തര്‍ജ്ജനി

പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

ചരിത്രത്തെ വീണ്ടെടുക്കുക

മലയാളം എഴുത്തുരീതി ഏകീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സന്തോഷ്‌ തോട്ടിങ്ങല്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മിക്കതും ലിപിതലത്തിലുള്ളവയാണ്‌. അത്തരം അവ്യവസ്ഥിതികള്‍ രൂപപ്പെടുന്നതു്‌ ലിപിപരിഷ്‌ക്കരണങ്ങളുടെ ഫലമായാണു്‌. അച്ചടിയില്‍ അച്ചുനിരത്തുന്ന ആളുടെ ജോലിഭാരം കുറയ്‌ക്കാനും വേഗത കൂട്ടാനുമാണു്‌ ലിപരിഷ്‌ക്കരണം നടത്തിയതു്‌. കൌമാരം എന്നതില്‍നിന്നു്‌ ഒരു ചിഹ്നം കുറച്ചാലും വായിക്കാന്‍ പ്രയാസമൊന്നുമില്ല. /ൗ/ എന്ന ചിഹ്നം ഇ, ഉ എന്നിവയുടെ ദീര്‍ഘം കാണിക്കാന്‍ കൂടി ഉപയോഗിക്കുന്നുണ്ടു്‌. എന്നാല്‍ സ്വരങ്ങളോടൊപ്പമല്ലാതെ വ്യഞ്‌ജനങ്ങളില്‍ ചേരുന്ന ഇകാരത്തിന്റെയും ഉകാരത്തിന്റെയും ദീര്‍ഘം കീ, കൂ എന്നിങ്ങനെ മറ്റു ചിഹ്നങ്ങള്‍കൊണ്ടാണു്‌ കുറിക്കുന്നതു്‌. അതായതു്‌ സ്വരങ്ങളുടെ ലിപിമങ്ങളില്‍ (ഒറ്റയ്‌ക്കു നില്‌ക്കുന്നിടത്തു്‌) മാത്രമേ /ൗ/ ദീര്‍ഘത്തെ കുറിക്കുന്നുള്ളൂ. ഉപലിപിയായി (ഏതെങ്കിലു ഒരു വ്യഞ്‌ജനലിപിയോടു്‌ ചേര്‍ന്നു നില്‌ക്കുന്നത്തിടത്തു്‌) വരുമ്പോള്‍ അതിനു സ്വരദീര്‍ഘം കാണിക്കുക എന്ന ധര്‍മ്മമില്ല. അതുകൊണ്ടു്‌ ഔ എന്നതിന്റെ ഉപലിപിയായി ഉപയോഗിക്കുന്ന /-ൌ/ ചിഹ്നത്തിലെ //െ ഉപേക്ഷിച്ചാലും അതിനെ തിരിച്ചറിയുന്നതില്‍ ഒരു കുഴപ്പവുമുണ്ടാകില്ല. ഇക്കാരണത്താല്‍ ഒരു ചിഹ്നം കുറയ്‌ക്കുാനായാല്‍ അതു എഴുത്തിനെ എളുപ്പമാക്കും; വായനയില്‍ കുഴപ്പങ്ങളൊന്നും വരുത്തുകയുമില്ല എന്ന യുക്തിയാവും എന്‍. വി.കൃഷ്‌ണവാരിയരുടെ നേതൃത്വത്തിലുള്ള ലിപിപരിഷ്‌ക്കര്‍ത്താക്കള്‍ സ്വീകരിച്ചിട്ടുണ്ടാവുക.

പഴയരൂപം ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്‍ക്കശ്യം അവര്‍ സ്വീകരിച്ചില്ല. ഈ ഉദാസീനതയാണു്‌ പില്‌ക്കാലത്തും രണ്ടുരൂപങ്ങളും വരുന്നതിനു്‌ കാരണം. ഒരു പക്ഷെ പഴയ എഴുത്തുകളെ വായിക്കുമ്പോള്‍ ഇതു്‌ പ്രശ്‌നമുണ്ടാക്കരുതു്‌ എന്നാവാം ഈ ഉദാസീനത സ്വീകരിക്കാന്‍ കാരണം. ഇകാരദീര്‍ഘത്തിനു്‌ പണ്ടുപയോഗിച്ചിരുന്ന ചിഹ്നം ംിം എന്നാണെന്നു്‌ അത്തരം ഒരു പുസ്‌തകം വായിക്കുമ്പോള്‍ തിരിച്ചറിയാവുന്നതേയുള്ളൂ. അതുകൊണ്ടു്‌ രണ്ടുരൂപങ്ങളും ഉപയോഗിക്കാമെന്ന തീരുമാനം പഴയരീതിയില്‍ ശീലിച്ചവരെ പരിഗണിക്കുന്നുണ്ടെങ്കിലും പുതുതായി പഠിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുമെന്നതില്‍ സംശയമില്ല. അതാണു്‌ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാതെയാണെങ്കിലും ലിപിപരിഷ്‌ക്കര്‍ത്താക്കള്‍ക്കു്‌ പറ്റിയ പിശകു്‌.

ഹെന്‍റി എന്നെഴുതിയാല്‍ ഹെന്റി എന്നു വായിക്കാമെന്ന കുഴപ്പവും കാറററിംഗ്‌ എങ്ങനെ വായിക്കണമെന്ന കുഴപ്പവും ഒഴിവാക്കനാണു്‌ /ന്റ/ എന്നും /റ്റ/ എന്നും ഉള്ള രൂപങ്ങള്‍ ഉപയോഗിക്കുന്നതു്‌. അവയെ സാര്‍വ്വത്രികമായി ഉപയോഗിക്കുകയാവും വിദേശഭാഷാപദങ്ങളെ കൂടുതല്‍ ഉപയോഗിക്കുതിനു്‌ ഉപകാരപ്പെടുക. ലിപിസംഖ്യ കുറയ്‌ക്കുക ഇന്നൊരാവശ്യമല്ല. ലിപികളെ ഏകീകരിക്കുകയാണു്‌ ഇന്നു്‌ ആവശ്യമായിട്ടുള്ളതു്‌.

കൃഷ്‌ണവാരിയരുടെ നേതൃത്വത്തിലുള്ള ലിപിപരിഷ്‌ക്കരണം ലിപിതലത്തില്‍ ഒതുങ്ങാത്ത നടപടികളും കൈക്കൊണ്ടിട്ടുണ്ടു്‌. ചില്ലക്ഷരത്തിനുശേഷം വരുന്ന വ്യഞ്‌ജനങ്ങള്‍ ഇരട്ടിക്കാതെ ഉച്ചരിക്കാന്‍ കഴിയില്ല എന്നതിനാല്‍ എഴുത്തില്‍ ഇരട്ടിപ്പു്‌ പ്രത്യേകം കാണിക്കേണ്ടതില്ല എന്നതു്‌ അത്തരത്തില്‍പ്പെടുന്ന ഒന്നാണു്‌. മാര്‍കഴി, വളര്‍മതി തുടങ്ങിയ എതിര്‍തെളിവുകള്‍ (എതിര്‍ത്തെളിവുകള്‍ വേണമെന്നില്ല) വിഷ്‌ണുനാരായണന്‍ നമ്പൂതിരി നിരത്തിയിട്ടുണ്ടു്‌. യഥാര്‍ത്ഥത്തില്‍ ഈ പരിഷ്‌ക്കരണം അച്ചടിയെ ഒരുവിധത്തിലും ലഘൂകരിക്കുന്നില്ല. ചര്‍ക എന്നു്‌ അച്ചടിക്കാനും ചര്‍ക്ക എന്നച്ചടിക്കാനും മൂന്നു ചിഹ്നങ്ങള്‍ വേണം./ക/യുടെ കള്ളിയില്‍നിന്നാണോ /ക്ക/യുടെ കള്ളിയില്‍നിന്നാണോ എടുക്കേണ്ടതു്‌ എന്നു മാത്രമേ ഇവടെ പ്രശ്‌നമുള്ളൂ. രണ്ടായാലും അദ്ധ്വാനം തുല്ല്യം. മാത്രമല്ല ഇരട്ടിച്ച വ്യഞ്‌ജനങ്ങള്‍ ഉപേക്ഷിക്കാന്‍ ഈ പരിഷ്‌ക്കരണംകൊണ്ടു കഴിയുന്നില്ല. ചില്ലിനു ശേഷമല്ലാതെ ഇരട്ടിപ്പു്‌ ഭാഷയില്‍ പതിവുണ്ടല്ലോ. അതിനാല്‍ ഭാഷയുടെ ലിപിവ്യവസ്ഥയെ ഇതു്‌ ഒരുവിധത്തിലും ലഘൂകരിക്കുന്നില്ല. വിദ്യാഭ്യാസമേഖലയില്‍ ധാരാളം കുഴപ്പങ്ങളുണ്ടാകാന്‍ ഈ പരിഷ്‌ക്കാരം കാരണമായിട്ടുണ്ടു്‌ എന്ന കാര്യം വളരെയൊന്നും ശ്രദ്ധിച്ചിട്ടില്ല. അവിടെയും രണ്ടുരൂപവും ആവാം എന്നാണു്‌ തീര്‍പ്പു്‌.

