തര്‍ജ്ജനി

ചന്ദ്രശേഖരന്‍.പി.

Visit Home Page ...

ലേഖനം

നാം ചരിത്രം പറയുമ്പോള്‍....

'അയ്യായിരം ആണ്ടുകള്‍ക്കുമുമ്പ്‌ ആര്യന്മാര്‍ ഇന്ത്യ വെട്ടിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും വേണ്ടി പടച്ചുണ്ടാക്കിയ നടപടികളാണ്‌ ഇന്ത്യയില്‍ പ്രവൃത്തിവിഭജനമുണ്ടാക്കിയത്‌. അധികാരവും പണവും സുഖസൗകര്യവും നിരന്തരമായി അനുഭവിച്ചിരുന്നവര്‍ അവ കൈവിടാതിരിക്കാന്‍ പ്രവൃത്തിവിഭജനത്തെ ജാതിവ്യവസ്ഥയാക്കി മാററി. ജാതിവ്യവസ്ഥ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ദൈവികപരിവേഷമുള്ള അലംഘനീയ നിയമങ്ങളുണ്ടാക്കി. ഭാരതത്തിലെ ആദിമ ദ്രാവിഡരും ഗോത്രവര്‍ഗ്ഗക്കാരും ആര്യന്മാരുടെ ഇടയില്‍ത്തന്നെ താഴ്‌ന്ന പണികള്‍ ചെയ്യുന്ന അടിയാളന്മാരും തീണ്ടല്‍ ജാതിക്കാരുമായി. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങിനെ സംഭവിച്ചത്‌? ആയിരക്കണക്കിന്‌ സംവത്സരങ്ങള്‍ ഇവരെ അറിവില്‍ നിന്നും അക്ഷരങ്ങളില്‍ നിന്നും മാററിനിര്‍ത്തി അടിയാളരും അജ്ഞരുമാക്കി.'

അടുത്തകാലത്ത്‌ മാതൃഭൂമി വാരികയില്‍ വായിച്ച ശ്രീമതി കെ.ആര്‍. ഗൗരിയമ്മയുമായുള്ള ഒരഭിമുഖത്തിന്റെ ആദ്യഖണ്ഡികയാണ്‌ മേല്‍ക്കാണിച്ച ഉദ്ധരണി. സാധാരണ ഗതിയില്‍ ആരും ആഴത്തില്‍ പഠിക്കാന്‍ മിനക്കെടേണ്ട ഒരു പ്രസ്താവനയല്ല ഇത്‌. കാരണം ധാരാളം വായിക്കാനും നല്ല മട്ടില്‍ ചരിത്രത്തെ മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളവര്‍ക്ക്‌ ഈ ഖണ്ഡികയുടെ ഉദ്ദേശിതാര്‍ത്ഥത്തിലേക്ക്‌ എത്തിപ്പെടാന്‍ ഒരു പ്രയാസവുമില്ല. നമ്മുടെ രാജ്യത്ത്‌ കഴിഞ്ഞ കുറേക്കാലമായി നിലനിന്നുപോരുന്നതും കേരളത്തിലെങ്കിലും പാടേ എന്നു പറയാവുന്ന രിതിയില്‍ നിര്‍മാര്‍ജ്ജനം സംഭവിച്ചതുമായ ചില കടുത്ത അനാചാരങ്ങളുടെ കഥ വെളിവാക്കാനാണ്‌ ശ്രീമതി. ഗൗരിയമ്മ ഇവിടെ ശ്രമിക്കുന്നതെന്ന്‌ അക്കൂട്ടര്‍ക്ക്‌ പെട്ടെന്നു തന്നെ തിരിച്ചറിയാനാകും. അങ്ങിനെയല്ലാത്തവര്‍ക്ക്‌ ഇപ്പറയുന്നത്‌ നമ്മുടെ ഗൗരിയമ്മയാണല്ലോ എന്നുറപ്പുള്ളതുകൊണ്ട്‌ പറയുന്ന കാര്യത്തിന്റെ ഉദ്ദേശശുദ്ധിയില്‍ തെല്ലും സംശയം വരേണ്ട കാര്യവുമില്ല.

എങ്കിലും മേല്‍പറഞ്ഞ ഖണ്ഡികയുടെ ഒരു പദാനുപദതര്‍ജ്ജമ വായിക്കേണ്ടി വരുന്ന ഒരു സാധാരണ വിദേശിസഞ്ചാരിക്കോ അല്ലെങ്കില്‍ വളരെ കുറച്ചുമാത്രം ലോകകാര്യങ്ങള്‍ വായിക്കാന്‍ സമ്മതം കിട്ടുകയും അതില്‍നിന്നുകിട്ടുന്ന അറിവുകളുമായിപ്പോലും ക്രിയാത്മകമായി സംവദിക്കാന്‍ പില്‍ക്കാലജീവിതത്തില്‍ ഒട്ടും തന്നെ സമയം കിട്ടാതാകുകയും ചെയ്യുന്ന ഇന്നത്തെ ശരാശരി മലയാളിവിദ്യാര്‍ത്ഥികള്‍ക്കോ അതില്‍നിന്നു കിട്ടിയേക്കാവുന്ന ഇന്ത്യന്‍ ചരിത്രത്തേക്കുറിച്ചുള്ള പൊതുജ്ഞാനം വളരെ വികലമായിപ്പോകില്ലേ എന്ന്‌ സംശയം തോന്നിയതുകൊണ്ടാണ്‌ ഈ കുറിപ്പെഴുതുന്നത്‌.

യുക്തിസഹമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ ആദ്യവാചകം തന്നെ കല്ലുകടിയുണ്ടാക്കുന്നുണ്ട്‌. കാരണം ആര്യന്മാര്‍ എന്നു നാം പറയുന്ന ജനവിഭാഗം ഇന്നത്തെ പഞ്ചാബ്‌-സിന്ധ്‌ പ്രദേശങ്ങളിലെത്തുന്നത്‌ അയ്യായിരം കൊല്ലം മുമ്പല്ല; കുറേക്കൂടി ഇപ്പുറത്താണല്ലോ. കൂടാതെ അക്കാലത്ത്‌ ഒരുകൂട്ടം അക്രമികള്‍ക്ക്‌ വെട്ടിപ്പിടിക്കാന്‍ കൊതിതോന്നും വിധം ഭദ്രമായ ഒരു സമ്പദ്‌വ്യവസ്ഥയുള്ളതും ആസേതുഹിമാചലം എന്ന്‌ ഇന്നുപറയുംവിധമുള്ള ഭൂസീമകള്‍ ഉറച്ചുകഴിഞ്ഞിരുന്നതുമായ ഒരു രാജ്യമായി ഭാരതം മാറിക്കഴിഞ്ഞിരുന്നില്ലല്ലോ എന്ന അടുത്ത ചോദ്യം താമസിയാതെ ഉയര്‍ന്നുവരികയും ചെയ്യുന്നു. സുസംഘടിതമായ ഏതെങ്കിലും സാമൂഹ്യാവാസവ്യവസ്ഥ ഇവിടെ നിലനിന്നിരുന്നെങ്കില്‍ത്തന്നെ അതിനെ രായ്ക്കുരാമാനം വെട്ടിനുറുക്കി ഇല്ലാതാക്കി അതിന്റെ ശിഷ്ടസ്മൃതികള്‍ക്കു മുകളില്‍ തങ്ങളുടെ വെന്നിക്കൊടി പാറിച്ച്‌ തികച്ചും പുതിയ ഒരു വ്യവസ്ഥ പെട്ടെന്നുതന്നെ കരുപ്പിടിപ്പിച്ചെടുക്കാന്‍ മാത്രം ദീര്‍ഘവീക്ഷണവും ശേഷിയും ശേമുഷിയും അക്രമികളായെത്തിയ അക്കൂട്ടര്‍ക്ക്‌ ഉണ്ടായിരുന്നുവോ? അങ്ങിനെയൊരു താല്‍പര്യത്തോടെ തന്നെ അധിനിവേശങ്ങള്‍ നടത്തിയവരായിരുന്നോ ആര്യന്മാര്‍ എന്ന്‌ നമ്മള്‍ വിളിപ്പേരിട്ടുവച്ചിട്ടുള്ള ആ മലയിറങ്ങിവന്ന മന്നന്മാര്‍? അയ്യായിരം വര്‍ഷം മുമ്പ്‌ തന്നെ നാമിന്നു കാണുന്ന രീതിയില്‍ ഒരിന്ത്യന്‍ സമൂഹം വികസിച്ചു കഴിഞ്ഞിരുന്നെന്നും കൂടി ആ വാചകങ്ങള്‍ സമര്‍ത്ഥിക്കന്നുണ്ടോ? അതായത്‌ ഇന്നത്തെപ്പോലെ, അതുമല്ലെങ്കില്‍ പതിനഞ്ചാം നൂററാണ്ടിന്റെ അവസാനത്തോടെ വാസ്കോ ഡ ഗാമ കോഴിക്കോട്ട്‌ കപ്പലിറങ്ങുന്ന കാലത്തേതുപോലെങ്കിലും വളര്‍ന്നുകഴിഞ്ഞ ഒരു ജനജീവിതം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാതിര്‍ത്തികള്‍ക്കുള്ളില്‍ കൃത്യമായും ഒതുങ്ങിനില്‍ക്കുന്ന ഒരു ഭൂപ്രദേശത്ത്‌ അഞ്ച്‌ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്‌ വികസിച്ചുനിന്നിരുന്നുവോ? തങ്ങള്‍ കീഴ്പെടുത്തിയ ഭൂഭാഗങ്ങളില്‍ ഭരണം ഉറപ്പിച്ചെടുത്ത്‌ വിജയസോപാനത്തില്‍ കയറിയിരുന്ന്‌ സ്വന്തം മേധാവിത്വം നിലനിര്‍ത്തി തലേന്നുവരെ അവിടെയുണ്ടായിരുന്നവരെ അടിയാളരും അധ:കൃതരുമാക്കി പുറന്തള്ളാന്‍ ആര്യന്മാരെ അന്ന്‌ കൊതിപ്പിച്ചത്‌ ഭാരതത്തില്‍ നിലനിന്നിരുന്ന എന്തൊക്കെ ഐശ്വര്യപ്രതാപങ്ങളാണ്‌?

ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ശരിയുത്തരങ്ങള്‍ സാമാന്യബുദ്ധിയോടെ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും വളരെയൊന്നും അദ്ധ്വാനിക്കാതെ സ്വബുദ്ധിയില്‍ നിന്നുതന്നെ കിട്ടാവുന്നതേയുള്ളു. അപ്പോള്‍ മേലുദ്ധരിച്ച ആ ഖണ്ഡിക വരച്ചുതരുന്ന ചിത്രം വാസ്തവങ്ങളില്‍ നിന്ന്‌ ബഹുദൂരം അകലെയാണ്‌ നില്‍ക്കുന്നതെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാക്കേണ്ടിവരുമെന്നു മാത്രം.

