തര്‍ജ്ജനി

സോമനാഥന്‍ . പി

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

സാങ്കേതികം

വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.

സ്പെല്ലിംഗ് ചെക്കര്‍ എന്ന പേരില്‍ കമ്പ്യൂട്ടറിലെ ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തെ സഹായിക്കുന്ന അതേ സംവിധാനം മലയാളത്തില്‍ രൂപകല്പന ചെയ്ത് സന്തോഷ് തോട്ടിങ്ങല്‍ നേടിയ വിജയത്തെക്കുറിച്ച് പത്രവാര്‍ത്ത (സെപ്തംബര്‍ 16, മാതൃഭൂമി). ഇതിനായി ഒരു ലക്ഷത്തിമുപ്പത്തേഴായിരം വാക്കുകളാണ് സമാഹരിച്ചതത്രേ! മലയാളത്തെ സംബന്ധിച്ച് ഉന്നയിക്കാവുന്ന ഒരു സംശയം അത്രയും വ്യത്യസ്ത വാക്കുകളാണോ ഉള്‍പ്പെടുത്തിയത് ; അതില്‍ ഒരേ വാക്കിന്റെ തന്നെ വ്യത്യസ്തമായ എഴുത്തു രൂപങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ്. ഉത്ഘാടനം, ഉദ്ഘാടനം, ഉല്‍ഘാടനം ഇവയെല്ലാം ഒരേ വാക്കിനു നടപ്പിലുള്ള വ്യത്യസ്തമായ എഴുത്തു രൂപങ്ങളാണ്. ഇവയെല്ലാം ചേര്‍ത്താണോ ആകെ സംഖ്യ കണക്കാക്കിയിരിക്കുന്നത്? എങ്കില്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് മൂന്നിരട്ടി വാക്കുകളും അതിനുള്ള അദ്ധ്വാനവും വേണ്ടി വന്നു എന്നത് മലയാളത്തിന്റെ പ്രശ്നമാണെന്നു വരും. മലയാളമെഴുത്തിന്റെ രീതിഭേദങ്ങളെക്കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടുന്ന സമകാലികപശ്ചാത്തലമാണിത്.

മലയാളികളുടെ പുതിയ തലമുറകള്‍ എഴുതുന്ന മലയാളത്തെ കണക്കിലെടുത്താല്‍ ഏതൊരു വാക്കിനും അനവധി എഴുത്തുരീതികള്‍ ഉണ്ടെന്ന് പറയേണ്ടി വരും. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നവര്‍ ഒരു വാക്ക് എത്ര തരത്തിലാണ് എഴുതുന്നതെന്ന് കണക്കാക്കാന്‍ തന്നെ പ്രയാസമായ രീതിയില്‍ നമ്മുടെ ലിപിവ്യവസ്ഥ ശിഥിലമായിക്കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസരീതിയില്‍ പുതിയ സമ്പ്രദായം വന്നിട്ട് ദശകം ഒന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഈ അവ്യവസ്ഥിതി തെല്ലും കുറഞ്ഞിട്ടില്ല ; എന്നല്ല കൂടിയിട്ടുണ്ടുതാനും. പുതിയ പദ്ധതി പ്രാദേശികഭാഷാഭേദങ്ങള്‍ക്ക് പ്രാമാണ്യം നല്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. ബഹുസ്വരതകള്‍ പ്രസക്തമായ പുതിയ കാലത്തിന് ഇണങ്ങുന്നതാണ് ഇത് എന്ന് തോന്നാം. എഴുത്തുഭാഷയുടെ കാര്യത്തില്‍ ഏകീകരണത്തിനാണ് പ്രസക്തി എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുപകരം എഴുത്തു ഭാഷയെത്തന്നെ മറന്നു കൊണ്ടുള്ള ഒരു നടപടിയാണ് പുതിയ പദ്ധതിയും കൈക്കൊണ്ടിട്ടുള്ളത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്ന ഒരു പതനത്തില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല. ലിപികളെ ഏകീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യാനുദ്ദേശിച്ചുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ലിപിപരിഷ്കരണവും അതിന്റെ പരമ്പരകളും നല്കുന്ന അനുഭവപാഠം അതാണ്.

അച്ചടിയും ടൈപ്പ്‌‌റൈറ്റിങ്ങും സുഗമമാക്കാന്‍ വേണ്ടി ലിപിസംഖ്യ കുറയ്ക്കാനായാണ് ലിപിപരിഷ്കരണം നടത്തിയത്. മലയാളം അച്ചടിയോളം തന്നെ പഴക്കമുള്ള ലിപിപരിഷ്കരണശ്രമങ്ങള്‍ ടൈപ്പ്‌റൈറ്ററിനെക്കൂടി പരിഗണിക്കുന്നതോടെ അതിന്റെ രണ്ടാം ഘട്ടത്തിലെത്തി . തുടര്‍ന്നും പരിഷ്കരണശ്രമങ്ങള്‍ നടക്കുകയുണ്ടായി. ബെഞ്ചമില്‍ ബെയ്‌ലിയില്‍ നിന്നും ശൂരനാട്ട് കുഞ്ഞന്‍പിള്ളയിലൂടെയും തുടര്‍ന്ന് എന്‍ ‍. വി . കൃഷ്ണവാരിയരിലൂടെയും പുരോഗമിക്കുന്നതാണ് മലയാളത്തിന്റെ ലിപിപരിഷ്കരണത്തിന്റെ ചരിത്രം. ശ്യാമളകുമാരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് മുന്‍നിര്‍ദ്ദേശങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ട് അത് വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കുന്നത്. 1970-കളില്‍ നടന്ന ഈ ശ്രമം ഉകാരത്തിന്റെ ഉപലിപികളെ ഏകീകരിച്ച്, ഋ , ര / റ , യ തുടങ്ങിയവ ചേര്‍ന്നു വരുന്ന കൂട്ടക്ഷരങ്ങളെയും പിരിച്ചെഴുതുന്ന ലിപികള്‍ നടപ്പിലാക്കി . മറ്റുകൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ചേര്‍ത്ത് പിരിച്ചെഴുതുന്ന രീതിയും നിലവില്‍ വന്നു . എന്നാല്‍ രണ്ടാംക്ലാസിനു ശേഷം കുട്ടികള്‍ പഴയലിപി മാത്രമേ എഴുതാന്‍ പാടുള്ളൂ എന്ന് വ്യക്തമായ ഒരു നിര്‍ദ്ദേശം അന്നത്തെ പാഠപുസ്തകങ്ങളിലുടെ പുറപ്പെടുവിച്ചിരുന്നു . അതായത് ലിപിപരിഷ്കരണം അച്ചടിയുടെയും ടൈപ്പ്‌റൈറ്ററിന്റെയും മാത്രം കാര്യമാണ് , കയ്യെഴുത്തില്‍ ഒരു പരിഷ്കരണവും നടത്തിയിട്ടില്ല എന്നര്‍ത്ഥം.