അകാരത്തിനുശേഷം വരുന്ന /ക്ക/ രണ്ടുതരത്തില്‍ വരാം. മറക്കുക/മറയ്‌ക്കുക എന്നിങ്ങനെ. മറ്റെല്ലായിടത്തും എനിക്കു്‌/എനിയ്‌ക്കു്‌ എങ്ങനെയെഴുതിയാലും എനിയ്‌ക്കു്‌ എന്നേ വായിക്കൂ. ഉത്തരമലബാറില്‍ എനക്കു്‌ എന്നാണു്‌ പറയുക. അവിടെ /ക്ക/യല്ല അതിനുമുമ്പത്തെ /ഇ/ എന്ന സ്വരം മാറി /അ/ എന്നാകുന്നതാണു്‌ ഉച്ചാരണവ്യത്യാസത്തിനു കാരണം. അങ്ങനെ/അങ്ങിനെ എന്നിങ്ങനെ ഈ മാറ്റത്തിനു്‌ വേറെയും ഉദാഹരണം കാണാം. അകാരത്തിന്റെ ഈ ധ്വനിമൂല്ല്യത്തെയാണു്‌ ശുദ്ധമായ അകാരം താലവ്യമായ അകാരം എന്നിങ്ങനെ കേരളപാണിനി വേര്‍തിരിക്കുന്നതു്‌. അതുകൊണ്ടു്‌ അകാരത്തിനുശേഷം വരുന്ന /ക്ക/ മാത്രമേ /യ്‌ക്ക/ ആണോ അല്ലയോ എന്ന സംശയം ജനിപ്പിക്കുന്നുള്ളൂ. അവിടെ മാത്രം എഴുതിക്കാണിച്ചാലും മതി എന്നു തീര്‍പ്പാക്കി. അല്ലാത്തിടത്തു്‌ എഴുതിക്കാണിച്ചാലും പ്രശ്‌നമൊന്നുമില്ല എന്നു്‌ സമീപനം ഉദാരമാണു്‌. അതുകൊണ്ടു്‌ ചൊവ്വാദോഷത്തിലും മറ്റും പറയുന്ന രണ്ടും ശരി എന്ന ന്യായം മിക്കതും ലിപിപരിഷ്‌ക്കരണത്തിന്റെ പരിണിതഫലമാണു്‌. എന്നാല്‍ ചുവപ്പു്‌, ചുമപ്പു്‌, ചുകപ്പു്‌ എന്നിങ്ങനെ ശരിയായിത്തന്നെ വരുന്ന പല രൂപങ്ങള്‍ മറ്റൊരു പ്രതിഭാസമാണു്‌. സ്വതന്ത്രപരിവര്‍ത്തനം എന്നാണു്‌ അതിനെ വിവരിക്കുന്നതു്‌. അത്തരം രൂപങ്ങള്‍ എല്ലാം വേറെവേറെ നല്‍കേണ്ടിവരും സ്പെല്‍ ചെക്കില്‍. ലിപിപരിഷ്‌ക്കരണത്തെത്തുടര്‍ന്നുണ്ടായ 'രണ്ടുംശരി'കളില്‍ ഒന്നു മാത്രമേ പാടുള്ളൂ എന്നു ശഠിക്കുന്നതായിരിക്കും ഏകീകരണത്തിനു്‌ നല്ലതു്‌. വ്യത്യാസങ്ങള്‍ കഴിയുന്നത്ര വ്യക്തമാക്കുക എന്ന നയം സ്വീകരിക്കാമെന്നു തോന്നുന്നു. അതിനു്‌ പഴയലിപിബാഹുല്ല്യം തിരിച്ചുകൊണ്ടുവരാവുന്നതാണു്‌ ഇന്നത്തെ സാഹചര്യം.

എന്‍ ‍. വി.യുടെ കാലത്തു്‌ സങ്കല്‌പിക്കാന്‍ കഴിയാത്ത കമ്പ്യൂട്ടര്‍ പ്രിന്റിംഗ്‌ ഇന്നു വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. വെബ്ബ്സൈറ്റുകളും ബ്ലോഗുകളും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഇക്കാലത്തു്‌ ഒരുരീതിമാത്രം ഉപയോഗിക്കുക എന്ന കടുംപിടുത്തം ഭാഷയെ വ്യവസ്ഥപ്പെടുത്താന്‍ അത്യാവശ്യമായിരിക്കുന്നു. കാരണം അക്ഷരങ്ങളുടെ ലിപിസംഖ്യ കൂടുന്നതു്‌ ഇന്നു്‌ അച്ചടിയില്‍ പ്രത്യേകിച്ചു്‌ പ്രയാസങ്ങളൊന്നുമുണ്ടാക്കുന്നില്ല. ഒരക്ഷരത്തിനു ഒരു ചിഹ്നം എന്ന സമ്പ്രദായം മുമ്പു്‌ പ്രയാസകരമായിരുന്നെങ്കല്‍ ഡിജിറ്റല്‍ യുഗത്തില്‍ അതു്‌ വളരെ സൗകര്യപ്രദമാവുകയാണു്‌ ചെയ്യുന്നതു്‌. ഓരോ അക്ഷരത്തിനു്‌ ഓരോ ചിഹ്നം എന്നു മാത്രമല്ല ഒരക്ഷരത്തിനു്‌ ഒരു ചിഹ്നം മാത്രം എന്നതാണു്‌ ഡിജിറ്റല്‍ ഉപയോഗത്തിനു്‌ നല്ലതു്‌. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കയ്യെഴുത്തിന്റെ അതേക്രമം പിന്തുടരുകയല്ല ചെയ്യുന്നതു്‌. /കോ/ എന്നെഴുതുമ്പോള്‍ ആദ്യം //േ എഴുതിയിട്ടു്‌ /ക/ എന്നു ചേര്‍ത്തു്‌ /ാ/ എന്നു തുടരുകയാണു്‌ രീതി. കീബോര്‍ഡിലാകുമ്പോള്‍ /ക/ അടിച്ചിട്ട്‌ /ഓ/ എന്നു ചേര്‍ക്കുകയാണു്‌ ചെയ്യുന്നതു്‌. കയ്യെഴുത്തിന്റേതല്ലാത്ത ചില നിയമങ്ങളെയാണു്‌ അതു്‌ പിന്തുടരുന്നതു്‌. ദൃശ്യമാകുന്ന ക്രമമല്ല സ്വനത്തിന്റെ ഉച്ചാരണത്തിന്റെ ക്രമമാണു്‌ കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌ പിന്തുടരുന്നതു്‌. കയ്യെഴുത്തിനേക്കാള്‍ വ്യാകരണപരമാണതു്‌ എന്നോര്‍ക്കണം.

