തര്‍ജ്ജനി

ലേഖനം

ആശാനിലെ പെണ്ണെഴുതിയത്‌

ഓരോ സന്ന്യാസിയുടെ ഉള്ളിലും ഒരു സ്ത്രീയിരിക്കുന്നു. കുമാരനാശാനില്‍ സന്ന്യാസിയുള്ളതുപോലെ ഒരു പെണ്ണും ഉണ്ട്‌. ആശാന്‍കവിതയുടെ ഉയിര്‌ ഈ പെണ്ണാണെന്ന്‌ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

പരമശിവനിലെ സംഹാരത്തെ പുറത്തുകൊണ്ടുവരുന്നതു നഷ്ടപ്രേമാണല്ലോ. ദേവനു മാത്രമല്ല മനുഷ്യനും ബലത്തിനും ബലഹീനതയ്ക്കും പ്രേമം തന്നെയാണു നിമിത്തം. പ്രേമം കവിതയോടും മരണത്തോടും അടുത്തുനില്‍ക്കുന്നു. പ്രേമത്തോളം ആത്മബോധമുണ്ടാക്കാന്‍ കവിതയില്‍ മറ്റൊന്നുമില്ല.

സാധാരണനിലയില്‍ അസംബന്ധമെന്നു തോന്നുന്ന കാര്യങ്ങളാണു മനുഷ്യര്‍ പ്രേമത്തില്‍ ചെയ്യുന്നത്‌. നാഗരികതയില്‍ നളിനിക്ക്‌ ആനന്ദം കണ്ടെത്താനാകുന്നില്ല. അവള്‍ ദിവാകരനെ തിരഞ്ഞ്‌ വീടുപേക്ഷിച്ചുപോകുന്നു. കുലമര്യാദകളെ ലംഘിക്കുന്നു. അവളുടെ പ്രവൃത്തി താങ്ങാനാവാതെ മാതാപിതാക്കള്‍ ജീവനൊടുക്കുന്നു. ദുരന്തങ്ങള്‍ നളിനിയുടെ പ്രേമത്തെ തളര്‍ത്തുന്നില്ല. ജീവനൊടുക്കാന്‍ ശ്രമിച്ച അവളെ ഒരു യോഗിനിയാണ്‌ രക്ഷപ്പെടുത്തുന്നത്‌. കാമമോഹങ്ങളില്‍നിന്നും മുക്തയാകണമെന്നല്ല യോഗിനി അപ്പോള്‍ അവളോടു പറയുന്നത്‌. നീ കാത്തിരിക്കുക, ഒരിക്കല്‍ നീ മോഹിക്കുന്നവന്‍ നിന്നെ തിരഞ്ഞെത്തുമെന്നാണ്‌.

ആരാണു നളിനിയും ലീലയും?
അവര്‍ സാധാരണ നായികമാരല്ല. പതിവുജീവിതം നയിക്കുന്നവര്‍ക്കു പ്രേമവും മരണവും ഒരുമിച്ചനുഭവിക്കാന്‍ കഴിയില്ല. അവര്‍ കവിതയ്ക്കു പാകമാകില്ല. മറഞ്ഞിരിക്കുന്നവനു കേള്‍ക്കാനായി നളിനി ഒരു പ്രണയരാഗമാലപിക്കുന്നു. ജ്ഞാനിയായാലും സന്യാസിയായാലും ആ ഗാനത്തിലേക്കു മടങ്ങിവരാതിരിക്കാനാവില്ല. ദിവാകരന്‍ തിരികെയെത്തുന്ന രംഗത്തില്‍, അയാള്‍ മലമുകളില്‍നിന്നു താഴ്‌വാരത്തിലേക്കു നോക്കി കുറേനേരം ആലോചിച്ചുനില്‍ക്കുന്നതായി ആശാന്‍ എഴുതിയിട്ടുണ്ട്‌. ആകാശത്തിലെ പക്ഷി താഴെ വനാന്തരത്തിലെവിടെയോ ഉള്ള തന്റെ കൂടു തിരയും പോലെ യോഗി തന്റെ ഭൂതകാലത്തിലേക്ക്‌, താന്‍ ഉപേക്ഷിച്ചുപോന്ന ജീവിതത്തിലേക്ക്‌, കാമബന്ധത്തിലേക്കു നോക്കിയെന്നാണ്‌ ആശാന്‍ എഴുതുന്നത്‌.