രണ്ടാം ക്ലാസിനു മേലോട്ടുള്ള പാഠപുസ്തകങ്ങള്‍ പക്ഷേ പുതിയലിപിയില്‍ തന്നെ അച്ചടിച്ചുകൊണ്ടിരുന്നു. ക്രമേണ പുതിയലിപിയില്‍ മാത്രമേ എഴുതാവൂ എന്ന നിലയില്‍ കാര്യങ്ങള്‍ തലകീഴായി വന്നു. വിദ്യാഭ്യാസവകുപ്പ് തന്നെ പല കാലഘട്ടങ്ങളിലായി പുതിയ പുതിയ എഴുത്തുരീതികള്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു. ഒടുവില്‍ പ്‌റാവ് (പ്രാവ്), ഭ്‌രാന്തന്‍ (ഭ്രാന്തന്‍ ) എന്ന രീതിയില്‍ വകതിരിച്ചു വേണം എഴുതാന്‍ എന്ന് കല്പനയിറക്കി . ‘മലയാളം മലയാളികളോളം’ എന്ന പുസ്തകത്തില്‍ ഈ നിര്‍ദ്ദേശങ്ങളോടൊപ്പം ‘ഋ‘ എന്ന ലിപി വേണ്ടതില്ല, കൃഷി എന്നതിനു പകരം ‘ക്‌‌റ്‌‌ഷി’ എന്നെഴുതിയാല്‍ മതി എന്നുകൂടി പ്രശസ്ത ഭാഷാശാസ്ത്രപണ്ഡിതന്‍ പ്രബോധചന്ദ്രന്‍നായര്‍ വാദിക്കുന്നുണ്ട് . ചുരുക്കത്തില്‍ ലിപിപരിഷ്കരണശ്രമങ്ങള്‍ ലിപിസൌകര്യം , വ്യവസ്ഥീകരണം എന്നീ ഉദ്ദേശങ്ങള്‍ വിട്ട് വ്യക്തിപരമായ വഴികളിലുടെ തെറ്റി നടക്കുകയും വിദ്യാഭ്യാസവകുപ്പ് അതിനൊക്കെ കല്പനപുറപ്പെടുവിക്കുകയും ചെയ്തതിന്റെ ഫലമായി മലയാളം എഴുതുന്നതിന് യാതൊരു ചിട്ടയുമില്ല എന്ന നിലയില്‍ പുതുതലമുറ ചെന്നെത്തി. ലിപിപരിഷ്കരണത്തിന്റെ തുടര്‍ശ്രമങ്ങള്‍ പ്രധാനമായും ചെയ്ത അപരാധം നിലവിലുള്ള എഴുത്തുരീതികള്‍ക്ക് പകരം തുടരെ പുതു പുതുരീതികള്‍ ആവിഷ്കരിക്കുകയും അതോടൊപ്പം പഴയ രീതികളെ അങ്ങനെ തന്നെ നിലനിര്‍ത്തുകയും ചെയ്തതിലൂടെ ഒരേ പദത്തിനു തന്നെ പല എഴുത്തുരീതികള്‍ നടപ്പിലാക്കി എന്നതാണ്. ഈ അവ്യവസ്ഥിതിയില്‍ നിന്നും തിരിച്ചു നടക്കാന്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടി വരും.