ലിപിപരിഷ്‌ക്കരണം ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പ്രശ്‌നം അതുവരേയ്‌ക്കും എഴുതപ്പെട്ട എല്ലാത്തിനെയും ഒരതിര്‍വരയ്‌ക്കു്‌ അപ്പുറത്തേക്കയ്‌ക്കു്‌ അതു്‌ മാറ്റിനിര്‍ത്തും എന്നുള്ളതാണു്‌. സംസ്‌ക്കാരത്തിന്റെ ചരിത്രധാരയെ മുറിച്ചുകളയുകയുയാവും അതിന്റെ ഫലം. ഇംഗ്ലീഷിലെ ലിപികള്‍ ഉപയോഗിച്ചു്‌ മലയാളമെഴുതുന്ന രീതിയെക്കുറിച്ചു്‌ എം.പി. നാരായണപ്പിള്ള പറയുകയുണ്ടായി. മലയാളത്തിന്റെ പാരമ്പര്യത്തെ ഉപേക്ഷിക്കുന്ന അത്തരം പരിഷ്‌ക്കരണത്തേക്കാള്‍ നല്ലതു്‌ മലയാളത്തിനു പകരം മറ്റൊരു ഭാഷ സ്വീകരിക്കുന്നതാവും. രണ്ടും ശരിയെന്ന ഉദാരമായ നിലപാടു്‌ സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷെ പഴയപുസ്‌തകങ്ങളെ പുതിയ കുട്ടികള്‍ക്കു്‌ വായിക്കാനേ കഴിയുമായിരുന്നില്ല. അല്ലെങ്കില്‍ അവയത്രയും പുതിയ ലിപിയില്‍ വീണ്ടും ഉണ്ടാക്കേണ്ടിവരും. അത്തരം ഭാരിച്ച അദ്ധ്വാനം, എത്രയോ വര്‍ഷങ്ങള്‍കൊണ്ടു്‌ ഉണ്ടായ ലിഖിതസാഹിത്യമത്രയും പുനരവതരിപ്പിക്കുക കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതവിവര്‍ത്തനത്തെക്കാളും വലിയ പണിയാണല്ലോ ആവശ്യപ്പടുന്നതു്‌. അതിലും നല്ലതു്‌ രണ്ടുരൂപവും നിലനിര്‍ത്തുകയാണു്‌. എന്നാല്‍ ഇന്നു്‌ ഈ അദ്ധ്വാനം ലഘൂകരിക്കാവുന്ന തരത്തില്‍ സാങ്കേതികവളര്‍ച്ച ഉണ്ടായിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌ ഇനിമുതല്‍ ലിപിപരിഷ്‌ക്കരണത്തിനു്‌ മുമ്പുണ്ടായിരുന്ന ലിപികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നു നാം, മലയാളികളെല്ലാം കൂടി, തീരുമാനിച്ചുവെന്നിരിക്കട്ടെ. `രചന'യില്‍ പഴയ കൂട്ടക്ഷരങ്ങളും ഉകാരത്തിന്റെ വ്യത്യസ്‌തലിപികളും എല്ലാം ഉണ്ടു്‌. പഴയിപി സ്വീകരിച്ചാല്‍ ലിപിപരിഷ്‌ക്കരണത്തെത്തുടര്‍ന്നുണ്ടായ ലിഖിതസാഹിത്യം മുഴുവനും പഴയലിപിയില്‍ അച്ചടിക്കണം. അതിനു്‌ റീ ടൈപ്പിംഗ്‌തന്നെ വേണമെന്നില്ല. ഡിജിറ്റലായി ലഭിക്കുന്നതു മുഴുവനും പഴയ ലിപിവ്യവസ്ഥയിലേയ്‌ക്കു മാറ്റാനുള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടായാല്‍ മതി. ഡിജിറ്റല്‍ മാദ്ധ്യമത്തില്‍ ലഭ്യമല്ലാത്തവമാത്രം റീടൈപ്പു ചെയ്യേണ്ടിവരും. ഐ.എസ്‌.എമ്മില്‍നിന്നു്‌ രചനയിലേക്കും യൂണിക്കോഡിലേക്കും മറ്റും കണ്‍വെര്‍ഷന്‍ സാദ്ധ്യമാണെന്നു്‌ കഴിഞ്ഞ ലക്കത്തില്‍ മഹേഷ്‌ മംഗലാട്ടു്‌ വിവരിക്കുന്നുണ്ടു്‌. ചുരുക്കത്തില്‍ മലയാളത്തിലെ മുഴുവന്‍ ടൈപ്പിംഗ്‌ സോഫ്‌റ്റു്‌ വെയറുകളും പരസ്‌പരം മാറ്റാനുള്ള ഒരു സംവിധാനം രൂപപ്പെടുത്തണം. അതു യൂണിക്കോഡിനെ ആധാരമാക്കിയാവണം.

ഇത്തരത്തില്‍ പഴയലിപിയിലേക്കു്‌ തിരിച്ചുപോകാമെന്നു്‌ ആലോചിക്കാന്‍ പറ്റുന്നതുതന്നെ രണ്ടുംശരിയെന്ന നിലപാടു്‌ പരിഷ്‌ക്കര്‍ത്താക്കള്‍ സ്വീകരിച്ചതുകൊണ്ടാണു്‌. എങ്കില്‍പ്പിന്നെ ഏകീകരണത്തെക്കുറിച്ചു്‌ ആലോചിക്കേണ്ടുന്നതിന്റെ ആവശ്യമെന്താണു്‌. ലിപിപരിഷ്‌ക്കര്‍ത്താക്കളുടെ ഉദ്ദേശത്തിനു വിരുദ്ധമായി ധാരാളം അവ്യവസ്ഥകള്‍ മലയാളമെഴുത്തില്‍ രൂപപ്പെടുന്നവിധത്തിലാണു്‌ സമൂഹം അതു നടപ്പിലാക്കിയതു്‌. പ്രധാനമായും വിദ്യാഭ്യാസമേഖലയിലാണു്‌ ഇതു സംഭവിച്ചതു്‌. രണ്ടുംശരി എന്ന ഭാഷാചരിത്രത്തിലെ ചെറിയ ഒരു കാലഘട്ടത്തെ മാത്രമേ നാം തിരിച്ചുപിടിക്കേണ്ടതുള്ളൂ. ചരിത്രത്തില്‍നിന്നു വിച്ഛേദം വരുന്നതു്‌ ഒരു സമൂഹത്തിനു ഗുണകരമാവുകയില്ല.

പഴയലിപി എന്നു പറയാനെളുപ്പമാണു്‌. അച്ചടി തുടങ്ങിയകാലം മുതല്‍ 1974-ല്‍ ലിപിപരിഷ്‌ക്കരണം നടപ്പലാകുന്നതുവരെ ഒരേ ലിപിവ്യസ്ഥയല്ല നമുക്കുണ്ടായിരുന്നതു്‌. ബെഞ്ചമിന്‍ ബെയിലിതന്നെ ഒരു ലിപിപരിഷ്‌ക്കരണത്തോടെയാണു്‌ അച്ചടിയെ നേരിട്ടതു്‌. അതുകൊണ്ടു്‌ ഇനിയൊരു ലിപിരിഷ്‌ക്കക്കരണം, അതു തിരിച്ചുപോക്കാണെങ്കില്‍ക്കൂടി, നടത്തുമ്പോള്‍ അടിസ്ഥാനമാക്കേണ്ടതു്‌ യൂണിക്കോഡിനെയാണു്‌. നാളെ ഇന്ത്യന്‍ ഭാഷയിലെ ഒരു കൃതി മലയാളലിപിയില്‍ ലഭിക്കാനുള്ള സൗകര്യം ഉണ്ടായെന്നു വരാം. ഭാവിയില്‍ ഉണ്ടാകുന്ന അത്തരം സംവിധാനങ്ങള്‍ ആശ്രയിക്കുക യൂണിക്കോഡിനെയാവും എന്നു കരുതാം.