ഈ നോട്ടം നളിനിയുടെ ഹൃദയത്തിലെത്തുന്നുണ്ട്‌. തന്റെ നോട്ടം എവിടെയോ സ്പര്‍ശിച്ചുവെന്നു ദിവാകരനും തോന്നുന്നു. എന്നിട്ടും നളിനിയെ നേരിട്ടുകണ്ടപ്പോള്‍ ദിവാകരനു തിരിച്ചറിയാനായില്ല. അഥവാ വിരക്തനായ യുവാവ്‌ അവളെ അറിഞ്ഞതായി ഭാവിക്കുന്നില്ല. എല്ലാ ചാപല്യങ്ങളെയും ത്യജിച്ചുപോന്നവനാണു താനെന്ന തോന്നല്‍ ദിവാകരനില്‍ എപ്പോഴുമുണ്ട്‌. പുരുഷന്റെ കുഴപ്പമാണത്‌, സ്ത്രീയേക്കാള്‍ ഉയര്‍ന്നതാണു തന്റെ നിലയെന്നു കരുതും. ധീരനും നിസ്സംഗനുമായ പുരുഷനു മുന്നില്‍ കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്ന നളിനിയുടെ രൂപം അത്ര രസത്തോടെയല്ല നാം വായിക്കുന്നത്‌. നളിനി മോഹാന്ധയായിരിക്കാം. സ്നേഹിക്കുന്ന പുരുഷന്റെ കാല്‍ക്കല്‍ വീഴാനും അവള്‍ക്കുമടിയില്ല, എന്നാല്‍ അത്‌ അവളുടെ കീഴടങ്ങലായി കരുതേണ്ടതില്ല. സ്മരണകള്‍ കൊണ്ടുവരുന്ന ബാധ്യതയാണത്‌. മുതിര്‍ന്നവരുടെ വേദനകളുടെ വേരുകള്‍ കുട്ടിക്കാലത്തു തിരയണമെന്നാണല്ലോ ഫ്രോയിഡ്‌ മുതലിങ്ങോട്ടു പറയുന്നത്‌. ബാല്യകാലസ്മരണകളുടെ മൂക്കുകയറില്ലാത്ത സാഹിത്യഭാവനയില്ലല്ലോ. മാധവിക്കുട്ടിയില്‍ അത്‌ ഉറവ വറ്റാത്ത നീര്‍ത്തടമാണ്‌. തരംകിട്ടുമ്പോഴെല്ലാം നാം കുട്ടിക്കാലത്തിലേക്കു പോകുന്നു, അതു നല്ലതാണെങ്കില്‍. അതു ചീത്തയാണെങ്കില്‍ നാം എത്ര അകലേക്കു പോയാലും നമ്മെ വേട്ടയാടുകയും ചെയ്യും.

നളിനിയുടെ ഹൃദയം സ്മരണകളുടെ ആഴങ്ങളില്‍ മുങ്ങിക്കിടക്കുകയാണ്‌. നഷ്ടപ്പെട്ടുപോയ കാലം മോഹത്തെ വര്‍ധിപ്പിക്കുന്നു. ദിവാകരനൊപ്പമുള്ള കാലം നളിനി വിവരിക്കുന്നത്‌ കുട്ടിക്കാലത്തിന്റെ ഒരു ക്ലാസിക്‌ ദൃശ്യമായിട്ടാണ്‌.

‘’ലോലനാര്യനുരുവിട്ടു കേട്ടൊരു-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍‘’

ജനപ്രിയസിനിമകളില്‍ കുട്ടിക്കാലത്തെപ്പറ്റി പറയുമ്പോള്‍ ആശാന്‍ വിവരിച്ചതിന്‌ അപ്പുറമൊന്നും ഇപ്പോഴും കാട്ടാറില്ല. ബഷീറിന്റെ ബാല്യകാലസഖിയില്‍ കുട്ടിക്കാലം പറുദ്ദീസ പോലെയാണ്‌. അതു നഷ്ടമാകുന്നതോടെ നരകം തുടങ്ങുകയാണ്‌. പറമ്പിലെ മരക്കൊമ്പില്‍ കയറിനിന്നാല്‍ മക്കയും മക്കാപള്ളിയുടെ മിനാരങ്ങളും കാണാന്‍കഴിയുന്ന കുട്ടിക്കാലത്തിന്റെ ആനന്ദമല്ലാതെ ബാല്യകാലസഖിയില്‍ മറ്റൊന്നുമില്ല, ദു:ഖമല്ലാതെ.

