തര്‍ജ്ജനി

കഥ

ജാതവേദസ്സ്‌

1:
ഏറെ ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയുടെ ശക്തി ഒന്നു കുറഞ്ഞിരിക്കുന്നു. മഴ കുടിച്ച പ്രകൃതിക്കിപ്പോള്‍ ദാഹമില്ല. പച്ചപുതച്ച പ്രകൃതിക്കിപ്പോള്‍ കാമുകിയുടെ മുഖഭാവമാണ്‌. ഓര്‍ത്തപ്പോള്‍ തമാശ തോന്നി. തെല്ലു കൗതുകവും. തരളമായ തോന്നലുകള്‍ കണ്ടെത്തലുകളായി മാറുന്നതെന്തുകൊണ്ടാണ്‌.ഊഷ്മളമായ നിഗമനങ്ങള്‍ തന്റെയുള്ളില്‍ നിന്നു തന്നെയൊ. നല്ല തണുപ്പുണ്ട്‌. ശൈത്യം അലകളായി തന്നെ പൊതിയുന്നുണ്ട്‌. ആ അലകള്‍ക്കു മുകളില്‍ ഒഴുകി വരുന്ന പൂമണം മനസ്സിനെ തൊട്ടറിയുകയാണ്‌. ഏതു പൂവിന്റെ. പാരിജാതമോ അതോ പവിഴമല്ലിയോ. എത്തിപ്പിടിക്കാനാവുന്നില്ല.

ഇന്ന്‌ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിശകലനം ചെയ്തത്‌ പൂക്കളെ ക്കുറിച്ചാണ്‌. രാത്രിയില്‍ വിരിയുന്ന വെളുത്ത പൂക്കളെ ക്കുറിച്ച്‌. അവയുടെ മോഹിപ്പിക്കുന്ന സുഗന്ധത്തെ ക്കുറിച്ച്‌. അതിപ്പോഴും ചുറ്റിപ്പറ്റി തന്നോടൊപ്പമുണ്ട്‌. മുറിയിലും ഉറങ്ങാനാവുന്നില്ല. ഇരുട്ടിനെ വകഞ്ഞു മാറ്റി തണുപ്പിനെ കീറിമുറിച്ച്‌ അരിചെത്തുന്ന പൂമണം കിളിവാതിലുകളെ മുട്ടി വിളിക്കുകയാണ്‌. പഞ്ചേന്ദ്രിയങ്ങളുടെ ഓരോ കിളിവാതിലും കിരുകിരെ തുറക്കുന്ന ശബ്ദം തനിക്കിപ്പോള്‍ കേള്‍ക്കാനാവുന്നുണ്ട്‌. കേള്‍വിയുടെ കിളിവാതില്‍ തുറന്നു.

" സീമന്തിനി ......."

ആരോ തന്റെ പേര്‌ ചൊല്ലി വിളിച്ചിട്ടുണ്ട്‌. ഒരു മര്‍മ്മരം കണക്കേ കേട്ടതാണ്‌. ഉറക്കത്തില്‍ മുമ്പും ഞെട്ടിയുണര്‍ന്നിട്ടുണ്ട്‌. ഇന്ന്‌ ഉറങ്ങു മുമ്പേ തന്നെ പിടികൂടിയ, തന്റെ ഉറക്കം തട്ടി മറിച്ച കാരണമെന്താണ്‌. ഈ തരളഭാവം തന്നെ പതിവില്ലല്ലൊ.

ഇടുങ്ങിയ വഴികളിലുടെ ഒഴിഞ്ഞ പാടശേഖരങ്ങളിലൂടെ മലമടക്കുകളിലൂടെ തന്നെ ഓടിക്കുന്ന, പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ആനയുടെ ഓര്‍മ്മ പലപ്പോഴും ഉറക്കെ പറഞ്ഞിട്ടുണ്ട്‌. ആനയെ സ്വപ്നം കണ്ടാല്‍ പറയരുതത്രെ. അതു നല്ലതാണത്രെ. ആ നല്ലത്‌ എന്താണെന്ന്‌ ആരും പറഞ്ഞു തന്നിട്ടില്ല. മുത്തശ്ശി പോലും. വാത്സല്യം കനിയുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി വലിച്ചെറിയും.