സംവൃതോകാരത്തെക്കുറിച്ചുള്ള ഉല്‌ക്കണ്‌ഠയും ലിപിപരിഷ്‌ക്കരണത്തിന്റെ ഫലംതന്നെയാണു്‌. പക്ഷെ കുറച്ചുകൂടി സങ്കീര്‍ണ്ണമാണതു്‌. യൂണിക്കോഡില്‍ അതുള്‍പ്പെടുത്തണമോ എന്ന ചര്‍ച്ച ഓര്‍മ്മിക്കുക. ചന്ദ്രക്കലാചിഹ്നത്തിനു്‌ രണ്ടു തരത്തിലുള്ള ഉപയോഗം പണ്ടേ ഉണ്ടായിരുന്നു. സ്റ്റൈല്‍ പുസ്‌തകത്തിലും മറ്റും ചന്ദ്രക്കലാചിഹ്നത്തെ സംവൃതോകാരം എന്നാണു്‌ കരുതിയിരിക്കുന്നതു്‌. ചന്ദ്രക്കലാചിഹ്നവും സംവൃതോകാരവും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടു്‌. ചന്ദ്രക്കല ലിപിയില്ലാതെ ഉപലിപിയായി മാത്രമാണു്‌ നിലകൊള്ളുന്നതു്‌. സംവൃതോകാരമാകട്ടെ വ്യഞ്‌ജനത്തില്‍ നേരിട്ടു ചേരുകയല്ല ഉകാരത്തിന്റെ ഉപലിപിയോടു്‌ ചേര്‍ന്നാണു്‌ വരുന്നതു്‌. ഈ ചിഹ്നമാവും മലയാളത്തില്‍ വളരെ പിന്നീടു്‌ രൂപപ്പെട്ടിരിക്കുക. അകാരാന്തമായിത്തന്നെ അതെഴുതിയിരുന്നു എന്നാണു്‌ പഴയ ചില പുസ്‌തകങ്ങള്‍ കാണിക്കുന്നതു്‌. ഹിന്ദിയില്‍ പദാന്ത്യത്തില്‍ സ്വരം തെളിയാതെയാണു്‌ വായിക്കുക. കല എന്നെഴിതിയാല്‍ കല്‍ എന്നു വായിക്കും. മലയാളത്തില്‍ അത്തരം ശീലങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഇന്നു നമുക്കു്‌ സാധിക്കില്ല.

ലിപിവികാസത്തിന്റെ ഒരു ഘട്ടത്തില്‍ പുതിയ ചില്ലക്ഷരങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ സ്വീകരിച്ച രീതിയാവാം കൂട്ടക്ഷരങ്ങളിലേക്കും സംക്രമിച്ചതു്‌. അപൂര്‍വ്വമായ കൂട്ടക്ഷരങ്ങള്‍ എഴുതാനായി രണ്ടു വ്യഞ്‌ജനലിപികളെ ചന്ദ്രക്കലകൊണ്ടു്‌ ചേര്‍ത്തെഴുതുന്നരീതി അങ്ങനെ വന്നതാവാം. സാധാരണമായി കൂട്ടക്ഷരങ്ങള്‍ എഴുതുമ്പോള്‍ ആദ്യവ്യഞ്‌ജനത്തിന്റെ ആദ്യപകുതിയും തുടര്‍ന്നു്‌ രണ്ടാം വ്യഞ്ജനത്തിന്റെ രണ്ടാം പകുതിയും കൂട്ടിയെഴുതുന്നതാണു്‌ മലയാളത്തിന്റെ രീതി. /ക്ത/, /ത്ന/, /ന്ത/, /ഞ്ജ/ എന്നിങ്ങനെ. ആദ്യവ്യഞ്‌ജനത്തിന്റെ അടിയില്‍ രണ്ടാം വ്യഞ്‌ജനം അപ്പാടേ എഴുതുന്ന രീതിയും ഉണ്ടു്‌. /പ്ന/, /ഷ്ണ/, /സ്സ/, /ഡ്ഡ/ എന്നിങ്ങനെ. രണ്ടു വ്യഞ്‌ജനങ്ങള്‍ പരസ്‌പരം തൊടാതെ അപ്പാടേ എഴുതുന്ന രീതി ചന്ദ്രക്കലാചിഹ്നം വന്നതോടെയാണു്‌ നടപ്പില്‍ വരുന്നതെന്നു്‌ അത്തരം ലിപികള്‍ അപൂര്‍വ്വമാണെന്നതില്‍ നിന്നു്‌ ഊഹിക്കാം.

ചില്ലക്ഷരങ്ങളുടെ ലിപികള്‍ രൂപപ്പെട്ടതു്‌ എഴുത്തിലെ ഒരു പരിണാമം കൊണ്ടാണു്‌ എന്നു കരുതപ്പെടുന്നു. /ത/യുടെ ചില്ലാണു്‌ /ല്‍/ എന്നും /ട/യുടെ ചില്ലാണു്‌ /ള്‍/ എന്നും കാണാം. സംസ്‌കൃതത്തിലെ തകാരത്തിന്റെ സ്ഥാനത്തു്‌ മലയാളത്തില്‍ /ല്‍/ ഉപയോഗിക്കുന്നതിനു്‌, ഉത്സവം/ ഉല്‍സവം, എന്നിവ തെളിവാണു്‌. ചില്ലെന്നാല്‍ സ്വരസ്‌പര്‍ശമില്ലാതെ ഉച്ചരിക്കാന്‍ കഴിയുന്ന വ്യഞ്‌ജനമാണല്ലോ. അതിനെ വേറിട്ടു കാണിക്കാന്‍ അതാതു്‌ വ്യഞ്‌ജനത്തിനു്‌ മേലെ കുത്തനെ ഒരു കുറിയവരയിടുകയായിരുന്നു പഴയ രീതി. ഗുണ്ടര്‍ട്ട്‌ പറയുന്ന മീത്തല്‍ ഇതാണു്‌. മീത്തലെ (മുകളിലെ എന്നതിന്റെ വടക്കന്‍ പ്രയോഗം) കുറിയ വരയാണു്‌ പിന്നീടു്‌ മീത്തല്‍ എന്നു വിളിക്കപ്പെട്ടതു്‌. /ത/യുടെമേലെയുള്ള കുറിയവര എഴുത്തിന്റെ വേഗത്തില്‍ ചേര്‍ന്നുപോവുന്നതാവാം /ല്‍/ ആയി പരിണമിച്ചതു്‌. ന-ന്‍, ണ-ണ്‍, ര/റ-ര്‍ എന്നിങ്ങനെയുള്ള രൂപങ്ങളിലും ഇതു സാദ്ധ്യമാണു്‌. /ര/, /റ/ ഇവയ്‌ക്കു്‌ പൊതുവായ ഒരു ചില്ലുരൂപം വന്നതും ഇങ്ങനെയാവാം. കടപയാദി എന്ന അക്ഷരസംഖ്യാരീതിയില്‍ ശ്ര എന്ന അക്ഷരം രണ്ടിനെയാണു്‌ കുറിക്കുന്നതു്‌. കൂട്ടക്ഷരങ്ങളില്‍ അവസാനത്തെ വ്യഞ്ജനത്തെയാണു്‌ സംഖ്യയായി പരിഗണിക്കുക എന്നതിനാല്‍ ശ്രയെ ശ്‌+ര എന്നാണു്‌ കണക്കാക്കിയിരിക്കുന്നതു്‌. യ=1, ര=2, ല=3 എന്നാണു്‌ ക്രമം. ശ്‌+റ എന്നാണു്‌ കരുതുന്നതെങ്കില്‍ /റ/യുടെ മൂല്ല്യം പൂജ്യമാണെന്നു ഗണിക്കേണ്ടിവരും. /ര/, /റ/ ഇവ വ്യഞ്‌ജനങ്ങള്‍ക്കു്‌ പിന്നില്‍ച്ചേരുമ്പോള്‍ ഒരേ ധ്വനി എന്നതു പിന്നീടു വന്ന മാറ്റമാവാം. സ്വരമില്ലാത്ത വ്യഞ്‌ജനത്തെ കാണിക്കുന്ന മീത്തല്‍ /ട/ യുടെ കൂടെ വരുമ്പോഴാണു്‌ /ള്‍/ കിട്ടുന്നതു്‌. പഴയകാലത്തെ കയ്യെഴുത്തുകളില്‍ അതു 8 എന്നെഴുതിയപോലെയാണു്‌ കാണുന്നതു്‌. സാമ്രാട്‌ എന്നസംസ്‌കൃതശബ്ദം സാമ്രാട്ട്‌ എന്നും സാമ്രാള്‍ എന്നും കാണുന്നതു്‌ മറ്റൊരു തെളിവാണു്‌. അതു പിന്നീടു്‌ ചന്ദ്രക്കലയായി വളഞ്ഞതാവാം. /യ/, /ല/, /വ/ തുടങ്ങിയ മദ്ധ്യമങ്ങള്‍ക്കു്‌ സ്വന്തന്ത്രമായ ചില്ലുരൂപങ്ങള്‍ ഉണ്ടാവാതെപോയതു്‌ അതിനുമുമ്പേ ഈ പരിണാമം നടന്നതുകൊണ്ടാവാം. അങ്ങനെ രൂപപ്പെട്ട ചന്ദ്രക്കലാചിഹ്നത്തിനു്‌ ഒരധികജോലികൂടി നല്‌കി സംവൃതോകാരം ഉണ്ടാക്കിയിരിക്കും.