അയ്യായിരം വര്‍ഷം മുമ്പത്തെ ഇന്ത്യയിലെ ജനസംഖ്യാവിതരണത്തെ വിശകലനം ചെയ്തുകൊണ്ടുതന്നെ നമുക്കാരംഭിക്കാം. അന്ന്‌ ഭാരതവര്‍ഷമെന്ന്‌ അറിയപ്പട്ടിരുന്നുവെന്ന്‌ കേള്‍ക്കുന്ന ഈ പ്രദേശത്ത്‌ ആകെ ജനസംഖ്യ എത്രയായിരുന്നിരിക്കാം? ലോകമെമ്പാടുമായി ഏതാണ്ട്‌ അറുനൂറുകോടിയിലേറെ ജനങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടെന്നു നമുക്കറിയാം. നമ്മുടെ രാജ്യത്തിലെ ജനസംഖ്യയാകട്ടെ ഇന്ന്‌ നൂററിപ്പത്തുകോടിയിലേറെ ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏററവും ആദ്യത്തെ കാനേഷുമാരി കണക്കനുസരിച്ച്‌ കേട്ടിരുന്നത്‌ അമ്പതുകളില്‍ ഇവിടെ മുപ്പത്താറുകോടി ജനങ്ങളുണ്ടെന്നാണ്‌. ഇവ രണ്ടിനേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ഒരു ഗ്രാഫ്‌ വരക്കുമ്പോള്‍ അതെങ്ങിനെയിരിക്കും? ആ ജനസംഖ്യാവക്രത്തെ അടിസ്ഥാനമാക്കി ഇരുപതുനൂററാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇപ്രദേശത്ത്‌ ഉണ്ടായിരുന്നേക്കാവുന്ന ജനസംഖ്യ ഗണിച്ചെടുത്താല്‍ അതെത്രയായിരിക്കും? രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ലോകജനസംഖ്യ ഇരുപതുകോടി എന്നാണ്‌ ഇന്റര്‍നെററില്‍ ലഭ്യമായ ഒരു കണക്ക്‌. ഈ ഇരുപതുകോടിയില്‍ നമ്മുടെ ഭാരതവര്‍ഷത്തിന്റെ പങ്ക്‌ എത്രയായിരുന്നിരിക്കും? ഭൂമിയില്‍ എക്കാലത്തും ജനസാന്ദ്രതയില്‍ മുന്നിട്ടുനിന്നിരുന്ന ഉഷ്ണമേഖലാപ്രദേശങ്ങളുടേയെല്ലാം പങ്ക്‌ നിശ്ചയിച്ചുകഴിയുമ്പോള്‍ നമുക്കുകിട്ടുന്നത്‌ കവിഞ്ഞാല്‍ ആയതിന്റെ ഇരുപതു ശതമാനമെന്നു വക്കുക. ഇത്‌ ഇന്നത്തെ ലോകജനസംഖ്യയില്‍ ഇന്ത്യക്കുള്ള ശരാശരി പങ്കാണല്ലോ. അത്‌ നാലുകോടിയെന്നു നമുക്കു കിട്ടുന്നു - ഇക്കാലത്തെ കേരളത്തിലെ ജനസംഖ്യയേക്കാള്‍ സ്വല്‍പം മാത്രം കൂടുതല്‍. അപ്പോള്‍ രണ്ടായിരം വര്‍ഷം മുമ്പ്‌ ആ നാലുകോടി ജനങ്ങളെക്കൊണ്ട്‌ നിറഞ്ഞുകവിഞ്ഞിരുന്ന ഒരു ഭാരതവര്‍ഷത്തിന്റെ ചിത്രം നമുക്കൊക്കെ ഊഹിച്ചെടുക്കാവുന്നതേയുള്ളു. അക്കാലത്ത്‌ ഒരു ജനവാസസ്ഥാനത്തുനിന്ന്‌ അടുത്തതിലേക്കെത്താന്‍ എത്ര കാടുകള്‍ കടന്നപോകേണ്ടിയിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ പണ്ടത്തെ പഞ്ചതന്ത്രകഥകളോ കഥാസരില്‍സാഗരമോ ഒക്കെ വായിച്ചാല്‍ മാത്രം മതി. കഥാപാത്രങ്ങള്‍ കാടുകളിലൂടെ സഞ്ചരിക്കാത്ത ഒരൊററകഥയും നമുക്കു അതിലൊക്കെ കണ്ടെത്താനായില്ലെന്നുവരും - നാടുകളേക്കാളേറെ അക്കാലത്ത്‌ കാടുകളാണ്‌ ഉണ്ടായിരുന്നതെന്നു വ്യക്തം. അങ്ങിനെ വരുമ്പോള്‍ ആര്യന്മാര്‍ ചുരമിറങ്ങിവന്നുവെന്നു ഗൗരിയമ്മ പറയുന്ന അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുത്തെ ജനസംഖ്യ - അവനവന്റെ യുക്തം പോലെ ആലോചിച്ചുറപ്പിച്ചാല്‍പ്പോലും - നമുക്ക്‌ എത്രവരെ കൊണ്ടുപോകാനാകും? കൂട്ടത്തില്‍ പറയട്ടെ, വിക്കിപ്പീഡിയയില്‍ നിന്ന്‌ നേരത്തേ ഉദ്ധരിച്ച കണക്കുകള്‍ പ്രകാരം ബി.സി. ആയിരാമാണ്ടില്‍ ലോകമെമ്പാടുമായി അഞ്ചുകോടി ജനങ്ങളേ ഉണ്ടായിരുന്നുള്ളു. ബി.സി. എണ്ണായിരത്തോടെ അത്‌ എണ്‍പതുലക്ഷവുമാണ്‌.

അയ്യായിരം വര്‍ഷം മുമ്പ്‌ പരിഷ്കൃതരെന്നു പറഞ്ഞിരുന്ന ജനസഞ്ചയങ്ങള്‍ കൂടിക്കഴിഞ്ഞിരുന്നത്‌ മോഹഞ്ചദാരോ പോലുള്ള നഗരങ്ങളിലാണെന്നു പറയുമ്പോള്‍ അവക്കുപുറത്ത്‌ ഇന്നത്തെ ഇന്ത്യന്‍ ഗ്രാമങ്ങളേപ്പോലെ അസംഖ്യം ജനാധിവാസസ്ഥാനങ്ങള്‍ ഉണ്ടായിരുന്നതായി ഒരു തെളിവും ചരിത്രം തരുന്നില്ല. കൃഷിയാണെങ്കില്‍ സിന്ധുനദീതടങ്ങളില്‍പ്പോലും ഇന്നത്തെയത്രയും വ്യാപകവും സുസംഘടിതവും ആയിക്കഴിഞ്ഞിട്ടുമുണ്ടാവില്ല. പരിഷ്കൃതര്‍ താമസിച്ചുപോന്ന മറേറതാനും ജനവാസസ്ഥാനങ്ങള്‍ കൂടി പഞ്ചാബ്‌ പ്രദേശങ്ങളിലും ഉത്തരമദ്ധ്യേന്ത്യയിലും ഒക്കെ ഉണ്ടായിരുന്നതായേ ചരിത്രാന്വേഷകര്‍ സാക്ഷ്യപ്പെടുത്തുന്നുള്ളൂ.

അധികാരവും പണവും സുഖസൗകര്യവും നിരന്തരമായി അനുഭവിച്ചിരുന്നവര്‍ക്ക്‌, അവ കൈവിടാതിരിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയവര്‍ക്ക്‌, അനുഭവിച്ചാനന്ദിക്കാന്‍പോന്ന എന്തൊക്കെയോ സുഖസൗകര്യങ്ങള്‍, ഇത്രയും ജനവാസദരിദ്രമായി നിന്നിരുന്ന ഒരു വിശാലഭൂഭാഗത്ത്‌, അക്കാലത്ത്‌ ഉണ്ടായിരുന്നിരുന്നുവെന്ന അദൃശ്യപരാമര്‍ശമാണ്‌ ഇവിടെ നമ്മുടെ യുക്തിബോധത്തെ ചോദ്യം ചെയ്യാനെത്തുന്നത്‌. ആര്യന്മാര്‍ മലയിറങ്ങിവന്ന കാലത്ത്‌ ഇന്ത്യയൊട്ടാകെ ഇന്നത്തേപ്പോലെ വികസിതമായിക്കഴിഞ്ഞ കാര്‍ഷികവൃത്തി നടപ്പിലായിക്കഴിഞ്ഞിരുന്നുവോ? അധികാരവും പണവും സുഖസൗകര്യവും കൈവിടാതിരിക്കാന്‍ വേണ്ടിത്തന്നെ നടപ്പാക്കപ്പെട്ടതാണോ പ്രവൃത്തിവിഭജനം? അതായത്‌ ഏകശാസിതമായിക്കഴിഞ്ഞതോ, അല്ലെങ്കില്‍ ബഹുശാസിതമായി വികസിച്ചുറച്ചുകഴിഞ്ഞതോ ആയ ഒരു ഭരണകേന്ദ്രത്തില്‍ നിന്നുള്ള ശാസനങ്ങള്‍ കൊണ്ട്‌ നിശ്ചയിച്ചുറപ്പിക്കപ്പെട്ട ഒന്നായിരുന്നുവോ പ്രവൃത്തിവിഭജനം?

ഏതെങ്കിലുമൊരു സുപ്രഭാതത്തില്‍ ആരെങ്കിലും എണീററുവന്ന്‌ നീ ഇന്നുമുതല്‍ പുഴയില്‍ നിന്നു മണല്‍വാരുന്ന ജോലി ചെയ്താല്‍ മതി എന്നു പറഞ്ഞാല്‍ മാത്രം മതിയായിരുന്നുവോ അക്കാലത്ത്‌ പ്രവൃത്തിവിഭജനം നടത്തിവക്കാന്‍? പ്രസ്തുത ഖണ്ഡിക വായിക്കുമ്പോള്‍ നമുക്ക്‌ പെട്ടെന്ന്‌ അങ്ങനെയും തോന്നാം. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട നാള്‍ മുതല്‍ തന്നെ ഈ ഇരുപത്തൊന്നാം നൂററാണ്ടില്‍ അവന്‍ ചെയ്തുപോരുന്ന എല്ലാ ഉല്‍പാദനവൃത്തികളും നിലവില്‍ ഉണ്ടായിരുന്നെന്നു ശഠിക്കുന്നതും തികഞ്ഞ ബുദ്ധിരാഹിത്യമല്ലേ? വാസ്തവത്തില്‍ പ്രവൃത്തിവിഭജനമാണോ അതോ പ്രവൃത്തിപരിശീലനശ്രമങ്ങളാണോ സംഘടിതമായ മട്ടില്‍ ആദ്യം നടന്നിരിക്കുക? രണ്ടായാലും അതു വളരെക്കാലം മുമ്പ്‌, മിക്കവാറും കാലിവളര്‍ത്തല്‍ ഭക്ഷണം നേടിക്കൊടുത്തിരുന്ന ഇടയവര്‍ഗ്ഗങ്ങളുടെ ഉദയകാലത്തുതന്നെ മനുഷ്യര്‍ ശീലിക്കാന്‍ തുടങ്ങിയ ഒരു കാര്യമായിരുന്നിരിക്കണം. വ്യക്തമായ ഇടയചരിത്രമൊന്നും തന്നെ വെളിവാക്കിത്തന്നിട്ടില്ലാത്ത മോഹഞ്ചദാരോനഗരങ്ങളുടെ - അവര്‍ അര്‍ദ്ധവനപ്രദേശങ്ങളില്‍ പെറുക്കിത്തീനി (food gatherers)കളായി പ്രത്യക്ഷപ്പെട്ട്‌ പിന്നീട്‌ കൃഷി സ്വായത്തമാക്കി അനുകൂലമായ പ്രദേശങ്ങളില്‍ സ്ഥിരവാസം ആരംഭിച്ചവരെന്ന്‌ കണക്കാക്കിയാല്‍ - ആവശ്യത്തിന്നായി അവിടങ്ങളില്‍ കൃഷി സംഘടിതമായ രീതിയില്‍ വികസിക്കാനാരംഭിക്കുന്ന കാലത്തും അത്‌ ശീലിച്ചുതുടങ്ങിയിട്ടുണ്ടാകാം. ഏതു തൊഴിലായാലും സമൂഹത്തിന്ന്‌ അതിന്റെ ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത്‌ സൃഷ്ടിക്കപ്പെടുന്നുള്ളൂ. അതിന്നുശേഷം അത്‌ തുടര്‍ന്നുപോകേണ്ടതുണ്ടോ എന്ന്‌ കാലംകൊണ്ട്‌ തീരുമാനിക്കപ്പെടുന്നുമുണ്ട്‌. മനുഷ്യവര്‍ഗ്ഗം ഒന്നുമില്ലായ്മയില്‍നിന്നും ഉണ്ടായതല്ല; അവര്‍ ചെയ്തുപോരുന്ന തൊഴിലുകളും അങ്ങിനെത്തന്നെ. അതൊക്കെ ഭക്ഷണസമ്പാദനത്തിന്നും സുരക്ഷിതമായി അന്തിയുറങ്ങാനും പ്രജനനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനുംവേണ്ടി അവന്‍ ചെയ്തുതുടങ്ങിയതാണ്‌. ഓരോ തൊഴിലും തുടര്‍ന്നും ചെയ്യേണ്ടിവന്നപ്പോള്‍ അവ ചെയ്യുന്ന രീതികള്‍ കാലാകാലങ്ങള്‍ക്കനുയോജ്യമായി മെച്ചപ്പെടുത്തിയെടുത്ത്‌ തനിക്കു പുറകേ വരുന്ന തലമുറകളെ ശീലിപ്പിച്ചുപോന്നിട്ടുണ്ടാകണം. അതാതു തൊഴിലുകളില്‍ വൈദഗ്ദ്ധ്യം നേടിയവരുമായി നിരന്തരസമ്പര്‍ക്കം ഉറപ്പാക്കാന്‍ കഴിയാവുന്ന ആളുകള്‍ക്ക്‌ അത്‌ ശീലിക്കാന്‍ അവസരം കിട്ടുന്നതില്‍ അസ്വാഭാവികതകളൊന്നുമില്ലതാനും. കൂടുതല്‍ ആളുകളെ പഠിപ്പിച്ചെടുക്കേണ്ട ആവശ്യം ഇല്ലാതിരുന്നുതുകൊണ്ട്‌ കൂടിയാകാം എല്ലാ തൊഴിലുകളും എല്ലാവരും ശീലിയ്ക്കാതെ പോയത്‌. ഇത്‌ വളരെ സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണ്‌. അതിന്നു പകരം വക്കാന്‍ അക്കാലത്തെ സാഹചര്യങ്ങളില്‍ സമൂഹത്തിന്ന്‌ മററ്‌ മാര്‍ഗ്ഗങ്ങളൊന്നുമില്ല. ആദ്യകാലത്ത്‌ ഇത്‌ ഏററവും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നടപടിയുമാണ്‌. ഈ സ്വാഭാവികമായ തിരഞ്ഞെടുപ്പുകള്‍ ചൂഷണത്തിലേക്കും അനാചാരങ്ങളിലേക്കും രൂപമാററം നടത്തിയത്‌ എപ്പോളാണ്‌, എങ്ങനെയാണ്‌ എന്നതാണ്‌ കാര്യം. ആ അനാചാരങ്ങള്‍ക്കും ചൂഷണത്തിന്നും മറുമരുന്നൊന്നുമില്ലെന്ന്‌ അത്‌ സംഭവിക്കുന്ന കാലത്തുണ്ടായിരുന്ന എല്ലാവരും വിശ്വസിച്ചുപോന്നു എന്നും നമുക്ക്‌ കരുതിക്കൂടാ.

