തര്‍ജ്ജനി

സുധീര്‍ എം

Visit Home Page ...

കഥ

നിറഭേദങ്ങളുടെ കാലത്ത്

പുതിയ സ്ഥലങ്ങളും കാഴ്ചകളും ആളുകളും എന്നും എന്നെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ, ഓരോ യാത്രയുടെയും അവസാനം, മിസ്സ്യന്‍ ബേയുടെ മുകളിലുടെ പറന്ന്, ഡൌണ്‍ ടൌണിലെ അംബര ചുംബികള്‍ക്കിടയിലൂടെ സാന്‍ഡിയാഗൊ റണ്‍വേയിലെക്ക്‌ ഊര്‍ന്നിറങ്ങുമ്പോള്‍ ‍, പെരിന്തല്‍മണ്ണയിലെ എന്റെ വീടിന്റെ പടി കടന്ന്, പടവുകള്‍ ഇറങ്ങി, പൂമുഖത്തേക്ക്‌ കയറുമ്പോലെ എനിക്ക്‌ തോന്നി. എന്റെ വീടിന്റെ മുന്നിലെ കനേഡിയന്‍ മേപ്പിള്‍ എപ്പൊഴും പെരിന്തല്‍മണ്ണയിലെ മന്ദാരച്ചെടിയെ ഓര്‍മ്മിപ്പിച്ചു. അപ്പൊഴൊക്കെ ഞാന്‍ എഴാം ക്ലാസ്സില്‍ എന്നെ മലയാളം പഠിപ്പിച്ച ഗിരിജ ടീച്ചറെ ഓര്‍മ്മിച്ചു. ടീച്ചര്‍ പഠിപ്പിച്ച ഉല്‍പ്രേക്ഷാലങ്കാരം ഞാന്‍ ശരിക്കും ഉള്‍കൊണ്ടത്‌ ഇപ്പോള്‍ മാത്രമാണ്‌. ടീച്ചര്‍ ഇപ്പോള്‍ , എവിടെ എന്തു ചെയ്യുകയാവും.... വേറെ എതെങ്കിലും സ്കൂളില്‍ , എനിക്ക്‌ പിന്‍പെ നടക്കുന്നവരെ, ഭാഷ പഠിപ്പിക്കുകയാവും. അറിയില്ല. മുന്‍പോട്ട്‌ ഉള്ള യാത്രകളില്‍ നമ്മള്‍ കണ്ടുമുട്ടിയ പുതിയ മുഖങ്ങള്‍ പോലെ, പിറകോട്ട്‌ ഉള്ള ഒരു യാത്രയില്‍ , ടീച്ചറെയും കണ്ടുമുട്ടും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

സ്വര്‍ണ്ണനിറത്തിലുള്ള ഇലകള്‍ ചിതറിക്കിടക്കുന്ന കാട്ടുവഴികള്‍ താണ്ടി, മഞ്ഞയും ചുവപ്പും കലര്‍ന്ന ഒരു നൂറ്‌ നിറങ്ങളില്‍ കുളിച്ചു നില്ക്കുന്ന മലകള്‍ പിന്നിട്ട്‌, വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഒരു കൊച്ചരുവിയുടെ തീരത്ത്‌ കൂടാരം കെട്ടി ഹേമന്തപൂര്‍ണചന്ദ്രനെ കാണാനുള്ള പദ്ധതി ആരാണ്‌ നിര്‍ദ്ദേശിച്ചത്‌ എന്നു ഓര്‍മ്മയില്ല. കാലവസ്ഥയുടെയും വിമാനക്കൂലിയുടെയും അടിസ്ഥാനത്തില്‍ ട്രാവലൊസിറ്റിപണിക്കര്‍ ‍,യാത്രക്ക്‌ പറ്റിയ മുഹൂര്‍ത്തം കുറിച്ച ഇമെയില്‍ ഞങ്ങളുടെ മെയിലിംഗ്‌ ലിസ്റ്റില്‍ വന്നു ഒരു മണികൂറിന്നുള്ളില്‍ ‍, ആറ്‌ വിമാനടിക്കറ്റ്‌ കണ്‍ഫര്‍മേഷനുകള്‍ എന്റെ മെയില്‍ബോക്സില്‍ എത്തിച്ചേര്‍ന്നു. ഹേമന്തനിറങ്ങള്‍ കാണാന്‍ ഒരു യാത്ര, എന്ന എന്റെ വര്‍ഷങ്ങളായുള്ള മോഹം അങ്ങിനെ സാഫല്യത്തോട്‌ ഒരു ചുവട്‌ കൂടി അടുത്തു.