സംവൃതോകാരം ഉകാരത്തിന്റെ ഉപലിപിക്കു മുകളിലാണു്‌ ചേര്‍ക്കുന്നതെങ്കിലും അതില്‍ സംവരിക്കലും ഉകാരവുമില്ല എന്നു്‌ വി. ആര്‍ ‍. പ്രബോധചന്ദ്രന്‍ നായരെപ്പോലുള്ളവര്‍ ചെറിയ പരിഹാസത്തോടെതന്നെ പറഞ്ഞിട്ടുണ്ടു്‌. യഥാര്‍ത്ഥത്തില്‍ അതു്‌ കേന്ദ്രസ്വരമാണത്രെ. /അ/, /ഉ/ ഇവ രണ്ടുമല്ലാത്ത ആ സ്വരത്തെ കാണിക്കാന്‍ പണ്ടു്‌ /ഉ/ എന്നുതന്നെ വ്യക്തമായി എഴുതുന്ന പതിവുണ്ടായിരുന്നു. മൂന്നുപേര്‍ എന്നാണു്‌ പഴയ എഴുത്തുരീതി. പദാന്ത്യത്തില്‍ മാത്രമല്ല പദമദ്ധ്യത്തിലും ചിലപ്പോള്‍ അതിനു്‌ ഉകാരദ്ധ്വനിയില്ല. കടുകു്‌ എന്നെഴുതിയാലും കടു്‌കു്‌ എന്നേ പറയൂ. ഉച്ചാരണത്തിന്റെ ധ്വനി എന്തായാലും അതു്‌ ഉകാരമല്ലെന്നതിനാല്‍ അതിനെ വേറിട്ടു കാണിക്കാനാവാം എഴുതിയ ഉകാരത്തോടു്‌ ചേര്‍ത്തു്‌ചില്ലിന്റെ ഈ ചിഹ്നം ഉപയോഗിച്ചതു്‌. എഴുത്തുരൂപം കണ്ടാവാം സംവൃതോകാരം എന്നപേരു്‌ കേരളപാണിനി കല്‌പിച്ചതു്‌. അതിന്റെ ധ്വനി അദ്ദേഹത്തിനു്‌ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നു കരുതുകവയ്യ. ഭാഷയില്‍ സംവൃതോകാരം പദങ്ങളുടെ അന്ത്യത്തില്‍ മാത്രമണു്‌ കണ്ടു വരുന്നതു്‌. അതുകൊണ്ടു്‌ അപൂര്‍വ്വമായ കൂട്ടക്ഷരങ്ങളുടെ മദ്ധ്യത്തില്‍ മാത്രം ഉകാരമില്ലാതെവരുമ്പോള്‍ ഇതു്‌ ചില്ലിനെ കുറിക്കുന്നതു്‌ പ്രയാസമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ലിപിപരിഷ്‌ക്കരണം പിന്നീടുപിന്നീടു്‌ കൂട്ടക്ഷരങ്ങളെ മുഴുവന്‍ പിരിച്ചെഴുതുന്ന രീതി ആവിഷ്‌ക്കരിച്ചു. ചന്ദ്രക്കലാചിഹ്നത്തിന്റെ ആവൃത്തി പതിന്മടങ്ങായി. അതോടൊപ്പം സംവൃതോകാരമെഴുതാന്‍ ഉകാരചിഹ്നം ചേര്‍ക്കേണ്ടതില്ല എന്നും തീരുമാനമായതോടെ ഇവ തമ്മിലുള്ള വ്യത്യയം ഇല്ലാതായി. സ്വരമേതു്‌ ചില്ലേതു്‌ എന്നു്‌ തിരിച്ചറിയാന്‍ പ്രയാസമായി. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായി.

നേരത്തെ പറഞ്ഞപോലെ പഴയലിപിരീതിതന്നെ സ്വീകരിച്ചാല്‍ ഇതും പരിഹരിക്കാവുന്നല്ലേ എന്നുതോന്നും. ലിപിപരിഷ്‌ക്കരണം നേരിട്ടുത്തരവാദിയല്ലെങ്കിലും, അതിനെത്തുടര്‍ന്നുണ്ടായ ചില മാറ്റങ്ങള്‍ സംവൃതോകാരപ്രശ്‌നത്തെ അതിസങ്കീര്‍ണ്ണമാക്കിക്കളഞ്ഞു എന്നതാണു്‌ വാസ്‌തവം. മൂന്നുനൂറ്റാണ്ടു്‌ എന്നതു മൂന്ന്‌നൂറ്റാണ്ട്‌ എന്നു മാറുകയല്ല ചെയ്‌തതു്‌. പദങ്ങള്‍ ചേര്‍ത്തെഴുതുന്ന രീതി മലയാളത്തിന്റെ സമാസരീതിയ്‌ക്കിണങ്ങുന്നതാണു്‌. ഇംഗ്ലീഷെഴുത്തിന്റെ സ്വാധീനംകൊണ്ടോ എന്തോ ആ രീതി നാം പാടേ ഉപേക്ഷിച്ച മട്ടാണു്‌ ഈയിടെ കാണുന്നതു്‌. സംവൃതോകാരം പദാന്ത്യത്തിലാണു വരിക എന്നതിനാല്‍ സമസ്‌തപദത്തിന്റെ ഇടയില്‍ വരുന്നിടത്തു്‌ ചന്ദ്രക്കലയില്ലാത്ത ഉകാരംതന്നെ എഴുതാം. അതിനെ പിരിയ്‌ക്കുമ്പോള്‍ മൂന്നു്‌ എന്നു്‌ ഒരു പദമായി അതു നില്‌ക്കും. എന്നാല്‍ അതു്‌ മൂന്ന്‌ എന്ന ചന്ദ്രക്കല മാത്രം ചേര്‍ത്തെഴുതുകയും പിരിച്ചെഴുതുകയും ശീലമായി. അങ്ങിനെ അതു്‌ മൂന്ന്‌ നൂറ്റാണ്ട്‌ എന്നായി മാറി. മുമ്പു്‌ ഒരു എന്നതു്‌ വേറിട്ടെഴുതുമ്പോഴും ഉകാരം തന്നെയാണു്‌ ഉപയോഗിച്ചിരുന്നതു്‌. കോളേജിലെയും മറ്റും കുട്ടികള്‍ ഒരു എന്നതു്‌ ഒര്‌ എന്നെഴുതുന്നതു്‌ പതിവായി. നാടുകള്‍ എന്നതു്‌ നാട്‌കള്‍ എന്നെഴുതാനും മടിക്കുന്നില്ല എന്നുവരുമ്പോള്‍ /ട്‌ക/ എന്നു പ്രചാരത്തിലില്ലാത്ത ഒരു കൂട്ടക്ഷരം സംഭവനചെയ്യുന്നു എന്നതാണു്‌ പുതിയ എഴുത്തുരീതിയുടെ തകരാറു്‌. അതായതു്‌ സംവൃതോകാരത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ പഴയരീതിയില്‍ സമസ്‌തപദങ്ങള്‍ ചേര്‍ത്തുതന്നെ എഴുതുന്ന രീതി തിരിച്ചുപിടിക്കണം.