നമ്മുടെ ഉപഭൂഖണ്ഡത്തില്‍ സുസംഘടിതമായ ജനാവാസവ്യവസ്ഥകള്‍ സിന്ധുനദീതടങ്ങളില്‍ രൂപം കൊണ്ട്‌ കിഴക്കോട്ട്‌ പടര്‍ന്നുപോയി ഗംഗാസമതലത്തിലും ഉപദ്വീപിന്റെ ദക്ഷിണഭാഗങ്ങളിലും പരന്നതാണ്‌ എന്ന വാദഗതി പൊതുവേ ആരും അംഗീകരിക്കാതിരിക്കുന്നില്ല. ഗംഗതടങ്ങളില്‍ എത്തുമ്പോഴേക്ക്‌ അവ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായിത്തീരുന്നുമുണ്ട്‌. അവിടെ അവ ജനപദങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. പില്‍ക്കാലത്ത്‌ ജനപദങ്ങള്‍ ചേര്‍ന്ന്‌ മഹാജനപദങ്ങളായും സാമ്രാജ്യങ്ങളായും മാറുമ്പോഴേക്ക്‌ തൊഴിലുകള്‍ക്കനുസൃതമായി കുലങ്ങള്‍ നിര്‍ണ്ണയിക്കുന്ന രീതി നടപ്പില്‍ വന്നുകഴിഞ്ഞിരിക്കും - അതായത്‌ പില്‍ക്കാലത്ത്‌ അധികാരം കയ്യാളുന്നവര്‍ നിയമമാക്കി മാററിയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ പ്രാഗ്രൂപം. ചാതുര്‍വര്‍ണ്ണ്യത്തിന്റെ ആ തുടക്കങ്ങളിലെ ശൂദ്രന്മാര്‍ അന്നത്തെ നാഗരികതകളുടെ അകത്തുതന്നെ ഉണ്ടായിരുന്നവരായിരിക്കണം. ജനപദങ്ങളുടെ ആവിര്‍ഭാവകാലത്ത്‌ കായികാദ്ധ്വാനത്തിന്റെ കുത്തക പേറിയിരുന്നവര്‍ ആകാമെങ്കിലും അക്കാലത്ത്‌ അവര്‍ക്ക്‌ ജനപദങ്ങള്‍ക്കകത്തുതന്നെ താമസിക്കേണ്ടതുണ്ടായിരുന്നു. അവരുടെ സേവനങ്ങള്‍ ജനപദവാസികള്‍ക്ക്‌ സദാ ആവശ്യമുണ്ടായിരിക്കും. സ്വന്തം ജനപദപ്രാന്തങ്ങളിലെ കൃഷിയിടങ്ങളില്‍ വിളവിറക്കണമെങ്കില്‍ ദൂരെപ്പോയി ആളുകളെ അടിച്ചുതെളിച്ചുകൊണ്ടുവരുന്ന സമ്പ്രദായങ്ങളൊന്നും അന്ന്‌ നിലവിലിരുന്നതായും നമുക്ക്‌ അറിവില്ല. അന്ന്‌ നിലനിന്നിരുന്ന ജനസംഖ്യാദാരിദ്ര്യത്തിന്റെയും അതിവര്‍ദ്ധിതമല്ലാത്ത കാര്‍ഷികവൃത്തിയുടേയും പശ്ചാത്തലത്തില്‍ക്കൂടി വേണം നമുക്ക്‌ കാര്യങ്ങളെ കാണാന്‍. അങ്ങിനെ അവര്‍ അതിന്റെ സമ്പദ്‌വ്യവസ്ഥക്ക്‌ കാര്യമായ സംഭ3വനകള്‍ നല്‍കിയിരുന്നവരുമാകണം. അയായത്‌ കൈത്തൊഴിലുകാരും വിദഗ്ദ്ധതൊഴിലുകള്‍ ചെയ്യുന്നവരും അങ്ങിനെയല്ലാത്ത തൊഴിലുകളില്‍ എര്‍പ്പെട്ടിരുന്നവരുമൊക്കെ അവരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ അക്ഷരവിദ്യയോ ക്രോഢീകരിക്കപ്പെട്ട അറിവുകളോ തുടക്കം മുതല്‍ തന്നെ ലബ്ധമായിരുന്നില്ല എന്ന്‌ നമുക്ക്‌ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ വയ്യ. ലബ്ധമല്ലായിരുന്നെങ്കില്‍ ഗംഗാസമതലങ്ങളിലെ പുത്തന്‍ സമ്പദ്‌വ്യവസ്ഥകള്‍ക്ക്‌ വേരുപിടിക്കാന്‍ കഴിയുമായിരുന്നില്ല. പുതിയ സാങ്കേതികവിദ്യകളും നിര്‍മ്മാണവിദ്യകളും നടപ്പിലാക്കാന്‍ കഴിയുകയുമില്ല. കുടുംബങ്ങള്‍ തലമുറകളായി ഒരേ തൊഴില്‍ ചെയ്യാന്‍ തുടങ്ങുന്നതാണ്‌ പ്രവൃത്തിവിഭജനമെങ്കില്‍ അതാരംഭിക്കുന്നത്‌ ഒരുപക്ഷേ ഈ ജനപദങ്ങളുടെ കാലത്താകും.

എന്നാല്‍ ഇന്നത്തെ രീതിയില്‍ നാം പറയുന്ന ശൂദ്രന്‍ സൃഷ്ടിക്കപ്പെടുന്നതും അവന്‍ അക്ഷരസംയുക്തനാവരുതെന്ന്‌ ശഠിക്കപ്പെടുന്നതും അതിന്നും കുറേക്കൂടി ഇപ്പുറത്താണെന്നതാണ്‌ കാര്യം. അതെന്തിനു വേണ്ടിയായിരുന്നുവെന്നതും നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു. അത്‌ സംഭവിക്കുന്നതാകട്ടെ ഗംഗാതടത്തില്‍ മനുഷ്യര്‍ സംഘടിതമായ രീതിയില്‍ കൃഷിചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുന്നുകൂടാന്‍ തുടങ്ങിയ സമ്പത്തിന്റെ മിച്ചം മൂല്യവല്‍ക്കരിക്കപ്പെട്ട്‌ കുറേശ്ശേയായി ഏതാനും ആളുകളുടെ കൈകളിലേക്ക്‌ ഒതുങ്ങാന്‍ തുടങ്ങുകയും അതിനെ കേന്ദ്രീകരിച്ച്‌ രൂപംകൊണ്ട പുതിയ സമ്പദ്‌വ്യവസ്ഥയുടെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ വികസിക്കാന്‍ തുടങ്ങുമ്പോഴുമാണ്‌. ഇവിടെവെച്ചാവണം വര്‍ദ്ധിച്ചതോതിലുള്ള ജനസംഖ്യാവിസേ്ഫാടനം നടക്കുന്നതും. കൂടുതല്‍ കൂടുതല്‍ ഭക്ഷണത്തിന്റെ ലഭ്യത അതിന്ന്‌ കാരണമാകുന്നുണ്ട്‌. (മോഹഞ്ചദാരോ നഗരങ്ങളില്‍ നിന്ന്‌ ഇങ്ങിനെയൊരവസ്ഥ അവിടെ രൂപം കൊണ്ടിരുന്നതായി തെളിവുകളൊന്നും കിട്ടിയിട്ടില്ല. അവ വളരെ ചെറിയ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്ന ഒററപ്പെട്ട സമ്പദ്‌വ്യവസ്ഥകളായിരുന്നു.) കൂടുതല്‍ കൂടുതല്‍ ആളുകള്‍ കേന്ദ്രീകൃതമായ ഒരു ഭരണത്തിന്റെ പരിധികള്‍ക്കുള്ളിലേക്ക്‌ കൂടുതല്‍ക്കൂടുതല്‍ വിശാലമായിക്കൊണ്ടിരുന്ന ജനപദസീമകളില്‍നിന്ന്‌ മിച്ചമൂല്യത്തിന്റെ തമോഗര്‍ത്തസമാനങ്ങളായ ആദശ്യഹസ്തങ്ങളാല്‍ വലിച്ചെടുക്കപ്പെടുകയും അതിന്റെ ഭരണത്തിന്ന്‌ ആജീവനാന്തം പാദസേവ ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകും ചെയ്തപ്പോഴാകണം (ഇന്ത്യയില്‍ അതിനെക്കുറിച്ച്‌ ഏററവുമാദ്യം അറിയുന്നതാകട്ടെ ഗംഗാസമതലത്തിലെ പാടലീപുത്രത്തിന്റെയും മഗധയുടേയുമെല്ലാം കഥകളില്‍നിന്നാണ്‌) അസ്പൃശ്യനും അക്ഷരം കിട്ടാത്തവനുമായ ശൂദ്രന്‍ സഷ്ടിക്കപ്പെട്ടത്‌. ഗംഗാതടങ്ങളില്‍ കൃഷിയുടെ വികസനത്തോടെ വിസ്തൃതമാക്കപ്പെട്ടുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിന്ന്‌ അനുപേക്ഷണീയമായ അളവററ മനുഷ്യപ്രയത്നം ഉറപ്പുവരുത്താന്‍ വേണ്ടി രാജ്യങ്ങളും സാമ്രാജ്യങ്ങളുമായി മാറിക്കൊണ്ടിരുന്ന നദീതീരജനപദങ്ങള്‍ വിശാലങ്ങളായ ഇന്ത്യന്‍ വനപ്രാന്തങ്ങളിലെ ആദിമജനങ്ങളെ അന്വേഷിച്ചിറങ്ങിയ കാലമാണ്‌ അത്‌. അതാകട്ടെ ഇന്നേക്ക്‌ ഏതാണ്ട്‌ രണ്ടായിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്ക്‌ തൊട്ടുമുമ്പുമാണ്‌. അവിടെ വച്ചാകണം നാം ഇന്നുകാണുമ്പോലുള്ള ശുദ്രന്‍ രൂപപ്പെടുന്നത്‌. അവിടം കടക്കുന്നതോടെ മാത്രമേ ചാതുര്‍വര്‍ണ്യവും ജാതികളും ഒരുപക്ഷെ ആജ്ഞയാ ലോകഭൂപസ്യ എന്നമട്ടിലേക്കാകുന്നുള്ളു. അക്കാലത്തിന്റെ ചരിത്രപരമായ അനിവാര്യനിര്‍മ്മിതികളാണ്‌ ശ്രീബുദ്ധനും കൂട്ടരും. അവരുടെ വരവാകട്ടെ, ഇത്രയും കാലത്തിന്നിപ്പുറത്തു നിന്നു നോക്കുമ്പോള്‍, സമൂഹത്തില്‍ രൂപംപൂണ്ടു വന്നിരുന്ന സാമ്പത്തികാസമത്വങ്ങളേയും അനാചാരങ്ങളെയും കുറിച്ചുള്ള അറിയിപ്പുകൂടിയാണ്‌. അവര്‍ക്കപ്പുറത്തുനിന്ന്‌ സാധാരണമനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങളെപ്പററി വേവലാതിപൂണ്ട വേറെയേതെങ്കിലും ബോധാന്വേഷകരെക്കുറിച്ച്‌ നമുക്ക്‌ യാതൊരറിവും ഇല്ലതാനും. മനുസ്മൃതിയുടെ ക്രോഢീകരണത്തിന്നുപോലും അക്കാലത്തിന്നിപ്പുറത്തുള്ള ചരിത്രമേ അവകാശപ്പെടാനും കഴിയുകയുള്ളു.