എഴുത്തുരീതികളില്‍ അനാവശ്യമായ പരിഷ്കരണങ്ങള്‍ നടക്കുന്നത് പഴയ കല്ലച്ച് രീതിയില്‍ നിന്ന് അച്ചടി കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് മാറിയിട്ടും നിര്‍ത്തിയില്ല. ഇന്ന് ഏതു കൂട്ടക്ഷരവും അച്ചടിയില്‍ ഒരു വിധത്തിലുള്ള പ്രയാസവും ഉണ്ടാക്കുന്നില്ല. എന്നാല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1999 നവംബര്‍ ഒന്നിന് പുറത്തിറക്കിയ ‘മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈല്‍ പുസ്തകം’ ലിപി പരിഷ്കരണത്തിലെ ഏതാനും കൂട്ടക്ഷരങ്ങളെ പഴയമട്ടില്‍ എഴുതാമെന്ന് മാത്രമാണ് പറയുന്നത്. ചിഹ്നങ്ങളെക്കുറിച്ച് ഗൌരവമേറിയ ആലോചന അതില്‍ നടത്തിക്കാണുന്നുണ്ട്. അതാകട്ടെ തുടര്‍ന്ന് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. ചിഹ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പുസ്തകത്തിന്റെ പേരിലെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റൈല്‍ പുസ്തകം എന്ന രണ്ട് പ്രയോഗങ്ങള്‍ തന്നെ പരിഗണിച്ചാല്‍ മതി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നത് സമസ്തപദമാണോ? അതുപോലെ സ്റ്റൈല്‍പ്പുസ്തകം ഒറ്റപ്പദമാണെങ്കില്‍ ‘പ്’ ഇരട്ടിക്കേണ്ടതല്ലേ? കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നോ കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നോ പറയുന്നതിനു പകരം ഭാഷയ്ക്കു മാത്രം അന്ത്യം ദീര്‍ഘിക്കുന്നതിന്റെ യുക്തി എന്താണ്? കേരളം മലയാളപദവും ഇന്‍സ്റ്റിറ്റ്യൂട്ട് ഇംഗ്ലീഷുപദവുമാണ്. ജില്ലാസമ്മേളനം, സംസ്ഥാനസമ്മേളനം എന്നിവയില്‍ ജില്ല അകാരാന്തമാണ്. അത് ദീര്‍ഘിപ്പിക്കുന്നു. സംസ്ഥാനം അനുസ്വാരാന്തമാണ്. അത് ലോപിപ്പിച്ച് അകാരാന്തമാക്കി മാറ്റുന്നു. ശ്രുതിസുഖം മാത്രമല്ല കാരണം. പ്രശ്നങ്ങള്‍ അനവധിയാണ്. മലയാളം ഒരു സമാസ ഭാഷയാണ്. സമാസിക്കുന്നിടത്ത് സന്ധിനിയമങ്ങളാണ് പ്രയോഗിക്കുന്നത്. അന്യഭാഷാപദങ്ങളുമായി തനതുപദങ്ങള്‍ ചേരുമ്പോള്‍ ഏതുഭാഷയുടെ സന്ധിനിയമമാണ് പ്രയോഗിക്കേണ്ടത്? ഇത്തരത്തില്‍ ഗൌരവമേറിയ ചില ഭാഷാപ്രശ്നങ്ങള്‍ നേരിടാതെ മലയാളത്തിനു മുന്നോട്ട് പോകാനാവില്ല. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാളം വെബ് സൈറ്റ് ആരംഭിക്കുകയാണെങ്കില്‍ ഇതിന്റെ ഒറ്റ രീതിയിലുള്ള ലിപിവിന്യാസം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതേതായിരിക്കണം? ഇങ്ങനെ ഭാവിമലയാളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പാടേ ഉപേക്ഷിക്കുന്നതു കൊണ്ടാണ് പുതിയ പാഠ്യപദ്ധതി സന്ധിസമാസാദികളെ പഴഞ്ചനെന്ന് പറഞ്ഞ് കയ്യൊഴിയുന്നത്. സമസ്തപദങ്ങളുടെ കാര്യത്തിലും സ്പേസിന്റെ കാര്യത്തിലും ഒരു ചിട്ട സ്വീകരിക്കുകയും മലയാളികളുടെ എഴുത്തും അച്ചടിയും അതു പാലിക്കുകയും ചെയ്യേണ്ടത് അതുകൊണ്ട് മലയാളത്തിന്റെ ഭാവി വികസനത്തിന് അത്യാവശ്യമാണ്. അതിനു പറ്റുന്ന ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇനിയും വൈകുന്നത് ‘സ്പെല്‍ ചെക്കര്‍ ‍’ പോലെയുള്ള പരിശ്രമങ്ങളില്‍ മുഴുകുന്ന വ്യക്തികളെ നിരുത്സാഹപ്പെടുത്തലാണ്. സംഘങ്ങളും സംഘടനകളും തങ്ങളുടെ കടമയില്‍ നിന്നൊഴിഞ്ഞ് നില്ക്കുകയും അതിനു തുനിയുന്ന വ്യക്തികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത് മലയാളത്തിന്റെ ദൌര്‍ഭാഗ്യമാണ്. മലയാളത്തിന് വേണ്ടത് മാനകമായ ഒരെഴുത്തുരീതിയാണ്, ഏകീകൃതമായ ഒരെഴുത്തുരീതി.

Subscribe Tharjani |
Submitted by സുനില്‍ (not verified) on Tue, 2007-11-13 11:04.

പ്രാദേശികഭാഷാ പ്രയോഗങ്ങള്‍ വേണ്ടേ എന്നാണോ?? അതല്ലേ നമ്മുടെ ഭാഷയുടെ ജീവന്‍?
എന്താ ഈ ലേഖനത്തിന്റെ പ്രസക്തി എന്നു മനസ്സിലായില്ല. ഇനി ലാങ്വേജ് ടെക്നോളജിയുമായി ബന്ധപ്പെടുത്തിയാണെങ്കില്‍ അങ്ങനെ പറയണ്ടേ? അല്ല എങ്കില്‍ വലിയ യോജിപ്പൊന്നും ഇല്ല, -സു-

Submitted by സന്തോഷ് തോട്ടിങ്ങല്‍ (not verified) on Fri, 2007-11-16 23:41.

പദങ്ങളുടെ എണ്ണത്തെ പറ്റി പറഞ്ഞത് വളരെ വാസ്തവമാണ്.മലയാളത്തിന്റെ സ്പെല്ലിങ്ങ് ചെക്കര്‍ മൂന്ന് ഘട്ടങ്ങളിലായാണ് ചെയ്യേണ്ടത്.
1.സാങ്കേതികമായ വികസനപ്രവര്‍ത്തനം- കോഡിങ്ങ്, കോണ്‍ഫിഗറേഷന്‍ , തുടങ്ങിയവ.
2.കഴിയുന്നത്ര വാക്കുകള്‍ സംഭരിയ്ക്കുക.
3. affix നിയമങ്ങള്‍ കണ്ടുപിടിച്ച്, കമ്പ്യൂട്ടര്‍ ലോജിക്കിലേയ്ക്ക് മാറ്റുക.