എന്നാല്‍ വിദേശപദങ്ങളില്‍ ഏതു വ്യഞ്‌ജനവും ചില്ലായി നില്‌ക്കാം എന്നതിനാല്‍ അതിനു്‌ ചന്ദ്രക്കലതന്നെ ഉപയോഗിക്കാമെന്നു്‌ വ്യവസ്ഥ ചെയ്യാമോ എന്നു്‌ ചിന്തിക്കേണ്ടതുണ്ടു്‌. മാര്‍ക്ക്‌+ഇല്ല=മാര്‍ക്കില്ല എന്നെഴുതുമ്പോള്‍ മലയാളത്തിന്റെ സന്ധിനിയമമാണു്‌ നാം പാലിക്കുന്നതു്‌. മാര്‍ക്ക്‌ +ലിസ്റ്റ്‌ എന്നിടത്തു്‌ മാര്‍ക്ക്‌ലിസ്റ്റ്‌ എന്നാണോ മാര്‍ക്കു്‌ലിസ്റ്റ്‌ എന്നാണോ വേണ്ടതു്‌, അതോ മലയാളത്തിന്റെ എഴുത്തുരീതിയനുസരിച്ചു്‌ മാര്‍ക്കുലിസ്റ്റ്‌ എന്നാണോ വേണ്ടതു്‌. ഇംഗ്ലീഷ്‌ ഭാഷ എന്നു വേര്‍പിരിച്ചേ എഴുതാന്‍ പറ്റൂ. ഇംഗ്ലീഷുഭാഷ എന്നു്‌ ചേര്‍ത്തെഴുതാം. വിദേശപദത്തെയും സ്വദേശപദത്തെയും സമാസിക്കുന്നിടത്തു്‌ മിക്കപ്പോഴും ഈ പ്രശ്‌നം ഉണ്ടാകുന്നുണ്ടു്‌. എല്ലാ കൂട്ടക്ഷരങ്ങളും പിരിക്കാന്‍ കഴിയില്ലെന്നും അക്ഷരാതിര്‍ത്തി കൂട്ടക്ഷരത്തിനിടയില്‍ വരുന്നിടത്തു മാത്രമേ അതു സാദ്ധ്യമാവൂ എന്നും അതിനാല്‍ പിരിച്ചെഴുതല്‍ സര്‍വ്വത്ര പ്രയോഗിക്കാന്‍ കഴിയില്ലെന്നും സ്റ്റൈല്‍ പുസ്‌തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടി. ബി. വേണുഗോപാലപ്പണിക്കര്‍ വിവരിക്കുന്നുണ്ടു്‌. ബ്രിട്ടീഷ്കാര്‍ (ബ്രിട്ടീഷ്‌കാര്‍‍ ) എന്നു ഒരു കൂട്ടക്ഷരം നാമുപയോഗിക്കുകയില്ല. ബ്രിട്ടീഷുകാര്‍ എന്നു്‌ ഉകാരംതന്നെ ഉപയോഗിച്ചു്‌ ചേര്‍ത്തെഴുതുകയാണു്‌ ചെയ്യുക. ഫ്രഞ്ചുഗവണ്മെന്റ്‌ എന്നു ചേര്‍ന്നു നില്ക്കുന്നതാണു്‌ സമാസഭാഷയായ മലയാളത്തില്‍ നല്ലതു്‌. എന്നാല്‍ അതു്‌ ചേര്‍ത്തെഴുതുമ്പോള്‍ എന്തോ ഒരു പന്തികേടു്‌ പലര്‍ക്കും തോന്നുന്നുണ്ടു്‌. പദതലത്തിലല്ലാതെ ഇംഗ്ലീഷ്‌ മലയാളത്തെ സ്വാധീനിക്കുന്നതിന്റെ ഒരു സൂചനയാണിതു്‌. ഇതു വളര്‍ന്നാണു്‌ എല്ലായിടത്തും പിരിച്ചെഴുതുക എന്ന രീതിയുണ്ടാകുന്നതു്‌.

സമസ്‌തപദം പിരിച്ചെഴുതുന്നതു്‌ എഴുത്തില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്ന ഒന്നല്ല. അതിനു്‌ വ്യാകരണപരമായ പ്രാധാന്യമുണ്ടു്‌. വിശേഷണമാക്കുമ്പോള്‍ ഇരട്ടിപ്പുകൊണ്ടാണു്‌ ദൃഢവ്യഞ്‌ജനങ്ങളില്‍ അതു കാണിക്കുക. ഖരദ്വിത്വം അപ്രധാനതയെയും അനുനാസികസംസര്‍ഗ്ഗം പ്രാധാന്യത്തെയും കാണിക്കാനുള്ള ഉപാധികളാണു്‌ എന്നു കേരളപാണിനി പറയുന്നുണ്ടു്‌. പച്ചത്തത്ത എന്നതില്‍ പച്ച വിശേഷണം. തത്തപ്പച്ചയില്‍ തത്ത വിശേഷണം. എഴുത്തില്‍ ഇരട്ടിപ്പിനോടൊപ്പം പ്രധാനമാണു്‌ ചേര്‍ത്തെഴുതുന്നതു്‌. സന്ധിയില്‍ മാത്രമല്ല അല്ലാത്തിടത്തും ഇതു പ്രസക്തമാണു്‌. ``അദ്ദേഹം ആ ശ്രമത്തില്‍ അന്ത്യംവരെ ജീവിച്ചു.'' ``അദ്ദേഹം ആശ്രമത്തില്‍ അന്ത്യംവരെ ജീവിച്ചു.'' ഈ വാക്യങ്ങളുടെ അര്‍ത്ഥം മാറുന്നതു്‌ ഒറ്റ ശൂന്യചിഹ്നത്തി(സ്പേയ്‌സ്‌)ന്റെ അഭാവംകൊണ്ടാണു്‌. അപ്രധാനമായിടത്തു്‌ ചേര്‍ത്തും പ്രധാന്യമുള്ളിടത്തു്‌ വിട്ടും ആണു്‌ മലയാളം പറയുകയെന്നും അങ്ങിനെത്തന്നെയാണു്‌ എഴുതേണ്ടതെന്നും കുട്ടികൃഷ്‌ണമാരാര്‍ മലയാളശൈലി എന്ന പുസ്‌തകത്തില്‍ ഒരു നിയമമായി പറയുന്നുണ്ടു്‌. അനുപ്രയോഗങ്ങള്‍ ചേര്‍ത്തെഴുതണമെന്നു പറയുന്നതു്‌ അതുകൊണ്ടാണു്‌. ``ബസ്സില്‍നിന്നു വീണു'' എന്ന അര്‍ത്ഥമല്ല `` ബസ്സില്‍ നിന്നു്‌ വീണു'' എന്നതിനു്‌. രണ്ടാമത്തേതില്‍ ബസ്സില്‍ സീറ്റുകിട്ടാഞ്ഞിട്ടാവാം, നിന്നുകൊണ്ടു്‌ യാത്രചെയ്യുമ്പോള്‍ വീണു എന്നാണു്‌ മനസ്സിലാവുക. ശൂന്യചിഹ്നം മലയാളത്തില്‍ വെറുമൊരു വിടവുമാത്രമല്ല വ്യാകരണകാര്യംതന്നെയാണു്‌ എന്നര്‍ത്ഥം. എന്നാല്‍ അത്തരം പരിഗണനകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടു്‌ സര്‍വ്വത്ര പിരിച്ചെഴുതുന്നതു്‌ കുട്ടികളുടെ മാത്രമല്ല ഇരുത്തംവന്ന പത്രമാദ്ധ്യമങ്ങളുടെകൂടി പതിവായിരിക്കുന്നു. അതു ടൈപ്പുചെയ്യുന്നവരുടെ പിഴവാണോ എന്നു വ്യക്തമല്ല. ദീര്‍ഘമായ സമസ്‌തപദങ്ങളില്‍ ഈരണ്ടെണ്ണംവീതം ചേര്‍ത്തെഴുതാമെന്നാണു്‌ സ്റ്റൈല്‍പ്പുസ്‌തകം നിര്‍ദ്ദേശിക്കുന്നതു്‌. എഴുത്തച്ഛന്റെയും മറ്റും കവിതകള്‍ അത്തരത്തില്‍ അച്ചടിച്ചുവരുന്നതു്‌ ആലോചിക്കാന്‍തന്നെ പ്രയാസമാണു്‌.

