥിതി, മനുഷ്യാവകാശ- ആരോഗ്യപ്രശ്നമായാലും അതിനെ ആഗോളവല്‍ക്കരണ-കമ്പോളവല്‍ക്കരണത്തിനെതിരായുള്ള ചെറുത്തുനില്പായി നോക്കി കാണുകയും അത്തരത്തിലുള്ള വിശാലമായതലത്തിലേക്ക്‌ ഉയര്‍ത്തികൊണ്ടുവരികയും ചെയ്യുന്നതില്‍ പരാജയപ്പെടാറുണ്ട്‌. മുത്തങ്ങസമരത്തില്‍ ജാനുവിനൊക്കെ സംഭവിച്ചതും അതു തന്നെയാണ്‌. ആദിവാസിഭൂമിപ്രശ്നത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ അതേ സമയം തന്നെ അതൊരു ആഗോളവല്‍ക്കരണവിരുദ്ധസമരം കൂടിയാണെന്നത്‌ സമൂഹമദ്ധ്യത്തില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞില്ല.

ചോദ്യം: അന്വേഷിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടന്നുപോകുന്നു?

അജിത: കഴിഞ്ഞ 4 വര്‍മായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായം ഉപയോഗിച്ചാണ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപ്പോകുന്നത്‌. വിദേശഫണ്ടുകളും ചരടുകളുള്ള സ്വദേശിഫണ്ടുകളും സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റേയും മറ്റും ഫണ്ടുകള്‍ ഈ മേഖലയിലുള്ള കടലാസുസംഘടനകള്‍ സ്വാധീനം ഉപയോഗിച്ച്‌ തട്ടിച്ചെടുക്കുന്നു. എയ്ഡ്‌സ് സെല്ലിലൂടേയും മറ്റും ബോധവല്‍ക്കരണത്തിനും മറ്റു പ്രവര്‍ത്തനങ്ങളും കോടിക്കണക്കിനു രൂപയാണ്‌ ഇത്തരം സംഘടനകള്‍ ചെലവഴിക്കുന്നത്‌. ജയശ്രീയേയും മൈത്രേയനേയും പോലുള്ള സാമൂഹികപ്രവര്‍ത്തകര്‍ നമ്മുടെ മുന്നില്‍ വന്ന്‌ ആയിരത്തിലൊരാള്‍ HIV+ve ആണെന്നു പറയുന്നു. കേരളത്തില്‍ എവിടെയാണ്‌ ഇങ്ങനെയൊരവസ്ഥയുള്ളത്‌. ബില്‍ഗേറ്റ്സ്‌ വര്‍ഷം തോറും കോടികളാണ്‌ ഇന്ത്യയില്‍ എയ്ഡ്സ്‌ പ്രതിരോധ ബോധവല്‍ക്കരണത്തിനു നല്കുന്നത്‌. ബില്‍ഗേറ്റ്സിന്‌ എന്താണ്‌ വികസ്വരരാജ്യങ്ങളിലേയും മൂന്നാംലോക രാജ്യങ്ങളിലേയും എയ്ഡ്സിനോടു മാത്രം ഇത്ര താല്പര്യം. ഇതിന്റെയൊക്കെ പിന്നില്‍ നിരവധി സ്ഥാപിത താല്പര്യങ്ങളും രാഷ്ട്രീയവും ഉണ്ട്‌.

ചോദ്യം: കേരളത്തിലെ ചെറുത്തുനില്പുകളെ എങ്ങനെ കാണുന്നു.