ഇതില്‍ ആദ്യത്തെ രണ്ട് ഘട്ടങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. വാക്കുകള്‍ നമുക്ക് എത്ര വേണമെങ്കിലും സംഭരിയ്ക്കാം. അതില്‍ വലിയ കാര്യമൊന്നുമില്ല. മറ്റു ലോകഭാഷകളെ അപേക്ഷിച്ച് മലയാളത്തിനും മറ്റു ചുരുക്കം ചില ഭാഷകള്‍ക്കുമുള്ള ഒരു സ്വഭാവമാണ് agglutination അഥവാ കൂടിച്ചേരല്‍..ഒന്നിലധികം മൂലപദങ്ങള്‍ ചേര്‍ന്ന് വേറൊരു വാക്കുണ്ടാകുന്ന പ്രതിഭാസം. നമ്മുടെ ഭാഷയില്‍ ഇത്തരം വാക്കുകള്‍ എങ്ങനെ ഉണ്ടാക്കാം എന്നതിന് നിയമങ്ങളുണ്ട്. സന്ധി-സമാസം നിയമങ്ങള്‍. ഒരു പത്ത് വാക്കുണ്ടെങ്കില്‍ ആ വാക്കുകള്‍ ക്രിയ, നാമം എന്നീ സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെയേറെ വാക്കുകളുണ്ടാക്കാം..കേരളപാണിനീയത്തില്‍ ഇവ വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്. പക്ഷേ ഈ നിയമങ്ങളെ സാങ്കേതികതയുടെ പരിധിയ്ക്കുള്ളില്‍ നിന്നു കൊണ്ട് കമ്പ്യൂട്ടര്‍ ലോജിക്കിലേക്ക് മാറ്റുക എന്ന ശ്രമകരമായ ഗവേഷണ ദൗത്യം നമ്മുടെ മുന്നിലുണ്ട്. ഓരോ നിയമങ്ങള്‍ക്കും പലപ്പോഴും അപവാദങ്ങളും കാണാറുണ്ട്. മറ്റുഭാഷകളില്‍ നിന്ന് തത്ഭവമായി വന്ന വാക്കുകളില്‍ ചിലപ്പോള്‍ ഈ നിയമങ്ങള്‍ തെറ്റുകയും ചെയ്യും. ധാരാളമായി ഇംഗ്ലീഷ് വാക്കുകള്‍ ഭാഷയിലേയ്ക്കു് വരുന്നെണ്ടെന്നതും ശ്രദ്ധിയ്ക്കുക. ഈ ഒരു ദൗത്യം കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ എന്നത് പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാവൂ. അല്ലെങ്കില്‍ മിക്ക സമയത്തും വാക്കുകള്‍ കണ്ടില്ല എന്നായിരിയ്ക്കും സ്പെല്ലിങ്ങ് ചെക്കര്‍ കാണിയ്ക്കുന്നത്. വാക്കുകള്‍ ഉപയോക്താവിന് യഥേഷ്ടം ചേര്‍ക്കാം എങ്കില്‍ പോലും...
മുകളില്‍ കാണിച്ച പത്രവാര്‍ത്ത ഈ പ്രധാനപ്പെട്ട സംഗതി പ്രസ്താവിയ്ക്കുന്നില്ല എന്നത് തെറ്റിദ്ധാരണാജനകം തന്നെയാണ്.

