തര്‍ജ്ജനി

കെ. പി. ഗിരിജ

ഇമെയില്‍: girija@chintha.com

Visit Home Page ...

വര്‍ത്തമാനം

കയ്പു നിറഞ്ഞ ഇന്നലെകള്‍,കരുത്താര്‍ന്ന ഇന്ന്: ഒരു ദളിത് പ്രൊഫസ്സറുടെ ഓര്‍മ്മകള്‍

1950-കളില്‍ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍പ്പെട സുബ്ലേയ്ഡ് ഗ്രാമത്തിലായിരുന്നു മുത്തയ്യയുടെ ജനനം. ദളിദ് സമുദായത്തിലെ ഏറ്റവും താഴ്ന്ന സമുദായങ്ങളെന്ന് അറിയപ്പെട്ടിരുന്ന മാദിഗജാതിയായിരുന്നു മുത്തയ്യ. അച്ഛന്റെ തൊഴില്‍ ചെരുപ്പുണ്ടാക്കലായിരുന്നു. തന്റെ സമുദായത്തില്‍ ആദ്യമായി വിദ്യാഭ്യാസം ലഭിച്ച തലമുറ തന്റേതായിരുന്നു വെന്നും ആദ്യത്തെ പത്താം ക്ലാസ്സുകാര്‍ താനും തന്റെ മച്ചുനനുമായിരുന്നുവെന്നു മുത്തയ്യ ഓര്‍ക്കുന്നു. ഇപ്പോഴദ്ദേഹം ഹൈദരാബാദിലെ ഒസ്മാനിയാ യൂണിവെഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസവിഭാഗത്തില്‍ അദ്ധ്യാപകനാണ്. കുട്ടിക്കാലംതൊട്ട് താന്‍ നേരിട്ടുകൊണ്ടിരിരുന്ന ജാതീയമായ പക്ഷഭേദങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അവയില്‍ ചിലത് മുത്തയ്യ തര്‍ജ്ജനിക്കായി പങ്കുവെയ്ക്കുന്നു.

അക്കാലത്ത്(1950-60 കളില്‍) ഓരോ മാദിഗ കുടുംബവും മറ്റൊരു സവര്‍ണ്ണകുടുംബവുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. (ജാതി വ്യവസ്ഥയിലെ ജാജ്മണി സമ്പ്രദായം) . ഈ സവര്‍ണ്ണ കുടുംബത്തിനാവശ്യമായ ചെരുപ്പുകളും മറ്റു തുകല്‍ വസ്തുക്കളും നല്‍കാനുള്ള ബാധ്യത അവരോട് കടപ്പെട്ട മാദിഗ കുടുംബത്തിനായിരുന്നു.മുത്തയ്യയുടെ കുടുംബം അടുത്തുള്ള ഒരു യാദവകുടുംബവുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. അവര്‍ മുത്തയ്യയുടെ അച്ഛനെ” മകനേ” എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. എന്നിരുന്നാലും അവരുടെ വീട്ടില്‍ കയറുവാനോ അവരുടെ കുട്ടികളോടോത്ത് കളിക്കുവാനോ മുത്തയ്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ല.

തനിക്ക് ഏഴോ എട്ടോ വയസ്സുള്ളാപ്പോള്‍ അലക്കാന്‍ നല്‍കിയ വസ്ത്രങ്ങള്‍ വാങ്ങാനായി അലക്കുകാരിയുടെ വീട്ടില്‍ പോയത് മുത്തയ്യ ഓര്‍ക്കുന്നു. തന്റെ വസ്ത്രങ്ങള്‍ തെരയാന്‍ തുടങ്ങിയപ്പോള്‍ “ അലക്കിയ തുണിയെല്ലാം തൊട്ട് അശുദ്ധമാക്കല്ലെ “ എന്ന് അലക്കുകാരി ഒച്ചവെച്ചു. കുട്ടിക്കാലത്തെ ആദ്യത്തെ ഞെട്ടല്‍ അതായിരുന്നത്രെ.