കാര്യങ്ങള്‍ അങ്ങിനെയായിരിക്കെ ഏദന്‍ തോട്ടം പോലെ സമത്വസുന്ദരവും ജനനിബിഡവുമായിരുന്ന ഇന്ത്യാമഹാരാജ്യത്തിലേക്കു എല്ലാ സാമൂഹ്യാനാചാരങ്ങളുമായി കടന്നുവന്ന്‌ ഇവിടമൊട്ടാകെ കുട്ടിച്ചോറാക്കിയവരാണ്‌ ആര്യന്മാര്‍ എന്ന മട്ടില്‍ ചരിത്രം പറയുന്നതിന്ന്‌ എന്താണ്‌ പ്രസക്തി? പില്‍ക്കാലത്ത്‌ അവരുടെമാത്രം സന്തതിപരമ്പരകളാണോ ഇവിടെ ജാതിവ്യവസ്ഥക്ക്‌ തുടക്കം കുറിച്ചത്‌? പ്രവൃത്തിവിഭജനംകൊണ്ട്‌ വന്നുപോയെന്നുപറയുന്ന ചാതുര്‍വര്‍ണ്യത്തിന്റെ തുടര്‍ച്ചയായി മാത്രമല്ല കാലം ചെല്ലുമ്പോഴേക്ക്‌ ഇന്ത്യയിലെ ജാതിവ്യവസ്ഥ വളര്‍ന്നുകയറിയതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്‌.

പില്‍ക്കാലത്ത്‌ ഗംഗാതടങ്ങളിലേക്കു മനുഷ്യസംഘങ്ങള്‍ കടന്നുചെല്ലുന്നത്‌ കഥയില്‍ പറയുന്ന ആര്യന്മാരുടെ തികഞ്ഞ വര്‍ഗ്ഗശുദ്ധിയുള്ള സന്തതിപരമ്പരകളായി നിലനിന്നുകൊണ്ടല്ല. ആവശ്യമെന്നു കാണുമ്പോളെല്ലാം തദ്ദേശിയരുമായി ഇടപഴകി സന്താനോല്‍പാദനം നടത്തി അവരുമായി സാസ്കാരികലയനം സാധിച്ചുതന്നെയാണ്‌ ആ ജനവിഭാഗം പില്‍ക്കാലത്ത്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മററു ഭാഗങ്ങള്‍ കീഴടക്കുന്നത്‌. അതിന്റെ ബാക്കിപത്രമാണല്ലോ നാമിന്നു പറയുന്ന തനിമയാര്‍ന്ന ഇന്ത്യന്‍ സംസ്കൃതി. അക്കാലമാകുമ്പോഴേക്കാകട്ടെ ആര്യന്മാര്‍ എന്ന വാക്കിന്ന്‌ അര്‍ത്ഥവ്യത്യാസം പോലും ഭാഷാപ്രയോഗങ്ങളുടെ നിത്യവ്യാപാരങ്ങളില്‍ സംഭവിക്കുന്നുമുണ്ട്‌. അതിന്നുമിപ്പുറത്ത്‌ അലക്സാണ്ടറുടെയും മററും ജൈത്രയാത്രകള്‍ കഴിയുന്നതോടെ അന്നേവരെ തദ്ദേശിയരല്ലാതിരുന്ന അനവധി ജനവര്‍ഗ്ഗങ്ങളുടെ സങ്കലനവും ഇന്ത്യന്‍ ജനസഞ്ചയത്തിന്റെ മുഖ്യധാരയില്‍ സംഭവിക്കുന്നുണ്ട്‌. കറുത്തവരുടെയും വെളുത്തവരുടേയും സങ്കലനങ്ങള്‍ അതിധാരാളമായി നടന്നുകഴിഞ്ഞതും ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ സാമൂഹ്യവിഭാഗങ്ങള്‍ ഇന്ത്യയിലെവിടെ നോക്കിയാലും ആ മുഖ്യധാരകളില്‍ കണ്ടെത്താന്‍ കഴിയുമെന്നകാര്യം നാം മറന്നുകൂടാ. സശ്രദ്ധം നോക്കിയാല്‍ അവരില്‍ വ്യത്യസ്തങ്ങളായ നരവംശങ്ങളുടെ ശരീരശാസ്ത്രപരമായ പ്രത്യേകതകള്‍ സങ്കലനം ചെയ്യപ്പെട്ടിരിക്കുന്നതും കാണാം.

ഇതിന്നപവാദമായി നമുക്ക്‌ വനവാസികളേയും ഗിരിവാസികളേയും മാത്രമേ കാണാന്‍ കഴിയൂ. അവര്‍ പഴയ വര്‍ണ്ണാശ്രമവ്യവസ്ഥയുടെ ആനുകൂല്യം കിട്ടാത്തവരാണ്‌. ചാതുര്‍വര്‍ണ്യത്തിന്നകത്ത്‌ സ്ഥാനം നേടാന്‍ കഴിഞ്ഞ ജനവിഭാഗങ്ങള്‍ക്ക്‌ അവരുടേതായ ജാതികള്‍ രൂപപ്പെട്ടുവരുമ്പോഴേക്കും രാജ്യങ്ങളും സാമ്രാജ്യങ്ങളുമായി മാറിക്കൊണ്ടിരുന്ന ആ സാമൂഹ്യ - സാമ്പത്തികസംവിധാനങ്ങള്‍ക്കകത്ത്‌ ഭദ്രമായ നിലയുണ്ടായിരുന്നു. അവര്‍ സമ്പദ്‌വ്യവസ്ഥയിലെ, അതുവഴി മുഖ്യധാരാസമൂഹത്തിലെ അംഗങ്ങളായി മാറിയിരുന്നു. തുടര്‍ന്ന്‌ ചാതുര്‍വര്‍ണ്ണ്യനിയമങ്ങളുടെ എല്ലാ ഗുണഭോക്താക്കളും ചേര്‍ന്ന്‌ വനവാസികളേയും ഗിരിവാസികളേയും വളര്‍ന്നുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥക്കുപുറത്തുതന്നെ നിര്‍ത്തിക്കൊണ്ട്‌ ചൂഷണത്തിന്നു വിധേയമാക്കപ്പെടാന്‍ വിധിക്കുന്നതാണ്‌ നാം കാണുന്നത്‌. ഗംഗാതടത്തില്‍ പിറന്ന ജനപദങ്ങള്‍ വളര്‍ന്നു പെരുകി ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ പെററുനിറയുമ്പോഴേക്ക്‌ മേല്‍പറഞ്ഞവരെ തങ്ങള്‍ക്കാവശ്യമായ കായികശേഷിയുടെ വററാത്ത ഉറവകള്‍ മാത്രമാക്കി മുഖ്യധാരാസമുഹത്തിന്റെ അതിര്‍വേലികള്‍ക്കരികിലേക്ക്‌ അടുപ്പിച്ചുനിര്‍ത്തി, ഏതുകഠിനാദ്ധ്വാനവും പേറാന്‍ മാത്രമുള്ളവരാക്കിക്കഴിഞ്ഞിരുന്നു. ഈ ജനവിഭാഗത്തില്‍ നിന്നുതന്നെയാണ്‌ ഇന്നും ഇന്ത്യന്‍ നഗരങ്ങള്‍ കായികശേഷി സ്വരൂപിക്കുന്നതെന്ന വസ്തുത അനിഷേദ്ധ്യമായി നിലനില്‍ക്കുന്നുമുണ്ടല്ലോ. അസ്പൃശ്യതയുടെ ആരംഭം തന്നെ ജനസംഖ്യയില്‍ നിര്‍ണ്ണായക പ്രാതിനിധ്യം നേടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന ഇവരെ മുഖ്യധാരയില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്താന്‍ സ്വികരിച്ച കുറുക്കുവഴിയാകാം. വന-ഗിരിവാസികളെ അശുദ്ധരായി കണ്ട്‌ അയിത്താചാരം നടപ്പാക്കുന്നതില്‍ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയില്‍ പങ്കാളികളായിരുന്ന എല്ലാ വിഭാഗങ്ങള്‍ക്കും തുടക്കത്തില്‍ പങ്കുണ്ടായിരുന്നിരിക്കണം. കായികാദ്ധ്വാനത്തിന്നുള്ള സ്രോതസ്സായി അവരെ മാററിനിര്‍ത്താന്‍ വേണ്ടി ആരംഭിച്ച അയിത്താചാരം പില്‍ക്കാലത്ത്‌ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയുടെ താഴത്തെ തട്ടുകളിലേക്ക്‌ വ്യാപിച്ചതാകാം. അതിന്ന്‌ ചങ്ങലക്കണ്ണികളാകാന്‍ വിധിക്കപ്പെട്ടത്‌ ഏററവും താഴത്തെ നിലയില്‍ നിന്നുകൊണ്ട്‌ വന-ഗിരിവാസികളുമായി കാര്‍ഷികോല്‍പാദനവൃത്തികള്‍ക്കായി ദൈനംദിനം ബന്ധപ്പെട്ടുകൊണ്ടിരുന്നവരും അക്കാലത്ത്‌ അക്ഷരയുക്തരായിരുന്നവരുമായ അന്നത്തെ ശൂദ്രന്മാരായിരുന്നിരിക്കും. വന-ഗിരിവാസികളുമായി അവര്‍ക്കുവന്നുപെട്ട അടുപ്പങ്ങളും കെട്ടുപാടുകളും കാലക്രമേണ അവരേയും അസ്പൃശ്യരാക്കി കാണാനിടയാക്കിയിട്ടുണ്ടാകണം. വ്യാപാരത്തിലും കൃഷിയുടെ സംഘാടനത്തിലും മററും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവര്‍ക്കാകട്ടെ അവര്‍ സമ്പത്തും ഉപഭോഗവസ്തുക്കളും കൈകാര്യം ചെയ്യുകയും കയ്യാളുകയും ചെയ്യുന്നവരുമായതുകൊണ്ട്‌ അസ്പൃശ്യത കല്‍പിക്കപ്പെട്ടിരുന്നില്ലെന്നും നാം കാണേണ്ടതുണ്ട്‌

.

ഇതെല്ലാം സംഭവിച്ചുകഴിഞ്ഞശേഷമാണ്‌ സംഭവിച്ചുകഴിഞ്ഞവയെയെല്ലാം സംഘടിതമായി ന്യായീകരിക്കാന്‍ മനുസ്മൃതിയും മററു ക്രോഢീകരണങ്ങളും രംഗം പിടിച്ചെടുക്കുന്നത്‌. നിലവില്‍ വന്നുകഴിഞ്ഞ സാമൂഹ്യവഴക്കങ്ങളെയും സാമ്പത്തിക ബന്ധങ്ങളേയും നിയമമാക്കി ഉറപ്പിച്ച്‌ ശാശ്വതീകരിക്കാനുള്ള പില്‍ക്കാലശ്രമങ്ങളായി മാത്രമാണ്‌ ആത്തരം ക്രോഢീകരണങ്ങള്‍ മനുഷ്യചരിത്രത്തില്‍ എക്കാലത്തും എവിടേയും പ്രത്ക്ഷപ്പെടുന്നതും സ്ഥാനമുറപ്പിക്കുന്നതും.