ഇനി നിയതമായ ഒരു എഴുത്തു രീതി മലയാളത്തിനില്ലാതെ പോയത്കൊണ്ടുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകളെപ്പറ്റിയും പറയാം.
നിയതമായ എഴുത്തു രീതി മലയാളത്തിനില്ലാത്തതിന് രണ്ട് കാരണങ്ങളാണ് ഞാന്‍ കാണുന്നത്.
1. ഭാഷാ സംബന്ധിയായ പ്രത്യേകതകള്‍
2. വിവേകരഹിതമായ ലിപി പരിഷ്കാരങ്ങള്‍
മറ്റുഭാഷകളില്‍ നിന്ന് നമ്മുടെ ഭാഷയിലേയ്ക്ക് കടന്നു വന്ന ചില പ്രത്യേകതകളും, നിരന്തരമായ ഉപയോഗത്തിലൂടെ മാറിപ്പോയ ഭാഷാപ്രയോഗരീതിയും ആണ് ഒന്നാമത്തെ കാരണം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. ഭാഷാ വിദദ്ധനല്ലാത്തതിനാല്‍ ഉദാഹരണങ്ങള്‍ മാത്രം പറയാനേ നിവര്‍ത്തിയുള്ളൂ. ഇവ എങ്ങനെ ഭാഷയില്‍ കടന്നുകൂടി എന്നതിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാനാളല്ല. പിഴവുകളെണ്ടെങ്കില്‍ ചൂണ്ടിക്കാണിയ്ക്കുക.
നന്മ,-നന്‍മ, ഉദ്ഘാടനം- ഉല്‍ഘാടനം, ചിലവ്,-ചെലവ്, തിരഞ്ഞെടുപ്പ്-തെരഞ്ഞെടുപ്പ് ....മറയ്ക്കുക-മറക്കുക , വെയ്ക്കുക-വയ്ക്കുക-വക്കുക-വെക്കുക, അധ്യാപകന്‍-അദ്ധ്യാപകന്‍, മാദ്ധ്യമം, മാധ്യമം
ഇങ്ങനെ പോകുന്നു ആ നിര. മാതൃഭൂമിയിലെ ചൊവ്വാദോഷം എന്ന പംക്തിയി‌ല്‍ പലപ്പോഴും ഇത്തരം വാക്കുകള്‍ കാണാറുണ്ട്. "രണ്ടും ശരിയാണ്," "അങ്ങനെയും ഇങ്ങനെയും എഴുതാം", "ആദ്യത്തേതാണ് ശരിയെങ്കിലും ഉപയോഗിച്ച് പരിചയിച്ചതിനാല്‍ രണ്ടാമത്തേതാണ് ഉത്തമം" എന്നീ ന്യായങ്ങളും കാണാറുണ്ട്. ഇത്തരം ഉപയോഗങ്ങളെ തിരുത്താന്‍ സാധ്യമല്ലാത്തതുകൊണ്ട് അവ ഭാഷ വളര്‍ന്നപ്പോള്‍ ഉണ്ടായ ചില സവിശേഷതകള്‍ എന്നു മാത്രം കണക്കാക്കുകയും അതിനനുസരിച്ച് സാങ്കേതികമായി കൈകാര്യം ചെയ്യുകയും വേണം. അങ്ങനെ വരുമ്പോള്‍ ഒരു സ്പെല്ലിങ്ങ് ചെക്കറിന്റെ കേസില്‍ രണ്ട് വാക്കുകളും പദസഞ്ചയത്തില്‍ ഉണ്ടാവണം.
ഇനി ഈ ഉദാഹരണങ്ങള്‍ നോക്കുക
a) കൗമാരം-കൌമാരം, സൗന്ദര്യം-സൊന്ദര്യം - ഇതിലേതാണ് ശരി? അതോ രണ്ടും ശരിയാണോ? കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മുകളുടെ കാര്യത്തില്‍ "രണ്ടും ശരി" എന്ന് പറയുന്നതിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. അവ എഴുതാന്‍ ഉപയോഗിയ്ക്കുന്ന ബിറ്റുകള്‍ തത്തുല്യങ്ങളായിരിയ്ക്കണം, സംഭരിയ്ക്കാനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം തുല്യമായിരിയ്ക്കണം. അല്ലാത്ത സന്ദര്‍ഭങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യണം . രണ്ടും ശരി എന്നാണെങ്കില്‍ ൗ == ൌ എന്നത് കോഡിലെഴുതി വെയ്ക്കണം.. ഈ പ്രശ്നം ലിപിപരിഷ്കാരത്തിലുണ്ടായതാണോ അതോ പണ്ടേ ഇങ്ങനെ ഉള്ളതാണോ എന്നെനിയ്ക്കറിയില്ല.
b) സംവൃതോകരം- അത് , അതു് , തുടങ്ങിയവ. സ്വരരഹിത വ്യഞ്ജനങ്ങള്‍ അതിന്റെ half sound കാണിയ്ക്കാന്‍ ഇന്നുപയോഗിയ്ക്കുന്ന ചന്ദ്രക്കല overload ചെയ്തുപയോഗിക്കുന്നതിന്റെ ഒരു പ്രത്യേകതയായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. ക്ക എന്ന കൂട്ടക്ഷരം half of ka+ka എന്ന ഫൊണെറ്റിക് മൂല്യത്തെ പ്രധിനിധീകരിയ്ക്കുന്നു. അങ്ങനെ വ്യഞ്ജനങ്ങളുടെ പകുതി ഉപയോഗിക്കാന്‍, അവ കൂട്ടക്ഷരമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ചന്ദ്രക്കല ഉപയോഗിക്കുന്നു. ക്ക, ജ്പ എന്നിവ ശ്രദ്ധിയ്ക്കുക . ആദ്യത്തേതില്‍ നേരത്തെ പറഞ്ഞ കയുടെ 1.5 ഭാഗം ഉണ്ട്. രണ്ടാമത്തേതില്‍ ജയുടെ പകുതിയും പയുടെ മുഴുവനും. ജ്പ കൂട്ടക്ഷരമല്ലാത്തതിനാല്‍ ചന്ദ്രക്കലയിട്ടു വേര്‍തിരിക്കുന്നു. അതേ സമയം അതു് എന്നു പറയുന്നിടത്ത് ത് എന്നത് half sound ആയല്ല നാം പറയുന്നത്. അതിന്റെ അവസാനം ഉകാരത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഒരു emphasis വരുന്നത്..(ഈ വിശദീകരണം ധ്വനി എന്ന text to speech converter വികസിപ്പിയ്ക്കുന്നതിനായി നടത്തിയ ചില പഠനങ്ങളില്‍ നിന്ന് മനസ്സിലായതാണ്.കൃത്യമായ വിശദീകരണം സംവൃതോകാരത്തിന് കേരളപാണിനീയത്തിലുണ്ട്.). അപ്പോള്‍ തു് എന്നതിനും ത് എന്നതിനും പൊതുവേ ചന്ദ്രക്കല ഉപയോഗിക്കാനുള്ള ലിപി പരിഷ്കാരത്തിലൂടെ നമുക്ക് നഷ്ടമാത് അതിന്റെ G2P മാപ്പിങ്ങ് (Grapheme to Phoneme Mapping- ഒരു ലിപിരൂപത്തിന് ഒരേയൊരു ഉച്ഛാരണമെന്ന തത്വം)കൂടിയാണ്. ധ്വനിയില്‍ ഇത് ഞാന്‍ "ഒപ്പിച്ചിരിക്കുകയാണെന്ന്" കൂടി പറയട്ടെ. നാല് എന്ന സംഖ്യ വായിക്കുമ്പോള്‍ അതിന്റെ സഹജമായ ഫൊണറ്റിക് മൂല്യപ്രകാരം നാല്‍ എന്നതിന് സമാനമായ ഉച്ഛാരണമാണ് വരുന്നത്. അതേ സമയം നാലു് എന്നാണെങ്കില്‍ അത് കൃത്യമാവുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെ പറയാമെങ്കിലും ഇന്ന് സംവൃതോകാരമെവിടെ? അച്ചടിമഷി പുരണ്ട സംവൃതോകാരം ഇന്ന് കാണാനേയില്ല. ഇനി അതിന് തിരിച്ച് വരാനൊക്കുമോ? എനിയ്ക്ക് തോന്നുന്നില്ല.
അപ്പോള്‍ "അതു് " തെറ്റാണോ? അല്ല താനും. നമുക്ക് വീണ്ടും ആവര്‍ത്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.."രണ്ടും ശരിയാണ്!"