പ്രൈമറി ക്ലസ്സിലെ അവസാനത്തെ ബഞ്ച് ദളിത് കുട്ടികള്‍ക്ക് മാത്രമുള്ളതായിരുന്നു.അതിനാല്‍ ഒച്ചത്തില്‍ സംസാരിക്കുന്ന അദ്ധ്യാപകരുടെ വിഷയത്തില്‍ മാത്രം മുത്തയ്യക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചു! പഠിക്കാനേറ്റം മോശമായ കണക്കിനു ട്യൂഷന്‍ ടീച്ചറെ തേടി പോയപ്പോഴോ, ആ ബ്രാഹ്മണ മാഷിന്റെ ക്ലാസ്സില്‍ മറ്റുകുട്ടികളെ തൊടാതെ ദൂരെയിരിക്കേണ്ടി വന്നു. ആറാം ക്ലസ്സിലെത്തിയപ്പോഴായിരുന്നു ജാതീയമായ അങ്കലാപ്പുകള്‍ ആ കുട്ടിയെ ഏറെ ഉലച്ചത്. മുത്തയ്യയുടെ ഇടതുവശത്ത് ഒരു മാല ജാതിക്കാരനും വലതുവശത്ത് ഒരു ദക്കല്‍മാദിഗ ജാതിക്കാരനുമായിരുന്നു ഇരുന്നത്. ഇവരെല്ലാവരും ദളിതരായിരുന്നുവെങ്കിലും മാല ജാതിക്കാര്‍ക്ക് മാദിഗജാതിക്കാര്‍ അയിത്തക്കാരായിരുന്നു. ഡക്കല്‍ മാദിഗയാകട്ടെ മാദിഗ വിഭാഗക്കാര്‍ക്ക് അയിത്തമുണ്ടാക്കുന്ന, അവരില്‍ നിന്നും ഭിക്ഷയാചിച്ചു ജീവിക്കുന്ന വിഭാഗവും. മാല വിഭാഗത്തിലെ കുട്ടി തന്നെ തൊടാതെ അല്പം നീങ്ങിയിരിക്കാന്‍ മുത്തയ്യയോടാവശ്യപ്പെട്ടു. ഡക്കന്‍‌മാദിഗ പയ്യന്‍ മുത്തയ്യയെ തൊട്ട് താന്‍ പട്ടിണിയാവുമല്ലോഎന്നു ഭയന്ന് തന്നില്‍നിന്ന് അല്പം നീങ്ങിയിരിക്കാനുമാവശ്യപ്പെട്ടു. മൂപ്പരാകെ അങ്കലാപ്പിലായി.

ഒരു ബ്രാഹ്മണ അദ്ധ്യാപകന്‍ സ്വന്തം എരുമകള്‍ക്ക് പച്ചപ്പുല്ല് പറിച്ചുകൊണ്ടുവരാന്‍ മുത്തയ്യയോട് പറഞ്ഞു. കുട്ടയില്‍ നിറയെ പുല്ലുമായി മുത്തയ്യ വന്നപ്പോള്‍ പുല്ലിനകത്ത് ചുറ്റുപിണഞ്ഞ നൂല്‍ എടുത്തുമാറ്റാന്‍ മാഷ് ആവശ്യപ്പെട്ടു. ഒരു ദളിത് വിദ്യാര്‍ഥി തൊട്ട പച്ചപ്പുല്ല് അയിത്തമാകില്ലങ്കിലും അയാള്‍ തൊട്ട നൂല്‍ അശുദ്ധിയുണ്ടാക്കും!

ക്ലാസ്സിലെ മൂന്ന് പെണ്‍കുട്ടികളും (ഇവര്‍ ബ്രാഹ്മണ, റെഡ്ഡി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു) മുത്തയ്യയോട് പുഞ്ചിരിക്കാറുണ്ടായിരുന്നു. ഒരുദിവസം കുളത്തില്‍ കുതിരാനിട്ട തോല്‍ കഴുകിയെടുത്ത് അച്ഛനോടൊപ്പം മുത്തയ്യ വീട്ടിലേക്ക് പോകുന്നത് ഇവരിലൊരാള്‍ കണ്ടു. അടുത്ത് ദിവസം മുത്തയ്യ ക്ലാസ്സിലെത്തിയ ഉടന്‍ നികൃഷ്ട ജീവിയെ കണ്ടതുപോലെ ഈ പെണ്‍കുട്ടികള്‍ ത്ഫൂ! ത്ഫൂ! എന്നു പറഞ്ഞുകൊണ്ടിരുന്നു. അതോടെ അവരുടെ പുഞ്ചിരി കൈമാറലും നിന്നു.!

ഏഴാം ക്ലാസ്സിലെത്തിയപ്പോള്‍ തൊട്ടടുത്ത ശിവാലയത്തിലെ ഗരുഡസ്തംഭം നാട്ടുന്ന ചടങ്ങ് കാണാന്‍ മുത്തയ്യ പോയി. അവിടെ ഉണ്ടായിരുന്ന ഒരു വൈശ്യന്‍ മുത്തയ്യയെ (മാദിഗ ജാതിക്കാരനെ) തിരിച്ചിറിയുകയും ഒരു വടികൊണ്ട് അശുദ്ധമാകാതിരിക്കന്‍ തള്ളി പുറത്താക്കുകയും ചെയ്തു. ഗരുഡസ്തംഭത്തിലേക്ക് നോക്കി ഉറക്കെ കരഞ്ഞ ആ കൊച്ചു പയ്യനെ ആശ്വസിപ്പിക്കുന്നതിനു പകരം “ ആരു ക്ഷണിച്ചിട്ടാണ് നീ ക്ഷേത്രത്തില്‍ കയറിയത്?” എന്നു പരിഹസിക്കുകയായിരുന്നു പുറത്തുനിന്നു കാണേണ്ടി വന്ന മറ്റൊരു ദളിത് (മാല) ചെയ്തത്!