" ഗണോതിക്ക്‌ വല്ലതും ഏറ്റിട്ടുണ്ടൊ. ആനേ സൊപ്നം കണ്ടാ പറേരുത്‌. നല്ലതാ......."

ആ നല്ലത്‌ എന്താണ്‌. വീണ്ടും മറന്നു പോവുന്നു. വേര്‍തിരിച്ചെടുക്കാനാവാത്ത മധുരമായ അസ്വസ്ഥതയായി അതു പിന്നീട്‌ അലിഞ്ഞു പോവുന്നു. ആലിപ്പഴമാവുന്നു. എന്താണ്‌ തനിക്ക്‌ പറ്റിയത്‌. പുറത്തെ ഇരുട്ടിലേക്ക്‌ നോക്കി, തണുപ്പിനെ നോക്കി എത്ര നേരമായി നില്‍ക്കുന്നു. മാറിനെ മറച്ച നനഞ്ഞ സാരിച്ചുരുളിനെ തട്ടിത്തെറിപ്പിച്ച്‌ തണുത്ത കാറ്റ്‌ നഗ്നമായ വയറിന്റെ പാര്‍ശ്വഭിത്തിയില്‍ പറ്റിപ്പിടിച്ചു നിന്നു. അതു തന്റെ സ്വൈരം കെടുത്തുകയാണൊ.

" സീമന്തിനി മന്ദാരത്തിന്റെ മിനുസാ നിനക്ക്‌"

2:

ഞെട്ടുകതന്നെ ചെയ്തു. പുറത്തേക്കു നോക്കി. ഇരുട്ടും മഞ്ഞും ഇണചേരുന്നു. ഇന്ദ്രിയങ്ങള്‍ പൂക്കുകയാണ്‌. പ്ലസ്‌ ടൂ ക്ലാസ്സിലെ ഉമ്മുക്കുല്‍സുവാണോ തന്റെ ഉറക്കം കെടുത്തിയത്‌. കുട്ടിക്കാലത്ത്‌ പഠിക്കുമ്പോള്‍ മണ്ണെണ്ണ വിളക്ക്‌ മറിഞ്ഞ്‌ പൊള്ളിയ വലത്തെ കവിളിന്‌ ഭയങ്കര മിനുസമാണ്‌. മിന്നുന്ന മിനുസം. അടുത്തു കിട്ടിയപ്പോള്‍ അവള്‍ ചോദിച്ചു. തന്റെ കുഞ്ഞിന്റെ പേരെന്താണെന്ന്‌. കൊടുങ്കാറ്റ്‌ പോലെ ആടിയുലഞ്ഞു പോയി. വാസ്തവമറിഞ്ഞപ്പോള്‍ അവള്‍ വല്ലാണ്ടായി. കൈ പിടിച്ച്‌ തിരുത്തി.

" സോറി മിസ്സേ "

അവളെ എന്തിനു കുറ്റപ്പെടുത്തുന്നു. തന്റെ നാമധേയം തന്നെ ഒരു പൊരുത്തക്കേടാണ്‌. സീമന്ത രേഖയില്‍ ചുവപ്പു നിറമില്ലാത്ത താരുണ്യം. മനസ്സിനെ എന്നോ മെരുക്കി നിര്‍ത്തിയതാണ്‌. ഇത്തരം വ്യാകുലതകളും തോന്നലുകളും പുറത്തെടുത്ത്‌ അത്‌ തന്നെ അപമാനിക്കാറില്ല. പക്ഷെ ഇന്ന്‌ ... പ്രസരിപ്പിന്റെ മിനുക്കുപൊടികള്‍ കവര്‍ന്നെടുക്കാന്‍ കാലത്തിനും കഴിഞ്ഞിട്ടില്ലെന്ന്‌ ചിലരെങ്കിലും ഉറക്കെപ്പറഞ്ഞിട്ടുണ്ട്‌. അതു കൊണ്ടാവാം കണ്‍തടങ്ങള്‍ക്കു കീഴെ കറുപ്പ്‌ കൂട്‌ കൂട്ടിയിട്ടില്ല. സ്വകാര്യതയും. പക്ഷേ ഇപ്പോള്‍ കിളിവാതിലുകള്‍ തുറക്കുന്ന ശബ്ദം. വിരല്‍ത്തുമ്പുകളില്‍ ഒരു തലോടലിന്റെ വിങ്ങല്‍. വഴി തെറ്റിയെത്തിയിരിക്കുന്നത്‌ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. മലമുകളിലല്ലാ കാട്ടുതീ..... കണ്ണുകളുടെ കിളിവാതില്‍ തുറക്കുന്നു.