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി, കാബ്‌ എന്ന ചെല്ലപ്പേരിട്ടു അമേരിക്കക്കാരന്‍ വിളിക്കുന്ന ടാക്സിയില്‍ കയറിയപ്പോഴെ എന്തോ മറന്നിട്ടുണ്ട്‌ എന്ന് തോന്നി തുടങ്ങിയതാണ്‌. എത്ര ആലോചിച്ചിട്ടും എന്താണ്‌ എന്ന് ഇപ്പൊഴെ ഓര്‍മ്മ വന്നുള്ളു. ഐപോഡിന്റെ ചാര്‍ജര്‍‍ !! ഇന്നലെ കഷ്ടപെട്ടിരുന്ന് പാട്ടുകള്‍ ഡൌണ്‍ലോഡ്‌ ചെയ്തതു വെറുതെ ആയല്ലൊ എന്നു ആലോച്ചിച്ചപ്പോള്‍ എനിക്ക്‌ ദേഷ്യം വന്നു. ആകെ ഒരു അസ്വസ്ഥത. ഐപോഡിനെ പറ്റി ഞാന്‍ അറിയും മുന്‍പെ നടത്തിയിട്ടുള്ള എത്രയൊ യാത്രകളെ പറ്റി ഞാന്‍ എന്തേ മറവി നടിക്കുന്നു?? എങ്കില്‍ പിന്നെ ഇന്ത്യ-ഓസ്റ്റ്രേലിയ ക്രിക്കെറ്റ്‌ സ്കോര്‍ നോക്കാം. പല തവണ ശ്രമിച്ചിട്ടും മൊബൈല്‍ ഡാറ്റ സര്‍വ്വീസ് കണക്‍ഷന്‍ ശരിയാവുന്നില്ല. അമേരിക്കയിലെ ഫ്രീവെയില്‍ 100 കി.മി. വേഗത്തില്‍ കുതിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ക്രിക്കറ്റ്‌ മത്സരം തത്സമയം പിന്തുടരാന്‍ കഴിയുന്നതില്‍ കവിഞ്ഞു ഒരു ഉപയോഗവും ഞാന്‍ ഡാറ്റ സര്‍വ്വീസ്സിന്നു കണ്ടില്ല. എന്തിനാണ്‌ പിന്നെ ഇങ്ങനെ ഒരു സൌകര്യം. ഫോണ്‍ കമ്പനിക്കാരനെ വിളിച്ചൊന്ന് സംസാരിക്കണം. എന്റെ അലോരസം കൂടി വരുന്നു.. ഇന്നൊരു നശിച്ച ദിവസം തന്നെ.. എന്റെ യാത്ര ആകെ നിറം കെട്ടു പോവാതിരുന്നാല്‍ മതിയായിരുന്നു. എന്താണ്‌ എനിക്കിങ്ങനെ ഇടക്കിടക്ക്‌ ദേഷ്യം വരുന്നത്‌?? "ജീവന കല"യാണ്‌ എന്റെ പ്രശ്നങ്ങളുടെ പരിഹാരം എന്നു അങ്കിള്‍ പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കതെയല്ല.. 700 ഡോളര്‍ കൊടുത്തു പരിഹരിക്കേണ്ട ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പുറത്തെ കാഴ്ചകളിലേക്ക്‌ ശ്രദ്ധ തിരിച്ചു.
"റ്റുഡെ ഇസ്‌ എ ബാഡ്‌ ഡേ" .. പെട്ടന്ന് ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്നുള്ള എന്റെ സാരഥി പറഞ്ഞു.
"വാട്ട്‌ ഹാപ്പന്‍ഡ്‌? വെതര്‍ ലൂക്സ്‌ ഫൈന്‍ ‍.." ഞാന്‍ "പൊളിറ്റിക്കലിലി കറക്റ്റ്‌..ആവാന്‍ ശ്രമിച്ചു...