അല്പ ദിവസം കഴിഞ്ഞപ്പോള്‍ യേശു ക്രിസ്തുവിന്റെ മഹത് ചരിതം പാടികൊണ്ട് ഒരു കൂട്ടം മിഷനറി പ്രവര്‍ത്തകര്‍ ഗ്രാമത്തിലേക്ക് വന്നു. മനം മടുത്തുനിന്ന ആ കുട്ടിക്ക് ഉടന്‍ ആ മതത്തില്‍ ചേരാന്‍ തിടുക്കമായി എന്നാല്‍ ആ ഗ്രാമത്തിലെ പള്ളി മാല വിഭാഗത്തില്‍പ്പെട്ട ദളിതര്‍ക്കുള്ളതായിരുന്നു. മുത്തയ്യ പോകുമ്പോഴൊക്കെ അവരില്‍ നിന്നും ദൂരെ മാറി ഇരിക്കേണ്ടി വന്നു. അതിനാലവന്‍ പള്ളിയില്‍ പോക്ക് നിര്‍ത്തി. എന്നാല്‍ മിഷനറിമാര്‍ കറസ്പോണ്ടന്‍സ് കോഴ്സ്‌ വഴി നടത്തിയ ബൈബിള്‍ പഠനം തുടര്‍ന്നു. ആ പരീക്ഷകളില്‍ നൂറ് മാര്‍ക്ക് വാങ്ങി. പതുക്കെ പതുക്കെ മുത്തയ്യ് മുന്‍‌വിധികള്‍ നിറഞ്ഞ ഹിന്ദു മതത്തില്‍ നിന്നും വിഗ്രഹാരാധനയില്‍നിന്നും മനസ്സുകൊണ്ട് അകന്നു തുടങ്ങി.

ഒമ്പതാം ക്ലാസ്സിലെത്തിയപ്പോഴാണ് മുത്തയ്യയ്ക്ക് സ്കൂളധികൃതരിനിന്നും അല്പം അംഗീകാരം ലഭിച്ചത്.( അധ്വാനിക്കുന്ന ജനവിഭാഗമാകയാല്‍ മറ്റു വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കായികമായി മുത്തയ്യ കരുത്തനായിരുന്നു. ക്ലാസ്സിലെ തട്ടാന്‍ (പിന്നോക്ക വിഭാഗം) ജാതിയില്‍ പെട്ട ഒരു പയ്യന്‍ പെണ്‍കുട്ടികളെയും ദളിത് ആണ്‍കുട്ടികളെയും സ്ഥിരമായി കളിയാക്കുമായിരുന്നു മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവനതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം മുത്തയ്യ അവനെ സ്കൂളിന്റെ പടികളില്‍ വച്ച് അടിച്ച് താഴയിട്ടു. ഇതോടെ മുത്തയ്യ സ്കൂളിലെ നേതാവായി മാറി.

ഇന്റെര്‍ മീഡിയറ്റിനു പഠിക്കുമ്പോള്‍ മുത്തയ്യയുടെ ഒരു സുഹൃത്ത് അവനെ മാദിഗകള്‍ക്കായുള്ള ഒരു ബാപ്റ്റിസ്റ്റ് പള്ളിയിലും പെന്തകോസ്ത് പള്ളിയിലും കൊണ്ടുപോയി. മതം മാറാന്‍ തീരുമാനിച്ചിരുന്ന അവന്‍ തുടര്‍ച്ചയായി പുകവലിച്ചുകൊണ്ടിരുന്ന ഒരു പുരോഹിതനെ കണ്ടു. ബൈബിള്‍ പാഠങ്ങളില്‍ നിന്നും പുകവലി തെറ്റാണന്നു പഠിച്ചിരുന്ന മുത്തയ്യ മതം മാറ്റം തല്കാലം നീട്ടിവച്ചു. അക്കാലത്താണ് ദളിത് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട പണം ദുര്‍വിനിയോഗം ചെയ്ത ഹോസ്റ്റല്‍ വാര്‍ഡനെ മുത്തയ്യ ഭീഷണിപ്പെടുത്തിയത്. പയ്യനെ കയ്യിലെടുക്കാനായി വാര്‍ഡന്‍ ഒരു ജോടി വെളുത്ത കുപ്പായങ്ങള്‍ വാങ്ങിക്കൊടുത്തു. അവയിലൊന്നണിഞ്ഞ് വീണ്ടുമവന്‍ മതം മാറാനായി പോയി . പള്ളിയില്‍ പ്രവേശിച്ചപ്പോഴാണ് കൈക്കൂലിയായി കിട്ടിയ കുപ്പായവുമിട്ടാണ് താന്‍ വന്നത് എന്ന് ഓര്‍ത്തത് . അതോടെ അന്നും മതം മാറേണ്ടതില്ല എന്നു തീരുമാനിച്ചു.

