തര്‍ജ്ജനി

ബെന്യാമിന്‍

വെബ്: മണലെഴുത്ത്

Visit Home Page ...

കഥ

ബെന്യാമിന്റെ കഥകള്‍

കൂറുമാറ്റം

ഞാന്‍ നീഷേയുടെ ഒരു ആരാധകനായിരുന്നു.
അദ്ദേഹത്തിന്റെ വചനങ്ങളില്‍ ആകൃഷ്ടനായി ഞാന്‍
ദൈവത്തെയും പ്രവാചകന്മാരെയും തള്ളിപ്പറഞ്ഞു.
അതിമാനുഷനെപ്പറ്റി സ്വപ്നം കണ്ടു.
സരതുഷ്ട്രയോട്‌ ചോദ്യങ്ങള്‍ ചോദിച്ചു.
പിന്നെയും സംശയങ്ങള്‍ ബാക്കിയായതിനാല്‍
ഞാന്‍ നീഷയെ തേടിപ്പുറപ്പെട്ടു.
ഞാന്‍ പലയിടത്തും അലഞ്ഞിട്ടും
അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ഏറെ അലച്ചിലിനുശേഷം
ഞാന്‍ നീഷെയെ കാണുമ്പോള്‍
അദ്ദേഹം ഒരു വേദപഠനക്ലാസില്‍
ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച്‌
സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു...!!

ഇന്നലെ

ഇന്നലെ സ്‌കൂളില്‍ പോയ എന്റെ ഇളയമകള്‍
തിരികെ വന്നത്‌ കാലില്ലാതെ...
ഇന്നലെ കോളേജില്‍ പോയ എന്റെ മൂത്തമകന്‍
തിരികെ വന്നത്‌ ഉടുതുണിയില്ലാതെ...
ഇന്നലെ സിനിമക്കു പോയ എന്റെ ഭാര്യ
തിരികെ വന്നത്‌ കണ്ണില്ലാതെ...
ഇന്നലെ ജോലിക്കു പോയ ഞാന്‍
തിരികെ വന്നത്‌ ജീവനില്ലാതെ...

മനുഷ്യന്‍ എന്ന സഹജീവി

ഞാനൊരു പരിസ്ഥിതി പ്രവര്‍ത്തകനാണ്‌. വല്ലാത്തൊരു ജന്തുസ്നേഹിയാണ്‌. ഇന്നത്തെ എന്റെ പകല്‍ എനിക്ക്‌ വല്ലാത്ത തിരക്കായിരുന്നു. പരിസ്ഥിതി മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതിനെതിരെയും ഞാന്‍ രണ്ടു ക്ലാസുകള്‍ എടുത്തു. സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിച്ച്‌ അഭ്യാസങ്ങള്‍ കാണിക്കുന്നതിനെതിരെ ഞാനൊരു മാര്‍ച്ചില്‍ പങ്കെടുത്തു. വഴിവക്കില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്ന തെരുവു നായ്ക്കളെക്കുറിച്ച്‌ ഒരു ലേഖനം തയ്യാറാക്കി. വിശന്നു കിടക്കുന്ന വളര്‍ത്തു മൃഗങ്ങളെക്കുറിച്ച്‌ ഒരു പരാതി ഞാന്‍ സര്‍ക്കാറിന്‌ അയച്ചുകൊടുത്തു. എല്ലാം കഴിഞ്ഞ്‌ ഞാന്‍ വീട്ടിലെത്തിയപ്പോള്‍ രാത്രിയായി.

അപ്പോഴാണ്‌ ഭാര്യ വന്നുപറയുന്നത്‌ അയല്‍ വക്കത്തെ കുട്ടിക്ക്‌ എന്തോ അസുഖമായി
കിടക്കുന്നു അവനെയൊന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കാന്‍. എനിക്ക്‌
വല്ലാത്ത ദേഷ്യം വന്നുപോയി. അല്ലെങ്കില്‍ നിങ്ങള്‍തന്നെ പറ - എന്നെപ്പോലെ
തിരക്കുള്ള ഒരു മനുഷ്യനെ ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക്‌ വിളിക്കാമോ..?
എനിക്കെവിടുന്ന് സമയം?!!

സംശയം

എടാ സഹചാരി..,
നീ സഞ്ചരിക്കുന്നത്‌ കോണ്ടസാ കാറില്‍
ഞാന്‍ സഞ്ചരിക്കുന്നത്‌ പെരുവഴിയേ നടന്നും...
നീ കഴിക്കുന്നത്‌ കോണ്ടിനന്റല്‍ ഫുഡ്‌
ഞാന്‍ കഴിക്കുന്നത്‌ അന്യന്റെ എച്ചില്‍...
നീ ഉറങ്ങുന്നത്‌ പതിഞ്ഞ മെത്തയില്‍
ഞാന്‍ ഉറങ്ങുന്നത്‌ കീറിയ ചാക്കില്‍ കിടന്ന്..
എന്നിട്ടും അവരെന്തിനാണ്‌ നിന്നെ
പട്ടിയെന്നും എന്നെ മനുഷ്യനെന്നും
പേരിട്ട്‌ വിളിക്കുന്നത്‌....?!!

പൂന്തോട്ടം

നീ എന്റെ ഹൃദയത്തെ ആദ്യമായി മുറിപ്പെടുത്തിയപ്പോള്‍
ഊറിവന്ന ചോര ഒരു റോസാ പുഷ്പമായി മാറി.
നീ എന്നെ തിരസ്കരിച്ചപ്പോള്‍
പൊട്ടിത്തെറിച്ച എന്റെ ഹൃദയം
ഒരു പൂന്തോട്ടമായി മാറി.

ആഘോഷം

ഞങ്ങള്‍ വരിവരിയായി വന്നുകൊണ്ടിരുന്നു.
ഞങ്ങള്‍ ടൈയും കോട്ടും അണിഞ്ഞിരുന്നു.
ഞങ്ങളുടെ ചുണ്ടുകളില്‍ സിഗാര്‍ എരിയുന്നുണ്ടായിരുന്നു.
ഏറ്റവും മുന്തിയതരം കാറുകളില്‍ നിന്നിറങ്ങിയ ഞങ്ങള്‍
പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക്‌
ചുവപ്പ്‌ പരവതാനികളിലൂടെ നടന്നു കയറി.
അവിടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായിരുന്നു.
അഹാരം, മദ്യം, പാട്ട്‌, നൃത്തം, എല്ലാം... എല്ലാം..
എല്ലാവരും വന്നുചേര്‍ന്നപ്പോള്‍ ഞങ്ങള്‍ പതിവുപോലെ
ബൂര്‍ഷാ സംസ്‌കാരത്തിനെതിരേ ഘോരഘോരം
പ്രസംഗിച്ചുകൊണ്ട്‌ ഒക്ടോബര്‍ വിപ്ലവം സമുചിതമായി ആഘോഷിച്ചു..!!

Subscribe Tharjani |