ദീര്‍ഘകാലത്തിനുശേഷം പ്രിയതമന്‍ നളിനിക്കു മുന്‍പാകെ എത്തുന്നു. നളിനി ദിവാകരന്റെ ശരീരത്തിലേക്കു ചാഞ്ഞു മരണം വരിക്കുകയാണ്‌. അതിനെ മോക്ഷമെന്നു വിശേഷിപ്പിക്കുന്നവരുണ്ട്‌. നളിനി കുളിച്ചീറനണിഞ്ഞാണു ദിവാകരന്റെ അരികിലേക്കു വരുന്നത്‌. മരണചിന്തയും പ്രേമഭാവനയും തമ്മില്‍ വേര്‍പിരിക്കാനാവാത്ത മനോനില ആശാന്‍ നളിനിക്കു നല്‍കിയിട്ടുണ്ട്‌. സ്വന്തം ശരീരത്തെ മൃതമായ നിലയില്‍ അവള്‍ ദിവാകരനു സമ്മാനിക്കുന്നു. മരിക്കുന്നതില്‍ ഇങ്ങനെ ആനന്ദം കണ്ടെത്താന്‍ പ്രേമിക്കുന്നവള്‍ക്കുമാത്രമേ കഴിയുകയുള്ളു. ഇങ്ങനെ പ്രേമാനന്ദത്താല്‍ മരിക്കുമ്പോള്‍ എന്താണു സംഭവിക്കുന്നത്‌? പെണ്ണുങ്ങള്‍ ജീവിതത്തെ യുക്തിഹീനമായി നഷ്ടപ്പെടുത്തുകയാണോ? പ്രേമം മനുഷ്യരെ സാമൂഹികചിന്തയില്ലാത്തവരാക്കി മാറ്റുകയാണോ ? ഈ ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം തേടുകയും ചെയ്യാനുള്ള പ്രവണത ആശാനിലുണ്ട്‌. അതുപക്ഷേ ആശാനിലെ സ്ത്രീ ആഗ്രഹിച്ചിരുന്നില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌. ദുരവസ്ഥ പോലൊരു കാവ്യത്തില്‍ ആശാന്‍ ഒരു ഹിന്ദുപുരുഷനായി പെണ്ണിനെ ഭാവന ചെയ്തതുകൊണ്ടാണ്‌ അതിലെ സവര്‍ണയുവതിയെ ആരും ശ്രദ്ധിക്കാതിരുന്നത്‌. നമ്പൂതിരിപ്പെണ്ണുങ്ങള്‍ ഇങ്ങനെയൊന്നുമല്ലെന്നു ഇ.എം.എസ് എഴുതിയത്‌ ഓര്‍ക്കുക. പ്രണയപാരവശ്യത്തെ ജയിക്കാന്‍ ആത്മീയജ്ഞാനത്താല്‍ കഴിയുമെന്ന വിചാരം ആശാന്റെ പുരുഷന്‍മാര്‍ക്കുണ്ടായിരുന്നു. അവര്‍ സ്ത്രീകള്‍ക്കുമുന്നില്‍ ജ്ഞാനികളായി ഭാവിക്കുന്നത്‌ ഈ വിചാരത്താലാണ്‌.

ദിവാകരന്റെ കാര്യമെടുക്കുക. അയാള്‍ ആകര്‍ഷകത്വമില്ലാത്ത നായകനാണ്‌. പുറമേ നിര്‍മമനും നിസ്സംഗനുമൊക്കെയാണെങ്കിലും നളിനിയുടെ സ്മരണ അയാളില്‍ ഇല്ലാതായിട്ടില്ല. നളിനിയെ തിരഞ്ഞുവരുമ്പോഴും അതു സമ്മതിക്കുവാന്‍ ലജ്ജിക്കുന്നു. നളിനിയുടെ ഗാനത്തില്‍ മതിമയങ്ങിയ അയാള്‍ അവളുടെ പ്രണയത്തിനു പാത്രമായതില്‍ സന്തോഷിക്കുന്നു. എന്നാല്‍, അവളുടെ വികാരത്തെയോ ആത്മാവിനെയോ തൊട്ടുനോക്കാന്‍ വിസ്സമ്മതിക്കുന്നു.

“പാഴിലേവമഴലാകുമാഴിയാ-
ഞ്ഞാഴൊലാ നളിനി, അജ്ഞപോലെ നീ“, എന്നിങ്ങനെ അയാളുടെ തത്ത്വചിന്ത തീരെ ബലമില്ലാത്തതാണ്‌. പ്രേമത്തിനുവേണ്ടി ആഗ്രഹിക്കുകയും നളിനി തനിക്കുവേണ്ടി വിലപിച്ചുമരിച്ചതില്‍ ദുഖിക്കുകയും ചെയ്യുന്ന ദിവാകരന്റെ കാര്യം കഷ്ടമാണ്‌. ജ്ഞാനിയുടെയോ വിരക്തന്റെയോ കുപ്പായം അയാള്‍ക്കുചേരുന്നില്ല.

“ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും“

എന്നു മരിച്ച നളിനിയെപ്പറ്റിയുള്ള ദിവാകരചിന്തയില്‍ കവിത കുറവാണ്‌. അതിനാല്‍ അതു നളിനിയെ പരിഹസിക്കുന്നതിനു തുല്യമാണെന്നുപോലും നാം സംശയിച്ചുപോകുന്നു.

ആശാനെപ്പറ്റി വൈലോപ്പിള്ളിയുടെ കാവ്യലോകസ്മരണകളില്‍ പറയുന്ന ഒരു കാര്യമുണ്ട്‌. വൈലോപ്പിള്ളിയുടെ സ്കൂള്‍ പഠനകാലത്ത്‌ ആശാനെ സമുദായിക പരിഷ്ക്കര്‍ത്താവായ കവിയായി, ഈഴവരുടെ കവിയായിട്ടാണ്‌ പരിഗണിച്ചിരുന്നത്‌. കാവ്യാനുഭവത്തിന്റെ വാതിലുകളെ വായനക്കാരനുമുന്നില്‍ അടയ്ക്കുന്ന ഒരു മുന്‍വിധിയായിരുന്നു അത്‌. ആശാന്റെ രചനകളെല്ലാം സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കിയുള്ളതാണെന്ന ധാരണ ആശാന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ വ്യാപകമായിരുന്നു. ജാതിക്ക്‌ അതീതമായി, സെമിറ്റിക്‌ മതഘടനയില്‍ ഹിന്ദുസമൂഹത്തെ പരിഷ്കരിക്കുന്നതിനായി എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ഒരു ആശാന്‍ സജീവമായതു ഈ സാമൂഹികാന്തരീഷത്തിലായിരുന്നു.

എന്നാല്‍, ആശാന്റെ കവിഹൃദയം പുരുഷനേക്കാള്‍ സ്ത്രീയുടേതാണ്‌. ആശാനിലുള്ള സ്ത്രീത്വം സമുദായികജീവിതത്തെ നവീകരിക്കുകയല്ല, അതിനെ പൊളിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു സ്ത്രീ അഗാധമായികാമിച്ചുതുടങ്ങുന്നതോടെ സമുദായത്തില്‍നിന്നാണ്‌ അവള്‍ ആദ്യം ബഹിഷ്കരിക്കപ്പെടുന്നത്‌. കാവ്യത്തിന്റെ വിഭിന്നങ്ങളായ ഭൂപ്രദേശങ്ങളെ അവര്‍ നിര്‍മിക്കുകയും ചെയ്യുന്നു. പ്രണയത്തിന്റെ തീവ്രാവിഷ്കാരമായി സ്ത്രീയുടെ ജീവിതം മാറുമ്പോഴും പുരുഷന്‌ അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