ഇനി "ന്റെ" കാര്യം നോക്കൂ.. യാതോരു ശങ്കയുമില്ലായിരുന്ന ന്+റ എന്ന റെപ്രസന്റേഷന്‍ ന്‍+റ ആണെന്നും അത് ന്‍റ എന്ന് ചില ഫോണ്ടുകള്‍ കാണിയ്ക്കുകയും ചെയ്യുന്നു. എന്റെ എന്നത് എന്റെ ആണോ എന്‍റെ ആണോ എെന്‍റ ആണോ എന്നതാണ് പ്രശ്നം. ങ്+ക = ങ്ക , ഞ്+ച= ഞ്ച , ന്+ത = ന്ത, ണ്+ട= ണ്ട ,മ്+പ =മ്പ എന്നതുപോലേ ലോപിച്ചുപോയ റ്റ വര്‍ഗത്തിന്റെയും അതിന്റെ അനുനാസികമായ "ന" (പനയിലെ ന , നായയിലേതല്ല) യും കൂടിച്ചേര്‍ന്ന കൂട്ടക്ഷരമാണ് ന്റ എന്ന അറിവു മതി എല്ലാ ആശയക്കുഴപ്പങ്ങളുമകറ്റാന്‍.. അപ്പോള്‍ ന്റ= ന്+റ ആകുന്നു. പുതിയ ലിപി ഫോണ്ടുകളും തെറ്റായ ചിത്രീകരണസംവിധാനങ്ങളും ന്റയെ ന്‍റ യായി കാണിയ്ക്കുമ്പോള്‍ ഹെന്‍റി , എന്‍റിച്ച് എന്നിവ എങ്ങനെ വായിക്കണമെന്നറിയാതെ നാം കുഴങ്ങുന്നു. (ഇത് വായിയ്ക്കുമ്പോളും നിങ്ങള്‍ മൈക്രോസോഫ്റ്റിന്റെ കാര്‍ത്തിക ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ പാരഗ്രാഫ് നിങ്ങള്‍ക്ക് മനസ്സിലാവാന്‍ സാധിയ്ക്കുമെന്ന് തോന്നുന്നില്ല. ക്ഷമിയ്ക്കുക. ഇവ ചിത്ര സമേതം കാണിയ്ക്കേണ്ടതായിരുന്നു.)
ന്റ യെ ചില്ലക്ഷരം ന്‍+ റ ആയിക്കാണിയ്ക്കുമ്പോള്‍ ചില്ലക്ഷരം ചേര്‍ന്ന് കൂട്ടക്ഷരങ്ങളുണ്ടാകില്ലെന്ന അടിസ്ഥാന തത്വവും നാം വിസ്മരിയ്ക്കുന്നു.

ഇനിയും ഉദാഹരണങ്ങളുണ്ട്. കൂട്ടക്ഷരമാക്കാതെ വെട്ടിപ്പൊളിച്ചെഴുതുന്ന ശൈലി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ബാക്കികിടക്കുന്നു.. മലയാളം യുണിക്കൊഡ് ചരിത്രത്തിലെ ചില്ല് എന്ന കുപ്രസിദ്ധ അധ്യായം ബാക്കികിടക്കുന്നു.

രണ്ടും ശരിയാണ് എന്ന് എവിടെയെല്ലാം നമുക്ക് പറയേണ്ടിവരും? ഒരു നിയമം കൊണ്ട്. "ഇനി മുതല്‍ നിങ്ങളിങ്ങനെയേ എഴുതാവൂ" എന്ന് പറയാന്‍ പറ്റുമോ? അപ്പോള്‍ രണ്ടും ശരി മൂന്നും ശരി എന്നു പറയുമ്പോള്‍ സാങ്കേതികവിദദ്ധന്‍മാരുടെ കടമയെന്ത്? ഇതിനൊക്കെ മുന്‍കൈ എടുക്കേണ്ട സര്‍ക്കാരും അക്കാദമിക്, ഭാഷാ സ്ഥാപനങ്ങളുമെവിടെ?
സാങ്കേതിക വിദഗ്ദ്ധന്‍മാരുടെയും ഭാഷാവിദദ്ധന്‍മാരുടെയും ഒരു തുറന്ന ചര്‍ച്ച ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. അതിന് ബ്ലോഗുകളിലും മെയിലിങ്ങ് ലിസ്റ്റുകളിലും നടക്കുന്ന ചര്‍ച്ചകള്‍ നമ്മുടെ സമകാലീന ഭാഷാവിദഗ്ദ്ധര്‍ ജീവിയ്ക്കുന്ന അച്ചടി മാധ്യമത്തിലേയ്ക്ക് ഇറക്കിക്കൊണ്ടുവരേണ്ടിയിരിയ്ക്കുന്നു....

Submitted by viswaprabha (not verified) on Mon, 2007-11-19 21:36.

'എക്കാലത്തും മലയാളത്തിന്റെ ഏറ്റവുംവലിയ പ്രശ്നം ലിപി (+ സന്ധി) മാനകീകരണം തന്നെയായിരുന്നു. 1970 പരിഷ്കാരങ്ങള്‍ തുടങ്ങിവെക്കുമ്പോള്‍ അവര്‍എന്തുതന്നെ സ്വപ്നം കണ്ടിരുന്നെക്കാ
മെങ്കിലും അതിന്റെ അവസാനം വെളുക്കാന്‍ തേച്ചത പാണ്ടാവുകയാണു് ഉണ്ടായതു.'

നിലവില്‍ ക്‌ണിപ്തമായി യാതൊരു വ്യവസ്ഥയുമില്ലാ മലയാളത്തിലെ എഴുത്തിനു പൊതുവായും ലിപി / പദവിഘടനം /പദശുദ്ധി എന്നിവയ്ക്കു പ്രത്യേകിച്ചും.കഴിഞ്ഞ തലമുറയുടെ 'എങ്ങനെ എഴുതിയാലും സാരമില്ല' എന്ന അ(ദ്)ധ്യാപകനിലപാടിന് ഈ തലമുറയിലെ വിദ്യാര്(ത്)ഥികള്‍ പകരം വീട്ടുന്നത് മുട്ടിനു മുട്ടിന് അക്ഷരത്തെറ്റുകള്‍ കൊണ്ടാണ്.

ഈയരാജകാവസ്ഥയെയാണോ 'നിലവിലുള്ള മാനകീകരണം' എന്നും 'പ്രാദേശികഭാഷവ്യതിയാനങ്ങള്‍' എന്നും വിളിക്കുന്നത് /തു/തു്?