"മീ ഫ്രം ചാഡ്‌.." ആയാള്‍ പറഞ്ഞു..
"ലോട്ട്‌ ഒഫ്‌ പ്രൊബ്ബ്ലെം ദെര്‍ .. 300 പീപ്പിള്‍ കില്ലെഡ്‌ ഇന്‍ മയി വില്ലെജ്‌ ടുഡേ .. ദെ റെപ്പ്ഡ്‌ ആള്‍ അവര്‍ ഗെള്‍സ്‌ .. മെനി ഒഫ്‌ മയി രിലെറ്റിവ്സ്‌ ആര്‍ ദെര് ‍.. റ്റൂ ബാഡ്‌ .. "ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടിട്ട്‌ എന്നവണ്ണം ആയാള്‍ പിന്നെ മൌനം പാലിച്ചു..
"ദാറ്റ്‌ ഇസ്‌ സാഡ്‌..ഹോപ്പ്‌ യുവര്‍ റിലെറ്റിവ്സ്‌ ആര്‍ സേഫ്‌ ആന്‍ഡ്‌ സൌന്‍ഡ്‌" ഞാന്‍ അനുതാപം പ്രകടിപ്പിച്ചു..
"താങ്ക്‌ യൂ സര്‍ " കരള്‍പിളരും വേദനയിലും അയാള്‍ ഉപചാരം മറന്നില്ല. ഉപചാരങ്ങളില്ലാതെ ഒരു ദിവസം, അമേരിക്കയില്‍ ചിന്തിക്കാന്‍ തന്നെ വയ്യല്ലൊ. ചീത്ത ദിവസത്തിന്റെ നിര്‍വ്വചനം മാറ്റാന്‍ സമയമായി എന്നു ആരോ എന്നോട്‌ പറഞ്ഞത്‌ ഞാന്‍ കേട്ടില്ല എന്ന് നടിച്ചു.

വിമാനത്താവളത്തിലെ ദേഹപരിശോധന ക്യൂവിന്ന് നീളം നന്നെ കുറവായിരുന്നു.
"എന്നാണാവൊ, ഇവര്‍ നമ്മുടെ ട്രൌസര്‍ ഊരി പരിശോധന തുടങ്ങുക?" മുന്‍പില്‍ നിന്ന സായിപ്പിന്റെ ഫലിതം ... എല്ലാ പരിശോധനാക്യൂവിലും ഈ ഫലിതം ഇപ്പോള്‍ സര്‍വ്വസാധാരണം ആയിക്കഴിഞ്ഞു. പ്ലാസ്റ്റിക്‌ പുഞ്ചിരികളുടെ ഈ നാട്ടില്‍ ഓരോ സന്ദര്‍ഭത്തിനും ഒരു "ടു ഡു" പട്ടിക തന്നെയുണ്ട്‌. യാന്ത്രികതയ്ക്ക്‌ ക്രിയാത്മക ഇല്ലെന്ന് ആര്‌ പറഞ്ഞു?? വിമാനം പുറപ്പെടാന്‍ ഇനി 1.5 മണിക്കൂര്‍ ബാക്കിയുണ്ട്‌. വീട്ടിലെക്ക്‌ ഒന്ന്‌ വിളിക്കാം. യാത്രയുടെ കാര്യം പറയാന്‍ വിട്ടു പോയിരുന്നു. പല തവണ വിളിച്ചിട്ടും ആരും എടുക്കുന്നില്ല. ഈ നേരത്ത്‌ സാധാരണ വീട്ടില്‍ ആളുണ്ടാവണ്ടതല്ലെ? ഒരു തവണ കൂടി വിളിച്ച്‌ നോക്കാം എന്നു കരുതിയാണ്‌ വീണ്ടും വിളിച്ചത് ‌.. മറുതലക്കല്‍ അമ്മയുടെ ശബ്ദത്തിന്‌ ഒരു കനക്കൂടുതല്‍ ‍..
"നീ എന്താ ഈ നേരത്ത്‌?"