ലീലയിലും നളിനിയിലുമെല്ലാം പ്രണയിനികളുടെ ഒത്തുചേരലിനെ ശ്രേഷ്ഠമായ ആത്മീയാനുഭവമാക്കി മാറ്റാന്‍, ശരീരത്തിന്റെ മോചനമാക്കി മാറ്റാന്‍ ആശാന്‍ ശ്രമിച്ചിരുന്നു. പ്രണയസംഗമവും ആത്മജ്ഞാനവും ഒരുമിച്ചു സംഭവിക്കുന്നു. അതാകട്ടെ മരണത്തിന്റെ സന്ദര്‍ഭം കൂടിയാണ്‌. മരിക്കുന്ന കണ്ണുകളിലേക്കാണ്‌ ഉപഗുപ്തന്‍ ഉറ്റുനോക്കുന്നത്‌. ശരീരമില്ലാതെ വരൂ പ്രണയമേ, അങ്ങനെയാണെങ്കില്‍ മാംസവിചാരമില്ലാതെ, ഒരു ദൈവത്തെയെന്നപോലെ എനിക്കു ശരീരസുഖവ്യാമോഹമില്ലാതെ പ്രേമിക്കാന്‍ കഴിഞ്ഞേനെ-എന്ന്‌ സീസാര്‍ വയാഗോയുടെ ഒരു കവിതയുണ്ട്‌. മോഹതീവ്രതയില്‍ ശരീരത്തേക്കാള്‍ വലുതായ ആനന്ദമാണ്‌ ആശാന്‍ സങ്കല്‍പ്പിച്ചത്‌. അതെന്തിനാണ്‌, എന്താണ്‌ ഈ ശരീരത്തിന്റെ കുഴപ്പം? നളിനി സുന്ദരിയാണ്‌. നളിനിയേക്കാള്‍ സുന്ദരിയാണു ലീല. ഇത്രയും സുന്ദരമായ ശരീരം വിരൂപനായ ഒരുവനുവേണ്ടി ത്യജിക്കണോ എന്നു ലീലയുടെ തോഴി ചോദിക്കുന്നുണ്ട്‌. ശരീരത്തിന്റെ ആഡംബരവും അനുഭൂതിയും നഷ്ടമായ ഒരിടത്താണ്‌ വാസദവദത്തയ്ക്ക്‌ ഉപഗുപ്തനെ മടക്കിലഭിക്കുന്നത്‌. ഭര്‍ത്താവിന്റെ ഇച്ഛകളെ നിറവേറ്റി, കുട്ടികളെ പ്രസവിച്ചു. ഇനിയും എനിക്കീ ശരീരം കൊണ്ടെണ്ടെന്തു കാര്യമെന്നു സീത സംശയിക്കുന്നുണ്ട്‌. ശരീരത്തെ ജയിക്കുമെങ്കില്‍, പ്രേമം ജ്ഞാനസുരഭിലമായ ആത്മീയാനനന്ദമായി, നിര്‍വാണമായി മാറുമെന്ന്‌ ആശാന്‍ സങ്കല്‍പിച്ചു. ഇതിനോടു പെണ്ണുങ്ങള്‍ യോജിക്കില്ലെന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. അതുകൊണ്ടാണ്‌ നളിനിയും ലീലയും സീതയുമെല്ലാം ദു:ഖിതരായിരിക്കുന്നത്‌. അമര്‍ത്തിവയ്ക്കുകയോ പ്രകാശിപ്പിക്കപ്പെടാതെ പോകുകയോ ചെയ്യുന്ന വികാരമായി പ്രണയത്തെ ദുഷിപ്പിക്കരുതെന്നു ആശാന്‍കവിത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗാഢാന്ധകാരങ്ങളിലേക്കു കവി യാത്ര ചെയ്തു. സര്‍വവും അര്‍പ്പണം ചെയ്യുന്ന ഭാവനയുടെ സ്വാതന്ത്ര്യമായിരുന്നു അത്‌. മറ്റെല്ലാം ജീവിതത്തെ നിഷ്ഫലമാക്കുന്നുവെന്നാണ്‌ കവിക്കു തോന്നിയത്‌.

‘’കരുതുവതിഹ ചെയ്യവയ്യ; ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂടാ, യായു-
സ്ഥിരതയുമില്ല-ല്ലതി നിന്ദ്യമീ നരത്വം!‘’ (ലീല)

കെട്ടഴിഞ്ഞ കാവ്യാനുഭവത്തിലൂടെ, പ്രേമാധിക്യത്തിലൂടെ യഥാര്‍ഥ ജീവിതാനുരാഗം മറ്റൊന്നാണെന്നു ആശാന്‍ കരുതിയിരുന്നു. അത്‌ ഭാവനയുടെ എല്ലാ വഴികളെയും കൊണ്ടുപോയത്‌ പ്രണയിക്കുന്ന ആത്മാവിന്റെ അനശ്വരതയിലേക്കാണ്‌. മാംസത്തിന്റെ വ്യാധിയില്‍ നിന്ന്‌ ആത്മാവിനെ മോചിപ്പിക്കാനുള്ള ആശാന്റെ വ്യഗ്രത വാസ്തവത്തില്‍, തന്നിലെ സ്ത്രീയോടുള്ള സംവാദം കൂടിയായിരുന്നിരിക്കണം.

‘’എന്റെയീശ! ദൃഢമീ പദാംബുജ-
ത്തിന്റെ സീമ, ഇതുപോകിലില്ല ഞാന്‍?‘’
എന്നു പറഞ്ഞുകൊണ്ട്‌ മരണം വരിക്കുന്നവളെ നാം ഭയക്കണം. അവള്‍ കവിതയില്‍നിന്നെത്തിയതാണ്‌. അവള്‍ക്കുമുന്നില്‍ തോറ്റുകൊടുക്കുന്നതാണു ബുദ്ധി.

അജയ്‌ പി. മങ്ങാട്ട്‌
Subscribe Tharjani |