ഒന്നു വിളിക്കാമായിരുന്നു. വെള്ളിത്താലം നിറയെ വിശേഷങ്ങള്‍ വിളമ്പാമായിരുന്നു. അതിന്‌ തോന്നലുകളുടെ അടുത്തല്ലല്ലൊ ടെലിഫോണ്‍. താഴെ ഇടനാഴികയിലാണ്‌. വളവുകളും ചെരിവുകളും ഇറങ്ങണം. ഉറങ്ങിക്കിടക്കുന്നവരുടെ ഉറക്കം കെടുത്തണം. ഓരോ പള്ളിമച്ചുകളും ഉണരും. വാതായനങ്ങളില്‍ ശിരസ്സുകള്‍ നീളും. അവരുടെ പ്രതീക്ഷകള്‍ അറ്റുവീഴും.

- അടുത്ത വീട്ടിലെ മുറ്റത്തുള്ള അമ്പുലന്‍സ്‌ -

- അയച്ച ഡ്രാഫ്റ്റും ചെക്കും കൈപ്പറ്റിയോ എന്ന്‌ -

- പ്രതിശ്രുത വരന്റെ മൊഴികിലുക്കമാവുമോ എന്ന്‌ -

ഓരോ മുഖങ്ങളുടേയൂം നിറം മങ്ങുന്നത്‌. ചെറിയ മുനകളുള്ള മുള്ളുകളുടെ ആക്രമണം. അതൊക്കെ ഈ രാവിന്റെ മറവിലും തനിക്ക്‌ തിറിച്ചറിയാവുന്നതാണ്‌. അഥവാ റിസീവര്‍ കൈയ്യില്‍ കുരുങ്ങിയാലും അരൂപമായ ഒരു അശരീരി തന്നെ ആക്രമിക്കുക തന്നെ ചെയ്യും.

- ഈ സൗകര്യം താങ്കളുടെ ടെലിഫോണില്‍ ലഭ്യമല്ല -

3:

മറന്നതല്ല. ഈ ടെലെഫോണ്‍ തന്റേതല്ല. ഈ കോവണിയും. താവളം പോലും. ഒരു പെയിംഗ്‌ ഗസ്റ്റിനും പരിമിതികള്‍ കാണും. ഇത്രയും ഔദാര്യം തന്നെ വലുത്‌. അമര്‍ഷത്തിനും ആക്ഷേപത്തിനും ഇടയില്‍ ചിറകു കരിഞ്ഞ ശലഭമാവുമ്പോള്‍ ഓര്‍ത്തു പോവുന്നു. തന്റെ വേഷമെന്താണ്‌. ഊഴമെന്താണ്‌. വിഷം പുരട്ടിയ അമ്പുപോലെ കരള്‍ കടയുമ്പോള്‍ ഒരു പിടച്ചില്‍. അവസാനത്തെ കരുത്തും ആവേശവും കോര്‍ത്തെടുത്ത്‌ മന്ത്രിച്ചു.

- ശാപമോക്ഷം വേണം -

അറിയാതെയാണെങ്കിലും പതിയെ വിലപിച്ചു. ജിഹ്വയുടെ കിളിവാതിലും തുറന്നു കഴിഞ്ഞു.