"ഞാന്‍ വെറുതെ വിളിച്ചു എന്നെയുള്ളൂ"
"ഞങ്ങള്‍ അമൃതയുടെ പാട്ട്‌ കേള്‍ക്കുക്കയാണ്‌"
"അമൃത? അത്‌ ആരാണ്‌? ..അങ്ങിനെ ഒരാളെ ഞാന്‍ അറിയില്ലല്ലൊ"
"നീ അറിയാത്ത പലരും ഉണ്ടല്ലൊ..ഇതു റ്റിവിയിലെ കുട്ടിയാണ്‌..സൂപ്പര്‍ സ്റ്റാറിലെ കുട്ടി.."
"ഓ..വിഡ്ഡിപെട്ടിയിലെ മാലാഖ."..ഞാന്‍ പരിഹാസശരം തൊടുത്തു."
"പോടാ."അമ്മയ്ക്ക്‌ ഒരു മയം ഇല്ല..
"നീ ഒരു അരമണിക്കൂര്‍ കഴിഞ്ഞു വിളിക്ക്‌..അപ്പൊഴെക്കും ഈ പരിപാടി കഴിയും"
ഡോളറിന്റെ വിലക്കൊപ്പം നാട്ടില്‍ അമേരിക്കക്കാരന്റെ വിലയും ഇടിഞ്ഞോ ദൈവമേ..അച്ഛന്‍ എന്തായാലും വിഡ്ഡി പെട്ടിയുടെ മോഹവലയത്തില്‍ പെടുന്ന ആളല്ല.
"അച്ഛന്‍ എവിടെ" ഞാന്‍ ചോദിച്ചു..
"അച്ഛന്‍ അമൃതക്ക്‌ വേണ്ടി യെസ്‌.യെം.യെസ്‌ അയക്കുകയാണ്‌"..ഞാന്‍ ഞെട്ടി തരിച്ചു പോയി .. സഹവര്‍ത്തനത്തിന്റെ ദുരന്തം ഇത്ര മേല്‍ ഭീകരം ആണ്‌ എന്ന് ഞാന്‍ അറിഞ്ഞില്ല..
"വെറുതെയല്ല മൊബൈല്‍ കമ്പനികളുടെ വരുമാനം കുത്തനെ വര്‍ദ്ധിക്കുന്നത്‌". ഞാന്‍ പൊതുവിജ്ഞാനം വിളമ്പി.
എപ്പോള്‍ മൌനം പാലിക്കണം എന്ന് അമ്മയോളം ആര്‍ക്കറിയാം.
കാലവസ്ഥയുടെ സവിശേഷത കണക്കിലെടുത്ത്‌ ഞാന്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചു..
"ഞാന്‍ എന്നാല്‍ പിന്നെ വിളിക്കാം അമ്മേ .. അമ്മയുടെ അമൃതക്ക്‌ ഓള്‍ ദി ബെസ്റ്റ്‌.."
"താങ്ക്‌ യൂ" .. അമ്മ കടുത്ത ആരാധികയുടെ ഭാഷയില്‍ തന്നെ ആണ്‌..
ഇത്രക്ക്‌ ആത്മാര്‍ഥത ഇല്ലാതെ ഞാന്‍ ആര്‍ക്കും വിജയം ആശംസിച്ചിട്ടുണ്ടാവില്ല.

എങ്കില്‍ പിന്നെ ഒരു ചായ കുടിക്കാം. ഞാന്‍ സ്റ്റര്‍ബക്ക്സിലേക്ക്‌ നടന്നു. കൌണ്ടറില്‍ നില്ക്കുന്ന സ്പാനിഷ്‌ പെണ്‍കുട്ടി മധുരതരമായൊരു സുപ്രഭാതം നേര്‍ന്നു. വര്‍ഷങ്ങളായി ആയിരകണക്കിന്‌ തവണ ആവര്‍ത്തിച്ചിട്ടും ഈ മാധുര്യം ഇങ്ങനെ നിലനിര്‍ത്താന്‍ ഈ കുട്ടിക്ക്‌ എങ്ങനെ കഴിയുന്നു ആവൊ? ഇനിയിപ്പൊ ഈ മാധുര്യം തന്നെ ആണ്‌ അവളുടെ നിലനില്പ്‌?? അറിയില്ല.

