തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

കവിത

ആന്‍ഡ്രൂസ്‌ തിരിച്ചുവന്നില്ല...

മത്സ്യകന്യകകള്‍ ആന്‍ഡ്രൂസിനെ
അവരുടെ ചില്ലുകൊട്ടാരത്തിലേക്ക്‌ കൊണ്ടുപോയി
പവിഴാഭരണങ്ങള്‍ അണിയിച്ച്‌
ജലപുഷ്പശയ്യയില്‍ കിടത്തിയിട്ടുണ്ടാവും
കടല്‍സസ്യങ്ങളുടെ വിശറികൊണ്ടു അവരവനെ ഉറക്കുകയാവും
ഉറക്കത്തില്‍ ഡോള്‍ഫിനുകളുടെ താരാട്ടവന്‍ കേള്‍ക്കുന്നുണ്ടാവും.
ഇടവപ്പാതി കോരിച്ചൊരിഞ്ഞ കടലിലേക്ക്‌
സിംഗപൂരില്‍ നിന്നും മടങ്ങിവന്നപ്പോള്‍ കൊണ്ടുവന്ന
പഴയ ബൈനാകുലറിലൂടെ
നോക്കി നോക്കി ഞാന്‍ നിന്നു.
ഇളകുന്ന കടലും കറുത്ത ആകാശവും മാത്രമേ കണ്ടുള്ളു.
കപ്പലുകളെല്ലാം തുറമുഖങ്ങളില്‍ നങ്കൂരമിട്ടിരിക്കും
കടല്‍കാക്കകള്‍ കരയേറിയിരിക്കുന്നു
രക്ഷപ്പെട്ട മീന്‍പിടുത്തക്കാരും
വീടുകളില്‍ ഉറക്കത്തില്‍ ആശ്വസിക്കുന്നുണ്ടാവും.
മത്സ്യകന്യകകളെ കാണിച്ചു തന്നത്‌ അവനാണ്‌.
കടലില്‍ മഴപെയ്യുമ്പോഴാണവര്‍
ആകാശം കാണാന്‍
ആഴങ്ങളുടെ തിരശ്ശീല വകഞ്ഞെത്തുക.
പ്രണയംപൊഴിയുന്ന മേഘത്തിന്റെ ഹൃദയത്തിലേക്കവര്‍
കൊള്ളിയാനുകളെപോലെ പുളഞ്ഞുചാടും.
അവനവര്‍ക്ക്‌ കരിക്കിന്‍കുലകളും
പറങ്കിപഴങ്ങളും ഒഴുക്കികൊടുത്തു.
അവരവനു പവിഴചിപ്പികളും
അഭൗമചുംബനങ്ങളും മടക്കികൊടുത്തു.
പുഴക്കരയില്‍ പാലകളിക്കാന്‍ പോയപ്പോള്‍
അവന്‍ ഞങ്ങളോടൊപ്പം വന്നില്ല.
വനജ ടീച്ചര്‍ കുളിക്കുന്നത്‌ ഒളിഞ്ഞുനോക്കാന്‍ പോയപ്പോഴും
അവന്‍ വന്നില്ല.
തൂത്തുകുടിയില്‍ നിന്നും ഞാന്‍ കപ്പല്‍കയറിയപ്പോഴും
അവന്‍ അവന്റെ കടലിന്‌ കാവലിരിക്കാന്‍ തിരിച്ചുപോയി.
എനിക്കറിയാം
ഞാന്‍ കാത്തുനില്‍ക്കുന്നതിന്റെ വ്യര്‍ത്ഥത,
അവനിപ്പോള്‍
ആഴങ്ങളിലെ സാമ്രാജ്യത്തില്‍ രാജാവാണ്‌.
Subscribe Tharjani |