ബദ്ധപ്പാടുകളും ചുമതലകളും ഒടുങ്ങിയിരിക്കുന്നു. ബന്ധങ്ങളുടെ കണ്ണികള്‍ നേര്‍ത്തു തേഞ്ഞു കഴിഞ്ഞു. അബദ്ധങ്ങളുടെ ക്യാന്‍വാസുകളില്‍ ഒരു ചിത്രവുമില്ല. തട്ടിന്‍പുറത്തെ ശൂന്യത കുപ്പിച്ചില്ലുകളായി ഭീഷണി മുഴക്കുകയാണ്‌. ധര്‍മ്മ സങ്കടത്തിന്‌ നിഘണ്ടുവില്‍ പ്പോലും കാണാത്ത ആഴം രുചിച്ചു. അവസാനത്തെ ചോരത്തുള്ളികളും കണ്ണുനീര്‍ ത്തുള്ളികളും ചേര്‍ത്ത്‌ കുഴച്ച്‌ അന്ത്യവിധി മാറ്റിയെഴുതണം തനിക്ക്‌.

- ഞാനാണ്‌ സീമന്തിനി....... -

മര്‍മ്മരം തൊട്ടടുത്താണ്‌. പിന്‍ചുമലിലെ നഗ്നതയില്‍ സ്പര്‍ശത്തിന്റെ അവസാനത്തെ കിളിവാതിലും തുറക്കുന്നതറിഞ്ഞു. കുതിരക്കുളമ്പടികള്‍ക്കും പൊടിപടലങ്ങള്‍ക്കും ഇടയില്‍ നിന്നും ഒരു രജപുത്രന്‍. കറുത്ത സമൃദ്ധമായ താടിരോമങ്ങളില്‍ ഒരു ഡിസംബറിന്റെ മുഴുവന്‍ കുളിര്‍ മുട്ടിനിന്നു. കൈവലയങ്ങള്‍ക്ക്‌ സുരക്ഷയുടെ ഉറപ്പ്‌. ചുണ്ടുകളില്‍ ഇളന്നീരിന്റെ തരിപ്പ്‌ മുളക്കുന്നു. പൂമണം പടരുകയാണ്‌. ഇന്ദ്രിയങ്ങള്‍ പൂക്കുകയാണ്‌. ശൈത്യം തന്റെ മര്‍മ്മങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കയാണിപ്പോഴും. മൂക്കിന്റെ കിളിവാതില്‍ തിരഞ്ഞു.

ശരീരത്തില്‍ പൊട്ടിമുളക്കുന്ന പുതിയ ഭാവങ്ങളുടെ വേഗത കണ്ട്‌ പിടഞ്ഞു പോയി. ഒന്നും തിരിച്ചറിയാനാവുന്നില്ല. പേശികളില്‍ കല്ലിന്റെ മൂര്‍ച്ച സൂക്ഷിക്കുന്ന രജപുത്രന്‍. ഇളന്നീരിന്റെ തരിപ്പുള്ള ചുണ്ടുകള്‍ തന്റെ പിന്‍ചുമലില്‍ ഉരുമ്മി ക്കൊണ്ടവന്‍ ഒരിക്കല്‍ കൂടി താഴേക്ക്‌ ക്ഷണിച്ചു.

" തിരിഞ്ഞു നോക്കരുത്‌. നീ കല്ലാവുന്നതു കാണാന്‍ വയ്യ. വരൂ‍ "

ആനയെ സ്വപ്നം കാണുന്നത്‌ അതു നല്ലതാണെന്നു പറഞ്ഞത്‌ ഇതാവുമോ. കണ്ട സ്വപ്നം പറയരുതെന്ന്‌ മുത്തശ്ശി പറഞ്ഞതിന്റെ പൊരുള്‍ ഇങ്ങനെയാവുമോ. ഉമ്മുക്കുല്‍സുവെന്ന അസ്ത്രത്തിനു മുമ്പില്‍ വിവസ്ത്രമാക്കപ്പെട്ടപ്പോള്‍ സഹിച്ച നൊമ്പരം ഇപ്പോള്‍ എത്ര ചെറുത്‌. മുഖത്തുരുമ്മിയ മുടിയിഴകള്‍ക്കു പോലും വല്ലാത്ത കരുത്ത്‌.