കേരളത്തില്‍ ആചരിക്കപ്പെട്ടുപോന്നിട്ടുള്ള ശ്രേണീബദ്ധമായ അയിത്തം ഈ പശ്ചാത്തലത്തില്‍ പ്രത്യേക പഠനമര്‍ഹിക്കുന്നുണ്ട്‌. ഇവിടെ സമൂഹത്തിലെ വിവിധതലങ്ങളില്‍ എല്ലാവരും ഒരുളവിലല്ലെങ്കില്‍ മറെറാരളവില്‍ അയിത്തം ആചരിച്ചുപോന്നിരുന്നു. ബ്രാഹ്മണര്‍ക്ക്‌ മറെറല്ലാവരും അസ്പൃശ്രായിരുന്നെങ്കില്‍ മറേറാരോരുത്തര്‍ക്കും തങ്ങളില്‍ താഴെയുള്ള എല്ലാവരും അസ്പൃശ്യരായിരുന്നു. പാശ്ചാത്യദേശങ്ങളില്‍ നിലനിന്ന ഇടനിലക്കാരില്ലാത്ത ഉടമ-അടിമ ബന്ധങ്ങളില്‍ വന്നുപെട്ടപോലെയോ, അതല്ലെങ്കില്‍ ഗംഗാസമതലത്തില്‍ സംഭവിച്ചപോലേയോ അല്ല കേരളത്തില്‍ അടിമത്തരീതികളും തുടര്‍ന്ന്‌ ഈ അസ്പൃശ്യതയും ഉടലെടുത്തിട്ടുള്ളത്‌. ഇവിടത്തെ ആദ്യകാലജനങ്ങള്‍ക്കെല്ലാം അവര്‍ സംഘടിതമായ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെടുന്ന സമയത്ത്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മറെറവിടേയുമെന്നപോലെ തനതായ സാംസാകാരികഭൂമികകളുണ്ടായിരുന്നു. അവയില്‍ കാലൂന്നിനിന്ന്‌ സ്വന്തം സാമുഹ്യാസ്തിത്വം ആസ്വദിച്ചുകൊണ്ടുതന്നെയാണ്‌ അവര്‍ ശാസ്ത്രീയമായി സംഘടിപ്പക്കപ്പെട്ട കൃഷിവിജ്ഞാനവുമായി നാടുകള്‍ പകര്‍ന്നു വന്നവരുടെ സംഘടിതമായ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെടുന്നത്‌. നെല്‍ക്കൃഷി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആരംഭിച്ചത്‌ സഹ്യാദ്രിക്കു പടിഞ്ഞാറല്ലല്ലോ. അത്‌ ഇവിടേക്കു കടന്നുവന്ന ഒന്നാണ്‌. ഗംഗാസമതലത്തില്‍ വച്ചുതന്നെ കനത്ത ഉല്‍പാദനക്ഷമത ഉറപ്പാക്കിക്കഴിഞ്ഞിരുന്ന കൃഷിസങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്ത ഒരു ജനവിഭാഗത്തിന്റെ പകര്‍ന്നൊഴുകലുകളില്‍ക്കൂടിയാണല്ലോ അത്‌ ദക്ഷിണേന്ത്യയിലൊട്ടാകെത്തന്നെ വേരോടിയിട്ടുള്ളത്‌. ആ വേരോട്ടത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഈ ദക്ഷിണപശ്ചിമതീരത്ത്‌ കൃഷിക്കാവശ്യമായ മനുഷ്യപ്രയത്നം ഉറപ്പാക്കാന്‍ തുടക്കത്തിലെങ്കിലും അനുനയത്തിന്റേയും സഹവര്‍ത്തിത്ത്വത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവന്നിട്ടുണ്ടാകാം. നെല്‍ക്കൃഷി അങ്ങിനെ ഇവിടെ വ്യപകമായിക്കഴിയുന്നതോടെ മാത്രമേ, അതേത്തുടര്‍ന്ന്‌ അന്നത്തെ നിലക്കുള്ള ഒരു മിച്ചം സംജാതമായതോടെ മാത്രമേ കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഉടമ -അടിമ ന്ധങ്ങള്‍ ഉരുത്തിരിഞ്ഞിരിക്കാന്‍ ഇടയുള്ളൂ. അതിന്റെ കാരണമാകട്ടെ, അതിന്നു മുമ്പ്‌ നിലനിന്നിരുന്ന മനുഷ്യവിഭവത്തിന്റെ ദൗര്‍ല്ലഭ്യവും അതുകൊണ്ട്‌ വളരാനാകാതിരുന്ന ഉല്‍പാദനക്ഷമതയും തന്നെയാകണം. ഏതായാലും അതുവരെയും സ്വന്തം സാംസ്കാരികഭൂമികകളില്‍ പൂര്‍ണ്ണമായും അഭിരമിച്ചുകൊണ്ടുതന്നെ അവര്‍ക്ക്‌ തങ്ങള്‍ക്കു ചുററും നടന്നുപോന്ന കാര്‍ഷികോല്‍പാദനശ്രമങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞിരിക്കും. അവരുടെ അടിമവത്ക്കരണം പിന്നീട്‌ സാവധാനത്തില്‍ സംഭവിച്ച ഒന്നായിരിക്കാനേ തരമുള്ളൂ. ആ മാററത്തിന്നിടയിലും സ്വാഭാവികമായിത്തന്നെ സ്വന്തം ചരിത്രഭൂമികകള്‍ അവര്‍ക്ക്‌ മുഴുവനായും ഉപേക്ഷിക്കണ്ടിവന്നിട്ടുമില്ല. അതുകൊണ്ട്‌ അവരെ അസ്പശ്യരാക്കാന്‍ നടത്തപ്പെട്ട ഓരോ ശ്രമങ്ങള്‍ക്കും ന്യായീകരണമായി മുഖ്യധാരയിലെ മററു വിഭാഗങ്ങളില്‍ സമാനമായ ഒരവസ്ഥ തെളിവുകള്‍ക്കായി സഷ്ടിക്കേണ്ടിവന്നതാകാം കേരളത്തിലെ സാമൂഹ്യപരിണാമത്തിലെ ഒരു പ്രത്യേകത. സാമുഹ്യോല്‍പന്നങ്ങളും സമ്പത്തും കൈയടക്കാനാരംഭിക്കുന്നവര്‍ ഉല്‍പാദനപ്രക്രിയയിലെ അവിഭാജ്യഘടകമായ അദ്ധ്വാനം നിര്‍ല്ലോഭം നല്‍കിക്കൊണ്ടിരുന്നവരെ അസ്പൃശ്യരായിക്കാണാന്‍തുടങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ ഇടനിലക്കാരായി നിന്നവര്‍ക്കും തങ്ങള്‍ക്കിടയില്‍ പരസ്പരമുള്ള സ്പൃശ്യതയുടെ തോത്‌ നിര്‍ണ്ണയിച്ചെടുക്കുകയും അതിന്ന്‌ ഓരോരുത്തരുടേയും ദൈനംദിനവ്യാപാരങ്ങളില്‍ സാധുത ഉണ്ടാക്കിയെടുക്കുകയും വേണ്ടിവന്നിരിക്കും. അതുകൊണ്ടും കൂടിയായിരിക്കാം ഇവിടെ അസ്പൃശ്യത ഇത്രയേറെ ശ്രേണീബദ്ധമായത്‌. വളര്‍ന്നുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥകള്‍ സ്വാര്‍ഥം കാണാന്‍വേണ്ടി കണ്ടെത്തിയ ഒരു കുതന്ത്രം പില്‍ക്കാലത്ത്‌ അതിന്റെ ഉപജ്ഞാതാക്കളെത്തന്നെ വിഴുങ്ങി നില്‍ക്കുന്ന വിചിത്രാവസ്ഥ!

ശ്രീമതി ഗൗരിയമ്മ സൂചിപ്പിച്ചു വന്ന അസമത്വങ്ങളും അനാചാരങ്ങളും ലഘുവായിക്കാണാനോ അവ ഗര്‍ഹണീയങ്ങളല്ലെന്നു സ്ഥാപിക്കാനോ അല്ല ഇവിടെ ശ്രമിക്കുന്നത്‌. പ്രത്യുത അവ സമൂഹത്തില്‍ രൂപം പൂണ്ട്‌ വേരോടിപ്പിടിച്ചതിന്റെ ചരിത്രത്തെ ശാസ്ത്രീയമായ നരവംശശാസ്ത്രത്തിന്റേയും യുക്തിഭദ്രമായ ഒരു സാമൂഹ്യപരിണാമപഠനത്തിന്റേയും മനുഷ്യപ്രയാണങ്ങളുടേയും ഭൂമികയില്‍ നിന്നുകൊണ്ട്‌ കാണാനും അപഗ്രഥിക്കാനും തുനിയുന്നുവെന്നേയുള്ളു. അങ്ങിനെ ചെയ്തുകൊണ്ട്‌ ഗൗരിയമ്മ അവയുടെ കാരണങ്ങളായിക്കണക്കാക്കുന്ന കാര്യങ്ങളുടെ അനൗചിത്യം ചൂണ്ടിക്കാട്ടാനും അവയുടെ അംഗീകാരം നമ്മുടെ ഭവിഷ്യല്‍ക്കാലത്തെ എങ്ങിനെ ബാധിച്ചേക്കാം എന്നതിനെപ്പററി ഉള്ള ഒരഭിപ്രായം പ്രകടിപ്പിക്കാനുമാണ്‌ ശ്രമിക്കുന്നു എന്നു മാത്രം.

നമ്മുടെ മൂക്കിന്നു താഴെത്തന്നെ ഇന്ത്യന്‍ നാഗരികതയുടെ ആരംഭം മുതല്‍ ഉരുണ്ടുകളിക്കുന്ന ഒരു വാക്കാണ്‌ പണം. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും രാത്രിക്കു മുമ്പ്‌ ഈ വാക്ക്‌ ഉച്ചരിക്കാതെ നമുക്ക്‌ ഉറക്കം തുടങ്ങാനാവില്ല. പണത്തിന്നു മുകളില്‍ പരുന്തും പറക്കില്ലെന്നും പണമില്ലാത്തവന്‍ പിണമെന്നുമൊക്കെ നാം പറഞ്ഞുവരുന്നുമുണ്ട്‌. കടലാസുപണങ്ങളോ ലോഹത്തുട്ടുകളോ ആയി വിവിധമാര്‍ഗ്ഗങ്ങളിലൂടെ ഇക്കാലത്ത്‌ നാം സ്വരൂപിച്ചെടുക്കുന്ന അത്‌ വയര്‍ നിറയെ ഭക്ഷണം വാങ്ങിക്കഴിക്കാനും ഉപഭോഗസാമഗ്രികള്‍ വാങ്ങിക്കൂട്ടാനും ഒക്കെയായി നമുക്ക്‌ ഉപയോഗപ്പെടുന്ന ഒന്നായാണ്‌ അറിയപ്പെടുന്നത്‌. കൈയാളുന്നവന്ന്‌ അത്‌ സമൂഹത്തില്‍ മാന്യതയും സ്ഥാനമാനങ്ങളും മേല്‍ക്കോയ്മയും നേടിക്കൊടുക്കുന്ന ഒരൊററമൂലി കൂടിയാണ്‌. പണം സമ്പാദിക്കാനാണ്‌ നാമെല്ലാം ജനിക്കുന്നതും ജീവിക്കുന്നതെന്നും നമ്മുടെ കുഞ്ഞുങ്ങളെ നാം പറഞ്ഞുപഠിപ്പിക്കാറുമുണ്ട്‌.

