തര്‍ജ്ജനി

കവിത

മൂന്ന് കവിതകള്‍

മഴ,

എനിക്കെന്നെ നനയ്ക്കാന്‍ മഴ
നിനക്കുള്ളില്‍ മുളയ്ക്കാന്‍ മഴ
എനിക്കും നിനക്കും മാത്രമായ്‌ മഴ
ഒരു കുടയ്ക്കുള്ളില്‍ പെയ്ത്‌ പെയ്ത്‌
നീയാണോ ഞാനാണോ ആദ്യം
നിറഞ്ഞു കവിഞ്ഞതും ഒലിച്ചുപോയതും

കാറ്റ്‌

ജയില്‍ പുള്ളിക്ക്‌ കാറ്റ്‌ പോലും
സ്വാതന്ത്യമാണ്‌
ആര്‍ത്തിയോടെ അകത്തേക്ക്‌ വലിച്ച്‌
ശക്തിയായി
പുറത്തേക്ക്‌ വിടുന്നതാണിതിന്റെ
പ്രഖ്യാപനം
ഈ കാറ്റ്‌ തടവറയിലായിരിക്കുന്നു.

പുഴ

കൈവഴികളും കാല്‍വഴികളും
അഴിമുഖവുമെല്ലാമുള്ള പുഴയ്ക്ക്‌
ഒഴുകുന്നതിന്‌ കാവലായ്‌
രണ്ട്‌ കരകള്‍ എന്തിന്‌?

സുബൈര്‍ തുഖ്ബ
Subscribe Tharjani |