ഇങ്ങനെത്തന്നെ എഴുതണം എന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാന്‍ നമുക്ക് ആരെങ്കിലും ഉണ്ടായേ പറ്റൂ. അതിന് ഏറ്റവും പറ്റിയത് സര്‍ക്കാരും അക്കാദമിയയും തന്നെയാണ്. പക്ഷേ അത് പകുതി വെന്ത ഭാഷാശാസ്ത്രഅജ്ഞതയില്‍ നിന്നുമാവരുത്. കൊല്ലാകൊല്ലം മാറ്റിയെഴുതാനുമാവരുത്.

ആയമ്മമാര്‍ കുളിപ്പിച്ചു കുളിപ്പിച്ച് നമ്മുടെ പെറ്റമ്മയ്ക്കിപ്പോള്‍ കുഞ്ഞുങ്ങളേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു...

Submitted by മഹേഷ് മംഗലാട്ട് (not verified) on Wed, 2007-11-21 00:07.

1980=82 കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എം.എ മലയാളം വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എന്റെ അദ്ധ്യാപകര്‍ ക്ലാസ്സില്‍ പഠിപ്പിച്ച വ്യാകരണചര്‍ച്ചകള്‍ വീണ്ടും ഞാന്‍ കേള്‍ക്കുകയാണ്.

ഒരു വ്യത്യാസമുണ്ട്. ഇതൊക്കെ ലോകത്തില്‍ ആദ്യമായാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും എന്റെ വിവരക്കേടിന്റെ തലത്തില്‍ ഇതൊക്കെ തീരുമാനിക്കപ്പെടണമെന്നുമുള്ള വാശി ഇവിടെയുണ്ട്.

പാവം. മറ്റു മനുഷ്യരെ മനസ്സിലാക്കാനോ ആംഗീകരിക്കാനോ ശീലിച്ചിട്ടില്ലാത്തവര്‍ക്ക് സ്വന്തം
ഉച്ചക്കിറുക്കുകള്‍ പോലും വലിയ സിദ്ധാന്തമായി തോന്നാം. സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

പി.സോമനാഥന്റെ ലേഖനം മലയാളഭാഷയുടെ വര്‍ത്തമാനാവസ്ഥ എത്രമേല്‍ അവ്യവസ്ഥിതത്വം
ഉള്ളതാണെന്നതില്‍ ഉല്‍കണ്ഠ പുലര്‍ത്തുന്നു. നീതീകരിക്കാവുന്നതാണ് ആ ഉല്‍കണ്ഠ. മലയാളം
പഠിപ്പിക്കുന്ന എന്നെയും സോമനാഥനെയും പോലെയുള്ള അദ്ധ്യാപകര്‍ നിത്യവും ക്സാസ്സുമുറികളില്‍
വിദ്യാര്‍ത്ഥികളുടെ നിഷ്കളങ്കഹസ്തങ്ങളാല്‍ ഭാഷ കൊലചെയ്യപ്പെടുന്നതിന് സാക്ഷിയാകേണ്ടി
വരുന്നവരാണ്. മലയാളഭാഷയും സാഹിത്യവും നിത്യവൃത്തിയുടെ ഭാഗമായി കൈകാര്യം ചെയ്യുന്നവര്‍ എന്ന
നിലയില്‍ നിരവധി തവണ ഓരോ ദിവസവും വികലമായ ഭാഷ കാണേണ്ടി വരുന്നവരാണ് ഞങ്ങള്‍.

മാനകീകരണമില്ലാത്തതല്ല മലയാളത്തിന്റെ പ്രശ്നമെന്ന് മനസ്സിലാക്കുക.

ഉണ്ടായിരുന്ന മാനകീകരണത്തെ പരിഷ്കരണവാദത്തിന്റെ ന്യായത്തില്‍ നിരന്തരം തകിടം മറിച്ചതാണ് പ്രശ്നം. ഇക്കാര്യം വിശദമാക്കാം.

ടൈപ്പ് റൈറ്ററിനുവേണ്ടി ഭാഷയെ വികലമാക്കിയതിനെക്കുറിച്ചായിരുന്നല്ലോ ചര്‍ച്ച മുഴുവനും. എന്‍.വി.കൃഷ്ണവാര്യരേയും ശൂരനാട്ട് കുഞ്ഞന്‍പിള്ളയേയും വെറുതേ വിടുക. അവര്‍ ആരും തുലഞ്ഞു
പോകട്ടെ ഈ ഭാഷ എന്നു കരുതിയവരല്ല. തങ്ങളുടെ മുമ്പിലുള്ള പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍
ആത്മാര്‍ത്ഥമായി ശ്രമിച്ചവരാണ്. ഇത് തെളിയിക്കാന്‍ എന്നെ വെല്ലുവിളിക്കുക.

എന്നാല്‍ വിവരസാങ്കേതികവിദ്യയുടെ കാലത്ത് മലയാളം യൂനിക്കോഡ് എന്‍കോഡിംഗിന്റെ
കാര്യത്തില്‍ എന്തു സംഭവിച്ചുവെന്ന് നോക്കുക. ചില്ലക്ഷരത്തെക്കുറിച്ചുള്ള തര്‍ക്കം, സംവൃതോകാരത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍. ഇവയിലൊക്കെ ഭാഷയുടെ യുക്തി,വ്യാകരണപരമായും
ഭാഷാശാസ്ത്രപരമായും സാങ്കേതികവിദ്യാപരമായും എവിടെ, എങ്ങനെയെന്ന് ആലോചിക്കുക,പറയുക.

മലയാളത്തിന് മാനകീകരണമല്ല വേണ്ടത്,കാര്യവിരമില്ലാത്തവരില്‍ നിന്ന് മോചനമാണ് എന്നു ആരെങ്കിലും
പറഞ്ഞാല്‍ കുറ്റം പറയരുത്.

ആണവവിജ്ഞാനം മനുഷ്യവംശത്തിന്റെ സംഹാരത്തിന് ഉപയോഗിച്ചതു പോലെ ആരെങ്കിലും
ഭാഷാശാസ്ത്രജ്ഞാനം മലയാളഭാഷാനശീകരണത്തിന് ഉപയോഗിക്കുന്നുവെങ്കില്‍ തിരിച്ചറിയാന്‍, പ്രതികരിക്കാന്‍ സാധിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അത്യധികം
ആഹ്ലാദിക്കുന്നു.