എന്നാല്‍ ആ വാക്കിന്ന്‌ പണം പ്രചാരത്തില്‍ വരുന്നകാലത്ത്‌ കല്‍പിച്ചുപോന്ന പ്രയോഗാര്‍ത്ഥം ചിട്ട, നിയമം എന്നൊക്കെയായിരുന്നു. ഇന്നും ചില നിഘണ്ഡുക്കള്‍ ആ വാക്കിന്ന്‌ കൊടുത്തിരിക്കുന്ന അര്‍ത്ഥത്തില്‍ മാററം കാണുന്നുമില്ല. സാധനങ്ങള്‍ ഒന്നിനു പകരം മറെറാന്നായി കൈമാററം ചെയ്യന്നത്‌ നിര്‍ത്തി ദേശാതിര്‍ത്തികള്‍ക്കപ്പുറത്ത്‌ അവയുടെ മൂല്യം ഏകീകരിച്ചുകൊണ്ട്‌ തങ്ങളുടെ ക്രയവിക്രയങ്ങള്‍ എളുപ്പമാക്കാന്‍ വേണ്ടിയുള്ള ഉപാധിയായി ഉടലെടുത്ത പണമെന്ന വ്യവസ്ഥ അയ്യായിരം കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഉണ്ടായിരുന്ന ഒന്നല്ല. പില്‍ക്കാലത്ത്‌ കാര്‍ഷികസമ്പത്ത്‌ ദൈനംദിനാവശ്യങ്ങള്‍ക്കവേണ്ടതിലും കൂടുതലാകാന്‍ തുടങ്ങുമ്പോഴോ സമൂഹത്തിലെ സന്തുലിതമായ വിതരണത്തില്‍നിന്ന്‌ അത്‌ ബലാല്‍ മാററിവക്കപ്പെട്ടപ്പോഴോ അതിന്റെ മിച്ചമൂല്യം നിര്‍ണ്ണയിക്കാനായി സ്വീകരിച്ച ഒരു രീതിയാണ്‌ അത്‌. ഇന്ത്യയില്‍ അറിയപ്പെടുന്ന ഏററവും പഴയ പണം ക്രി.മു. നാലാം നൂററാണ്ടില്‍ നിന്നുള്ളതാണ്‌. അതിന്റെ വളരെ അടുത്തകാലം മുമ്പു മാത്രമേ അതുപയോഗിക്കുന്നരീതി ഇവിടെ നടപ്പില്‍ വന്നിരിക്കാന്‍ ഇടയുള്ളു. ആര്യന്മാര്‍ എന്ന്‌ നാം പറയുന്നവര്‍ ഇന്ത്യയിലെത്തിയകാലത്ത്‌ അവരുടെ കൂടെ നാണയവ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. അവരുടെ സമ്പത്ത്‌ കാലികളായിരുന്നു. അവ ഒന്നിനൊന്ന്‌ ക്രയവിക്രയം ചെയ്യപ്പെടുകയായിരുന്നു പതിവ്‌. അവര്‍ കൃഷിക്കാരായിരുന്നില്ല. അവര്‍ അതുകൊണ്ടുതന്നെ 'പണക്കാരു'മായിരുന്നില്ല. നമ്മളീപ്പറയുന്ന ആര്യന്മാരുടെ വളരെ അടുത്ത തലമുറകള്‍ക്കുപോലും പണം കൈകാര്യം ചെയ്യാനുള്ള അവസരം കിട്ടിക്കാണുകയില്ല. പിന്നീട്‌ ഏറെക്കാലത്തിന്നു ശേഷം ആര്യന്‍ ജനവര്‍ഗ്ഗങ്ങള്‍ പഴയ മോഹഞ്ചദാരോപ്രദേശങ്ങളുമായി ലയിച്ചുചേര്‍ന്ന്‌ ഗംഗസമതലങ്ങളില്‍ കുടിയേറിയ കാലത്തെ പുതിയ ജനസഞ്ചയത്തിനേ ആ ഭാഗ്യം കിട്ടിയിട്ടുള്ളൂ. പക്ഷേ നാം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഉദ്ധരണി വായിക്കുമ്പോള്‍ അതെല്ലാം അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ നിലവിലുണ്ടായിരുന്നെന്ന്‌ തോന്നിപ്പോകുന്നില്ലേ? ആര്യന്മാര്‍ എന്ന്‌ നാം സങ്കേതവല്‍ക്കരിച്ചുനിര്‍ത്തിയിട്ടുള്ള വാക്കിന്ന്‌ ഇക്കാലത്ത്‌ പ്രസക്തി നഷ്ടമായിത്തുടങ്ങിയിട്ടുണ്ടെന്നും എക്കാലത്തും നടന്നിട്ടുള്ളപോലെ പത്തുമുവ്വായിരം കൊല്ലങ്ങള്‍ക്കുമുമ്പ്‌ സംഭവിച്ച മറെറാരു സാധാരണമനുഷ്യപ്രയാണത്തിന്നപ്പുറം അവരുടെ ആഗമനത്തിന്ന്‌ ഇന്ത്യാചരിത്രത്തില്‍ സാംഗത്യമില്ലെന്നും ഇന്ന്‌ ചരിത്രകാരന്മാര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ കാര്യം കൂടി നാം കാണക്കിലെടുക്കേണ്ടതുണ്ട്‌.

ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്‌ തുടക്കത്തിലുദ്ധരിച്ച ഖണ്ഡിക. ആകെയുള്ള ആ നാലുവാചകങ്ങള്‍ കൊണ്ട്‌ ചരിത്രാതീതകാലം മുതല്‍ ഇന്നോളമുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സാമൂഹ്യചരിത്രം സംശയാതിതമായി പറഞ്ഞുവച്ചപോലെ ഒരു സാധാരണവായനക്കാരന്ന്‌ മനസ്സില്‍ തോന്നിയാല്‍ അതില്‍ അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്ന്‌ അയാളെ എങ്ങിനെ ബോദ്ധ്യപ്പെടുത്താനാകും? പറഞ്ഞുവച്ചത്‌ ശ്രീമതി ഗൗരിയമ്മയെപ്പോലൊരാളായതുകൊണ്ട്‌, അവര്‍ക്ക്‌ തെററു പററുമോ എന്ന മറുചോദ്യം അപ്പോള്‍ തീര്‍ച്ചയായും അഭിമുഖൂകരിക്കേണ്ടിവരും. ശ്രീമതി ഗൗരിയമ്മക്ക്‌ തെററുപററുന്നുവെന്ന്‌ സമര്‍ത്ഥിക്കാനല്ല ഇവിടെ ശ്രമം. കഴിഞ്ഞ മുക്കാല്‍ നൂററാണ്ടുകാലത്തെ കേരളചരിത്രത്തില്‍ അതുല്യതയോടെ തിളങ്ങിനില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകയാണ്‌ അവര്‍. ജാതിപരമായ ഉച്ചനീചത്വങ്ങളും മററനാചാരങ്ങളും കൊടികുത്തിവാഴുകയും സമൂഹത്തില്‍ സമ്പത്തിന്റെ വിതരണം ഭീതിജനകമായ വിധത്തില്‍ അസ്ന്തുലിതവുമായിരുന്ന ആ ദുര്‍ദിനങ്ങളില്‍ സ്വയം ഒരിടിമുഴക്കത്തിന്റെ വെളിച്ചമായി, നമ്മുടെ സംസ്ഥാനം മുഴുവന്‍ പറന്നെത്തി കരിച്ചുപൊടിക്കേണ്ടവയെയൊക്കെ കരിച്ചുപൊടിച്ചെറിഞ്ഞ്‌ സമൂഹമനസ്സിന്റെ കാടകങ്ങള്‍ ശുദ്ധിചെയ്തെടുക്കാനിറങ്ങിയ മുന്നണിപ്പോരാളികളില്‍ ഒരാളാണവര്‍. അവര്‍ അവരുടെ കാലത്തിന്റെ ചരിത്രം പറയുമ്പോള്‍, അവരുടെ സ്വന്തം അനുഭവങ്ങളെ അനാവരണം ചെയ്യുമ്പോള്‍, അത്‌ ആരാധനയോടെ കേട്ടിരിക്കുന്നവരാണ്‌ നമ്മള്‍. കാരണം അവരും അവരേപ്പോലുള്ളവരും അന്നും ഇന്നും സാമൂഹ്യമാററങ്ങള്‍ വേണ്ടിയുള്ള എല്ലാ സമകാലീനശ്രമങ്ങളിലും മുന്നണിപ്പടയാളികളായി വര്‍ത്തിച്ചുകൊണ്ട്‌ നമുക്ക്‌ എന്നും കൈയെത്തിയാല്‍ തൊടാന്‍ പാകത്തില്‍ നിന്നുതരുന്നവരാണ്‌. എന്നാല്‍ അവരോ അവരേപ്പോലുള്ളവരോ സ്വന്തം പ്രവര്‍ത്തനമേഖലകള്‍ക്കോ ധിഷണാപ്രപഞ്ചത്തിന്നോ പുറത്തുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അതിലെന്തെങ്കിലും യുക്തിരാഹിത്യമുണ്ടോ എന്ന്‌ സംശയം തോന്നിയാല്‍ അതന്വേഷിച്ചിറങ്ങാന്‍ നമ്മള്‍ മടി കാണിക്കേണ്ടതില്ലെന്നേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു.

തങ്ങളുടെ നിലപാടുകള്‍ക്ക്‌ കൂടുതല്‍ ഉറപ്പും വ്യക്തതയും അംഗീകാരവും കിട്ടാനായി സംഭാഷണപടുക്കള്‍ പലപ്പോഴും സ്വീകരിക്കാറുള്ള ഒരു മാര്‍ഗ്ഗമാണ്‌ അത്യുക്തി. എന്തു കാര്യമായാലും പറഞ്ഞുപൊലിപ്പിച്ച്‌ ശ്രോതാവിനെ പിടിച്ചിരുത്തി വിശ്വസിപ്പിക്കാനുള്ള ഒരു സൂത്രമാണ്‌ അത്‌. കാര്യശേഷി കാംക്ഷിക്കുന്നവര്‍ ആഗ്രഹിക്കുകയും വശത്താക്കിയെടുക്കുകയും ചെയ്യേണ്ട ഏററവും അത്യാവശ്യമായ ഒരു തന്ത്രം. പറഞ്ഞ്‌ പാറ ചേറാക്കിയെടുക്കുക എന്ന്‌ നാടന്‍ഭാഷയില്‍ പറയുന്ന ആ കര്‍മ്മത്തിന്റെ ക്രിയാഭാഗത്തിന്ന്‌ ഈ തന്ത്രം നല്ലപോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. കവിതപോലും പലപ്പോഴും അത്യുക്തിയുടെ ഉയരങ്ങളിലാണല്ലോ ഉദയം കൊള്ളുന്നത്‌ എന്ന്‌ വേണമെങ്കില്‍ ചോദിക്കാം. പക്ഷേ അത്‌ കവിതയില്‍ അപകടങ്ങളുണ്ടാക്കുന്നില്ല; അവിടെ അത്‌ ചമല്‍ക്കാരങ്ങളാണ്‌, അലങ്കാരങ്ങളാണ്‌. വായിച്ചാസ്വദിച്ചുകഴിഞ്ഞ്‌ നിങ്ങള്‍ ചിന്തയുടെ, ഭാവനയുടെ ലോകത്തില്‍ നിന്ന്‌ പുറത്തെത്തിക്കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു പ്രത്യേക തയ്യാറെടുപ്പൊന്നും വേണ്ട. കവിതയില്‍ പലപ്പോഴും ന്യൂനോക്തിയും ആലങ്കാരികസ്ഥാനം നേടിയെടുക്കാറുണ്ട്‌. എന്നാല്‍ അത്യുക്തിയും ന്യൂനോക്തിയും ഒരുപോലെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒരു മേഖലയാണ്‌ ചരിത്രനിരീക്ഷണം. ഇവിടെ ന്യൂനോക്തിക്ക്‌ അടിപെട്ടുപോകേണ്ടിവരുന്നത്‌ കാര്യങ്ങള്‍ നല്ല പോലെ മനസ്സിലാക്കാതെയോ വേണ്ടത്ര തയ്യാറെടുപ്പില്ലാടെയോ സംസാരിക്കേണ്ടിവരുമ്പോഴാണ്‌. നിങ്ങള്‍ എല്ലാം ചുരുക്കിപ്പറയുന്ന സൂത്രം സ്വീകരിക്കുന്നു. ചരിത്രം പറയുന്നവരുടെ വാചകക്കസര്‍ത്തുകള്‍ യുക്തിഭദ്രമല്ലെങ്കില്‍ വഴിതെററിക്കപ്പെടുന്നത്‌ സാധാരണക്കാരായ കേള്‍വിക്കാരും വായനക്കാരുമാകും. കാരണം അവര്‍ക്ക്‌ എളുപ്പത്തില്‍ അനേഷിച്ചുകണ്ടെത്താന്‍ കഴിയാത്ത വസ്തുതകളും അവര്‍ തുടര്‍ന്നും വിശ്വാസത്തിലെടുക്കേണ്ട കാര്യങ്ങളുമാണ്‌ അവര്‍ക്കു മുമ്പില്‍ നിങ്ങള്‍ വിളിച്ചുപറയുന്നത്‌. തുടക്കത്തില്‍ പരാമര്‍ശിച്ച ഉദ്ധരണിയില്‍ ഇതുപോലെ അത്യുക്തിയും ന്യൂനോക്തിയും ഉണ്ടെന്ന്‌ ഏതായാലും ഇവിടെ സൂചിപ്പിക്കാതെ വയ്യ.