"അവെക്ക്‌ .. 2 റ്റീ ബാഗ്സ്‌ .. ഗ്രാന്ദെ .. റൂം ഫോര്‍ ക്രീം"
എന്റെ സ്ഥിരം ചായ കൂട്ട്‌ ഞാന്‍ പറഞ്ഞു..
ചായ കുടിക്കുമ്പോഴും അമൃതക്ക്‌ യെസ്‌.യെം.യെസ്‌ അയക്കുന്ന അച്ഛനെ പറ്റിയാണ്‌ ഞാന്‍ ഓര്‍ത്തത്‌..
അതൊരു അവിശ്വസനീയമായ കാര്യമായി എന്റെ ചിന്തകളെ അലോരസപ്പെടുത്തി. ആഗോള മുതലാളിത്തം ഞാന്‍ എറ്റവും ശക്തം എന്നു കരുതിയ പ്രതിരോധങ്ങളെ പോലും നിഷ്പ്രഭമാക്കിയിരിക്കുന്നു. അമൃതയെ കണ്ടെത്തുന്ന ജോലി ഗൂഗ്ലിളിനെ ഏല്‍പ്പിച്ചു ഞാന്‍ ചായ കുടി തുടര്‍ന്നു.വെളുത്ത്‌,കൊലുന്ന ഒരു കണ്ണാടിക്കാരി സ്കൂള്‍ കുട്ടിയുമായി ഗൂഗ്ലിള്‍ വളരെ പെട്ടന്നു തന്നെ മടങ്ങി വന്നു.
അമൃതക്കു കിട്ടുന്ന യെസ്‌.യെം.യെസ്‌ കള്‍ എങ്ങനെയാണ്‌ സിലിക്കണ്‍ വാലിയിലെ ഒരു എഞ്ചിനീയറുടെ ജോലി സ്ഥിരത വര്‍ധിപ്പിക്കുന്നത്‌ എന്നതിനെ പറ്റി ഒരു പ്രബന്ധം എഴുതാന്‍ മനസ്സില്‍ ഉറപ്പിച്ചു കൊണ്ട്‌ ആഗോള മുതലാളിത്തതിന്റെ പുതിയ പദ്ധതികള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടി,ഞാന്‍ അവരുടെ മുഖ പത്രം,ദി വാള്‍ സ്റ്റ്രീറ്റ്‌ ജേര്‍ണല്‍ വായിക്കാന്‍ തുടങ്ങി.

വിമാനത്തിലേക്കുള്ള ഇടനാഴിയിലേക്ക്‌ കടന്നപ്പൊള്‍ ആണ്‌ ഞാന്‍ വീട്ടിലേക്ക്‌ വിളിക്കാന്‍ മറന്നു പോയ വിവരം ഓര്‍മ്മിച്ചത്‌.സീറ്റില്‍ എത്തിയ ഉടനെ വിളിക്കണം എന്ന് തീര്‍ച്ചപെടുത്തി ഞാന്‍ വിമാനത്തിനകത്തെ തിരക്കിലേക്ക്‌ കടന്നു.20ഏ വളരെ ദൂരെ ആണ്‌ എന്നു എനിക്ക്‌ തോന്നി.സ്വര്‍ണ്ണ തലമുടിക്കാരായ യുവ ദമ്പതികള്‍ ആണ്‌ എന്റെ ഈ യാത്രയിലെ സഹയാത്രികര്‍.അത്യധികം സന്തോഷം അവരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചിരുന്നു.പുതുമ നഷ്ടപെട്ടിട്ടില്ലാത്ത പ്രണയമാണ്‌ അവരുടെ.പ്രണയം സൃഷ്ടിച്ചപ്പോള്‍,അതു നിത്യഹരിതമാക്കാതതില്‍ എനിക്ക്‌ ദൈവത്തോട്‌ ബഹുമാനം തോന്നി.ഇല്ലെങ്കില്‍,ലോകചരിത്രം വളരെ വളരെ ശുഷ്കിച്ച്‌,നിറം കെട്ടതായി പൊയെന്നെ."നോര്‍ത്ത്‌ ഫേസ്‌"ന്റെ ബാക്ക്‌ പാക്ക്‌,ഓവര്‍ ഹെഡ്‌ കാബിനില്‍ വെച്ച്‌ ഞാന്‍ എന്റെ സീറ്റിലേക്ക്‌ കടക്കാന്‍ സഹയാത്രികരോട്‌ അനുമതി ചോദിച്ചു.നിറഞ്ഞ പുഞ്ചിരിയൊടെ,അവരന്നെ സ്വാഗതം ചെയ്തു.എന്റെ നാട്ടിലെ യാത്രകളില്‍,എന്റെ സഹയാത്രികരുടെ മുഖത്ത്‌ എനിക്ക്‌ കാണാന്‍ പറ്റാതതും ഈ നിറപുഞ്ചിരിയാണല്ലൊ എന്നു ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു കൊണ്ട്‌ ഞാന്‍ അവരോട്‌,അവരുടെ സൗമനസ്യത്തിനു നന്ദി പറഞ്ഞു.
