തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

വേദനസംഹാരി

ഇരിപ്പുറക്കാത്ത വേദന
നടക്കുംവഴിയകം പുറം
നഖമുനയിലോ, നെഞ്ചി-
ന്നിലയനങ്ങും കുരുക്കിലോ,
നടുനിവര്‍ന്നാല്‍ മിന്നല്‍
പുളഞ്ഞിറങ്ങും നാഡീ-
ഞരമ്പിലോ നെട്ടോട്ടം...

കുഴലുവച്ച്‌`, പതിയെ ഭൂ-
കമ്പമുയരും മാറിലെന്റെ
പിടപ്പിനെപ്പിടിച്ചെടുക്കു-
'മീസീജി'യില്‍ നിന്നൊളിച്ച്‌`
മലം, കഫം, മൂത്രം തുടങ്ങി
ഒളിവുസങ്കേതസാമ്പിളുകളില്‍ നിന്ന്
പിടഞ്ഞുപിന്മാറിയൂളിയിട്ട്‌
പിഴിഞ്ഞെടുത്ത ചോരയില്‍ ഭൂത-
ക്കണ്ണാടിയാല്‍ ചികഞ്ഞുനോക്കി
കണ്ടെടുത്ത ഛിദ്രകീടങ്ങളില്‍
പെട്ടുപോകാതെ വഴുതിമാറി,
അടിച്ചുവരും ടെസ്റ്റു റിപ്പോര്‍ട്ടില്‍
വടുക്കളൊന്നും വരച്ചിടാതെ,
ഇരിക്കപ്പൊറുതിയില്ലാത്ത വേദന
ഒടുക്കം പോയി ഒളിപ്പാര്‍ക്കുന്നതെങ്ങ്‌?

ആറ്റിലെ ചേറ്റുവരാല്‍ പോലെ
ആഴത്തിലിരുന്ന് ചെകിളയനക്കും
വേദനയെ പിന്നെ, കണ്ടുപിടിച്ചത്‌
വൈദ്യരായിരുന്നില്ല;
മറ്റേതോ ചെപ്പടിവിദ്യയുമായ്‌
വിടര്‍ന്നുവന്ന നീയായിരുന്നു!

Subscribe Tharjani |