അജിത: ചെറിയ ചെറിയ പ്രാദേശികസമരങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ശക്തമായ പ്രസ്ഥാനത്തിന്റെ ആവശ്യകത എല്ലാപേര്‍ക്കും ബോദ്ധ്യപ്പെട്ടുവരുന്നുണ്ട്‌. അതിനുവേണ്ടി ശ്രമിക്കണമെന്നും നേതൃത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്നങ്ങളും പരിമിതികളും മൂലം എനിക്കതിനു കഴിയുന്നില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ ഏകോപനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദീര്‍ഘവീക്ഷണവും കാര്യപ്രാപ്തിയും ലക്ഷ്യബോധവും ഉള്ള നേതൃത്വങ്ങള്‍ മുന്നോട്ടു വരേണ്ടതാണ്‌. അവരുടെ മുന്‍കൈയ്യില്‍ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വന്നാല്‍ അവയ്ക്ക്‌ ജനപിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയും. മൂരിയാട്‌ പാടശേഖരസമരം ഈ അടുത്ത സമയത്തു കണ്ട ഏറ്റവും ശക്തമായൊരു സമരമായിരുന്നു. പലവിധ പരിമിതിക്കുള്ളില്‍ നിന്നാണെങ്കിലും മുഖ്യമന്ത്രി ശ്രീ.അച്യുതാനന്ദന്‍ വളരെ ശക്തവും അനുകൂലവുമായ നിലപാടാണ്‌ സമരം അവസാനിപ്പിക്കുവാന്‍ എടുത്തത്‌.

ചോദ്യം: 60-70 കളിലെ രാഷ്ട്രീയപ്രവര്‍ത്തനത്തേയും ശൈലിയേയും 40 വര്‍ഷത്തിനുശേഷം ഇന്നത്തെ സാഹചര്യത്തില്‍ എങ്ങനെ നോക്കി കാണുന്നു.

അജിത: തികച്ചും കാല്പനികമായൊരു ആവേശത്തില്‍ വിപ്ലവപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന ആളാണ്‌ ഞാന്‍ ‍. അന്നത്തെ പ്രവര്‍ത്തനശൈലിയും അനുഭവങ്ങളും തുടര്‍ന്ന്‌ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജവും കരുത്തുമായി ഭവിച്ചിട്ടുണ്ട്‌. കഴിഞ്ഞ 40 വര്‍ഷത്തെ സാമൂഹികപ്രവര്‍ത്തനം പൂര്‍ണ്ണസംതൃപ്തി നല്കിയിട്ടില്ലെങ്കിലും കുറച്ചൊക്കെ ചെയ്തുതീര്‍ക്കാനും അതിലുമധികം ശ്രമങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്‌. അതില്‍ തൃപ്തിയുമുണ്ട്‌. ആദിവാസികളുടേയും ദളിതരുടേയും സ്ത്രീകളുടേയും നേതൃത്വത്തില്‍ ശക്തവും ബഹുമുഖവുമായ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ ശക്തവും ഏകോപനത്തോടുകൂടിയതുമായ സമരങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമെന്നുതന്നെ പ്രതീക്ഷിക്കാം.

ഡോ:ഹരി പി.ജി, അനിത
Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2008-01-09 22:16.

may i please remind ajitha that sakhi is also an infamous ngo in trivandrum which ajitha too is also associated with, (in many of its activities ) let me remind you that it is a notorious funded organisation which controls the activities of sthreevedi which funnily is a network of ngos .........where ajitha has a key role .ajitha knows that all the activity of sthreevedi is controlled by ngos and sthreevedi uses the resourses of sakhi for its struggles ie ngo strugles . ajitha should remember that before criticising mythreyen and jayasree u should be open in your activities as they are frank in their projects than the activities of sakhi/ sthreevedi,which pacifies the womens movement in kerala as a safety valve and destroying it ........ may i also remind you that having tata's fund and conducting dramatic revolt against tata is not activism. what do u and ur ngos do? Taking the result of all the womens struggles in which poor women ,activists of sthreevedi are participing (who are victims-who never know how they are used ) . how come p .e usha struggle become an ngo struggle of sakhi with sthreevedi ? or nalini natto or kiliroor.......how come the activities of sthreevedi and activist women who have nothing to do with ngo are projected as the struggle of ngos ? why the struggles of sthreevedi is documented and used by ngos and projected as ngo participation in struggles ? why the brooms that u and sara teacher threw in front of secretariate as part of struggle were collected by the ngo sakhi ....which you and your team used as ngo war weapons(brooms)in another struggle ....... the struggles of sthreevedi hijacked by the ngos which u also is involved cannot be masked by giving ideological jargons . the early history of sthreevedi tells who were against foreign funds. sorry ... is that u?