"അമ്മേ .. ഞാന്‍ ഒരു യാത്രയില്‍ ആണ്‌.3 ദിവസം കഴിഞ്ഞേ മടങ്ങി വരൂ..ഞാന്‍ വന്നിട്ടു വിശദമായി വിളിക്കാം.വിമാനം പുറപ്പെടാറായി"..ഞാന്‍ ഒറ്റ ശ്വാസത്തില്‍ കാര്യം പറഞ്ഞു.പിന്നെ സീറ്റ്‌ ബെല്‍റ്റിന്റെ മറുപാതി തിരയാന്‍ തുടങ്ങി.
***************
എന്റെ ഭാഷ മലയാളം അല്ലെ എന്നു ചോദിച്ച്‌,എന്നെ അദ്ഭുതപെടുത്തിക്കൊണ്ടാണ്‌ രാന്‍ഡി സംഭാഷണം ആരംഭിച്ചത്‌.കുമരകമാണ്‌ അദ്ദേഹം സന്ദര്‍ശിച്ച നാടുകളില്‍ ഏറ്റവും സുന്ദരമായ സ്ഥലം പോലും.കുമരകം കണ്ടിട്ടില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍,ഞങ്ങള്‍ അത്ഭുതം വെച്ചു മാറി.ഹേമന്തക്കാഴ്ചകള്‍ കാണാന്‍ ന്യൂ ഇംഗ്ലണ്ടിലേക്ക്‌ ഞാന്‍ പോവുന്നു എന്നു പറഞ്ഞപ്പോള്‍,ഈ വര്‍ഷത്തെ ഹേമന്തം അദ്ദേഹത്തിന്റെ നഷ്ടം ആവും എന്നായിരുന്നു മറുപടി.വളരെ അധികം സന്തോഷം നല്‌കുന്ന ഒരു യാത്രയിലാണ്‌ രാന്‍ഡി എന്നു പറഞ്ഞപ്പ്പ്പോള്‍,എനിക്ക്‌ കൗതുകം വര്‍ദ്ധിച്ചു.