പിന്നീട് അവന് മനസ്സിലായി പള്ളികളിലും ജാതിശ്രേണികള്‍ നിലനില്‍ക്കുന്നുണ്ടന്ന്. നിങ്ങള്‍ ബാപ്റ്റിസ്റ്റ് പള്ളിക്കാരനെങ്കില്‍ അതിനര്‍ത്ഥം ദളിതരില്‍ ദളിതരായ മാദിഗയാണന്ന്. “സി എസ് ഐ “ പള്ളിക്കാരനെങ്കില്‍ അല്പം “ഉയര്‍ന്ന “ദളിതനായ മാലയാണ്. ഇനി റോമന്‍ കത്തോലിക്ക പള്ളിക്കാരനെങ്കില്‍ ഉറപ്പായും മുന്നോക്ക ജാതിയായ ക്രിസ്ത്യാനിയാണ്. പെന്തകോസ്ത് പള്ളി മുഖ്യമായും മാദിഗ വിഭാഗത്തിനുള്ളതാണ്. അതിനാല്‍ മതം മാറാനുള്ള പദ്ധതി മുത്തയ്യ ഉപേക്ഷിച്ചു. മതത്തിന്റെ നന്മകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. പഠിച്ച ആശയങ്ങളൊന്നും പ്രചരിപ്പിക്കാന്‍ നടക്കാതെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചു. ജാതിയില്ലാത്ത ദൈവത്തെ സംഘടിത മതങ്ങളില്‍ തേടി മടുത്തപ്പോള്‍ അദ്ദേഹം തന്റെ പ്രയത്നം മതിയാക്കി ദൈവമില്ലാത്ത തന്റെ വീട്ടിലേക്ക് മടങ്ങി.

ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാഷ്ട്രമീമാംസയിലും സാമൂഹിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി അദ്ദേഹം ഡോക്ടറേറ്റ് ഏടുത്തശേഷം അതേ സ്ഥാപനത്തില്‍ അദ്ധ്യാപകനായി ചേര്‍ന്നു. ഇപ്പോള്‍ ലോകം ഒരുപാട് മാറിയിട്ടും അദ്ദേഹം അനുഭവിച്ച അതെ കയ്പു നിറഞ്ഞ പാതകള്‍ അദ്ദേഹത്തിന്റെ മക്കളെ കാത്തിരുന്നു! പിന്നോക്ക വിഭാഗക്കാരനായ ഒരു പ്രൊഫസ്സര്‍ തന്റെ മക്കളെ മുത്തയ്യയുടെ മക്കളോടൊപ്പം കളിക്കാന്‍ അനുവദിച്ചില്ല. മാദിഗകളുടെ സത്യസന്ധതയും അദ്ധ്വാനശീലവും നിറഞ്ഞ പുരാണകഥകള്‍ പറഞ്ഞുകൊടുത്ത് മക്കളെ അഭിമാനിതരായി വളര്‍ത്താന്‍ മുത്തയ്യ ശ്രമിച്ചിരുന്നു എന്നിട്ടും അദേഹത്തിനു വല്ലാതെ നൊന്തു. അന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും തന്റെ മക്കളുടെ തലമുറപോലും നഗരത്തിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ച ആധുനിക പ്രൊഫസ്സര്‍മാരുടെ ജാതീയമായ സമീപനങ്ങളില്‍ നിന്നും രക്ഷയില്ലല്ലോ എന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. ജാതി ഗ്രാമത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന സിദ്ധാന്തം എത്ര തെറ്റാണ് എന്നതിന് പ്രൊഫസ്സര്‍ മുത്തയ്യയുടെ ജീവിതം നല്ലൊരു ദൃഷ്ടാന്തമാണ്. കുട്ടിക്കാലത്ത് തുടങ്ങിയ തന്റെ യുദ്ധം അദ്ദേഹം ഇപ്പോഴും തുടരുകയാണ്, കൂടുതല്‍ കൂടുതല്‍‍ കരുത്ത് നേടിക്കൊണ്ട്.

Subscribe Tharjani |