ഓരോ പത്രവും തനതായ സ്റ്റൈല്‍ബുക്കു്‌ സൂക്ഷിക്കുന്നുണ്ടു്‌. അതു്‌ ലിപിയുടെ ദൃശ്യഭംഗിയുമായി ബന്ധപ്പെട്ട ഒരു കാര്യമാണു്‌. എന്നാല്‍ ഭാഷയുടെ തനിമതന്നെ തകര്‍ത്തുകളയുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏഴുത്തിനെ ഏകീകരിക്കേണ്ടതു്‌ ആവശ്യമാണു്‌. അതു്‌ ലിപികളില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. മലയാളമെഴുത്തിന്റെ രീതികള്‍ മുഴുവനും പരിഗണിക്കേണ്ട വിഷയമാണു്‌. തല്‌ക്കാലം പത്രങ്ങളെല്ലാംകൂടി ഒന്നിച്ചിരുന്നു്‌ അതിനു ശ്രമിച്ചാല്‍ത്തന്നെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകും. എഴുത്തിനുപകരം ഡി.ടി.പി.യും ഫാക്‌സിനുപകരം ഇ-മെയിലും വ്യാപകമാകുന്ന കാലമാണു്‌ വരുന്നതു്‌. ഡിജിറ്റലായി വരുന്ന എന്തും അവരവരുടെ സ്റ്റൈലിലേക്കു്‌ കണ്‍വെര്‍ട്ടു ചെയ്യാവുന്ന സംവിധാനങ്ങളാണു്‌ വേണ്ടിവരിക. അത്തരം സംവിധാനങ്ങള്‍ വന്നാലേ ഒരുമിച്ചിരുന്നു തീരുമാനിക്കുന്ന കാര്യങ്ങള്‍പോലും നടപ്പിലാക്കാനാവൂ. വളരെയേറെ സമയവും അദ്ധ്വാനവും ചെലവഴിച്ചുകൊണ്ടു്‌ ഭാഷയെ രക്ഷിക്കാന്‍ ഇന്നത്തെ തിരക്കുപിടിച്ച മത്സരലോകത്തു്‌ പത്രങ്ങള്‍ക്കു്‌ കഴിയുമന്നന്നു്‌ തോന്നുന്നില്ല. യൂണിക്കോഡിനെ അടിസ്ഥാനമാക്കിയ ഒരു ഏകീകൃതരീതി അവലംബിക്കേണ്ടതുണ്ടു്‌. അതിനെക്കുറിച്ചു്‌ ആലോചിക്കാന്‍ നാം ഇപ്പോള്‍ത്തന്നെ വൈകിയിരിക്കുന്നു. ഒറ്റപ്പെട്ടാണെങ്കിലും പലതരം ശ്രമങ്ങള്‍ നടക്കുന്നുണ്ടു്‌. അവയെ ഏകോപിപ്പിക്കാന്‍ ഇന്റര്‍നെറ്റുതന്നെയാകും ഉപാധി. ഉടനുടന്‍ പ്രതികരണങ്ങള്‍ ലഭിക്കും എന്നതാണു്‌ അതിന്റെ ഏറ്റവും വലിയ നേട്ടം. വ്യത്യസ്‌ത പ്രോഗ്രാമുകളുടെതന്നെ കീബോര്‍ഡുപോലും ഏകീകരിക്കേണ്ടതാണു്‌. കാരണം നമുക്കിനി വേണ്ടതു്‌ സ്പെല്‍ചെക്കും ഗ്രാമര്‍ചെക്കും അതുപോലുള്ള മറ്റു പ്രോഗ്രാമുകളുമാണു്‌. ഭാഷയുടെവികാസം തീര്‍ച്ചയായും ഡിജറ്റല്‍ സാങ്കേതികതയിലൂടെയാണു്‌. അതിനു ശ്രമിക്കുന്നില്ലെങ്കില്‍ ഭാഷ പിന്തള്ളപ്പെട്ടുപോകും എന്ന ഭീഷണികൂടി നമുക്കുണ്ടു്‌. മലയാളത്തെ സംബന്ധിച്ചു്‌ സാങ്കേതികവളര്‍ച്ചയുടെ ആദ്യചുവടുകളാണു്‌ നാം വെച്ചുകൊണ്ടിരിക്കുന്നതു്‌. ഏകീകരണത്തിനു്‌ ഏറ്റവും അനുയോജ്യമായ സമയവും ഇതുതന്നെയാണു്‌. എല്ലാം രൂപപ്പെട്ടു കഴിഞ്ഞാല്‍ ഏകീകരണം പ്രയാസകരമാകും. ഇപ്പോള്‍ത്തന്നെ വൈകിയിട്ടുണ്ടു്‌. കടലാസും മഷിയും ഉപയോഗിക്കുന്നലോകം ഈ ഏകീകൃതരീതിയെ പിന്തുടരുമെന്നതില്‍ സംശയമില്ല. കാരണം പത്രാദി മാദ്ധ്യമങ്ങളെല്ലാം അച്ചടിയ്‌ക്കു്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെയാണു്‌ ആശ്രയിക്കുന്നതു്‌. സര്‍ക്കാറിനെയും മറ്റുള്ളവരെയും കാത്തിരിക്കേണ്ടതില്ല. സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമംകൊണ്ടല്ല നമ്മുടെ ശീലംകൊണ്ടാണു്‌ ഭാഷയില്‍ നിയമങ്ങളുണ്ടാകുന്നതു്‌.