കംപ്യൂട്ടര്‍ ജനിച്ചുകഴിഞ്ഞശേഷം പിറന്നുവീണ ഒരു പുതിയ തലമുറ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളോട്‌ ലിഖിതാക്ഷരങ്ങളിലൂടെയല്ലാതെ സംവദിക്കാന്‍ ശീലിച്ചുകഴിഞ്ഞ കാലമാണ്‌ ഇത്‌. അവര്‍ക്ക്‌ നമ്മുടെ കൊച്ചുകേരളത്തിന്റെ അമ്പതുകൊല്ലം മുമ്പത്തെ സാമ്പത്തികസ്ഥിതിയേക്കുറിച്ചോ സാമൂഹ്യാവസ്ഥകളേക്കുറിച്ചോ പോലും വ്യക്തമായ യാതൊരു ധാരണകളുമില്ല. അതിപ്രസരമുണ്ടെങ്കിലും അച്ചടിമാദ്ധ്യമങ്ങളെ ജനസാമാന്യങ്ങള്‍ ഇക്കാലത്ത്‌ ഏററവും ഉപരിപ്ലവമായ വായനക്കേ ഉപയാഗപ്പെടുത്തുന്നുള്ളൂ. പകരം അവര്‍ സ്വീകരിക്കുന്നത്‌, അവര്‍ക്കു കിട്ടുന്നത്‌, ദൃശ്യമാദ്ധ്യമങ്ങളില്‍നിന്നുള്ള അറിവുകളാണ്‌. അതുതന്നെ വസ്തുനിഷ്ഠമായ രീതിയില്‍ ലഭ്യമാക്കന്‍ മാത്രം മിക്ക ചാനലുകളും മിനക്കെടുന്നുമില്ല. അമ്പതു കൊല്ലം മുമ്പും കമ്പ്യൂട്ടറും ടെലിവിഷനും ഉണ്ടായിരുന്നുവെന്ന ധാരണയോടെയാകും ഇന്ന്‌ പല കുട്ടികളും പെരുമാറുന്നതും ചിന്തിക്കുന്നതും. അക്കാലത്ത്‌ കേരളത്തിലെ തൊണ്ണൂററഞ്ചുശതമാനം പ്രദേശങ്ങളിലും വൈദ്യുതി ഉണ്ടായിരുന്നില്ലെന്നു പറഞ്ഞാല്‍ അതു മനസ്സിലാക്കാനും അവര്‍ക്കാവില്ല. കാരണം ആധുനികമായ ഗൃഹോപകരണങ്ങളും വാര്‍ത്താവിനിമയോപാധികളും വിനോദസാദ്ധ്യതകളും വാങ്ങി വാരിക്കൂട്ടാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയിലേക്ക്‌ ജനിച്ചുവീണവരാണവര്‍. കഴിഞ്ഞ അര്‍ദ്ധശതകത്തിന്റെ വമ്പന്‍ സാങ്കേതികനേട്ടങ്ങളുമായി ആഗോളീകൃതമടിശ്ശീലകള്‍ നമ്മുടെ നാട്ടിലും കടന്നു വരുന്നതോടെ ഇവിടെ പൊങ്ങിവരുന്നപോലുള്ള വമ്പന്‍ ഊര്‍ജ്ജനിര്‍മ്മാണകേന്ദ്രങ്ങള്‍ പണ്ടുകാലത്തേ ഉണ്ടായിരുന്നെന്ന്‌ ധരിച്ചുകൊണ്ടാണ്‌ അവര്‍ വളരുന്നതും. രാത്രികളില്‍ വിളക്കുകത്തിക്കാന്‍ മണ്ണെണ്ണ പോലും സുലഭമല്ലാതിരുന്ന പഴയകാലങ്ങള്‍ അത്ര വിദൂരത്തൊന്നുമായിക്കഴിഞ്ഞിട്ടില്ല. അക്കാലത്ത്‌ ഉറക്കത്തിന്റെ രാത്രികളേ ഉണ്ടായിരുന്നുള്ളുവെന്നും അവ മിക്കയിടങ്ങളിലും സന്ധ്യയോടെത്തന്നെ ആരംഭിക്കമായിരുന്നെന്നും രാത്രിഭക്ഷണമെന്ന ശീലം തന്നെ ഉണ്ടായിരുന്നില്ലെന്നുമൊക്കെ അവരെ പറഞ്ഞുമനസ്സിലാക്കാന്‍ ഇന്ന്‌ നന്നേ പാടുപെടേണ്ടിവരും. ആയിരത്തിത്തൊള്ളായിരത്തിനാല്‍പതുകള്‍ക്കപ്പുറത്ത്‌ പെനിസ്സിലിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ ഇന്ത്യയില്‍ പട്ടണങ്ങളില്‍പ്പോലും ലഭ്യമായിരുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാല്‍ അതുടലെടുത്ത പാശ്ചാത്യരാജ്യങ്ങളില്‍പ്പോലും അക്കാലത്തത്‌ സുലഭമായിരുന്നില്ലെന്ന കാര്യമോര്‍ക്കാതെ അന്ന്‌ അതുവാങ്ങി സൂക്ഷിക്കാന്‍ നമ്മുടെ കഴിവുകെട്ട സര്‍ക്കാറുകള്‍ ശുഷ്കാന്തി കാണിക്കാത്തുകൊണ്ടല്ലേ എന്നാകാം അവരില്‍ പലരുടേയും ചോദ്യം. പില്‍ക്കാലത്ത്‌ പുരമേയാന്‍ ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയ ഓട്‌ നൂററമ്പതോ ഇരുനൂറോ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കേരളത്തില്‍ കിട്ടാനില്ലാത്ത വസ്തുവായിരുന്നെന്നും ഇവിടത്തെ ആഢ്യഗൃഹങ്ങള്‍പോലും വലിയവയായിരുന്നെങ്കിലും ഓലമേഞ്ഞവ ആയിരുന്നുവെന്നും ആരെങ്കിലും ഇന്ന്‌ ചിന്തിക്കുന്നുണ്ടാകുമോ? കാര്യങ്ങള്‍ അങ്ങിനെയായിരിക്കെ മനുഷ്യസമൂഹത്തിന്റെ മുന്‍കാലചരിത്രത്തെക്കുറിച്ച്‌ പറയുമ്പോള്‍ നാലോ അഞ്ചോ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു പോലും ഇന്നത്തെ എല്ലാ ഭൗതിക-സാമൂഹ്യ-സാമ്പത്തിക സംവിധാനങ്ങളും ഇങ്ങിനെത്തന്നെ ആയിക്കഴിഞ്ഞിരുന്നു എന്ന മട്ടില്‍ ആരെങ്കിലും ആര്‍ക്കെങ്കിലും ചരിത്രം പറഞ്ഞുകൊടുക്കുന്നുണ്ടെങ്കില്‍ അതില്‍ വളരേയേറെ ആപത്തുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്‌.

മനുഷ്യര്‍ സാമൂഹ്യജീവികളായി സംഘടിച്ചു ജീവിക്കാന്‍ തുടങ്ങിയ ശേഷം കടന്നുപോന്നിട്ടുള്ള വഴികളില്‍ മുഴുവന്‍ അവന്റെ ഭൗതിക-സാമൂഹ്യാവസ്ഥകളുടെ വികാസചരിത്രം എന്നും ശതസൂര്യപ്രകാശിതങ്ങളായിരുന്നില്ലെന്നും എക്കാലത്തും ഇരുട്ടിന്റെ താഴ്‌വരവഴികള്‍ കൂടി താണ്ടിപ്പോരികയെന്നത്‌ അവന്റെ നിയോഗങ്ങളില്‍ ഒന്നായിരുന്നെന്നും ഇന്നത്തെ തലമുറ മനസ്സിലാക്കതെ പോകുന്നുണ്ട്‌. അതിന്നൊരുകാരണം ഇതുപോലെ അത്യുക്തിയും ന്യൂനോക്തിയും കൊണ്ട്‌ നമ്മുടെ ചരിത്രകാരന്മാരും ചരിത്രാദ്ധ്യാപകരും ചെപ്പും പന്തും കളിക്കുന്നതല്ലേ എന്ന സംശയമാണ്‌ ഇവിടെ പ്രകടിപ്പിക്കുന്നത്‌. അത്തരം അവസ്ഥകളും അനിവാര്യമായും മനുഷ്യചരിത്രത്തില്‍ കണ്ടെത്തിയേ പററൂ എന്നും അവ നമ്മുടെ വരുംകാലപ്രയാണങ്ങളുടേയും ഭാഗമായിരിക്കുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക്‌ മുമ്പില്‍ സഹസ്രകിരണന്മാരായി പ്രത്യക്ഷപ്പെട്ട്‌ പുത്തന്‍ പന്ഥാവുകള്‍ വെട്ടിത്തുറക്കാന്‍ ഗൗരിയമ്മമാരും ഗാന്ധിജിമാരും നെല്‍സണ്‍ മണ്ഡേലമാരും ഇറങ്ങിവരാറുണ്ടെന്നും കൂടി നമുക്ക്‌ അവരെ പറഞ്ഞുമനസ്സിലാക്കേണ്ടതുണ്ട്‌. അങ്ങിനെ ചെയ്തില്ലെങ്കില്‍ കാശിയിലേയും കുശീനഗരത്തിലേയും തെരുവുകളില്‍ സ്വന്തം അറിയായ്മകളില്‍ തപ്പിത്തടഞ്ഞലഞ്ഞുകഴിഞ്ഞ സുപ്രിയമാരോട്‌ താന്‍ മനസ്സില്‍ക്കൊണ്ടുനടന്നിരുന്ന കാട്ടുകടുകിന്‍മണികളുടെ കിലുക്കം കേള്‍പ്പിച്ചുകൊടുത്ത ഭഗവാന്‍ ബുദ്ധന്‍ നമ്മുടെ വരും തലമുറകള്‍ക്ക്‌ അന്യനായിത്തീരും. പകരം അവരുടെ കണ്ണുകളില്‍ നിറയുക നമുക്കുവേണ്ടി നടത്തുന്നുവെന്ന്‌ പറയപ്പെടുന്ന അസംഖ്യം ചാത്തന്‍സേവകളുടെ നിഗൂഢതകളില്‍നിന്ന്‌ പ്രപഞ്ചത്തിനെ മുഴുവന്‍ വിലക്കെടുക്കാന്‍ പൊങ്ങിപ്പറക്കുന്ന ധൂമരാജികളുടെ ആസുരാന്ധകാരമായിരിക്കും. തുടര്‍ന്ന്‌ ചരിത്രത്തിന്റെപേരില്‍ ആരെന്തു പറഞ്ഞാലും അതൊക്കെ അവര്‍ വിശ്വസിച്ചുപോയേക്കാവുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്യും. ചരിത്രം അവസാനിച്ചുകഴിഞ്ഞുവെന്ന്‌ പെരുമ്പറമുഴക്കിവരുന്നവര്‍ക്ക്‌ അവര്‍ കൊട്ടിഘോഷിക്കുന്ന ഏകധ്രുവലോകത്തില്‍ സംതൃപ്തനായി കാല്‍വിരലുണ്ടുകിടക്കാമെന്നുള്ള ബുദ്ധിശൂന്യതയുടെ പേരല്ല മനുഷ്യനെന്നു മറുപടികൊടുക്കാന്‍ നമുക്കാകാതെ വരികയും ചെയ്യും.