4:

പുറത്തു കുതിരക്കുളമ്പടികളുടെ ശബ്ദം മുഴങ്ങി. അഞ്ചിന്ദ്രിയങ്ങളും കിളിവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു കഴിഞ്ഞിരിക്കുന്നു. കാട്ടുതീ മലകളില്ലല്ല. പുടവത്തുമ്പിലാണോ...... മുഖമുയര്‍ത്തി. ഏഴുവര്‍ണ്ണങ്ങളുള്ള ഒരു മഴ. തലക്കുമുകളില്‍ നവരതനങ്ങളാണ്‌. താഴേക്ക്‌ അടര്‍ന്ന്‌ പതിക്കുകയാണ്‌. വിരല്‍ത്തുമ്പുകളില്‍ സ്നേഹസ്പര്‍ശം കിളിര്‍ത്തിരിക്കുന്നു. ഇന്ദ്രിയങ്ങളില്‍ ബിലഹരിയൊഴുകുന്നു. പിച്ചളക്കെട്ടുള്ള വാതില്‍ മലര്‍ക്കെ തുറന്നു.

പുറത്തേക്ക്‌. എപ്പോഴാണ്‌ താനൊരു തൂവലായത്‌. രക്ഷയുടെ വാതില്‍ തുറന്നതു വെറുതെയല്ല. പൂമുഖത്തെ ഭസ്മക്കൊട്ടക്കു കീഴെ ഇരുട്ടിലും ചിരിക്കുന്ന പടവാളിന്റെ തിളക്കം.

" പൂവ്വാം "

കാല്‍പ്പാദങ്ങള്‍ ഭൂമിയില്‍ നിന്നും ഉയരുകയാണല്ലൊ. തന്റെ തണുത്ത ഇടങ്കയ്യില്‍ കരുത്തുറ്റ ഒരു വലങ്കൈ കൊളുത്തിട്ടിരിക്കുന്നു. വാള്‍ത്തഴമ്പുള്ള കൈവെള്ളയില്‍ ഒരു കുമ്പിള്‍ ജലം കണക്കെ തന്റെ മുഖം.

ജരാനരകള്‍ ഇല്ലാത്ത നഷ്ടകഷ്ടങ്ങളില്ലാത്ത ഒരു ലോകത്തെക്ക്‌ ജാതവേദന്‍ തന്നെ ഉയര്‍ത്തുകയാണ്‌. ഏതോ കരിങ്കല്‍ പ്രതലത്തിലെ എണ്ണക്കറുപ്പുള്ള നിഴലുകള്‍ക്കിടയിലേക്കാണ്‌ തങ്ങളിപ്പോള്‍ പറന്നെത്തിയിട്ടുള്ളത്‌. വന്യമായ കരുത്തോടെ എപ്പോഴെങ്കിലും പറഞ്ഞുവോ താന്‍.

" തണുത്തു വിറക്കുന്നു "

മറുപടിയില്ല. തന്നെ പുതപ്പിക്കുവാന്‍ ജാതവേദന്‍ എന്തു മാത്രം കരുതലെടുക്കുന്നു. പൂവിന്റെ രഹസ്യത്തില്‍ മുഖമൊളിപ്പിക്കുന്ന ചിത്രശലഭം കണക്കെ. ചിറകുകളില്‍ പുള്ളി പൂക്കളണിഞ്ഞ ശലഭത്തിന്റെ ചലനം കണ്ട്‌ നാണിച്ചിട്ടുണ്ട്‌. അഗ്നിയുടെ ചൂടില്ലാത്ത മഞ്ഞച്ചിറകുകള്‍കൊണ്ട്‌ അയാള്‍ തന്നെ പൊതിയുകയാണ്‌. രാത്രിയില്‍ വിരിയുന്ന വെളുത്ത പൂക്കളുടെ ഗന്ധം ചുറ്റും നിറഞ്ഞു. മഞ്ഞച്ചിറകുകളുടെ ഉള്ളിലേക്ക്‌ ഒതുങ്ങി ക്കൂടി. അവരോഹണത്തിന്റെ താഴ്മയോടെ ഒരു തുമ്പപ്പൂവോളം. വന്യമായ കരുത്തോടെ അയാളുടെ മഞ്ഞച്ചിറകുകള്‍ക്ക്‌ വാശിപിടിപ്പിച്ചുകൊണ്ട്‌ വളരെ പതിയെ ഉരുവിട്ടു.

" ആവൂ..... എന്തു തണുപ്പാ......."

എം. വി. പുഷ്പലത
Subscribe Tharjani |