കയ്യെഴുത്തിന്റെ കാര്യത്തില്‍ ഒരു മലയാളി എഴുതുന്നതു്‌ മറ്റൊരു മലയാളിക്കു്‌ മനസ്സിലാകാത്തരീതിയിലേക്കാണു്‌ നാം കുതിച്ചുകൊണ്ടിരിക്കുന്നതു്‌. അതുപക്ഷെ ഡിജിറ്റല്‍ ടെക്നോളജികൊണ്ടു്‌ പരിഹരിക്കാന്‍ കഴിയുന്നതല്ല. വിദ്യാഭ്യാസരംഗത്തു്‌ നടത്തുന്ന ആസൂത്രണങ്ങള്‍കൊണ്ടു മാത്രമേ അതു സാദ്ധ്യമാവൂ. അക്ഷരത്തിന്റെ രൂപവും എഴുത്തുവടിവുകളും സ്‌ക്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല പല അദ്ധ്യാപകര്‍ക്കുപോലും തിട്ടമില്ലാതായിരിക്കുന്നു. പുതിയ പാഠ്യപദ്ധതിയാകട്ടെ എഴുത്തിനെ പാടേ അവഗണിച്ചുകഴിഞ്ഞു. പാഠ്യപദ്ധതിയുടെ പുതിയ ചട്ടക്കൂടിലും എഴുത്തിനെ പരിഗണിക്കുന്നേയില്ല. അദ്ധ്യാപകപരിശീലനകോഴ്‌സുകളില്‍പ്പോലും ഇതു്‌ വേണ്ടത്ര പരിഗണിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. ഏകീകരകണത്തോടൊപ്പം പാഠ്യപദ്ധതികൂടി ഇതിനെ പിന്തുടരുകയാണെങ്കില്‍ ഭാവിയില്‍ ഈ പ്രശ്‌നം വരാതെ കഴിക്കാം. എഴുപതുകള്‍ മുതല്‍ രണ്ടായിരത്തിയേഴുവരെയുള്ള തലമുറകളുടെ എഴുത്തു്‌ ചരിത്രത്തിലെ ഇരുണ്ടയുഗമായിത്തന്നെ അറിയപ്പെട്ടേക്കാം. തീരുമാനിക്കേണ്ടതു്‌ നമ്മള്‍ മലയാളികള്‍ മുഴുവനുമാണു്‌. അണ്ണണാറക്കണ്ണനും തന്നാലായതു്‌ എന്ന നിലയില്‍ തീവ്രമായ ശ്രമങ്ങള്‍വേണം. സാങ്കേതികജ്ഞാനമുള്ളവര്‍ക്കു്‌ ഭാഷയില്‍ പാണ്ഡിത്യം പോരാ. ഭാഷാപണ്ഡിതരാകട്ടെ സാങ്കേതികതയില്‍ തികഞ്ഞ അജ്ഞരും. പരസ്‌പരം കുറ്റപ്പെടുത്തുകയോ മിഥ്യാഭിമാനംകൊണ്ടു്‌ പുളയുകയോ അല്ല പരസ്‌പരസഹകരണമാണു്‌ ആവശ്യം. വരും തലമുറകള്‍ക്കു്‌ ഏറ്റവും എളുപ്പം പഠിക്കാവുന്ന ഒരു ഭാഷ ബാക്കിവെക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാവുകയാണു്‌ വേണ്ടതു്‌. അതിനു കഴിയുമെന്നുതന്നെ പ്രത്യാശിക്കാം. ഇന്നല്ലെങ്കില്‍ നാളെ വിജയിക്കുന്ന ഒരു ശ്രമത്തിനു്‌ തുടക്കമിടുകയെങ്കിലും ചെയ്യാം.

Subscribe Tharjani |
Submitted by viswaprabha (not verified) on Sat, 2007-12-01 17:23.

നല്ല ഒന്നാം ക്ലാസ്സ് ലേഖനം!

നൂറില്‍ നൂറു മാര്‍ക്ക് എന്റെ വക!

മലയാളലിപികളെക്കുറിച്ചും അവയുടെ പരിണാമപരിഷ്ക്കാരങ്ങളെക്കുറിച്ചും ഇത്രയും വ്യാപ്തവും വസ്തുനിഷ്ഠവും നിഷ്പക്ഷവും നിരങ്കുശവുമായ ഒരു ചിന്ത അടുത്തകാലത്തൊന്നും നമ്മുടെ ഭാഷാശാസ്ത്ര‘ജ്ഞ‘ന്മാരുടേതായി കണ്ടിട്ടില്ല.

എന്റെ സ്വന്തം നിഗമനങ്ങളും അഭിപ്രായങ്ങളും പ്രത്യാശകളുമായി ഒന്നിനൊന്നു് അച്ചട്ടായി യോജിച്ചുപോകുന്നു തുടക്കം മുതല്‍ ഒടുക്കം വരേയും ഈ ലേഖനം.

വളരെ നന്നായി പഠിച്ച്, യുക്തിയോടെ അപഗ്രഥനം ചെയ്ത് എഴുതിയിരിക്കുന്ന ഇക്കാര്യങ്ങള്‍ വിപുലീകരിച്ച് ഒരു പുസ്തകം തന്നെയാക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം!

ഇവിടെനിന്നു വേണം നമ്മുടെ ഭാഷാരീതികളുടെ മാനകീകരണത്തിന്റെ പുതിയ കാല്‍‌വെയ്‌പ്പുകള്‍.

OT: പോള്‍, chintha ഇനിയും എന്നെത്തേടി വരുന്നില്ല :( കേട്ടറിവുവെച്ചു വേണം ഞാനിങ്ങെത്താന്‍! :(

Submitted by Anil (not verified) on Sat, 2007-12-01 20:59.

തീരുമാനിക്കേണ്ടതു്‌ നമ്മള്‍ മലയാളികള്‍ മുഴുവനുമാണു്‌. അണ്ണണാറക്കണ്ണനും തന്നാലായതു്‌ എന്ന നിലയില്‍ തീവ്രമായ ശ്രമങ്ങള്‍വേണം. സാങ്കേതികജ്ഞാനമുള്ളവര്‍ക്കു്‌ ഭാഷയില്‍ പാണ്ഡിത്യം പോരാ. ഭാഷാപണ്ഡിതരാകട്ടെ സാങ്കേതികതയില്‍ തികഞ്ഞ അജ്ഞരും. പരസ്‌പരം കുറ്റപ്പെടുത്തുകയോ മിഥ്യാഭിമാനംകൊണ്ടു്‌ പുളയുകയോ അല്ല പരസ്‌പരസഹകരണമാണു്‌ ആവശ്യം.

മുന്‍‌വിധികളും തന്‍‌പോരിമയും കേഡറിസവും ഇനിയെങ്കിലും ഒഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും തോന്നട്ടെ.

Submitted by വി. ശശി കുമാര്‍ (not verified) on Sat, 2009-04-04 11:08.

എനിക്കൊരു സംശയം. മറ്റു ചില (ഇംഗ്ലീഷുള്‍പ്പെടെയുള്ള) ഭാഷകളില്‍ നിന്നു് വ്യത്യസ്തമായി ഉച്ചരിയ്ക്കുന്നതു പോലെ തന്നെ എഴുതുന്ന രീതിയാണല്ലൊ മലയാളത്തിനും മറ്റു് ഇന്ത്യന്‍ ഭാഷകള്‍ക്കുമുള്ളതു് ('പുക' എന്നെഴുതിയിട്ടു് 'പൊഹ' എന്നുച്ചരിയ്ക്കാറുണ്ടു് എന്നതു പോട്ടെ). അതുകൊണ്ടു് അഭിലഷണീയം ഉച്ചരിയ്ക്കുന്നതുപോലെ തന്നെ എഴുതുന്നതല്ലേ? ഉച്ചാരണത്തില്‍ പ്രാദേശികമായ മാറ്റങ്ങളുണ്ടാകാം എങ്കിലും അതു് പ്രശ്നമാകേണ്ടതില്ലല്ലൊ.

Submitted by Sapna Anu B. George (not verified) on Sun, 2009-04-05 09:59.

എല്ലാം തന്നെ സത്യം തന്നെ.....മരിച്ചു കൊണ്ടിരിക്കുന്ന മലയാളം