സാധാരണഗതിയില്‍ വസ്തുതാപരമായും തികഞ്ഞ ധാരണകളോടും കൂടി ചരിത്രത്തെ കണാന്‍ കഴിയാതെ പോകുന്നവരാണ്‌ സാധാരണക്കാര്‍. വിശേഷിച്ചും സാധാരണക്കാരും പൊതുവേ സ്ത്രീകളും പിന്നെ കുട്ടികളും. ചരിത്രപഠനത്തിന്നു അവശ്യം വേണ്ട വിവരശേഖരണത്തിന്റേയും അവയില്‍ നിന്ന്‌ വസ്തുതകളെ വേര്‍തിരിച്ചെടുക്കാന്‍ സ്വന്തമായി വികസിപ്പിച്ചെടുക്കേണ്ട നിര്‍ദ്ധാരണ പാടവത്തിന്റേയും അഭാവം അവര്‍ക്കൊക്കെയുണ്ടായിരിക്കും. അവരുടെയടുക്കല്‍ നമ്മുടെ അത്യുക്തിയും ന്യൂനോക്തിയുമൊക്കെ എന്തെന്തൊക്കെ അപകടങ്ങള്‍ വരുത്തിവച്ചേക്കാം എന്ന്‌ എന്തെങ്കിലും പറഞ്ഞുപൊലിപ്പിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ്‌ നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഒരുപക്ഷെ ഇന്ന്‌ അക്ഷരസംയുക്തരായി നില്‍ക്കുന്ന എല്ലാവരേയും ശരിയായ അറിവില്‍നിന്നും മാററിനിര്‍ത്തുകയെന്ന പുത്തന്‍ലോകക്രമത്തിന്റെ ചതിപ്രയോഗത്തില്‍ മററാരുടേയൊക്കെയോ കൂടെ നമുക്കും പങ്കാളികളാകേണ്ടിവരും. വികലമായ ഒരു ചരിത്രബോധത്തിന്ന്‌ നമ്മുടെ സഹജീവികളെ ഇരകളാക്കി മാററിക്കൊടുക്കുക എന്നതുകൂടിയായിരിക്കും കൂട്ടത്തില്‍ സംഭവിക്കുന്നത്‌. പോയകാലങ്ങളില്‍ മനുഷ്യവര്‍ഗ്ഗം നടന്നുപോന്നവഴികളെല്ലാം പ്രതിലോമപരങ്ങളായിരുന്നെന്നും അമിതോപഭോഗത്തിന്റെയും മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തിന്റേയും ഇന്നത്തെ നാളുകളില്‍ വിളയുന്നതൊക്കെയാണ്‌ നന്മകളുടെ അവസാനവാക്കാകുന്നത്‌ എന്നും അവര്‍ ധരിച്ചെന്നുമിരിക്കും. മനുഷ്യസമൂഹം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട നാള്‍ മുതല്‍ ഇന്നലെ വരെ കാലാകാലങ്ങളില്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ, കണക്കുകൂട്ടി നടത്തിപ്പോന്ന ലക്ഷ്യഭേദനങ്ങളുടേയും, ആത്മവിശ്വാസത്തോടെ നടത്തിയ എടുത്തുചാട്ടങ്ങളുടേയും സര്‍വ്വകാലപ്രസക്തിയെപ്പററി അവരൊന്നും അറിയാതെപോകും. ഇനിയും നമുക്കത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടെന്നകാര്യവും അവര്‍ മറന്നെന്നിരിക്കും. മനുഷ്യേച്ഛയുടെ ശരിയായ ദിശാമുഖം ഏതാണെന്ന്‌ അവരറിയാതെയാകുകയായിരിക്കും അതിന്റെ ഫലം.

നമുക്കുചുററും നടന്നുവരുന്ന എല്ലാ സംഭവങ്ങള്‍ക്കും ഒരു സ്വാഭാവികമായ തുടര്‍ച്ചയുണ്ട്‌. ഒരേ സമയം അനുകൂലവും പ്രതികൂലവുമായ പരിതസ്ഥിതികളില്‍ ഒരു വിത്തില്‍ നിന്ന്‌ മുളപൊട്ടുന്നതും തൈ പിറക്കുന്നതും പിന്നീട്‌ അതൊരു വൃക്ഷമായി മാറുകയും ചെയ്യുന്നത്‌ അതാതു സമയത്ത്‌ ഏതെങ്കിലും ബാഹ്യശക്തി അടുത്തു ചെന്നിരുന്ന്‌ നല്‍കിപ്പോരുന്ന നിര്‍ദ്ദേശങ്ങളുടെയോ ആജ്ഞകളുടേയോ അടിസ്ഥാനങ്ങളില്ല. സമയാസമയങ്ങളില്‍ നേരിടുന്ന സാഹചര്യങ്ങളെ അതിജീവിക്കാന്‍ അത്‌ സ്വാഭാവികമായ ചില ഗതിക്രമങ്ങളെ അനുസരിക്കന്നു; അത്രയേയുള്ളു. അതാകട്ടെ എന്നും പുരോഗമനപരങ്ങളായ അവസ്ഥകളെ മാത്രമേ വരുംകാലത്തിന്നുവേണ്ടി നിലനിര്‍ത്തുകയുമുള്ളു. ഇങ്ങിനെത്തന്നെയേ മനുഷ്യന്റെ കാര്യത്തിലും സംഭവിച്ചുകാണുന്നുള്ളൂ. മാനവചരിത്രമെന്ന്‌ നാം നിരന്തരം പറഞ്ഞുവാഴ്ത്തുന്നത്‌ തികച്ചും സ്വാഭാവികമായി നമുക്കുചുററും സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളുടെ രേഖപ്പെടുത്തിവച്ചതോ വാമൊഴികളിലൂടെ കൈമാററം ചെയ്യപ്പെട്ടതോ ആയ ഒരു സഞ്ചയനം മാത്രമാണ്‌. അതുകൊണ്ടുതന്നെ ചരിത്രം മനസ്സിലാക്കേണ്ടതും അതേ സ്വാഭാവികമായ യുക്തിഭദ്രതയുടെ മാര്‍ഗ്ഗത്തിലൂടെ ആകേണ്ടിയിരിക്കുന്നു - വിശേഷിച്ചും സാമാന്യജനങ്ങള്‍. അത്യുക്തികളും ന്യൂനോക്തികളും തമ്മില്‍ തരം തിരിച്ച്‌ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ അവര്‍ പ്രാപ്തരല്ലെന്നിരിക്കെ, മനുഷ്യചരിത്രത്തിലെ നാഴികക്കല്ലുകളേക്കുറിച്ചോ അതുകടന്നുപോന്ന അസംഖ്യം ശീതോഷ്ണമേഖലകളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അറിവും ശേഷിയും അവസരങ്ങളും അന്യമാകുന്ന വിധത്തില്‍ സാധാരണക്കാര്‍ക്ക്്‌ - എന്തുകാരണം കൊണ്ടായാലും - ലഭ്യമാകുകയെന്നത്‌ അക്ഷന്തവ്യം തന്നെയാണ്‌. അപൂര്‍ണ്ണങ്ങളായ അറിവുകള്‍ മറെറാരു അപകടം കൂടി വരുത്തിവക്കുന്നുണ്ട്‌. - അത്‌ തെററായ ദിശയില്‍ തീരുമാനങ്ങളെടുക്കാനും അവയുടെ നടത്തിയെടുപ്പിലൂടെ അപരിഹാര്യങ്ങളായ അപകടങ്ങള്‍ വരുത്തിവക്കാനും ഇടയാക്കുന്നു. പില്‍ക്കാലത്ത്‌ അതെല്ലാം ശരിപ്പടുത്തിയെടുക്കാന്‍ പലപ്പോഴും അമിതമായ വിലകൊടുക്കേണ്ടിവരികയും ചെയ്യും. വേണ്ടപോലെ പറയപ്പെടാത്തതും ആവശ്യത്തിലേറെ പൊലിപ്പിച്ചുപറയപ്പെട്ടതുമായ വസ്തുതകളും വാദമുഖങ്ങളും ഏറെക്കറെ മൗലികവാദപരമായ രീതിയില്‍ ചരിത്രവസ്തുതകളെ കാണുക എന്നിടത്തോളം സാധാരണക്കാരെ എത്തിച്ചുവെന്നും വരും.

ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും കാലത്തും തുടര്‍ന്ന്‌ നാല്‍പത്‌-അമ്പതുകളിലായും നമ്മുടെ നാട്ടില്‍ നടന്ന എല്ലാ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിപ്പോന്നത്‌ കഴിയുന്നത്ര കാര്യങ്ങള്‍ വളച്ചുകെട്ടും തൊങ്ങലുമില്ലാതെ ആളുകളിലേക്ക്‌ എത്തിക്കുക എന്ന കാര്യം വ്രതമായി സ്വീകരിച്ചവരുടെ കൂട്ടായ്മകളായിരുന്നു. സാധാരണക്കാരുടെ ദുരിതങ്ങളും അവയുടെ കാരണങ്ങളും തേടിപ്പോകാന്‍ അക്കൂട്ടരെ സജ്ജരാക്കിയത്‌ ചരിത്രത്തോടും വര്‍ത്തമാനകാലത്തോടും അവരൊക്കെ സ്വീകരിച്ചുപോന്ന തുറന്ന, തെളിഞ്ഞ സമീപനങ്ങളായിരുന്നു. അവര്‍ക്കും അവരുടെ കാഴ്ചക്കാര്‍ക്കുമിടയില്‍ കണ്ണീര്‍ പോലെ തെളിഞ്ഞ സഹജാവബോധത്തിന്റെ കാചപടലങ്ങളേ ഉണ്ടായിരുന്നുള്ളു. അപൂര്‍ണ്ണമോ ഭാഗികമോ ആയ വസ്തുതകളുടെ ഏതു വിന്യസനവും അവരുടെ ചെയ്തികളില്‍നിന്ന്‌ തീര്‍ത്തും ഒഴിവാക്കപ്പെട്ടിരുന്നു. പുതിയ പുതിയ അറിവുകളും സിദ്ധാന്തങ്ങളും തേടിപ്പിടിച്ചുകഴിയുമ്പോള്‍ അവയെങ്ങിനെ ലളിതമായും ആളുകള്‍ക്ക്‌ ഉപയോഗപ്രദമാകുന്ന രീതിയിലും അവരിലെത്തിക്കുമെന്ന്‌ നിര്‍ണ്ണയിക്കാന്‍ അവര്‍ കഠിനാദ്ധ്വാനം തന്നെ നടത്തിപ്പോന്നു. ജനസാമന്യത്തിനോട്‌ തങ്ങള്‍ക്ക്‌ പറയാനുള്ള ഏതുകാര്യവും എങ്ങിനെ അവരോട്‌ പറയണമെന്ന്‌ സംശയം തോന്നിയപ്പോഴൊക്കെ അവര്‍ അതേപ്പററി തുറന്ന ചര്‍ച്ചകള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. ആശയങ്ങളേയും സിദ്ധാന്തങ്ങളേയും അറിവുകളേയും ആളുകള്‍ക്ക്‌ സ്വമേധയാ, യുക്തിസഹമായി, കൊള്ളാനും തള്ളാനും പാകത്തില്‍ അവരിലെത്തിക്കുകയെന്നതേ അവര്‍ ചെയ്തുപോന്നിട്ടുമുള്ളൂ. നമ്മുടെ നവോത്ഥാനനായകന്മാരും ഇങ്ങിനെയൊക്കെ മാത്രമാണ്‌ കാര്യങ്ങള്‍ ചെയ്തുപോന്നിട്ടുള്ളത്‌. തുഞ്ചന്റേയും കുഞ്ചന്റേയും ചെറുശ്ശേരിയുടെയും ഭാഷകളും അങ്ങിനെത്തന്നെയാണ്‌ ചെയ്തുകാണുന്നതും. അല്ലായിരുന്നെങ്കില്‍ അവര്‍ക്കൊന്നുംതന്നെ അക്കാലത്തും പില്‍ക്കാലത്തും ജനമദ്ധ്യത്തില്‍ വേരുപിടിക്കാനും കഴിയുമായിരുന്നില്ല.

ഇന്ന്‌ അത്തരം സമീപനങ്ങള്‍ ഏററവും ദുര്‍ബലമായി നില്‍ക്കുന്നത്‌ ചരിത്രപഠനത്തിന്റെ മേഖലയിലാണ്‌. മററു മേഖലകളില്‍ മാദ്ധ്യമങ്ങള്‍ വ്യാപാരക്കണ്ണുകളോടെയാണെങ്കിലും ശ്രദ്ധേയങ്ങളായ പല സംരംഭങ്ങളും നടത്തിപ്പോരുന്നുണ്ട്്‌. പക്ഷെ ചരിത്രത്തിന്റെ കാര്യത്തില്‍ ആരും ഒന്നും അന്വേഷിക്കാന്‍ മിനക്കെടാറില്ല. മനുഷ്യന്‌ സ്വന്തം ജീവിവര്‍ഗ്ഗത്തിന്റെ ചരിത്രം ശരിയായ സുതാര്യതയോടെ കാണാനും മനസ്സിലാക്കാനുമായില്ലെങ്കില്‍ അത്‌ അവന്റെ വരുംകാലങ്ങളെ എങ്ങിനെയൊക്കെയായിരിക്കും മാററിമറിക്കുകയെന്നത്‌ നമുക്ക്‌ കണ്ടുതന്നെ അറിയേണ്ടിവന്നേക്കും. അത്‌ ചൂണ്ടിക്കാണിക്കുകയെന്നുമാത്രമേ ഈകുറിപ്പുകൊണ്ട്‌ ഉദ്ദേശിക്കുന്നുള്ളു.

Subscribe Tharjani |