തന്റെ ആദ്യ ഭാര്യയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്ക്‌ ചേരാന്‍ ലണ്ടനിലേക്ക്‌ പോവും വഴിയാണ്‌ രാന്‍ഡിയും ഭാര്യയും.രാന്‍ഡിയുടെ പേരാണ്‌ ആ കുഞ്ഞിന്‌ എന്നു പറയുമ്പോള്‍,രാന്‍ഡിയുടെ ഭാര്യയുടെ മുഖം അഭിമാനം കൊണ്ട്‌ തിളങ്ങി.മറ്റ്‌ പലതും പറഞ്ഞ്‌ അവര്‍ പതുക്കെ ഉറക്കത്തിലേക്ക്‌ വിട വാങ്ങി.എനിക്ക്‌ എന്തോ ഉറക്കം വരുന്നില്ല.ബന്ധങ്ങളിലെ അസാധാരണത്വം കൊണ്ട്‌ അമേരിക്ക എന്നെ പല തവണ അതിശയിപ്പിച്ചിട്ടുണ്ട്‌.പക്ഷെ രാന്‍ഡി എന്നെ അതിശയിപ്പിച്ചതിന്നെക്കാള്‍ സന്തോഷിപ്പിച്ചു.ബന്ധങ്ങളുടെ സങ്കീര്‍ണത എന്റെ ഗ്രാഹ്യ ശക്തിക്ക്‌ അപ്പുറമിരിക്കെ തന്നെ,അതിലെ സ്നേഹത്തിന്റെ മാധുര്യം ഞാന്‍ തിരിച്ചറിഞ്ഞു.ഒരു നിമിഷാര്‍ധത്തില്‍,എന്റെ മനസ്സിലേക്ക്‌,അനു കടന്നു വന്നു.അനുവിന്റെ കുഞ്ഞിനെ കാണാന്‍,ഞാന്‍ അവളുടെ വീട്ടിലേക്ക്‌ ചെന്നാല്‍ ഉണ്ടായെക്കാവുന്ന രംഗങ്ങളെ കുറിച്ച്‌,ആലോചിക്കാന്‍ തന്നെ ധൈര്യം വരുന്നില്ല.കുഞ്ഞിനെ എന്റെ പേരിട്ടു വിളിചില്ലെങ്കിലും,എന്നെ പറ്റി ഓര്‍മിക്കുമ്പോള്‍,അവളുടെ മനസ്സില്‍ ഒരു നേരിയ സന്തോഷം എങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.ആത്മ സുഹൃത്തില്‍ നിന്നും അപരിചിതയിലേക്കുള്ള അവളുടെ പരിണാമം നേരില്‍ കണ്ടിട്ടും ഞാന്‍ എന്തിനാണ്‌ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നത്‌?.എന്നെ പറ്റി നല്ലതെ വിചാരിക്കാവൂ എന്ന എന്റെ ചിന്ത സ്വാര്‍ഥതയല്ലെ??അറിയില്ല.അറിയില്ല എന്നൊരു ഉത്തരം അറിയാവുന്നിടതോള്ളം,നമുക്ക്‌,എന്തും വിചാരിക്കമല്ലൊ.
എത്ര ചെറുതാണല്ലെ നമ്മുടെ മനസ്സുകള്‍.മദ്യപാന രാത്രിയില്‍,സ്ക്കോച്ചിന്റെ ബലത്തില്‍, സൊക്രട്ടീസായി അവതാരമെടുക്കുന്ന എന്റെ അമ്മാവന്‍ ഒരിക്കല്‍ പറഞ്ഞു.."ഡാ..നമ്മുടെ ഒക്കെ ബന്ധങ്ങള്‍ കുഴല്‍ക്കിണര്‍ പോലെയാണ്‌..ആഴം മാത്രയുള്ളൂ..വ്യാപ്തിയില്ല..ചൂഴ്‌ന്നു നോക്കിയാല്‍,ഇരുട്ടു മാത്രം കാണാം."അമ്മാവനെ വിളിച്ചിട്ടു മാസങ്ങള്‍ ആയിരിക്കുന്നു..ആളെ നാളെ തന്നെ വിളിക്കണം..ഞാന്‍ പതുക്കെ റ്റി.വി.യിലെ ചാനല്‍ മാറ്റി ഒരു സിനിമയില്‍ മിഴികളുന്നി.അല്ലെങ്കില്‍ വേണ്ട..ഉറങ്ങാന്‍ ശ്രമിക്കാം.നാളെ 20 മൈല്‍ നടക്കണ്ടതാണ്‌.ഞാന്‍ താഴെക്ക്‌ നോക്കി.പേരറിയാത്ത ഒരു പട്ടണത്തിലെ വെളിച്ച തുരുത്തുകള്‍ കാണാം.ആകാശസുന്ദരി സമ്മാനിച്ച കമ്പിളി പുതച്ച്‌,വായന വിളക്കുകള്‍ അണച്ച്‌,കിളിവാതിലില്‍ തല ചായ്ച്‌,വര്‍ണ്ണ ശബളിമയാര്‍ന്ന ഹേമന്ത കാഴ്ചകള്‍ സ്വപ്നം കാണാന്‍ തീരുമാനിച്ച്‌,ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

Subscribe Tharjani |