തര്‍ജ്ജനി

കവിത

ഭൂമിയുടെ നിശ്ശബ്ദത

ഞാനൊന്നു മിണ്ടിയാല്‍,
നിന്റെ അസ്തിവാരം കുലുങ്ങും.
എന്തുകൊണ്ടെന്നോ?
എന്റെ നിശ്ശബ്ദമായ നിലത്തില്‍
നീയെറിഞ്ഞ ഓരോ കല്ലിനെയും ക്ഷമിച്ച്,
ഞാന്‍ പാകി നിര്‍മ്മിച്ചതാണത്.

ഞാനൊന്നനങ്ങിയാല്‍,
നിന്റെ ചുമരുകളില്‍
വിള്ളല്‍ വീണവ തകരും
എന്തുകൊണ്ടെന്നോ?
ഓരോ തവണയും പതിയുന്ന
നിന്നധികാരദൃഷ്ടിയെ
എന്റെ നന്മയാല്‍ സഹിച്ച്
പശമണ്ണ് കുഴച്ചു ഞാന്‍
തേച്ചുറപ്പിച്ചതാണത്.

ഞാനൊന്നു മുഖമുയര്‍ത്തിയാല്‍,
നിന്റെ മേല്‍ക്കൂര തകര്‍ന്നടിയും.
എന്തുകൊണ്ടെന്നോ?
ഓരോ തവണയും നീ ചെയ്ത തെറ്റുകളെ
എന്റെ പാകതയാല്‍ പൊറുത്ത്
ഉള്ളിലെ സംഘര്‍ഷങ്ങളാല്‍ പണിതതാണത്.
അവസാനത്തെ മുന്നറിയിപ്പ്
ഞാന്‍ നല്‍കിയാല്‍,
ഹൃദയമിടിപ്പ് താങ്ങാനാവാതെ
നിന്റെ ശരീരത്തിലെ ഓരോ ധമനികളും
രക്തം നിറഞ്ഞ് പൊട്ടിത്തകരും.
ഇതേ വീട്ടില്‍, നീ വെറുമൊരു
ജീവഛവമായി മാറും

പച്ചന്നൂര്‍ അനുരാധ
തെലുങ്കില്‍ കഥകളും കവിതകളും എഴുതുന്നു. വീട്ടുജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി നിലകൊള്ളുന്ന ‘ആനന്ദ ഭാരതി’ എന്ന സമാന്തരസ്കൂളിലെ അദ്ധ്യാപിക കൂടിയാണ്, അനുരാധ.

വിവര്‍ത്തനം: കെ. സി. ബിന്ദു

Subscribe Tharjani |
Submitted by manoj kattampalli (not verified) on Sun, 2007-12-09 12:22.

nalla kavithayananu...
anuradhayude kooduthal kavithakal vaayikkan agrahikkunnu.
manoj kattampalli
kannur