ഡോ.മഹേഷ് മംഗലാട്ട്

Submitted by സുനില്‍ (not verified) on Wed, 2007-11-21 11:41.

നമ്മുടെ ഭാഷ ജൈവമാണ്. അത്‌ ഉപയോഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതിനനുസരിച്ചുള്ള ലാന്‍‌ഗ്വേജ് ടെക്നോളജി ആണുണ്ടാകേണ്ടത്. അല്ലാതെ ടെക്നോളജിക്കനുസരിചച്ച്‌ ഭാഷയെ മാറ്റുകയല്ല. അതാകട്ടെ ടെക്നോളജി നിര്‍മ്മിക്കുന്നവരുടെ മിടുക്കു പോലിരിക്കും.

ഇതൊന്നുമല്ലല്ലോ ഈ ലേഖനത്തില്‍ പറഞിരിക്കുന്നത്? ഇതുവായിച്ചപ്പോള്‍ എനിക്കു തോന്നിയത് മലയാള ഭാഷക്ക് എന്തോകാര്യമായ കുഴപ്പമുണ്ടെന്നാണ്. അതെന്റെ തെറ്റാണോ?

പ്രശ്നം ഒരു സാധാരണ മലയാളിക്ക്‌ ഇത്തരന്‍ ടെക്നോളജിയുമായി ബന്ധമില്ല എന്നതാണ്. അവനെ സംബന്ധിച്ചിടത്തോളം ആശയവിനിമയം മാത്രമേ ഉള്ളൂ.

(വിശ്വം പറഞ അക്ഷരതെറ്റുകള്‍: എന്റെ തെറ്റുകള്‍ അധികവും ഉണ്ടാകുന്നത് ഞാനുപയോഗിക്കുന്ന കീമാനിന്റെ കുഴപ്പമാണ്. ഒരു പെന്‍ ഉപയോഗിച്ച് എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും ഇത്രയും തെറ്റുകള്‍ ഉണ്ടായിരിക്കില്ല.)

മഹേഷ് പറഞത് മനസ്സിലായി.
-സു-

Submitted by രാജേഷ്‌ (not verified) on Fri, 2007-11-30 01:38.

ഡോ: മഹേഷ്‌ ഈ ചര്‍ച്ചയിലെ വിവരക്കേടിനെക്കുറിച്ചും വാശിയെക്കുറിച്ചും സ്വന്തം ഉച്ചക്കിറുക്കുകള്‍ പോലും സിദ്ധാന്തമായി അവതരിപ്പിക്കുന്നവരെക്കുറിച്ചും പറയുന്നു. ഈ ചര്‍ച്ച മുഴുവന്‍ വായിച്ചിട്ടും ഇതില്‍ പങ്കെടുത്ത ആരെക്കുറിച്ചാണ്‌ അതു പറയുന്നതെന്നും ഏതു വാദമുഖങ്ങളെയാണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഒന്നു വ്യക്തമാക്കാമോ?

കാര്യവിവരമില്ലാത്തവരില്‍ നിന്നുള്ള മോചനമാണ്‌ മലയാളഭാഷയ്ക്കു വേണ്ടത്‌ എന്ന് അദ്ദേഹം പറയുന്നു. ഇത്‌ എങ്ങനെയാണു നടപ്പിലാക്കുന്നത്‌? കാര്യവിവരമുള്ള കൂടുതല്‍ പേര്‍ ഭാഷയില്‍ പ്രവര്‍ത്തിക്കുക എന്നതൊഴിച്ച്‌ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

Submitted by മഹേഷ് മംഗലാട്ട് (not verified) on Sat, 2007-12-01 20:07.

മലയാളം കമ്പ്യൂട്ടിംഗിന്റെ രംഗത്തെ പ്രശ്നങ്ങള്‍ പുഉതായി ഉണ്ടായതല്ല. ദീര്‍ഘനാളത്തെ ചരിത്രം അതിനുണ്ട്. ലിപി പരിഷ്കരണം ഇനിയും തുടരണം എന്നും മലയാളത്തിലെ അക്ഷറങ്ങളുടെ ആധിക്യം ഡിജിറ്റല്‍ കാലഘട്ടത്തില്‍ അതിന്റെ ഭാവിയെ ബാധിക്കും എന്നും പ്രബോധചന്ദ്രന്‍നായര്‍ എന്നു പേരായ ലിംഗ്വിസ്റ്റിക്‍സ് അദ്ധ്യാപകനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട എന്ന സ്ഥാപമത്തിന്റെ നടത്തിപ്പുകാരും വാദിച്ചു. ഇക്കാര്യം നടപ്പിലാക്കാന്‍ കേരളത്തനിമ എന്ന ഒരു പ്രസ്ഥാനത്തിനും അവര്‍ തുടക്കം കുറിച്ചു. കൂട്ടക്ഷരങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുന്ന ഒരു എഴുത്തു രീതി ഇതിന്റെ ഭാഗമായി അവര്‍ അവതരിപ്പിച്ചു. ശുദ്ധ അസംബന്ധമായ ഈ വാദമുഖത്തെ തുറന്നു കാണിക്കാനാണ് രചന ടെക്‍സ്റ്റ് എഡിറ്ററുമായി രചന അക്ഷരവേദി എന്ന സന്നദ്ധസംഘടന രംഗത്തു വന്നത്. അവനവന് വിവരമില്ലാത്ത കാര്യം സിദ്ധാന്തമായി അവതരിപ്പിച്ചവര്‍ ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ.

അക്കാലം മുതല്‍ ഈ സംഘം പാത്തും പതുങ്ങിയും വിവരക്കേടുകള്‍ സിദ്ധാന്മായി അവതരിപ്പിക്കുന്ന പരിപാടി നടത്തുന്നുണ്ട്. അക്കൂട്ടത്തില്‍ അവസാനത്തേതാണ് സര്‍വ്വകലാശാലകളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാര്‍ പരമ്പര.